പെണ്ണു പ്രണയിക്കുമ്പോള്‍

പെണ്‍മ. ഇത് പെണ്ണനുഭവങ്ങളുടെ പംക്തി. ആനന്ദം, ഓര്‍മ്മ, നര്‍മ്മം, ദേശം, സ്വപ്നം, വിഷാദം, ലിംഗനീതി എന്നിങ്ങനെ പെണ്ണിനു മാത്രം ആവിഷ്കരിക്കാനാവുന്ന എന്തും ഇതിലെഴുതാം. നിങ്ങളുടെ കുറിപ്പുകള്‍ editor@nalamidam.com എന്ന വിലാസത്തില്‍ അയക്കുക

എക്സിക്യൂട്ടീവ് യൂണിഫോമില്‍ പെണ്ണിനു പ്രണയിക്കാനാവില്ല. പ്രണയത്തിന്റെ ലഹരിയില്‍ അവള്‍ ഉടുപ്പുകള്‍ മാറ്റിമാറ്റിയണിയും. ചിലപ്പോള്‍ മൂന്നു വയസ്സുകാരിയുടെ പൂക്കള്‍ ചിരിക്കുന്ന കുട്ടിയുടുപ്പിലാകും അവള്‍ മുന്‍പിലെത്തുക. ചിലമ്പണിഞ്ഞും മുടിയഴിച്ചും അവള്‍ വരാം. ആര്‍ക്കാണൊരു പെണ്ണിന്റെ പ്രണയത്തെ നിര്‍വചിക്കാനാകുക-സ്മിത മീനാക്ഷി എഴുതുന്നു

‘ഓരോ തവണയും കാമമൊടുങ്ങി

തിരിഞ്ഞുകിടക്കുമ്പോള്‍ ഞാന്‍ കിതപ്പോടെ ചോദിച്ചു
നിനക്ക് എന്നെ ഇനി കുറെക്കാലം വേണ്ടെ?
എന്നെ നിനക്കു വേണ്ടെ? നിനക്കു വേണ്ടെ?’
ഘനശ്യാം – മാധവിക്കുട്ടി .

എന്റെ ഉത്കണ്ഠകളെക്കുറിച്ച് , സന്ദേഹങ്ങളെക്കുറിച്ച് നീ പരാതിപ്പെടുന്നു. ചിണുക്കവും വിതുമ്പലും നിര്‍ത്തി ശക്തയായ പെണ്ണാകൂ, ബഹുമാന്യയായ പെണ്ണാകൂ , അങ്ങനെയൊരുവളെയേ എനിക്കു പ്രണയിക്കാനാകൂ എന്നാവര്‍ത്തിച്ചെന്നോടു പറയുന്നു. എനിക്കെങ്ങനെയാണതിനു കഴിയുക? എന്റെ പ്രണയം അളന്നു മുറിച്ച് പാകപ്പെടുത്തിയെടുത്ത ഒരുടുപ്പല്ല.. ആകാശം പോലെ നിറഭേദങ്ങള്‍ വന്നുപോകുന്നതും കടല്‍ പോലെ ഇരമ്പി മറിയുന്നതുമാണതെന്ന് ഞാനെത്ര തവണ നിന്നോടു പറഞ്ഞു കഴിഞ്ഞു? ജാലകങ്ങളും വാതിലുകളും ചുവരുകളുമില്ലാത്ത മുറിയാണത്, അളവുകളും അളവുകോലുകളുമില്ലാതെ നിര്‍മ്മിച്ചത്.

എന്തുകൊണ്ടാണ് ആണിന്റെയും പെണ്ണിന്റെയും പ്രണയങ്ങള്‍ തമ്മില്‍ കടലുകളുടെ അന്തരമുണ്ടാകുന്നത്? ഘനശ്യാമില്‍ മാധവിക്കുട്ടി ചോദിക്കുന്നത് യഥാര്‍ത്ഥ പ്രണയം അനുഭവിക്കുന്ന ഓരോ പെണ്ണും ചോദിക്കാറുള്ള ചോദ്യം തന്നെയാണ്. “നിനക്കെന്നെ മടുത്തോ? നീയെന്നെ വിട്ടുപോകുമോ?“ സന്ദേഹങ്ങളുടെ അടിസ്ഥാനം അവിശ്വാസമല്ലെന്നു നീയെന്താണു മനസ്സിലാക്കാത്തത്? വിശ്വാസമില്ലാതെ, പ്രണയത്തിന്റെ ഒരു നിമിഷം പോലും വച്ചുനീട്ടുന്നവളല്ല പെണ്ണ്. നിന്നില്‍ , നിന്റെ പുരുഷജീവനില്‍ അവള്‍ അര്‍പ്പിക്കുന്ന അനന്തമായ വിശ്വാസമാണ് നീയനുഭവിക്കുന്ന സ്നേഹം.
പുരുഷ ബോധത്തിന്റെ പ്രണയചിന്തകളില്‍ അതിവൈകാരികതയ്ക്കു സ്ഥാനമില്ലായിരിക്കാം, പക്ഷേ പെണ്ണിന് അതില്ലാതെ വയ്യ. പെണ്ണു പ്രണയിക്കുമ്പോള്‍ അവള്‍ അക്ഷരാര്‍ത്ഥത്തില്‍ ഋതുഭേദങ്ങളില്ലാതെ പൂത്തുലയുകതന്നെയാണു ചെയ്യുന്നത്.

‘ അവന്റെ ഇരുണ്ട പുരികം ചുളിച്ചു കൊണ്ട്
അപ്പോഴവന്‍ പറഞ്ഞു,
ഒരിക്കലും അതിവൈകാരികത അരുത്,
അതിവൈകാരികത മാത്രമാണ്
ആഹ്ലാദത്തിന്റെ യഥാര്‍ത്ഥ ശത്രു.’

കളിപ്പാട്ടങ്ങളില്‍ മാധവിക്കുട്ടി എഴുതുന്നു. അതിവൈകാരികത എന്നവന്‍ വിശേഷിപ്പിക്കുന്നത് അവളുടെ പ്രണയത്തിന്റെ മിടിപ്പ് തന്നെയാണ് , അതൊഴിവാക്കുക എന്നു പറയുമ്പോള്‍ പ്രണയമില്ലാതാകുക എന്നു തന്നെയാണതര്‍ത്ഥമാക്കുന്നത്. പ്രണയമെന്ന ഒരേ പേരില്‍ രണ്ടുപേര്‍ ചേര്‍ന്നു പങ്കിടുന്നത് തികച്ചും വ്യത്യസ്തമായ രണ്ടു ഭാവങ്ങളാണോ?

ഒരു ഔപചാരിക ബന്ധത്തിലോ സൌഹൃദത്തിലോ സാധാരണമാകാവുന്ന ബഹുമാന്യതയും ഗൌരവവും പെണ്ണിനു പ്രണയത്തില്‍ പ്രായോഗികമാക്കാനാവില്ല. പ്രണയത്തിനൊരു ഡ്രസ്സ് കോഡ് ഉണ്ടോ? ഒരു എക്സിക്യൂട്ടീവ് യൂണിഫോമില്‍ പെണ്ണിനു പ്രണയിക്കാനാവില്ല. പ്രണയത്തിന്റെ ലഹരിയില്‍ അവള്‍ ഉടുപ്പുകള്‍ മാറ്റിമാറ്റിയണിയും. ചിലപ്പോള്‍ മൂന്നു വയസ്സുകാരിയുടെ പൂക്കള്‍ ചിരിക്കുന്ന കുട്ടിയുടുപ്പിലാകും അവള്‍ മുന്‍പിലെത്തുക, ചിലപ്പോള്‍ വനകന്യകയുടെ ഇലച്ചാര്‍ത്തണിഞ്ഞും മറ്റുചിലപ്പോള്‍ കിന്നരികള്‍ തുന്നിച്ചേര്‍ത്ത അടിവസ്ത്രങ്ങള്‍ മാത്രമണിഞ്ഞും അവള്‍ പ്രിയതമന്റെ മുന്‍പിലെത്തിയേക്കാം. ചിലമ്പണിഞ്ഞും മുടിയഴിച്ചും അവള്‍ വരാം. ആര്‍ക്കാണൊരു പെണ്ണിന്റെ പ്രണയത്തെ നിര്‍വചിക്കാനാകുക? ആര്‍ക്കാണതിനൊരു നിയമവ്യവസ്ഥ എഴുതിയുണ്ടാക്കുവാനാകുക? വ്യവസ്ഥിതികളുടെ കെട്ടഴിച്ച് , തീരങ്ങളില്ലാക്കടലിലില്‍ പായ്ക്കപ്പിലിറക്കുമ്പോള്‍ അവന്റെ പ്രണയം മാത്രമാണവളുടെ ശക്തി. ആ ശക്തി കൈവിട്ടുപോകാതിരിക്കുനതിനു ഏതാലിലത്തുഞ്ചം വരെയും ഉയരുവാനും ഏതു ഭൂഗര്‍ഭത്തിലേയ്ക്ക് താഴുവാനും അവള്‍ തയാറാകും. പ്രണയിനിയുടെ ചിന്തകളെ ചതുരങ്ങളിലാക്കുവാന്‍ ശ്രമിക്കാതിരിക്കുക. വീണ്ടും മാധവിക്കുട്ടിയെ കേള്‍ക്കുക;

‘ നിന്നെ കണ്ടെത്തുംവരെ
ഞാന്‍ കവിതയെഴുതി, ചിത്രം വരച്ചു,
കൂട്ടുകാരികളൊത്തു
നടക്കാന്‍ പോയി
ഇപ്പോള്‍ , ഞാന്‍ നിന്നെ പ്രേമിക്കുന്നു
പട്ടിയെപ്പോലെ ചുരുണ്ടു കൂടി
എന്റെ ജീവിതം കിടക്കുന്നു
നിന്നില്‍ സംതൃപ്തയായിക്കൊണ്ട്…’
( പ്രേമം )

image courtesy – www.sxc.hu

8 thoughts on “പെണ്ണു പ്രണയിക്കുമ്പോള്‍

 1. ….സന്ദേഹങ്ങളുടെ അടിസ്ഥാനം അവിശ്വാസമല്ലെന്നു നീയെന്താണു മനസ്സിലാക്കാത്തത്? ……പലപ്പോഴും പുരുഷന്‍ വാക്കര്‍ഥങ്ങളുടെ പോകും. “ നീ എന്നെ സ്നേഹിക്കുന്നുണ്ടോ “ എന്നു നാഴികക്ക് നാല്പതു വട്ടം ചോദിക്കുന്ന സ്ത്രീയും അവിശ്വാസമായിരിക്കില്ല പ്രകടിപ്പിക്കുന്നത് . എങ്കിലും , നിന്റെ പ്രണയം മാത്രമാണ് എന്റെ ശക്തി എന്ന് ഒരിക്കലെങ്കിലും അവനോട് പറഞ്ഞു നോക്കിയിട്ടുണ്ടോ ? സംശയിക്കണ്ട , ആകാശത്തോളമുയരാനും , പാതാളത്തോളം താഴാനും നിന്റെയൊപ്പം അവനുണ്ടാകും…എല്ലാ അതിവൈകാരികതളോടും കൂടെ സ്ത്രീയുടെ പ്രണയത്തെ അവന്‍ തിരിച്ചറിയും ഉള്‍ക്കൊള്ളും തിരിച്ചു തരും …!

  • എന്തുകൊണ്ടാണ് ആണിന്റെയും പെണ്ണിന്റെയും പ്രണയങ്ങള്‍ തമ്മില്‍ കടലുകളുടെ അന്തരമുണ്ടാകുന്നത്?—ഉത്തരം എനിക്കറിയില്ല.. എങ്കിലും ഇത് വായിക്കുമ്പോള്‍ അവളുടെ സ്നേഹം ഞാന്‍ അറിയുന്നു….നന്നായിട്ടുണ്ട് സ്മിത

 2. സ്മിത പറഞ്ഞത് ശരി തന്നെ. പ്രണയത്തിലെങ്കിലും മൂടുപടങ്ങൾ അഴിഞ്ഞു വീഴണം. പെണ്ണിനു മാത്രമാണോ അങ്ങനെ തോന്നുക? അല്ല, ആണുങ്ങളിലും അത്തരം ചിന്തയുണ്ട്. പിന്നെ, മാധവിക്കുട്ടി. അതിവൈകാരികത കൂട്ടുകാരിയിൽ ആരോപിച്ചിട്ടുള്ള പോലെ, നീ ഗൌരവക്കാരിയാകണ്ട, കോപ്പിരാട്ടികൾ കാണിച്ചു കൊണ്ടിരുന്നാൽ മതി എന്നു പറയുന്ന പുരുഷനും മാധവിക്കുട്ടിയുടെ കഥാപ്രപഞ്ച ത്തിലുണ്ട്! ഏതായാലും പ്രണയത്തിന്റെ നൈസർഗികതയൊൽ ഊന്നി സ്മിത പറഞ്ഞത് നന്നായി.

 3. ‘പ്രണയമെന്ന ഒരേ പേരില്‍ രണ്ടുപേര്‍ ചേര്‍ന്നു പങ്കിടുന്നത് തികച്ചും വ്യത്യസ്തമായ രണ്ടു ഭാവങ്ങളാണോ?’- ചോദ്യവും കൊള്ളാം എഴുത്തും കൊള്ളാം. ധൈര്യപൂർവമുള്ള ഇത്തരം ഉദ്യമങ്ങൾ ആഹ്ലാദകരമായ അനുഭവമാണ്…

 4. “എന്റെ പ്രണയം അളന്നു മുറിച്ച് പാകപ്പെടുത്തിയെടുത്ത ഒരുടുപ്പല്ല.. ആകാശം പോലെ നിറഭേദങ്ങള്‍ വന്നുപോകുന്നതും കടല്‍ പോലെ ഇരമ്പി മറിയുന്നതുമാണതെന്ന് ഞാനെത്ര തവണ നിന്നോടു പറഞ്ഞു കഴിഞ്ഞു? ജാലകങ്ങളും വാതിലുകളും ചുവരുകളുമില്ലാത്ത മുറിയാണത്, അളവുകളും അളവുകോലുകളുമില്ലാതെ നിര്‍മ്മിച്ചത്.”

  ഒത്തിരി ഒത്തിരി നന്നായിരിക്കുന്നു.. മനോഹരമായി എഴുതി..തീവ്ര പ്രണയം മനസ്സില്‍ കരുതുന്ന ഓരോ പെണ്ണിനും ഇത് തന്നെയാകും പറയാനുണ്ടാവുക..!!

 5. ഞാന്‍ അനുഭവിച്ച, അനുഭവിക്കുന്ന പ്രണയമാത്രയും അതിമാനോഹരമായി അക്ശ്രങ്ങലായിതിലുണ്ട്…….. അതി മനോഹരം… പ്രണയം പോലെ ഈ വരികലത്രയും…….

 6. ‘ നിന്നെ കണ്ടെത്തുംവരെ
  ഞാന്‍ കവിതയെഴുതി, ചിത്രം വരച്ചു,
  കൂട്ടുകാരികളൊത്തു
  നടക്കാന്‍ പോയി
  ഇപ്പോള്‍ , ഞാന്‍ നിന്നെ പ്രേമിക്കുന്നു
  പട്ടിയെപ്പോലെ ചുരുണ്ടു കൂടി
  എന്റെ ജീവിതം കിടക്കുന്നു
  നിന്നില്‍ സംതൃപ്തയായിക്കൊണ്ട്…’
  ( പ്രേമം )

  സ്മിതാ…പെണ്‍ പ്രണയം എത്ര തീവ്രവും നിഷ്കളങ്കവും ആണല്ലേ

Leave a Reply

Your email address will not be published. Required fields are marked *