വീണ്ടും വരുമോ കേരള കലാപീഠം?

കലാധരന്‍ മാഷ്, പക്ഷേ, പ്രതീക്ഷ കൈവിട്ടിട്ടില്ല. കലാപീഠത്തിന്റെ പഴയതും പുതിയതുമായ അഭ്യുദയകാംക്ഷികളെ കണ്ടെത്തി കോര്‍ത്തിണക്കി സ്വന്തമായൊരിടമുള്ള സ്ഥാപനമായി അതിനെ മാറ്റിത്തീര്‍ക്കാനുള്ള ശ്രമം ഒരാവര്‍ത്തി കൂടി ആവര്‍ത്തിച്ചു നോക്കാനാണ് മാഷ് ടെ ഭാവം. ഭാവം-രേണു രാമനാഥ് എഴുതുന്നു

1990കളുടെ അവസാനം വരെ, എറണാകുളത്തെത്തുന്ന കലാകാരന്‍മാര്‍ക്കും കലാസ്നേഹികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും തൊഴിലുള്ളവര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും ഒക്കെ, നേരവും കാലവും നോക്കാതെ കേറിച്ചെല്ലാനൊരിടമുണ്ടായിരുന്നു. സൌത്ത് റെയില്‍വേ സ്റ്റേഷന്റെ വിളിപ്പാടകലെ, ഒരു മഴ പെയ്താല്‍ തോടാവുന്ന, എല്ലാക്കാലത്തും പൊട്ടിപ്പൊളിഞ്ഞ,കാരിക്കാമുറി ക്രോസ്റോഡിലെ ഒരു കൊച്ചിടവഴിക്കുള്ളില്‍ ഒളിച്ചിരുന്ന കേരള കലാ പീഠം.

മഴക്കാലത്ത് ചളിനിറഞ്ഞ ഇടവഴി വേനല്‍ തിളക്കുമ്പോഴും തണലിലാഴ്ന്നു നിന്നു. നഗരത്തിന്റെ തിരക്കിലും ഒച്ചപ്പാടിലും മറഞ്ഞിരിക്കുന്ന ഒരു മരുപ്പച്ച പോലെ കേരള കലാപീഠത്തിന്റെ ചെറിയ പറമ്പില്‍ കാട്ടുബദാം മരങ്ങളുടെ നിഴല്‍ തിങ്ങിനിന്നു. ഒരുകാലത്ത് എറണാകുളത്തെ ഒഴിഞ്ഞ പറമ്പുകളില്‍ സമൃദ്ധമായിരുന്നു കാട്ടുബദാം മരങ്ങള്‍. കളിമണ്ണിലും കോണ്‍ക്രീറ്റിലുമുള്ള ശില്‍പ്പങ്ങള്‍ അലക്ഷ്യമായി കിടക്കുന്ന മുറ്റത്തിന്റെ നടുവില്‍ ചെറിയൊരു കെട്ടിടത്തിനുള്ളില്‍ സമൃദ്ധമായ താടി കെട്ടിവെച്ച് കലാധരന്‍ മാഷ് എപ്പോഴും തിരക്കു പിടിച്ച് ചിരിയോടെയുണ്ടാവും. എപ്പോഴും കയറിച്ചെല്ലാം. വര്‍ത്തമാനം പറഞ്ഞോ പറയാതെയോ ഇരിക്കാം.

സി. രാധാകൃഷ്ണനും എം. ലീലാവതിയും ഒരു പുസ്തക പ്രകാശന ചടങ്ങില്‍

എറണാകുളത്തിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ സാംസ്കാരിക ചരിത്രത്തില്‍ കേരള കലാപീഠത്തിന്റെ സ്ഥാനം ഏറെ പ്രധാനപ്പെട്ടതാണ്. 1960കളുടെ അവസാനത്തില്‍ കേരളത്തിലുയര്‍ന്നുവന്ന ആധുനികതയുടെ കടന്നുവരവിന്റെ ഭാഗമായിരുന്ന നാടകക്കളരി പ്രസ്ഥാനവും ഫിലിം സൊസൈറ്റികളുംപോലെ കേരള കലാപീഠവും.
1969ല്‍, സി.എന്‍ ശ്രീകണ്ഠന്‍നായരുടെയും എം.കെ.കെ നായരുടെയും നേതൃത്വത്തില്‍, എം.വി ദേവന്‍ ഡയരക്ടറായി ചിത്രകല അഭ്യസിപ്പിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആയിട്ടായിരുന്നു കേരള കലാപീഠത്തിന്റെ ജനനം. വിജയദശമി നാളിലായിരുന്നു തുടങ്ങിയത്. കെ.എം ദാമോദര മേനോന്‍, മൂര്‍ക്കോത്ത് കുഞ്ഞപ്പ തുടങ്ങിയ പ്രതിഭകള്‍ അടങ്ങുന്ന ട്രസ്റ്റാണ് കലാപീഠത്തെ നയിച്ചത്. എറണാകുളത്ത് പുല്ലേപ്പടി ക്രോസ് റോഡില്‍ പ്രശസ്ത അഭിഭാഷകനും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച അഡ്വ. പി ബാലഗംഗാധര മേനോന്റെ സ്ഥലത്താണ് ആദ്യമായി ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്.

എം.ടി വാസുദേവന്‍ നായര്‍ കലാപീഠത്തിന്റെ ചെറുപ്പത്തില്‍

എം.കെ.കെ നായര്‍ ഫാക്റ്റിനെ നയിക്കുന്ന കാലം. ഫാക്റ്റിന്റെ അമ്പലമേട് ഹൌസ് രൂപകല്‍പ്പന ചെയ്യാനായി എം.കെ.കെ മദ്രാസില്‍നിന്ന് വിളിച്ചു വരുത്തിയ എം.വി ദേവന്‍, ഗസ്റ്റ് ഹൌസിനുമുന്നില്‍ ‘ഉര്‍വരത’ എന്ന ശില്‍പ്പം ചെയ്യാനായി എത്തിയ കാനായി കുഞ്ഞിരാമന്‍, പിന്നെ മദിരാശിയില്‍നിന്നു തന്നെ തിരിച്ചെത്തിയ സി.എന്‍ കരുണാകരന്‍, തുടങ്ങിയ കലാകാരന്‍മാരാണ് അന്നത്തെ അധ്യാപകരായി ഉണ്ടായിരുന്നത്.
കലാധരന്‍ മാഷ് അവിടെ വിദ്യാര്‍ഥിയായി എത്തിയത് 1972ലായിരുന്നു. ആ വര്‍ഷം വളഞ്ഞമ്പലത്ത് എറണാകുളം ഗവ. ഗേള്‍സ് സ്കൂളിനെതിരെയുള്ള ഒരു കെട്ടിടത്തിലേക്ക് സ്ഥാപനം മാറി. (പിന്നീട് ഇതേ കെട്ടിടത്തിലാണ് ഹിന്ദു ദിനപത്രത്തിന്റെ കൊച്ചി ബ്യൂറോ ഏറെക്കാലം പ്രവര്‍ത്തിച്ചത്).

അപ്പോഴേക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ്് കേരളാ കലാപീഠമായി മാറി. അതിനു കാരണമായത് കലാധരന്‍ മാഷാണ്. അന്ന് നാടൊട്ടുക്കും ടൈപ്പ്റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സുലഭമായിരുന്നു. മാഷും എല്ലാ ചെറുപ്പക്കാരെയും പോലെ ടൈപ്പടിക്കാന്‍ പഠിച്ചിട്ടുണ്ടായിരുന്നു.
കലാസ്ഥാപനത്തിന് ടൈപ്പ്റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരോ!
അതിനിടക്കെപ്പോഴോ ദേവന്‍മാഷ്, എം.വി ദേവന്‍, കേരളാ കലാപീഠം, എറണാകുളം എന്ന് പേര് വെച്ചുകൊണ്ട് , അയ്യപ്പപ്പണിക്കരുടെ ഒരു കവിതാ സമാഹാരത്തിന് അവതാരികയഴുതുകയും ചെയ്തത്രെ. അങ്ങനെ വളഞ്ഞമ്പലത്ത് കേരള കലാപീഠം എന്ന ബോര്‍ഡ് പൊങ്ങി.
വീണ്ടും രണ്ട് വര്‍ഷം കഴിഞ്ഞു. സി.എന്‍ ശ്രീകണ്ഠന്‍നായര്‍ ദിവംഗതനായി. കലാപീഠത്തിനു വീണ്ടും കൂടുമാറേണ്ടി വന്നു. കലാധരന്‍ മാഷ് തന്നെ അതേറ്റെടുത്തു. ‘അച്ഛനോട് ചോദിച്ച്, കാരിക്കാമുറി ക്രോസ് റോഡില്‍ ഒഴിഞ്ഞു കിടന്ന പറമ്പില്‍ കലാപീഠം പ്രവര്‍ത്തനമാരംഭിച്ചു’ മാഷ് ഓര്‍ത്തു.

കടമ്മനിട്ട കവിതക്ക് നടന്‍ മുരളിയുടെ ശരീരഭാഷ്യം. ഒരു കലാപീഠം ഓര്‍മ്മ

1978ല്‍ ആയിരുന്നു അത്. വര്‍ഷങ്ങളേറെ കഴിഞ്ഞു. കലാധരന്‍ എന്നാല്‍ കലാപീഠമായും കലാപീഠമെന്നാല്‍ കലാധരനായും പലവുരു പകര്‍ന്നാടി. പല തവണ മാഷ് കലാപീഠത്തില്‍നിന്നൊഴിയാന്‍ ശ്രമിച്ചത്രെ. പക്ഷേ, മാഷും കലാപീഠവും കൊച്ചിയുടെ സാംസ്കാരിക ജീവിതത്തിന്റെ നടുവില്‍ തന്നെ നിന്നു. കലാപീഠത്തില്‍ വന്നു പോവാത്ത ചിത്രശില്‍പ്പകാരന്‍മാരും നാടകക്കാരും സിനിമാക്കാരും ഇന്ത്യയിലുണ്ടാവില്ല. ചന്ദ്രശേഖര കമ്പര്‍ക്ക് ജ്ഞാന പീഠം കിട്ടിയ വാര്‍ത്ത കേട്ടപ്പോള്‍ കലാധരന്‍ മാഷ് ഓര്‍ത്തു. ‘ കമ്പര്‍ പണ്ടിവിടെ വന്നിരുന്നു’.

കലാപീഠത്തിന്റെ ചരിത്രം നീണ്ടതാണ്. ഈ കോളത്തില്‍ ഒതുങ്ങാത്തത്. അതില്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെ ചരിത്രമുണ്ട്. അതിനുമുമ്പ് ജോണ്‍ ഏബ്രഹാമിന്റെ ചരിത്രമുണ്ട്. അമ്മ അറിയാനിന്റെ, നായ്ക്കളിയുടെ, എ. അയ്യപ്പന്റെ, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ, അങ്ങനെയങ്ങനെ.

1989 ഡിസംബര്‍. കലാപീഠത്തിലെ ശില്‍പ്പശാല

ഇന്ന് കേരള കലാപീഠം എവിടെയുമില്ല-കലാപീഠം എന്ന ബോര്‍ഡ് വെച്ച ഒരിടമാണുദ്ദേശിക്കുന്നതെങ്കില്‍. 2000ത്തില്‍ , പി.ടി.ഉഷ റോഡിലെ സ്റ്റേഡിയത്തിന്റെ ഒരു മുറിയില്‍, ജി.സി.ഡി.എയുടെ ഔദാര്യത്തില്‍ കലാപീഠം കുറച്ചു നാള്‍ പ്രവര്‍ത്തിച്ചു. പിന്നെ അതുമില്ലാതായി. മാറിയ സാഹചര്യങ്ങളില്‍, കാരിക്കാമുറി ക്രോസ് റോഡിലെ പറമ്പില്‍ മാഷ് സ്വന്തം വീടുവെച്ചു. കാട്ടുബദാം മരങ്ങള്‍ക്ക് സ്ഥലമില്ലാതായി. വീടിന്റെ മുകള്‍നില ഗാലറിയും സ്റ്റുഡിയോയും തന്നെയാണിന്നും. ഓര്‍ത്തിക് ക്രിയേറ്റീവ് സെന്റര്‍ എന്നു പേര്.

കൊല്ലം 42 കഴിഞ്ഞിട്ടും കേരള കലാപീഠത്തിന് സ്വന്തമായൊരിടം ഉണ്ടാവാതെ പോയതിന്റെ ഖേദം കലാധരന്‍ മാഷ്ക്കിപ്പോഴും തീര്‍ന്നിട്ടില്ല. അതും ഇത്രയേറെ മഹാരഥന്‍മാര്‍ ചേര്‍ന്നു രൂപം കൊടുത്തു നയിച്ച സ്ഥാപനമായിട്ടും.

ഇപ്പോഴില്ലാത്ത കലാകാരന്‍ എന്‍.എസ് ബെന്ദ്രെ കലാപീഠം വിദ്യാര്‍ഥികളുടെ ഒരു ചിത്ര പ്രദര്‍ശനത്തിനിടെ

1969ല്‍ രൂപീകരിച്ച ഉടനെ, അന്നത്തെ കൊച്ചിന്‍ ടൌണ്‍ പ്ലാനിങ് ട്രസ്റ്റ്, കലാപീഠത്തിന് കാക്കനാട് 12 ഏക്കര്‍ സ്ഥലം കൊടുക്കാമെന്ന് നിര്‍ദേശിച്ചിരുന്നു. അത് ഏറെക്കൂറെ നടപ്പിലായതാണത്രെ. എന്തൊക്കെയോ കാരണങ്ങളാല്‍ അതു നടക്കാതെ പോയി. ‘ അന്നാ സ്ഥലം കിട്ടിയിരുന്നെങ്കില്‍ ഇന്നതൊരു സര്‍വകലാശാലയായേനെ’, കലാധരന്‍മാഷ് ഓര്‍ക്കുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകളും കോര്‍പ്പറേഷന്‍ ഭരണാധികാരികളും പലവട്ടം വഗ്ദാനങ്ങള്‍ കൊടുത്തതല്ലാതെ, സ്വന്തമായി ഒരിഞ്ചു സ്ഥലം പോലും കലാപീഠത്തിനു ലഭിച്ചിട്ടില്ല.

1989 ഡിസംബര്‍. കലാപീഠത്തിലെ ഒരു ശില്‍പ്പ ശില്‍പ്പശാല

കലാധരന്‍ മാഷ്, പക്ഷേ, പ്രതീക്ഷ കൈവിട്ടിട്ടില്ല. കലാപീഠത്തിന്റെ പഴയതും പുതിയതുമായ അഭ്യുദയകാംക്ഷികളെ കണ്ടെത്തി കോര്‍ത്തിണക്കി സ്വന്തമായൊരിടമുള്ള സ്ഥാപനമായി അതിനെ മാറ്റിത്തീര്‍ക്കാനുള്ള ശ്രമം ഒരാവര്‍ത്തി കൂടി ആവര്‍ത്തിച്ചു നോക്കാനാണ് മാഷ് ടെ ഭാവം. അതിന്റെ മുന്നോടിയായി, ഇക്കഴിഞ്ഞ ദിവസം,പല കാലങ്ങളിലൂടെ കലാപീഠത്തിലൂടെ കടന്നുപോയവര്‍ മാഷ് ടെ ഓര്‍ത്തിക് ക്രിയേറ്റീവ് സെന്ററില്‍ ഒത്തുകൂടി, ഓര്‍മ്മകള്‍ അയവിറക്കി. എല്ലാവരുമൊത്തു പിടിച്ചാല്‍ എന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണ് മാഷിപ്പോഴും.

ഇത് മാഷ് ടെ മാത്രം പ്രതീക്ഷയല്ല. തിളക്കുന്ന വേനല്‍ച്ചൂടില്‍ നിന്ന്, കാട്ടുബദാം മരത്തണലിന്റെ തണുപ്പു തേടിച്ചെന്നിരുന്ന തലമുറകളുടെ മുഴുവന്‍ പ്രതീക്ഷയാവട്ടെയെന്ന് ആശിക്കാം.

കുട്ടികളുടെ ശില്‍പ്പശാല

Leave a Reply

Your email address will not be published. Required fields are marked *