“ങ്ങളേതാ കാസ്റ്റ്?”

“ങ്ങളേതാ കാസ്റ്റ്” എന്ന ചോദ്യത്തിന്റെ മലയാളം ‘ജാതിപറയെടാ പട്ടീ’ എന്നാണ്. ഈ ചോദ്യം ജീവിതത്തില്‍ പല ഘട്ടങ്ങളില്‍, പലയിടങ്ങളില്‍ അഭിമുഖീകരിച്ചവരാണ് ഓരോ മലയാളിയും. അങ്ങനെയല്ല കാര്യമെങ്കില്‍ നിങ്ങളുടെ പേരില്‍ തന്നെ ജാതി/മതം മണക്കുന്നുണ്ടാവണം-പിന്നാലെ പായുന്ന ജാതി,മത വാലിനെ കുറിച്ച് എ.വി. ഷെറിന്‍ എഴുതുന്നു

രക്തം രക്തത്തെ തിരിച്ചറിയുന്ന ആ ചോദ്യം

“ങ്ങളേതാ കാസ്റ്റ്” എന്ന ചോദ്യത്തിന്റെ മലയാളം ‘ജാതിപറയെടാ പട്ടീ’ എന്നാണ്. ഈ ചോദ്യം ജീവിതത്തില്‍ പല ഘട്ടങ്ങളില്‍, പലയിടങ്ങളില്‍ അഭിമുഖീകരിച്ചവരാണ് ഓരോ മലയാളിയും. അങ്ങനെയല്ല കാര്യമെങ്കില്‍ നിങ്ങളുടെ പേരില്‍ തന്നെ ജാതി/മതം മണക്കുന്നുണ്ടാവണം.
റഷീദ്, ജോസഫ്, സുബ്രമണ്യന്‍ നമ്പൂതിരി, കേശവന്‍ എമ്പ്രാന്തിരി, കൃഷ്ണന്‍ മൂസത്, ശ്രീധരന്‍ നായര്‍, ബാലകൃഷ്ണന്‍ ഏറാടി, ഉണ്ണികൃഷ്ണ പിഷാരടി, പ്ലാവിന്‍മൂട്ടില്‍ കുര്യച്ചന്‍, പൂക്കുഞ്ഞി തങ്ങള്‍, ബാലകൃഷ്ണ പിള്ള, ജയശ്രീ മേനോന്‍ തുടങ്ങിയവരോട് ജാതി ഏതെന്ന് തിരക്കേണ്ട കാര്യമില്ലല്ലോ. പക്ഷേ പുതിയ പേരുകള്‍-കിരണ്‍,ഷാജി,സലീന, മറിയ,റെജി, ഷെജി തുടങ്ങിയവയില്‍ ഏതെങ്കിലുമാണെങ്കില്‍ നിങ്ങളെ പരിചയപ്പെട്ടയാള്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടാകില്ല. ഉടന്‍ വരും ചോദ്യം. അച്ചന്റെ പേര്? സ്വാഭാവികമായും ഒരു 50-60 വയസുള്ള ആളുടെ പേര് വേലായുധന്‍ എന്നോ, കുഞ്ഞിക്കാദര്‍ എന്നോ മറ്റോ ആയിരിക്കും. അത് കേട്ടു കഴിയുമ്പോള്‍ നമ്മുടെ പരിചയക്കാരന്റെ മുഖം തെളിയുന്നത്/വാടുന്നത് നമുക്ക് അനുഭവിക്കാം.
പതിവു പണികഴിഞ്ഞ് പത്രമോഫീസില്‍ തളര്‍ന്നിരിക്കുന്ന ഒരു യാമത്തില്‍ ഒരു പരിചയക്കാരന്‍ വന്ന് ചോദിച്ചു. “സാറെ, ങ്ങളേതാ കാസ്റ്റ്? കൃസ്ത്യനാണോ? അല്ലെന്ന് ഞാന്‍. എന്നാലൊരു കാര്യം പറയാമെന്ന് പറഞ്ഞ് അയാള്‍ തുടര്‍ന്നു. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് കോര്‍പറേഷന്റെ ഒരു ഇടവഴി കയ്യേറിയാണ്. രേഖകള്‍ വേണമെങ്കില്‍ എത്തിക്കാം. കേട്ടയുടന്‍ എന്നിലെ പത്രപ്രവര്‍ത്തകന്‍ ഉണര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് ഞാന്‍ പറയാന്‍ തുടങ്ങും മുമ്പെ ആ കാസ്റ്റ് ചോദ്യം എന്റെ തൊണ്ടയില്‍ മുള്ളായി കുടുങ്ങി. ഈ പ്രശ്നവും കാസ്റ്റും തമ്മിലെന്ത് ബന്ധമെന്ന് ഞാന്‍. അപ്പോള്‍ അല്‍പം ചമ്മിയ മുഖവുമായി അയാള്‍ പറഞ്ഞതിങ്ങനെ. അല്ലാ, സാറ് കൃസ്ത്യാനിയാണെങ്കില്‍ ഇത് പറഞ്ഞിട്ട് കാര്യമില്ലല്ലോ. കാരണം, ഓരും കൃസ്ത്യാനികളാണല്ലോ!. ഞാന്‍ അന്തം വിട്ട് നില്‍ക്കെ അയാള്‍ തുടര്‍ന്നു^ “അല്ല, ഞങ്ങളെ കാസ്റ്റിലാണെങ്കില്‍ അങ്ങനെ ചെല അഡ്ജസ്റ്റ്മെന്റുകളൊക്കെയുണ്ടേ!”
കാസ്റ്റ് എന്ന വാക്കിന്റെ തര്‍ജ്ജമ ജാതി ആണെങ്കിലും മലയാളികള്‍ പൊതുവെ അത് ഉപയോഗിക്കുന്നത് മതം ഏതെന്ന് ചോദിക്കാനാണ്. പിന്നീടാണ് ‘അഴിച്ചുപണി’ തുടങ്ങുക. കൃസ്ത്യാനിയാണെങ്കില്‍ ആദ്യത്തെ പൊല്ലാപ്പ് ‘നമ്മടെ സഭയാണോ’ എന്നറിയാനാണ്.
ക്നാനായക്കാരന്‍ ക്നാനായക്കാരനെ, റോമന്‍ കത്തോലിക്കന്‍ റോമന്‍ കത്തോലിക്കനെ, സുറിയായി സുറിയാനിനെ, മാര്‍ത്തോമക്കാരന്‍ മാര്‍ത്തോമക്കാരനെ തൊട്ടറിയുന്ന അസുലഭ നിമിഷം. ഇതില്‍ തന്നെ തൃശൂര്‍ക്കാരന്‍ ആര്‍.സിയാണെങ്കില്‍ ഉടന്‍ തുടങ്ങുകയായി തോമാശ്ലീഹ പണ്ട് ചാവക്കാട്ടെത്തിയ കഥകള്‍. ഞങ്ങളൊക്കെ നമ്പൂതിരിമാരായിരുന്നെന്നും പുണ്യാളന്റെ ദിവ്യാത്ഭുതങ്ങള്‍ ഞങ്ങളെ യേശുവിലേക്കെത്തിച്ചെന്നും ഉടന്‍ തട്ടിവിടും. ആ പറച്ചില്‍ കേട്ടാല്‍ ഇവന്റെ നേരെ അപ്പന്റെയപ്പനെയാണ് തോമാശ്ലീഹ മതം മാറ്റിയതെന്ന് തോന്നും. നമ്പൂതിരിമാര്‍ക്കും റോമിലെ തനത് കൃസ്ത്യാനികള്‍ക്കുമിടയിലാണ് തൃശൂരിലെ ആഡ്യകൃസ്ത്യാനികള്‍ തങ്ങളെ സ്വയം പ്രതിഷ്ഠിക്കുന്നത്.
തലശേãരിയിലെയും കുറ്റിച്ചിറയിലെയും മുസ്ലിങ്ങള്‍ കടലോരങ്ങളില്‍ പാര്‍ക്കുന്ന മുക്കുവ മാപ്പിളമാരെ ചൂണ്ടി ഞങ്ങളുടെ സ്വന്തം കുലമാണത് എന്ന് ഒരിക്കലും പറയാനിടയില്ല. ഒമാന്‍ പാരമ്പര്യം അവകാശപ്പെടുന്ന മുസ്ലിം കുടുംബങ്ങളില്‍ നിന്നാരും മൈസൂര്‍ കല്യാണങ്ങള്‍ തകര്‍ത്തെറിഞ്ഞ മലമ്പ്രദേശങ്ങളിലേക്ക് പെണ്ണു തിരഞ്ഞ് പോയിട്ടില്ലല്ലോ.
ശ്രീനാരായണ ഗുരു ശിഷ്യരും, മന്നത്തിന്റെ സ്വന്തക്കാരും കിണഞ്ഞ് ശ്രമിച്ചിട്ടും കരയോഗങ്ങള്‍ക്ക് വ്യക്തിജീവിതത്തിന്റെ സ്വകാര്യതകളിലേക്ക് നുഴഞ്ഞു കയറാനായില്ല എന്ന് മലബാറിന് ആത്മാഭിമാനത്തോടെ പറയാം. ആലപ്പുഴയിലും കോട്ടയത്തും മുക്കിന് മുക്കിനുള്ള നായര്‍^ഈഴവ കാണിക്ക വഞ്ചികള്‍ ജാതീയതയുടെ കൊടിയടയാളങ്ങള്‍ തന്നെയാണ്.
ഹിന്ദുക്കള്‍ പരസ്രം ജാതി തിരയുമ്പോള്‍ അന്വേഷിക്കുന്നത് ‘ഞാനിവന് മുകളിലോ താഴെയോ’ എന്നാണ്. നമ്പൂതിരിക്ക് നായരെ കാണുമ്പോള്‍ ആശ്വാസം. ‘ഞാന്‍ അവന്റെ മേലയാണല്ലോ’!. നായര്‍ക്ക് തിയ്യനെയും, തിയ്യന് പുലയനെയും, പുലയന് കുറിച്യരെയും കുറിച്യര്‍ക്ക് പണിയരെയും കാണുമ്പോള്‍ ആശ്വാസവും നെടുവീര്‍പ്പും. എല്ലാം ദൈവകൃപ.
ജയലക്ഷ്മി മന്ത്രിയായി മാറിയപ്പോള്‍ അവരുടെ അമ്പും വില്ലും പിടിച്ച പടം അച്ചടിച്ചു വന്നതിന് കണക്കില്ല. കാട്ടില്‍ നിന്ന് ഇറങ്ങി വന്നൊരാള്‍ എന്ന് ‘ക്യാച്ച് വേഡ്’ കൊടുക്കാതിരുന്നത് ഭാഗ്യം. ജയലക്ഷ്മിയെ വര്‍ണ്ണിക്കുന്ന കൂട്ടത്തില്‍ ‘കുറിച്യര്‍ ആദിവാസികളിലെ നമ്പൂതിരിമാരാ’ണെന്ന് ഒരു പത്രം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.
ഞങ്ങളുടെ പറമ്പില്‍ പണിക്കു വന്ന മൂന്നു പേരില്‍ ഒരാളെ ഒരു ദിവസം കാണാനില്ല. വിഷയം അന്യേഷിച്ചപ്പോള്‍ അയാള്‍ തൊട്ടടുത്ത നമ്പൂതിരിമാരുടെ പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍ക്കാന്‍ പോയതാണെന്ന് മറുപടി.
ഇതു പറയുമ്പോള്‍ അയ്യപ്പേട്ടന്റെ കണ്ണില്‍ രോഷവും പ്രതിഷേധവുമുണ്ടായിരുന്നു. ഒപ്പം അയ്യപ്പേട്ടന്‍ ഇങ്ങനെ കൂടി പറഞ്ഞു. “മ്മളാരെ പറ്റിച്ചാലും നമ്പൂരിമാരെ പറ്റിക്കര്ത്.ഓരൊര് വല്ലാത്ത ജാതിക്കാരാണ്. മ്മളൊക്കെ പറ്റിച്ചാ ഓരെ കഥ എന്താകും”?

എന്തെങ്കിലുമാകുമോ? എനിക്കറിയില്ല.

8 thoughts on ““ങ്ങളേതാ കാസ്റ്റ്?”

  1. ഒരു പഴയ ഫലിതം ഓര്‍മ വന്നു. ട്രെയിന്‍ യാത്രയില്‍ കമ്പാര്‍ട്ടുമെന്റിലിരിക്കുന്നവര്‍ പരസ്പരം ജാതി ചോദിച്ച് പരിചയപ്പെട്ടു. സന്ദര്‍ഭവശാല്‍ എല്ലാവരും ഉന്നതജാതികള്‍. ഒന്നും മിണ്ടാതെയിരിക്കുന്ന നാലാമനോട് ഒന്നാമന്‍ ചോദിച്ചു. ”അല്ലാാ, ങ്ങളൊന്നും പറഞ്ഞില്ല.” അപ്പോള്‍ നാലാമന്‍ പറഞ്ഞു, ”ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്.” അപ്പോള്‍ ഒന്നാമന്‍: ”ഓാ…അപ്പോ തിയ്യനാണല്ലേ….”

  2. ജാതി ചോദിക്കാം പറയാം. പക്ഷെ അതിനു ശേഷം ഒരു if condition ഇടരുത്‌!

    • പൂനെ യിലെ ഫ്ളാറ്റില്‍ പലപ്പോഴും നേരിട്ട ഒരു ഭീകര അവസ്ഥ ആയിരുന്നു പേരിനു ” വാല്‍ ” ഇല്ല എന്നത്. സര്‍ നെയിം എന്താണെന്ന ചോദ്യത്തിന് ഇനീശ്യലില്‍ നിന്നു തന്ത പേരിലെക്കും, കുടുംബ പേരിലേക്കും വിശദീകരണം എത്തിയാലും തൃപ്തരാകാതെ കൃത്യമായി ” ജാതി ഏതു ? ” എന്ന് ചോദിക്കുകയും, പറയാന്‍ താല്‍പ്പര്യമില്ല എന്ന മറുപടിയില്‍ തീവ്ര പ്രതികരണങ്ങള്‍ ഏറ്റു വാങ്ങുകയും പലപ്പോഴും ഉണ്ടായിട്ടുണ്ട് . തന്തയില്ലാത്തവന്‍ /അവള്‍ ക്ക് സമൂഹം നല്‍കുന്ന സ്ഥാനത്തിനു തുല്യമായ ഒരു സ്ഥാനം ഫ്ലാറ്റിനു പരിസരങ്ങളില്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു ജീവിക്കുകയും ചെയ്തു. പല വഴികളിലൂടെയും അന്വേഷിച് തങ്ങളേക്കാള്‍ താഴ്ന്നതാണോ അതോ മുകളിലാണോ ജാതി സ്ഥാനം എന്ന് കണ്ടു പിടിച്ചതിനു ശേഷം കൂട്ട് കൂടണോ, വേണ്ടയോ എന്ന് തീരുമാനാനിച്ചവരും ഉണ്ട് .കേരളം ഭേദം എന്ന് അവിടെ വെച്ച ആശ്വസിച്ചു. അക്കരപ്പച്ച അല്ലാതെന്ത് !!!! നാട്ടില്‍ തിരിച്ചെത്തി മകളെ സ്കൂളില്‍ വിട്ടപ്പോള്‍ അറിഞ്ഞു ഇവിടത്തെ അവസ്ഥ നേരില്‍ . ലോകത്തെ ഏറ്റവും മഹത്തരമായ മതം ക്രിസ്തു മതമാണെന്നും , എല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും കുഞ്ഞു മനസ്സുകളില്‍ പല രീതിയില്‍ കുത്തി വെയ്ക്കുന്ന സ്കൂള്‍ ! ഇത് പറയുമ്പോള്‍ കൃസ്ത്യാനികളെ അധിക്ഷേപിക്കയാണ് എന്ന് കരുതരുത്.. ഒറ്റ മതക്കാരും പിന്നില്‍ അല്ല. പെണ്‍കുട്ടികള്‍ കര്‍ക്കിടക മാസത്തില്‍ തുളസിപ്പൂ ചൂടി പോകയും, എല്ലാ ദിനവും രാമായണ പാരായണം അസ്സംബ്ലി യില്‍ നടത്തുകയും ചെയ്യുന്ന വിദ്യാലയങ്ങളും വിഖ്യാതം . രാമായതിന്റെയും, ബൈബിളിന്റെയും, ഖുരാന്റെയും ഒക്കെ സാരാംശം അല്‍പ്പമെങ്കിലും ഈ കുഞ്ഞുങ്ങളിലേക്ക്‌ എത്തിക്കാന്‍ മതം ഘോഷിക്കുന്ന ഈ സ്കൂളുകള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോകുന്നു.

  3. ങ്ങളെതാ ജാതി ഹ ഹ മലയാളിയുടെ കപട പുരോഗമന മുഖത്തിന്‌ പിന്നില്‍ ഒളിച്ചിരിക്കുന്ന ചോദ്യം

  4. ഹഹ നിങ്ങള്‍ ദളിത്‌ പദം എന്നൊന്ന് കേട്ടിടുണ്ടോ … ഇല്ലെങ്കില്‍ ഈ ലിങ്ക് നോക്കുക ..അതിലെ ആദ്യത്തെ കമന്റ്‌ …. കാലം പോയ പോക്കെ …. മനുഷ്യര്‍ക്ക്‌ ജാതി വന്നു ….. ഇപ്പോള്‍ പദങ്ങള്‍ക്കും ജാതി ഇടുന്നു ……….. ഈ പുരോഗമാനക്കാരനെ ഒക്കെ എന്ത് ചെയ്യണം…. Shame on mathrubhumi
    http://www.mathrubhumi.com/movies/web_exclusive/221668/#disqus_thread
    ഇതില്‍ രണ്ടാം പേജ് ഇലെ ആദ്യത്തെ കമന്റ്‌ നോകുക …. ലേഖകന്റെ തന്നെ കമന്റ്‌ ആണിത്

Leave a Reply

Your email address will not be published. Required fields are marked *