ഈ തെരുവുകളില്‍ നമ്മുടെ സഹോദരങ്ങളുടെ ചോര…

 
 
 
 
ദല്‍ഹിയില്‍ വംശീയാതിക്രമത്തില്‍ കൊല്ലപ്പെട്ട നിഡോ ടാനിയാമിന്റെ മരണത്തെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഒരിടപെടല്‍. എച്മുക്കുട്ടി എഴുതുന്നു
 

 
ദില്ലിയില്‍ കഴിഞ്ഞ ദിവസം കേരളത്തില്‍നിന്നുള്ള രണ്ട് എം.പിമാര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റു. എം.ബി രാജേഷിനും എം.പി അച്യുതനും. വംശീയ വൈരം മൂത്ത് ദില്ലി തെരുവില്‍ തല്ലിക്കൊല്ലപ്പെട്ട അരുണാചല്‍പ്രദേശില്‍നിന്നുള്ള വിദ്യാര്‍ത്ഥിയുടെ ചോരയ്ക്ക് നീതി തേടി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനെതിരെ പൊലീസ് നടത്തിയ ക്രൂരത ചോദ്യം ചെയ്തപ്പോഴായിരുന്നു എം.പിമാര്‍ക്ക് മര്‍ദ്ദനമേറ്റത്. ഈ മര്‍ദ്ദനം മലയാള മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, അതിനു കാരണമായ, എം.പിമാരേക്കാള്‍ പതിന്‍മടങ്ങ് മുറിവേല്‍പ്പിക്കപ്പെട്ട ആ വിദ്യാര്‍ത്ഥി പ്രക്ഷോഭം നമുക്ക് വാര്‍ത്തയേ ആയിരുന്നില്ല. നാം രഹസ്യമായി അകമേ കൊണ്ടു നടക്കുന്ന വംശീയതയുടെ വേരുകള്‍ തന്നെയായിരുന്നു ആ വാര്‍ത്താ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ മനുഷ്യര്‍ നമുക്ക് എങ്ങിനെയാണ് അപരരായി മാറിയത്? എല്ലാ ഇന്ത്യക്കാരും സഹോദരങ്ങളെന്ന പ്രതിജ്ഞയില്‍നിന്ന് അവര്‍ മാത്രമെങ്ങിനെയാണ് പുറത്തുപോവുന്നത്? നിഡോ ടാനിയാം എന്ന അരുണാചല്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ എച്മുക്കുട്ടി ചോദിക്കുന്നു, ചില പൊള്ളുന്ന ചോദ്യങ്ങള്‍.

 
 

. വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ മനുഷ്യര്‍ നമുക്ക് എങ്ങിനെയാണ് അപരരായി മാറിയത്? എല്ലാ ഇന്ത്യക്കാരും സഹോദരങ്ങളെന്ന പ്രതിജ്ഞയില്‍നിന്ന് അവര്‍ മാത്രമെങ്ങിനെയാണ് പുറത്തുപോവുന്നത്?


 
 

 
 
അവര്‍ ഏഴു സഹോദരിമാര്‍ എന്നറിയപ്പെടുന്നവരാണ്. ഇന്ത്യാമഹാരാജ്യത്തിന്‍റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. പ്രകൃതി സൌന്ദര്യത്തിന്‍റെ പാല്‍ക്കുടം ആ നാടുകളില്‍ തട്ടി മറഞ്ഞിരിക്കുന്നു. കരകൌശലവസ്തുക്കളും നനുത്ത പട്ടും അവര്‍ക്ക് സ്വന്തം. അവര്‍ മുളയില്‍ കവിതയെഴുതുന്നു. കൂടുതല്‍ എന്തറിയാം നമുക്ക് അവരെപ്പറ്റി?

അവര്‍ ഭൂപടത്തില്‍ ഇന്ത്യയുടെ ഭാഗമാണ്. സിക്കിമും അരുണാചലും ഞങ്ങളുടേയാണെന്ന് ചൈന പറയുമ്പോള്‍ പെട്ടെന്ന് നമുക്ക് ഓര്‍മ്മ വരും.. അല്ലല്ല, അവര്‍ ഇന്ത്യയുടെ ഭൂപടത്തിലുള്ള സംസ്ഥാനങ്ങളാണ്. ഇന്ത്യയുടെ മെയിന്‍ ലാന്‍ഡുമായി അവരെ ബന്ധിപ്പിക്കുന്ന സിലിഗുരി കോറിഡോര്‍ അതീവ ഇടുക്കമുള്ളതാണ്. അതിലൂടെ സുഗമമായ ഒരു സഞ്ചാരം സാധ്യമല്ല. അതിനുവേണ്ട റെയില്‍ റോഡ് സംവിധാനമൊന്നും ഒട്ടും കാര്യക്ഷമമല്ല.

എച്മുക്കുട്ടി


ദരിദ്രരാണ് അവര്‍. അവരിലൊരാളുടെ മകള്‍ ആഹാരം കഴിച്ചിട്ട് ഒന്നര ദശകത്തോളമായി. നമ്മള്‍ അവളെ അറസ്റ് ചെയ്ത് മൂക്കിലൂടെ ഒരു ട്യൂബിട്ട് ആശുപത്രിയില്‍ കിടത്തിയിരിക്കുന്നു. അവളൂടെ ആവശ്യമെന്തെന്ന് കേള്‍ക്കാനോ അതു നിവര്‍ത്തിച്ചുകൊടുക്കാനോ നമുക്ക് കഴിയില്ല. ആ നാട്ടില്‍ ഡീസലോ ഫോണോ കുക്കിംഗ് ഗ്യാസോ ജനങ്ങള്‍ക്ക് കിട്ടുകയില്ല. കണ്ണു ചുവപ്പിച്ച്, തോക്കുകളും പിടിച്ച്, അവരെ വിരട്ടുന്ന, സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന സൈന്യമാണ് അവര്‍ക്ക് ഇന്ത്യ.

നിഡോ ടാനിയാം മറ്റൊരു സഹോദരിയുടെ മകനാണ്. അരുണാചല്‍ പ്രദേശില്‍ നിന്ന് ഇന്ത്യയുടെ തലസ്ഥാനനഗരമായ ദില്ലിയില്‍ ബി ബി എ പഠിക്കാന്‍ വന്നവന്‍. അവനെ ജനക്കൂട്ടം അടിച്ചുകൊല്ലുകയായിരുന്നു. വെറും പത്തൊമ്പതു വയസ്സുള്ള നിഡോ ചെയ്ത കുറ്റമെന്താണ് ? അവനും വെസ്റ്റേണ്‍ പാട്ടും അത് പാടുന്നവരുടെ ഹെയര്‍ സ്റ്റൈലും ഇഷ്ടമാണ്. അവന്‍ അത് അനുകരിച്ചിരുന്നു. അതിനെച്ചൊല്ലി അവനെ പരിഹസിക്കുകയും അടിച്ചുകൊല്ലുന്നേടത്തോളം ആ വിരോധം വളര്‍ത്തുകയും ചെയ്യാന്‍ കഴിയുന്ന ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വത്തെ ആലോചിച്ച് ഭയം തോന്നുന്നില്ലേ?

പരിഷ്ക്കാരമില്ലാത്ത മനുഷ്യരെ കാണാത്ത ഒരു ഇരുണ്ട ഗലിയിലൊന്നുമല്ല, ജനക്കൂട്ടം ഒരു കുഞ്ഞിനെ അടിച്ചു കൊന്നത്. ലജ്പത് നഗര്‍ എന്ന ദില്ലിയിലെ ഏറ്റവും തിരക്കു കൂടിയ മാര്‍ക്കറ്റുകളിലൊന്നിലാണ്.

ഇന്ത്യയുടെ ഒളിച്ചു പിടിപ്പിക്കപ്പെട്ട ആ വംശീയത ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡു പോലെ പുറത്തറിയപ്പെടില്ല.

 

നിഡോ ടാനിയാം മറ്റൊരു സഹോദരിയുടെ മകനാണ്. അരുണാചല്‍ പ്രദേശില്‍ നിന്ന് ഇന്ത്യയുടെ തലസ്ഥാനനഗരമായ ദില്ലിയില്‍ ബി ബി എ പഠിക്കാന്‍ വന്നവന്‍. അവനെ ജനക്കൂട്ടം അടിച്ചുകൊല്ലുകയായിരുന്നു. വെറും പത്തൊമ്പതു വയസ്സുള്ള നിഡോ ചെയ്ത കുറ്റമെന്താണ് ?


 
രൂപം ഒറ്റ കുറ്റമാണ്
എല്ലാകൊല്ലവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പത്തു പതിനയ്യായിരം ചെറുപ്പക്കാര്‍ അവരുടെ നാടു വിട്ട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് വരുന്നുണ്ട്. ജോലി തേടി, പഠിക്കാന്‍, അവരുടെ നാട്ടിലെ കലാപങ്ങളെ ഭയന്ന്… അങ്ങനെ പല കാരണങ്ങള്‍ കൊണ്ട്…

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അവരുടെ പ്രത്യേകമായ ശാരീരികച്ഛായകള്‍ കൊണ്ട് അതിവേഗം തിരിച്ചറിയപ്പെടുന്നു. ഒറ്റ മടക്കുള്ള നേര്‍ത്ത വര പോലുള്ള കണ്‍പോളകള്‍ അവരെ ചിങ്കി എന്ന് പരിഹസിച്ചു വിളിക്കാനുള്ള കാരണമാണ്. അവരുടെ പതുങ്ങിയ മൂക്ക് ചൈനയോടുള്ള സ്നേഹത്തിന്റെയും വിധേയത്വത്തിന്‍റേയും ലക്ഷണമാണ്. അവര്‍ക്ക് വൃത്തിയില്ലെന്നും ക്രിസ്ത്യാനികളാണെന്നും പന്നിയെ തിന്നുമെന്നും പെണ്ണുങ്ങളെല്ലാം വ്യഭിചരിക്കുമെന്നും ദില്ലിയിലെ വീട്ടുടമസ്ഥര്‍ വാടകവീട് നല്‍കാനുള്ള മടിക്ക് ന്യായീകരണം നല്‍കും. ചിങ്കി എന്നു വിളിക്കരുതെന്ന് ഗവണ്‍മെന്റ് 2011ല്‍ ഒരു നിയമം നടപ്പിലാക്കിയിട്ടുണ്ട്. വിളിച്ചുവെന്ന് തെളിഞ്ഞാല്‍ അഞ്ചുകൊല്ലം തടവ് കിട്ടുന്ന കുറ്റമാണത്. കുറ്റം എങ്ങനെ തെളിയിക്കുമെന്നത് വിളി കേട്ട് അപമാനിതരായവരുടെ മാത്രം ചുമതലയും.

ദില്ലി പോലീസ് 2007ലാണ് ഒരു പുസ്തകമെഴുതിയത്. ഈ എഴു സഹോദരിമാരുടെ മക്കളോട് അവര്‍ ദില്ലിയില്‍ ജീവിക്കേണ്ട വിധം അനുശാസിക്കുന്നതായിരുന്നു ആ പുസ്തകം. അതനുസരിച്ച് ടീ ഷര്‍ട്ട് , ബര്‍മുഡ, റാപ് എറൌെണ്ട് ഒക്കെ പോലെയുള്ള തുറന്ന വസ്ത്രങ്ങള്‍ ധരിക്കരുത്. ശരീരം നല്ല പോലെ മൂടി മറക്കണം. പിന്നെ പുളിച്ച സോയാബീനും മുളംകൂമ്പും പോലെയുള്ള തനതു ആഹാരപദാര്‍ഥങ്ങള്‍ പാകംചെയ്യരുത്. പരിചയമില്ലാത്ത ആഹാരത്തിന്റെ ഗന്ധം ചിലപ്പോള്‍ ‘ഇന്ത്യാക്കാരെ’ പ്രകോപിപിച്ചേക്കാം.

ആ ഏഴു സഹോദരിമാരുടെ മക്കള്‍ക്ക് ഇന്ത്യ ഈസ് മൈ കണ്‍ട്രി എന്ന് തോന്നുമോ എന്നെങ്കിലും … രാവിലെ സ്കൂളില്‍ പ്രതിജ്ഞ വായിച്ചാല്‍ രാജ്യസ്നേഹം ഉണ്ടാകുമോ?

എനിക്കറിയില്ല..

ഞാന്‍ നിഡോവിനെ ഓര്‍ക്കുന്നു. അവന്റെ അമ്മയെ ഓര്‍ക്കുന്നു. അവന്റെ അച്ഛനെ ഓര്‍ക്കുന്നു…
 
 

ദില്ലി പോലീസ് 2007ലാണ് ഒരു പുസ്തകമെഴുതിയത്. ഈ എഴു സഹോദരിമാരുടെ മക്കളോട് അവര്‍ ദില്ലിയില്‍ ജീവിക്കേണ്ട വിധം അനുശാസിക്കുന്നതായിരുന്നു ആ പുസ്തകം. അതനുസരിച്ച് ടീ ഷര്‍ട്ട് , ബര്‍മുഡ, റാപ് എറൌെണ്ട് ഒക്കെ പോലെയുള്ള തുറന്ന വസ്ത്രങ്ങള്‍ ധരിക്കരുത്. ശരീരം നല്ല പോലെ മൂടി മറക്കണം. പിന്നെ പുളിച്ച സോയാബീനും മുളംകൂമ്പും പോലെയുള്ള തനതു ആഹാരപദാര്‍ഥങ്ങള്‍ പാകംചെയ്യരുത്. പരിചയമില്ലാത്ത ആഹാരത്തിന്റെ ഗന്ധം ചിലപ്പോള്‍ 'ഇന്ത്യാക്കാരെ' പ്രകോപിപിച്ചേക്കാം.


 
 

Leave a Reply

Your email address will not be published. Required fields are marked *