ഐന്‍സ്റ്റീന്‍ തിരുത്തപ്പെടുമോ?

സബ് ആറ്റോമിക് കണങ്ങളായ ന്യൂട്രിനോകളെ കണികാത്വരകത്തില്‍ പ്രവഹിപ്പിച്ച് പ്രകാശവേഗത്തേക്കാള്‍ .0025ശതമാനം വേഗം കൈവരിച്ചതായി സേണ്‍(CERN)`യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്) ഗവേഷകര്‍ അവകാശപ്പെടുന്നു.സ്വതന്ത്ര പരീക്ഷണങ്ങളിലൂടെ ഈ ഫലം ശാസ്ത്രലോകം അംഗീകരിച്ചാല്‍ ആപേക്ഷികതാ സിദ്ധാന്തം പൊളിച്ചെഴുതേണ്ടി വരും. പ്രകാശവേഗത്തിനപ്പുറം വേഗമില്ലെന്ന് അന്തിമവിധിയെഴുതിയ ഐന്‍സ്റ്റീന്റെ നിഗമനം തിരുത്തേണ്ടി വരും-നിധീഷ് നടേരി എഴുതുന്നു

പദാര്‍ഥ നിര്‍മിതമായ പ്രപഞ്ചവസ്തുക്കളിലൊന്നിനുപോലും പ്രകാശ വേഗം കൈവരിക്കാനാവില്ലെന്നാണ് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം പറയുന്നത്. സെക്കന്റില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ വേഗതയുള്ള പ്രകാശത്തിനേക്കാള്‍ വേഗം മറ്റേതെങ്കിലും പ്രപഞ്ചവസ്തുവിന് കൈവരിക്കാനായാല്‍ കോസ്മിക് സ്പീഡ് ലിമിറ്റ് എന്ന ഐന്‍സ്റ്റീന്റെ നിഗമനം ചോദ്യം ചെയ്യപ്പെടും. ഐന്‍സ്റ്റീന്റെ സമവാക്യമനുസരിച്ച് ഒരു വസ്തുവിനെ പ്രകാശവേഗത്തിലേക്ക് എത്തിക്കണമെങ്കില്‍ അനന്തമായ ഊര്‍ജം വേണ്ടിവരും. അനന്തമായ ഊര്‍ജം എന്നത് അസാധ്യമെന്ന് ചുരുക്കം.

എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. സബ് ആറ്റോമിക് കണങ്ങളായ ന്യൂട്രിനോകളെ കണികാത്വരകത്തില്‍ പ്രവഹിപ്പിച്ച് പ്രകാശവേഗത്തേക്കാള്‍ .0025ശതമാനം വേഗം കൈവരിച്ചതായി സേണ്‍(CERN)`യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്) ഗവേഷകര്‍ അവകാശപ്പെടുന്നു. ഭൌതിക ശാസ്ത്രത്തില്‍ ഏറെ സംവാദങ്ങള്‍ക്ക് തിരികൊളുത്തും വിധമാണ് സേണിലെ ഒരുകൂട്ടം ഗവേഷകര്‍ രംഗത്തുവന്നിരിക്കുന്നത്.

ഓപ്പറ (OPERA Ocillation Project with Emulsion Tracking Appratus) എന്നു പേരിട്ട പരീക്ഷണ ദൌത്യത്തില്‍ ജനീവയിലെ സേണ്‍ കണികാ ത്വരകത്തില്‍നിന്ന് വേഗമാര്‍ജിച്ച ന്യൂട്രിനോകണങ്ങളെ ഭൌമാന്തര ടണലിലൂടെ 730 കിലോമീറ്റര്‍ അകലെ ഇറ്റലിയിലെ ഗ്രാന്‍ സാസോ ലാബോറട്ടറിവരെ അയച്ച് നിരന്തരം നിരീക്ഷണ വിധേയമാക്കുകയായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

പ്രകാശത്തേക്കാള്‍ അറുപത് നാനോസെക്കന്റുകള്‍ മുന്നിലാണ് ന്യൂട്രിനോ കണങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് സേണ്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതായത് പ്രകാശവുമായി ഒരു വേഗമല്‍സരമാണ് നടന്നതെങ്കില്‍ പ്രകാശത്തേക്കാള്‍ 20 മീറ്റര്‍ മുന്‍പില്‍ ന്യൂട്രിനോ കണങ്ങള്‍ ലക്ഷ്യം കണ്ട പോലെ. 15000 ന്യൂട്രിനോ പ്രവാഹ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഈ ഫലം ലഭ്യമായത്.

അതേ സമയം ഉപകരണത്തിനു സംഭവിച്ച പിഴവു മൂലമായിരിക്കാം അത്തരം അവിശ്വസനീയമായ ഫലത്തില്‍ എത്തിച്ചേര്‍ന്നതെന്ന് ചില ഭൌതിക ശാസ്ത്രകാരന്‍മാര്‍ സംശയമുന്നയിക്കുന്നുണ്ട്. എന്നാല്‍ ഉപകരണസംബന്ധമായി വന്നു ചേരാവുന്ന പിഴവുകള്‍ ഇല്ലെന്ന് മാസങ്ങളോളം നിരന്തര സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കിയാണ് ഫലം ഉറപ്പുവരുത്തിയതെന്ന് സേണ്‍ ഗവേഷകര്‍ പറയുന്നു.

പ്രകാശകണങ്ങള്‍ പോലെ തന്നെ പിണ്ഡമില്ലാത്ത ന്യൂട്രിനോകളുടെ സാധാരണ വേഗം സെക്കന്റില്‍ 299338 കിലോമീറ്ററാണ്. അവയെകണികാത്വരകത്തില്‍ വേഗം കൂട്ടിയാണ് ഐന്‍സ്റ്റീന്റെ കോസ്മിക് സ്പീഡ് ലിമിറ്റിനെ ഗവേഷകര്‍ വെല്ലുവിളിക്കുന്നത്. സ്വതന്ത്ര പരീക്ഷണങ്ങളിലൂടെ ഈ ഫലം ശാസ്ത്രലോകം അംഗീകരിച്ചാല്‍ ആപേക്ഷികതാ സിദ്ധാന്തം പൊളിച്ചെഴുതേണ്ടി വരും. പ്രകാശവേഗത്തിനപ്പുറം വേഗമില്ലെന്ന് അന്തിമവിധിയെഴുതിയ ഐന്‍സ്റ്റീന്റെ നിഗമനം തിരുത്തേണ്ടി വരും.

നിരീക്ഷണം സത്യമാണെങ്കില്‍ ആപേക്ഷികതാ സിദ്ധാന്തം അപ്രസക്തമാവുന്നില്ല പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് അത് ഒരുങ്ങുകയാണ് ചെയ്യുന്നതെന്നും കരുതുന്നവരുണ്ട്. ന്യൂട്രിനോ പരീക്ഷണങ്ങളുമായി 2006ലാണ് ഓപ്പറ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്. നിരവധി പരീക്ഷണ പരമ്പരകളിലേക്കാണ് ഓപ്പറ വാതില്‍ തുറന്നിടുന്നത്. ഈ ന്യൂട്രിനോ ജാലവിദ്യ ശരിയാണെങ്കില്‍ ഭൌതികശാസ്ത്രത്തില്‍ പുതിയ വിപ്ലവങ്ങളായിരിക്കും വരും കാലങ്ങള്‍ കാത്തുവെക്കുക.

വാല്‍ നക്ഷത്രം: ഒരു ഫേസ് ബുക്ക് ചര്‍ച്ചയില്‍ ഒരാളുടെ കമന്റ് ഇപ്രകാരമാകുന്നു; നിരന്തരം പറഞ്ഞത് മാറ്റിപ്പറഞ്ഞു ഒരു സ്ഥിരതയുമില്ലാതെ കളിക്കുകയാണ് ശാസ്ത്രം. മതചിന്തകള്‍ എത്ര സുസ്ഥിരം എന്ന്. നിരന്തരം സൂക്ഷ്മ സത്യങ്ങള്‍ തേടിയുള്ള യാത്രയില്‍ ഇങ്ങനെ സ്വയം തിരുത്തുകയും നവീകരിക്കുകയും ചെയ്യുന്നതാണ് ശാസ്ത്രത്തെ സജീവമാക്കുന്നതെന്ന് പലരും മറക്കുന്നു. ശാസ്ത്രം നീട്ടുന്ന ഓരോ നവീനതയും സ്വന്തം വാതില്‍ക്കല്‍ ആധുനികഉപകരണമായോ സേവനമായോ വരുമ്പോള്‍ ഇവര്‍ തന്നെ വാരിപ്പുണരുന്നു.

6 thoughts on “ഐന്‍സ്റ്റീന്‍ തിരുത്തപ്പെടുമോ?

 1. ശാസ്ത്രം എല്ലാത്തിനെയും സംശയത്തോട്‌ കൂടി മാത്രമേ നോക്കികാണുന്നുള്ളൂ .
  ഇന്നത്തെ ശരികള്‍ അല്ല നാളത്തെ ശരികള്‍. അറിഞ്ഞിടുമ്പോള്‍ അറിയാം നമ്മള്‍ക്കറിയാ നൊത്തിരി ബാക്കി

 2. രാസത്വരകം എന്ന വാക്കിന്‌ catalyst എന്നാണ്‌ അര്ത്ഥം എന്ന് കരുതുന്നു, (പഴയ കെമിസ്ട്രി പുസ്തകത്തില്‍ കണ്ട ഓര്മ്മ)

  അങ്ങനെയെങ്കില്‍ particle accelerator‍ ഇനെ രാസത്വരകം എന്ന്‌ വിളിക്കാന്‍ കഴിയുമോ??

  • catalyst ഉല്‍പ്രേരകം അല്ലേ………പുതിയ കെമിസ്ട്രി പുസ്തകത്തില്‍ കണ്ട ഓര്മ്മ….

 3. shaasthram susthiramalla ennalla. .
  ivide neutrino kanangalk prakaashathekkal thwaranam koodiyennu karuthi physicsnu onnum sambhavikkan pokunila..shaasthram ennum maatangalkum puthiya puthiya kandupiduthangalkum vidheyamaanu..
  CERN ile shasthranjanmarude kandupiduthangalude adisthaanavum einsteinte theory of relativitiyum newtonte lawsum okke thanneyanu..

  • കണികാ ത്വരകം – നല്ലൊരു വാക്ക്!
   ഈ വാക്ക് രൂപപ്പെടുത്തിയ ആള്ക്ക് അഭിനന്ദനങ്ങള്.

Leave a Reply

Your email address will not be published. Required fields are marked *