ബ്രസീല്‍ ! തോറ്റതാര് ?

 
 
 
 
ബ്രസീലിന്റെ തോല്‍വിയും, അതിന്റെ രാഷ്ട്രീയവും റമീസ് ചാത്തിയാറ എഴുതുന്നു
 
 

കനത്ത പോലീസ് സുരക്ഷയിലാണ് സര്‍ക്കാര്‍ ലോകകപ്പ് നടത്തുന്നത്. സാവോപോളോയിലെ ഓരോ പുല്‍മൈതാനങ്ങള്‍ക്ക് കുടിയിറക്കിയതിന്റെ കഥകളാണ് പറയാനുള്ളത്.ഞങ്ങള്‍ക്ക് കപ്പ് വേണ്ട കഴിക്കാന്‍ തരൂ,സ്‌കൂളുകള്‍ തരൂ,ആശുപത്രികള്‍ തരൂ എന്നാണ് നിരത്തുകളില്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ജര്‍മ്മനിയുമായുള്ള മത്സരത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റ് വാങ്ങി ബ്രസീല്‍ ഇത്തവണ ലോകകപ്പില്‍ നിന്നും പുറത്തായപ്പോള്‍ തിയാഗോസില്‍വക്ക് പകരം ടീമിന്റെ നായകനായ ഡേവിഡ് ലൂയിസ് മൈതാനത്ത് മുട്ടു കു്ത്തി നിന്ന് ബ്രസീല്‍ ജനതയോട് മാപ്പ് പറയുന്നത് എല്ലാവരും കണ്ടതാണ്. ആ മാപ്പ് പറച്ചിലില്‍ ഒരു പക്ഷേ തീരുന്നതല്ല അവിടുത്തെ ജനങ്ങളുടെ പ്രതിഷേധവും. റമീസ് ചാത്തിയാറയുടെ വിശകലനം 

 
 

 
 
ഭൂമിയില്‍ നടക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ മാമാങ്കമാണ് ഫിഫ ലോകക്കപ്പ്. ബ്രസീലിലെ പുതല്‍മൈതാനങ്ങളിലേക്ക് ലോകകപ്പ് എത്തുമ്പോള്‍ അതിന്റെ ചന്തം പതിമടങ്ങ് വര്‍ദ്ധിക്കും.കാര്‍ണിവലിന്റെ,സാംബ നൃത്തച്ചുവടുകളുടെ ബ്രസീല്‍.ഫുട്‌ബോള്‍ എന്ന കളിയെ ശ്വാസോച്ഛാസം പോലെ കൊണ്ട് നടക്കുന്ന നാട്. 2007ല്‍ ഫിഫ പ്രസിഡന്റ് സെപ്പ് ബ്‌ളാറ്റര്‍ 2014 ലെ ലോകകപ്പ് നടത്താനുള്ള അവകാശം ബ്രസീലിന് പതിച്ച് നല്‍കിയപ്പോള്‍ അത് ഏറ്റവും ഉചിതമായ തീരുമാനമായി തന്നെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്തു. ബ്രസീല്‍ എന്ന പേര് കേള്‍ക്കുമ്പോഴെ ലോകത്തെ മുഴുവന്‍ ആളുകളിലേക്കും ഓടിയെത്തുന്നത് അവിടുത്തെ കാപ്പിത്തോട്ടങ്ങളോ,ആമസോണ്‍ എന്ന വിസമയ കാടുകളോ അല്ല.പതിനൊന്ന് പേരുടെ ഇരുപത്തി രണ്ട് കാലുകള്‍ പുല്‍ മൈതാനിയിലെ ഒരു പന്തിനെ ലക്ഷ്യമാക്കി കുതിക്കുന്ന മഞ്ഞപ്പടകളെയാണെന്നതില്‍ സംശമില്ല. വലിപ്പത്തില്‍ ലോകത്തിലെ അഞ്ചാമത്തെ രാജ്യമാണ് ബ്രസില്‍. ബ്രസീലിന്റെ വലിപ്പത്തെക്കുറിച്ച മനസ്സിലാക്കാന്‍ ചെറിയെ ഉദാഹരണം പറഞ്ഞാല്‍ മുപ്പത്തിയഞ്ച് യുകെയെ വഹിക്കാന്‍ മാത്രമുള്ള വലിപ്പമാണ് ബ്രസീല്‍ എന്ന രാജ്യത്തിനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ബിഷപ്പ് രൂപത പ്രദേശം(catholic dioces),സ്പാനഷ് ഒഴികെ നൂറ്റിയെഴുപതോളം ഭാഷകള്‍ സംസാരിക്കുന്ന വൈവിധ്യം,രൂപത്തില്‍ ഇന്ത്യക്കാരെ പോലെ തോന്നിപ്പിക്കുന്ന ശരീര പ്രകൃതക്കാര്‍…അങ്ങനെ ബ്രസീലിന്റെ വിശേഷണങ്ങള്‍ അനവധിയാണ്.
 
 

 
 

ബ്രസീല്‍ എന്ന `വിസ്മയം’

പോര്‍ച്ചൂഗീസ് കോളനിയായിരുന്നു ഒരു കാലത്ത് ബ്രസീല്‍.പോര്‍ച്ചുഗീസുകാര്‍ ബ്രസിലിലെത്തിയപ്പോള്‍ അവിടെ കണ്ട ജനങ്ങളെ ഇന്ത്യന്‍സ് എന്നാണ് വിളിച്ചിരുന്നത്.ഏഷ്യയില്‍ നിന്നും വിശിഷ്യ ഇന്ത്യയില്‍ നിന്നും കുടിയേറിയവരാണ് ബ്രസില്‍ അക്കാലത്ത് ഏറ്റവുമധികമുണ്ടായിരുന്നതെന്ന് ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തുന്നു. ഈയടുത്ത കാലത്ത് വരെ പട്ടാള ഭരണമായിരുന്നു ബ്രസീലില്‍. ലോകത്തിലെ എയര്‍ക്രാഫ്റ്റ് നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ബ്രസീല്‍.പുറമെയുള്ളവര്‍ക്ക് ബ്രസീലിന്‍രെ കല എന്നത് സാംബാ നൃത്തമാണ്. എന്നാല്‍ ക്‌ളാസിക്കല്‍ സംഗീതത്തിന് ബ്രസീലിന്റെ സംഭാവന വളരെ വലുതാണ്. അന്താരാഷ്ട്ര തലത്തില്‍ കാര്യമായ റോളുകളൊന്നും വഹിച്ചിട്ടില്ലെങ്കിലും ആഗോള താപനത്തിനെതിരെയും മുന്‍ ഇറാന്‍ പ്രസിഡന്റ് അഹമ്മദി നജാദും പാശ്ചാത്യരും തമ്മില്‍ നില നിന്നിരുന്ന പ്രശ്‌ന പരിഹാരത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത് ബ്രസീലായിരുന്നു. തെ്ക്കന്‍ അമേരിക്കയിലെ മഴവില്‍ രാജ്യമെന്ന് പറയുമ്പോഴും വര്‍ണവിവേചനം അതി രൂക്ഷമാണിവിടം. ബ്രസിലിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്‌പ്പെട്ട കമ്പനികളുടെ സി ഇ ഒ മാരില്‍ ഒരാള്‍ പോലും കറുത്തവര്‍ഗ്ഗക്കാരില്ല.39 മുതിര്‍ന്ന മന്ത്രിമാരില്‍ ആകെ ഒരാള്‍ മാത്രമാണ് കറുത്തവര്‍്ഗ്ഗത്തില്‍പ്പെട്ടത്.

സോയാബീ്ന്‍ ആണ് ഏറ്റവും പ്രധാന കൃഷി. ഏറ്റവും വലിയ കയറ്റുമതി ഉല്‍പന്നവും ഇത് തന്നെ. വര്‍ഷ്ത്തില്‍ ഏതാണ്ട് 90 മില്ല്യണ്‍ സോയാബീനുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍.കരിമ്പാണ് മറ്റൊരു പ്രധാന ഉല്‍പന്നം. ബീഫും പരുത്തിയും കയറ്റുമതി ചെയ്യുന്ന പ്രധാന വസ്തുക്കളാണ്.

റമീസ് ചാത്തിയാറ

1950ന് ശേഷം ആദ്യമായാണ് ബ്രസീലില്‍ ലോകകപ്പ് നടക്കുന്നത്. 1978 ന് ശേഷം സൗത്ത് അമേരിക്കയിലും ഇതാദ്യം.ജനിച്ചു വീഴുന്ന കുട്ടികള്‍ പോലും ഫുട്‌ബോള്‍ നെഞ്ചിലേറ്റുന്നതാണ് ബ്രസീലിന്റെ പാരമ്പര്യം. തെരുവോരങ്ങളിലെല്ലാം ഫുട്‌ബോള്‍ മയമാണ്. അഞ്ച് തവണ ഫിഫ ലോകകപ്പ് സ്വന്തം നാട്ടിലേക്ക് കൊണ്ടുവന്നതിന്റെ പ്രൗഢി. അങ്ങനെ 2014 ലെ ലോകകപ്പിന്റെ ആതിഥേയത്വം ബ്രസീലിന് ചാര്‍ത്തുന്ന അലങ്കാരങ്ങള്‍ അനവധിയാണ്. എന്നാല്‍ ടിവിയിലും പത്രങ്ങളിലും കാണുന്നത് പോലെ അത്ര ശുഭകരമല്ല ബ്രസീലിലെ ലോകകപ്പ് മത്സരം. മൈതാനത്തിലെ നാല്‍പ്പതോളം ക്യാമറകളിലൂടെ ഒപ്പിയെടുക്കുന്ന ചടുല പ്രകടനങ്ങളല്ല യഥാര്‍ത്ഥ ബ്രസീല്‍ കാഴ്ച. 4k റെസല്യൂഷന്‍ ഇല്ലെങ്കിലും ഒരു എസ് ഡി ക്യാമറ വെച്ച് പോലും ഒരു ചാനലും അത്തരം കാഴ്ചകള്‍ നമുക്ക് സമ്മാനിച്ചില്ല്.എന്നല്ല അത്തരം വാര്‍ത്തകള്‍ വ്യാപകമാകാതിരിക്കാന്‍ ബ്രസീല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഫിഫയുടെ ഭാഗത്ത് നിന്നും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. 2013ലെ കോണ്‍ഫഡറേഷന്‍ കപ്പ് ഫൈനല്‍ മത്സരത്തില്‍ സ്‌പെയിനിനെതിരെ നെയ്മര്‍ എന്ന സൂപ്പര്‍ താരം പന്ത് ഗോള്‍പോസ്റ്റിലേക്ക് തൊടുത്ത് വിട്ടപ്പോള്‍ തൊട്ടപ്പുറത്ത് പോലീസ് എറിഞ്ഞ കണ്ണീര്‍ വാതക സെല്‍ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു സമരക്കാര്‍. ജൂണ്‍ 23ന് നടന്ന ഉറുഗ്വേ-നൈജീരിയ മത്സരത്തില്‍ സ്റ്റേഡിയത്തിനുള്ളില്‍ വരെ വെടിയൊച്ചകള്‍ കേട്ടിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.അധികാര വര്‍ഗവും കീഴാളവര്‍ഗ്ഗവും(ജനം) തമ്മിലുള്ള സംഘര്‍ഷത്തിന് ലോകത്ത് എല്ലായിടത്തും ഒരേ സ്വരം,അതിനെ അടിച്ചമര്‍ത്തുന്ന രീതിക്ക് ഒരേ സ്വഭാവം…

എന്താണ് യഥാര്‍ത്ഥ പ്രശ്‌നം ?

രാജ്യത്തിന്റെ ആകെ ജനസംഖ്യയില്‍ 16മില്യണ്‍ പേരും പ്രതിമാസം 44 ഡോളര്‍ സമ്പാദിക്കാന്‍ കഴിവില്ലാത്തവരാണ്.(ഒരു അമേരിക്കക്കാരന്‍ ഒരു മാസം കോഫി കുടിക്കാന്‍ ശരാശരി 91 ഡോളര്‍ ചെലവഴിക്കുന്നുവെന്നാണ് കണക്കുകള്‍).
ഒരു ശരാശരി ബ്രസീല്‍ പൗരന് തന്റെ രാജ്യത്ത് നിയമവിധേയമായി ജീവിക്കാന്‍ വേണ്ട കാര്യങ്ങളെന്തൊക്കെയെന്ന് നോക്കാം. വളരെ ഉയര്‍ന്ന നികുതി നിരക്കാണ് ബ്രസീലില്‍. ഒരു പൗരന്‍ ശരാശരി 40.5 ശതമാനം നികുതിയാണ് പ്രതിമാസം പല മേഖലയില്‍ നിന്നായി സര്‍ക്കാറിലേക്ക് അടച്ചു കൊണ്ടിരിക്കുന്നത്. മതിയായ സ്‌കൂള്‍ സൗകര്യമില്ല. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം എന്നത് വളരെ വിദൂരമായ സ്വപ്നമായി ഇന്നും അവശേഷിക്കുന്നു.എകണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും മോശപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൊന്ന് ബ്രസീലിലെതാണെന്നാണ് 2014ലെ ലോകകപ്പ് ബ്രസീലില്‍ നടത്തുമെന്ന് സെപ്പ് ബ്‌ളാറ്ററ്# പ്രഖ്യാപിക്കുന്നത് 2007ലാണ്. ഇതേത്തുടര്‍ന്ന വലിയ ഒരുക്കങ്ങളാണ് ബ്രസീല്‍ സര്‍ക്കാര്‍ ഫുട്‌ബോള്‍ മാമാങ്കത്തിനായി ഒരുക്കിയത്. ഇതിന് വേണ്ട ഫണ്ട് കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച് പ്രധാന നടപടിയായിരുന്നു മെട്രോ,ബസ് ചാര്‍ജ്ജ് എന്നിവ വര്‍ദ്ദിപ്പിക്കല്‍. 2013 ജനുവരിയില്‍ സാവോപോളോ മേയര്‍ ഫെര്‍നാന്‍ സോ ഹദ്ദാദ് വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചു.ഏകദേശം 20ശതമാനമാണ് ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. ജൂണ്‍ 1മുതല്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചു. ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത് ബ്രസീലിലെ സാധാരണക്കാരെ വലിയെ തോതില്‍ ബാധിച്ചു. ഭൂരിഭാഗം ജനങ്ങളും പൊതു ഗതാഗതത്തെ ആശ്രയിക്കുന്നവരായതിനാല്‍ സ്വാഭാവികമായ പ്രതികരണമെന്നൊണം ജനങ്ങള്‍ സമരം അഴിച്ചുവിട്ടു. വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്ന ജൂണ്‍ 1ന് തന്നെ സമരം തുടങ്ങി. ജൂണ്‍ 6 ആയപ്പോഴേക്കും സമരം അതിന്റെ തീക്ഷണതയിലെത്തി. ഫ്രീ ഫെയര്‍ മൂവ്‌മെന്റ് (movient passe livre) എന്ന പേരില്‍ പുതിയ പ്രസ്ഥാനം തന്നെ രൂപീകരിക്കപ്പെട്ടു.മിനിമം വേതനം 320 ഡോളറാക്കിയെങ്കിലും ഇതില്‍ 82 ഡോളര്‍ ഒരു മാസത്തെ ബസ് കൂലിക്കായി മാറ്റി വെക്കേണ്ട അവസ്ഥയായിരുന്നു ഇവിടുത്തെ ജനങ്ങള്‍ക്ക്. സമരക്കാര്‍ക്ക് നേരെ പോലീസ് ആക്രമണം അഴിച്ചുവിട്ടു നിരവധിപേര്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജ്ജിലും വെടിവെപ്പിലും പരിക്കേറ്റു.ഇത് സമരക്കാരുടെ പ്രതിഷേധത്തിന്റെ തോത് വര്‍ദ്ധിക്കാന്‍ കാരണമായി.
 
 

 
 
സമരം ഒരു ഭാഗത്ത് കൂടി നടക്കുമ്പോള്‍ തന്നെ ലോകകപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തകൃതിയായി മറ്റൊരു ഭാഗത്ത് നടന്നു. 12 സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ബ്രസീലില്‍ ഒരുങ്ങിയത്. ലോകകപ്പിന്റെ ഒരുക്കത്തിനായി 14 ബില്ല്യണ്‍ ഡോളറാണ് ബ്രസീല്‍ സര്‍ക്കാര്‍ നീക്കി വെച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ചെലവേറിയ ഒരുക്കം!!!(ജര്‍മ്മനിയില്‍ വെച്ച് നടന്ന ലോകകപ്പിന് ചെലവഴിച്ചതിന്റെ മൂന്നിരട്ടി)ലോകകപ്പ് കഴിഞ്ഞാല്‍ എന്താകും ഈ സ്റ്റേഡിയങ്ങളുടെ അവസ്ഥ എന്ന ജനങ്ങളുടെ ചോദ്യത്തിന് തൃപ്തികരമായ മറുപടി പറയാന്‍ ഡില്‍മ റൂസഫിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല 2016ലെ ഒളിമ്പിക്‌സിന്റെ ഒരുക്കത്തിനും ചേര്‍ത്ത് ബ്രസീലിയന്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് 29ബില്ല്യണ്‍ ഡോളറാണ്. ഈ തുക കൊണ്ട് രാജ്യത്ത് എണ്ണായിരം മികച്ച് സ്‌കൂളുകള്‍ നിര്‍മ്മിക്കാം.
രാജ്യത്തില്‍ വിലക്കയറ്റം 6.5ശതമാനമാണ് ഈയവസരത്തില്‍ വര്‍ദ്ധിച്ചത്. മിനിമം വേതനം 9ശതമാനം വര്‍ദ്ധിപ്പിച്ചുവെങ്കിലും 20ശതമാനം ബസ്ചാര്‍ജ്ജ് വര്‍ദ്ധനവ് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി.
മാത്രമല്ല ലോകകപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിന്റെ പരിസര പ്രദേശത്ത് നിന്നും നിരവധി ആളുകളെയും ചേരികളെയും വ്യാപകമായി ഒഴിപ്പിച്ചു. അസോസിയേറ്റ് പ്രസിന്റെ കണക്കുകള്‍ പ്രകാരം പതിനയ്യായിരം കുടുംബങ്ങളെ ലോകകപ്പിനോടനുബന്ധിച്ച് മാറ്റിപ്പാര്‍പ്പിച്ചു എന്നാണ്. 2016 ലെ ഒളിമ്പിക്‌സ് ആകുമ്പോഴേക്ക്ും ഒരു ലക്ഷം കവിയുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുടിയിറക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ചെലവില്‍ തന്നെ പ്രത്യേകം കെട്ടിടങ്ങള്‍ നല്‍കിയെങ്കിലും അതെല്ലാം അവരവരുടെ തൊഴിലിടങ്ങളില്‍ നിന്നും വളരെ ദൂരെയായിരുന്നു.

ഫിഫ ലോകകപ്പ് നടത്തുന്നതോടെ രാജ്യത്തിന് സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും ഏകദേശം 6 ലക്ഷം പേരാണ് ലോകകപ്പിനായി ബ്രസീലിലേക്കെത്തുക. ഇത് ടൂറിസം മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. മാത്രമല്ല ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നൊക്കെ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും സാധാരണ ജനങ്ങള്‍ക്ക് അതൊന്നും മനസ്സിലായില്ല.
 
 

 
 
കനത്ത പോലീസ് സുരക്ഷയിലാണ് സര്‍ക്കാര്‍ ലോകകപ്പ് നടത്തുന്നത്. സാവോപോളോയിലെ ഓരോ പുല്‍മൈതാനങ്ങള്‍ക്ക് കുടിയിറക്കിയതിന്റെ കഥകളാണ് പറയാനുള്ളത്.ഞങ്ങള്‍ക്ക് കപ്പ് വേണ്ട കഴിക്കാന്‍ തരൂ,സ്‌കൂളുകള്‍ തരൂ,ആശുപത്രികള്‍ തരൂ എന്നാണ് നിരത്തുകളില്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ജര്‍മ്മനിയുമായുള്ള മത്സരത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റ് വാങ്ങി ബ്രസീല്‍ ഇത്തവണ ലോകകപ്പില്‍ നിന്നും പുറത്തായപ്പോള്‍ തിയാഗോസില്‍വക്ക് പകരം ടീമിന്റെ നായകനായ ഡേവിഡ് ലൂയിസ് മൈതാനത്ത് മുട്ടു കു്ത്തി നിന്ന് ബ്രസീല്‍ ജനതയോട് മാപ്പ് പറയുന്നത് എല്ലാവരും കണ്ടതാണ്. ആ മാപ്പ് പറച്ചിലില്‍ തീരുന്നതല്ല അവിടുത്തെ ജനങ്ങളുടെ പ്രതിഷേധവും സമരവും.

Leave a Reply

Your email address will not be published. Required fields are marked *