കാട് മറ്റൊരു രാജ്യമാണ്

പിന്നീടാണ് കാടു വെട്ടിത്തെളിച്ച് കടലാസുണ്ടാക്കാനായി യൂക്കലിപ്റ്റസ് മരങ്ങള്‍ നട്ടുവളര്‍ത്തി അവര്‍ കാടിറങ്ങി വന്ന് താമസമുറപ്പിച്ചപ്പോള്‍ അവരുടെ നെഞ്ചിനു നേരെ വെടിയുതിര്‍ന്നത്. “മക്കളേ നിങ്ങള്‍ കാട്ടില്‍ നിന്നിറങ്ങണം” എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖപ്രസംഗമെഴുതിയത്-അയല്‍രാജ്യങ്ങളെന്ന നിലയില്‍ കാടിന്റെയും നാടിന്റെയും ഇടങ്ങള്‍ അടയാളപ്പെടുത്തുന്നു, ടി.വി സജീവ്

വേനല്‍ കാലത്ത് കാണാന്‍ പറ്റാത്തത്ര ചെറിയ മാന്‍ ചെള്ളുകളും വര്‍ഷകാലത്ത് ആയിരങ്ങളായി ഉയര്‍ന്ന് വരുന്ന അട്ടകളും ചേര്‍ന്ന് എല്ലാക്കാലവും നാട്ടുകാരില്‍ നിന്ന് രക്ഷപെടാനായി സംരക്ഷണവ്യൂഹങ്ങളുയര്‍ത്തുന്നതു കൊണ്ടു മാത്രമല്ല നാടും കാടും ശത്രു രാജ്യങ്ങളാകുന്നത്.

അതിരുകളില്‍ നിന്ന് വനമെന്ന സ്ഥലരാശിയൊരുക്കുന്ന മരങ്ങളെ വെട്ടിവീഴ്ത്തിയാണ് കാടെന്ന രാജ്യത്തെ നാട് ആക്രമിച്ചു തുടങ്ങുക. കാടിനെ മുറിച്ചുകടക്കാനായി വെട്ടുന്ന പാതകളാകട്ടെ ഒട്ടനവധി ജീവജാലങ്ങളെ രണ്ടിടത്തായി പകുക്കും. പാതയുടെ ഇരുവശത്തുമായി നില്‍ക്കുന്ന ഇലച്ചാര്‍ത്തുകള്‍ തമ്മില്‍ മുട്ടുമെങ്കില്‍ മരങ്ങളിലൂടെ സഞ്ചരിക്കാവുന്ന പല ജീവികളേയും ഈ പാത ബാധിക്കില്ല. പാതയുടെ വീതിയേറിയാല്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയിലും വഴിയില്ലാത്ത ഇടങ്ങള്‍ സൃഷ്ടിക്കപ്പെടും.

ഈ ആക്രമണത്തിനു പിന്നിലൊക്കെ രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളുണ്ടായിരുന്നു. പഴയ കാലത്ത് തപസ്സ് ചെയ്യാന്‍ സന്യാസിമാര്‍ കാട്ടിലേക്ക് പോവുകയും അവരെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനെന്ന പേരില്‍ മൃഗയാ വിനോദത്തിനായി രാജാവും പടയാളികളും നാട്ടില്‍ നിന്നെത്തുകയും വേട്ടയാടലിനു ശേഷം തിരിച്ചിറങ്ങുമ്പോഴേക്ക് അത്രയും കാട് കൃഷിക്കാര്‍ക്ക് വെട്ടിപ്പിടിക്കാനായി പരുവപ്പെടുകയും ചെയ്തിരുന്നു. വന്യജീവികളോടൊപ്പം ആദിമനിവാസികളും ഉള്‍ക്കാടുകളിലേക്ക് ഉള്‍വലിഞ്ഞു കൊണ്ടിരിക്കുന്നു.

പിന്നെയും കുറേ കഴിഞ്ഞ് യൂറോപ്പിന്റെ അധിനിവേശം പല ഭൂഖണ്ഡങ്ങളേയും ആവേശിക്കാനുണ്ടായ കാരണവും അവിടങ്ങളിലെ കാട് എന്ന മഹാ വിഭവം തന്നെയായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ ഭാഗങ്ങളില്‍ അധികവിഭവത്തിനായി പടയ്ക്കിറങ്ങിയ സ്പാനിഷ് പട്ടാളക്കാര്‍ക്ക് വേണ്ടത് കൃഷിയിടങ്ങളും കൃഷി ചെയ്യാനാവശ്യമായ അടിമകളേയുമായിരുന്നു. ആരാലും ഭരിക്കപ്പെടാതെ കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട് ജീവിച്ച സമൂഹങ്ങള്‍ പട പേടിച്ച് കാട്ടിലേക്ക് കയറി. ചെറിയ ചെറിയ കൂട്ടങ്ങളായി ചിതറി. അടിമകളാക്കാനും പണിയെടുപ്പിക്കാനും നികുതി അടപ്പിക്കുവാനുമൊക്കെയായി പാഞ്ഞടുക്കുന്ന ഭരണകൂടങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നവരുടെ അഭയകേന്ദ്രമായി മാറി കാട്.

ബര്‍മ്മയിലെ ഗ്രാമങ്ങളില്‍ പട്ടാളം ഇടപെട്ടത് നേരിട്ടുള്ള ആക്രമണത്തിലൂടെയാണ്. സ്ഥിരമായി ഗ്രാമങ്ങള്‍ റെയ്ഡ് ചെയ്യുക. കുടിലുകള്‍ കത്തിക്കുക എന്നിങ്ങനെ. ഈ ക്രൂരതയവസാനിപ്പിക്കാനായുള്ള സന്ധി സംഭാഷണങ്ങളില്‍ ഗ്രാമം അപ്പാടെ സൈനിക താവളത്തിനടുത്തേക്ക് മാറിത്താമസിക്കണമെന്നും സൈന്യത്തിന്റെ പണിക്കാരായി ഏവരും മാറണമെന്നുമുള്ള തീരുമാനങ്ങളാണുണ്ടായത്. സൈനിക ക്യാമ്പുകള്‍ക്ക് പരന്ന സ്ഥലം വേണം. കൃത്യമായ അതിരും പാറാവും. കാഴ്ച മറയ്ക്കുന്ന മരങ്ങളോ കാടു തന്നെയൊ പാടില്ല. അതുകൊണ്ട് തന്നെ നിമ്നോന്നതങ്ങളായ ഭൂവിഭാഗങ്ങളെ എല്ലാ പട്ടാള ബാരക്കുകകള്‍ക്കും ഭയമാണ്.

ലോകത്തിന്റെ പലഭാഗത്തും ഇങ്ങനെ കാട്ടിലേക്ക് ഉള്‍വലിഞ്ഞ് ഒരു വലിയ കൃഷിയിടം എന്നതും വലിയ സമൂഹം എന്നതും ഉപേക്ഷിച്ച് ചെറുസംഘങ്ങളായി കാടുകയറിയവര്‍ പല നരവംശ ശാസ്ത്രജ്ഞരേയും കബളിപ്പിച്ചിട്ടുണ്ട് നാടറിയാത്ത കാനനവാസികളായി കണ്ടാണ് പലരും അവരെ പഠിച്ചത്

കാടിനെ ലക്ഷ്യം വച്ച് കടല്‍ കടന്നെത്തിയവര്‍ നാട്ടുരാജ്യങ്ങളുമായി ചേര്‍ന്നുണ്ടാക്കിയ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതില്‍ കാട്ടിലുള്ളവര്‍ക്ക് പങ്കൊന്നുമുണ്ടായിരുന്നില്ല. കാട് വെട്ടിത്തെളിച്ച് തേയിലയും തേക്കും വച്ച് പിടിപ്പിച്ചപ്പോള്‍ സഹ്യന്റെ ഉയരങ്ങളിലെ കാടുകളിലേക്ക് തെറിച്ച് പോവുകയാണ് ആദിമനിവാസികള്‍ ചെയ്തത്. രാജാവില്‍ നിന്നോ പിന്നീട് വന്ന ഭരണകൂടങ്ങളോടൊ ഒന്നും ആവശ്യപ്പെടാതെ, ഭരിക്കപ്പെടാന്‍ നിന്നു കൊടുക്കാതെയാണ് അവര്‍ ഈ രാഷ്ട്രീയമായ ഒഴിഞ്ഞു മാറല്‍ നടത്തിയത്. പിന്നീടാണ് കാടു വെട്ടിത്തെളിച്ച് കടലാസുണ്ടാക്കാനായി യൂക്കലിപ്റ്റസ് മരങ്ങള്‍ നട്ടുവളര്‍ത്തിയിട്ട് അവര്‍ കാടിറങ്ങി വന്ന് താമസമുറപ്പിച്ചപ്പോള്‍ അവരുടെ നെഞ്ചിനു നേരെ വെടിയുതിര്‍ന്നത്. “മക്കളേ നിങ്ങള്‍ കാട്ടില്‍ നിന്നിറങ്ങണം” എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖപ്രസംഗമെഴുതിയത്.

ഇങ്ങിനെയൊക്കെയാണ് കാട് മറ്റൊരു രാജ്യമായി മാറുന്നത്. ഭരണകൂടത്തില്‍ നിന്ന് ഓടിയൊളിക്കുന്നവരുടെ, അവരുടെ പുസ്തകത്തില്‍ ചീത്ത കുട്ടികളാകുന്നവരുടെ പ്രകൃതിയോടൊപ്പം ജീവിക്കാനറിയുന്നവരുടെ, ഭൂമിയിലെ ഏറ്റവും ശുദ്ധമായ വായുവും ജലവും ഏറ്റവും സുന്ദരമായ കാഴ്ച്ചകളും ആസ്വദിക്കുന്നവരുടെ രാജ്യമായി കാട് മാറിയതും. ഈ രാജ്യങ്ങളൊക്കെത്തന്നെ പക്ഷെ ചെറുതാവുകയാണ്. പകുക്കപ്പെടുകയുമാണ്. അരികുകളില്‍ നിന്ന് വെട്ടിയെടുക്കപ്പെട്ടു കൊണ്ടിരിക്കുകയുമാണ്.

പേപ്പാറയിലും, ചിന്നാറിലും, ചിന്നക്കനാലിലും, ആനയിറങ്ങലിലും, മൂന്നാറിലും, തട്ടേക്കാട്ടും, മലക്കപ്പാറയിലും, പാണഞ്ചേരിയിലും, വാളയാറിലും, മണ്ണാര്‍ക്കാട്ടിലും, മുണ്ടേരിയിലും, നാടുകാണിയിലും, വയനാട്ടിലും, പുളിങ്ങോത്തും നാട്ടിലേക്കിറങ്ങി വരുന്ന കാട്ടാനക്കൂട്ടങ്ങള്‍ മറ്റേന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും.

7 thoughts on “കാട് മറ്റൊരു രാജ്യമാണ്

  1. നല്ല കുറിപ്പ്. നാം ഇത്ര കാലവും നാട്ടുരാജ്യങ്ങളെ കുറിച്ചു മാത്രമാണ് പഠിക്കാന്‍ ശ്രമിച്ചത്. കാട്ടുരാജ്യങ്ങള്‍ അവഗണിക്കപ്പെട്ടു. ഇവിടെ രണ്ടായിരത്തിലധികം വര്‍ഷമായി ഈ കാട്ടുരാജ്യങ്ങളാണ് നാട്ടുരാജ്യങ്ങളിലേക്ക് വിഭവങ്ങളെത്തിക്കുകയും അവയെ സമ്പന്നമാക്കുകയും ചെയ്തത്. വികസനം കാട്ടുരാജ്യങ്ങളുടെ തകര്‍ച്ച പൂര്‍ണ്ണമാക്കിക്കൊണ്ടിരിക്കുന്നു. – ഈ കാഴ്ചപ്പാടിലുള്ള അന്വേഷ​ണം നമുക്ക് പുതിയ തിരിച്ചറിവുകളുണ്ടാക്കും.

  2. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാടെന്ന രാജ്യം… ഇത്തരം കൈചൂണ്ടലുകളെങ്കിലുമുണ്ടല്ലൊ എന്ന ആശ്വാസം.

  3. ഇലതലപ്പുകള്‍ കൂട്ടിമുട്ടുന്നുവെങ്കില്‍, മരങ്ങളിലൂടെയുള്ള സഞ്ചാരം വനജീവികള്‍ക്ക് തുടരാം.. പക്ഷെ, വനത്തിലും രാജ പാത നിര്‍മിച്ചുകൊണ്ടിരിക്കുന്നു..വനജീവികള്‍ നാട്ടുപാതയിലിറങ്ങുന്നു..
    ചന്ദ്രശേഖരന്‍ കാതികുടം.

  4. I am much aware of the issues you have highlighted, as i work at Walayar and frequent the forest to photograph the denizens there. The havoc man wreaks in the name of development has to be seen to be believed. Another thing that amazes and gladdens me is the astonishing fact that you are the only one i have till date seen to be aware of this from all the thousands who have passed out from the school we studied (AHS). All the very best.

Leave a Reply

Your email address will not be published. Required fields are marked *