നമ്മുടെ കൈകളില്‍ ഫാഷിസ്റ്റ് രക്തക്കറ പുരളാതിരിക്കട്ടെ.

 
 
 
ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ച ഇന്ത്യയിലെ കോടിക്കണക്കിനു സാധുജനങ്ങളുടെ പക്ഷത്ത് ഫാഷിസത്തിനെതിരെ നിലയുറപ്പിക്കാനുള്ള കടമ എഴുത്തുകാരും ബുദ്ധിജീവികളും പുച്ഛിച്ചു തള്ളരുത്. അതിനെ നിസാരമായി കാണരുത്. സാഹിത്യത്തേക്കാള്‍ വലുതാണ് മനുഷ്യര്‍. സാഹിത്യത്തെക്കാള്‍ വലുതാണ് സ്വാതന്ത്ര്യം.സാഹിത്യത്തേക്കാള്‍ വലുതാണ് മനുഷ്യര്‍. സാഹിത്യത്തെക്കാള്‍ വലുതാണ് സ്വാതന്ത്യ്രം. സാഹിത്യത്തേക്കാള്‍ വലുതാണ് ജനാധിപത്യം. ക്രിക്കറ്റുകളിലും യുദ്ധങ്ങളിലും ചിലര്‍ കണ്ടെത്തുന്ന പ്രാകൃത രാജ്യസ്നേഹത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. ഇന്ത്യയുടെ ഉപ്പുതിന്നതിന് നമ്മുടെ അടിവയറ്റില്‍ നിന്നുയരേണ്ട നന്ദിയെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. – സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം സ്വീകരിച്ച് സക്കറിയ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം 

 


 
എഴുത്തുകാരും ബുദ്ധി ജീവികളും മടി വെടിഞ്ഞ് ഒരു പുതിയ പ്രണയത്തിലേര്‍പ്പെടേണ്ട കാലമായി എന്നു തോന്നുന്നു. കാരണം വര്‍ഗീയ ഫാഷിസം ഈ നാടിനോടു കൂറില്ലാത്ത ഇന്ത്യന്‍ മുതലാളിത്തത്തിന്റെ മുതുകിലേറി ഇന്ത്യയുടെ മേല്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നതിന്റെ ആക്രോശം കേട്ടുതുടങ്ങി. ഫാഷിസ്റ് അധികാര മോഹികള്‍ തലയെടുപ്പു കാണിച്ചു തുടങ്ങി. രാജാക്കന്‍മാരും അമ്മമാരും ന്യായാധിപന്‍മാരും പത്രാധിപന്‍മാരും മറ്റും മറ്റും മറനീക്കി അവരുടെ മുമ്പില്‍ താണുവണങ്ങി തുടങ്ങി.

എഴുത്തുകാരും ബുദ്ധി ജീവികളും ജനങ്ങളോടും നാടിനോടും പ്രത്യേകമായ കൂറുപുലര്‍ത്തേണ്ട ആപത് കാലമാണിതെന്നു മനസിലാക്കുന്നത് നന്ന്. ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും വേണ്ടി അവര്‍ ജാഗരൂഗരാകേണ്ട സമയമാണിത്. അവര്‍ക്കു സൂര്യനു കീഴില്‍ ഒരു സ്വതന്ത്രമായ ഒരിടം നല്‍കിയ ഇന്ത്യയെ മാറോട് ചേര്‍ക്കാനുള്ള സമയമായി. ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ച ഇന്ത്യയിലെ കോടിക്കണക്കിനു സാധുജനങ്ങളുടെ പക്ഷത്ത് ഫാഷിസത്തിനെതിരെ നിലയുറപ്പിക്കാനുള്ള കടമ എഴുത്തുകാരും ബുദ്ധിജീവികളും പുച്ഛിച്ചു തള്ളരുത്. അതിനെ നിസാരമായി കാണരുത്.
 

 

സാഹിത്യത്തേക്കാള്‍ വലുതാണ് മനുഷ്യര്‍. സാഹിത്യത്തെക്കാള്‍ വലുതാണ് സ്വാതന്ത്യ്രം. സാഹിത്യത്തേക്കാള്‍ വലുതാണ് ജനാധിപത്യം. ക്രിക്കറ്റുകളിലും യുദ്ധങ്ങളിലും ചിലര്‍ കണ്ടെത്തുന്ന പ്രാകൃത രാജ്യസ്നേഹത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. ഇന്ത്യയുടെ ഉപ്പുതിന്നതിന് നമ്മുടെ അടിവയറ്റില്‍ നിന്നുയരേണ്ട നന്ദിയെപ്പറ്റിയാണ് ഞാന്‍ പറയുന്നത്.

ആരാധ്യപുരുഷന്‍മാരും യുവതലമുറക്കാരും അടക്കമുള്ളവര്‍ ഫാഷിസത്തിന്റെ നിറംപിടിപ്പിച്ച കനികള്‍ക്കു പിന്നാലെ പോയിതുടങ്ങി എന്നതു വാസ്തവമാണ്. അവര്‍ക്ക് കേരളത്തിന്റെ മുഖ്യധാരയില്‍ വിലയിടിവൊന്നും വന്നിട്ടില്ലതാനും. അതാണ് മലയാളിയുടെ അക്ഷരത്തോടുള്ള ആരാധന. ആ അമൂല്യമായ മനോഗുണത്തെയാണ് ഫാഷിസത്തിലേക്കു കാലുമാറുന്നവര്‍ വഞ്ചിക്കുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ പ്രതിസന്ധിയെ ഇത്തരം ഒരു ഇരട്ടത്താപ്പിലേക്കു അധ:പതിപ്പിക്കുന്ന ബുദ്ധിജീവിയും എഴുത്തുകാരനുമാണ്, താത്കാലികമായ പ്രശസ്തി ആര്‍ജിച്ച ഒരു വിശേഷണ പദം ഉപയോഗിച്ചു പറഞ്ഞാല്‍, “കുലംകുത്തികള്‍”.

നമുക്ക് ഇന്ത്യയെ കെട്ടിപ്പിടിക്കാന്‍ സമയമായി. അല്ലെങ്കില്‍ 68 വര്‍ഷം മുന്‍പ് ഹിറ്റ്ലറുടെ കുരുതിക്കളത്തില്‍ കൂട്ടക്കൊല ക്യാംപുകളിലെ അസ്ഥിപഞ്ജരങ്ങള്‍ക്കു നടുവില്‍ ലോകജനതയുടെ മുന്നില്‍ തലകുമ്പിട്ടു നില്‍ക്കേണ്ടി വന്ന ജര്‍മ്മന്‍ ബുദ്ധിജീവികളെയും എഴുത്തുകാരേയും പോലെ നാമും ആയിതീരും. കൂട്ടക്കൊല വിദഗ്ദരാണ് ഇന്ന് താരങ്ങള്‍. നമ്മുടെ കൈകളില്‍ ഫാഷിസ്റ് രക്തക്കറ പുരളാതിരിക്കട്ടെ.
 


 

നമുക്കെല്ലാം അറിയാവുന്നൊരു പഴഞ്ചൊല്ല് ഞാന്‍ ഓര്‍മ്മിക്കുകയാണ്. “കണക്കപ്പിള്ളയുടെ വീട്ടില്‍ വറക്കലും പൊരിക്കലും കണക്കുനോക്കുമ്പോള്‍ കരച്ചിലും പിഴിച്ചിലും”. വര്‍ഗീയ ഫാഷിസ്റുകളുടെ താണ്ഡവം കഴിഞ്ഞ് ഈ രാഷ്ട്രം മറ്റൊരു ദാരുണമായ കുരുക്ഷേത്രത്തില്‍ തകര്‍ന്നു കിടക്കുമ്പോള്‍, അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ, കണക്കപ്പിള്ളമാരായ നമ്മള്‍ ആ വറക്കലിലും പൊരിക്കലിലും ആഘോഷപൂര്‍വം പങ്കെടുത്തശേഷം കരച്ചിലും പിഴിച്ചലുമായി നില്‍ക്കാന്‍ ഇടവരാതിരിക്കട്ടെ.

രക്തദാഹികള്‍ ഇന്ത്യയില്‍ ഞങ്ങളേയും തട്ടിക്കൊണ്ട് പോയപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ജനങ്ങള്‍ ചോദിക്കുമ്പോള്‍ എഴുത്തുകാരും ബുദ്ധിജീവികളുമായ നാം എങ്ങോട്ടു നോക്കണമെന്നറിയാതെ ജീവച്ഛവമായി നില്‍ക്കാന്‍ ഇടവരാതിരിക്കട്ടെ.

ആള്‍ ദൈവങ്ങളല്ല നമ്മള്‍. നമുക്ക് ജനങ്ങളോടു നന്ദിയുണ്ടാവണം. നമ്മെ നിലനിര്‍ത്തുന്നത് ജനങ്ങളാണ്,പണമല്ല. ഇന്ത്യ ഒരു മഹത്തായ രാഷ്ട്രമാണ്. അതിന്റെ എല്ലാ കുറ്റങ്ങളോടും കുറവുകളോടും കൂടി പ്രണയിച്ചു തുടങ്ങാന്‍ സമയമായി. മാറോടണച്ചു സംരക്ഷിക്കാന്‍ സമയമായി.

ജര്‍മ്മനിയില്‍ ഹിറ്റ്ലറുടെ ഫാഷിസ്റ് ഭീകരതയുടെ ഉയര്‍ച്ചയില്‍ മൌനം പാലിച്ചു നോക്കിയിരുന്ന ജര്‍മ്മന്‍കാരെ പറ്റി പ്രത്യേകിച്ചു ബുദ്ധിജീവികളെപ്പറ്റി ഹിറ്റ്ലറുടെ കൂട്ടമരണ ക്യാമ്പില്‍ ഏഴുവര്‍ഷം കിടന്നു രക്ഷപ്പെട്ട ഒരാളുണ്ട്-മാര്‍ട്ടിന്‍ നിമോളര്‍. അദ്ദേഹം എഴുതിയ സുപ്രസിദ്ധമായ വരികള്‍ നമുക്കെല്ലാവര്‍ക്കും ഓര്‍മകളുണ്ടാകാനായി ഞാനിവിടെ ഉദ്ധരിക്കുകയാണ്.

‘ആദ്യം അവര്‍ കമ്മ്യൂണിസ്റുകാരെ പിടിക്കാന്‍ വന്നു. ഞാനവരോട് ഒന്നും പറഞ്ഞില്ല, കാരണം ഞാന്‍ കമ്മ്യൂണിസ്റുകാരനല്ലായിരുന്നു. പിന്നീടവര്‍ സോഷ്യലിസ്റുകളെ പിടിക്കാന്‍ വന്നു, ഞാനൊന്നും പറഞ്ഞില്ല കാരണം ഞാന്‍ സോഷ്യലിസ്റല്ലായിരുന്നു.പിന്നീടവര്‍ തൊഴിലാളി പ്രവര്‍ത്തകരെ പിടിക്കാന്‍ വന്നു ഞാനൊന്നു പറഞ്ഞില്ല, കാരണം ഞാന്‍ തൊഴിലാളി പ്രവര്‍ത്തകനല്ലായിരുന്നു. പിന്നീടവര്‍ യഹൂതരെ പിടിക്കാന്‍ വന്നു ഞാനൊന്നും പറഞ്ഞില്ല കാരണം ഞാന്‍ യഹൂതനല്ലായിരുന്നു. പിന്നീടവര്‍ എന്നെ പിടിക്കാന്‍ വന്നു അപ്പോള്‍ എനിക്കു വേണ്ടി പറഞാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.’
ജയ് ഹിന്ദ്.
 
സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം സ്വീകരിച്ച് സക്കറിയ നടത്തിയ പ്രസംഗം
(19.11.2013, സാഹിത്യ അക്കാദമി ഹാള്‍,തൃശൂര്‍)

 

3 thoughts on “നമ്മുടെ കൈകളില്‍ ഫാഷിസ്റ്റ് രക്തക്കറ പുരളാതിരിക്കട്ടെ.

  1. ഹഹഹ് സക്കറിയാച്ചോ എന്തൊരു പ്രസംഗം…… മദനീനെ വിടണം എന്നൂടെ പറയമായിരുന്നു…കയ്യടി കൂടിയേനെ..കേരളത്തില്‍ മുസ്ലി ലീഗിനും മാണിയുടേയും ജോസഫിന്റേയും ഒക്കെ കെ.കോണ്‍ഗ്രസ്സിനും ഭരിക്കാമെങ്കില്‍ കേന്ദ്രത്തില്‍ മോഡിജി ഭരിക്കട്ടെ. മുസ്ലിം ലീഗിനു ഭരിക്കാം ബി.ജെ.പിക്കാരനായ മോഡിക്ക് പാടില്ല. ഇരട്ടത്താപ്പ്..

  2. ഇരട്ടത്താപ്പല്ല നിജില്‍ അതിന് നിലപാടെന്നാണ് പേര്.
    നിജില്‍ കാണിക്കുന്നതും സ്വന്തം നിലപാടാണ്.
    കൊന്നും കൊലവിളിച്ചും ബലാല്‍സംഗം ചെയ്തും മുസ്ലിംകളെ തെരഞ്ഞുെപിടിച്ചു ഇല്ലാതാക്കിയും ഭയം വിതച്ചും ഭരണഘടനാ പദവികള്‍ ദുരുപയോഗം ചെയ്തും നരേന്ദ്രമോഡി എന്ന തീവ്രവലതുപക്ഷ ഫാഷിസ്റ്റ് ഗുജറാത്തില്‍ കാണിച്ച കലാപരിപാടികള്‍ ഇന്ത്യയിലൊട്ടാകെ ആവര്‍ത്തിക്കാനുള്ള കോര്‍പറേറ്റ് വലതുപക്ഷ ശ്രമങ്ങളിലുള്ള ആശങ്കയാണ് സക്കറിയയുടെ പ്രസംഗം. അതാണ് സക്കറിയയുടെ നിലപാട്.
    അതിനെതിരാണ് നിജിലിന്റെ നിലപാട്. അത് തീവ്രവലതുപക്ഷത്തുനിന്നുള്ള കുഴലൂത്താണ്. അഴിമതിയും സ്വജനപക്ഷപാതവും പോലുള്ള അപകടമല്ല രാജ്യത്തിന്റെ അധികാരക്കസേരയില്‍ മോഡിയെപ്പോലൊരു വര്‍ഗീയ ഭ്രാന്തന്‍ കയറിയിരുന്നാല്‍ സംഭവിക്കുക. അതിനെ സ്വാഗതം ചെയ്യുകയാണ് നിജില്‍. അതിനെ ആശങ്കയോടെ കാണുകയാണ് സക്കറിയ. രണ്ടു നിലപാടുകള്‍ക്കും ഇടയിലുള്ള ദൂരമായിരിക്കും ഇന്ത്യ ഇനി അതിജീവിക്കേണ്ടി വരിക.

Leave a Reply

Your email address will not be published. Required fields are marked *