asish.jpg

മന്ത്രിയും കൈയൊഴിഞ്ഞു; വൈഡ് റിലീസ് പെരുവഴിയില്‍

മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മധ്യസ്ഥതയില്‍ മേയ് 25ന് ധാരണയായ മാനദണ്ഡങ്ങള്‍ എ ക്ലാസ് തീയറ്ററുടമകളുടെ കടുംപിടുത്തത്തെത്തുടര്‍ന്നാണ് അനിശ്ചിതത്വത്തിലായത്. ഇതുമൂലം വ്യാപക റിലീസ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തീയറ്ററുടമകള്‍ പ്രശ്നം അവസാനിപ്പിക്കാനാവാതെ ദിനേന കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്-സമരക്കാറ്റു പിടിച്ച തിയറ്ററുകളെ കുറിച്ച് ആശിഷിന്റെ വിലയിരുത്തല്‍.

കേരളത്തിലെ തീയറ്ററുകളില്‍ നഗര- ഗ്രാമ ഭേദമന്യേ സിനിമകള്‍ റിലീസ് ചെയ്യാനുദ്ദേശിച്ച് അംഗീകരിച്ച വൈഡ് റിലീസ് മാനദണ്ഡങ്ങള്‍ നടപ്പാക്കാനാവാതെ കുഴയുന്നു.മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മധ്യസ്ഥതയില്‍ മേയ് 25ന് ധാരണയായ മാനദണ്ഡങ്ങള്‍ എ ക്ലാസ് തീയറ്ററുടമകളുടെ കടുംപിടുത്തത്തെത്തുടര്‍ന്നാണ് അനിശ്ചിതത്വത്തിലായത്. ഇതുമൂലം വ്യാപക റിലീസ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തീയറ്ററുടമകള്‍ പ്രശ്നം അവസാനിപ്പിക്കാനാവാതെ ദിനേന കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ആദ്യഘട്ടം പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയ മന്ത്രിയാകട്ടെ, ഇപ്പോള്‍ പ്രസ്താവനകളില്‍ മാത്രമായി പരിഹാരശ്രമം ഒതുക്കുകയാണെന്നാണ് ആക്ഷേപം.

എന്താണ് വൈഡ് റിലീസ് ?

2008 വരെ കേരളത്തില്‍ സിനിമാ റിലീസിംഗ് ചുരുങ്ങിയ കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു. (ഉദാഹരത്തിന്, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, തൃശൂര്‍ പോലുള്ള ജില്ലാ ആസ്ഥാനങ്ങളിലും ആറ്റിങ്ങല്‍, മൂവാറ്റുപുഴ, വടകര, ചാലക്കുടി, മാവേലിക്കര, തലശേãരി, കാഞ്ഞങ്ങാട് പോലുള്ള പട്ടണങ്ങളിലും). ഈ ഗണത്തില്‍പ്പെട്ട എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. ഇവരുടെ കീഴില്‍ വരുന്ന 48 സ്ഥലങ്ങളിലെ തീയറ്ററുകളില്‍ മാത്രമായിരുന്നു റിലീസ്. കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ ഇവര്‍ അനുവദിക്കുകയുമില്ലായിരുന്നു.

വ്യാജസീഡിയും മറ്റും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സിനിമകള്‍ കൂടുതല്‍ പ്രേക്ഷകരിലെത്താന്‍ റിലീസ് കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടേയും ആവശ്യം ശക്തമായപ്പോള്‍ സിനിമാ സംഘടനകള്‍ തമ്മിലെ ചര്‍ച്ചകള്‍ക്ക് ശേഷം 2008ല്‍ ബി ക്ലാസ് കേന്ദ്രങ്ങളിലെ 22 സ്ഥലങ്ങള്‍ കൂടി റിലീസ് പട്ടികയില്‍ ഉള്‍പ്പെടുത്തി. (ആലുവ, കൊച്ചി, പെരുമ്പാവൂര്‍, നെടുമങ്ങാട്, കൊട്ടാരക്കര, കോട്ടക്കല്‍, മുക്കം തുടങ്ങിയവ ഉദാഹരണം)

പിന്നീട് ഉള്‍പ്പെടുത്തിയ ബി ക്ലാസ് സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത് സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ കീഴിലാണ്.

ഇനിയുമേറെ സെന്ററുകളില്‍ റിലീസ് അനുവദിക്കണമെന്നായിരുന്നു നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും ആവശ്യം. ബി സെന്ററുകളുടെ സംഘടനയാകട്ടെ ഇതിന് അനുകൂലവുമാണ്.

എന്നാല്‍, എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. അതിന് അവരുടേയായ വാദങ്ങളും അവര്‍ക്കുണ്ട്. തങ്ങള്‍ വന്‍ തുക അഡ്വാന്‍സ് നല്‍കുന്ന സിനിമകള്‍ എല്ലാ മുക്കിലും മൂലയിലും റിലീസ് അനുവദിച്ചാല്‍ വന്‍ നഷ്ടമുണ്ടാകുമെന്നതിനാല്‍ അനുവദിക്കില്ലെന്നും അവര്‍ പറയുന്നു. അതേസമയം നേരത്തെ തീയറ്റര്‍ അഡ്വാന്‍സ് വാങ്ങാത്ത ചിത്രങ്ങള്‍ എവിടെയൊക്കെ റിലീസ് ചെയ്താലും പ്രശ്നമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നേരത്തെയുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടപ്പെടുന്നതിലെ ആശങ്ക മൂലമാണ് ഏ ക്ലാസുകാര്‍ എതിര്‍ക്കുന്നതെന്നാണ് മറുപക്ഷത്തിന്റെ വാദം.

വാദങ്ങളും തര്‍ക്കങ്ങളും കഴിഞ്ഞ നാലുവര്‍ഷമായി തുടരവേ, പുതുതായി അധികാരമേറ്റ സിനിമാമന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് മേയില്‍ നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും തീയറ്ററുടമകളുടേയും ഫിലിം ചേമ്പറിന്റെയും യോഗം വിളിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍ വൈഡ് റിലീസിംഗ് വ്യാപകമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പുതുതായി റിലീസ് അനുവദിക്കുന്നതിന് മാനദണ്ഡങ്ങളും നിശ്ചയിച്ചു.

മേയ് 25ലെ ധാരണകള്‍

മുന്‍പ് റിലീസ് അനുവദിച്ചിരുന്ന എ ക്ലാസ്, ബി ക്ലാസ് തീയറ്ററുകള്‍ക്ക് പുറമേ എ.സി, ഡി.ടി.എസ് സൌകര്യങ്ങളുള്ള ഏതു തീയറ്ററിലും ജൂണ്‍ ഒന്നുമുതല്‍ റിലീസ് അനുവദിക്കും എന്നാണ് മന്ത്രി മേയ് 25ന് പ്രഖ്യാപിച്ചത്. നിര്‍മാതാക്കളും വിതരണക്കാരും തീയറ്ററുടമകളും തത്വത്തില്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.

കൂടാതെ നിലവില്‍ റിലീസുള്ള തീയറ്റുകളില്‍ പലതിലും സൌകര്യങ്ങള്‍ പരിമിതമാണെന്ന ആക്ഷേപം പരിഗണിച്ച് എല്ലായിടവും എ.സിയാക്കാന്‍ മൂന്നുമാസം സമയവും അനുവദിച്ചു.

സൌകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തീയറ്ററുകളെ തരംതിരക്കാനും ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനും റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കാനും ധാരണയായിരുന്നു.

ഈ പ്രഖ്യാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന നിരവധി ചെറുപട്ടണങ്ങളിലെ തീയറ്ററുകള്‍ക്ക് ഉണര്‍വു പകര്‍ന്നു. പല ഉടമകളും റിലീസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് 50 ലക്ഷം മുതല്‍ കോടികള്‍ വരെ മുടക്കി തീയറ്ററുകള്‍ നവീകരിക്കാനും ശ്രമം ആരംഭിച്ചു.

പിന്നീട് സംഭവിച്ചത്

ധാരണപ്രകാരം ആദ്യഘട്ടം തിരുവനന്തപുരത്തെ കഠിനംകുളത്തെ മള്‍ട്ടിപ്ലക്സ് സൌകര്യങ്ങളുള്ള എ.സി എച്ച്.ഡി തീയറ്ററിലും കഴക്കൂട്ടത്തെയും കൊല്ലം ശക്തികുളങ്ങരയിലെയും എ.സി തീയറ്ററുകളിലും ചില ചിത്രങ്ങള്‍ക്ക് റിലീസ് ലഭിച്ചു.

കൂടുതല്‍ മേഖലകള്‍ റിലീസിന് ശ്രമം ആരംഭിച്ചപ്പോഴാണ് പ്രശ്നം വീണ്ടും ആരംഭിച്ചത്. എ ക്ലാസ് തീയറ്ററുകളുടെ സംഘടനയായ ഫെഡറേഷന്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയശേഷം മറ്റു തീയറ്ററില്‍ കൂടി റിലീസ് ചെയ്യാന്‍ ശ്രമിച്ചാല്‍ ആ ചിത്രങ്ങള്‍ ഫെഡറേഷന്‍ അംഗങ്ങളുടെ തീയറ്ററുകള്‍ ബഹിഷ്കരിക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. ഇത്തരത്തില്‍ രതിനിര്‍വേദം പോലുള്ള ചിത്രങ്ങളുടെ റിലീസ് തലേനാള്‍ രാത്രി വൈകിയും അനിശ്ചിതത്വത്തിലായിരുന്നു.

പ്രധാന നഗരങ്ങളെ വിട്ടുകളയാന്‍ പറ്റാത്തതിനാല്‍ വിതരണക്കാര്‍ എ ക്ലാസുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്നു.

ഓണം, ഈദ് റിലീസുകളുടെ സമയത്ത് പ്രശ്നം സങ്കീര്‍ണമായി. ഓണച്ചിത്രങ്ങള്‍ പരമാവധി കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാക്കളുടെയും വിതരണക്കാരുടേയും താല്‍പര്യം. മന്ത്രിയുടെ പ്രഖ്യാപനം കേട്ട് മുഖം മിനുക്കിയ നേരത്തെ റിലീസ് അനുവദിക്കാതിരുന്ന ചില കേന്ദ്രങ്ങളും ഇവര്‍ കണ്ടുവെച്ചു. പല കേന്ദ്രങ്ങളും റിലീസ് അനുവദിക്കുമെന്ന് കരുതി എ.സി ആക്കിയിരുന്നു. പലേടത്തും പുതുക്കല്‍ നടപടി തുടരുന്നുമുണ്ട്.

എന്നാല്‍ എ ക്ലാസ് കടുംപിടിത്തം അനൌദ്യോഗികമായി തുടര്‍ന്നതോടെ ഓണം റിലീസ് പട്ടികയിലും പുതിയ കേന്ദ്രങ്ങള്‍ക്ക് കയറിപ്പറ്റാനായില്ല. എ.സി യാക്കിയ കഴക്കൂട്ടം ഹരിശ്രീ, വടക്കഞ്ചേരി തങ്കം തുടങ്ങിയവ ഉദാഹരണം.

പ്രശ്നം ഇത്രയുമായതോടെയാണ് ലക്ഷങ്ങള്‍ എ.സിക്കും നവീകരണത്തിനും മുടക്കിയ ചെറുപട്ടണങ്ങളിലെ തീയറ്ററുടമകള്‍ എക്സിബിറ്റേഴ്സ അസോസിയേഷന്റെ നേതൃത്വത്തില്‍ ഉത്രാടദിനമായ സെപ്റ്റംബര്‍ എട്ടുമുതല്‍ സമരം തുടങ്ങിയത്. കേരളത്തില്‍ 160ലേറെ കേന്ദ്രങ്ങള്‍ ഇത്തരത്തില്‍ അടച്ചിട്ടിരിക്കുകയാണ്.

രണ്ടാഴ്ച പിന്നിട്ടിട്ടും ചര്‍ച്ചയോ സമരം തീര്‍ക്കാന്‍ നടപടിയോ ഒന്നുമുണ്ടായില്ലെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. എന്തെങ്കിലും തീരുമാനമാവാതെ പിന്‍മാറാനാവാത്ത അവസ്ഥയിലാണ് സമരത്തിലുള്ളവര്‍. പുതിയ ആവശ്യങ്ങളൊന്നും തങ്ങള്‍ക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ തന്റേടം കാട്ടണമെന്നുമാണ് അവര്‍ പറയുന്നത്.
ഇടക്ക് സമരം തീര്‍ക്കാന്‍ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും നടപടികളൊന്നും വരാത്തതില്‍ ആശങ്കയിലാണ് വിതരണക്കാരും സമരത്തിലുള്ള തീയറ്ററുകാരും.

when you share, you share an opinion
Posted by on Sep 17 2011. Filed under സിനിമ, സിനിമാപ്പുര-ആശിഷ്. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

1 Comment for “മന്ത്രിയും കൈയൊഴിഞ്ഞു; വൈഡ് റിലീസ് പെരുവഴിയില്‍”

  1. RAM

    pavam theatre owners.

       0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers