ആന മെലിഞ്ഞാലും ജയിലില്‍ കെട്ടാറില്ല…!!

നമ്മുടെ സഹതടവുകാരായ പോക്കറ്റടിക്കാരന്‍ രാജപ്പനും, ഓടിളക്കി മത്തായിയും, പിച്ചാത്തിപ്പിടി വാസുവും ഒക്കെ ജയിലില്‍ത്തന്നെയാണ്. നമുക്ക് അവരെയും ഇതു പോലെ ആശുപത്രിയിലാക്കണമെന്നുണ്ട് പക്ഷേ നമ്മെ മനസ്സിലാക്കിയ പോലെ സര്‍ക്കാരിന് എല്ലാവരുടെയും നല്ല മനസ്സ് കാണാനുളള കഴിവില്ലല്ലോ.. – ശിവന്‍ എഴുതുന്നു

നമ്മള്‍ ആനയുളള ഒരു തറവാട്ടിലാണ് ജനിച്ചത്. ഇഷ്ട ദൈവം കൊട്ടാരക്കര ഗണപതിയാണ്. നമ്മെ കണ്ടാലും കാടുകുലുക്കി വരുന്ന ഒരൊറ്റയാന്റെ ലുക്കുണ്ടെന്നൊക്കെ പണ്ട് പലരും പറഞ്ഞിട്ടുണ്ട്. ജനിച്ചത് ജന്മിയായാണെങ്കിലും കീഴാളരെ ഊട്ടുന്നതിലായിരുന്നു പണ്ടു പണ്ടേ നമുക്കു കമ്പം. അങ്ങനെയാണ് വീട്ടുപേരു പോലും കിഴൂട്ട് എന്ന് വന്നത്. വളര്‍ന്നപ്പോള്‍ ചുറ്റുവട്ടത്തെ കീഴാളരെ മാത്രം ഊട്ടിയാല്‍ പോര എന്ന തിരിച്ചറിവിലാണ് രാഷ്ട്രീയക്കാരനായത്. കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്ത ജനത്തെ സേവിക്കുക എന്നതു മാത്രമായിരുന്നു നമ്മുടെ ലക്ഷ്യം. കൈവശമുളള ഭൂമി മുഴുവന്‍ കീഴാള ജനത്തിന് കഞ്ഞികുടിക്കാനായി വിറ്റുതുലച്ചു. ആചാര്യ വിനോബഭാവെയുടെ ഭൂദാന പ്രസ്ഥാനം മറ്റൊരു തരത്തില്‍ നമ്മള്‍ അഡോപ്റ്റ് ചെയ്യുകയായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല!

ജനത്തെ സേവിക്കുന്ന കാര്യത്തില്‍ നമുക്ക് പലരോടും മത്സരിക്കേണ്ടിവന്നു. ആരാണ് ജനത്തെ സേവിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന ആരോഗ്യകരമായ മത്സരത്തില്‍ നമ്മുടെ പ്രധാന എതിരാളി ഒരു കാരണവരായിരുന്നു. കാര്‍ന്നോര് പറഞ്ഞ പലരെയും നിയമം കടുകിട തെറ്റിക്കാത്ത നമ്മള്‍ സേവിക്കാന്‍ പോയില്ല. പതുക്കെ പതുക്കെ കാര്‍ന്നോര്‍ക്ക് ത്തിരി ദേഷ്യമൊക്കെ നമ്മോടു തോന്നിത്തുടങ്ങി. ജനം വെളിച്ചത്തിരുന്ന് കഞ്ഞികുടിക്കട്ടെ എന്ന് കരുതിയാണ് നമ്മള്‍ ഇടമലയാര്‍ പദ്ധതി കൊണ്ടുവന്നത്. അതില്‍ സിമന്റു തേച്ചത് ഇത്തിരി ഇടിഞ്ഞു എന്നും പറഞ്ഞ് കാര്‍ന്നോര് കേസു കൊടുത്തു.
പാവം നമ്മള്‍…!

ബാക്കിയുണ്ടായിരുന്ന ഭൂമി വിറ്റു തുലച്ച് കാശ് കോടതിയില്‍ കെട്ടിവച്ച് സിമന്റ് തേച്ചാല്‍ അല്‍പ്പമൊക്കെ ഇടിഞ്ഞെന്നിരിക്കും എന്നൊക്കെ കോടതിയെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി. കോടതിക്ക് നമ്മള്‍ പറഞ്ഞത് ബോദ്ധ്യമാകുകയും ചെയ്തു. പക്ഷേ കാര്‍ന്നോര് വിടാന്‍ ഭാവമില്ലായിരുന്നു. അങ്ങോരു സുപ്രീം കോടതിയില്‍ പോയി അപ്പീലു കൊടുത്തു.

ഫലം ..നമ്മള്‍ വീണ്ടും സ്ഥലം വിറ്റ് വക്കീലിനെ ഏര്‍പ്പാടാക്കേണ്ടിവന്നു.. പക്ഷേ ഇത്തവണ വക്കീലു പറഞ്ഞത് പരമോന്നതന് അത്രക്കങ്ങ് പിടികിട്ടിയില്ല. കൊട്ടാരക്ക ഗണപതിക്കു നേദിച്ച ഉണ്ണിയപ്പം മാത്രം തിന്നു ശീലിച്ച നമ്മെ ഒരു കൊല്ലം ഗോതമ്പുണ്ട തിന്നാന്‍ പരമോന്നതന്‍ വിധിച്ചുകളഞ്ഞു..!
നോക്കണേ നമ്മുടെയൊരു ശനിദശ..

ജനസേവനം മാത്രം ലക്ഷ്യമിട്ട് ഭൂമി വിറ്റു തുലച്ച നാം ജയിലഴിക്കുളളില്‍…പക്ഷേ പല മഹാന്‍മാരുടെയും ജീവചരിത്രം വായിച്ച നമുക്ക് ജയിലിനകത്തായാല്‍ എന്തു ചെയ്യണമെന്നറിയാം. പൂര്‍വാധികം ശക്തിയായി നമ്മള്‍ ആത്മകഥയെഴുതിത്തുടങ്ങി. ജനസേവനത്തിനായി ഇനിയാരെങ്കിലും ഭൂമി വിറ്റു തുലയ്ക്കുന്നെങ്കില്‍ അവര്‍ക്ക് തട്ടുകേടു പറ്റാതെ നോക്കാന്‍ നമ്മുടെ ഈ ആത്മകഥ വായിച്ചാല്‍ മതിയാകും!

പക്ഷേ ഇതിനിടയിലും നമ്മുടെ നല്ല മനസ്സ് പലരും തിരിച്ചറിഞ്ഞു. നിരവധി അസുഖങ്ങളുളള നമ്മെ അവര്‍ ചേര്‍ന്ന് ഒരാശുപത്രിയിലാക്കി. ചൂടു സഹിക്കാതെ ഇരിക്കാനായി എ സിയുളള റൂമിലാണ് നമ്മെ പ്രവേശിപ്പിച്ചത്. മഞ്ഞപ്പിത്തം പകരുന്ന കാലമായതിനാല്‍ കുടിവെളളവും ഇത്തിരി ഉപ്പിട്ട കഞ്ഞിയും വീട്ടില്‍നിന്ന് കൊണ്ടുവരും. നമ്മുടെ സഹതടവുകാരായ പോക്കറ്റടിക്കാരന്‍ രാജപ്പനും, ഓടിളക്കി മത്തായിയും, പിച്ചാത്തിപ്പിടി വാസുവും ഒക്കെ ജയിലില്‍ത്തന്നെയാണ്. നമുക്ക് അവരെയും ഇതു പോലെ ആശുപത്രിയിലാക്കണമെന്നുണ്ട് പക്ഷേ നമ്മെ മനസ്സിലാക്കിയ പോലെ സര്‍ക്കാരിന് എല്ലാവരുടെയും നല്ല മനസ്സ് കാണാനുളള കഴിവില്ലല്ലോ..അതിനാല്‍ അവര്‍ പൂജപ്പുരയില്‍ കൊതുകുകടിയും കൊണ്ട് കിടപ്പാണ്. പുറത്തു വന്നാല്‍ നമ്മള്‍ അവരെയും സേവിക്കും..!

ജനത്തെ കാണാതെ വലഞ്ഞ നമുക്ക് പത്തു നാല്‍പ്പത്തഞ്ച് ദിവസം പരോളും സര്‍ക്കാര്‍ തന്നു. ഇനി ഇതൊക്കെ തടവായി കൂട്ടി ഉടന്‍ തന്നെ നമ്മെ ജനസേവനത്തിനു പറഞ്ഞു വിടും..
അല്ലെങ്കിലും നമ്മെപ്പോലെ ഒരാന മെലിഞ്ഞെന്നു കരുതി ജയിലിലിടുന്ന പതിവൊന്നും ഈ ഇന്ത്യാ മഹാരാജ്യത്തില്ലല്ലോ….!!

3 thoughts on “ആന മെലിഞ്ഞാലും ജയിലില്‍ കെട്ടാറില്ല…!!

  1. ഫിലിം സ്റ്റോറികളെ വെല്ലുന്ന പ്രഹസനങ്ങള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ നടന്നു കൊണ്ടിരിക്കുന്നു, ഇല്ലാത്ത അസുഘവും പേറി കല്‍മാഡിയും ഇയ്യാളുടെ കൂടെത്തന്നെ …നന്നായിട്ടുണ്ട് ഈ പരിഹാസം ………

Leave a Reply

Your email address will not be published. Required fields are marked *