എന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി പ്രമേയത്തിലും അവതരണത്തിലും ഗൌരവപരമായ മാറ്റങ്ങളുമായി പുറത്തിറങ്ങിയ ചില നോവലുകള്‍ അത്തരം ഒരു മാറ്റം മലയാള നോവലില്‍ തീര്‍ച്ചയായും ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്- 2009ല്‍ ഡി.സി ബുക്സ് പുറത്തിറക്കിയ ഡിജാന്‍ ലീ എന്ന നോവലിലൂടെ ഫിക്ഷനില്‍ പുതിയ വഴികള്‍ തുറന്നിട്ട കെ വി പ്രവീണ്‍ ‘നാലാമിടം’ തുടങ്ങിവെച്ച മലയാളം ഫിക്ഷന്‍ സംവാദത്തില്‍ ഇടപെടുന്നു
മലയാള ഭാവനയിലെ പുതിയ ദേശങ്ങള്‍
നാലാമിടം മുന്നോട്ടു വെക്കുന്ന ആദ്യത്തെ ചോദ്യം മലയാളത്തില്‍ പുതു ഫിക്ഷന്‍ എന്ന ഒന്നുണ്ടോ എന്നുള്ളതാണ്. അങ്ങനെ ഒരു ലേബലോ അതില്‍ ഉള്‍പ്പെടുന്ന എഴുത്തുകാരോ ഉണ്ടോ അല്ലെങ്കില്‍ അങ്ങനെ ഒരു ലേബലിന്റെ ആവശ്യം തന്നെ ഉണ്ടോ എന്ന് ന്യായമായും സംശയിക്കാവുന്നതുമാണ്. എന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി പ്രമേയത്തിലും അവതരണത്തിലും ഗൌരവപരമായ മാറ്റങ്ങളുമായി പുറത്തിറങ്ങിയ ചില നോവലുകള്‍ അത്തരം ഒരു മാറ്റം മലയാള നോവലില്‍ തീര്‍ച്ചയായും ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
ഐസ് മൈനസ് 196 ഡിഗ്രി സെല്‍ഷ്യസ് (ജി ആര് ഇന്ദുഗോപന്, 2005), ഡ്രാക്കുള (അന്‍വര്‍ അബ്ദുള്ള, 2006), 2048 കി മീ (സുരേഷ് പി തോമസ്, 2007), ഡില്‍ഡോ (വി എം ദേവദാസ്, 2008), ഫ്രാന്‍സിസ് ഇട്ടിക്കോര (ടി ഡി രാമകൃഷ്ണന്, 2009) തുടങ്ങിയ നോവലുകള്‍ ഉദാഹരണങ്ങള്‍.
പൊതുവേ മലയാളത്തിലെ നോവലുകള്‍ അധികവും ദേശത്തിന്റെ കഥകളാണെന്നു കാണാം. മേല്‍പ്പറഞ്ഞ പുതിയ നോവലുകളധികവും ആ മുഖ്യധാരയില്‍ നിന്ന് പ്രധാനമായും അകന്നു നില്‍ക്കുന്നത് അത്തരമൊരു സ്ഥൂലദേശത്തിനു പകരം സാങ്കല്പികമായ ഒരതീത ദേശം സൃഷ്ടിക്കുന്നതു കൊണ്ടാണ്. രാഷ്ട്രം, ഭാഷ, വര്‍ഗം തുടങ്ങിയ അതിര്‍വരമ്പുകള്‍ മറി കടന്ന് ഒരു സമാന്തര ലോകം (പലപ്പോഴും സൈബര്‍സ്പേസിന്റെ തലത്തില്‍) സൃഷ്ടിക്കാന്‍ ഈ രചനകള്ക്കായിട്ടുണ്ടെന്നാണ് എന്റെ വായനയില്‍ തോന്നിയിട്ടുള്ളത്. ഒരര്‍ത്ഥത്തില്‍ ആനന്ദിന്റെ കൃതികള്‍ കേരളീയരല്ലാത്ത കഥാപാത്രങ്ങള്‍ക്കു പകരം പാന്‍-ഇന്ത്യന്‍ കഥാപാത്രങ്ങളെ മലയാള സാഹിത്യത്തില്‍ പ്രതിഷ്ഠിച്ചതു പോലെ, ഈ നോവലുകള്‍ ചില ആഗോള കഥാപാത്രങ്ങളേയും സൃഷ്ടിച്ചു എന്നു വേണമെങ്കില്‍ പറയാം.
ദേശത്തെ എഴുതലാണ് നോവലെങ്കില്‍ ഒരിക്കലും ഒരു നോവലെഴുതാന്‍ എനിക്കാവുമായിരുന്നില്ല. കാരണം ഉത്തരകേരളത്തില്‍ ജനിച്ചുവെങ്കിലും, അച്ഛന്റെ ജോലിയുടെ ഭാഗമായി, കേരളത്തിന്റെ പല ഭാഗങ്ങളില്‍ മാറി മാറി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുകയും, പിന്നീട് ഉപരിപഠനവും ജോലിയുമൊക്കെയായി കേരളത്തിനു പുറത്തും, ഇന്ത്യക്കു പുറത്തുമൊക്കെ കഴിഞ്ഞ എനിക്ക് സാമ്പ്രദായിക അര്‍ത്ഥത്തിലുള്ള ദേശകഥക്കുള്ള കോപ്പൊന്നുമുണ്ടായിരുന്നില്ല. എന്തിന്, വാമൊഴിയില്‍ പോലും കൃത്യമായി ഒരു ദേശത്തിന്റെ ചുവ ഉണ്ടാക്കാന്‍ എനിക്കിപ്പോഴും കഴിയില്ല. അങ്ങനെയിരിക്കെ, ‘ഡ്രാക്കുള’ യും, ‘2048‘ ഉം, ‘ഗ്യാംഗ്സ്റ്ററി‘ന്റെ ഡ്രാഫ്റ്റും ഒക്കെ സൃഷ്ടിച്ച ഒരന്തരീക്ഷമാണ് എന്നെപ്പോലുള്ള ഒരുവന് 2009-ല്‍ ‘ഡിജാന്‍ ലീ‘ എഴുതാനുള്ള ധൈര്യം (‘നീയൊക്കെ കഥയെഴുതിയിട്ട് എന്തുണ്ടാക്കി’ എന്ന ചോദ്യത്തെ മറി കടന്ന്) നല്‍കിയത്. അയച്ചു കൊടുത്ത് മൂന്നു മാസത്തിനുള്ളില്‍ ഡി സി ബുക്സ് അത് പുറത്തിറക്കുകയും ചെയ്തു.
അതൊരു ‘ചൈനീസ് നോവലിന്റെ പരിഭാഷയല്ലേ?’ ‘ഇതൊക്കെ മലയാളത്തില്‍ എഴുതേണ്ട കാര്യമുണ്ടോ, ഇംഗ്ഗ്ലീഷില്‍ ആയാല്‍ പോരേ’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കിടയിലും മലയാളത്തിലെ കുറച്ചു വായനക്കാരെങ്കിലും ‘ഡിജാന്‍ ലീ‘ ശ്രദ്ധിച്ചതില്‍ സന്തോഷമുണ്ട്. ‘വിദേശ പുസ്തകവും സിനിമയും പാട്ടും ഭാഷയും വസ്ത്രവും മരുന്നും യന്ത്രവുമൊന്നും സാഹിത്യത്തിന്റെ ശത്രുരാജ്യങ്ങളല്ല. സംസ്കാരങ്ങളും അഭിരുചികളും ദേശരാഷ്ട്രത്തിന്റെ രാഷ്ട്രീയാതിര്‍ത്തികളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നുമില്ല.‘ എന്ന് നാലമിടവുമായുള്ള അഭിമുഖത്തില്‍ പി കെ രാജശേഖരന് പറയുന്നത് മലയാള നോവലിന്റെ ഭാവിയിലേക്കുള്ള ചൂണ്ടു പലകയാവട്ടെ എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
നാലാമിടം മുന്നോട്ടു വെക്കുന്ന അടുത്ത ചോദ്യം പുതിയ നോവലുകളുടെ സ്വീകാര്യതയുടേതാണ്. മേല്‍പ്പറഞ്ഞ നോവലുകള്‍ ഗുണപരമായ ഒരു വിച്ഛേദം സാധ്യമാക്കുന്നുണ്ടെങ്കിലും അവ വായനക്കാര്‍ക്കിടയില്‍ വേണ്ട രീതിയില്‍ സ്വീകരിക്കപ്പെടുന്നുണ്ടോ എന്നുള്ള ചോദ്യം. ഇത് പൊതുവേ എഴുത്തിന്റേയും വായനയുടേയും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമായി കൂട്ടി വായിക്കാമെന്നു തോന്നുന്നു. ‘മലയാളത്തിലെ സാഹിത്യ സദസ്സുകള്‍ മിക്കവാറും മധ്യവയ്സ്കരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവരുടെ ആയുര്‍ദൈര്‍ഘ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക. സദസ്സില്‍ അങ്ങിങ്ങ് തെറ്റിക്കാണുന്ന ചെറുപ്പക്കാര്‍ പുതിയ കഥാകൃത്തുക്കളോ കവികളോ ആയിരിക്കും’ എന്ന് ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ഇ സന്തോഷ്കുമാര്‍ എഴുതുന്നുണ്ട് (ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പ്, 2008). അങ്ങനെയുള്ള അരക്ഷിതമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്ന പ്രതിസന്ധി, സ്വാഭാവികമായും ഈ കൃതികളും അവയുടെ എഴുത്തുകാരും പങ്കുപറ്റുന്നു.
ഒരു വായനക്കാരനെന്ന നിലയില്‍ ഈ നോവലുകളുടെ ഗുണമേന്മയിൽ എനിക്ക് തികഞ്ഞ വിശ്വാസമുണ്ട്. എന്നാല്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ ഒഴിച്ചുള്ള മേല്‍പ്പറഞ്ഞ കൃതികള്‍ക്ക് പുതിയ പതിപ്പുകളോ, വിപുലമായ അനുവചക ശ്രദ്ധയോ കിട്ടിയതായി അറിവില്ല. ഒരു പക്ഷെ, ഈ നാല്പതു കഴിഞ്ഞ വായനാ സമൂഹവുമായി സംവേദനപരമായി ഏതെങ്കിലും തരത്തില്‍ ഇടഞ്ഞു നില്‍ക്കുന്നതാകുമോ ഈ നോവലുകളുടെ കമ്പോള സ്വീകാര്യതയെ കുഴപ്പത്തിലാക്കുന്നത്? അതോ ഈ നോവലുകളുമായി സജീവമായി പ്രതികരിക്കാന്‍ സാദ്ധ്യതയുള്ളവര്‍ അധികവും വിഹരിക്കുന്നത് സൈബര്‍ സ്പേസിലാണെന്നു വരികയും, സാമ്പ്രദായിക പുസ്തകകമ്പോളത്തില് മാത്രം പ്രധാനമായും ലഭ്യമാകുന്നുവെന്നത് ഈ പുസ്തകങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ? ഗൂഗിള്‍ ബുക്സ് പോലുള്ള സംവിധാനങ്ങളായിരിക്കുമോ ഇനി സാഹിത്യത്തിന്റെ ഭാവി നിര്‍ണയിക്കുക? രചനയും, സംവിധാനവും, വിതരണവും എല്ലാം സൈബര്‍സ്പേസില്‍ സംഭവിക്കുന്ന കാലം? അതോ ഇതെല്ലാം വെറും ഗുണമേന്മയുടെ പ്രശ്നങ്ങള്‍ തന്നെയായിരിക്കുമോ?
അന്‍വര്‍ അബ്ദുള്ളയും, ദേവദാസും എഴുതിയതിനു സമാനമായ, ഒരു കൈ കൊണ്ട് തലോടുകയും മറു കൈ കൊണ്ടു പ്രഹരിക്കുകയും ചെയ്യുന്ന തരം അനുഭവങ്ങള്‍ തന്നെയാണ് പ്രസിദ്ദീകരണവുമായി ബന്ധപ്പെട്ട് എനിക്കും ഉണ്ടായിട്ടുള്ളത്. ഒരു നോവലും ഏതാനും ചെറു കഥകളും മാത്രം എഴുതിയിട്ടുള്ള എനിക്ക് ഒരു എഴുത്തുകാരനെന്ന തോന്നലോ, ലേബലോ, എഴുത്തുകാരന്റെ ജീവിതമോ ഇല്ല. എഴുത്തുകാരനായി പരകായപ്രവേശം ചെയ്യാന്‍ നിത്യജീവിതത്തില്‍ കിട്ടുന്ന സമയം വളരെ കുറവായതു കൊണ്ട് അതിനെക്കുറിച്ച വേവലാതിയുമില്ല.
പക്ഷെ, ഒരു സാഹിത്യസ്നേഹി എന്ന നിലയില്‍ എഴുത്തിന്റേയും, വായനയുടേയും, മലയാള ഭാഷയുടേയും ഭാവിയില്‍ എനിക്ക് തീര് ച്ചയായും ആശങ്കയുണ്ട്. ബന്ധുക്കളുടേയോ, സുഹൃത്തുക്കളുടേയോ, പരിചയക്കാരുടേയോ കുട്ടികളില്‍ മിക്കവര്‍ക്കും മലയാളം വായിക്കാനോ എഴുതാനോ അറിയില്ലെന്നതും (അമേരിക്കയിലും, ബാംഗ്ഗ്ലൂരിലും, തൃശ്ശൂരിലും ഒരു പോലെ), എന്റെ മകനെ മലയാളം രണ്ടക്ഷരം പറഞ്ഞു കൊടുക്കാന്‍ നിര്‍ബന്ധിച്ച് അടുത്തിരുത്തുമ്പോള്‍ ‘കദടള’ല ളദണ യമധഭള?’ എന്ന മട്ടില്‍ അവന് എന്നെ നോക്കുന്നതും, ഈ അടുത്ത കാലത്തൊന്നും മലയാള സാഹിത്യം വായിക്കുന്ന ഒരു കൌമാരക്കാരനെ കണ്ടിട്ടില്ലെന്നതും എന്നെ പേടിപ്പിക്കുന്നു.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളും, ബ്ലോഗുകളും, ഇ-ബുക്കുകളും വഴി മലയാള ഭാഷക്കും സാഹിത്യത്തിനും ഒരു സമാന്തര ലോകം സൈബര്‍ സ്പേസില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ മാത്രം ബാക്കി നില്ക്കുന്നു.
1.മലയാളം ഫിക്ഷന്‍ മാറുന്നു-ആമുഖ ലേഖനം
2. കളിപ്രായം കഴിഞ്ഞവരുടെ കളിസ്ഥലങ്ങള്‍-പി.കെ രാജശേഖരന്
3. സമ്പൂര്‍ണ വിപ്ലവം-ബി. മുരളി
4. എന്നെ വിട്ടേക്കു മാഷേ, ഞാനൊരെഴുത്തുകാരനൊന്നുമല്ല…-അന്‍വര്‍ അബ്ദുള്ള
5.വേണോ, ഈ ന്യൂ ഫിക്ഷന്‍ ലേബല്‍?-വി.എം ദേവദാസ്
6. ഉറപ്പുകളില്‍ വലിയ കാര്യമില്ല-സുരേഷ്. പി തോമസ്