നരച്ച താടിയും തലമുടിയും മുസ്ലിം മുഖച്ഛായയുമുള്ള കൂട്ടുകാരന്‍.. .

 
 
 
 
മതം മാനദണ്ഡമായതു മൂലം മതേതര ഇന്ത്യയില്‍ താമസിക്കാന്‍ ഇടം കിട്ടാത്തവരുടെ പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്തിയ സവാദ് റഹ്മാന്റെ കുറിപ്പിന് ഒരു തുടര്‍ച്ച. നരച്ച താടിയും തലമുടിയും മുസ്ലിം മുഖഛായയുമുള്ള’ കൂട്ടുകാരനൊപ്പമുള്ള ഉത്തരേന്ത്യന്‍ കാലത്തെക്കുറിച്ച് എച്ച്മുക്കുട്ടി എഴുതുന്നു. ചിത്രങ്ങള്‍ ഇന്ത്യ -പാക് വിഭജനകാലത്ത് Margaret Bourke White പകര്‍ത്തിയത്.
 

 
മുസ്ലിം മുഖച്ഛായയുള്ള വാസ്തുശില്‍പിയുടെ മുഖത്തു നോക്കി ആ യമധര്‍മ്മന്‍ എസ് എച്ച് ഒ ഗര്‍ജ്ജിച്ചു.

‘ നീ ടാഡയെന്നും പോട്ടയെന്നും മറ്റും കേട്ടിട്ടുണ്ടോ? മര്യാദയ്ക് ഇവരേംകൊണ്ട് പോയില്ലെങ്കില്‍ നിന്നേയും ഇത് ചേര്‍ത്തങ്ങ് ബുക് ചെയ്യും. നിന്നെ കണ്ടാലറിയാമല്ലോ തുമ്പിലെ തൊലി കണ്ടിക്കുന്നവന്‍റെ വര്‍ഗ്ഗമാണെന്ന്… ഞങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതാ..സുപ്രീം കോടതി പോലും പിന്നെ ഒന്നും ചോദിക്കില്ല …. കേട്ടോടാ ‘
 
 
തലമുടി ഏറെ നീളം കുറച്ച് പലപ്പോഴും പറ്റെ , തലയോട്ടി കാണും വിധം മുറിക്കുന്നതാണ് രീതി. എപ്പോഴും വെയിലത്ത് പണിയെടുക്കുന്നവര്‍ക്ക് അതാണ് നല്ലതെന്ന് ഒരു സ്വന്തം വ്യാഖ്യാനവും നല്‍കും. നീണ്ട താടിയും കുറ്റിമുടിയുമാകട്ടെ കുമ്പളങ്ങ പോലെ നരച്ചു.. നരച്ച് നരച്ച് അത് മഞ്ഞക്കുകയും കൂടി ചെയ്തു. ജനിച്ചപ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ടല്ലൊ ബാക്കിയെല്ലാവരും പിന്നെ വന്നു കൂടിയതല്ലേ എന്ന മട്ടാണ് അഹങ്കാരം പെരുത്ത നരയുടേത്. അത്ര കടുത്ത ഏകാധിപത്യവും കൈവശാവകാശവും. പത്തും പതിനഞ്ചും വയസ്സ് പ്രായക്കൂടുതലൂള്ള നല്ല കറുത്ത തലമുടിയും താടിയുമുള്ള ജ്യേഷ്ഠന്മാരുടെ മുന്നില്‍ നരച്ച തലയും താടിയുമായി ഒരു അപ്പൂപ്പനെ പോലെ പ്രത്യക്ഷപ്പെടാന്‍ ഒരു മടിയുമില്ല. അത് ഇപ്പോഴൊന്നുമല്ല , നേരത്തെ മുതല്‍ അങ്ങനെ തന്നെയായിരുന്നു. നരയാരംഭിക്കുക പോലും ചെയ്തിട്ടില്ലാത്ത കൂട്ടുകാര്‍ക്കു മുന്നില്‍ വല്യേട്ടനായോ അമ്മാവനായോ ഒക്കെ ആയി അറിയപ്പെടാനും യാതൊരു പ്രയാസവുമില്ലായിരുന്നു .

എച്ച്മുക്കുട്ടി


സ്വന്തം അമ്മയ്ക്കൊപ്പം പുറത്തു പോകുമ്പോള്‍ ‘ആ, ആ ഇദാരാ ഇത്? എത്ര കാലായീ നിങ്ങളെ ഒന്നിച്ച് കണ്ടിട്ട്… റിട്ടയര്‍ ആയേപ്പിന്നെ അങ്ങനെ കാണാറില്ല.. ‘ എന്ന് മകനെ അച്ഛനാക്കി മാറ്റിയിരുന്ന, ‘മൂത്ത ചേട്ടനാണല്ലേ ? എന്നു വന്നു?’ എന്ന് മരുമകനെ അമ്മാവനാക്കി മാറ്റിയിരുന്ന ആളുകളെ കണ്ട് എനിക്ക് ചിലപ്പോള്‍ ചിരി വരാറുണ്ടായിരുന്നു.

റെയില്‍ വേ സ്റ്റേഷനില്‍ ക്യൂ നില്‍ക്കുമ്പോള്‍ പലരും കാരുണ്യത്തോടെ മൊഴിയും.. ‘ സീനിയര്‍ സിറ്റിസന് ഒരു ലൈനുണ്ട്.. അവിടെ പോയി നില്‍ക്കു. പെട്ടെന്ന് ജോലി നടക്കും. ‘

അകന്ന ബന്ധത്തിലും പരിചയത്തിലുമുള്ള തലമുടി കറുപ്പിച്ച പല അമ്മൂമ്മമാരും കൊച്ചു മക്കളോട് ‘ അപ്പൂപ്പന്‍റടുത്ത് നമസ്കാരം പറയൂ, മക്കളേ’ എന്ന് ചെറുപ്പം നടിക്കും.

‘ വര്‍ക് സൈറ്റില്‍ പണിക്കാര്‍ക്ക് ഒരു ബഹുമാനമൊക്കെ തോന്നേണ്ടേ ദേ, ഇന്നലെ ഏതോ എന്‍ജിനീയറിംഗ് കോളേജീന്ന് ഇറങ്ങി വന്നേയുള്ളൂ എന്ന മട്ടിലിരുന്നാല്‍ സീനിയര്‍ മേസ്തിരിമാരൊന്നും തീരെ മൈന്‍ഡ് ചെയ്യില്ല’ എന്നൊക്കെയുള്ള കള്ളന്യായങ്ങള്‍ ഒരിക്കലും ചായം പുരട്ടാത്ത താടിക്കും തലമുടിക്കുമായി എന്നും നിരത്താറുണ്ടെങ്കിലും ഒട്ടും വേഷം കെട്ടേണ്ടതില്ലെന്ന ഉറച്ച ബോധ്യമാണതിനു പിന്നിലെന്ന് എനിക്ക് മനസ്സിലായിരുന്നു. ആവശ്യമില്ലാത്ത രാസപദാര്‍ഥങ്ങളുടെ ഉപയോഗം സ്വന്തം ശരീരത്തിനു മാത്രമല്ല, വിശാലമായ അര്‍ഥത്തില്‍ ഈ പ്രകൃതിയേയും പരിക്കേല്‍പിക്കുമെന്നതും തീര്‍ത്തും അത്യാവശ്യമല്ലാത്ത ഒന്നും ജീവിതത്തില്‍ പാടില്ലെന്നും എനിക്കറിയാമായിരുന്നു.

എന്നെ എപ്പോഴും മകളായി എല്ലാവരും തെറ്റിദ്ധരിക്കാറുണ്ട്. ‘ മോളാണല്ലേ’ എന്ന് ചോദിക്കുന്നത് ജീവിതത്തില്‍ യാതൊരു പ്രയാസവുമുണ്ടാക്കാറില്ല. റ്റെക്കിയായ അനുജന്‍ തരം കിട്ടുമ്പോഴൊക്കെ ‘ എന്‍റെ ചേട്ടന്‍റെ മോളെ, ഇബടെ വാ’ എന്ന് വിളിച്ച് ചേട്ടത്തിയമ്മ എന്ന ഭാരമുള്ള പദവി ഒഴിവാക്കിത്തരാറുണ്ട്.

‘രണ്ടാം കല്യാണമാണോ ‘ എന്ന് പോലും മുഖത്ത് നോക്കി ചോദിക്കാന്‍ മടിക്കാത്തവരോട് ‘ എന്‍റെയോ? അല്ലല്ലോ ‘ എന്ന് ഒരു സന്യാസിയെപ്പോലെ ശാന്തമായി മറുപടി പറഞ്ഞ് നരച്ചു മഞ്ഞച്ച തല മുടിയും താടിയും അരുമയോടെ ഉഴിയുന്നതു കാണുമ്പോള്‍ എനിക്ക് ചിരി ഒതുക്കാന്‍ പറ്റാതെയാകും..

‘ അതാരാ, അന്ന് കൂടേണ്ടായിരുന്ന ആ അപ്പൂപ്പന്‍ ‘ എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ആദ്യകാലങ്ങളിലൊക്കെ എനിക്ക് ഒരു അസ്വാസ്ഥ്യം തോന്നിയിരുന്നു. പിന്നെപ്പിന്നെ ഞാനും അത് ഒട്ടും കാര്യമാക്കാതെയായി.

എന്നാല്‍ കുമ്പളങ്ങ നര പോലെ തമാശകളായിരുന്നില്ല മുസ്ലിം മുഖച്ഛായ സമ്മാനിച്ചത്. പേടികളും ഞെട്ടലും ഒറ്റപ്പെടലും നിഷേധങ്ങളും ഭീഷണികളുമായിരുന്നു.

ട്രെയിനിലെ ടി ടി മാരായിരുന്നു ഭയങ്കര പ്രശ്നക്കാര്‍. അവരെപ്പോഴും രണ്ട് ഐഡന്‍റിറ്റി കാര്‍ഡുകള്‍ ചോദിക്കും. ഇലക് ഷന്‍ കമ്മീഷന്‍റെ കാര്‍ഡ് കൊടുത്താല്‍ ഉടനെ ഡ്രൈവിംഗ് ലൈസന്‍സും ചോദിക്കും. ഹിന്ദുപ്പേരും മുസ്ലിം മുഖവും.. അതെങ്ങനെ ശരിയാകും? ഇവന്‍ ശരിക്കും ഹിന്ദുവോ അതോ വളഞ്ഞ് വിളഞ്ഞ മുസ്ലിമോ?

വടക്കേ ഇന്ത്യയിലെ ഒരു ട്രെയിന്‍ യാത്രയില്‍ ഒരു പത്തുവയസ്സുകാരന്‍ അരികെ വന്ന് മടിച്ചു മടിച്ചു ചോദിച്ചു. ‘ ആ മാതിരി ആള്‍ക്കാര്‍ രാവിലെ ചായയ്ക്കു പകരം ചോര കുടിക്കുമോ? ‘

ഒന്നു ഞെട്ടിയെങ്കിലും സംയമനം കൈവിടാതെ മനുഷ്യര്‍ ചോര കുടിക്കില്ലെന്നും ഏതു മാതിരി ആള്‍ക്കാരെപ്പറ്റിയാണ് മോന്‍ ചോദിക്കുന്നതെന്നും അന്വേഷിച്ചപ്പോള്‍ കുഞ്ഞ് മൊഴിഞ്ഞു.

‘അങ്കിളിനെപ്പോലെ താടിയും മറ്റുമുള്ളവര്‍.. അവരുടെ ച്ഛായയുള്ളവര്‍.. ഒന്നും കൂടി മടിച്ചിട്ട് കുഞ്ഞ് പൂര്‍ത്തിയാക്കി… ‘ ഖാന്‍ മാര്‍ ‘

ഞെട്ടാന്‍ പോലും ഭയന്ന് ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി ഇരുന്നു.

 

വടക്കേ ഇന്ത്യയിലെ ഒരു ട്രെയിന്‍ യാത്രയില്‍ ഒരു പത്തുവയസ്സുകാരന്‍ അരികെ വന്ന് മടിച്ചു മടിച്ചു ചോദിച്ചു. ' ആ മാതിരി ആള്‍ക്കാര്‍ രാവിലെ ചായയ്ക്കു പകരം ചോര കുടിക്കുമോ? '

 
മുസ്ലിം മുഖച്ഛായ
ദില്ലിയില്‍ വാടക വീടെടുത്ത് താമസം ആരംഭിക്കുവാന്‍ പോകുകയായിരുന്നു. ഹര്യാനയില്‍ നിന്ന് വീട്ടു സ്സാധനങ്ങള്‍ നിറച്ച വണ്ടിയില്‍ കയറി ദില്ലിയിലെത്തി. എന്നാല്‍ മുസ്ലിം മുഖച്ഛായ കണ്ടതോടെ അക്ഷരാര്‍ഥത്തില്‍ തെരുവിന്‍റെ മട്ടു മാറി . ഒരു മുസ്ലിമിനെ ആ തെരുവില്‍ പാര്‍പ്പിക്കില്ലെന്ന് വയസ്സന്മാരും വയസ്സികളും അടങ്ങുന്ന അവിടത്തെ താമസക്കാര്‍ തീര്‍ത്തു പറഞ്ഞു. ചുവന്ന പൊട്ടു കുത്തിയ എന്നെ കണ്ട് അവരുടെ വെറുപ്പ് കൂടിയതേയുള്ളൂ.

വീട്ടൂടമസ്ഥന്‍ നേരിട്ട് വന്ന് ഹിന്ദുവാണെന്ന് സര്‍ട്ടിഫൈ ചെയ്തു കിട്ടുന്നതു വരെ വണ്ടിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കാന്‍ കഴിഞ്ഞില്ല. അഡ്വാന്‍സ് നല്‍കിയ വീട്ടില്‍ കയറാന്‍ കഴിഞ്ഞില്ല. ദില്ലിയിലെ തണുപ്പത്ത് പെരുവഴിയില്‍ നിന്ന് വെറുങ്ങലിച്ചു…

ആ വെറുപ്പും വിരോധവും ഓര്‍ക്കുമ്പോള്‍ ഇന്നും പേടിയാകും.

മദിരാശിയിലും വീട്ടുടമസ്ഥന്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമാണ് വീടു തരാന്‍ തയാറായത്. താടിയും വേഷഭൂഷാദികളും തെറ്റിദ്ധാരണ ഉളവാക്കുന്നുവെന്നും സ്വന്തം സുരക്ഷിതത്വം അയാള്‍ നോ ക്കേണ്ടേ എന്നുമുള്ള ന്യായങ്ങള്‍ എഴുന്നള്ളിക്കാന്‍ ജൈന മതസ്ഥനായ അയാളും മറന്നില്ല.

കാശി വിശ്വനാഥനെ കാണാന്‍ പോയപ്പോള്‍ സൈന്യമാണ് വഴി തടഞ്ഞത്. അവരുറച്ചു വിശ്വസിക്കുകയായിരുന്നു … ഇയാള്‍ മുസ്ലിമാണെന്ന്.. പൊട്ടു തൊട്ട ഒരുത്തിയേയും കൂടെ കൂട്ടി ഇറങ്ങിയിരിക്കുകയാണ് മഹാക്ഷേത്രം അശുദ്ധമാക്കാന്‍…

ഇന്ത്യയിലെ പല മഹാക്ഷേത്രങ്ങളിലും വഴി തടഞ്ഞിട്ടുണ്ട്.. ഐഡന്‍റിറ്റി കാര്‍ഡുകള്‍ക്ക് വിലയുണ്ടായത് കാര്‍ഡുകളെ അവര്‍ വിശ്വസിച്ചിട്ടല്ല.. കാര്‍ഡുകള്‍ സത്യമാവാനുള്ള മിനിമം സാധ്യതയെ പരിഗണിച്ചു മാത്രമാണ്… കൂടെ വന്നിരുന്നവര്‍ക്കുണ്ടായിരുന്ന രാഷ്ട്രീയവും ഔദ്യോഗികവുമായ അസാമാന്യ സ്വാധീനം നിമിത്തമാണ്… അല്ലെങ്കില്‍, വെറും ഭാഗ്യം കൊണ്ടു മാത്രമാണ്.

 

സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയോട് എനിക്കെന്തു കടമ എന്നാലോചിച്ച് ഞാന്‍ അന്തംവിട്ടു നില്‍ക്കുമ്പോള്‍ അവര്‍ വാചകം പൂര്‍ത്തിയാക്കി. ' നിങ്ങളുടെ ആദ്മിയും ആ സ്റ്റാറും അള്ളാ വിശ്വാസക്കാരല്ലേ ' ?

 
മമ്മൂട്ടി
സംശയത്തിന്‍റെയും എതിര്‍പ്പുകളുടെയും മുനകള്‍ എക്കാലവും എവിടെയും അത്ര കൂര്‍ത്തതായിരുന്നു.

ദില്ലിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ മമ്മൂട്ടി വന്ന ദിവസമായിരുന്നു അത്. ഞാന്‍ വെറുതേ അപ്പുറത്തെ ഫ്ലാറ്റിലെ വീട്ടുകാരിയോട് ഞങ്ങളുടെ നാട്ടിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ദില്ലിയില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹത്തെ കാണാന്‍ എനിക്ക് ആഗ്രഹമുണ്ടെന്നും പറഞ്ഞു. ദൂരദര്‍ശനിലെ മലയാളം സിനിമകള്‍ സബ് റ്റയിറ്റിലുകളോടെ വരുന്നത് കണ്ടു പരിചയിച്ചിട്ടുള്ള അവര്‍ക്ക് മമ്മൂട്ടിയും മോഹന്‍ ലാലും സുരേഷ് ഗോപിയുമൊക്കെ പരിചിതരായിരുന്നു. അവരുടനെ ‘ അത് നിങ്ങളുടെ കടമയാണല്ലോ’ എന്ന മറുപടി തന്നപ്പോള്‍ എന്‍റെ കണ്ണു മിഴിഞ്ഞു പോയി. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയോട് എനിക്കെന്തു കടമ എന്നാലോചിച്ച് ഞാന്‍ അന്തംവിട്ടു നില്‍ക്കുമ്പോള്‍ അവര്‍ വാചകം പൂര്‍ത്തിയാക്കി. ‘ നിങ്ങളുടെ ആദ്മിയും ആ സ്റ്റാറും അള്ളാ വിശ്വാസക്കാരല്ലേ ‘ ?

എനിക്ക് ചിരിക്കണോ കരയണോ എന്ന് മനസ്സിലായില്ല. സംഗീതജ്ഞരും സംവിധായകരും നടീ നടന്മാരും ഗായകരും എഴുത്തുകാരും മറ്റും മറ്റുമായ ഒരു കൂട്ടം മനുഷ്യരെ അള്ളാ വിശ്വാസത്തിന്‍റെ പേരില്‍ മാത്രം എങ്ങനെ സ്നേഹിക്കുമെന്ന് അറിയാതെ ഞാന്‍ വേദനിച്ചു. ഉസ്താദ് വിലായത്ഖാനേയും പര്‍വീണ്‍ സുല്‍ത്താനയേയും സഫ്ദര്‍ ഹശ്മിയേയും ദിലീപ്കുമാറിനേയും മധുബാലയേയും മുഹമ്മദ് റാഫിയേയും സാദത്ത് മന്‍റ്രോയേ യും ഒക്കെ സ്നേഹിക്കാനുള്ള അനവധി കാരണങ്ങള്‍ക്ക് അള്ളാവിശ്വാസം എത്രമാത്രം പ്രസക്തമാണ് ?

 

ഹര്യാനയില്‍ താമസിച്ച കാലത്ത് , മുസ്ലിം ച്ഛായയുള്ള മുഖവും താടിയും തലമുടിയും കാണുമ്പോള്‍ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദു വീട്ടമ്മമാര്‍ ഭയത്തോടെ വഴിയൊഴിയും.

 
ഖാന്‍ സാഹിബ്
നെടുങ്കന്‍ ട്രെയിന്‍ യാത്രകളില്‍ പലപ്പോഴും വിവിധ ഭാഷക്കാരായ മൌലവിമാരെയും ഹക്കീമുകളേയും കണ്ടു മുട്ടിയിരുന്നു. മിക്കവാറും പേര്‍ ഖുറാന്‍ തരാറുണ്ട്.. അവരെല്ലാവരും തന്നെ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. ഒരു ഹക്കീം ഞാന്‍ ബെര്‍ത്തില്‍ കമിഴ്ന്ന് കിടന്ന് ഉറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചു. കാരണം ആ ശീലം കാലക്രമത്തില്‍ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍റെ ചുവന്ന പൊട്ടില്‍ നോക്കിക്കൊണ്ട് മുസ്ലിം ച്ഛായയുള്ള മുഖത്തിന്‍റെ ഉടമയോട് ‘ഹിന്ദുക്കള്‍ക്ക് പെണ്‍കുട്ടികളെ ശരിക്ക് നോക്കി വളര്‍ത്താനറിയില്ല’ എന്ന് പറഞ്ഞ് മെല്ലെ ചിരിച്ചു. പലരും ഖാന്‍ സാഹിബ് എന്ന് വിളിച്ച് ആദരപൂര്‍വ്വം സലാം ചൊല്ലിയിരുന്നു. സലാം മടക്കുമ്പോള്‍ തന്നെ അവരില്‍ ചിലര്‍ സത്യം മനസ്സിലാക്കുകയും ചെയ്തിരുന്നു.

ഹര്യാനയില്‍ താമസിച്ച കാലത്ത് , മുസ്ലിം ച്ഛായയുള്ള മുഖവും താടിയും തലമുടിയും കാണുമ്പോള്‍ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദു വീട്ടമ്മമാര്‍ ഭയത്തോടെ വഴിയൊഴിയും. മുസ്ലിമിനെ വിവാഹം കഴിച്ച ഹിന്ദു സ്ത്രീ എന്ന വിരോധം മനസ്സില്‍ വെച്ചുകൊണ്ട് അവിടെ താമസിച്ച അഞ്ചുകൊല്ലവും എന്‍റെ മുഖത്ത് നോക്കാന്‍ വിസമ്മതിച്ച ചില ഉയര്‍ന്ന ജാതിക്കാരും ഉണ്ടായിരുന്നു. പാത്രം കഴുകാനും തുണിയലക്കാനും മറ്റും വന്നിരുന്ന ചില ദളിത് സ്ത്രീകളോടുള്ള എന്‍റെ അടുപ്പവും അതിനൊരു കാരണമായിരുന്നു എന്നു വേണം കരുതാന്‍. അങ്ങനെ ഹൌസിംഗ് സൊസൈറ്റിയിലെ സ്ത്രീകളുടെ ചായകുടി പാര്‍ട്ടിയ്ക്ക് എന്‍റെ തവണ വന്നപ്പോള്‍ അവരെല്ലാം കുഞ്ഞിനെ നോക്കാനുണ്ട്, കുറെ അതിഥികള്‍ വരുന്നുണ്ട്, അമ്മായിയമ്മയ്ക്ക് സുഖമില്ല എന്നിങ്ങനെ പല കാരണങ്ങള്‍ നിരത്തി ഒഴിവായി.

അവിടെ താമസിക്കുമ്പോഴാണ് റെസിഡന്‍റ് വെല്‍ ഫെയര്‍ അസ്സോസിയേഷന്‍ നോണ്‍ വെജ് കഴിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകരുതെന്ന് ഉപദേശിക്കാന്‍ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചത്. കണ്ണും മിഴിച്ച് നിന്ന എന്നോട് ബ്രാഹ്മണരും ക്ഷത്രിയരുമായ ഓഫീസ് അധികാരികള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസം എന്‍റെ വീട്ടില്‍ നിന്നുയര്‍ന്ന കരിഞ്ഞ മാട്ടിറച്ചിയുടെ മണം തൊട്ടപ്പുറത്ത് പാര്‍ക്കുന്ന ഭരദ്വാജുമാരുടെ മാതാപിതാക്കന്മാര്‍ക്ക് മനം പുരട്ടലും ച്ഛര്‍ദ്ദിയുമുണ്ടാക്കിയത്രെ. എന്തോ ഒരു ഭാഗ്യം കൊണ്ട് അവര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നില്ല.

 

മുസ്ലിം എന്ന സംശയമുണ്ടായാല്‍ ചെറു പയര്‍ പരിപ്പ് കരിയുമ്പോഴും മാട്ടിറച്ചിയുടെ ഗന്ധമുയരുമെന്ന് അന്നെനിക്ക് മനസ്സിലായി.

 

മാട്ടിറച്ചിയുടെ മണം
‘നിങ്ങള്‍ക്ക് പിടിച്ച ആഹാരം കഴിക്കരുതെന്നല്ല പറയുന്നത്. പക്ഷെ, ശ്രദ്ധിച്ച് കരിയാതെ… ഇറച്ചി കരിഞ്ഞാല്‍ ശവം കത്തിക്കുന്ന മണമുണ്ടാവും.. അത് ഞങ്ങള്‍ക്ക് സഹിക്കാന്‍ ബുദ്ധിമുട്ടാണ്. ‘

അവരുടെ അറിയിപ്പില്‍ ഒതുക്കിവെച്ച അമര്‍ഷത്തിന്‍റേയും വൈരാഗ്യത്തിന്‍റേയും കത്തിമുന എന്നെ കീറി മുറിക്കാതിരുന്നില്ല.

പഠിപ്പുള്ളവര്‍ക്ക് നല്ല ഭാഷയില്‍ മറ്റുള്ളവരെ അപമാനിക്കാനറിയാമെന്ന പാഠം ഞാന്‍ പണ്ടേ പഠിച്ചതാണല്ലോ.

മുസ്ലിം എന്ന സംശയമുണ്ടായാല്‍ ചെറു പയര്‍ പരിപ്പ് കരിയുമ്പോഴും മാട്ടിറച്ചിയുടെ ഗന്ധമുയരുമെന്ന് അന്നെനിക്ക് മനസ്സിലായി.

ഒരാളുടെ ആഹാരത്തെ ശവവുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന സാംസ്ക്കാരികത എന്നെ ഭയപ്പെടുത്തി.

 

' നീ ടാഡയെന്നും പോട്ടയെന്നും മറ്റും കേട്ടിട്ടുണ്ടോ? മര്യാദയ്ക് ഇവരേംകൊണ്ട് പോയില്ലെങ്കില്‍ നിന്നേയും ഇത് ചേര്‍ത്തങ്ങ് ബുക് ചെയ്യും. നിന്നെ കണ്ടാലറിയാമല്ലോ തുമ്പിലെ തൊലി കണ്ടിക്കുന്നവന്‍റെ വര്‍ഗ്ഗമാണെന്ന്... ഞങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതാ..സുപ്രീം കോടതി പോലും പിന്നെ ഒന്നും ചോദിക്കില്ല .... കേട്ടോടാ '

 
ടാഡയെന്നും പോട്ടയെന്നും
മൂന്നു എന്‍ജിനീയര്‍മാരും മുസ്ലിം മുഖച്ഛായയുമുള്ള വാസ്തു ശില്‍പിയും ഒന്നിച്ച് ഒരു ചേരി നിര്‍മാര്‍ജ്ജന പ്രൊജക്ടില്‍ ജോലി ചെയ്യുന്ന കാലമായിരുന്നു. സൈറ്റിലെ മലയാളിയായ കാവല്‍ക്കാരനെ കെടുകാര്യസ്ഥതയുടെയും ചില്ലറ മോഷണങ്ങളുടേയും പേരില്‍ പുറത്താക്കേണ്ടി വന്നു. ഓര്‍ഡര്‍ ഒപ്പിട്ട് കൊടുത്ത എന്‍ജിനീയര്‍ക്കെതിരേ അയാള്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. സാറ് കണ്ണില്‍ച്ചോരയില്ലാതെ മര്‍ദ്ദിച്ചുവെന്നായിരുന്നു കാവല്‍ക്കാരന്‍റെ പരാതി. യൂണിഫോമിലല്ലാതെ ഒരു ഗുണ്ടയെപ്പോലെ വന്ന കോണ്‍സ്റ്റബിളിനൊപ്പം സ്റ്റേഷനില്‍ പോകാന്‍ എന്‍ജിനീയര്‍ വിസമ്മതിച്ചു. കോണ്‍സ്റ്റബിള്‍ തിരിച്ചു പോയി അല്‍പം കഴിഞ്ഞ് വന്നത് ആറരയടി നീളവും രണ്ടരയടി വീതിയുമുള്ള ഭീമാകാരനായ, യമധര്‍മ്മന്‍ എസ് എച്ച് ഓ ആയിരുന്നു. ഇരുപതുകള്‍ കഴിഞ്ഞിട്ടില്ലാത്ത ആ എന്‍ജിനീയറെ എന്‍റെ മുന്നിലിട്ടാണ് അയാള്‍ ചവുട്ടിക്കൂട്ടിയത്.. അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടു പോയ അദ്ദേഹത്തെ ഗുണ്ട മട്ടില്‍ നേരത്തെ സൈറ്റില്‍ വന്ന പോലീസും നല്ലവണ്ണം പെരുമാറി…

ഭാഷ പോലും ശരിക്കറിയാത്ത നാട്ടില്‍, പരിചയക്കാരായി അധികം ആരുമില്ലാത്ത നാട്ടില്‍ സ്വന്തം നിലപാടു തെളിയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍, ഭയം കൊണ്ട് തകര്‍ന്ന് പോയ, ഉല്‍ക്കണ്ഠ കൊണ്ട് വിളറിപ്പോയ ഞങ്ങള്‍, പത്തുനൂറു പണിക്കാരും മറ്റുമായി സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ എന്‍ജിനീയറെ ഒടിച്ചു മടക്കി ലോക്കപ്പില്‍ ഇട്ടിരുന്നു.

സ്തബ്ധരായ ഞങ്ങള്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു. ആരും പ്രേരിപ്പിക്കാതെ തന്നെ, സാറിനെ വിട്ടു തരാതെ അവിടെ നിന്നു അനങ്ങുകയില്ലെന്ന് മെലിഞ്ഞൊട്ടിയ വെറും ദാരിദ്ര്യപ്പേക്കോലങ്ങളായ പണിക്കാര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ പോലീസുകാര്‍ സാമാന്യത്തിലധികം ക്രുദ്ധരായി..

മുസ്ലിം മുഖച്ഛായയുള്ള വാസ്തുശില്‍പിയുടെ മുഖത്തു നോക്കി ആ യമധര്‍മ്മന്‍ എസ് എച്ച് ഒ ഗര്‍ജ്ജിച്ചു.

‘ നീ ടാഡയെന്നും പോട്ടയെന്നും മറ്റും കേട്ടിട്ടുണ്ടോ? മര്യാദയ്ക് ഇവരേംകൊണ്ട് പോയില്ലെങ്കില്‍ നിന്നേയും ഇത് ചേര്‍ത്തങ്ങ് ബുക് ചെയ്യും. നിന്നെ കണ്ടാലറിയാമല്ലോ തുമ്പിലെ തൊലി കണ്ടിക്കുന്നവന്‍റെ വര്‍ഗ്ഗമാണെന്ന്… ഞങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതാ..സുപ്രീം കോടതി പോലും പിന്നെ ഒന്നും ചോദിക്കില്ല …. കേട്ടോടാ ‘

ഭയം എന്‍റെ നട്ടെല്ലില്‍ തീയായി പുളഞ്ഞു. വായിലെ ഉമിനീര്‍ വറ്റി. എനിക്ക് തല ചുറ്റി. അതി ഭീകരമായ ആരുമില്ലായ്മയുടെ കനത്ത പാദപതനങ്ങള്‍ എന്‍റെ ചെവിയെ പ്രകമ്പനം കൊള്ളിച്ചു. പക്ഷെ, തളര്‍ന്നു താഴെ വീഴാന്‍ പാടില്ലെന്ന് ഞാന്‍ എന്നെ ശാസിച്ചു നിറുത്തി. ഈ സമരത്തില്‍ ഒരാള്‍ വീണാലും തകരുന്നത് …

എത്ര, എത്ര നിസ്സഹായരാണ്, അനാഥരാണ് ഈ സ്വതന്ത്ര രാജ്യത്തിലെ സാധാരണക്കാര്‍…..

ഞാന്‍ നീയാണെന്നും നീ ഞാനാണെന്നും തെളിയിക്കുന്നത് വളരെ എളുപ്പം. നീ നീയല്ലെന്നും ഞാന്‍ ഞാനല്ലെന്നും തെളിയിക്കുന്നതും അതിലും എളുപ്പം..

ഭാരതം എന്‍റെ നാടും എല്ലാ ഭാരതീയരും എന്‍റെ സഹോദരീസഹോദരന്മാരുമാണ്…

(സൂനജ അജിത്തിന്‍റെ ഫാമിലി ഫോട്ടോയ്ക്ക് മനോജ് നിരക്ഷരന്‍ എഴുതിയ കമന്‍റും നാലാമിടത്തില്‍ സവാദ് റഹ് മാന്‍ എഴുതിയ യേ ഗുലിസ്ഥാന്‍ ഹമാരാ എന്ന കുറിപ്പുമാണ് ഈ ഓര്‍മ്മകളെ കുത്തിയിളക്കിയത്…)

 
Imege Courtesy: Margaret Bourke White

 
 
എച്ച്മുക്കുട്ടി നേരത്തെ നാലാമിടത്തില്‍ എഴുതിയ കുറിപ്പ്
തുരുമ്പ് പിടിച്ച ഹുക്കുള്ള ഒരു ബ്ലൌസ്
സവാദ് റഹ്മാന്‍ എഴുതിയ കുറിപ്പ്:
യേ ഗലിസ്ഥാന്‍ ഹമാരാ!
 
 
 
 

5 thoughts on “നരച്ച താടിയും തലമുടിയും മുസ്ലിം മുഖച്ഛായയുമുള്ള കൂട്ടുകാരന്‍.. .

 1. എന്തൊക്കെ എങ്ങിനെയൊക്കെ കേട്ടാലും കണ്ടാലും അറിഞ്ഞാലും പഴയതിനേക്കാള്‍ ശക്തിയോടെ പിന്നേയും തലപൊക്കുന്ന ഭാവങ്ങള്‍ …
  അസ്സലായിരിക്കുന്നു.

 2. ഒരു കമന്റ്….കൂടുതലൊന്നും ആലോചിക്കാതെ സൂനജയുടെ കുടുംബചിത്രത്തിനടിയിൽ എഴുതിയ ഒരു കമന്റ്…അതിങ്ങനെ, ഓർമ്മകളേയും ചിന്തകളേയും രാഷ്ട്രത്തിന്റെ സാമൂഹികവും മതപരവുമായ കാഴ്ച്ചപ്പാടുകളെയുമൊക്കെ അടുത്തറിഞ്ഞ് പരിചയപ്പെടുത്തുന്ന അതിമനോഹരമായ ഒരു ലേഖനത്തിന് ഭാഗികമായെങ്കിലും വഴിയൊരുക്കിയെങ്കിൽ പതിനായിരം ലൈക്കുകളും ഷെയറുകളുമൊക്കെ കിട്ടിയപോലുള്ള ഒരു കമന്റായി, അതിനേക്കാളൊക്കെ ഉപരി ഒരു വലിയ അംഗീകാരമായി ഞാൻ നെഞ്ചോട് ചേർക്കുന്നു.

  അന്ന് ആ കമന്റ് വായിച്ചിട്ട്… “നരയൊന്നും ഡൈ ചെയ്യാതെ നടക്കുന്ന ഒരാളെ പരിചയപ്പെടുത്തിത്തരാം നിരക്ഷരാ “ എന്ന് പറഞ്ഞപ്പോൾ, ഇത്ര ഗംഭീരമായൊരു പരിചയപ്പെടുത്തലാകുമെന്ന് കരുതിയിരുന്നില്ല.

  നന്ദി എച്ച്‌മിക്കുട്ടീ…ഈ ലേഖനത്തിന് ഒരുപാട് നന്ദി.

 3. എത്ര, എത്ര നിസ്സഹായരാണ്, അനാഥരാണ് ഈ സ്വതന്ത്ര രാജ്യത്തിലെ സാധാരണക്കാര്‍….

 4. ഒന്നോർത്താൽ ലോകത്തുള്ള എല്ലാവരും ഏതെങ്കിലും വിധത്തിൽ ഇങ്ങനെ പീഡിപ്പിക്ക പ്പെടുകയല്ലേ………………………………………………
  ഇങ്ങനെ ന്യൂനപക്ഷമാക്കപ്പെട്ട ഒരു കൂട്ടം ജനങ്ങൾ നമ്മുടെ അയൽരാജ്യത്ത് നേരിടുന്നത് ഓർത്താൽ മനുഷ്യത്വം മരവിച്ചു പോകും ….. മതം മാനദണ്ഡം ആയതിന്റെ പേരിൽ സാമൂഹികമായി എല്ലാ വിധ വിവേചനം കാണിച്ചു ഒറ്റപ്പെടുത്തുക, കഴിയുമെങ്കിൽ അവരെ ഭീഷണി ,പ്രലോഭന, സമ്മര്ധ ങ്ങളാൽ മതം മാറ്റുക , അവിടെ നിന്നും പുറന്തള്ളാൻ അവര്ക്ക് പ്രത്യേക നികുതി ചുമത്തുക , ഖുര് ആൻ ന്റെ പേജുകൾ കത്തിച്ചു എന്ന കള്ള പ്രചാരണം നടത്തി ബുദ്ധി മാന്ദ്യം ഉള്ള പെണ്‍കുട്ടിയെ പോലും ഒരു മത പുരോഹിതന്റെ നേതൃത്വത്തിൽ വധശിക്ഷക്ക് വിധേയമാക്കാൻ ശ്രമിക്കുക, അവരുടെ ആരാധനാ സ്ഥലങ്ങളിൽ കൂട്ടത്തോടെ ബോംബ്‌ വെച്ച് കൊലപ്പെടുത്തുക എന്നിട്ട് ദൈവ ത്തിനു വേണ്ടി യുള്ള വിശുദ്ധ യുദ്ധം എന്ന് വ്യാഖ്യാനിക്കുക …………………

  അതിനാൽ ലോകത്തിൽ ജീവനും മനുഷ്യത്വവും നിലനില്ക്കാൻ ഒന്ന് നമുക്ക് ഓർക്കാം…………………………………………………………………………………………………
  നീതിയും ന്യായവും മാന്യതയും എല്ലാവര്ക്കും ബാധകം ആണ് . ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ എല്ലാവര്ക്കും അത് കിട്ടാൻ അവകാശപ്പെട്ടതാണ്, അതുപോലെ കൊടുക്കപ്പെടാനും. നമ്മൾ ന്യായമായതു, നമ്മളിൽ നിന്ന് കിട്ടാൻ അവകാശപ്പെട്ട വര്ക്ക് കൊടുക്കുമ്പോഴേ മറ്റുള്ളവരിൽ നിന്നും നമുക്കും അത് ലഭ്യമാകൂ . നമ്മൾ എവിടെ എങ്കിലും ആര്ക്കെങ്കിലും അത് നിഷേധിച്ചാൽ ആരെങ്കിലും വഴി അതൊക്കെ നമുക്കും നിഷേധിക്കപ്പെടും . ഇത് പ്രപഞ്ച നിയമം ആണ്.

Leave a Reply

Your email address will not be published. Required fields are marked *