സച്ചിൻ സ്റ്റാറ്റിസ്റ്റിക്സ് അല്ല. ദൈവവും അല്ല.

 
 
 
സച്ചിന്‍ അവസാന ഇന്നിംഗ്സില്‍ തൊണ്ണൂറു മിനിറ്റും കളിക്കും എന്നൊന്നും ഒരു ഉറപ്പുമില്ല. ഫുട്ബോളിലെ ആ ഉറപ്പുപോലും ഈ കളിയില്‍ ഇല്ല. ഒരു ബോള്‍. ഒരു ചരിത്രം. ചിലപ്പോള്‍ മരണം. ചിലപ്പോള്‍ അനശ്വരത. ഏതു ബോളിലും പുറത്താകും എന്നു തോന്നിച്ചുകൊണ്ട്, കാല്‍ നൂറ്റാണ്ട് നീണ്ടുനിന്ന സെറിനിറ്റി ക്രിക്കറ്റ്. യര്‍ഗന്‍ ക്ലോപ് ആഴ്സനലിന്റെ ശൈലിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച വാക്കാണ് സെറിനിറ്റി ഫുട്ബോള്‍. ഒരുപക്ഷേ , ആ വാക്ക് കൂടുതല്‍ ഇണങ്ങുന്ന ബാഴ്സലോണയെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്; താന്‍ ഹെവി മെറ്റല്‍ ഫുട്ബോളിന്റെ ആരാധകന്‍ ആണെന്ന് പറഞ്ഞുകൊണ്ടുതന്നെ. സച്ചിന്റെ ക്രിക്കറ്റ് സെറിനിറ്റി ക്രിക്കറ്റിന്റെ മഹത്തായ സൌന്ദര്യമായിരുന്നു^സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് അസാധാരണമായ ഒരു യാത്രാമൊഴി. സുരേഷ് എ. ആര്‍ എഴുതുന്നു

 

 

റഹ്മാനും റോജയും സംഭവിച്ച്, ലോകം മുഴുവന്‍ പാടിത്തുടങ്ങുന്ന കാലത്താണ് കൊയ്ത്തൊഴിഞ്ഞതും വിത ഉപേക്ഷിച്ചതും ആയ പാടങ്ങളിലും നടന്നു നടന്നു പിച്ച് പോലെ ഉറച്ച ഉള്‍വഴികളിലുമൊക്കെ എണ്ണിയാല്‍ അത്ര പെട്ടെന്നൊന്നും ഒടുങ്ങാത്ത സച്ചിന്മാര്‍ കളിച്ചു തുടങ്ങുന്നത്. പാമ്പിന്‍പടങ്ങളും മുള്‍മുനകളും ഉള്ള അതിര്‍ത്തികളില്‍ പോയി പന്ത് തിരയുന്നത്. ബ്രൂക് ബോണ്ട് ഗ്രീന്‍ ലേബല്‍ കുടിക്കുന്നതിനിടെ താഴെ വീണ ചില്ലുകള്‍ കൊണ്ട് കാല്‍ മുറിയുന്നത്. അതിനു മുന്‍പും സച്ചിന്‍ ക്രിക്കറ്റ് കളിച്ചിരുന്നു. പക്ഷേ, അത് സച്ചിന്‍ സച്ചിന്‍ ആകുന്നതിന് മുന്‍പുള്ള കാലം ആണ്. ക്രിക്കറ്റിന്റെ കാലം അങ്ങനെ രണ്ടായി വിഭജിക്കപ്പെടുന്നുണ്ട്.

സച്ചിന് മുന്‍പും ക്രിക്കറ്റ് ഉണ്ടായിരുന്നു. ലോകം കണ്ടിട്ടില്ലെങ്കിലും സിംബാബ് വേക്കെതിരെ ഉള്ള കപില്‍ ദേവിന്റെ ഇന്നിംഗ്സ്. ക്രീസില്‍ നിന്ന് പതിവായി നടക്കാനിറങ്ങുന്ന ശ്രീകാന്ത്. ലോക കപ്പില്‍ ഗ്രഹാം ഗൂച് സ്വീപ് ചെയ്തു സ്വീപ് ചെയ്തു മനസ്സില്‍ നിന്ന് പുറത്താക്കുംവരെ ഒരു ബെന്‍സന്‍ & ഹെഡ്ജസ് എങ്കിലും ഒരിക്കല്‍ വലിച്ചു നോക്കണം എന്നും വില്‍മാന്‍ റേസര്‍ കൊണ്ട് ഷേവ് ചെയ്തുനോക്കണം എന്നും പ്രലോഭിപ്പിച്ച രവി ശാസ്ത്രി. വെസ്റ് ഇന്‍ഡീസ് കളിക്കാരെ എന്നും ഇഷ്ടമായിരുന്നു. പ്രായത്തില്‍ ഇളയവര്‍ക്കും ബസ്സില്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കും വാല്‍ഷ് എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. ലോകം വാല്‍ഷിനും അംബ്രോസിനുമൊക്കെ നിത്യമായ ഇരിപ്പിടങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും. വിരമിച്ച ശേഷം വാല്‍ഷിനെ ഒരിക്കല്‍ കാണണം എന്ന് കരുതി, വെറുതെ. ഡെസ്പറാഡോയിലെ, എല്‍ മരിയാച്ചി എത്തുന്ന ബാറില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന വാല്‍ഷ്. നോണ്‍സ്റ്റ്രെെക്കര്‍ ക്രീസില്‍ നിന്നിറങ്ങിയ സലിം ജാഫറെ ഔട്ട് ആക്കാത്തത് ശരി എന്ന് വിശ്വസിക്കുന്ന വാല്‍ഷ്. വിജയത്തേക്കാള്‍ മഹത്താണ് ചില പരാജയങ്ങള്‍.
 

 

വൈരമുത്തു എഴുതി. റഹ്മാന്‍ സംഗീതം നല്‍കി. സച്ചിന്‍ കളിച്ചു

ഇവര്‍ ആരും നല്‍കാത്ത ഒന്ന് തൊണ്ണൂറുകളുടെ കൌമാരത്തിനു സച്ചിന്‍ നല്‍കി. സവിശേഷമായ ഒരു യൌവനം. സച്ചിന്‍ കളിക്കുന്ന കാലത്തോളം അവര്‍ യുവാക്കള്‍ ആയിരിക്കും എന്ന പ്രായാതീതമായ യൌവനം. സഹപാഠിക്കും അയല്‍പക്കത്തിനും അപ്പുറം സൌഹൃദങ്ങളും സിനിമകളും സാഹിത്യവും ഒക്കെ ഉണ്ടായ കാലം ആയതിനാല്‍ യൌവനം ദീര്‍ഘമായ ഒരു ആവശ്യം ആണെന്ന് തോന്നിത്തുടങ്ങിയിരുന്നു. കിണര്‍ കാണുമ്പോഴെല്ലാം യയാതിയുടെ വിചിത്ര യൌവനം അദൃശ്യമായ ഇടിമിന്നല്‍ ആയി കടന്നുവന്നു.

സച്ചിന്‍റെ സൌണ്ട് ട്രാക്ക് എക്കാലവും റഹ്മാന്‍ ആയിരുന്നു. ക്രീസില്‍ നിന്ന് ഇറങ്ങിയുള്ള സിക്സറിന് ‘രംഗ് രംഗ് രംഗീല രേ’യിലെ രംഗീല രേയുടെ ഊര്‍ജസ്വലവും ആഹ്ലാദദായകവുമായ ദൈര്‍ഘ്യം. അതുവരെ കണ്ട ക്രിക്കറ്റ് അല്ല പിന്നെ കണ്ടത്. അതുവരെ കേട്ട പാട്ടുകള്‍ അല്ല പിന്നെ കേട്ടത്. മുകുന്ദനും മാര്‍ക്കേസിനും മോഹന്‍ലാലിനും അപ്പുറം ഓരോ മക്കൊണ്ടയിലും പുതിയ മഴകള്‍ പെയ്തു. അത് നാല് വര്‍ഷവും പതിനൊന്നു മാസവും രണ്ടു ദിവസവും അല്ല പെയ്തത്. ഇരുപതു വര്‍ഷത്തില്‍ കൂടുതല്‍ പെയ്തു. ‘അലൈ പായുതേ’ വന്നു. നിനക്കായി എന്തു വേണമെങ്കിലും ചെയ്യും എന്ന് അവന്‍. ട്രെയിനില്‍ നിന്ന് ചാടുമോ എന്ന് അവള്‍. ഇല്ലെന്ന് അവന്‍. ആ മറുപടിയില്‍ സര്‍വലോക ഗ്യാലറികള്‍ ഇളകിമറിഞ്ഞു. പ്രണയിക്കാന്‍ അവന്‍ ട്രെയിനില്‍ തന്നെ നിന്നു. ‘കൂന്തല്‍ നെളിവില്‍ എഴില്‍ കുലച് ചരിവില്‍ ഗര്‍വം അഴിന്തതടീ’ എന്നത് വാള്‍ കൊണ്ട് ഉണ്ടാക്കിയ സമാധാനം പോലെ കലുഷിതമായിത്തന്നെ കിടന്നെങ്കിലും പ്രണയത്തിന്റെ ഭംഗി അപാരം ആയിരുന്നു. സച്ചിന്‍ ക്രീസില്‍ തന്നെ നിന്നു. പുതിയ ഓരോ കവര്‍ ഡ്രെെവിന്റെ സ്ലോ മോഷനിലും അത് കടന്നുവന്നു. ലോകാദ്ഭുതത്തിനു ആവശ്യമായ മാര്‍ബിള്‍ ശേഖരം ഇല്ലെങ്കിലും 50 കെജി റ്റാജ്മഹല്‍ കൊണ്ട് ലോകം തിരക്കിട്ടു പ്രണയിച്ചു. വൈരമുത്തു എഴുതി. റഹ്മാന്‍ സംഗീതം നല്‍കി. സച്ചിന്‍ കളിച്ചു.
 

 
സച്ചിന് ഒരു ഡിഫോള്‍ട്ട് വാത്സല്യം

സച്ചിന്‍ കളിക്കുമ്പോള്‍ ക്രിക്കറ്റ് വ്യക്തിയുടെ ഗെയിം ആയി. ഒരു ടീം സ്പോര്‍ട്ട് എന്ന നിലയില്‍ നിന്നും മാറി, കളി കാണുന്നത് സച്ചിനെ കാണുവാന്‍ എന്നതായി. അത് രാഷ്ട്രീയമായി തെറ്റായിരിക്കാം. എങ്കിലും അത് നല്‍കിയ ആഹ്ലാദം ആ ശരിതെറ്റുകളെക്കാള്‍ വലുതായിരുന്നു.

പതിനൊന്നുപേര്‍ ഉണ്ടെങ്കിലും ഓരോ ബോളിനു മുന്‍പിലും ബാറ്റ്സ്മാന്‍ ഒറ്റയ്ക്കാണ്. ആ ഏകാന്തതയില്‍ സച്ചിന് കിട്ടിയിടത്തോളം പ്രാര്‍ഥനകളുടെയും ആശംസകളുടെയും കൂട്ട് വേറെ ആര്‍ക്കും കിട്ടിയില്ല. ചെറുപ്പം മുതലേ ഉരല്‍ വലിച്ചും ഉറി മുറിച്ചും കളിച്ചുവന്നതല്ലേ, അമ്മമാര്‍ അബോധതലത്തില്‍ ആണെങ്കിലും കൃഷ്ണനു നല്‍കിയ ഒരു ഡിഫോള്‍ട്ട് വാത്സല്യം സച്ചിനും നല്‍കി. അച്ചടക്കം കൊണ്ടും വിജയം കൊണ്ടും സച്ചിന്‍ അവര്‍ക്ക് ആഹ്ലാദം തിരികെ നല്‍കി. അച്ഛന്‍ മരിച്ചു ദുഃഖം മാറുന്നതിനുമുന്പേ ശ്രേഷ്ഠമായ ഇന്നിംഗ്സിംഗിന്റെ ഒടുവില്‍ സച്ചിന്‍ ആകാശത്തേക്ക് നോക്കിനിന്നപ്പോള്‍ ലോകം എഴുന്നേറ്റു നിന്നു. തീവ്ര ദു:ഖത്തിലും ക്രിക്കറ്റ് കളിക്കുക എന്നതല്ലാതെ സച്ചിന് മറ്റൊരു ആത്മപ്രകാശന രീതി ഇല്ല എന്നുതോന്നി.

സച്ചിന്‍ ടീമിനുവേണ്ടി അല്ല കളിക്കുന്നത് എന്ന് ചിലര്‍ പറഞ്ഞു. പിന്നെ സച്ചിന്‍ എടുത്ത റണ്‍സ് ഒക്കെ ആരെടുത്തു എന്ന് സച്ചിനെ സ്നേഹിക്കുന്നവര്‍ ചോദിച്ചു. സച്ചിന്‍ ഔട്ട് ആവുമ്പോള്‍ കളി കാണുന്നത് നിര്‍ത്തിയിട്ടുണ്ടാവാം. പക്ഷെ, അതിനോടകം എടുത്ത റണ്‍സ് ടീമിന്റെ ടോട്ടലില്‍ നിന്ന് ആരും എടുത്തുമാറ്റിയിട്ടില്ല. സ്റാറ്റിസ്റിക്സിന്റെ പിന്‍ബലം ഇല്ലെങ്കിലും സച്ചിന്‍ സെഞ്ച്വറി നേടുന്ന മത്സരങ്ങളില്‍ കൂടുതലിലും ഇന്ത്യ തോല്‍ക്കുന്നു എന്ന് മറ്റു ചിലര്‍ പറഞ്ഞു. പറയുന്നത് ശരിയാണോ എന്ന് ചിന്തിക്കുന്നതിനേക്കാള്‍ കൊലപാതകവാസനയോളം എത്തിനില്‍ക്കുന്ന സിനിസിസവുമായി കണ്ണടച്ചുണ്ടാക്കിയ ഇരുട്ടില്‍ അവര്‍ അവരെത്തന്നെ അഭിനന്ദിച്ചുകൊണ്ടേയിരുന്നു.

 

 

ആറു ബോളില്‍ കിട്ടിയ ആഹ്ലാദം

സച്ചിന്‍ ക്യാപ്റ്റന്‍ ആവണം എന്നൊന്നും ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. കൊടുങ്കാറ്റിന്റെ നേരനുഗ്രഹം കിട്ടിയ സെവാഗ് ആവണം എന്നും ആഗ്രഹിച്ചിട്ടില്ല. കരുതലും വരുംവര്‍ഷങ്ങളും സച്ചിന് വേണമെന്നായിരുന്നു എക്കാലത്തെയും ആഗ്രഹം. മറ്റുപലരും വനവും വൃക്ഷവും ഇലകളും ഒക്കെ കണ്ടപ്പോള്‍ പക്ഷിയുടെ കണ്ണുമാത്രം കണ്ട അര്‍ജുനന്‍. തീരുമാനങ്ങള്‍ യുധിഷ്ഠിരന്‍ എടുക്കട്ടെ. ക്രിക്കറ്റ് എപ്പോഴും ഒരു സച്ചിന്‍കളി ആയിരുന്നു. ക്യാപ്റ്റന്‍സി ഒക്കെ ഒഴിവായി തിരിച്ചു വന്നപ്പോള്‍ കൂടുതല്‍ സന്തോഷിച്ചു. മഴ മാറി. പഴയ കളിയുടെ ഹൈലൈറ്റ്സ് കഴിഞ്ഞു. ലൈവ് തുടങ്ങി.

ഇന്ത്യ ബൌള്‍ ചെയ്യുന്നു. കുറെ കഴിഞ്ഞു തിരികെയെത്താം. ഇടയ്ക്ക് ഫേസ് ഓഫില്‍ നികോളാസ് കേജ് കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ കോട്ട് സ്ലോമോഷനില്‍ പറക്കുന്നത് രണ്ടുമൂന്നു തവണ കാണാം. തിരിച്ചെത്തുമ്പോള്‍ സച്ചിന്‍ ചിലപ്പോള്‍ ബൌള്‍ ചെയ്യുന്നുണ്ടാവും. സൌത്ത് ആഫ്രിക്കക്കെതിരെ അവസാന ഓവര്‍ എറിയാന്‍ വരുമ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സും ലോകവും ‘ഇതെന്താ സച്ചിനോ’ എന്നൊന്നും ചോദിച്ചില്ല. ആറു ബോളില്‍ കിട്ടിയ ആഹ്ലാദത്തില്‍ ലോകം ചില പകയെങ്കിലും മറന്നു കാണണം. ട്രാഫിക് നിയമം തെറ്റിച്ച പലരേയും പൊലീസ് വെറുതെ വിട്ടുകാണണം. സീതയെ കൊണ്ടുപോകേണ്ടിയിരുന്നില്ലെന്നു രാവണനും ഉപേക്ഷിക്കേണ്ടിയിരുന്നില്ലെന്നു രാമനും തോന്നിയിരിക്കണം.

ജെഫ് ബോയ്കൊട്ടും രവി ശാസ്ത്രിയും ലോകം മുഴുവന്‍ സച്ചിനൊപ്പം സഞ്ചരിച്ചു. ഡിഫെന്‍സില്‍ ഉണ്ടാവുന്ന ഒരു ചെറിയ പിഴവു മതി മെസ്സിക്ക് ഗോള്‍ അടിക്കാന്‍ എന്ന് രവി ശാസ്ത്രിക്ക് അറിയാം. ആ spontaneityയുടെ സൌന്ദര്യം രവി ശാസ്ത്രി വാക്കുകളിലൂടെ നല്‍കി. ഒരു ബൌണ്ടറി എന്നത് എപ്പോഴും ഒരു ബൌണ്ടറി മാത്രമായിരുന്നില്ല. നൂറ്റിയെണ്‍പത്താറു എടുത്തപ്പോഴും ഇരുന്നൂറ് എടുത്തപ്പോഴും രവി ശാസ്ത്രി ഉണ്ടായിരുന്നു. ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് അല്ല, അസംഖ്യം ദിവസങ്ങളെ കുറിച്ച് പറയാന്‍ കഴിയുന്ന ഒരു ജോണ്‍റീഡ്.

ഗാരി കേസ്റന്‍ വന്നു. പെപ് ഗ്വാര്‍ഡിയോള വന്നു. ദൌത്യവും സൌന്ദര്യവും തീവ്രതയും വന്നു. ബീച്ചില്‍ കിടന്നു ബിയര്‍ കുടിക്കുന്ന മുഖഭാവം ഉള്ള കോച്ചുകളില്‍ നിന്നും ഗാരിയുടെ കണ്ണുകള്‍ വ്യത്യസ്തമായിരുന്നു. ആ മൌനത്തില്‍ ലോക കപ്പ് സംസാരിച്ചുകൊണ്ടേയിരുന്നു. ദില്‍ഷനെക്കാള്‍ പതിനെട്ടു റണ്‍സ് കുറഞ്ഞാലും അത് സച്ചിന്റെ ലോകകപ്പ് ആയിരുന്നു.

 

 

സെറിനിറ്റി ക്രിക്കറ്റിന്റെ മഹാസൌന്ദര്യം

സച്ചിന്‍ അവസാന ഇന്നിംഗ്സില്‍ തൊണ്ണൂറു മിനിറ്റും കളിക്കും എന്നൊന്നും ഒരു ഉറപ്പുമില്ല. ഫുട്ബോളിലെ ആ ഉറപ്പുപോലും ഈ കളിയില്‍ ഇല്ല. ഒരു ബോള്‍. ഒരു ചരിത്രം. ചിലപ്പോള്‍ മരണം. ചിലപ്പോള്‍ അനശ്വരത. ഏതു ബോളിലും പുറത്താകും എന്നു തോന്നിച്ചുകൊണ്ട്, കാല്‍ നൂറ്റാണ്ട് നീണ്ടുനിന്ന സെറിനിറ്റി ക്രിക്കറ്റ്. യര്‍ഗന്‍ ക്ലോപ് ആഴ്സനലിന്റെ ശൈലിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച വാക്കാണ് സെറിനിറ്റി ഫുട്ബോള്‍. ഒരുപക്ഷേ , ആ വാക്ക് കൂടുതല്‍ ഇണങ്ങുന്ന ബാഴ്സലോണയെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്; താന്‍ ഹെവി മെറ്റല്‍ ഫുട്ബോളിന്റെ ആരാധകന്‍ ആണെന്ന് പറഞ്ഞുകൊണ്ടുതന്നെ. സച്ചിന്റെ ക്രിക്കറ്റ് സെറിനിറ്റി ക്രിക്കറ്റിന്റെ മഹത്തായ സൌന്ദര്യമായിരുന്നു. സച്ചിന്‍ വിംബിള്‍ഡണില്‍ വച്ച് കണ്ടത് റോജര്‍ ഫെഡററെ ആയിരുന്നു എന്നത് ആ സൌന്ദര്യസംസ്കാരത്തിന്റെയും കാഴ്ചപ്പാടിന്റെയും ഒരു പ്രതിഫലനം ആവാം. ബോളിനെ ബാറ്റുകൊണ്ട് സ്പര്‍ശിക്കാതെ വിടുന്നതുമുതല്‍ അപ്പര്‍ കട്ട് ചെയ്യുന്നതുവരെയുള്ള സകല ചലനത്തിലും തീവ്രവും കണിശവും എന്നാല്‍ അനായാസവുമായ സൌന്ദര്യം.

 

 

സച്ചിന്‍ സ്റാറ്റിസ്റിക്സ് അല്ല. സ്റാറ്റിസ്റിക്സ്ആണ് സച്ചിനെ സച്ചിന്‍ ആക്കിയതെങ്കിലും.

സച്ചിന്‍ ദൈവവും അല്ല. ഒരു ദൈവവും മനുഷ്യര്‍ക്ക് ഇത്രമാത്രം ആഹ്ലാദം നല്‍കിയിട്ടില്ല.

അവസാന ഇന്നിംഗ്സ് കഴിഞ്ഞ് പവലിയനിലേക്ക് നടക്കുമ്പോള്‍ ഓര്‍മ്മകള്‍ നിറഞ്ഞ് മനസ്സ് കലങ്ങുന്നല്ലോ, സച്ചിന്‍. കാരണം സച്ചിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ സച്ചിനെ കുറിച്ച് മാത്രമല്ലല്ലോ.

അവസാന ഇന്നിംഗ്സ് കഴിഞ്ഞ് പവലിയനിലേക്ക് നടക്കുമ്പോള്‍ ചന്ദര്‍പോള്‍ ഇപ്പോഴും കളിക്കുന്നുണ്ടല്ലോ, സച്ചിന്‍.
 
 
 

നാലാമിടത്തില്‍ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍

രാജ്യമല്ല; രാജാവിന്റെ സെഞ്ച്വറി തന്നെ മുഖ്യം

സച്ചിന്‍ ദൈവമായി മാറുന്നതിങ്ങനെ

4 thoughts on “സച്ചിൻ സ്റ്റാറ്റിസ്റ്റിക്സ് അല്ല. ദൈവവും അല്ല.

  1. thakarppan!!! i love this article.. charithravum ormmakalum cricketum kavithayum sangeethavum izhahernnu kidakkunna ezhuth…!!

  2. ”സച്ചിന്‍ ദൈവവും അല്ല. ഒരു ദൈവവും മനുഷ്യര്‍ക്ക് ഇത്രമാത്രം ആഹ്ലാദം നല്‍കിയിട്ടില്ല.” 🙂

  3. എഴുതിയതിനു നന്ദി.

    90 കളിൽ ജനിച്ചു ജീവിച്ച എല്ലാ മനുഷ്യര്ക്കും ആസ്വദിയ്ക്കാൻ, ആഖോഷിയ്ക്കാൻ, ആരാധിയ്ക്കാൻ കിട്ടിയ ഒരുപാട് കാര്യങ്ങളുണ്ട്. റഹ്മാന്റെ സംഗീതം, വൈരമുത്തുവിന്റെ വരികൾ, തെരുവുകളിൽ പ്രഭുദേവയുടെ നൃത്ത ചുവടുകൾ, ക്രീസിൽ സച്ചിന്റെ തനിമയുള്ള ബാറ്റിംഗ്, മിലേ സുർ മേരാ തുമ്ഹാരാ ,ദൂരദർശൻ എന്ന സാധാരക്കാരന്റെ വിനോദോപാധി തുറന്നു തന്ന വാതിലുകൾ. ക്രിക്കറ്റ് ഒരു കുത്തക ക്കൂതാവുന്നതിനും മുന്പ്, കടന്നു വരികയും, സമീപനത്തിൽ വ്യതിയാനങ്ങൾ ഏതുമില്ലാതെ പിടിച്ചു നില്ക്കുകയും ചെയ്തത് കൊണ്ടാവണം, സച്ചിൻ ക്രിക്കറ്റിന്റെ സമവാക്യമാവുന്നത്.”ക്രിക്കറ്റ്, അതൊക്കെ പണ്ട്, തൊണ്ണൂറുകളിൽ” എന്ന് പറയുന്നത്, ബോധമുറയ്ക്കുന്ന കാലത്ത്, ആ കളി അത്രമേൽ ജനകീയമായി, രാജകീയമായി, മനസ്സിൽ കടന്നു കൂടിയത് കൊണ്ടാണ്. ഷാർജാ കപ്പ്‌, 99 ലെ ലോക കപ്പ്‌, അച്ഛൻ മരിച്ചിട്ടും സച്ചിൻ കളിയ്ക്കാനിരങ്ങുന്നത്, സൌത്ത് ആഫ്രിക്ക- ആസ്ട്രേലിയ മാച്ച് സമനിലയായത്, ഹന്സീ ക്രോന്യേ,ക്ലൂസ്നാർ, ബൌച്ചർ, അലൻ ഡോനല്ദ്, എത്ര പേര് വന്നു എത്ര പേര് പോയി.90 കളുടെ അവസാനം കണ്ട നല്ല കാഴ്ച ക്രിസ്റ്റഫർനോലന്റെ “മെമെന്റൊ” ആയിരുന്നു എന്ന് തോന്നുന്നു. പണ്ടത്തെ ആത്മാർഥതയോടെ കളി കാണാൻ വയ്യെങ്ങിലും, ഇപ്പോഴും കളിയിലേയ്ക്ക് തിരിച്ചു വരുന്നത് സച്ചിൻ ഉള്ളതുകൊണ്ടാണ്.
    ക്രിക്കട്റ്റ്, അതൊക്കെ അങ്ങ് പണ്ട്, തൊണ്ണൂറുകളിൽ, yes, we are his legacy.

Leave a Reply to നജൂസ് Cancel reply

Your email address will not be published. Required fields are marked *