ബോസ്റ്റണ്‍ മാരത്തണിലെ ബോംബുകള്‍

 
 
 
 
വാര്‍ത്തകള്‍ ജീവിതത്തെ തൊടുന്ന നിമിഷങ്ങള്‍. റീനി മമ്പലം എഴുതുന്നു
 
വാര്‍ത്തകള്‍ എല്ലായ്പ്പോഴും വിദൂര സംഭവമായിരിക്കില്ല. ചിലപ്പോള്‍ അത് നമ്മുടെ ജീവിതങ്ങളിലാവും നങ്കൂരമിടുക. ചിലപ്പോള്‍ ജീവിതത്തിന് ഏറെയരികെ. വിദൂരങ്ങളില്‍ നടക്കുന്ന വാര്‍ത്തകള്‍ പോലും ചിലപ്പോള്‍ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കുകയും അറിയാതെ നമ്മളെ വാര്‍ത്തകളിലേക്ക് ചേര്‍ത്തു നില്‍ക്കുകയും ചെയ്യു. ലോകത്തെ ഞെട്ടിച്ച ഒരു ദുരന്തം സ്വന്തം ജീവിതങ്ങളില്‍ തീര്‍ത്ത കടലിളക്കത്തിന്റെ നേരങ്ങള്‍ ഓര്‍ക്കുകയാണ് അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയയായ റീനി മമ്പലം.

 

 

ഞങ്ങള്‍ ആദ്യമായാണ് ഒരു ടൂര്‍ ഗ്രൂപ്പിനൊപ്പം യാത്ര ചെയ്യുവാന്‍ തീരുമാനിക്കുന്നത്. ഞങ്ങളും ലോകവും അവസാനിക്കും മുമ്പ് പുറംരാജ്യങ്ങള്‍ കാണണമെന്ന ഒരു പൂതി കയറിയ സമയത്താണ് ന്യൂജേര്‍സിയില്‍ ഒരു മലയാളി ഓര്‍ഗനൈസ് ചെയ്യുന്ന ജോര്‍ഡന്‍, ഇസ്രായേല്‍, ഈജിപ്റ്റ് യാത്രയില്‍ അവരോടൊപ്പം പങ്കുചേരുവാന്‍ ജേക്കബിന്റെ കസിന്‍ ക്ഷണിക്കുന്നത്. ഈജിപ്റ്റ് എന്ന് കേട്ടപ്പോള്‍ ഞാന്‍ ഇളകി,പിരമിഡ് കാണണമെന്നുള്ളത് വര്‍ഷങ്ങളായി മനസ്സിലിട്ട് ഉരുട്ടുന്ന ആഗ്രഹമാണ്. ചരിത്രം ഉറങ്ങിക്കിടക്കുന്ന നാടുകളാണിതെല്ലാം. വേറെ രണ്ട് സെറ്റ് സുഹൃത്തുക്കളും ഈ യാത്രയില്‍ ചേരണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചു. ഒരു കുഴപ്പമേയുള്ളു, ഇസ്രായേലിലെയും ഈജിപ്റ്റിലെയും രാഷ്ടീയാന്തരീക്ഷം പലപ്പോഴും ശരിയല്ല. ആ രാജ്യങ്ങളിലേക്കുള്ള യാത്രക്കെതിരായി അമേരിക്കന്‍ എംബസിയുടെ ‘വാണിങ്ങ്’ പലപ്പോഴും കാണും. ഒരു ഫോണ്‍ സംസാരത്തില്‍ കുട്ടികളോട് ഈ യാത്രയെക്കുറിച്ച് സൂചിപ്പിച്ചു. ജോര്‍ഡനിലെ ‘പെട്ര’ എന്നു കേട്ടപ്പോള്‍ മൂത്തമകള്‍ വീണ പിന്തുണ നല്‍കി. ഈ യാത്ര സുരക്ഷിതമാണോ എന്ന് ഇളയമകള്‍ സപ്പന സന്ദേഹം കാണിച്ചു.

യാത്രക്കുള്ള അഡ്വാന്‍സ് കൊടുത്തു. ഒരുമാസത്തിനുള്ളില്‍ മനസ്സു മാറ്റിയാല്‍ അഡ്വാന്‍സ് തിരികെക്കിട്ടും. സുരക്ഷിതത്വത്തിന്റെ കാരണം പറഞ്ഞ് സുഹൃത്തുകളുടെ പ്ളാന്‍ അവരുടെ കുട്ടികള്‍ ക്യാന്‍സല്‍ ചെയ്യിപ്പിച്ചു.
 

 

ഇല്ലാത്ത എഫ്ബി ഐ വാണിങ്ങ്

പോവുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് സപ്പന വീക്കെന്‍ഡില്‍ വീട്ടില്‍ വന്നു. എന്തുകൊണ്ടാണ് ഞങ്ങള്‍ അങ്ങനെ ഒരു തീരുമാനമെടുത്തത് എന്നതായിരുന്നു അവളുടെ സംശയം. ‘ആ രാജ്യങ്ങളില്‍ യാത്രചെയ്യുന്നത് സുരക്ഷിതമല്ല, നിങ്ങള്‍ക്ക് സാധാരണ ആള്‍ക്കാര്‍ ചെയ്യുന്നതുപോലെ ‘ഹവായിലോ’ ‘ബഹാമാസിലോ’ മറ്റോ പോകരുതോ’ എന്ന് തമാശയായി പറഞ്ഞു. ഇല്ലാത്ത എഫ്ബി ഐ വാണിങ്ങ് ഉണ്ടാക്കി കമ്പ്യുട്ടറില്‍നിന്ന് വായിച്ചുകേള്‍പ്പിച്ചു. ‘ഒരു ക്രിസ്ത്യാനി മരിക്കുകയാണെങ്കില്‍ ഇസ്രായേലില്‍ വെച്ച് മരിക്കണം’ എന്ന് ജേക്കബ് അവളോട് കളി പറഞ്ഞു.

ബോസ്റ്റണില്‍നിന്നുള്ള വാര്‍ത്തകള്‍


ഏപ്രില്‍ 14ന് ഞങ്ങള്‍ ന്യൂയോര്‍ക്കില്‍ നിന്ന് വിമാനം കയറി. ഏപ്രില്‍ 15, സന്ധ്യനേരം, ടൂറിന്റെ ആദ്യഘട്ടമായ ജോര്‍ഡനില്‍ ഹോട്ടലില്‍ എത്തി. അധികം താമസിയാതെ ജേക്കബ് ടിവി ഓണാക്കി. ബോസ്റണ്‍ മാരത്തോണ്‍ നടക്കുന്നതിടയില്‍ ബോംബ്സ്ഫോടനം നിമിത്തം മൂന്ന് പേര്‍ മരിച്ചുവെന്നും 200ല്‍ പരം പേര്‍ക്ക് പരുക്ക് പറ്റിയെന്നുമുള്ള വാര്‍ത്തയാണ് കേട്ടത്. മകള്‍ സപ്പന ജോലി ചെയ്യുന്നത് ബോസ്റണിലാണ്. മാരത്തോണ്‍ കാണാന്‍ പോകുന്ന പതിവുമുണ്ട്. വിഷമിച്ച മനസ് എവിടൊക്കെയോ പാഞ്ഞ് എന്തൊക്കെയോ ചിന്തിച്ചു. ഞങ്ങളാണെങ്കില്‍ മറ്റൊരു രാജ്യത്തും. യാത്രയില്‍ സൌകര്യത്തിനായി കൊണ്ടുപോയ ‘ടാബ്ലെറ്റ്’ ഓണാക്കിയപ്പോള്‍ സപ്പനയുടെ ഈമെയില്‍ ഉണ്ട്. ഈമെയിലിന്റെ സബ്ജക്റ്റ് തന്നെ ‘ വീ ആര്‍ സേഫ്’ എന്നാണ്. അവളും ബോസും ഉള്‍പ്പടെ ഓഫീസില്‍ നിന്ന് നാലുപേര്‍ മാരത്തോണ്‍ കാണുവാന്‍ പോയിവന്നതിനുശേഷമാണ് സ്ഫോടനം നടന്നത്. മാരത്തോണ്‍ ബോസ്റണിലെ ഒരു സംഭവമാണ്. ആളുകള്‍ റോഡുവക്കില്‍, സൈഡ് വാക്കില്‍ ഒരുമിക്കും, ഓടുന്നവരെ പ്രോല്‍സാഹിപ്പിക്കും. ബോസ്റ്റോണിയന്‍സ് അങ്ങനെയാണ് അവരുടെ ഐക്യവും ആതിഥേയത്വവും കാട്ടുന്നത്. അമേരിക്കയുടെ അന്‍പത് സ്റ്റേറ്റുകള്‍, വാഷിങ്ങ്ടണ്‍ ഡിസി, പോര്‍ട്ടറീക്കൊ, വേറെ 92 രാജ്യങ്ങള്‍, എന്നിവടങ്ങളില്‍ നിന്നുള്ള 23,336 ആള്‍ക്കാരാണ് ബോസ്റണ്‍ മാരത്തോണില്‍ ഈ വര്‍ഷം ഓടിയത്.

ഭാഗ്യത്തിന് സ്കൈപ്പ് ഓണാക്കിയപ്പോള്‍ സപ്പന സ്കൈപ്പില്‍ ഉണ്ട്. യാത്രക്ക് മുമ്പായി സെല്‍ഫോണ്‍ സര്‍വീസിനെക്കുറിച്ച് തിരക്കിയപ്പോള്‍, ഞങ്ങള്‍ പോവുന്ന ചില രാജ്യങ്ങളില്‍ കവറേജ് ഇല്ലത്തതിനാല്‍ മറ്റൊരു ഫോണ്‍ കമ്പനി അയച്ചു തരാമെന്ന് പറഞ്ഞിരുന്നു. അയച്ചാല്‍ കിട്ടുവാനുള്ള സമയമില്ലാത്തതിനാല്‍ വേണ്ടന്നുവെച്ചു. വരുന്നിടത്തുവെച്ചു കാണാം എന്ന മനോഭാവമായിരുന്നു. അത്യാവശ്യമെങ്കില്‍ ഹോട്ടലുകാരുടെ ഫോണ്‍ ഉപയോഗിക്കാമല്ലോ! പിന്നെ താമസിക്കുന്ന ഇടങ്ങളിലെല്ലാം ഇന്റെര്‍നെറ്റ് ഉള്ളപ്പോള്‍ സ്കൈപ്പ്, ഈമെയില്‍ വഴി കമ്മ്യൂണിക്കേഷനും എളുപ്പമാണല്ലോ!

സപ്പനയുമായി സ്കൈപ്പ് ചെയ്തു. അവളുടെ ശബ്ദത്തില്‍ ഭീതി നിറഞ്ഞിരുന്നു. സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടുവെന്നും അനേകം പേര്‍ക്ക് പരുക്കുപറ്റിയെന്നുമറിഞ്ഞ് ഓഫീസിലുള്ളവര്‍ അസ്വസ്ഥരായിരുന്നു. ഏകദേശം നാലുമണിയായപ്പോള്‍ എല്ലാവരും വീട്ടില്‍ പൊയ്ക്കൊള്ളുവാന്‍ കമ്പനി അനുവാദം കൊടുത്തു. ബോസ്റണില്‍ ജോലി ചെയ്യുന്നവര്‍ പാര്‍ക്കിങ്ങിലുള്ള ബുദ്ധിമുട്ട് നിമിത്തം പബ്ളിക്ക് ട്രാന്‍പോര്‍ട്ടേഷന്‍ എടുക്കുകയാണ് പതിവ്. എന്നാല്‍ അന്ന് അവര്‍ക്ക് പബ്ളിക്ക് ട്രാന്‍പോര്‍ട്ടേഷന്‍ എടുക്കുവാന്‍ ഭയമായിരുന്നു. ബസ്സിലും ട്രെയിനിലുമൊക്കെ ബോംബുകള്‍ വെച്ചിട്ടില്ലന്നാരറിഞ്ഞു? പരിചയമുള്ള ഒരാളുടെ കാര്‍ കടം എടുത്ത് നാലുപേരെ അവരുടെ വീട്ടിലിറക്കിയതിനുശേഷമാണ് അവള്‍ വീട്ടില്‍ എത്തിയത്. കുറെ സമയം സംസാരിച്ച് അവള്‍ ‘ഒകെ’യാണന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് സ്കൈപ്പ് സൈന്‍ ഓഫ് ചെയ്തത്. ബോംബ് ചെയ്തവരെ പിടികൂടിയിട്ടില്ലെങ്കിലും എന്തുകൊണ്ടോ അദ്ധ്യായം അവിടെ അവസാനിച്ചല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍.
 

 
ബോസ്റ്റണില്‍ നടന്നത്


ഏപ്രില്‍ 15, ബോസ്റണ്‍ മാരത്തോണ്‍ നടന്നുകൊണ്ടിരിക്കുന്ന സമയം ഉച്ചകഴിഞ്ഞ് 2.49 നാണ് ആദ്യത്തെ ബോംബ് പൊട്ടിയത്. പതിമൂന്ന് സെക്കണ്ട് കഴിഞ്ഞ് രണ്ടാമത്തെ ബോംബ് സ്ഫോടനം, മാരത്തോണ്‍ ജയിച്ചയാള്‍ ഫിനിഷിങ്ങ് ലൈന്‍ കടന്നുകഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം, 5700 പേര്‍ ഓടിത്തീരുവാന്‍ ബാക്കി നില്‍ക്കുമ്പോള്‍. പ്രഷര്‍ കുക്കറിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചുണ്ടാക്കിയ ബോംബുകളില്‍ ആണികള്‍, നട്ടുകള്‍, ബോള്‍ട്ടുകള്‍ മുതലായ മൂര്‍ച്ചയുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നു. വളരെ ദൂരത്തുനിന്ന് ആക്ടിവേറ്റ് ചെയ്യാവുന്ന റിമോട്ട് കണ്ട്രോള്‍സ് ആയിരുന്നു ആ ബോബുകള്‍ക്കുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആണികളും നട്ടുകളും ബോള്‍ട്ടുകളും നൈലോണ്‍ ബാക്ക്പാക്കിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. പ്രഷര്‍ കുക്കറിന്റെ അടപ്പ് ഒരു കെട്ടിടത്തിന്റെ റൂഫില്‍ നിന്നും. ‘ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷനും’ ‘ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടൊബാക്കൊ, ഫയറാംസ് ആന്‍ഡ് എക്സ്പ്ലോസീവ്സ്’ അന്വേഷണം ഏറ്റെടുത്തു. മാരത്തോണ്‍ തുടങ്ങുന്നതിനുമുന്‍പ് രണ്ടുതവണ ബോംബ് ചെക്കിങ്ങ് നടത്തിയതാണ്. രണ്ടാമത്തെ ചെക്കിങ്ങ് മാരത്തോണ്‍ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പും. പലനിരീക്ഷണ ക്യാമറകള്‍ എടുത്ത മൂവികളില്‍ നിന്നും പ്രേക്ഷകര്‍ എടുത്ത മൂവികളില്‍നിന്നും ജോഹാര്‍ സര്‍ണായ , റ്റാമെര്‍ലന്‍ സര്‍ണായ എന്നീ 2002ല്‍ റഷ്യയില്‍ നിന്നും അമേരിക്കയില്‍ താമസമാക്കിയ സഹോദരങ്ങള്‍ ആണ് ബോംബ്സ്ഫോടനത്തിനു ഉത്തരവാദികള്‍ എന്ന് വെളിവായി. അവര്‍ക്ക് 26,19 എന്നിങ്ങനെ വയസ്സ്.

ബോംബുകള്‍ ഉണ്ടാക്കിയത് ഒരു ഓണ്‍ലൈന്‍ മാസിക നോക്കിയാണ്. ബോംബുകള്‍ വെച്ചിരുന്ന രണ്ട് ബാക്ക്പാക്കുകള്‍ നിലത്തുവെക്കുന്നത് കണ്ടവരുണ്ട്. “ഒരാള്‍ ഒരു ബാക്ക്പാക്ക് സൈഡ്വാക്കില്‍ എന്റടുത്ത് വെച്ചു. അയാളെ നോക്കിയപ്പോള്‍ തുറിച്ച് നോക്കിയിട്ട് നടന്നുപോയി”. ബോംബ് സ്ഫോടനത്തില്‍ രണ്ട് കാലുകളും നഷ്ടപ്പെട്ട ജെഫ് ബോമെന്‍ പോലീസിനോട് പിന്നീട് പറഞ്ഞു. ബോംബ് സ്ഫോടനവും അതെത്തുടര്‍ന്ന് ഉണ്ടായ പരുക്കുകളും മരണവും ബഹളങ്ങളും എല്ലാം അകലെനിന്ന് കണ്ട് ആസ്വദിച്ചതിനുശേഷം സഹോദരങ്ങള്‍ സാവകാശം നടന്നുനീങ്ങുകയായിരുന്നു. കാഴ്ചക്കാരില്‍ മൂന്നുപേര്‍ മരിച്ചു, ഒരു കൊച്ച് ആണ്‍കുട്ടിയുള്‍പ്പെടെ. ആ കുട്ടിയുടെ അടുത്ത് ഒരാള്‍ ബാക്ക്പാക്ക് വയ്ക്കുന്നത് ഒരു വീഡിയോയില്‍ കാണാം. 264 പേര്‍ക്ക് പരുക്ക്പറ്റി. അവരില്‍ പലര്‍ക്കും കൈകാലുകള്‍ നഷ്ടപ്പെട്ടു.

ഞങ്ങളുടെ ഒരു സുഹൃത്തിന്റെ മരുമകള്‍ ഫിനിഷിങ്ങ് ലൈനില്‍ ഉള്ള മെഡിക്കല്‍ ടെന്റില്‍ ഡോക്ടറായി വോളണ്ടീയര്‍ ചെയ്യുന്നുണ്ടായിരുന്നു. സ്ഫോടനം നടന്നപ്പോള്‍ ആ കുട്ടി ഭയന്നോടി.

“നിങ്ങള്‍ യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ സുരക്ഷിതത്വത്തെക്കുറിച്ച് എനിക്ക് ഭയമായിരുന്നു. മാരത്തോണില്‍ ഉണ്ടായ സ്ഫോടനം കാരണം ഇവിടെ നില്‍ക്കുന്നവര്‍ക്കാണ് ഇപ്പോള്‍ അരക്ഷിതത്വം തോന്നുന്നത് .” സപ്പന പറഞ്ഞു.
 

 
ടി.വി സ്ക്രീനുകള്‍


അടുത്ത രണ്ടുമൂന്നുദിവസങ്ങള്‍ കുറ്റവാളികള്‍ പിടികൊടുക്കപ്പെടാതെ നടന്നു. ഞങ്ങള്‍ ഇതിനിടയില്‍ ഇസ്രായേലില്‍ എത്തിയിരുന്നു. യേശു പ്രഭാഷണം നടത്തിയ മൌണ്ട് ബിയാട്രിസും, ഗലീലിയകടലും (കടലെന്ന് വിളിക്കുമെങ്കിലും ഞങ്ങള്‍ ബോട്ടില്‍ അക്കരകടന്നയിടത്തിന് ഒരു കായലിന്റെ വീതിയെ ഉണ്ടായിരുന്നുള്ളു) ജോര്‍ഡന്‍ നദിയും, നദിയില്‍ യേശു സ്നാനപ്പെട്ട സ്ഥലവും ഗൈഡ് കാണിച്ച് ആത്മീയത നിറഞ്ഞ്, നടന്ന് ക്ഷീണിച്ച ഞങ്ങളെ നസ്രേത്തിലുള്ള ഒരു ഹോട്ടലില്‍ ടൂര്‍ ബസ് എത്തിച്ചു. ലോകവിവരങ്ങള്‍ അറിയുവാനുള്ള ധൃതിയില്‍ ജേക്കബ് ടി വി ഓണാക്കി. സി എന്‍ എന്നില്‍ ആദ്യം കണ്ട വാര്‍ത്ത ‘വാട്ടര്‍ ടൌണില്‍’ പോലീസ് ബോസ്റണ്‍ ബോംബറില്‍ ഒരാളെ തിരയുന്നു എന്നതായിരുന്നു. MIT ക്യാമ്പസ്സില്‍ (മാസ്സച്ചൂസ്സെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) അവര്‍ ഒരു പോലീസുകാരനെ വെടി വെച്ചുവെന്നും അയാള്‍ മരിച്ചുവെന്നും തുടര്‍ന്ന് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജ്യേഷ്ഠന്‍ മരിച്ചുവെന്നും പോലീസ് അനുജനെ തിരഞ്ഞു കൊണ്ടിരിക്കയാണെന്നുമുള്ള വാര്‍ത്ത ഞങ്ങളെ പിടിച്ചു നിര്‍ത്തി.

വേറെ വല്ല സ്റ്റേറ്റിലും ഉള്ള വാട്ടര്‍ടൌണിനെക്കുറിച്ചാവും പറയുന്നതെന്ന് ആദ്യം വിചാരിച്ചു. ഇവിടെ പല സ്റ്റേറ്റിലും പട്ടണങ്ങള്‍ക്ക് ഒരേ പേര് സാധാരണമാണ്. കുറച്ചു സെക്കണ്ടുകള്‍ക്ക് ശേഷമാണ് മാസ്സച്ച്യുസെറ്റ്സ് എന്ന സ്റ്റേറ്റിലെ വാട്ടര്‍ടൌണ്‍ ആണന്ന് സീ എന്‍ എന്‍ വീണ്ടും പറയുന്നത്. ബോസ്റണില്‍ എല്ലാം അടച്ചിട്ട് ജീവിതമാകെ സ്തംഭിച്ചിരിക്കയാണത്രെ. കേട്ടപ്പോള്‍ ഹൃദയം നിലച്ചപോലൊരു അനുഭവം. മകള്‍ സപ്പന താമസിക്കുന്നത് വാട്ടര്‍ടൌണിലാണ്. വേഗം കമ്പ്യുട്ടര്‍ ഓണാക്കി സ്കൈപ്പില്‍ ഉണ്ടോ എന്ന് നോക്കിയിട്ട് അവളെ കണ്ടില്ല. ഫോണ്‍ കമ്പനിക്കാര്‍ സെല്‍ഫോണിന് അവിടെ കവറേജ് ഇല്ല എന്നാണ് പറഞ്ഞതെങ്കിലും ശ്രമിച്ച് നോക്കാം എന്ന് വിചാരിച്ച് അവളെ വിളിച്ചു. ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് കിട്ടുകയും ചെയ്തു.
 

 
വാട്ടര്‍ടൌണ്‍


അവളുടേതുള്‍പ്പടെ ഇരുപതു ബ്ലോക്കുകളിലാണ് പോലീസുകാര്‍ ബോംബറെ തിരഞ്ഞുകൊണ്ടിരിക്കുന്നത്. സെല്‍ഫോണ്‍ ഉപയോഗിക്കരുതെന്ന് പോലീസിന്റെ അറിയിപ്പുണ്ടായിരുന്നു. അവള്‍ വാടകക്കെടുത്തിരിക്കുന്ന ടൌണ്‍ഹൌസില്‍ നിന്നും ഏകദേശം പത്തടി മാറിയുള്ള റോഡിലൂടെ ബോംബേര്‍സ് പോയപ്പോള്‍ ബോംബുകള്‍ പറമ്പുകളിലേക്ക് എറിഞ്ഞുവെന്ന് പോലീസ് ഭയപ്പെട്ടു. ചിലപ്പോള്‍ അവ സെല്‍ഫോണ്‍ മൂലമായിരിക്കാം പൊട്ടുന്നതെന്നും അതുകൊണ്ട് ജനലുകള്‍ക്കടുത്തുനിന്ന് മാറി നില്‍ക്കണമെന്നും പോലീസിന്റെ വാണിങ്ങ് ഉണ്ടായിരുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളു. അപകടം മനസിലാക്കിയ ഞങ്ങള്‍ ഫോണ്‍ താഴെ വെച്ചു.

വ്യാകുലത കാരണം ഒന്ന് രണ്ട് മണിക്കൂറുകള്‍ കഴിഞ്ഞ് വീണ്ടും വിളിച്ചു. ഇത്തവണ അവള്‍ക്ക് ആശ്വാസത്തിനായി സംസാരിക്കണമെന്നുണ്ടായിരുന്നു. ഫോണ്‍ എടുത്തയുടന്‍ അവള്‍ പറഞ്ഞു ‘എനിക്ക് സംസാരിക്കണം”. അവളുടെ ധൈര്യം ചോര്‍ന്നു തുടങ്ങിയിരുന്നു, മനസും ശരീരവും ക്ഷീണിച്ചിരുന്നു. മൈലുകള്‍ക്കകലെയിരുന്ന് ധൈര്യം കൊടുക്കാമെന്നല്ലാതെ ഞങ്ങളെക്കൊണ്ട് മറ്റൊന്നും ആവില്ലല്ലൊ എന്ന നിസ്സഹായത ഞങ്ങള്‍ക്ക്. അവളുടെ വാസസ്ഥലത്തിന്റെ പരിസരത്താണ് പോലീസ് കുറ്റവാളിയെ തിരയുന്നത്. അയാള്‍ ഏതെങ്കിലും ഒരു വീടിന്റെ കണ്ണാടിജനാലക്കുനേരെ നിറയൊഴിച്ചാല്‍ മതിയല്ലോ! വീടുകള്‍ക്ക് നേരെ അവര്‍ വലിച്ചെറിഞ്ഞ ബോംബുകളൊന്ന് പൊട്ടിത്തെറിക്കുന്നത് അവള്‍ താമസിക്കുന്ന വീടിന്റെ യാര്‍ഡില്‍ ആയിരിക്കില്ലെന്നാരറിഞ്ഞു?
 

 
ഭൂനിരപ്പിനടിയില്‍


അവള്‍ പറഞ്ഞു തുടങ്ങി, ഏപ്രില്‍ 18ന് രാത്രി ഒരു സുഹൃത്ത് അവളെ കാണുവാന്‍ വന്നു. ബോസ്റണ്‍ മാരത്തോണ്‍ ബോംബിങ്ങില്‍ പരുക്കേറ്റവരെ ശുശ്രൂഷിച്ച ഡോക്ടേസിന്റെ ടീമില്‍ ആ പെണ്‍കുട്ടിയും ഉണ്ടായിരുന്നതിനാല്‍ ആ കുട്ടി വളരെ അപ്സെറ്റ് ആയിരുന്നു. അവള്‍ ഹൌസേര്‍ജന്‍സിക്ക് തുല്ല്യമായ റെസിഡെന്‍സി ചെയ്യുകയാണ്. പിറ്റെ ദിവസം ജോലിദിവസമായതിനാല്‍ പത്തുമണികഴിഞ്ഞ് സുഹൃത്ത് മടങ്ങി. താമസിയാതെ സപ്പന വെടിയുടെ ശബ്ദങ്ങള്‍ കേട്ടു. ഫേസ്ബുക്ക് ഓണാക്കിയപ്പോള്‍ MIT യിലെ ഒരു പോലീസുകാരനെ ബോംബേര്‍സ് വെടിവെച്ച് അയാള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകിട്ടി. ടിവി ഇട്ടപ്പോള്‍ വിശദാംശങ്ങള്‍ അറിയുകയും ചെയ്തു. രാത്രി പത്തരയോടടുത്ത് മാരത്തോണ്‍ ബോംബേര്‍സ് MIT ക്യാമ്പസ് സെക്യുരിറ്റി പോലീസുകാരനെ അദ്ദേഹത്തിന്റെ തോക്ക് എടുക്കുന്നതിനു വേണ്ടി വെടിവെച്ചു. പക്ഷെ തോക്ക് ബെല്‍റ്റില്‍ നിന്നും ഊരിയെടുക്കുന്നത് എളുപ്പമല്ലാതിരുന്നതിനാല്‍ ആ ഐഡിയ ഉപേഷിക്കേണ്ടിവന്നു. പോലീസ് ഓഫീസറെ മാസ്സച്ച്യൂസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും മരണമടഞ്ഞു.

താമസിയാതെ വീടിന് മുന്നില്‍ ഉള്ള റോഡിലൂടെ വളരെ വേഗത്തില്‍ കാറുകള്‍ പോവുന്നതും സൈറന്‍ മുഴക്കി പോലീസ് കാറുകള്‍ അവയെ പിന്തുടരുന്നതും കണ്ടു. കാറിന്റെ ടയര്‍ റോഡില്‍ ഉരസുമ്പോള്‍ ഉണ്ടാവുന്ന സ്ക്രീച്ചിങ്ങ് ശബ്ദവും കേട്ടു. പോലീസിനെ വിളിച്ചപ്പോള്‍ “ഒരു സിറ്റുവേഷന്‍’ ഉണ്ടായി എന്നും ജാലകങ്ങള്‍ക്കരികെയും വീടിനു വെളിയിലും പോകരുതെന്നു പറഞ്ഞു. നേരെ താഴെപ്പോയി ബേസ്മെന്റിലായി ഇരുപ്പ്. ബേസ്മെന്റ് ഭൂനിരപ്പില്‍ നിന്നും താഴെയാണ്. അവിടെ ജാലകങ്ങളും ഇല്ല. അന്നു ഓഫീസില്‍ നിന്നും ലാപ്റ്റോപ് കൊണ്ടുവരാതിരുന്നതു നിമിത്തം ന്യൂസ് അറിയാന്‍ സെല്‍ഫോണ്‍ മാത്രമായിരുന്നു ഉപാധി. ടിവി മുകളിലത്തെ നിലയിലാണുതാനും. ഫേസ്ബുക്കും ട്വീറ്ററും ഓണാക്കി എന്താണ് ടൌണില്‍ നടക്കുന്നതെന്ന് മറ്റു സുഹൃത്തളോട് ചോദിച്ചു. ബോസ്റണ്‍ മാരത്തോണ്‍ ബോംബേര്‍സും പോലീസുകാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണന്ന് അങ്ങനെയാണറിഞ്ഞത്.
 

 
ഏറ്റുമുട്ടല്‍


സര്‍ണായ സഹോദരന്മാര്‍ പോലീസുകാരനെ വെടിവെച്ചശേഷം ഒരു മെര്‍സേഡീസ്’ അതിന്റെ ഉടമസ്ഥനോടൊപ്പം ഹൈജാക്ക് ചെയ്ത് ഒരു ബാങ്കിന്റെ മുന്നില്‍ നിര്‍ത്തി. ബാങ്ക് മെഷീനില്‍ നിന്നും ഒരു ദിവസം മാക്സിമം എടുക്കാവുന്ന എണ്ണൂറുഡോളര്‍ ഉടമസ്ഥനെക്കൊണ്ട് അയാളുടെ അക്കൌണ്ടില്‍ നിന്നെടുപ്പിച്ചു. ബോസ്റണ്‍ മാരത്തോണിലെ ബോംബുകള്‍ക്കും MIT യിലെ പോലീസുകാരന്റെ മരണത്തിനും ഉത്തരവാദികള്‍ തങ്ങളാണെന്നും ഉടമസ്ഥനോട് പറഞ്ഞു. പിന്നീട് അവര്‍ പോയത് പെട്രോള്‍ ബങ്കിലേക്കാണ്. ആ തക്കം നോക്കി ‘മെര്‍സേഡീസിന്റെ’ ഉടമസ്ഥന്‍ രക്ഷപെട്ട് അടുത്തുള്ള വേറൊരു പെട്രോള്‍ ബങ്കിലേക്ക് ഓടിക്കയറി പോലീസിനെ വിളിച്ചു. അദ്ദേഹത്തിന്റെ സെല്‍ഫോണ്‍ കാറില്‍ ഇട്ടിട്ട് പോയതിനാല്‍ പോലീസിന് കാര്‍ ട്രാക്ക് ചെയ്യുവാന്‍ എളുപ്പമായിരുന്നു. താമസിയാതെ തന്നെ പോലീസുകാരും സര്‍ണായസഹോദരന്മാരും തമ്മില്‍ ഏറ്റുമുട്ടലും വെടിവെപ്പും ആരംഭിച്ചു. ഏകദേശം 300 റൌണ്ട് വെടിയുണ്ടകള്‍ അവര്‍ക്കിടയില്‍ ഉപയോഗിച്ചു. വെടിയുണ്ടകള്‍ തീര്‍ന്നപ്പോള്‍ ജേഷ്ഠന്‍ കീഴടങ്ങി. അനുജന്‍ പോലീസുകാര്‍ക്ക് നേരെ കാറോടിച്ചപ്പോള്‍ അബദ്ധവശാല്‍ ജേഷ്ഠന്റെ മേല്‍ കാര്‍ കയറുകയും കാറില്‍ ഉടക്കിയ അയാളെ കുറച്ചുദൂരം വലിച്ചുകൊണ്ടുപോകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ അയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. അനുജന്‍ കാറില്‍ രക്ഷപെട്ടുവെങ്കിലും പിന്നീട് കാര്‍ ഉപേക്ഷിച്ച് അപ്രത്യക്ഷനായി.

ഞങ്ങള്‍ ഉറങ്ങുവാന്‍ കിടന്നു. പകല്‍ മുഴുവന്‍ നല്ല നടപ്പായിരുന്നതിനാല്‍ ശരീരം ക്ഷീണിച്ചിരുന്നു, ഇപ്പോള്‍ മനസും. രാവിലെ ഉറങ്ങിയെണീക്കുമ്പോഴേക്കും കുറ്റവാളിയെ പിടിച്ചിരിക്കും എന്ന ചിന്തയില്‍ ഞാന്‍ സമാധാനം കണ്ടെത്തി. അമേരിക്കയുടെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു.
 

 
ഭീതിയുടെ നിമിഷങ്ങള്‍


പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് സപ്പന ബേസ്മെന്റില്‍ തന്നെ കഴിഞ്ഞു. അതിനിടയില്‍ ഫേസ്ബൂക്ക് സുഹൃത്തുക്കള്‍ അവള്‍ക്ക് ഒരു വെബ്സൈറ്റിന്റെ അഡ്രസ് കൊടുത്തു. ആ ലിങ്കില്‍ ചെന്നാല്‍ പോലീസുകാര്‍ തമ്മില്‍ നടത്തുന്ന സംഭാക്ഷണം അത്രയും കേള്‍ക്കാം. സാധാരണക്കാര്‍ക്ക് പോലീസ് സ്കാനര്‍ സാധാരണഗതിയില്‍ ലഭ്യമല്ലാത്തതാണ്. ഒരു നിമിഷത്തില്‍ ലിങ്കിലൂടെ കേള്‍ക്കുന്ന പോലീസ് സംഭാഷണം തന്നെ വിടിന്പുറത്തു നിന്നും കേട്ടു. അതിനുകാരണം പോലീസുകാര്‍ വീടിനു നേരെ പുറത്തുതന്നെ ഉണ്ടായിരുന്നു. ആ സമയം കൊണ്ട് വാട്ടര്‍ടൌണ്‍ പോലീസിന് പുറമെ ബോസ്റണ്‍ പോലീസുകാരും മറ്റുസ്റ്റേറ്റിലെ പോലീസുകാരും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന സ്പെഷ്യല്‍ പോലീസുകാരും വാട്ടര്‍ടൌണില്‍ എത്തിയിരുന്നു. വാട്ടര്‍ടൌണ്‍ എന്ന ചെറിയടൌണിലുള്ള പോലീസുകാര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളോട് എങ്ങനെ പ്രതീകരിക്കണം പെരുമാറണം എന്നു പരിചയമില്ല.

മാരത്തോണ്‍ ബോംബറില്‍ ഇളയസഹോദരനെ തിരയുന്നത് അവള്‍ താമസിക്കുന്നതിനു ചുറ്റുമുള്ള ഇരുപത് ബ്ളോക്കിനുള്ളിലാണ് എന്ന ചിന്തയില്‍ സപ്പന ആകെ പരിഭ്രമിച്ചിരിക്കയാണ്. അവള്‍ ഭയന്ന് ചേച്ചി ‘വീണയെ’ വിളിച്ചു. വീണ ഫോണ്‍ എടുത്തില്ല. വീണ താമസിക്കുന്ന ‘കാലിഫോര്‍ണിയ’ എന്ന സ്റ്റേറ്റ് ന്യൂയോര്‍ക്കില്‍ നിന്നും ആറുമണിക്കൂര്‍ ആകാശദൂരങ്ങള്‍ക്കകലെ. സമയത്തില്‍ അവര്‍ മൂന്നുമണിക്കൂര്‍ പുറകോട്ട്. മറ്റുള്ളവര്‍ ഇരുപത്തിനാല് മണിക്കൂറും തന്നെ പിന്തുടരേണ്ടതില്ലെന്നൊരു തോന്നലില്‍ കുറെ നാളത്തേക്ക് അവള്‍ക്ക് സെല്‍ഫോണ്‍ ഇല്ലായിരുന്നു. വീണയുടെ കണക്ടിക്കട്ടില്‍ താമസിക്കുന്ന ഒരു ഹൈസ്കൂള്‍ ഫ്രണ്ടിനെവിളിച്ച് വീണയെ വിവരം അറിയിക്കുന്ന ജോലിയേല്‍പ്പിച്ചു.

സപ്പന ബേസ്മെന്റില്‍ ഇരുന്നും നിലത്ത്കിടന്നും രാത്രി കഴിച്ചു. വീണക്ക് വിവരം കിട്ടിയപ്പോള്‍ സപ്പനയെ വിളിച്ച് ആത്മധൈര്യം നല്‍കി. പിന്നെ ഇടക്കിടെ വിളിച്ചുകൊണ്ടിരുന്നു. രാവിലെ ഒന്‍പതുമണിയായപ്പോള്‍ കതകില്‍ മുട്ടുകേട്ടു, മെഷീന്‍ ഗണ്‍ ഏന്തിയ, കറുത്ത വസ്ത്രങ്ങള്‍ ധരിച്ച സ്പെഷ്യല്‍ പോലീസുകാരായിരുന്നു. പോലീസുകാര്‍ കുട്ടികള്‍ ‘ഓകെ’യാണന്ന് ഉറപ്പ് വരുത്തി. അറിയാന്‍ പാടില്ലാത്തവര്‍ കതകില്‍ മുട്ടിയാല്‍ യാതൊരുകാരണവശാലും കതക് തുറക്കരുതെന്ന് പറഞ്ഞിട്ട് പോയി. നിരത്തില്‍ കറുത്ത നിറത്തിലുള്ള സ്പെഷ്യല്‍ പോലിസ് വാഹനങ്ങള്‍ നീങ്ങി, അവയില്‍ മെഷീന്‍ ഗണ്‍ പിടിപ്പിച്ചിരുന്നു. ആകെക്കൂടി ഭീതിപ്പെടുത്തുന്ന അവസ്ഥ.

കുട്ടികള്‍ ചീസ്, ക്രാക്കേര്‍സ് തുടങ്ങിയ ലഘുഭക്ഷണം കഴിച്ചു. എന്തെങ്കിലും ഉണ്ടാക്കണമെങ്കില്‍ സ്റൌവും റെഫെജിറേറ്ററും ഒക്കെ ജനാലകള്‍ ഉള്ള മുകളിലത്തെ നിലയില്‍ ആണെല്ലോ! രാവിലെ തന്നെ കമ്പനി അടവാണന്ന് പറഞ്ഞ് അവളുടെ കമ്പനി സി ഇ ഒ യുടെ ഈമെയില്‍ ഉണ്ടായിരുന്നു. അന്ന് ബോസ്റണിലെ എല്ലാ കമ്പനികളും കടകളും കോളേജുകളും അടച്ചിട്ടു. പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ റദ്ദാക്കി. ബോസ്റണ്‍ ഒരു ഗോസ്റ് ടൌണ്‍ ആയിത്തീര്‍ന്നു. വെളിയില്‍ ഇറങ്ങുവാന്‍ ആളുകള്‍ക്ക് അനുവാദം ഇല്ല. കാരണം ബോസ്റണ്‍ മാരത്തോണ്‍ ബോംബര്‍ ജോഹാര്‍ സര്‍ണായ അവിടെ എവിടെയോ ഉണ്ട്, അവന്റെ കയ്യില്‍ തോക്കുണ്ട്. അവന്‍ തീരുമാനിച്ചാല്‍ പലരുടെയും ജീവന്‍ അപകടത്തിലാവും.
 


 
നിഴലനക്കങ്ങളുടെ രാത്രി


കീഴടങ്ങുവാനും റഷ്യയിലേക്ക് മടങ്ങിവരുവാനും റഷ്യയില്‍ നിന്ന് ജോഹാറിന്റെ പിതാവ് അപേക്ഷിച്ചു. അതിനോടപ്പം തന്നെ അമേരിക്കയില്‍ താമസിക്കുന്ന അങ്കിള്‍, ജോഹാറിനോട് സ്വയം കീഴടങ്ങുവാനും കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കരുതെന്നും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.

കറുത്ത വസ്ത്രം ധരിച്ച, കറുത്ത ഹെല്‍മെറ്റ്ധാരികളായ, മെഷീന്‍ ഗണ്‍ പിടിച്ച മൂന്ന് സ്പെഷ്യല്‍ പോലീസുകാര്‍ ഉച്ചതിരിഞ്ഞ് വീണ്ടും കതകില്‍ മുട്ടി. കുട്ടികളോട് റോഡിന്റെ എതിര്‍ വശത്ത് ഇറങ്ങി നില്‍ക്കുവാന്‍ പറഞ്ഞു. ഇത്തവണ അവര്‍ക്ക് ഓരോ മുറിയും പരിശോധിക്കണമത്രെ, വല്ലവരും ഒളിച്ചിരുപ്പുണ്ടോ, വല്ലവരെയും ഒളിച്ചിരുത്തിയിട്ടുണ്ടോ? അവര്‍ വീടുകള്‍തോറും കയറിയിറങ്ങി, യാതൊരു ഫലവും ഇല്ലാതെ. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഒരു ബുള്ളറ്റ് ഹോള്‍ കണ്ടു. ട്വീട്ടറില്‍ ആരുടെയോ ഓഫീസ് മുറിയില്‍ പോലീസിന്റെ തോക്ക് ബുള്ളറ്റ് ഹോള്‍ ഉണ്ടാക്കിയതിന്റെ ഫോട്ടോ കണ്ടു. തലേന്ന് രാത്രി പോലീസുകാര്‍ ജോഹാര്‍ സര്‍ണായെ തിരഞ്ഞു നടന്നപ്പോള്‍ ഇരുട്ടില്‍ അവര്‍ക്ക് സംശയം തോന്നിയ നിഴലനക്കങ്ങളുടെ മേല്‍ നിറയൊഴിച്ചതാണ്.

സമയം ഏകദേശം വൈകുന്നേരത്തിനോടടുത്തു. അന്വേഷിച്ചിട്ട് ആരെയും കണ്ടെത്താതിരുന്നതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാനുള്ള അനുവാദം കൊടുത്തു. അവസരം പാഴാക്കാതെ ബോസ്റണ് പുറത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ വീക്കെന്‍ഡ് ചെലവഴിക്കുവാന്‍ സപ്പന തയ്യാറായി പുറത്തിറങ്ങി. ഒരു കൊച്ചുകുട്ടി കളിക്കുവാന്‍ പുറത്തിറങ്ങിയപ്പോള്‍ അമ്മ ആധിയോടെ കുട്ടിയെ വാരിയെടുത്ത് അകത്തുകയറി വാതിലടക്കുന്നത് കണ്ടു. അധികദൂരം ഡ്രെെവ് ചെയ്തില്ല, പോലീസ് തടഞ്ഞു നിര്‍ത്തി എവിടെപ്പോവുന്നെന്ന് ചോദിച്ചു, മടങ്ങുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സൈഡ്റോഡില്‍ നിന്ന് ഒരു പോലീസുകാരന്‍ ഓടി വന്ന് ‘ഫ്രാങ്കിളിന്‍ സ്ട്രീറ്റ് ‘ എവിടെ എന്നു ചോദിച്ചു. സപ്പന താമസിക്കുന്ന ടൌണ്‍ഹൌസിന് അടുത്ത സ്ട്രീറ്റ് ആണ് ഫ്രാങ്കിളിന്‍ സ്ട്രീറ്റ്. അവിടെനിന്നു ജോഹാറിനെ കണ്ടെത്തി എന്നു പറഞ്ഞു. പോലീസുകാര്‍ അവളോട് അവളുടെ സ്മാര്‍ട്ട് ഫോണില്‍ ന്യൂസ് കണ്ടോട്ടെ എന്ന് ചോദിച്ചു. അവരൊന്നിച്ച് അവളുടെ സെല്‍ഫോണില്‍ ന്യൂസ് കണ്ടു.

ഫ്രാങ്കിളിന്‍ സ്ട്രീറ്റില്‍, അവളുടെ വീട്ടില്‍ നിന്നും ഏകദേശം അരമൈല്‍ മാറി താമസിക്കുന്ന ഒരു വീട്ടുടമ രാത്രി ഏഴേമുക്കാലിനോടടുത്ത് വീട്ടുപുറകില്‍ വിന്ററില്‍ സ്റ്റോറുചെയ്തിരിക്കുന്ന ബോട്ടിനെ പൊതിഞ്ഞിരിക്കുന്ന പ്ലാസിക്ക് മാറിക്കിടക്കുന്നതായിക്കണ്ടു. വീട്ടുടമ നോക്കിയപ്പോള്‍ ഒരാള്‍ ബോട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നു. അദ്ദേഹം പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഹെലിക്കോപ്റ്റേര്‍സ് ‘ഇന്‍ഫ്രാറെഡ് തെര്‍മല്‍ ഇമേജിങ്ങ്’ ഉപയോഗിച്ച് ഉള്ളില്‍ ആളനക്കമുണ്ടെന്ന് കണ്ടുപിടിച്ചു. പോലീസ് അയാളെ പുറത്തിറക്കിയപ്പോള്‍ അയാളുടെ കൈവശം ആയുധങ്ങള്‍ ഒന്നുമില്ലായിരുന്നു. ‘അമേരിക്കയുടെ അഫ്ഗാനിസ്ഥാനിലും ഇറാക്കിലുമുള്ള പ്രവര്‍ത്തികള്‍ക്കുള്ള ശിക്ഷയാണിത്’ ബോട്ടിനുള്ളില്‍ ഇരിക്കുമ്പോള്‍ മാര്‍ക്കര്‍ ഉപയോഗിച്ച് ജോഹാര്‍ സര്‍ണായ ബോട്ടിനകത്ത് എഴുതി. പോലീസ് അയാളെ മെഡിക്കല്‍ ട്രീറ്റ്മെന്റിനായി ബെത്ഇസ്രായേല്‍ ആശുപത്രിയില്‍ എത്തിച്ചു.

ഇതൊക്കയാണ് ഞാന്‍ ഉറങ്ങിയ സമയത്ത് സംഭവിച്ചത്. വെളുപ്പിനെ അഞ്ചുമണിക്ക് ഉണര്‍ന്നപ്പോള്‍ ഹോട്ടല്‍ മുറിയിലെ ടിവിയില്‍ സീ എന്‍ എന്‍ ഓണാക്കാന്‍ ശ്രമിച്ചു. ചാനലുകള്‍ തെളിയുന്നില്ല. ഞാന്‍ ജേക്കബിനെ വിളിച്ചുണര്‍ത്തി സീ എന്‍ എന്‍ എടുത്തു. ആദ്യം കിട്ടിയ വാര്‍ത്ത ‘സസ്പക്റ്റ് അണ്ടര്‍ കസ്റഡി’ എന്നാണ്. സന്തോഷാധിക്യത്താല്‍ എന്റെ മൂന്ന് വിരലുകള്‍ നെറ്റിയിലമര്‍ന്നു.

സപ്പന വീട്ടിലേക്ക് മടങ്ങി, ടീവിയില്‍ ന്യൂസും പ്രെസ്സ്കോണ്‍ഫ്രന്‍സും കണ്ടു. കുറ്റവാളിയെ പിടിച്ച സന്തോഷത്തില്‍ ബോസ്റ്റോണിയന്‍സ് വഴിയില്‍ ആനന്ദനൃത്തം ചെയ്യുന്നത് ടീ വീയില്‍ കാണിച്ചു. മനഃസമാധാനത്തോടെ അടുക്കളയിലെ സ്റൌ ഓണാക്കി ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന ഭക്ഷണം ചൂടാക്കി കഴിച്ചു. പിന്നെ ഉറക്കത്തിന്റെ കുടിശãിക തീര്‍ക്കാനായി കിടക്കമുറിയിലേക്ക് നടന്നു.

അവരുടെ കഥ, മാധ്യമങ്ങള്‍ പറഞ്ഞത്
മാധ്യമങ്ങളില്‍നിന്ന് പിന്നീട് അവരെക്കുറിച്ച് കുറേ അറിഞ്ഞു. അതിങ്ങനെയായിരുന്നു:

2002ല്‍ സര്‍ണായ സഹോദരന്മാര്‍ അഛനുമമ്മയുമൊന്നിച്ച് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തതാണ്. അഛനമ്മമാര്‍ 2011ല്‍ വിവാഹമോചനം തേടി റഷ്യയിലേക്ക് മടങ്ങി .തന്റെ കുട്ടികള്‍ നിരപരാധികള്‍ ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന അമ്മ. കുട്ടികള്‍ക്ക് അമേരിക്കയുമായി പൊരുത്തപ്പെടാനായില്ല. അവര്‍ക്ക് അമേരിക്കന്‍ കൂട്ടുകാര്‍ ഇല്ലായിരുന്നു. ബങ്കര്‍ ഹില്‍ കമ്മ്യൂണിറ്റി കോളജിലെ പഠനം ഉപേക്ഷിച്ച് ഒരു നല്ല ബോക്സര്‍ ആയി ഒളിമ്പിക്ക് ബോക്സിങ്ങ് ടീമില്‍ ചേരുക എന്നതായിരുന്നു റ്റാമര്‍ലെന്‍ സര്‍ണായയുടെ ലക്ഷ്യം. ജേഷ്ഠനെ ആരാധിച്ചിരുന്ന അനുജന്‍ ജോഹാര്‍ സെര്‍ണായ യൂണിവേര്‍സിറ്റി ഓഫ് മാസ്സച്ച്യൂസ്സറ്റ്സ് ഡാര്‍ത്ത്മത്തില്‍ വിദ്യാര്‍ഥിയായിരുന്നു. 2012, സെപ്തംബറില്‍ ജോഹാര്‍ അമേരിക്കയുടെ പൌരത്വം സ്വീകരിച്ചു. 2010ല്‍ റ്റാമര്‍ലെന്‍ വിവാഹം ചെയ്ത, മതം മാറി മുസ്ലീം ആയ കാതറിന്‍ റസ്സല്‍ എന്ന സ്ത്രീ ബോംബിങ്ങ് നടക്കുമ്പോള്‍ അവരുടെ ആദ്യത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കയായിരുന്നു. ഈ അടുത്ത വര്‍ഷങ്ങളില്‍ ആണ് റാഡിക്കല്‍ ആശയങ്ങളുമായി അടുത്തു തുടങ്ങിയത്. 2011ല്‍ റഷ്യന്‍ ഫെഡെറല്‍ സെക്യുരിറ്റി സര്‍വീസ് അമേരിക്കന്‍ ‘എഫ് ബി ഐക്ക്’ ഈ സഹോദരന്മാരെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എഫ് ബി ഐ സഹോദരന്മാരെ ചോദ്യം ചെയ്യുകയും അവരുടെ കമ്പ്യൂട്ടര്‍ പരിശോധിച്ച് സംശയാസ്പദമായി ഒന്നും കാണാഞ്ഞതിനാല്‍ വിട്ടയക്കുകയും ചെയ്തു.

ഒരു ഓണ്‍ലൈന്‍ മാസികനോക്കി വിചാരിച്ചതിലും കുറഞ്ഞ സമയമെടുത്ത് ബോംബ് ഉണ്ടാക്കിക്കഴിഞ്ഞ അവര്‍ക്ക് ന്യൂയോര്‍ക്കിന്റെ നാഡിഞ്ഞരമ്പുകളോടുന്ന ‘ടൈം സ്ക്വയര്‍’ ബോംബ് ചെയ്യുവാന്‍ പരിപാടി ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടക്കാഞ്ഞത് നന്നായി. അവര്‍ പ്ളാനിട്ടിരുന്ന വീക്കെന്‍ഡില്‍ ആ ഏരിയയില്‍ ഉള്ളൊരു പള്ളിയില്‍ സപ്പനയുടെ കൂട്ടുകാരി വിവാഹിതയാവുകയും അവള്‍ വിവാഹത്തില്‍ പങ്കെടുക്കയും ചെയ്തു. ചിലര്‍ അങ്ങനെയാണ്, അവരെ ദുര്‍വിധി പിന്തുതുടരാന്‍ ശ്രമിക്കും, പിടികൂടണമെന്നില്ല, ഭയപ്പെടുത്തും. സര്‍വേശ്വരന് നന്ദി!

വീണ്ടും മാരത്തോണ്‍


ബോസ്റണ്‍ മാരത്തോണിന് ശേഷം സുരക്ഷിതത്വം ഇരട്ടിപ്പിച്ച് ലണ്ടനില്‍ മാരത്തോണ്‍ നടന്നു. ബോസ്റണ്‍ മാരത്തോണ്‍ വേണ്ടന്ന് വെക്കുമോ? വര്‍ഷങ്ങളായി നടന്നു വരുന്ന സംഭവമാണ്. ബോസ്റണ്‍ മാരത്തോണ്‍ ഇനിയും നടക്കും, അതില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍ പങ്കെടുക്കും. റ്റാമര്‍ലെന്‍ സര്‍ണായകളും ജോഹാര്‍ സര്‍ണായകളും ഇനിയും ഉണ്ടാകും. ബോസ്റന്‍ മാരത്തോണ്‍ വേണ്ടന്ന് വയ്ക്കുന്നത് തൃശൂര്‍ പൂരം വേണ്ടന്ന് വയ്ക്കുന്നതുപോലാണ്, ആലുവ മണപ്പുറത്ത് ശിവരാത്രി ഇല്ലാതാവുന്നതിനു തുല്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *