ഒരു രൂപക്ക് അരിയും ഊരാക്കുടുക്കുകളും

ഒരു രുപക്കും രണ്ട് രൂപക്കും അരി വിതരണം ചെയ്യുന്നതിന് പിന്നിലെന്താണ്? ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? മാധ്യമങ്ങളും പൊതുചര്‍ച്ചകളും കാണാതെ വിടുന്ന ചില കാര്യങ്ങള്‍ കൂട്ടിവായിക്കുന്നു, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.പി പത്മനാഭന്‍ മാസ്റ്റര്‍

ഒരു രൂപക്ക് ഒരു കിലോ എന്നല്ല സൌജന്യമായിത്തന്നെ ആഹാരം വായിലും വയറിലുമെത്തിക്കേണ്ട ഏതാനും കുടുംബങ്ങള്‍ കാടു തൊട്ട് കടലുവരെയുള്ള ഭൂമി മലയാളത്തില്‍ ഇന്നുമുണ്ട്. സമ്പന്നമായ ജീവാഭയ വ്യവസ്ഥകള്‍ തകര്‍ക്കപ്പെട്ടതിനാല്‍ തനതു ജീവന വൃത്തികളൊക്കെ കൈമോശം വന്ന ഇവര്‍ ഒട്ടിയ വയറും എല്ലുന്തിയ മാറിടവുമായി കഞ്ഞിച്ചട്ടിയില്‍ വീഴുന്ന പിച്ചക്കായി കാത്തിരിക്കുകയാണ്. അവരെ ഒഴിച്ചു നിര്‍ത്തിയാലും, ഒരു രൂപക്ക് ഒരു കിലോ അരി കിട്ടേണ്ട അനേകരുണ്ടാകും ഇന്നാട്ടില്‍. എന്നാല്‍, അതിന്റെ പേരില്‍ ഇന്ന് നടക്കുന്ന സര്‍വാണി സദ്യ’ നമ്മെ എവിടെയാണ് കൊണ്ടെത്തിക്കുക? ഇക്കാര്യം ഗൌരവമായി ആലോചിക്കേണ്ടതാണ്.

അന്നം ബ്രഹ്മമാണെന്നാണ് പ്രാക്തന സങ്കല്‍പ്പം. ഒരന്നം പോലും പാഴാക്കാതെ കഴിക്കുന്നതായിരുന്നു സംസ്കാരം. നെല്ല് പത്തായത്തില്‍ കവിയുമ്പോഴും മുറ്റത്തൊരു നെന്‍മണി പാഴാക്കിക്കളയുമായിരുന്നില്ല. ചന്തയില്‍നിന്ന് വാങ്ങിക്കൊണ്ടുവുന്ന അരിയില്‍നിന്ന് പോലും നെന്‍മണി പെറുക്കിമാറ്റി സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുമായിരുന്നു. ഇത്രയും മൂല്യമുള്ള അന്ന സംസ്കാരമാണ് മലയാളി ഉടുമുണ്ടിന്റെ കോന്തലയില്‍ കെട്ടി സൂക്ഷിച്ചിരുന്നത.്
വിത്തു വിതക്കുന്നതു മുതല്‍ തിരികെ പത്തായത്തില്‍ നിറക്കുന്നതു വരെയുള്ള കാര്‍ഷിക വൃത്തിക്കുള്ള കൂലി നെല്ലായിരുന്നു. പണിക്കൂലിയായി നെല്ല് ഇന്നാര്‍ക്കും വേണ്ട്. ‘അടിപൊളി’ക്കാവശ്യമായ കൂലി നല്‍കി നെല്‍ക്കൃഷി നടത്താനും സാധ്യമല്ല. അതിനാല്‍ നെല്‍വയലുകളെല്ലാം തരിശിടുകയാണ്. മനസ്സില്‍ താലോലിച്ച് ആഗ്രഹിച്ചതു കൊണ്ടും നിയമം കൊണ്ടും മാത്രം എവിടെയും നെല്ല് കൃഷി ചെയ്യപ്പെടില്ല.

തരിശിട്ടിരിക്കുന്ന നെല്‍പ്പാടങ്ങള്‍ തേടി വന്‍കിട കച്ചവട മാളുകാരുടെ കങ്കാണികള്‍ വാമന രൂപത്തില്‍ ഇന്നാട്ടിലിറങ്ങിക്കഴിഞ്ഞു. പാട്ടം വാങ്ങി തല കുനിക്കാന്‍ മഹാബലിമാര്‍ തയ്യാറാണ്. നിയമലംഘനമാണ് വാമനശീലം. അവര്‍ ഗ്രാമങ്ങള്‍ തന്നെ വാങ്ങിക്കൂട്ടുമെന്നാാണ്പഞ്ചാബ് നല്‍കുന്ന പാഠം. ഇതുവഴി സ്വന്തം നിലത്ത് പണിയെടുക്കുന്നവരുടെയും കാര്‍ഷികത്തൊഴിലാളികളുടെയും ഭൂമിയില്ലാത്തവരുടെയും തൊഴിലില്ലായ്മ വര്‍ധിക്കും. ഒപ്പം അന്യസംസ്ഥാന കരാര്‍ തൊഴിലാളികളുടെ പെരുപ്പവുമുണ്ടാകും. ഈയൊരു ധാരയില്‍നിന്ന് തെന്നിമാറി ബാങ്കില്‍ നിന്നോ മറ്റോ കടമെടുത്ത് കൃഷിചെയ്യാ ന്‍ തുടങ്ങിയാല്‍ അവര്‍ ആജീവനാന്തം കടക്കെണിയില്‍ അകപ്പെടും.

ജനങ്ങള്‍ക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ വിളയിച്ചെടുത്ത് നാട്ടില്‍ത്തന്നെ സംതൃപ്തരായി ജീവിക്കുന്നത് സാമൃാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് ഒരിക്കലും ഇഷ്ടമായിരുന്നില്ല എന്നതിന് ഒരു പഴയ കഥ കൂടി ഓര്‍മിപ്പിക്കാം. 1851ല്‍ ബ്രിട്ടീഷ് ഗിനിയയില്‍ ധാരാളം ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്ത് മുഴുവന്‍ നികുതികളും ഇളവ് ചെയ്ത് തുച്ഛമായ തുകക്ക് വിതരണം ചെയ്തു. പ്രാദേശികമായി കൃഷി ചെയ്യാതായപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട യുവാക്കളെ അടിമകളായി ലേലം ചെയ്തെടുത്ത് അവര്‍ കോളനി രാജ്യങ്ങളിലേക്ക് നാണ്യവിള കൃഷി ചെയ്യാന്‍ കപ്പല്‍ കയറ്റി. ആസാമിലെയും മൂന്നാറിലെയും ചായത്തോട്ടങ്ങളിലെത്തിയവരുടെയും കഥ വ്യത്യസ്തമല്ല.

കൊച്ചു കുഞ്ഞിനെപ്പോലും മദ്യം കൊടുത്ത് മയക്കി, ലോട്ടറി എന്ന ചൂതാട്ടത്തില്‍ വ്യാമോഹിപ്പിച്ച് സ്വത്വം നഷ്ടപ്പെട്ട ജനതക്ക് വെറുതെ കിട്ടുന്ന അന്നത്തിനു ചുറ്റുമുള്ള ഊരാക്കുടുക്കുകള്‍ തിരിച്ചറിയാന്‍ പറ്റാത്തതില്‍ എന്തിന് അത്ഭുതപ്പെടണം.

2 thoughts on “ഒരു രൂപക്ക് അരിയും ഊരാക്കുടുക്കുകളും

  1. സത്യം.ഒരു രൂപയ്ക്ക് അരികൊടുക്കുന്നത് നിര്‍ത്തണം.

  2. I have a friend, who couldn’t work in the mainstream professional setups. He used to write a lot on sociologically important matters, relying on the grants by Govt.

    If the population have a good percentage of pro-social individuals, a guarantee on availability of food , (even when they differ from mainstream setups) would do great.

Leave a Reply

Your email address will not be published. Required fields are marked *