ഫുകുഷിമയില്‍ കാര്യങ്ങള്‍ ദാ, ഇതുപോലെ

ഫുകുഷിമ ആണവ ദുരന്തം കഴിഞ്ഞ് ആറു മാസം പിന്നിടുന്നു. അവിടെ ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രണാധീനമല്ല. ആയിരക്കണക്കിന് തൊഴിലാളികള്‍ ആണവമാലിന്യങ്ങള്‍ വൃത്തിയാക്കാനുള്ള പ്രയത്നങ്ങളിലാണ്. പലയിടങ്ങളില്‍നിന്ന് ചുരുങ്ങിയ കുലിക്ക് താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ തൊഴിലാളികള്‍ നിലയത്തിന് കിലോ മീറ്ററുകള്‍ക്കപ്പുറം ജെ -ഗ്രാമത്തിലെ പഴയ സോക്കര്‍ കോംപ്ലക്സിലാണ് താമസം.
മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ അവിടെ നടക്കുന്നത് എന്തൊക്കെയാണ്. യൂറോപ്പിലെ പ്രമുഖ മാഗസിനായ സ്പീഗല്‍ റിപ്പോര്‍ട്ടര്‍ കോഡ്യുല മെയെറും ഫോട്ടോഗ്രാഫര്‍ നോറികോ ഹയാഷിയും സാഹസികമായി അവിടെ ചെന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന നിരവധി വിവരങ്ങളാണുള്ളത്.

സാങ്കേതികമായി ഇത്രയും മുന്നിലുള്ള ഒരു രാജ്യത്ത് പോലും ഇതാണ് അവസ്ഥയെങ്കില്‍ ഇന്ത്യയില്‍ ഇത്തരമൊരു ദുരന്തമുണ്ടായാല്‍ എന്തായിരിക്കും അവസ്ഥ. പേടിപ്പെടുത്തുന്ന ആ തിരിച്ചറിവിലാണ് സ്പീഗല്‍ റിപ്പോര്‍ട്ടിന്റെ സ്വതന്ത്ര വിവര്‍ത്തനം നാലാമിടം പ്രസിദ്ധീകരിക്കുന്നത്.

റേഡിയേഷന്‍ പരിശോധനാ കേന്ദ്രത്തിലെ പരിശോധന

231 ാം മൈല്‍ പോസ്റ്റ്. റോഡ് ഇപ്പോള്‍ ഇവിടെ അവസാനിക്കുന്നു. ആറാം ദേശീയ പാതയുടെ പടിഞ്ഞാറു ഭാഗത്തുനിന്ന് ദുരന്തം നടന്ന ഫുകുഷിമ ദായ്ചി ആണവ നിലയത്തിന്റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള ഗതാഗതം ഈ ബാരിക്കേഡ് വരെ മാത്രം. യൂനിഫോമിട്ട പൊലീസുകാര്‍ വണ്ടികള്‍ തടഞ്ഞു നിര്‍ത്തുന്നു. സായാഹ്ന ശോഭയില്‍, ചുവന്ന സൈന്‍ വിളക്കുകള്‍ കാണിച്ചു തരുന്നു ആ മുന്നറിയിപ്പ്, പ്രവേശനമില്ല…ദുരന്ത നിയമം.

ചുവന്ന ഗ്ലൌസിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോവുന്ന ഓരോ ഡ്രൈവര്‍ക്കും നേരെ തിരിയുന്നു. മൂന്ന് പൊലീസുകാര്‍ പടിഞ്ഞാറു നിന്നുള്ള ഗതാഗതം തടയുന്നു. കാല്‍നടയായി പോവുന്നവരെ പോലും വിടുന്നില്ല. രാപ്പകല്‍ ഇവിടെ 20 ഓളം പൊലീസുകാരാണ് കാവല്‍ നില്‍ക്കുന്നത്.

ഇതിന്റെ പടിഞ്ഞാറ് ഭാഗത്താണ് ജെ -ഗ്രാമത്തിലേക്കുള്ള റോഡ്. ദുരന്തത്തിനു മുമ്പ് ജപ്പാനീസ് ദേശീയ സോക്കര്‍ ടീമിന്റെ പരിശീലന കേന്ദ്രമായിരുന്നു ഇത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സോക്കര്‍ കോംപ്ലക്സ്. ഇപ്പോഴിവിടെ തൊഴിലാളികളുടെ താവളം. ആണവ ദുരന്തം വരുതിയിലാക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ചു ശ്രമിക്കുന്ന ജപ്പാനീസ് വീരനായകരുടെ പ്രധാന താവളം.

ദിവസം തോറും ആയിരത്തിലേറെ തൊഴിലാളികള്‍ ഇവിടെ പല ഷിഫ്റ്റുകളായി ജോലി ചെയ്യുന്നു. ആണവനി ിലയത്തിന്റെ നടത്തിപ്പുകാരായ ടെപ്കോ (TEPCO) കമ്പനിയുടെ സപോണ്‍സര്‍ഷിപ്പില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിക്കപ്പെട്ടതാണ് ഈ സ്പോര്‍ട്സ് കോംപ്ലക്സ്. ആവശ്യം വന്നപ്പോള്‍ അവരിത് തിരിച്ചെടുത്തു. ഇപ്പോഴിത് ആണവ മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന തൊഴിലാളികളുടെ താവളം. ഇങ്ങോട്ടേക്കുള്ള വഴി കമ്പനി അടച്ചു കഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കോ പൊതു ജനങ്ങള്‍ക്കോ ഇവിടെ പ്രവേശനമില്ല.
മുന്നിലെ കണ്ണാടിയില്‍ ടെപ്കോയുടെ സ്റ്റിക്കറുകള്‍ പതിച്ച ബസുകളും വാനുകളും മാത്രമാണ് ഇപ്പോള്‍ ഈ വഴി പോവുന്നത്. ആണവ നിലയത്തിലേക്കും ജെ -ഗ്രാമത്തിലേക്കും തൊഴിലാളികളെ കൊണ്ടു പോവുന്നത് ഈ വാഹനങ്ങളിലാണ്. ബസുകളുടെ ജനല്‍ കണ്ണാടി കള്‍ക്കിടയിലൂടെ ജോലി കഴിഞ്ഞു മടങ്ങുന്ന തൊഴിലാളികളുടെ ശിരസ്സുകള്‍ കാണാം. അരമണിക്കൂര്‍ യാത്രയേ ഉള്ളൂ എങ്കിലും ഇവരില്‍ ഭൂരിഭാഗവും സീറ്റില്‍ തളര്‍ന്നുറക്കമാണ്.
ആണവ നിലയം സ്ഥിതി ചെയ്യുന്ന കുന്നില്‍ നിന്ന് ജെ -ഗ്രാമത്തിലേക്കു പോവുന്ന ആ ബസുകളിലൊന്നില്‍ ഹിതോഷി സസാകിയുണ്ട്. രാസവസ്തുക്കളില്‍നിന്ന് സംരക്ഷണം നല്‍കുന്ന വെളുത്ത സ്യൂട്ട് ധരിച്ച അമ്പത്തൊന്നുകാരന്‍ തൊഴിലാളി. മൂന്ന് ആഴ്ച മുമ്പാണ് അയാള്‍ ഇവിടെയെത്തിയത്. ആണവ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ വിരിച്ച പ്ലാസ്റ്റിക് കവചിത ഉറ നീക്കുന്ന 600 ടണ്‍ ഭാരമുള്ള ക്രെയിനിന് താങ്ങു നല്‍കാനുള്ള ഉരുക്കു പാളികള്‍ എടുത്തുവെക്കുന്നതടക്കമുള്ള ജോലികള്‍ ചെയ്യുന്നത് അയാള്‍ അടക്കമുള്ള തൊഴിലാളികളാണ്.

ഈ ക്യൂ റേഡിയേഷന്‍ പരിശോധനക്ക്
നിലയത്തില്‍നിന്ന് ജെ -ഗ്രാമത്തിലേക്കുള്ള യാത്രയില്‍ സസാകി ആദ്യമിറങ്ങുന്നത് സ്റ്റോപ്പ് പ്രധാന കെട്ടിടത്തിന് വലതു ഭാഗത്തുള്ള ഒരു ജിംനേഷ്യത്തിലാണ്. കവചിത സ്യൂട്ടുകളും പ്രത്യേക മാസ്കുകളും ധരിച്ച തൊഴിലാളികളുടെ നീണ്ട വരി ഈ കെട്ടിടത്തിലേക്ക് പോവുന്നു. കവാടത്തില്‍ വലിയ പെട്ടികളുണ്ട്. ഇവിടെയെത്തുമ്പോള്‍ സസാകി ഷൂസിന്റെ പ്ലാസ്റ്റിക് കവര്‍ അഴിച്ചു മാറ്റി പെട്ടികളിലൊന്നില്‍ ഇടുന്നു. ശേഷം, ശ്വസനസഹായി, വെള്ള നിറത്തില്‍ സിന്തറ്റിക് കടലാസില്‍ നിര്‍മിച്ച കവചിത വസ്ത്രം, ഗ്ലൌസുകള്‍ എന്നിവ അതാത് പെട്ടികളില്‍ നിക്ഷേപിക്കുന്നു.

ഒരക്ഷരം ഉരിയാടാതെ അസംഖ്യം തൊഴിലാളികളാണ് ജിമ്മിലേക്ക് നടന്നടുക്കുന്നത്. ഷൂസിലെ പ്ലാസ്റ്റിക് കവര്‍ അഴിക്കുന്നതിന് കുനിഞ്ഞു നില്‍ക്കുമ്പോള്‍ ചിലര്‍ വിവശരാണ്. മറ്റ് ചിലര്‍ ഏറെ നേരം അക്ഷമരായി കാത്തുനിന്നെന്ന പോലെ,ചൂടും വിയര്‍പ്പും നിറഞ്ഞ സ്യൂട്ടുകള്‍ ഇരു കൈകള്‍ കൊണ്ടും ശരീരത്തില്‍ നിന്ന് ഊരിമാറ്റുന്നു. ശേഷം റേഡിയേഷന്‍ പരിശോധനക്കുള്ള ക്യൂവില്‍ നില്‍ക്കുന്നു.

മിക്ക തൊഴിലാളികള്‍ക്കും സ്യൂട്ടിനുള്ളില്‍ നീളമുള്ള കരിനീല അടിവസ്ത്രം മാത്രമേയുള്ളൂ. കടുത്ത ഉഷ്ണവും ഈര്‍പ്പമുള്ള പ്രത്യേക ഇടങ്ങളില്‍ നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ക്ക് സ്യൂട്ടിനടിയില്‍ കൈയില്ലാത്ത പ്രത്യേക ബനിയനുകള്‍ ധരിക്കാം. കടുത്ത ഉഷ്ണത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന വിധത്തിലാണ് അവയുടെ രൂപ കല്‍പ്പന.
അനവധി തൊഴിലാളികള്‍ ഇതിനകം ബോധം കെട്ടു വീണിട്ടുണ്ട്. അഞ്ച്, ആറ് നിലയങ്ങള്‍ക്കു മുന്നില്‍ പ്രത്യേകമായി തയ്യാറാക്കിയ എമര്‍ജന്‍സി മുറികളില്‍ ആഗസ്തില്‍ മാത്രം 13 തൊഴിലാളികളെ അവശനിലയില്‍ പ്രവേശിപ്പിച്ചു. മെയ് മാസം 60കാരനായ ഒരു തൊഴിലാളി ഹൃദയസ്തംഭനം വന്ന് മരിച്ചു.

ഈയടുത്തുമാത്രം പരിശീലനം ലഭിച്ച ഒരു പറ്റം തൊഴിലാളികളാണ് ഇവരുടെ റേഡിയേഷന്‍ നില പരിശോധിക്കുന്നത്. തൊഴിലാളികള്‍ക്ക് എത്രമാത്രം വികിരണമേറ്റെന്ന കാര്യം.

നീല തൊപ്പിയും കടലാസ് മാസ്കുകളും കവചിത സ്യൂട്ടുകളുമാണ് പരിശോധകരുടെ വേഷം. ജിമ്മിന്റെ അറ്റത്തെ ബാസ്ക്കറ്റ്ബോള്‍ വലക്കടിയില്‍ മടക്കിവെക്കാവുന്ന മേശകളാണ്. അതിനുമേല്‍ റേഡിയേഷന്‍ പരിശോധിക്കാനുള്ള നാല് മൊബൈല്‍ ഗ്രീജര്‍ കൌണ്ടറുകള്‍. തൊട്ടടുത്ത് മൂന്ന് റേഡിയോ മീറ്ററുകള്‍. തടിച്ച ഉപകരണങ്ങള്‍ പിടിച്ച പരിശോധകര്‍ ഇടക്കിടെ ഗേജ് മെഷീന്‍ നോക്കുന്നു.

ആദ്യമവര്‍ തൊഴിലാളികളുടെ തലക്കു മുകളില്‍ സെന്‍സര്‍ വെച്ചു നോക്കുന്നു. പിന്നീട് ഇരു കൈകള്‍ക്കും നേരെ. പിന്നെ നെഞ്ചിനും വയറിനും കാലുകള്‍ക്കു നേരെ. റേഡിയോ ആക്റ്റീവ് പഥാര്‍ഥങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രത്യേകമായി നിര്‍മിച്ച ഒരു ഫിലിം കൈയില്‍ പിടിച്ച് ഒരു പ്ലാസ്റ്റിക് ഷീറ്റിലാണ് തൊഴിലാളികള്‍ പരിശോധനക്ക് നില്‍ക്കുന്നത്. അവരില്‍ കൂടുതലും ചെറുപ്പക്കാരാണ്. 20കാര്‍. പ്രായമുള്ള കുറച്ചു പേരെയും അക്കൂട്ടത്തില്‍കാണാം.

പണിയെടുക്കാന്‍ താല്‍ക്കാലിക ജീവനക്കാര്‍

ജെ -ഗ്രാമത്തില്‍ നടക്കുന്നതെന്താണെന്ന് പൊതുജനങ്ങള്‍ അറിയണം. ആ ഒരൊറ്റ വികാരത്തിലാണ് ഒരു തൊഴിലാളി പേരു വെളിപ്പെടുത്താതെയാണെങ്കിലും ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായത്്. തല്‍ക്കാലം നമുക്കയാളെ സകുറോ അകിമോടോ എന്നു വിളിക്കാം.
തിരക്കുള്ള ദിവസങ്ങളില്‍ മൂവായിരത്തിലേറെ തൊഴിലാളികള്‍ റേഡിയേഷന്‍ പരിശോധനാ കേന്ദ്രത്തിലെത്താറുണ്ടെന്ന് അയാള്‍ പറയുന്നു. നിലയത്തെ നിയന്ത്രണ വിധേയമാക്കുന്നതിന് പ്രതിദിനം ഒരു ബ്രിഗേഡ് തൊഴിലാളിപ്പടയെയാണ് ഫുകുഷിമയില്‍ ഇറക്കുന്നത്. ഉയര്‍ന്ന റേഡിയേഷനും കനത്ത ചൂടും സഹിച്ചാണ് ഇവര്‍ ജോലി ചെയ്യുന്നത്.
ജപ്പാനീസ് ആണവ നിലയ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം അനുവദനീയമായ കൂടിയ റേഡിയേഷന്‍ നിരക്ക് 50 മില്ലിസീവര്‍റ്റാണ്. ഭരണാധികാരികളുടെ സമ്മതത്തോടെ ടെപ്കോ ഇത് 250 ആയി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കാന്‍സര്‍ ഉണ്ടാവാന്‍ പറ്റിയ പാകം.

മാര്‍ച്ച് 11 മുതല്‍ 18,000 തൊഴിലാളികളാണ് ഇവിടെ ജോലിയെടുത്തത്. ഇവരില്‍ ഭൂരിഭാഗവും ടെപ്കോയുടെ തൊഴിലാളികളല്ല. മറിച്ച്, താല്‍ക്കാലിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികളില്‍നിന്ന് സബ് കോണ്‍ട്രാക്റ്റര്‍മാര്‍ റിക്രൂട്ട് ചെയ്യുന്നവരാണ്. സുനാമിക്കു മുമ്പ് ഇവരില്‍ ഭൂരിഭാഗവും മറ്റ് ആണവ നിലയങ്ങളില്‍ താല്‍ക്കാലിക ജോലികള്‍ ചെയ്യുകയായിരുന്നു.

രാജ്യത്തിനു വേണ്ടിയാണോ ഈ ത്യാഗം?
അല്ല. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍. താന്‍ പണത്തിനു വേണ്ടി മാത്രമാണ് വന്നതെന്ന് സസാകിയും പറഞ്ഞു. വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോയിലാണ് അയാളുടെ വീട്. അവിടെയുള്ള ഒരു കമ്പനിയാണ് അയാളെ റിക്രൂട്ട് ചെയ്തത്. നേരത്തെയും അയാള്‍ മറ്റ് നിലയങ്ങളില്‍ ഇത്തരം ജോലികള്‍ ചെയ്തിട്ടുണ്ട്.

എന്നും രാവിലെ സ്യൂട്ടും മാസ്കും ധരിച്ച് അയാള്‍ ജെ-ഗ്രാമത്തില്‍നിന്ന് വണ്ടി കയറുന്നു. നിലയത്തിനു പിറകിലുള്ള രണ്ടാമത്തെ സ്റ്റോപ്പില്‍ വണ്ടിയിറങ്ങുന്നു. അവിടെ വെച്ച് ഈയത്തിന്റെ ഒരു കട്ടി ബനിയന്‍ ധരിക്കുന്നു. അതിനുമീതെ കട്ടിയുള്ള മെറ്റീരിയല്‍ കൊണ്ടു നിര്‍മിച്ച ഒരു കവചിത വസ്ത്രം. പിന്നെ, സേഫ്റ്റി ഗ്ലാസുകളും മുഖം മുഴുവന്‍ മറക്കുന്ന മാസ്കും. അവസാനം, മൂന്ന് വ്യത്യസ്ത ജോടി ഗ്ലൌസുകള്‍ ഒന്നിനു മീതെ ഒന്നായി ധരിക്കുന്നു. ‘സഹിക്കാനാവില്ല ഇതിനുള്ളിലെ ചൂട്’- സസാകി പറയുന്നു. ‘ മുഖത്ത് നിന്ന് ഈ മാസ്ക് എങ്ങനെയെങ്കിലും പറിച്ചെടുക്കാന്‍ തോന്നിപ്പോവും. പക്ഷേ, അവര്‍ അനുവദിക്കില്ല’. എങ്കിലും ചിലരെങ്കിലും സിഗരറ്റ് വലിക്കാനും മറ്റുമായി ഇടക്ക് മാസ്ക് മാറ്റുന്നതായി പറയപ്പെടുന്നു.

ടി.വിയില്‍ കാണുന്നതിലും മോശമാണ് നിലയം
കാലത്ത് എന്നും മീറ്റിങുണ്ട്. ഓരോ തൊഴിലാളിയും അന്നന്ന് എന്തൊക്കെ ചെയ്യണമെന്ന് യോഗം തീരുമാനിക്കുന്നു. ദിവസം ഒരു മണിക്കൂര്‍ ജോലി ചെയ്യാനേ സസാകിക്ക് അനുവാദമുള്ളൂ. ഏറിയാല്‍ 90 മിനിറ്റ്. മറിച്ചാല്‍ താങ്ങാനാവാത്ത റേഡിയേഷനാവും നേരിടേണ്ടി വരിക. പണി കഴിഞ്ഞാല്‍, പിന്നെ ജെ- ഗ്രാമത്തിലേക്കും ഇവാകി യുമോടോയില്‍ മറ്റ് മൂന്ന് പേര്‍ക്കൊപ്പം അയാള്‍ താമസിക്കുന്ന മുറിയിലേക്കും പോവണം.
ചെറുതെങ്കിലും നല്ല കരുത്തുണ്ട് സസാകിക്ക്. കറുത്ത ടീഷര്‍ട്ടിനുള്ളില്‍ അയാളുടെ മാംസപേശികള്‍ ഇളകുന്നു.
ആഗസ്ത് പകുതിയില്‍ ആദ്യമായി വരുമ്പോള്‍ ഫുകുഷിമ നിലയം എങ്ങനെയുണ്ടായിരുന്നു?
സസാകിക്ക് നല്ല ഓര്‍മ്മയുണ്ട് ആ ദിനം. ‘ ടി.വിയില്‍ കാണുന്നതിനേക്കാള്‍ മോശം. സെപ്തംബര്‍ 11നു ശേഷമുള്ള ന്യൂയോര്‍ക്ക് പോലെ. മൊത്തം തകര്‍ന്നു.
താന്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് അയാള്‍ ഇതുവരെ കുടുംബത്തോട് പറഞ്ഞിട്ടില്ല. വെറുതെ എന്തിന് അവരെ കൂടി വിഷമിക്കുന്നു എന്നാണ് അയാള്‍ പറയുന്നത്.
അയാള്‍ക്ക് അയാളുടേതായ സങ്കടങ്ങളുണ്ട്. പണം വേണം. 100 യൂറോ ആണ് അയാളുടെ പ്രതിഫലം. കാര്യങ്ങള്‍ ഇതു പോലെ പോവുകയാണെങ്കില്‍ ഏറിയാല്‍ കുറച്ച് ആഴ്ചകള്‍ കൂടിയേ അയാള്‍ക്കിവിടെ പണിയെടുക്കാനാവൂ. അപ്പോഴേക്കും കമ്പനി നിശ്ചയിച്ച റേഡിയേഷന്‍ പരിധിയില്‍ എത്തിയിരിക്കും താനെന്ന് അയാള്‍ പറയുന്നു.

റിപ്പോര്‍ട്ടിനും ചിത്രങ്ങള്‍ക്കും കടപ്പാട്: സ്പീഗല്‍

സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *