ഇരുട്ടിലും തണുപ്പിലും പുതഞ്ഞ് ഒമ്പത് അമേരിക്കന്‍ ദിനങ്ങള്‍

 
 
 
 
അസാധാരണമായ ഒരു മഞ്ഞുകാലാനുഭവം. റീനി മമ്പലം എഴുതുന്നു
 
 
അമേരിക്കന്‍ താമസകാലത്തെ ഓര്‍മ്മയില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്. ആദ്യമായാണ് വിന്ററില്‍ മൂന്നു സംസ്ഥാനങ്ങളില്‍ ഒരേ സമയം ഇത്രയധികം നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നതും ഇലക്ട്രിസിറ്റി പോവുന്നതും. ദൂരെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കാരെ കൊണ്ടുവന്നിട്ടും ഇത്രയധികം ദിവസങ്ങള്‍ റിപ്പയര്‍ ജോലിക്കായി എടുത്തതും ആദ്യാനുഭവമാണ്. ഇലക്ട്രിക്ക് വയറിനുമേല്‍ വീണുകിടക്കുന്ന മരങ്ങള്‍ മരംവെട്ടുന്ന ആള്‍ക്കാര്‍ വെട്ടി മാറ്റിയതിനുശേഷംവേണമായിരുന്നു റിപ്പയര്‍ ചെയ്യുന്നവര്‍ക്ക് വയറുകളെല്ലാം ശരിയാക്കി സപ്ളൈ പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍. എല്ലാത്തിനും വിചാരിച്ചതില്‍ കൂടുതല്‍ സമയം വേണമായിരുന്നു.
 

 
ആകാശം പ്രസാദമില്ലാതെ മൂടിക്കിടന്നു. അന്ന് സ്നോ സ്റ്റോം ഉണ്ടാകുമെന്നും അതിനെത്തുടര്‍ന്ന് വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാമെന്നുള്ള വാര്‍ത്ത റേഡിയോയിലും റ്റീവീയിലും നിരന്തരമായി പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. തലേദിവസം കാര്‍ റേഡിയോയിലും ഇതേ വാര്‍ത്ത കേട്ടതാണ്. കൂട്ടുകാരുമൊത്ത് ആര്‍മാദിച്ച് നടക്കുമ്പോള്‍ ഇത്തരം രസംകൊല്ലി വാര്‍ത്തകള്‍ക്ക് ആരു ചെവികൊടുക്കാന്‍?

ഞങ്ങള്‍ താമസിക്കുന്ന കണക്റ്റിക്കട്ട് എന്ന സ്റ്റേറ്റ്, അമേരിക്കയുടെ ന്യുഇംഗ്ളണ്ട് എന്നു വിളിക്കുന്ന ഭാഗത്താണ്. ഇതില്‍ കണക്റ്റിക്കട്ട്, മെയിന്‍, മാസച്യൂസറ്റ്സ്, ന്യൂഹാംഷെയര്‍, റോഡ്ഐലണ്ട്, വെര്‍മോണ്ട് എന്നീ സ്റ്റേറ്റുകള്‍ ഉള്‍പ്പെടുന്നു. ഇവിടെ ശിശിരകാലത്തെ ഇലകളുടെ വര്‍ണ്ണങ്ങള്‍ പ്രസിദ്ധമാണ്. തണുപ്പുകാലം വരുന്നതോടുകൂടി ഇലകള്‍ അവക്ക് ഹരിത നിറം നല്‍കുന്ന ക്ളോറോഫില്‍ ഹേമന്തകാലത്തെ സൂക്ഷിപ്പിനായി വേരുകളിലേക്ക് അയക്കുന്നു. ഹരിതകത്തിന്റെ അഭാവത്തില്‍ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങള്‍ വെളിയില്‍ വന്ന് ആകെക്കൂടി വര്‍ണ്ണങ്ങളുടെ പ്രളയം സൃഷ്ടിക്കുന്നു. ഞങ്ങളുടെ സ്ഥലത്താണെങ്കില്‍ മരങ്ങള്‍ക്ക് യാതൊരു പഞ്ഞമില്ലതാനും. ഈ വര്‍ണ്ണവിസ്മയം കാണുന്നതിനായി മറ്റ് പല സ്ഥലങ്ങളില്‍ നിന്നും കാഴ്ചക്കാര്‍ വരുന്നു. ഞങ്ങളുടെ പട്ടണത്തിലൂടെ കടന്നുപോവുന്ന സീനിക്ക് റൂട്ട് എടുത്താല്‍ വര്‍ണ്ണങ്ങളുടെ നയനവിരുന്നൊരുക്കുന്ന സമീപത്തുള്ള ചെറിയ പട്ടണങ്ങളിലൂടെ യാത്രചെയ്യാം. യുവത്വത്തെ വെല്ലുന്ന സൌന്ദര്യം ഉണ്ടാവും പ്രകൃതിക്കപ്പോള്‍, കണ്ടാല്‍ ആരും നോക്കി നിന്നുപോകും, മനസുകൊണ്ടു മോഹിച്ചുപോകും, അവളുടെ കമിതാവാകാന്‍ കൊതിച്ചുപോകും!

റീനി മമ്പലം


മഞ്ഞിന്റെ മണം
ന്യൂ ഇംഗ്ളണ്ടിന്റെ ശിശിരകാലമനോഹാരിത കാണുന്നതിനും ന്യൂജേര്‍സിയില്‍ ആ വാരാന്ത്യത്തില്‍ നടക്കുന്ന ഇന്ത്യ പ്രെസ് ക്ളബിന്റെ വാര്‍ഷികമീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനും അവരുടെ അതിഥിയായി വന്ന നടനും നിര്‍മ്മാതാവുമായ തമ്പിയാന്റണിയും ഭാര്യ പ്രേമയും ഞങ്ങളുടെയും അതിഥിയായി വീട്ടിലുണ്ട്. രണ്ട് ദിവസം മുമ്പ് ഞങ്ങള്‍ സീനിക്ക് റൂട്ട് എടുത്ത് മാസച്യൂസെറ്റ്സ് എന്ന സ്റ്റേറ്റ് വഴി മലകളും വൃക്ഷങ്ങളും നിറഞ്ഞ വെര്‍മോണ്ട് എന്ന അതിമനോഹരമായ സ്റ്റേറ്റില്‍ താമസിച്ച് പ്രകൃതിയെ അത്രയും ആവാഹിച്ച്, ആ സൌന്ദര്യ ലഹരി കുടിച്ച് തിരികെ വന്നിരിക്കയാണ്. തമ്പിയാന്റണിയും പ്രേമയും താമസിക്കുന്ന കാലിഫോര്‍ണിയയില്‍ നീലക്കുറിഞ്ഞി പൂക്കുന്നതുപോലെ വല്ലപ്പോഴും ഒരിക്കല്‍ മഞ്ഞ് പെയ്യുന്നു. അവിടെയാണ് ഞങ്ങളുടെ മൂത്ത മകള്‍ വീണ താമസിക്കുന്നത്. അവിടെ ചെറിയതോതില്‍ ഭൂമികുലുക്കമുണ്ടാകും, കറിക്ക് ഉപ്പ് ചേര്‍ക്കുന്നതുപോലൊരു ചെറിയ സംഭവമായി. വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആധിയായി അവളെ വിളിക്കും. അവള്‍ അതൊരു നിസ്സാരസംഗതിയായി തള്ളിക്കളയും. വെര്‍മോണ്ടിലേക്കുള്ള ഞങ്ങളുടെ യാത്രയില്‍ അപ്രതീക്ഷിതമായി മഞ്ഞുപാതം തുടങ്ങി, പ്രകൃതിയാകെ മഞ്ഞിന്റെ ചേലയണിഞ്ഞു. തമ്പിയാന്റണിയും പ്രേമയും സ്നോ കണ്ട സന്തോഷത്തില്‍ കുട്ടികളെപ്പോലെ മഞ്ഞില്‍ ഇറങ്ങിനടന്നു, മഞ്ഞിന്റെ പന്തുകള്‍ ഉണ്ടാക്കി എറിഞ്ഞു.

വിന്ററിന്റെ മദ്ധ്യത്തില്‍, മരങ്ങള്‍ എല്ലാം ഇലകൊഴിച്ച് നില്‍ക്കുന്ന സമയത്താണ് സ്നോ സ്റ്റോം വരുന്നതെങ്കില്‍ വിപത്തുകള്‍ ഒന്നും വരില്ല. വിന്റര്‍ ആകുന്നതിന് മുമ്പേ കാലം തെറ്റി നേരത്തെ വരുന്ന സ്നോ സ്റ്റോമിന്റെ കെടുതികളെക്കുറിച്ചുള്ള മുന്നറിയിപ്പ് കേട്ടുകൊണ്ടാണ് കാലത്തെഴുന്നേറ്റത്. മരങ്ങളാകെ ഇലകള്‍ ധരിച്ച് നില്‍ക്കുകയാണ്. ആ സമയത്ത് ഹിമപാതമോ അല്ലെങ്കില്‍ ഐസ് സ്റ്റോമോ ഉണ്ടായാല്‍ ഇലകളില്‍ തങ്ങുന്ന സ്നോവിന്റെ ഭാരം താങ്ങാനാവാതെ മരങ്ങള്‍ ഒടിഞ്ഞു വീഴുവാന്‍ സാധ്യതയുണ്ട്. ഇലക്ട്രിക്ക് വയറുകളുടെ മുകളില്‍ വീണ് വയര്‍ പൊട്ടി റോഡിലേക്കോ വാഹനങ്ങളുടെ മുകളിലേക്കോ വീണെന്നിരിക്കും. പൊട്ടിവീഴുന്ന ഇലക്ട്രിക്ക് വയറുകള്‍ ആപത്തുണ്ടാക്കാം. ചിലപ്പോള്‍ ഒന്നുരണ്ടുദിവസത്തേക്ക് ഇലക്ട്രിസിറ്റി നഷ്ടപ്പെട്ടുവെന്നും വരാം.
 

ന്യൂജേര്‍സിയിലേക്ക് പാതിവഴിയെത്തിയപ്പോള്‍ പൊടിപൊടിയായി സ്നോ പെയ്തുതുടങ്ങി. മീറ്റിങ്ങ് സ്ഥലത്ത് എത്തിയപ്പോള്‍ അതിന് ശക്തി കൂടി. താപനില താഴ്ന്നതിനാല്‍ അത് നിലത്ത് അടിഞ്ഞു തുടങ്ങി.


 
അപായ സൂചനകള്‍
പ്രസ്സ് ക്ളബിന്റെ മീറ്റിങ്ങ് നടക്കുന്നത് ന്യൂജേര്‍സിയില്‍ എഡിസണ്‍ എന്ന സ്ഥലത്താണ്. സാധാരണ നിലയില്‍ അവിടേക്ക് ഹൈവേയിലൂടെ രണ്ടരമണിക്കൂര്‍ ദൂരമുണ്ട്. കാലാവസ്ഥ കേട്ടപ്പോള്‍ ഭര്‍ത്താവ് ജേക്കബ് മീറ്റിങ്ങിന് പോകണമോ എന്ന സംശയം പ്രകടിപ്പിച്ചു. അതിഥികള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വാടകക്ക് കാര്‍ എടുത്തിട്ടുണ്ട്. അതിനാല്‍ അവരെക്കുറിച്ച് വ്യാകുലപ്പെടേണ്ട. എന്റെ സ്വാര്‍ഥത കൊണ്ടാവണം പോകണമെന്ന് ഞാന്‍ വാശിപിടിച്ചത്, ചില സുഹൃത്തുക്കളോട് മീറ്റിങ്ങ് സ്ഥലത്ത് വച്ച് കാണാമെന്ന് പറഞ്ഞിട്ടുണ്ട്, കാണണമെന്ന് ആഗ്രഹവുമുണ്ട്.

ന്യൂജേര്‍സിയിലേക്ക് പാതിവഴിയെത്തിയപ്പോള്‍ പൊടിപൊടിയായി സ്നോ പെയ്തുതുടങ്ങി. മീറ്റിങ്ങ് സ്ഥലത്ത് എത്തിയപ്പോള്‍ അതിന് ശക്തി കൂടി. താപനില താഴ്ന്നതിനാല്‍ അത് നിലത്ത് അടിഞ്ഞു തുടങ്ങി. ചാനലുകള്‍ പേടിപ്പിച്ചതിനാല്‍ നേരത്തെ പ്ളാന്‍ ചെയ്തപോലെ ഡിന്നര്‍ മീറ്റിങ്ങ് വരെ അവിടെ നില്ക്കുന്നത് ബുദ്ധിയല്ലെന്നും ലഞ്ചിനു പോലും കാത്തുനില്‍ക്കാതെ മടങ്ങാമെന്നും ജേക്കബ് പറഞ്ഞു. ജേക്കബ് അസ്വസ്ഥനാകുന്നത് ഞാനറിഞ്ഞു, തിരികെ ഡ്രൈവ് ചെയ്യേണ്ടത് അങ്ങേരാണല്ലോ! ന്യുജേര്‍സിയെ അപേക്ഷിച്ച് കണക്റ്റിക്കട്ടില്‍ റ്റെമ്പറേച്ചര്‍ കുറവായതിനാല്‍ , ന്യൂജേര്‍സിയില്‍ പെയ്യുന്ന മഴ അവിടെ എത്തുമ്പോഴേക്കും അതിനെ സ്നോയോ, ഐസോ ആക്കി മാറ്റുവാന്‍ തക്ക മാന്ത്രികശക്തി കണക്റ്റിക്കട്ടിനുണ്ട്.

 

മഞ്ഞു വീഴ്ചയുടെ ഭാരം താങ്ങാനാവാതെ ഹൈവേയുടെ അടുത്തുവളരുന്ന വൃക്ഷങ്ങള്‍ കടപുഴകിയും വലിയ ചില്ലകള്‍ ഒടിഞ്ഞ് വീണും ഹൈവേയുടെ ഏറ്റവും വലത്തെ ലെയിന്‍ പലയിടങ്ങളിലും അടച്ചിരിക്കുന്നു. മഞ്ഞില്‍ തെന്നി അപകടം പിണഞ്ഞ വാഹനങ്ങളും അവരുടെ രക്ഷക്കെത്തിയ പോലീസുകാരെയുംകൊണ്ട് ആകെക്കൂടി ബഹളം.


 

ആപത്തുകളുടെ തുടക്കം
പ്രകൃതിയുടെ എന്ത് ഇന്ദ്രജാലമാണ് പ്രതീക്ഷിക്കേണ്ടതെന്ന് നിശ്ചയമില്ലാത്തതിനാല്‍ ഉച്ചഭക്ഷണത്തിനു പോലും നില്‍ക്കാതെ ഞങ്ങള്‍ മടങ്ങി. തമ്പിയാന്റണിയും പ്രേമയും മീറ്റിങ് നടക്കുന്ന ഹോട്ടലില്‍ ആ രാത്രി തങ്ങുന്നു. കണക്റ്റിക്കട്ടിനോട് അടുക്കുന്തോറും സീനറി മാറി വരുന്നു, അവിടെ നല്ല മഞ്ഞുവീഴ്ചയാണ്. മഞ്ഞു വീഴ്ചയുടെ ഭാരം താങ്ങാനാവാതെ ഹൈവേയുടെ അടുത്തുവളരുന്ന വൃക്ഷങ്ങള്‍ കടപുഴകിയും വലിയ ചില്ലകള്‍ ഒടിഞ്ഞ് വീണും ഹൈവേയുടെ ഏറ്റവും വലത്തെ ലെയിന്‍ പലയിടങ്ങളിലും അടച്ചിരിക്കുന്നു. മഞ്ഞില്‍ തെന്നി അപകടം പിണഞ്ഞ വാഹനങ്ങളും അവരുടെ രക്ഷക്കെത്തിയ പോലീസുകാരെയുംകൊണ്ട് ആകെക്കൂടി ബഹളം.

ആമയുടെയും മുയലിന്റെയും പന്തയകഥയിലെ മുയലിന്റെ വേഗത്തില്‍ നീങ്ങുന്ന വാഹനങ്ങള്‍. കാര്‍ ‘ഫോര്‍ വീല്‍ ഡ്രൈവ് ആണ്’, നല്ല സ്നോ ടയറുകള്‍ ഉണ്ട് എന്ന ധൈര്യത്തിലായിരുന്നു ഞങ്ങള്‍. എങ്കിലും നിയന്ത്രണം വിട്ട് വരുന്ന വാഹനങ്ങളെ തടുക്കുവാന്‍ നമ്മള്‍ക്കാവില്ലല്ലോ! ഇഴഞ്ഞും നിരങ്ങിയും നാല്ു മണിക്കൂറിനുശേഷമാണ് ഹൈവേയില്‍ നിന്ന് ഞങ്ങളുടെ പട്ടണത്തിലേക്കുള്ള എക്സിറ്റ് എടുത്തത്. രണ്ടരമണിക്കൂര്‍ കൊണ്ട് എത്തേണ്ടതാണ്.

വീട്ടിലേക്ക് സാധാരണ എടുക്കുന്ന വഴി സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള വഴിപോലെ ഇടുങ്ങിയതാണ്. പണ്ട് കൊളോണിയല്‍ കാലത്ത് കുതിരവണ്ടികള്‍ പോവാന്‍ തക്കവണ്ണം വഴിയോരത്ത് വളരുന്ന കൂറ്റന്‍ മരങ്ങളെ ബഹുമാനിച്ച് വളഞ്ഞും പുളഞ്ഞും വെട്ടിയതാണ്. പില്‍ക്കാലത്ത് ടാര്‍ ചെയ്തു എന്നു മാത്രം. ചരിത്രം ഉറങ്ങുന്ന ചെറിയ പട്ടണമാണ് ഞങ്ങളുടേത്. ആഭ്യന്തരയുദ്ധ കാലത്ത് ‘ അണ്ടര്‍ ഗ്രൌണ്ട് റെയില്‍ റോഡിന്റെ’ (അടിമത്തം പ്രബലമായിരുന്ന തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അടിമകളെ രക്ഷപ്പെടുത്തിയിരുന്ന വഴി) ഭാഗമായി അടിമകളെ ഒളിപ്പിച്ചുവച്ച രഹസ്യമുറികളുള്ള പഴയ വീടുകളും ഈ പട്ടണത്തിലുണ്ട്. മിക്കവാറും രഹസ്യമുറികളിലേക്കുള്ള രഹസ്യവാതിലുകള്‍ ‘ഫയര്‍ പ്ളേസിനുള്ളി’ലായിരിക്കും.

രണ്ടുമൂന്ന് അമേരിക്കന്‍ സുഹൃത്തുക്കള്‍ താമസിക്കുന്നത് ഇത്തരത്തിലുള്ള വീടുകളിലാണ്. പഴമയുടെ മണമുള്ള അവരുടെ വീടുകളില്‍ നിന്നാല്‍ ചുവരുകള്‍പോലും ചരിത്രം പറയുവാന്‍ വെമ്പി നില്‍ക്കുന്നതായി അനുഭവപ്പെടും. ഇത്തരം വീടുകള്‍ പുതുക്കിപ്പണിയണമെങ്കില്‍ ടൌണിന്റെ പ്രത്യേക അനുവാദം വേണം. ചില വീടുകളുടെ മുമ്പില്‍, നിര്‍മ്മിച്ച വര്‍ഷവും ബില്‍ഡറിന്റെ പേരും എഴുതിയ തകിടുകള്‍ പ്രൌഢിയോടെ തൂക്കിയിട്ടിരിക്കുന്നത് കാണാം. ഇവിടം വൃക്ഷനിബിഡമാണ്. ആറ് ഇഞ്ചില്‍ കൂടുതല്‍ വ്യാസമുള്ള മരങ്ങള്‍ മുറിക്കുവാന്‍ ടൌണിന്റെ അനുവാദം വാങ്ങണമെന്നാണ് വെപ്പ്, ആരും അനുസരിക്കാറില്ലെങ്കിലും. പട്ടണത്തിന്റെ ഒരു ഭാഗത്തിന്റ് പേര് ‘വിസ്ക്കനീയര്‍’ എന്നാണ്. പണ്ട് കാലത്ത് കുതിര വണ്ടിയോടിച്ച് പോവുന്ന യാത്രക്കാര്‍ക്കുള്ള വിസ്ക്കി ലഭിക്കുന്ന സത്രങ്ങളും ഇവിടെ ഉണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറയുമായിരുന്നത്രെ ‘വിസ്ക്കി നിയര്‍’ എന്ന്. പില്‍ക്കാലത്ത് അത് ലോപിച്ച് വിസ്ക്കനീയര്‍ എന്നായി.

 

വീടിന്റെ ഡ്രൈവേയിലേക്ക് കാര്‍ കയറ്റിയപ്പോള്‍, അവിടെക്കണ്ട കാഴ്ചയില്‍ എന്തു ചെയ്യണമെന്നറിയാതെ ഏതാനും നിമിഷത്തേക്ക് പകച്ചിരുന്നു. വലിയൊരു മരത്തിന്റെ സാമാന്യം വലുപ്പമുള്ള ചില്ലയൊടിഞ്ഞ് കാറിന് കയറിപ്പോകുവാന്‍ നിവൃത്തിയില്ലാതെ ഡ്രൈവേയുടെ കുറുകെ കിടക്കുന്നു.


 
വീടിനുള്ളില്‍, പക്ഷേ,…
ഞങ്ങള്‍ അധികദൂരം എത്തിയില്ല, രണ്ടരയടിയെങ്കിലും വ്യാസമുള്ള പ്രായമായ ഒരു മരം റോഡിന് കുറുകെ കടപുഴകി വീണുകിടക്കുന്നു. ഇലക്ട്രിക്ക് വയറുകളിലേക്ക് വീണതിനാല്‍ വയറുകള്‍ പൊട്ടി നിലംപതിച്ചിരിക്കുന്നു. സംഗതി വളരെ ഗുരുതരം! ഏതാനും മിനിട്ടുകള്‍ക്കകം സംഭവിച്ചതാണെങ്കില്‍ ഇലക്ട്രിക്ക് വയറുകളില്‍ ഇപ്പോഴും കറന്റ് കാണും. ഞങ്ങള്‍ കാര്‍ തിരികെയെടുത്തു. വളഞ്ഞ് മൂക്കില്‍ തൊടുന്നതുപോലെ വേറൊരു വഴിയിലൂടെ വീട്ടിലേക്ക് തിരിച്ചു. വീടിന്റെ ഡ്രൈവേയിലേക്ക് കാര്‍ കയറ്റിയപ്പോള്‍, അവിടെക്കണ്ട കാഴ്ചയില്‍ എന്തു ചെയ്യണമെന്നറിയാതെ ഏതാനും നിമിഷത്തേക്ക് പകച്ചിരുന്നു. വലിയൊരു മരത്തിന്റെ സാമാന്യം വലുപ്പമുള്ള ചില്ലയൊടിഞ്ഞ് കാറിന് കയറിപ്പോകുവാന്‍ നിവൃത്തിയില്ലാതെ ഡ്രൈവേയുടെ കുറുകെ കിടക്കുന്നു. SUV വാഹനമായിരുന്നെങ്കില്‍ ചില്ലയുടെ മുകളിലൂടെ ഒന്ന് കയറ്റിനോക്കാമായിരുന്നു. ‘എന്നെ അധികമൊന്നും നോവിക്കരുതെ’ യെന്നോതുന്ന ലോ പ്രൊഫൈല്‍ ടയറുകളാണ് കാറില്‍ കിടക്കുന്നത്.

ഞങ്ങള്‍ രണ്ടുപേര്‍ പിടിച്ചുനോക്കിയിട്ടും കൂറ്റന്‍ ചില്ലയ്ക്ക് ഒരു കുലുക്കവും ഇല്ല. ഞാനാണെങ്കില്‍ സാരിയിലും ഹൈഹീല്‍ ഷൂസിലുമാണ്. പ്രസ്ക്ളബ് മീറ്റിങ്ങിന് ഉടുത്തൊരുങ്ങി പോയതല്ലേ! ചുറ്റും മരത്തിന്റെ ശാഖകള്‍ ഒടിഞ്ഞു വീഴുന്ന നിരന്തര ശബ്ദം. അവിടെ നിന്നാല്‍ ഞങ്ങളുടെ തലയിലോ കാറിന്റെ മുകളിലോ അടുത്ത ശാഖ വന്നു വീഴുമെന്ന് തോന്നി. വീണുകിടക്കുന്ന ചില്ല മുറിച്ച് മാറ്റാതെ നിവൃത്തിയില്ല. ഞങ്ങള്‍ക്കുണ്ടായിരുന്ന, പെട്രോള്‍ കൊണ്ട് പ്രവൃത്തിക്കുന്ന, ചെയിന്‍ സോ രണ്ട് വര്‍ഷം മുമ്പ് കേട് വന്നതിനുശേഷം ‘ഗാരാജിന് ഒരു ആഢംബരമായി’ വെക്കാന്‍ വേറൊന്ന് എന്തിന് വങ്ങണം എന്ന ചിന്തയിലായിരുന്നു. ജേക്കബിനാണെങ്കില്‍ ചെയിന്‍ സോയുടെ മത്ത് പിടിച്ചാല്‍ ആ ലഹരിയില്‍ കുറെ ചില്ലകളും ചെടികളും എല്ലാം വെട്ടിക്കളയുകയും ചെയ്യും. അതിനാല്‍ വേറൊന്ന് വാങ്ങുവാന്‍ ഞാന്‍ നിര്‍ബ്ബന്ധിച്ചതുമില്ല. ഗരാജില്‍ നിന്ന് ഒരു ചെറിയ കൈവാളെടുത്ത് ഏതാണ്ട് അരമണിക്കൂര്‍ പരിശ്രമത്തിനുശേഷം, തണുപ്പത്തും വിയര്‍ത്ത്, മരത്തിന്റെ ശാഖ അറുത്തുമാറ്റി കാര്‍ ഗരാജിലിട്ടു. അപ്പോഴും മരങ്ങളുടെ ശാഖകള്‍ ഒടിഞ്ഞുവീഴുന്ന ശബ്ദം പടക്കം പൊട്ടുന്നതുപോലെ കേട്ടുകൊണ്ടിരുന്നു.

 

സാധാരണ ഞങ്ങള്‍ അതിനെ ഒരു ആഘോഷമായി മാറ്റും, ശിലായുഗത്തിലെന്നപോലെ ജീവിക്കുവാന്‍ ശ്രമിക്കും, ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ്, വെള്ളം മിതമായി ഉപയോഗിച്ച്, തീനാളത്തിന്റെ വെളിച്ചത്തില്‍. വല്ലപ്പോഴും വീണുകിട്ടുന്ന സൌഭാഗ്യമല്ലേ!


 
ഇരുട്ടിന്റെ ആത്മാവുകള്‍
വീടിനുള്ളില്‍ കയറിയപ്പോള്‍ ഇലക്ട്രിസിറ്റി പോയിരിക്കുന്നു, കഴിഞ്ഞ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സംഭവിച്ചതായിരിക്കണം, വീടിനകത്ത് ഇപ്പോഴും ചൂടുണ്ട്. ഞങ്ങളുടെ വീടിന്റെ പരിസരത്തില്‍ ഇലക്ട്രിക്ക് വയറുകളും കേബിളുകളും ഭൂമിക്കടിയിലൂടെയാണ് പോവുന്നതെങ്കിലും വയറുകള്‍ മുകളിലൂടെ വരുന്നവഴി അതിന്മേല്‍ മരങ്ങള്‍ വീണാല്‍ ഞങ്ങള്‍ക്കും ഇലക്ട്രിസിറ്റി പോവും. സാധാരണ ഞങ്ങള്‍ അതിനെ ഒരു ആഘോഷമായി മാറ്റും, ശിലായുഗത്തിലെന്നപോലെ ജീവിക്കുവാന്‍ ശ്രമിക്കും, ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ്, വെള്ളം മിതമായി ഉപയോഗിച്ച്, തീനാളത്തിന്റെ വെളിച്ചത്തില്‍. വല്ലപ്പോഴും വീണുകിട്ടുന്ന സൌഭാഗ്യമല്ലേ!

ഞങ്ങള്‍ക്കിവിടെ കുഴല്‍ക്കിണറാണ്. അതുപോലെ സ്വന്തമായി സെപ്റ്റിക്ക് സിസ്റവും. ഇലക്ട്രിസിറ്റിയില്ലെങ്കില്‍ വെള്ളമില്ല. ടാങ്കിലാണെങ്കില്‍ കഷ്ടിച്ച് പത്തുഗ്യാലന്‍ വെള്ളം കൊള്ളും. രണ്ടുപ്രാവശ്യം ടോയ്ലറ്റ് ഫ്ളഷ് ചെയ്യുമ്പോഴേക്കും വെള്ളം തീരും. ഈ കുഴല്‍ക്കിണര്‍ ഒരു വിന്ററിന്റെ മദ്ധ്യത്തില്‍ ഞങ്ങള്‍ക്ക് നല്‍കിയ ശല്യം ചില്ലറയല്ല. ക്രിസ്തുമസിന് രണ്ടുദിവസം മുമ്പ് വെള്ളം നിന്നു. ക്രിസ്തുമസ്സിന് വീടുനിറയെ ആള്‍ക്കാരെ വിളിച്ചു കൂട്ടിയിട്ടുണ്ട്. റിപ്പയര്‍ ആള്‍ക്കാരെ വിളിച്ചപ്പോള്‍ ഡ്രൈവേയിലൂടെ മൂന്നടി ഫ്രോസ്റ് ലൈനിനും താഴ്ചയില്‍, കിണറില്‍ നിന്നും വീട്ടിലേക്ക് വരുന്ന വെള്ളത്തിന്റെ പൈപ്പില്‍ പൊട്ടലുണ്ട് എന്നു പറഞ്ഞു. വിന്ററായതിനാല്‍ ഒന്നും ചെയ്യുവാന്‍ സാധിക്കില്ല എന്നുമറിയിച്ചു.

അവര്‍ പുറത്തുകൂടെ ചെറിയൊരു കുഴലിട്ട് ടാങ്കിലേക്ക് വെള്ളം അടിച്ചു കയറ്റാം എന്നു പറഞ്ഞു. പക്ഷെ ടെമ്പറേച്ചര്‍ ഫ്രീസിങ്ങിന് വളരെ താഴെ ആയിരുന്നതിനാല്‍ വെള്ളം കുഴലിലൂടെ കുറച്ചുദൂരം പോവുമ്പോഴേക്കും ഐസ് ആകും. കുഴല്‍ ചൂടായിവെക്കുവാന്‍ ചുറ്റും ‘ഹീറ്റിങ്ങ് ടേപ്പ്’ ചുറ്റി ഇലക്ട്രിസിറ്റിയുമായി കണക്റ്റ് ചെയ്ത ശേഷമാണ് ആ പ്രശ്നം പരിഹരിച്ചത്. അടുത്ത് സ്പ്രിങ് സീസണ്‍ വരെ കാത്തിരുന്ന് മണ്ണുമാന്തി കൊണ്ട് ഡ്രെെവേ തല്ലിത്തകര്‍ത്ത ശേഷം പുതിയ കുഴലുകള്‍ ഇട്ടു. ചെറിയ പട്ടണങ്ങളില്‍ താമസിക്കുന്നതുകൊണ്ടുണ്ടാകുന്ന ഒരോരോ പ്രശ്നങ്ങള്‍!

 

ഉറങ്ങുവാനുള്ള ആലോചനയുമായി സ്ലീപ്പിങ്ങ് ബാഗ് വിരിക്കുവാനൊരിടം തേടി നടന്നപ്പോളാണ് വീടിന്റെ പുറത്ത് വലിയതെന്തോ വീഴുന്ന ഭയാനകമായ ശബ്ദം കേട്ടത്.


 

വിറച്ചു വിറച്ച് ഉറക്കം
വീടിനുമുകളില്‍ ചില്ലകള്‍ വീഴുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഇളയ മകള്‍ സപ്പന വീട്ടിലെ സ്ഥിതിഗതികള്‍ അറിയാന്‍ വിളിച്ചു. അവള്‍ താമസിക്കുന്നത് ഇവിടെ നിന്നും രണ്ടരമണിക്കൂര്‍ മാറിയാണ്. അവര്‍ക്ക് അവിടെ കുഴപ്പമൊന്നുമില്ല. യാതൊരു കാരണവശാലും മുകളില്‍ ബെഡ് റൂമില്‍ ഞങ്ങള്‍ കിടക്കരുത് എന്നായിരുന്നു അവളുടെ കല്‍പ്പന. വീടിന് ചുറ്റും മരങ്ങളാണ്. ചില മരങ്ങള്‍ രണ്ടും മൂന്നും അടി മാത്രം അകലത്തില്‍ നിന്ന് വീടിന് കുടപിടിച്ച് നില്‍ക്കുന്നു.

വീട് പുതുക്കിപണിതപ്പോള്‍ അടുത്തുനില്‍ക്കുന്ന മരത്തിന്റെ വേരുകളെ ഉപദ്രവിക്കാതിരിക്കാന്‍ മുറി വലുതാക്കി പണിതത് ‘ഫൌണ്ടേഷന്‍’ ഇടുന്നതിനു പകരം ‘സ്റില്‍സി’ലാണ്. എത്ര നോക്കിയിട്ടും മരം മറിഞ്ഞ് വീഴുവാന്‍ സാധ്യതയില്ലാത്ത ഒരു ഇടം കണ്ടുപിടിക്കാനാവുന്നില്ല. ഒരു ‘എയര്‍ മാറ്ററസ്’ ഉണ്ട്. കാറ്റ് നിറക്കുവാനുള്ള സൌകര്യത്തിന് ബാറ്ററിക്ക് പകരം ഇലക്ട്രിസിറ്റി കൊണ്ട് ഓപ്പറേറ്റ് ചെയ്യുന്നതാണ് മനഃപ്പൂര്‍വ്വം വാങ്ങിയത്. സമയം വെളുപ്പിന് ഒന്നര ആയിക്കാണും. ഉറങ്ങുവാനുള്ള ആലോചനയുമായി സ്ലീപ്പിങ്ങ് ബാഗ് വിരിക്കുവാനൊരിടം തേടി നടന്നപ്പോളാണ് വീടിന്റെ പുറത്ത് വലിയതെന്തോ വീഴുന്ന ഭയാനകമായ ശബ്ദം കേട്ടത്.

എന്താണെന്ന് നോക്കുവാനുള്ള ധൈര്യം ഇല്ലായിരുന്നു. ജേക്കബ് ഫ്ളാഷ് ലൈറ്റുമായി മുകളിലേക്കോടി, ഞാന്‍ പിന്നാലെയും. ബെഡ് റൂമില്‍ എത്തിയപ്പോള്‍ ഏതാനും നിമിഷത്തേക്ക് ശ്വാസം നിലച്ചുപോയി . ബെഡ് റൂമിന്റെ തോളോടുചേര്‍ന്ന് കുടപിടിച്ച് നില്‍ക്കുന്ന മരത്തിന്റെ ശാഖ ഒടിഞ്ഞ് സ്കൈലൈറ്റ് പൊട്ടിച്ച് അകത്തേക്ക് തൂങ്ങിക്കിടക്കുന്നു. എന്തു ചെയ്യണമെന്ന് യാതൊരു ഊഹവുമില്ലാതെ സ്തബ്ധരായി ഞങ്ങള്‍ നിന്നു. സമയം വെളുപ്പിന് ഒന്നര. പുറത്ത് അപ്പോഴും തകൃതിയായി പെയ്യുന്ന മഞ്ഞ് സ്കൈലൈറ്റ് പൊട്ടിയ വിടവിലൂടെ അകത്തുവീണ് മുറിയില്‍ വെള്ളമായി കിടക്കുന്നു, അതോടൊപ്പം പൊട്ടിച്ചിതറിയ സ്കൈലൈറ്റ് കഷ്ണങ്ങളും.

ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും ഉപദേശങ്ങള്‍ തേടി മലയാളി സുഹൃത്തുക്കളെ വിളിക്കാമെന്ന് വെച്ചാല്‍ അവര്‍ക്കാര്‍ക്കും ഇത്തരം മരാമത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ യാതൊരു പരിചയവുമില്ല. ഇങ്ങനെയുള്ള അടിയന്താരാവസ്ഥയില്‍ വിളിക്കുന്ന ഒരു സായിപ്പ് സുഹൃത്തുണ്ട്. അങ്ങേരെ വിളിച്ചിട്ട് ഫോണെടുക്കുന്നതുമില്ല. അപ്പോഴാണ് ഓര്‍ത്തത് അവരുടെ ഫോണ്‍ വരുന്നത് കേബിള്‍ വഴിയാണ്. കാലാവസ്ഥമൂലം അവരുടെ കേബിള്‍ സര്‍വീസ് പോയിക്കിടക്കുകയാണെന്ന് സെല്‍ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. പൊട്ടിയ സ്കൈലൈറ്റ് ഏകദേശം ഏഴടിപ്പൊക്കത്തിലാണ്. ജേക്കബ് ഒരു ഏണിയില്‍ നിന്ന് മരത്തിന്റെ ശാഖ വാളുകൊണ്ട് വെട്ടിമാറ്റി ബെഡ് റൂമിന്റെ കതക് തുറന്ന് വെളിയിലെറിഞ്ഞു. ബാക്കിയുള്ള ഭാഗം സ്കൈലൈറ്റിന്റെ തുളയില്‍ക്കൂടി വെളിയിലേക്ക് തള്ളിക്കളഞ്ഞു. ഒരു സ്റ്റൈറഫോം പീസ് വെട്ടിയൊട്ടിച്ച് തുള അടച്ചു, വെള്ളം തൂത്തുതുടച്ച് മുറി വൃത്തിയാക്കി. ഏകദേശം വെളുപ്പിന് മൂന്നു മണിയോടെ ഉറങ്ങുവാന്‍ ശ്രമിച്ചു. അപ്പോഴും ചുറ്റുവട്ടത്ത് മരങ്ങളുടെ ശാഖകള്‍ ഒടിയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. കൂടുതല്‍ ദുരന്തങ്ങള്‍ക്ക് സാക്ഷിയാക്കരുതെയെന്ന പ്രാര്‍ഥനയോടെ ഉറങ്ങാന്‍ കിടന്നു.

 

ഞങ്ങള്‍ ഫയര്‍ പ്ളേസ് ഓണാക്കി വീട്ടില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചു. ആര്‍ക്കിറ്റെക്റ്റിനു സ്തുതിഗീതങ്ങള്‍ പാടി. പക്ഷെ വെള്ളത്തിന് എന്തു ചെയ്യും?


 
ആര്‍ക്കിടെക്റ്റിനു സ്തുതി
പിറ്റേദിവസം രാവിലെതന്നെ മകള്‍ സപ്പന വിളിച്ചുണര്‍ത്തി. ജീവിച്ചിരിപ്പുണ്ടോ എന്നറിയുവാന്‍ വിളിക്കുകയാണോയെന്ന് അവളോട് കളിപറഞ്ഞു. വൈദ്യുതി തിരിച്ചെത്താന്‍ നാലഞ്ചു ദിവസം എടുക്കുമത്രെ എന്നു റേഡിയോയില്‍ വാര്‍ത്ത കേട്ടു. അപ്പോള്‍ മോഹന്‍ലാല്‍ സ്റ്റൈലില്‍ പറഞ്ഞു-‘ചുമ്മാ’. വൈദ്യുതിക്കായി ഒരിക്കലും ഇത്ര കാത്തിരിക്കേണ്ടി വന്നിട്ടില്ല. ഞങ്ങളുടെ സ്റ്റേറ്റില്‍ മാത്രമല്ല അടുത്തുള്ള ഒന്നു രണ്ടു സ്റ്റേറ്റുകളില്‍ തൊണ്ണൂറു ശതമാനം ആള്‍ക്കാര്‍ക്കും ഇലക്ട്രിസിറ്റി പോയിരിക്കുന്നു. ഇവിടത്തെ ഇലക്ട്രിക്ക് കമ്പനിക്കാര്‍ വളരെ മിനിമം തൊഴിലാളികളെക്കൊണ്ട് പ്രവര്‍ത്തിച്ച് വരികയാണ്. അതിനാല്‍ ആവശ്യത്തിനനുസരിച്ച് വേണ്ടത്ര ജോലിക്കാര്‍ ഇല്ല. ജോലിക്കാരെ ദൂരെയുള്ള സ്റ്റേറ്റുകളില്‍ നിന്നും, ക്യാനഡയില്‍ നിന്ന് പോലും വരുത്തുന്നു. ഞങ്ങളുടെ പട്ടണത്തില്‍ 98 ശതമാനം ആള്‍ക്കാര്‍ക്ക് ഇലക്ട്രിസിറ്റി പോയിരിക്കുന്നു.

പുറത്ത് നല്ല തണുപ്പുണ്ട്. ഈ തണുപ്പത്ത് ചൂടും വെള്ളവും ഇല്ലാതെ വീട്ടില്‍ താമസിക്കുവാന്‍ വയ്യ. പല ഹോട്ടലിലും വിളിച്ച് നോക്കി. ഒരു മണിക്കൂര്‍ പരിധിക്കുള്ളില്‍ ആര്‍ക്കും മുറികള്‍ ഇല്ല. ഹോസ്പിറ്റല്‍ തുറന്നിരിക്കേണ്ടതുകൊണ്ട് ഡോക്ടറായ ഒരു സുഹൃത്തിന് ഹോസ്പിറ്റലില്‍ പോയേ തീരു. അവര്‍ക്ക് ഒന്നരമണിക്കൂര്‍ മാറി ഒരു ഹോട്ടലില്‍ മുറികിട്ടിയത് തന്നെ ഭാഗ്യം. വീട്ടില്‍ ഗ്യാസ്കൊണ്ട് പ്രവൃത്തിക്കുന്ന ഒരു ഫയര്‍പ്ളേസ് ഉണ്ട്. വീട് പുതുക്കിപണിതപ്പോള്‍ ആര്‍ക്കിടെക്റ്റ് നിര്‍ബന്ധിച്ച് തന്നതാണ്. അത്തരം ഫയര്‍പ്ളേസ് ഉണ്ടാക്കുന്നത് നല്ലൊരു ചെലവായതിനാല്‍ ഇല്ലാതെ നോക്കുവാന്‍ ഞങ്ങള്‍ ശ്രമിച്ചു. ‘ആവശ്യമില്ലാതൊരു ആഢംബരം, ആനാവശ്യ ചെലവ്’ എന്നൊക്കെ പറഞ്ഞപ്പോള്‍ “ബിലീവ് മി യു വില്‍ എന്‍ജോയ് ഇറ്റ്’ എന്ന് അന്ന് അങ്ങേര്‍ പറഞ്ഞു.

ഞങ്ങള്‍ ഫയര്‍ പ്ളേസ് ഓണാക്കി വീട്ടില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചു. ആര്‍ക്കിറ്റെക്റ്റിനു സ്തുതിഗീതങ്ങള്‍ പാടി. പക്ഷെ വെള്ളത്തിന് എന്തു ചെയ്യും? തൊട്ടു മുന്നില്‍ താമസിക്കുന്നത് ഒരു പീഡിയാട്രീഷ്യന്‍ സായിപ്പാണ്. അങ്ങേരുടെ പുരയിടത്തിലൂടെ ഒരു അരുവി ഒഴുകുന്നുണ്ട്. അതില്‍ ഒരു ബക്കറ്റ് കയര്‍ കെട്ടി ഇറക്കിയിരിക്കുന്നത് കണ്ടു. കുത്തനെയുള്ള ആ ഡ്രൈവേയിലൂടെ ആരും വെള്ളം എടുത്തുകൊണ്ടുപോവുന്നത് കണ്ടില്ല. ആവശ്യം ഉണ്ടെങ്കില്‍ അവിടെ നിന്ന് വെള്ളം എടുത്തുകൊള്ളാന്‍ അനുവാദം തന്നു. ജേക്കബ് ഒരിക്കല്‍ ശ്രമിച്ചു. ഇവിടെയുള്ള ഡ്രെവേ ഒരിക്കല്‍ കയറിയാല്‍ മല കയറുന്ന സായൂജ്യം ലഭിക്കും.

എതിരെ താമസിക്കുന്ന ഡോക്ടര്‍ക്ക് മഞ്ഞായാലും മഴയായാലും ഭൂമികുലുക്കമുണ്ടായാലും കൃത്യസമയത്ത് ക്ളിനിക്കില്‍ എത്തിയിരിക്കണം. ഐസ് പെയ്ത ഒരു രാവിലെ ഇദ്ദേഹം ക്ളിനിക്കില്‍ പോവുന്നതിന് കാറില്‍ ഡ്രൈവേ ഇറങ്ങിവരുന്നത് ഞാന്‍ നോക്കിക്കൊണ്ട് നില്‍ക്കയായിരുന്നു. കാര്‍ ഐസില്‍ തെന്നി ഡ്രൈവേയുടെ ഒരു വശത്തുള്ള പാറകള്‍ നിറഞ്ഞ കുഴിയിലേക്ക് തലകീഴായി വീണ് മരത്തിനും ഡ്രൈവേക്കും ഇടയില്‍ ഉടക്കി നിന്നതുകണ്ട് ഞാന്‍ പരിഭ്രാന്തയായി ഡോക്ടറുടെ ഭാര്യയെ ഫോണില്‍ വിളിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. കുറച്ചു നിമിഷങ്ങള്‍ക്കുശേഷം അങ്ങേര്‍ കാറിന്റെ ഡോര്‍ തുറന്നിറങ്ങി തെന്നുന്നഡ്രൈവേ നാലുകാലില്‍ കയറുവാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കണ്ടത്.

 

വീടിന്റെ മേല്‍ക്കൂരയില്‍ ഉണ്ടായിരുന്ന ഹിമം ഉരുകി വെള്ളം പാത്തിയിലൂടെ ഒഴുകുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഇരുപതു ഗ്യാലന്‍ കൊള്ളുന്ന പ്ലാസ്റിക്ക് ബാരല്‍ ഉണ്ട്. പാത്തിയില്‍ നിന്നൊഴുകുന്ന വെള്ളം ഞാന്‍ അതില്‍ പിടിച്ചുവെച്ചു.


 

ഹിമജലം തുണ
വെള്ളത്തിന്റെ പ്രശ്നം എങ്ങനെ പരിഹരിക്കും എന്ന ചിന്തയിലായിരുന്നു ഞാന്‍. അന്ന് പകല്‍ ടെമ്പറേച്ചര്‍ ഫ്രീസിങ്ങിന്റെ മുകളില്‍ എത്തി. വീടിന്റെ മേല്‍ക്കൂരയില്‍ ഉണ്ടായിരുന്ന ഹിമം ഉരുകി വെള്ളം പാത്തിയിലൂടെ ഒഴുകുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഇരുപതു ഗ്യാലന്‍ കൊള്ളുന്ന പ്ലാസ്റിക്ക് ബാരല്‍ ഉണ്ട്. പാത്തിയില്‍ നിന്നൊഴുകുന്ന വെള്ളം ഞാന്‍ അതില്‍ പിടിച്ചുവെച്ചു. അത്യാവശ്യത്തിന് ബാത്ത്റൂം ഫ്ളഷ് ചെയ്യുവാന്‍ ഉപയോഗിക്കാം. വെള്ളം കുടിക്കുന്നതും വളരെ കുറച്ചു മാത്രം. ഇന്‍പുട്ട് അനുസരിച്ചല്ലേ ഔട്ട്പുട്ട് ഉണ്ടാകു.

കുടിവെള്ളം വീട്ടിലുണ്ടായിരുന്നു. ഞങ്ങളുടെ ഒരു സുഹൃത്തിന്റെ മകന്‍ ഒരു ഹോട്ടല്‍ ക്ളബിന്റെ അംഗം ആയതിനാല്‍ ഒരു രാത്രിയിലേക്ക് മാത്രം അവര്‍ക്ക് മുറികിട്ടിയിരുന്നു. അവിടെ ചെന്ന് കുളിക്കുവാന്‍ സുഹൃത്ത് നിര്‍ബന്ധിച്ചു. തിരികെ വരുംവഴി വെള്ളം എടുക്കുന്നതിന് വലിയ പ്ളാസ്റിക്ക് പാത്രം അന്വേഷിച്ച് ഒരു ഹാര്‍ഡ് വെയര്‍ കടയില്‍ കയറി. പെട്രോള്‍ സൂക്ഷിച്ച് വെക്കുന്ന വലിയ ക്യാനുകളുണ്ട്. ‘ഈ പാത്രത്തില്‍ വെള്ളം നിറച്ചാല്‍ അതിന്റെ ഭാരം എന്താണെന്ന് അറിയുമോ?’-വലിയ ക്യാന്‍ വാങ്ങുന്നതില്‍ നിന്നും സെയില്‍സ്മാന്‍ എന്നെ നിരുത്സാഹപ്പെടുത്തി.

അന്ന് ഉച്ചതിരിഞ്ഞതോടെ മറ്റു പട്ടണങ്ങളില്‍ താമസിക്കുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് വൈദ്യുതി കിട്ടിയപ്പോള്‍ വളരെ ആശ്വാസം തോന്നി. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സുഹൃത്തുക്കളുടെ വീടുകള്‍ നമ്മുടെയും വീടുകളാകുന്നു. കുളിയും ഡിന്നറും അവരുടെ വീടുകളിലായി. ബാര്‍ബിക്യൂ ഗ്രില്ലിന്റെ ഒരു ബേര്‍ണര്‍ ഉപയോഗിച്ച് അത്യാവശ്യം കാപ്പി, ചായ എന്നിവ ഉണ്ടാക്കി.

 

ദിവസങ്ങള്‍ നാലഞ്ച് കഴിഞ്ഞെങ്കിലും വൈദ്യുതി തിരിച്ചെത്തുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. റോഡിന് കുറുകെ വീണ വന്മരം ഇപ്പോഴും റോഡ് ബ്ളോക്ക് ചെയ്ത് കിടക്കുന്നു.


 
വൈദ്യുതി എവിടെ?
റെഫ്രിജിറേറ്ററിനോടൊപ്പമുള്ള ഫ്രീസറില്‍ കുറെ ഭക്ഷണസാധനങ്ങളുള്ളത് ചീത്തയാവാതിരിക്കാന്‍ ഐസ്ക്യൂബിന്റെ വലിയ ബാഗുകള്‍ വാങ്ങി വെച്ചു. രണ്ടുദിവസത്തേക്ക് സാധനങ്ങള്‍ ചീത്തയാവാതെയിരിക്കും. രാത്രിയുറക്കം ഗ്യാസ് ഫയര്‍ പ്ളേസിനു സമീപമായി. ഫയര്‍ പ്ളേസ് ലിവിങ് റൂമിനെയും ഡൈനിങ്ങ് റൂമിനെയും 20 ഡിഗ്രി സെന്റിഗ്രേഡില്‍ സൂക്ഷിച്ചു. ഹീറ്റ് ഇല്ലാത്ത അടുക്കളയിലും ഫാമിലി റുമിലും 10 ഡിഗ്രി സെന്റിഗ്രേഡ്. ഇലക്ടിസിറ്റി ഇല്ലാത്തതിനാല്‍ പോര്‍ട്ടബിള്‍ ഫോണ്‍സ് ഒന്നും പ്രവൃത്തിക്കുന്നില്ല. ഒരു സാധാരണ ഫോണ്‍ അടുക്കളയിലുള്ളത് അടിക്കരുതേയെന്നായിരുന്നു പ്രാര്‍ഥന. ഫോണടിക്കുമ്പോള്‍ കോട്ട് ധരിച്ചാണ് അടുക്കളയില്‍ നിന്ന് സംസാരിച്ചത്.

ദിവസങ്ങള്‍ നാലഞ്ച് കഴിഞ്ഞെങ്കിലും വൈദ്യുതി തിരിച്ചെത്തുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. റോഡിന് കുറുകെ വീണ വന്മരം ഇപ്പോഴും റോഡ് ബ്ളോക്ക് ചെയ്ത് കിടക്കുന്നു. ഇലക്ട്രിക് വര്‍ക്കേര്‍സിനെയോ അവരുടെ ട്രക്കുകളോ വഴിയിലെങ്ങും കാണാനേയില്ല. കഴിഞ്ഞ തവണ ഉപയോഗിച്ചപ്പോഴുള്ള ശമ്പളം ഇതുവരെ കൊടുത്തിട്ടില്ലാത്തതിനാല്‍ മറ്റു സ്റ്റേറ്റുകളില്‍ നിന്നുള്ള ജോലിക്കാര്‍ എത്തിയിട്ടില്ല എന്ന വാര്‍ത്തയും കേട്ടു.

ഞങ്ങളുടെ പട്ടണത്തില്‍ ജോലിചെയ്തിരുന്ന ജോലിക്കാരെ അടുത്തുള്ള വലിയ പട്ടണത്തിലേക്ക് വിടുകയും ചെയ്തു. ഹൈവേയില്‍ കണ്ട ഇലക്ട്രിക്ക് കമ്പനിക്കാരുടെ മഞ്ഞനിറമുള്ള ട്രക്ക് പ്രത്യാശയുടെ നാമ്പ് വളര്‍ത്തി. ഇലക്ട്രിസിറ്റി കിട്ടുവാന്‍ ഒരാഴ്ച എടുത്തേക്കും എന്ന് റേഡിയോയില്‍ കേട്ടു. അവര്‍ വിചാരിച്ച വേഗത്തില്‍ പണി നടക്കുന്നില്ലത്രെ. ക്ളോക്ക് നോക്കാതെ രാവും പകലും പണി നടക്കുന്നു എന്ന് കേട്ടെങ്കിലും ജോലിക്കാരെ വഴിയിലെങ്ങും കണ്ടുമില്ല.

 

ഏഴ് ദിവസം കഴിഞ്ഞിട്ടും ഇലക്ട്രിസിറ്റി കിട്ടിയില്ല. സ്കൂളുകള്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്നു. അവിടെ ഇലക്ട്രിസിറ്റിയുണ്ട്. സ്കൂളുകളും വൈ.എം.സി.എയും എമേര്‍ജെന്‍സി ഷെല്‍ട്ടറുകളായി പ്രവര്‍ത്തിക്കുന്നു.


 

എട്ടാം ദിവസം
ഏഴ് ദിവസം കഴിഞ്ഞിട്ടും ഇലക്ട്രിസിറ്റി കിട്ടിയില്ല. സ്കൂളുകള്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്നു. അവിടെ ഇലക്ട്രിസിറ്റിയുണ്ട്. സ്കൂളുകളും വൈ.എം.സി.എയും എമേര്‍ജെന്‍സി ഷെല്‍ട്ടറുകളായി പ്രവര്‍ത്തിക്കുന്നു. പൊതുജനത്തിന് കുളിക്കുവാനും കിടക്കുവാനുമുള്ള സൌകര്യം ഒരുക്കിയിരിക്കുന്നു. അത്യാവശ്യത്തിന് കുടിവെള്ളവും ചൂടുള്ള ഭക്ഷണവും അവിടെക്കിട്ടും. ഒരു അഭയാര്‍ഥികേന്ദ്രം!

ടെമ്പെറേച്ചര്‍ ഫ്രീസിങ്ങിന് താഴെയായി. വീട് ചൂടാക്കുന്നത് ‘ഓയില്‍ ഹോട്ട് വോട്ടര്‍’ ഉപയോഗിച്ചാണ്. ചൂടുവെള്ളം ഓരോ മുറിയിലും കോപ്പര്‍ പൈപ്പിലൂടെ ഒഴുകുന്നു. അതില്‍ നിന്ന് ഉയരുന്ന ചൂടുകൊണ്ട് മുറി ചൂടാവുന്നു. പുറത്ത് ഫ്രീസിങ്ങിന് താഴെയായി ടെമ്പറേച്ചര്‍ തുടര്‍ന്നാല്‍ മുറി തണുക്കുന്നതുമൂലം ഈ പൈപ്പിനകത്തുള്ള വെള്ളം ഫ്രീസ് ചെയ്ത് പൈപ്പ് പൊട്ടിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ മുറിയില്‍ വെള്ളംകൊണ്ടുള്ള നാശങ്ങളുടെ കോലാഹലമായിരിക്കും. അത് താങ്ങാനുള്ള മാനസിക ശക്തി ഉണ്ടായിരുന്നില്ല. അതിനാല്‍ ജേക്കബ് പൈപ്പിലെ വെള്ളം ഊറ്റിക്കളഞ്ഞു.

പിറ്റേദിവസം ഞങ്ങള്‍ക്ക് രണ്ട് ദിവസത്തേക്ക് വീട് വിടണമായിരുന്നു. അടുത്ത ദിവസം ഒരു സുഹൃത്തിന്റെ മകന്റെ കല്ല്യാണത്തിന്റെ റിസപ്ഷന്‍ ഒരു മണിക്കൂര്‍ അകലെയുള്ള ഒരു ഹോട്ടലില്‍ വെച്ചുനടക്കുന്നു. അതേ ഹോട്ടലില്‍ മുറിയെടുത്ത് റിസപ്ഷന് തയ്യാറായി. എല്ലാം കഴിഞ്ഞ് രാത്രി അവിടെ തങ്ങി. മഹത്തായ ഒന്‍പതാംദിവസം തിരികെയെത്തിയത് ഇലെക്ട്രിസിറ്റി വന്നു കാണും എന്നപ്രതീക്ഷയോടെയായിരുന്നു.

 

അര മണിക്കൂര്‍ കഴിഞ്ഞില്ല, പെട്ടന്ന് ചൂടുവെള്ളം തയ്യാറാക്കുന്ന ബേര്‍ണര്‍ ഓണാകുന്ന ശബ്ദം കേട്ടു, ലൈറ്റുകള്‍ തെളിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയില്‍ ഞാന്‍ കേട്ട ഏറ്റവും ഇമ്പമേറിയ ശബ്ദമായിരുന്നു അത്. മോട്ടര്‍ ഓടി, റ്റാങ്കില്‍ വെള്ളം നിറഞ്ഞു.


 

ഇമ്പമേറിയ ശബ്ദങ്ങള്‍
വീണ്ടും തണുത്തുറഞ്ഞ വീട്ടില്‍ വന്നു കയറിയപ്പോള്‍ ദേഷ്യം സഹിക്കാനായില്ല. എന്നത്തേക്ക് ഇലക്ട്രിസിറ്റി പ്രതീക്ഷിക്കാം എന്ന് ചോദിച്ചുകൊണ്ട് ജേക്കബ് ടൌണിന്റെ സെലക്റ്റ്മാന് (ഭരണ തലവന്‍) ഒരു മെസ്സേജ് ഇട്ടു. അപ്പോഴേക്കും ക്ഷമയുടെ അടിത്തട്ട് കലങ്ങിമറിഞ്ഞിരുന്നു . അര മണിക്കൂര്‍ കഴിഞ്ഞില്ല, പെട്ടന്ന് ചൂടുവെള്ളം തയ്യാറാക്കുന്ന ബേര്‍ണര്‍ ഓണാകുന്ന ശബ്ദം കേട്ടു, ലൈറ്റുകള്‍ തെളിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയില്‍ ഞാന്‍ കേട്ട ഏറ്റവും ഇമ്പമേറിയ ശബ്ദമായിരുന്നു അത്. മോട്ടര്‍ ഓടി, റ്റാങ്കില്‍ വെള്ളം നിറഞ്ഞു. ഞാന്‍ ഓടിനടന്ന് എല്ലാ ബാത്ത്റൂമുകളും ഫ്ളഷ് ചെയ്തു. രണ്ട് മണിക്കൂര്‍കഴിഞ്ഞ് സെലക്റ്റ്മാന്‍ തിരികെവിളിച്ചപ്പോള്‍ ‘നിങ്ങള്‍ക്ക് ഒരു മെസേജ് ഇട്ടപ്പോള്‍ തന്നെ പേടിച്ച് ഇലക്ട്രിസിറ്റി വന്നുവെന്ന്’ തമാശപറയാനുള്ള മൂഡിലായിരുന്നു.

അമേരിക്കന്‍ താമസകാലത്തെ ഓര്‍മ്മയില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്. ആദ്യമായാണ് വിന്ററില്‍ മൂന്നു സംസ്ഥാനങ്ങളില്‍ ഒരേ സമയം ഇത്രയധികം നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നതും ഇലക്ട്രിസിറ്റി പോവുന്നതും. ദൂരെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കാരെ കൊണ്ടുവന്നിട്ടും ഇത്രയധികം ദിവസങ്ങള്‍ റിപ്പയര്‍ ജോലിക്കായി എടുത്തതും ആദ്യാനുഭവമാണ്. ഇലക്ട്രിക്ക് വയറിനുമേല്‍ വീണുകിടക്കുന്ന മരങ്ങള്‍ മരംവെട്ടുന്ന ആള്‍ക്കാര്‍ വെട്ടി മാറ്റിയതിനുശേഷംവേണമായിരുന്നു റിപ്പയര്‍ ചെയ്യുന്നവര്‍ക്ക് വയറുകളെല്ലാം ശരിയാക്കി സപ്ളൈ പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍. എല്ലാത്തിനും വിചാരിച്ചതില്‍ കൂടുതല്‍ സമയം വേണമായിരുന്നു.

 

ലോകത്തിലേക്കും ഇമ്പമേറിയ ശബ്ദം ടോയ്ലറ്റ് ഫ്ളഷ് ചെയ്യുന്നതിന്റെയും റ്റാപ്പിലൂടെ വെള്ളം ഒഴുകുന്നതിന്റെയുമാണ് എന്ന തിരിച്ചറിവിലാണ് ഞാനിപ്പോള്‍.


 
വീട്ടിനുള്ളിലെ വിന്റര്‍ ക്യാമ്പ്
ഇനിയിപ്പോള്‍ ഇലക്ട്രിസിറ്റി പോയാല്‍ എനിക്ക് പേടിയില്ല. പെട്രോള്‍ കൊണ്ട് ഓടുന്ന ഒരു ജനറേറ്റര്‍ വാങ്ങി ഇന്‍സ്റാള്‍ ചെയ്തിട്ടുണ്ട്. കൂടാതെ ബാര്‍ബിക്യു ഗ്രില്ലിന്റെ പ്രൊപ്പേന്‍ ടാങ്കില്‍ ഘടിപ്പിക്കുന്ന ഒരു ബേര്‍ണറും വാങ്ങിയിട്ടുണ്ട്. ഒരു മുറി രണ്ടു ദിവസത്തേക്ക് ചൂടായി വെക്കുവാന്‍ ഇത് സഹായിക്കും. പെട്രോള്‍കൊണ്ട് പ്രവൃത്തിക്കുന്ന ഒരു ചെയിന്‍ സോയും സ്വന്തമാക്കി.

ഈ സംഭവത്തിനുശേഷം ഇലക്ട്രിക്ക് കമ്പനിക്കാര്‍ 200 ഡോളര്‍ റീഫണ്ട് തന്നു, കസ്റമേര്‍സിന് അസൌകര്യം വന്നതിനുള്ള ക്ഷമാപണമായി.. അമേരിക്കയില്‍ ‘ബോയ് സ്കൌട്ട്സ്’ കുട്ടികള്‍ വിന്ററില്‍ വെളിയില്‍ ക്യാമ്പ് ചെയ്യുന്നതുപോലെ ഞങ്ങള്‍ വീടിനുള്ളില്‍ ക്യാമ്പ് ചെയ്ത ആ ദിവസങ്ങള്‍ ദുഃസ്വപ്നമായി ഓര്‍മ്മയില്‍ ഇടക്കിടെ തെളിഞ്ഞു വരും.

ലോകത്തിലേക്കും ഇമ്പമേറിയ ശബ്ദം ടോയ്ലറ്റ് ഫ്ളഷ് ചെയ്യുന്നതിന്റെയും റ്റാപ്പിലൂടെ വെള്ളം ഒഴുകുന്നതിന്റെയുമാണ് എന്ന തിരിച്ചറിവിലാണ് ഞാനിപ്പോള്‍.
 
 
ദേശാന്തരങ്ങളില്‍നിന്നുള്ള കുറിപ്പുകള്‍. നാലാമിടം ആര്‍ക്കൈവില്‍നിന്ന്
 
നിര്‍മല എഴുതുന്നു
കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍

നിര്‍മല എഴുതുന്നു
ഒളിച്ചുകടത്തിയ കേരളം തിരിച്ചു ചോദിക്കുന്നത്

നോവലിസ്റ്റ് ഇ ഹരികുമാര്‍ എഴുതുന്നു
ഇത്തിരി നന്ദി, പ്രവാസികളോടുമാവാം

റീനി മമ്പലം എഴുതുന്നു
അമേരിക്കയുടെ ഡോളർക്കാടുകൾ

റീനി മമ്പലം എഴുതുന്നു
മഞ്ഞില്‍ പൊതിഞ്ഞൊരു ക്രിസ്തുമസ്

കോശി മലയില്‍ എഴുതുന്നു
സാരിത്തുമ്പിനപ്പുറം, അമ്മ!

കോശി മലയില്‍ എഴുതുന്നു
എന്റെ മകന് മനസ്സിലാകുന്നില്ല, ആ ആപ്പിള്‍ക്കഥ

കോശി മലയില്‍ എഴുതുന്നു
മഞ്ഞില്‍ മറയാതെ അവളുടെ കാല്‍പ്പാടുകള്‍

മീനു എലിസബത്ത് എഴുതുന്നു
പ്രണയം കടല്‍ കടന്ന്, കര കടന്ന്…

മീനു എലിസബത്ത് എഴുതുന്നു
വിസ്കൊന്‍സിനിലെ വെടിയുണ്ടകള്‍ നമ്മോടു പറയുന്നത്

അസീസ് കെ.എസ് എഴുതുന്നു
വസന്ത കാല്‍ഗറിയില്‍ റമദാന്‍ നാളുകള്‍

ത്രേസ്യാമ്മ നാടാവള്ളില്‍ എഴുതുന്നു
ഓര്‍മ്മകളിലേക്ക് ഒരു കപ്പല്‍

 
 
 
 

Leave a Reply

Your email address will not be published. Required fields are marked *