ജി രാജേഷ്കുമാര്‍: ഓര്‍മ്മകള്‍ രാഷ്ട്രീയവുമാണ്

 
 
 
 
ഈ മാസം 15ന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ നടക്കുന്ന ജി.രാജേഷ് കുമാര്‍ അനുസ്മരണ പ്രഭാഷണ പരമ്പരയുടെ പശ്ചാത്തലത്തില്‍ ഓര്‍മ്മയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു കുറിപ്പ്. സാബ്ലൂ തോമസ് എഴുതുന്നു
 
 

 
 
നിശിതമായ രാഷ്ട്രീയബോധത്താലും കാലത്തിന്റെ കൈരേഖ വായിച്ചെടുക്കാനുള്ള സൂക്ഷ്മ സംവേദനശേഷിയാലും വേറിട്ടു നിന്ന യുവമാധ്യമ പ്രവര്‍ത്തകന്‍ ജി.രാജേഷ് കുമാറിന്റെ വിയോഗത്തിന് ഏഴ് വര്‍ഷം. മാധ്യമം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ ജോലി ചെയ്യുന്നതിനിടെ അവിചാരിതമായി മരണത്തിലേക്ക് നടന്നുപോയ രാജേഷ് കുമാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, മലയാള മാധ്യമ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്വരമാകുമായിരുന്നു. മരണശേഷം സുഹൃദ്സംഘം പുറത്തിറക്കിയ ‘നമത് വാഴ് വും കാലവും: ജി. രാജേഷ് കുമാര്‍ രചനകള്‍, സ്മരണകള്‍’ അതിന്റെ സാക്ഷ്യപത്രമാണ്. ജീവിക്കുന്ന കാലത്തെയും ലോകത്തെയും മുള്‍മുനയുള്ള ആര്‍ജവവും ബൌെദ്ധികമായ സത്യസന്ധതയുംകൊണ്ട് അളന്നുമുറിച്ച് പരിശോധിക്കുന്ന കണിശബുദ്ധിയായ മാധ്യമപ്രവര്‍ത്തകനെ ആ പുസ്തകത്തില്‍ കാണാം. ഏതിരുട്ടും വകഞ്ഞുമാറ്റുന്ന ആഴമുള്ള ഉള്‍ക്കാഴ്ചയും ലളിതമെങ്കിലും ധ്വന്യാത്മകമായ ഭാഷയുംകൊണ്ട് സാദാ പത്രപ്രവര്‍ത്തനത്തെ മറികടക്കുന്ന ചുറുചുറുക്കുണ്ട് ആ വരികള്‍ക്ക്. പാകത വന്ന രാഷ്ട്രീയ സാംസ്കാരിക ബോധമായിരുന്നു രാജേഷിന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ കാതല്‍.

സാബ്ലൂ തോമസ്


മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് ചോര്‍ന്നുപോവുന്ന രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ പലതരത്തിലുള്ള വായനകളായാണ് രാജേഷിന്റെ സുഹൃത്തുക്കള്‍ ആ അഭാവത്തെ പില്‍ക്കാലത്ത് ഓര്‍ത്തെടുക്കുന്നത്. കഴിഞ്ഞആറു വര്‍ഷവും തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്നുവരുന്ന ജി. രാജേഷ് കുമാര്‍ അനുസ്മരണ പ്രഭാഷണ പരമ്പര ഓര്‍മ്മയുടെ രാഷ്ട്രീയത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ്. വൈയക്തിക മാനങ്ങള്‍ക്കപ്പുറം രാഷ്ട്രീയമായ തിരിച്ചറിവുകള്‍ സാധ്യമാവുന്ന പ്രഭാഷണ പരമ്പരയുടെ വിഷയങ്ങള്‍ അതിനുള്ള തെളിവുകളാണ്. മുഖ്യധാരാ മാധ്യമ ലോകം പടിയടച്ച് പുറത്താക്കുന്ന ആ വിഷയങ്ങള്‍, മാധ്യമകേരളം നടക്കേണ്ടിയിരിക്കുന്ന മുന്നോട്ടേക്കുള്ള നടത്തങ്ങള്‍ക്ക് വഴി കാണിക്കുന്നവയാണ്. ഓര്‍മ്മകള്‍ രാഷ്ട്രീയമായി മാറുന്ന പ്രഭാഷണ പരമ്പരയെ രാജേഷിന്റെ ജീവിതപരിസരത്തുവെച്ച് വായിക്കുകയാണ് ഈ കുറിപ്പ്. ഡെക്കാന്‍ ക്രോണിക്കിള്‍ തിരുവനന്തപുരം ബ്യൂറോയിലെ പത്രപ്രവര്‍ത്തകന്‍ ലേഖകന്‍ സാബ്ലൂ തോമസ് എഴുതുന്നു

 

 

വീണ്ടും ഒരു മാര്‍ച്ച് പതിനഞ്ച് .’മാധ്യമം പത്രത്തിലെ ഊര്‍ജസ്വലനായ യുവ പത്രപ്രവര്‍ത്തകന്‍ ജി.രാജേഷ് കുമാര്‍ നമ്മളെ വിട്ടു പിരിഞ്ഞിട്ടു ഏഴു വര്‍ഷം. രാജേഷിന്റെ ഓര്‍മ ദിനത്തില്‍ നടത്തുന്ന രാജേഷ് കുമാര്‍ അനുസ്മരണ പ്രഭാഷണ പരമ്പര തുടങ്ങിയിട്ട് ആറു വര്‍ഷവും. ഓരോ വര്‍ഷത്തെയും വിഷയങ്ങള്‍ മന:പൂര്‍വമായ ഒരു തിരഞ്ഞെടുപ്പിന്റെ ഫലമാണ്. രാജേഷിന്റെ വ്യക്തിപരമായ ഇടപെടലുകളെ കുറിച്ചുള്ള ഒരു തിരിച്ചറിവില്‍ നിന്നാണ് അത് ഉണ്ടാക്കുന്നത്.വ്യക്തിപരമായതിനും ഒരു രാഷ്ട്രീയമുണ്ടല്ലോ. ഓരോ സമകാലിക സംഭവത്തെയും വിലയിരുത്തുമ്പോഴും അത് രാജേഷിന്റെ രാഷ്ട്രീയ വിശ്വാസങ്ങളോട് സത്യസന്ധമായിരിക്കണം എന്ന ബോധത്തില്‍ നിന്നാണ് വിഷയങ്ങളുടെ ആ തിരഞ്ഞെടുപ്പ്.
 

 
ഭൂസമരങ്ങളുടെ രാഷ്ട്രീയം
എന്ത് കൊണ്ട് ഇങ്ങനെ പറയുന്നു എന്നറിയാന്‍ രാജേഷിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഒരല്‍പ്പം വിശദികരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഞാന്‍ രാജേഷുമായി അടുക്കുന്നതും രാഷ്ട്രീയം പങ്കു വെക്കുന്നതും 2000ന്റെ തുടക്കത്തില്‍, സെക്രട്ടേറിയേറ്റിന് മുന്‍പില്‍, സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസി സമരം നടക്കുന്ന കാലഘട്ടത്തിലാണ്. കേരളത്തിലെ സിവില്‍ സമൂഹപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയം ആദ്യമായി നിര്‍വചിക്കാന്‍ തുടങ്ങിയ ഒരു കാലവുമായിരുന്നു അത്.
ഭൂപരിഷ്കരണത്തിനെതിരെയുള്ള ചരിത്രപരമായ വിമര്‍ശനത്തില്‍ നിന്നാണ് ഇത്തരം സമരങ്ങള്‍ രൂപപ്പെട്ടു വന്നത്.ഭുമിയുടെ അവകാശം കര്‍ഷകരായ ഇടത്തരം ജാതിക്കാരിലൊതുക്കി (intermediate caste) എന്നതായിരുന്നു ആ വിമര്‍ശനം.

മുഖ്യമായും പാട്ടഭൂമിയില്‍ കുടിയാന്റെ അവകാശം ഉറപ്പിക്കുകയാണ് ആ നിയമം ചെയ്തത്. കര്‍ഷകതൊഴിലാളികളായ ദളിതര്‍ക്ക് ചരിത്രപരമായി തന്നെ ഭുമിക്കു മേല്‍ അവകാശമുണ്ടായിരുന്നില്ല. അവര്‍ക്ക് സ്വന്തം കുടില്‍ നില്‍ക്കുന്ന ഭൂമിയുടെ മേല്‍ കുടികിടപ്പ് അവകാശം മാത്രമേ ഉണ്ടായിരുന്നുന്നുള്ളൂ. കുടികിടപ്പുകാരായ അവര്‍ക്ക് കുടികിടപ്പ് ഭൂമിയില്‍ സ്ഥിര അവകാശം നല്‍കുക മാത്രമാണ് ആ നിയമം ചെയ്തത്. ഒരു കാര്യം ഇവിടെ ഓര്‍ക്കേണ്ടത് ഈ ഇടത്തരം ജാതിക്കാര്‍ക്ക് ഭുമിയുടെ മേല്‍ അധ്വാനപരമായ ബന്ധം ഉണ്ടായിരുന്നില്ല എന്നതാണ്.
 

 
ഭുരഹിതരായ ദലിതര്‍ക്കു വാഗ്ദാനം ചെയ്ത മിച്ചഭൂമി അവര്‍ക്ക് നിയമം നടപ്പാക്കി വളരെ വര്‍ഷം കഴിഞ്ഞും ലഭിച്ചുമില്ല. ഇത്തരം സമരങ്ങളുടെ ലെജിറ്റിമസിയെ നിര്‍ണയിക്കുന്നത് ഭുമിയുടെ ഉടമസ്ഥവകാശത്തെക്കുറിച്ചുള്ള ചില തിരിച്ചറിവുകളാണ്. കേരളത്തിലെ ജനസംഖ്യയില്‍ 11.4 ശതമാനം വരുന്ന ദളിതരില്‍ 55 ശതമാനത്തിന്റെയും കൈവശമുള്ള ഭൂമിയുടെ വിസ്തീര്‍ണം 1 സെന്റ് മുതല്‍ 8.5 സെന്റ് വരെയാണ്.പോരെങ്കില്‍ കേരളത്തിലെ എകദേശം 80,000ല്‍ അധികം വരുന്ന ആദിവാസികള്‍ക്ക് ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെന്ന് കിലയുടെ പഠനം വ്യക്തമാക്കുന്നുണ്ട്. അവര്‍ക്ക് ഭൂമി നല്‍കണം എന്നതായിരുന്നു ഈ സമരം മുന്നോട്ട് വെച്ച അജണ്ട.

1975ലെ ആദിവാസി ഭൂമി നിയമം അന്യാധീനപ്പെട്ട ആദിവാസികള്‍ക്ക് ഭുമി തിരിച്ചു കൊടുക്കണം എന്ന് വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍ നല്ലതമ്പി തേരയുടെ നിയമപോരാട്ടത്തിലുടെ ഈ ഭൂമി തിരിച്ചു കൊടുക്കാന്‍ അനുകുല വിധിയും നേടി. ഇടതുവലതു കക്ഷികള്‍ അതിനെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് 1999ല്‍ പുതിയ നിയമം കൊണ്ടുവന്നു. നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി കൊടുക്കാനുള്ള തീരുമാനമായിരുന്നു പുതിയ നിയമത്തിന്റെ പ്രധാന ഉള്ളടക്കം.പുതിയ നിയമത്തെ ചോദ്യം ചെയ്താണ് ആദിവാസികള്‍ സമരം തുടങ്ങിയത്.

പക്ഷെ, 2009ല്‍ സുപ്രീംകോടതി 1999 ലെ നിയമത്തിന് സാധുത നല്‍കി. എന്നിട്ടും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പകരം ഭൂമി എന്ന അജണ്ട പോലും ഇതു വരെ നടപ്പിലാക്കിയിട്ടില്ല.

കേരളത്തിലെ ദലിത്, ആദിവാസി, ഫെമിനിസ്റ്, ലൈംഗിക ന്യൂനപക്ഷ, മനുഷ്യാവകാശ സമരങ്ങളുടെ തുടര്‍ച്ച സംഭവിക്കുന്നത് ആദിവാസി ഭൂസമരത്തിന്റെ പിന്നാലെയാണ്. സ്ത്രീ, പരിസ്ഥിതി, ലൈംഗിക നൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, ഇതര ഭാഷ തൊഴിലാളികളുടെ പ്രശ്ങ്ങള്‍, വികസനത്തിന്റെ പേരിലുള്ള കുടിയിറക്കല്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നിങ്ങനെ മുഖ്യധാര അവഗണിക്കുന്ന പല പ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഇത്തരം സമരങ്ങള്‍ക്ക് കഴിഞ്ഞു.ഇതിനെ തുടര്‍ന്നാണ് മുഖ്യധാരക്ക് പുറത്തു പ്രാദേശികമായ ഒട്ടേറെ ചെറുത്തു നില്‍പ്പ് പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്നത്. ചെങ്ങറ, മുത്തങ്ങ,മൂലമ്പള്ളി,വിളപ്പില്‍ശാല തുടങ്ങിയവ ഉദാഹരണങ്ങള്‍.

 

 
രാജേഷിന്റെ രാഷ്ട്രീയം
ഇത്തരം സമരങ്ങളെ അവഗണിക്കുകയോ അതിന്റെ ലെജിറ്റമസിയെ അംഗികരിക്കാതെയിരിക്കുകയോ ചെയ്യുന്ന ഒരു നിലപാടാണ് അന്ന് പൊതു സമുഹവും മാധ്യമങ്ങളും സ്വീകരിച്ചത്. എന്നാല്‍ അതിനു വിപരീതമായി ഇത്തരം സമരങ്ങള്‍ക്ക് ലെജിറ്റമസിയുണ്ട് എന്ന് വിശ്വസിച്ച ചുരുക്കം പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് രാജേഷ്. ഇത്തരം പ്രസ്ഥാനങ്ങള്‍ക്കും മുഖ്യധാര മാധ്യമങ്ങളില്‍ ഒരിടം വേണം എന്ന് രാജേഷ് വിശ്വസിച്ചിരുന്നു.

ചില സമരങ്ങള്‍ക്ക് മാത്രം ലെജിറ്റമസിയുണ്ട് എന്ന് പറയുന്ന പൊതുബോധത്തോട് (commonsense) കലഹിക്കുകയും ഹെഗമണിക് അധികാര ഘടനകള്‍ക്ക് പുറത്തു നില്‍ക്കുന്ന സാമൂഹിക ന്യൂനപക്ഷങ്ങള്‍ക്ക് സ്വയം നിര്‍ണ്ണയ അവകാശമുണ്ട് എന്നും ആരുടെയും രക്ഷാകര്‍തൃത്വമില്ലാതെ അവര്‍ക്ക് സമരം ചെയ്യാന്‍ കഴിവുണ്ട് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമായിരുന്നു രാജേഷിന്റേത്. ഇത്തരം പ്രസ്ഥാനങ്ങള്‍ക്കും മുഖ്യധാര മാധ്യമങ്ങളില്‍ ഒരിടം വേണം എന്ന് രാജേഷ് വിശ്വസിച്ചിരുന്നു.

 

 
ഓര്‍മ്മയുടെ രാഷ്ട്രീയം
ഏഴ് വര്‍ഷം മുമ്പ് രാജേഷിന്റെ അപ്രതീക്ഷിതമായ വിയോഗമുണ്ടായി. പുതുകാലത്തിന്റെ പുളച്ചിലുകള്‍ക്കിടെ ചോര്‍ന്നുപോവുന്ന രാഷ്ട്രീയമായ ഉള്ളടക്കങ്ങളെ വിളിച്ചുപറയുന്നതാവണം അവന്റെ സ്മരണ എന്ന തിരിച്ചറിവിലാണ് സുഹൃത്തുക്കള്‍ രാജേഷ് കുമാര്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കാന്‍ തുടങ്ങിയത്.

രാജേഷിന്റെ ഓര്‍മയോട് രാഷ്ട്രീയമായി നീതി പുലര്‍ത്തണം എന്ന നിലപാടില്‍ നിന്നാണ് അവന്റെ ഓര്‍മ ദിനത്തിലെ പ്രഭാഷണ പരമ്പരയ്ക്ക് വിഷയങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യധാര മാധ്യമങ്ങള്‍ ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്ന വിഷയങ്ങളാണ് പ്രഭാഷണ പരമ്പരയ്ക്ക് വിഷയമാവാറുള്ളത്. പ്രഭാഷകരില്‍ തന്നെ ശശികുമാറും ബി.ആര്‍.പി.ഭാസ്കറുമൊഴിച്ചുള്ളവര്‍ മുഴുവനും മുഖ്യധാരയില്‍ അധികം ഇടം ലഭിച്ചിട്ടില്ലാത്തവരുമായിരുന്നു.

പത്രപ്രവര്‍ത്തകന്‍ സ്വന്തം തൊഴിലിന്റെയും സ്വന്തം അവകാശ സമരങ്ങളുടെ മുന്നണി പടയാളി മാത്രമായി ചുരുങ്ങുന്ന ഒരു കാലത്ത്, ക്ഷേമരാഷ്ട്ര (Welfare State) ബാധ്യതകള്‍ നിറവേറ്റാതിരിക്കുന്ന ഭരണകൂടത്തിന്റെ മറവികളെ ചോദ്യം ചെയ്യുന്ന പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ അതിജീവന സമരങ്ങളെ എങ്ങനെ രാജേഷ് നോക്കി കണ്ടുവെന്നു ബി.ആര്‍.പി ഭാസ്കര്‍ ആദ്യ പ്രഭാഷണത്തില്‍ വിവരിച്ചു. സാമ്പ്രദായിക പത്രപ്രവര്‍ത്തകന്റെ അതിരുകള്‍ക്കപ്പുറം, ഒരേ സമയം അക്കാദമിക് സൂക്ഷ്മതയോടും താഴെത്തട്ടിലെ ജനകീയ പ്രതിരോധങ്ങളുടെ പക്ഷം ചേര്‍ന്നും രാജേഷ് ചുറ്റുമുള്ള ലോകത്തെ പകര്‍ത്തി എന്ന്, രാജേഷിനെ കുറിച്ചുള്ള ‘നമത് വാഴ് വും കാലവും: ജി. രാജേഷ് കുമാര്‍ രചനകള്‍, സ്മരണകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം കൂടി നടന്ന ചടങ്ങില്‍ അദേഹം പറഞ്ഞു വെച്ചു.

അരികുകളില്‍ ജീവിക്കുന്നവരുടെ അതിജീവന സമരങ്ങളുടെ കാലത്ത് ഇത്തരം മൂവ്മെന്റുകള്‍ക്ക് ഗതിവേഗം നല്‍ക്കുന്ന ഒരു സാമൂഹിക വിദ്യാഭ്യാസത്തിന്റെ വാഹകരാവാന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതുണ്ട് എന്ന് രണ്ടാം വര്‍ഷത്തെ പ്രഭാഷണത്തില്‍ മലയാളം ടെലിവിഷന്‍ ചാനല്‍ ചരിത്രത്തിലെ നിര്‍ണായക സാന്നിധ്യമായ ശശികുമാര്‍ പറഞ്ഞു വെച്ചു.

ആഗോളവല്‍കരണ സാമ്പത്തിക ക്രമത്തിന് പ്രതിരോധമായി ഉയര്‍ന്നു വരുന്ന ചെറുത്തു നില്‍പ്പുകളെ അവഗണിക്കുന്ന മുഖ്യധാര അവബോധത്തിന്റെ പ്രതീകമായി മാധ്യമങ്ങള്‍ മാറുന്നത് എങ്ങനെ എന്ന് പുലപ്ര ബാലകൃഷ്ണന്‍ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു വെച്ചു.

ബിഷപ്പ് ഗീവര്‍ഗിസ് കുറിലോസ് ജാതി പ്രശ്നത്തെ വര്‍ഗ്ഗപ്രശ്നമായി ചുരുക്കാനാവില്ലെന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നത് തൊഴില്‍ വിഭജനം മാത്രമല്ല തൊഴിലാളി വിഭജനം കൂടിയാണെന്നും അംബേദ്കറെ മുന്‍നിര്‍ത്തി പറയുമ്പോള്‍, അല്ലെങ്കില്‍ ബര്‍ണാര്‍ഡു ഡിമെല്ലോ, ദേശിയ മുഖ്യധാരയില്‍ നിന്നും പാര്‍ശ്വവല്‍കരിക്കപ്പെട്ട കാശ്മീര്‍,മണിപ്പൂര്‍ തുടങ്ങിയ ഉപദേശീയതകളുടെ സ്വയം നിര്‍ണയങ്ങളെ കുറിച്ചും കൊളോണിയല്‍ കാലം മുതല്‍ അധിനിവേശ ശ്രമങ്ങള്‍ക്ക് എതിരെ ആദിവാസികള്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെ കുറിച്ചും പറയുമ്പോള്‍ അത് രാജേഷിന്റെ ഓര്‍മകള്‍ക്കു ഉചിതമായ ഒരു സ്മരണാജ്ഞലിയായി മാറുകയായിരുന്നു.

ബിഷപ്പ് ഗീവര്‍ഗിസ് കുറിലോസ് തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു വെച്ചത് പോലെ, മൂലമ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കുടിയിറക്കപ്പെടുന്നവരുടെ സാമൂഹ്യ പദവിയും, വര്‍ഗ പദവിയും കണക്കിലെടുക്കാതെ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കുന്ന വ്യവസ്ഥാപിത ഇടതുപക്ഷം തങ്ങളുടെ നിലപാട് തറകളെയാണ് റദ്ദാക്കുന്നത്. പാര്‍ശ്വവല്‍കരിക്കപ്പെട്ടവന്റെ ഹിംസ ചില സന്ദര്‍ഭങ്ങളില്‍ ഒരു ജനാധിപത്യവല്‍കരണ പ്രക്രിയയാവുന്നുണ്ട് എന്ന് ഡിമെല്ലോ ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിച്ചു.
 

 
ആള്‍ക്കൂട്ടങ്ങള്‍ മാത്രമാവുന്ന, വലിയ സമ്മേളനങ്ങളെക്കാള്‍ ചെറിയ സദസ്സുകളില്‍ നടക്കുന്ന, ഇത്തരം സംവാദങ്ങള്‍ രാജേഷിനെ ഓര്‍മിക്കാന്‍ കുടുതല്‍ ഉചിതമാകുന്നത് അത് കൊണ്ട് തന്നെയാണ് . ഇന്നത്തെ ചരിത്ര സന്ധിയില്‍ രാജേഷ് ഉണ്ടായിരുന്നെങ്കില്‍ സ്വീകരിക്കുമായിരുന്ന നിലപാടിനെ കുറിച്ചുള്ള ചര്‍ച്ചയുടെ ഫലമായാണ്, ‘ഇന്ത്യയിലെ ഫാസിസത്തിന്റെ രാഷ്ട്രിയ സാമ്പത്തിക വ്യവസ്ഥയുടെ ചരിത്രപരമായ വിലയിരുത്തല്‍’ എന്ന ഈ വര്‍ഷത്തെ വിഷയത്തില്‍ എത്തിച്ചേര്‍ന്നത്.

ഇന്നത്തെ ചരിത്ര സന്ധിയില്‍ രാജേഷ് ഉണ്ടായിരുന്നെങ്കില്‍ സ്വീകരിക്കുമായിരുന്ന നിലപാടിനെ കുറിച്ചുള്ള ചര്‍ച്ചയുടെ ഫലമായാണ്, ‘ഇന്ത്യയിലെ ഫാസിസത്തിന്റെ രാഷ്ട്രിയ സാമ്പത്തിക വ്യവസ്ഥയുടെ ചരിത്രപരമായ വിലയിരുത്തല്‍’ എന്ന ഈ വര്‍ഷത്തെ വിഷയത്തില്‍ എത്തിച്ചേര്‍ന്നത്.

ഇന്ത്യയില്‍ ഫാസിസത്തിന് അനുകുലമായ സാഹചര്യം ഒരുക്കുന്നതില്‍ ഹിന്ദുത്വ ശക്തികള്‍ക്ക് മാത്രമല്ല ഭരണകൂടത്തിന്റെ ഭാഗമായിരുന്ന എല്ലാ പാര്‍ട്ടികള്‍ക്കും പങ്കുണ്ട് എന്നും ഗുജറാത്ത് മാത്രമല്ല, സിഖ് കൂട്ട കൊലയും, ശ്രിലങ്കന്‍ പ്രശ്നത്തിനു ശേഷം തമിഴര്‍ക്കെതിരെ ഉയര്‍ന്നു വന്ന പൊതു വികാരവുമെല്ലാം ഫാസിസ്റ് പ്രവണതകള്‍ക്ക് അനുകൂലമായ മണ്ണ് ഒരുക്കിയിട്ടുണ്ട് എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ചൂഷണത്തെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയുടെ ഉല്‍പന്നമായി മനസ്സിലാക്കപ്പെടാതെ അഴിമതിയെ ഒരു വ്യക്തിഗത പ്രശ്നം മാത്രമായി ചുരുക്കുമ്പോള്‍ അത് ഫാസിസത്തിനു അനുകൂലമായ മണ്ണ് ഒരുക്കുകയാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ വിഷയത്തിലേക്ക് എത്തിചേരുന്നത്.

വികസനത്തിന്റെ അപോസ്തലന്മാരായി ഫാസിസ്റുകളെ വാഴ്ത്തുന്നതില്‍ കോര്‍പ്പറേറ്റ് മൂലധനത്തിനുള്ള പങ്കു വിസ്മരിച്ചു കൊണ്ട് ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ക്കാനാവില്ലെന്നും ഇത്തരം ഒരു വിഷയം തിരഞ്ഞെടുത്ത വേളയില്‍ തിരിച്ചറിയപ്പെടുന്നുണ്ട്.
 

 
രാജേഷ് കുമാറിന്റെ പുസ്തകത്തെകുറിച്ചുള്ള കുറിപ്പ് ഇവിടെ വായിക്കാം

One thought on “ജി രാജേഷ്കുമാര്‍: ഓര്‍മ്മകള്‍ രാഷ്ട്രീയവുമാണ്

  1. നന്ദി, സാബ്ളു. ഞങ്ങളുടെ രാജേഷിനെയും അവന്‍െറ രാഷ്ട്രീയത്തെയും വീണ്ടും ഓര്‍ത്തതിന്.

Leave a Reply

Your email address will not be published. Required fields are marked *