സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

കൂടുതല്‍ ആണവ നിലയങ്ങള്‍ക്ക് ഇന്ത്യ; ഉള്ളവ അടച്ചുപൂട്ടാന്‍ ജര്‍മനി

കൂടുതല്‍ ആണവ നിലയങ്ങള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതിനിടെ, ആണവോര്‍ജ ബിസിനസ് പൂര്‍ണമായും നിര്‍ത്താന്‍ ലോകത്തെ പ്രമുഖ ആണവോര്‍ജ കമ്പനി സീമന്‍സ് തീരുമാനിച്ചു. ജപ്പാനിലെ ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് കമ്പനിയുടെ സി.ഇ. പീറ്റര്‍ എല്‍ഷര്‍ പറഞ്ഞു.

കൂടുതല്‍ ആണവ നിലയങ്ങള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതിനിടെ, ആണവോര്‍ജ ബിസിനസ് പൂര്‍ണമായും നിര്‍ത്താന്‍ ലോകത്തെ പ്രമുഖ ആണവോര്‍ജ കമ്പനി സീമന്‍സ് തീരുമാനിച്ചു. ജപ്പാനിലെ ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് കമ്പനിയുടെ സി.ഇ. പീറ്റര്‍ എല്‍ഷര്‍ പറഞ്ഞു. ജര്‍മനി അടുത്ത കാലത്തായി കൈകൊണ്ട ആണവോര്‍ജ വിരുദ്ധ നിലപാടുകളാണ് ജര്‍മന്‍ എഞ്ചിനീയറിങ്, വ്യവസായ ഭീമനായ സീമെന്‍സിനെ ഈ നിര്‍ണായക തീരുമാനത്തില്‍ എത്തിച്ചത്. ‘ ആ അധ്യായം കഴിഞ്ഞു. ആണവനിലയങ്ങളുടെ നിര്‍മാണ, ധനസഹായ മേഖലകളില്‍ ഇനി ഞങ്ങളുണ്ടാവില്ല’-പ്രമുഖ വാര്‍ത്താ മാഗസിനായ സ്പീഗലിനു നല്‍കിയ അഭിമുഖത്തില്‍ സീമെന്‍സ് സി.ഇ. ഒ പറഞ്ഞു. തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും പുനരുല്‍പ്പാദന ഊര്‍ജ മേഖലയില്‍ പതിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
20 വര്‍ഷത്തിനകം 430 ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ റഷ്യന്‍ കമ്പനിയായ റോസാറ്റമുമായി ഉണ്ടാക്കിയ കോടിക്കണക്കിന് ഡോളറിന്റെ കരാര്‍ ഉപേക്ഷിച്ചാണ് സീമെന്‍സ് ലോക ആണവോര്‍ജ മേഖലയില്‍ നിര്‍ണായക മാറ്റം സൃഷ്ടിക്കുന്ന ഈ തീരുമാനമെടുത്തത്. രണ്ട് വര്‍ഷം മുമ്പാണ് റോസാറ്റമുമായി കമ്പനി കരാറുണ്ടാക്കിയത്. എന്നാല്‍, മറ്റു മേഖലകളില്‍ ഈ കമ്പനിയുമായുള്ള കരാര്‍ തുടരുമെന്ന് സീമെന്‍സ് സി.ഇ. ഒ അറിയിച്ചു.
ഫുകുഷിമ ദുരന്തവും ആണവോര്‍ജത്തോടുള്ള ജര്‍മന്‍ പൊതുജന വികാരവുമാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്‍മന്‍ രാഷ്ട്രീയവും പൊതുജനവും മുന്നോട്ടു വെക്കുന്ന ആണവോര്‍ജ നിലപാടിനോടുള്ള തങ്ങളുടെ പ്രതികരണമാണ് ഇത്. പരമ്പരാഗത ഊര്‍ജ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ആവി ടര്‍ബൈനുകളുടെ ഉല്‍പ്പാദനം തുടരും. പുനരുല്‍പ്പാദന ഊര്‍ജ മേഖലയില്‍ തങ്ങളടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കും. 2020 ഓടെ ജര്‍മനിയുടെ ഊര്‍ജ ആവശ്യങ്ങളുടെ 35 ശതമാനവും പുനരുല്‍പ്പാദന ഊര്‍ജ മേഖലയില്‍നിന്നായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2022 ഓടെ ജര്‍മനിയിലെ 17 ആണവ നിലയങ്ങളും അടച്ചു പൂട്ടുമെന്നും ആണവോര്‍ജം ഉപേക്ഷിക്കുന്ന ലോകത്തിലെ ആദ്യ പ്രമുഖ വ്യവസായ രാജ്യമായി തങ്ങള്‍ മാറുമെന്നും കഴിഞ്ഞ വര്‍ഷം ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രഖ്യാപിച്ചിരുന്നു. ജര്‍മന്‍ ആണവ നിലയങ്ങളുടെ ആയുസ്സു കൂട്ടുമെന്ന മുന്‍ നിലപാട് പൂര്‍ണമായും തിരസ്കരിച്ചാണ് മെര്‍ക്കല്‍ ആണവ നിലയത്തിനെതിരായ നയം വ്യക്തമാക്കിയത്. ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് ജര്‍മനിയിലുണ്ടായ ശക്തമായ ജനവികാരമാണ് മെര്‍ക്കലിന്റെ നിലപാട് മാറ്റിയത്.
പ്രമുഖ ആണവ രാജ്യങ്ങളിലൊന്നായ ജര്‍മനി നിലപാടു പൂര്‍ണമായി മാറ്റുകയാണെന്നതിന്റെ വ്യക്തമായി തെളിവാണ് സീമെന്‍സിന്റെ തീരുമാനം. എന്നാല്‍, ഇന്ത്യ ഈ രംഗത്ത് കൂടുതല്‍ സജീവമാവാനുള്ള തീരുമാനത്തിലാണ്. ആണവ നിലയങ്ങള്‍ക്കെതിരെ വിവിധയിടങ്ങളില്‍ ശക്തമായ ജനവികാരം നിലനില്‍ക്കുമ്പോഴാണ് കൈയൂക്കു കൊണ്ട് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.

One thought on “സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

  1. നിങ്ങ ചുമ്മാ ആവേശം കൊണ്ടോണ്ട് വല്ല കാര്യോം ഒണ്ടോ?
    വെറുതെ അര്‍ദ്ധ സത്യങ്ങളും, പാതി വെന്ത എന്വിരോന്മേന്ടളിസ്റ്റ് വാദഗതികളും പൊക്കി കൊണ്ടുവരാതെ…..
    വായിയ്ക്കു http://www.frontlineonnet.com/fl2824/stories/20111202282403300.htm
    ജനങ്ങളുടെ ഭീതി മനസ്സിലാക്കാം……. അതെല്ലാം ദുരീകരിക്കേണ്ടത് തന്നെ….

Leave a Reply

Your email address will not be published. Required fields are marked *