മലയാളം ഫിക്ഷന്‍ മാറുന്നു

ആ ആലോചനയിലൂടെ നടന്നപ്പോള്‍ കണ്ടു, ചില ഇലയനക്കങ്ങള്‍. കാറ്റുവരവുകള്‍. നമ്മുടെ സാഹിത്യത്തിന്റെ ഒരറ്റത്ത് മാറ്റത്തിന്റെ കാറ്റു വീശുന്നു. ഫിക്ഷനില്‍. പുതിയ തരം പ്രമേയങ്ങള്‍. പുതിയ എഴുത്തുകാര്‍. പോപ്പുലര്‍ ഫിക്ഷന്‍െയും ത്രില്ലറിന്റെയും ഡിറ്റക്റ്റീവ് നോവലിന്റെയും പോലും സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ആഖ്യാന പരീക്ഷണങ്ങള്‍. സിനിമയുടെയും പരസ്യചിത്രങ്ങളുടെയും മ്യൂസിക് ആല്‍ബങ്ങളുടെയും ആഴങ്ങളില്‍ വേരു തൊടുന്ന രചനാ തന്ത്രങ്ങള്‍. അതിനൊപ്പം അവ വായിക്കപ്പെടുന്ന പുതിയൊരു വായനാ സമൂഹം. പ്രതീതി യാഥാര്‍ഥ്യത്തിന്റെ സൈബര്‍ ആകാശങ്ങളില്‍ അവയുടെ കൊടിക്കൂറകള്‍.

ഷീലാ റെഡ്ഡിയാണ് ആ ചിന്തയിലേക്കുള്ള പാലമായത്. ഇന്ത്യന്‍ ഇംഗ്ലീഷില്‍ നടക്കുന്ന പുതിയ വിപ്ലവങ്ങളെക്കുറിച്ചുള്ള ഔട്ട് ലുക്ക് കവര്‍ സ്റ്റോറിയിലൂടെ. ഏറിയാല്‍ പതിനായിരം കോപ്പികള്‍ മാത്രം വിറ്റഴിയുന്ന ഇന്ത്യന്‍ ഇംഗ്ലീഷ് പ്രസാധന രംഗത്ത് വന്ന പുതിയ ഉണര്‍വുകളെ കുറിച്ചായിരുന്നു ആ സ്റ്റോറി. പുതിയ പ്രസാധകര്‍. പുതിയ മാര്‍ക്കറ്റിങ് രീതികള്‍. പുതിയ എഴുത്തുകാര്‍. പുതിയ തരം വായനക്കാര്‍. ഒറ്റയടിക്ക് അമ്പതിനായിരവും ഒരു ലക്ഷവും അച്ചടിക്കുന്ന പിടിവിട്ട കച്ചവടം. പണ്ടെന്നോ പറഞ്ഞു വെച്ച സങ്കല്‍പ്പങ്ങള്‍ പിഴുതെറിഞ്ഞ് വായനക്കാരനിലേക്ക് നേരെ ചെന്നു കയറുന്ന ആ ഘോഷയാത്രയിലേക്ക് പുതിയ നിര എഴുത്തുകാരും വായനക്കാരും ചെന്നുകയറുന്നതിന്റെ സൂചനകള്‍.

അതെ, സൂചനകള്‍. അതു തന്നെയാണ് തികച്ചും സാധാരണമായ ആ ചിന്തയിലേക്ക് എടുത്തെറിഞ്ഞത്. ഇന്ത്യന്‍ ഇംഗ്ലീഷില്‍ കാറ്റ് ഇങ്ങനെയെങ്കില്‍ നമ്മുടെ ഭാഷയിലും ഇലയനങ്ങണ്ടേ?

ആ ആലോചനയിലൂടെ നടന്നപ്പോള്‍ കണ്ടു, ചില ഇലയനക്കങ്ങള്‍. കാറ്റുവരവുകള്‍. നമ്മുടെ സാഹിത്യത്തിന്റെ ഒരറ്റത്ത് മാറ്റത്തിന്റെ കാറ്റു വീശുന്നു. ഫിക്ഷനില്‍. പുതിയ തരം പ്രമേയങ്ങള്‍. പുതിയ എഴുത്തുകാര്‍. പോപ്പുലര്‍ ഫിക്ഷന്‍െയും ത്രില്ലറിന്റെയും ഡിറ്റക്റ്റീവ് നോവലിന്റെയും പോലും സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ആഖ്യാന പരീക്ഷണങ്ങള്‍. സിനിമയുയുെം പരസ്യചിത്രങ്ങളുടെയും മ്യൂസിക് ആല്‍ബങ്ങളുടെയും ആഴങ്ങളില്‍ വേരു തൊടുന്ന രചനാ തന്ത്രങ്ങള്‍. അതിനൊപ്പം അവ വായിക്കപ്പെടുന്ന പുതിയൊരു വായനാ സമൂഹം. പ്രതീതി യാഥാര്‍ഥ്യത്തിന്റെ സൈബര്‍ ആകാശങ്ങളില്‍ അവയുടെ കൊടിക്കൂറകള്‍.

‘ഡ്രാക്കുളയും’ ഡിറ്റക്റ്റീവ് നോവലുകളും ത്രില്ലറുകളും സിനിമാ തിരക്കഥകളും ഒരേ ആവൃത്തിയില്‍ സംഭവിക്കുന്ന അന്‍വര്‍ അബ്ദുള്ള, ‘ഞങ്ങളുടെ മഞ്ഞപ്പുസ്തക’മെഴുതിയ അശോകന്‍, ഉന്‍മാദം കലര്‍ന്ന കളിമട്ടില്‍ കത്തിപ്പിടിച്ച 2048 എന്ന നോവലെഴുതിയ സുരേഷ് പി. തോമസ്, ഡില്‍ഡോ പോലെ, പന്നി വേട്ട പോലെ പുതുജീവിതത്തിന്റെ കലക്കം കൂളായി എഴുതിപ്പോവുന്ന വി.എം ദേവദാസ്, പൂര്‍ത്തിയായിട്ടില്ലെങ്കിലും പഴയ പച്ചക്കുതിര മാസികയുടെ നീളവും വീതിയും കൂടിയ പുറത്തിരുന്ന് കണ്ണിറുക്കി ചിരിക്കാറുള്ള ജാതകപാരിജാതം എഴുതിയ എന്‍. ബൈജു, പേരറിയുന്നവരും അറിയാത്തവരുമായ മറ്റേനകം ഉര്‍ജപ്രവാഹങ്ങള്‍.

2
ഇവരുടെ എഴുത്തിലും അനേകം സാമ്യതകള്‍, സവിശേഷതകള്‍ കാണാനാവുമെന്നു തോന്നി. ആഗോളവല്‍കരണ, ഉദാരവല്‍കരണാനന്തര കാലത്ത് ജീവിക്കുന്ന, അക്കാലത്തെ ജീവിതങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് സ്വാഭാവികമായും ഉണ്ടായിരിക്കേണ്ട ചിലത്. പുതിയ കാലം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമായ ഉല്‍ക്കണ്ഠകള്‍, വിര്‍ച്വല്‍ ലോകം നല്‍കുന്ന അന്തം വിടലുകള്‍, സ്വത്വത്തിലേക്കും സ്വത്വരാഷ്ട്രീയത്തിലേക്കും വന്നും പോയും കൊണ്ടിരിക്കുന്ന മിന്നല്‍പ്പിണറുകള്‍, പാരമ്പര്യവുമായുള്ള പൊക്കിള്‍ കൊടി ബന്ധങ്ങള്‍ അങ്ങനെ പലതുമാവാം ഇവരെ എവിടെയൊക്കെയോ കണ്ണി ചേര്‍ക്കുന്നത്. എന്നാല്‍, ഒരേ കാലത്ത് ജീവിക്കുകയും സമാനമായ സാഹചര്യങ്ങള്‍ പങ്കിടുകയും ചെയ്യുമ്പോഴും ഒരു സാമ്യതയും പറയാനാവാത്ത ചില വ്യത്യസ്തതകളും ഇവര്‍ അകമേ വഹിക്കുന്നുണ്ട്.

ബാലപംക്തിയില്‍ എഴുതി, കാമ്പസ് മല്‍സരങ്ങളില്‍ തിളങ്ങി, ചെറുപ്പത്തിലേ എഴുത്തുകാരനെന്ന പ്രഭ പരത്തി, പ്രതീക്ഷ ഉയര്‍ത്തി എം.ടിയായോ, ഒ.വി വിജയനയോ വിനയത്തോടെ കയറി വന്ന് ഇരുന്നവരല്ല ഇവരാരും. തീര്‍ച്ചയായും നേരത്തെ എഴുതുകയും ചില മല്‍സരങ്ങളിലൊക്കെ തിളങ്ങുകയും ചെയ്തവര്‍ ഇവരിലുണ്ടെങ്കിലും ഇവരാരും കാമ്പസ്കാലത്തോ തൊട്ടടുത്തോ നാലാളറിയുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തവരല്ല. ആ സമയത്തെ എഴുത്തു താരങ്ങള്‍ മറ്റു ചിലരായിരുന്നു. പഠന കാലത്തു തന്നെ പ്രസിദ്ധീകരിക്കപ്പെട്ടവര്‍. പുസ്തകമായവര്‍. മുതിര്‍ന്ന എഴുത്തുകാരുടെ ഇഷ്ടഭാജനങ്ങള്‍. എന്നാല്‍, അവരില്‍ പലരെയും ഇന്ന് കാണാനേയില്ല.

3
സംശയമുണ്ടെങ്കില്‍ അന്‍വറിനെ നോക്കൂ. ഡ്രാക്കുള ഇറങ്ങുന്ന സമയത്തു പോലും അന്‍വറിന്റെ വരവ് ആരും കാത്തിരുന്നിട്ടില്ല. പ്രതീക്ഷിച്ചിട്ടുമില്ല. ചുരുക്കം കൂട്ടുകാര്‍ക്കിടയില്‍ മാത്രം, അന്‍വറിന്റെ കഥ പറച്ചില്‍ മാജിക് ഒതുങ്ങി. എഴുതാത്ത കഥകള്‍ കൂളായി പറഞ്ഞു കൊടുക്കുന്ന അന്‍വറിന്റെ ചിത്രം ചില കൂട്ടുകാരുടെ ഓര്‍മ്മകളിലുണ്ട്.

പീറ്ററുമതെ. ഒരു വായനക്കാരന്റെയും ഓര്‍മ്മയില്‍ ഇല്ലായിരുന്നു, ഭാഷാപോഷിണിയില്‍ ഒരിക്കല്‍ കഥ അച്ചടിച്ചു വന്ന അവന്റെ ചിത്രം. 2048 പോലൊരു നോവല്‍ അതുവരെ മലയാളം കണ്ടിരുന്നില്ല. ഭാഷയുടെ ഒരു അയ്യരു കളി ആയിരുന്നു അത്. ഉന്‍മാദത്തിന്റെയും രാഷ്ട്രീയത്തിന്റെയും, ടി.വി കൊമേഴ്ഷ്യലുകളെ ഓര്‍മ്മിക്കുന്ന അതിവേഗ ദൃശ്യഖണ്ഡങ്ങളുടെയും ബിംബങ്ങളുടെയും കോക്ടെയില്‍. ആരും നിനക്കാത്ത നേരം കത്തിപ്പടര്‍ന്ന പീറ്ററിനെ ഇപ്പോഴും നമ്മുടെ പല വലിയ സാഹിത്യകാരന്‍മാര്‍ക്കും അറിയുക പോലുമില്ല.
ഇന്റര്‍നെറ്റിലൂടെയെത്തിയ സൌഹൃദക്കൈകളാണ് ദേവദാസിന്റെ പുസ്തകത്തെ സാധ്യമാക്കിയത്. മലയാളത്തില്‍ ബ്ലോഗ് എഴുതിയിരുന്ന പല നാടുകളില്‍ കഴിയുന്ന കുറേ കൂട്ടുകാരുടെ മുന്‍കൈയില്‍ പിറവിയെടുത്ത ബുക് റിപ്പബ്ലിക് എന്ന പ്രസാധന സംരംഭം. തീര്‍ത്തും ജനാധിപത്യ രീതിയില്‍, പ്രൊഫഷണലായി നടന്ന ചര്‍ച്ചകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട ദേവദാസിന്റെ ഡില്‍ഡോ എന്ന നോവല്‍ നമ്മുടെ ഫിക്ഷന്റെ പതിവു ഏമ്പക്കങ്ങളെ മുഴുവന്‍ തട്ടിത്തെറിപ്പിക്കുന്നതായിരുന്നു. വിതരണത്തിലും മറ്റുമുള്ള അമച്വര്‍ സ്വഭാവവും മറ്റും ആ നോവല്‍ അധികമാളുകളില്‍ എത്തിച്ചില്ലെങ്കിലും കൊള്ളേണ്ടിടത്ത് കൊണ്ടിരുന്നു ദേവദാസിന്റെ ഏറ്. പന്നിവേട്ടയിലേക്ക് ഡി.സി ബുക്സിന്റെ വാതില്‍ അനായാസം തുറന്നത് അങ്ങനെ തന്നെയാണ്.

അശോകനും, ബൈജുവും ഇതുപോലൊക്കെ തന്നെയാണ്. അശോകന്റെ മഞ്ഞപ്പുസ്തകം ഇറങ്ങിയ സമയത്ത് ആര്‍ക്കും അറിയുമായിരുന്നില്ല്ല, ആരാണ് ഈ മനുഷ്യനെന്ന്. എന്‍. ബൈജുവിനെയും പച്ചക്കുതിര രൂപം മാറിയ ശേഷം കണ്ടിട്ടേയില്ല. എന്നാല്‍, ഇവരിരുവരുംചെയ്ത ക്രൂരകൃത്യങ്ങള്‍ മലയാള ഫിക്ഷന്റെ അടിവേരു മാന്തുന്നതായിരുന്നു.

പശ്ചാത്തലം എന്നൊക്കെ പറയുന്ന വലിയ സെറ്റപ്പില്‍ പീറ്ററിന് ഒരു കമ്പ്യൂട്ടര്‍ പ്രൊഫഷണലിന്റെ ഇടം. എന്നാല്‍, എഴുത്തുകാരനാവുക എന്ന വിളിയില്‍ പീറ്റര്‍ അവിടെ നിന്ന് ഇറങ്ങിപ്പോന്നു. സാഹിത്യ വിദ്യാര്‍ഥി ആയിരുന്നെങ്കിലും അന്‍വറിന് കൂട്ട് ഉണ്ണായി വാര്യരായിരുന്നില്ല. ഡ്രാക്കുളയും കൊള്ളക്കാരുമൊക്കെയായിരുന്നു. കൈയിലുള്ള ഭാഷ കൊണ്ട് ജീവിക്കാമെന്ന ഉറപ്പില്‍ ഇത്തിരി നാള്‍ പത്രക്കാരനായെങ്കിലും രക്ഷപ്പെട്ട അന്‍വര്‍ കഥപറച്ചില്‍ കൊണ്ടു തന്നെയാണ് ചുറ്റുമുള്ള ലോകം മാറ്റിയത്. ദേവദാസും നമ്മുടെ സാമ്പ്രദായിക എഴുത്തുകാരുടെ പശ്ചാത്തലത്തില്‍നിന്നല്ല.

4
കാര്യം ഇതൊക്കെയാണെങ്കിലും അത്രക്കങ്ങ് ഉറപ്പിച്ചു പറയാനാവുമോ, നമ്മുടെ ഫിക്ഷന്‍ മാറുകയാണെന്ന്. ഇവരൊക്കെ പുതുതലമുറ വെടിയുണ്ടകളാണെന്ന്. പറ്റില്ല. കേവലയുക്തി കൊണ്ട് ഭേദിക്കാനാവാത്ത ചില ശൂന്യതകള്‍ ഇപ്പോഴും മുന്നില്‍. പലയിനം കണ്‍ഫ്യൂഷനുകള്‍. ന്യൂജനറേഷന്‍ ഫിക്ഷന്‍ എന്ന് വിളിക്കുമ്പോഴും പരസ്പരം തൊടാതെ കിടക്കുന്നു, ഇവരെഴുതുന്ന ഫിക്ഷന്റെ പലയിനം സവിശേഷതകള്‍. മുന്‍വിധികള്‍. അതിനപ്പുറം പലയിനം സാധ്യതകള്‍. അതിലൊരിടത്ത് ഡി.സി ബുക്സിന്റെ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറിന്റെ വാക്കുകള്‍. ‘ പുതിയ ഫിക്ഷന്‍ എഴുത്തുകാര്‍ വായിക്കപ്പെടുന്നുണ്ട്. പുതിയ വായനക്കാര്‍ ഉണ്ടാവുന്നുണ്ട്, അവര്‍ക്കൊപ്പം. എന്നാല്‍, ഇവരുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഇന്നത്തെ വായന കണ്ടല്ല. വരും കാലത്തേക്കുള്ള ഈടുവെപ്പാണ് ഇവര്‍’.

5
അങ്ങനെയിരിക്കെ, നമ്മളിക്കാര്യം അന്വേഷിച്ചു പോവുന്നു. മലയാളം ഫിക്ഷന്‍ മാറുന്നോ. മാറുന്നെങ്കില്‍ ഏതു വിധം. അവയ്ക്ക് പൊതു സവിശേഷതകളുണ്ടോ. ഓണ്‍ലൈന്‍ എഴുത്ത് നമ്മുടെ ഫിക്ഷനെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടോ. അങ്ങനെയങ്ങിനെ ചോദ്യങ്ങള്‍.

മലയാളത്തിലെ സൈബര്‍ ചിറകടികളുടെ സൈദ്ധാന്തിക ധാരകള്‍ ആദ്യമായി വായിച്ചെടുത്ത പ്രമുഖ നിരൂപകന്‍ പി.കെ രാജശേഖരന്‍, ഉമ്പര്‍ട്ടോ എക്കോ എന്ന കഥയിലൂടെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളുടെ മുന്‍നിരയിലെത്തിയ പ്രമുഖ കഥാകൃത്ത് ബി. മുരളി എന്നിവര്‍ സംസാരിക്കുന്നു.
ഒപ്പം, നാം ഇതു വരെ പറഞ്ഞ എഴുത്തുകാര്‍. അന്‍വര്‍ അബ്ദുള്ള, വി.എം. ദേവദാസ്, സുരേഷ് പി. തോമസ്. ജീവിതത്തെയും ഫിക്ഷനെഴുത്തിനെയും വായനയെയും കുറിച്ച് അവരുടെ വര്‍ത്തമാനങ്ങള്‍.

അന്‍വറിന്റെ ഡ്രാക്കുള, ദേവദാസിന്റെ പന്നിവേട്ട എന്നീ നോവലുകളെ കുറിച്ച് രണ്ട് കുറിപ്പുകളും. കെ.പി ജയകുമാര്‍, സുദീപ് കെ.എസ് എന്നിവരുടെ നിരീക്ഷണങ്ങള്‍.

1.മലയാളം ഫിക്ഷന്‍ മാറുന്നു-ആമുഖ ലേഖനം

2. കളിപ്രായം കഴിഞ്ഞവരുടെ കളിസ്ഥലങ്ങള്‍-പി.കെ രാജശേഖരന്‍

3. സമ്പൂര്‍ണ വിപ്ലവം-ബി. മുരളി

4. എന്നെ വിട്ടേക്കു മാഷേ, ഞാനൊരെഴുത്തുകാരനൊന്നുമല്ല…-അന്‍വര്‍ അബ്ദുള്ള

5.വേണോ, ഈ ന്യൂ ഫിക്ഷന്‍ ലേബല്‍?-വി.എം ദേവദാസ്

6. ഉറപ്പുകളില്‍ വലിയ കാര്യമില്ല-സുരേഷ്. പി തോമസ്

7. രക്തത്തിന്റെ പരീക്ഷണശാല- കെ.പി ജയകുമാര്‍

8. സുഖകരമായൊരു വേട്ട-സുദീപ് കെ.എസ്

One thought on “മലയാളം ഫിക്ഷന്‍ മാറുന്നു

  1. വായനയിലും ഈ ഇലയനക്കം സമ്മാനിച്ച ” നാലാമിടം ” ത്തിനു അഭിനന്ദനങ്ങള്‍ ! കവര്‍ സ്റ്റോറി കലക്കി.!

Leave a Reply

Your email address will not be published. Required fields are marked *