കോടികള്‍ വിഴുങ്ങിയിട്ടും പനി മാറാത്തതെന്ത്?

അഞ്ച് വര്‍ഷം കൊണ്ട് ജില്ലകളിലെ വാര്‍ഡ് ശുചിത്വ കമ്മിറ്റികള്‍ക്ക് വിതരണം ചെയ്തത് 51.6 കോടി രൂപയാണ്. ഇതില്‍ ചെലവിട്ടതാകട്ടെ 45 കോടിയും.കഴിഞ്ഞ വര്‍ഷം മാത്രം ഇവരുടെ കൈയിലെത്തിയത് 16.34 കോടി. എന്ത് ശുചീകരണമാണ് നിങ്ങളുടെ വാര്‍ഡുകളില്‍ നടന്നതെന്ന് ഒന്ന് അന്വേഷിക്കുക-പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ പി.പി പ്രശാന്ത് നടത്തുന്ന അന്വേഷണം

‘എനിക്കൊരു പനി തരൂ, ഞാന്‍ എല്ലാ രോഗവും മാറ്റാ’മെന്ന് പറഞ്ഞത് ആരോഗ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് ആണ്. നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ പനിയുടെ വേഷം മാറി. ഇപ്പോഴത് രോഗ സംഹാരിയല്ല;കൊലയാളിയാണ്.
മഴയൊന്നലച്ച് പെയ്തതോടെ കേരളത്തില്‍ വീണ്ടും പനി മരണങ്ങളുടെ കാലമാണ്. ഭീതിയുടെ കൊയ്ത്തുകാലം. എലിപ്പനി,ചികുന്‍ഗുനിയ, ഡങ്കിപ്പനി എന്നിങ്ങനെ പല പനികള്‍. നിറയുന്ന ആശുപത്രികള്‍. കടിഞ്ഞാണിടാന്‍ ആരോഗ്യവകുപ്പിന്റെ പതിവു നെട്ടോട്ടം. കേന്ദ്രസംഘത്തിന്റെ വരവ്. കരകയറാന്‍ കോടികളുടെ പ്രഖ്യാപനങ്ങള്‍. മാലിന്യം നശിപ്പിക്കല്‍, ഫോഗിങ്, കിണറുകളില്‍ ക്ലോറിന്‍ കലക്കല്‍, സ്കൂളുകളില്‍ ബോധവല്‍കരണ പരിപാടികള്‍. ഇത്തിരി നാളുകളിലേക്ക് കേരളം വീണ്ടും പനിപ്പേടിയുടെ നെറുകയിലെത്തും.

എല്ലാവര്‍ഷവും ആവര്‍ത്തിക്കുന്ന ഈ അനുഷ്ഠാനങ്ങള്‍ക്കിടയിലും ചില ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ ബാക്കി തന്നെയാണ്. എന്തുകൊണ്ട് ഈ പനി മരണങ്ങള്‍? ഇത്ര സുശക്തമായ ആരോഗ്യ സംവിധാനമുള്ള നാട്ടില്‍ എന്തു കൊണ്ട് ഒരു ശാശ്വത പരിഹാരമാവുന്നില്ല? പനി ജീവന്‍ കവരുമ്പോള്‍ ഉണരുകയും കെട്ടടങ്ങുമ്പോള്‍ വിട്ടൊഴിയുകയും ചെയ്യുക എന്നതിലുപരി എന്താണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്?.മഴക്കൊപ്പം മാത്രം ഉണരുക എന്നത് മാത്രമാണോ സര്‍ക്കാരിന്റെ ഉത്തരവാദിത്തം?.
സര്‍ക്കാര്‍ കുറേ കാര്യം ചെയ്യുന്നുണ്ട്.എന്നാല്‍ വേണ്ടത് ചെയ്യുന്നുമില്ല. പനിയെത്തുമ്പോള്‍ കോടികള്‍ വിതറാന്‍ സര്‍ക്കാരിന് മടിയില്ല. അപ്പോഴും പിന്നീടും നാടും നഗരവും മാലിന്യകൂമ്പാരത്തില്‍ തന്നെ തുടരുകയാണ്. ഒപ്പം പനി ബാധക്ക് കാരണമായ രോഗാണുക്കള്‍ ഇരട്ടി ബലത്തോടെ നമ്മെ ആക്രമിക്കുന്നു. ഓരോ പനി സീസണിലും നൂറുകണക്കിനനാളുകളാണ് വിവിധ പനിപ്പേരുകളില്‍ മരിക്കുന്നത്. ദേശീയ ഗ്രാമീണാരോഗ്യ ദൌത്യമെന്ന(എന്‍.ആര്‍.എച്ച്.എം) ‘ആരോഗ്യ കേരളം ‘ ഫണ്ടില്‍ കോടികളാണ് വരുന്നത്. എന്നിട്ടും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത് ഫണ്ട് ക്ഷാമം തന്നെയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ വാര്‍ഡില്‍ ശുചീകരണ പ്രവൃത്തിക്ക് എത്തിയ കോടികള്‍ എത്രയെന്ന് അറിയുമോ. അഞ്ച് വര്‍ഷം കൊണ്ട് ജില്ലകളിലെ വാര്‍ഡ് ശുചിത്വ കമ്മിറ്റികള്‍ക്ക് വിതരണം ചെയ്തത് 51.6 കോടി രൂപയാണ്. ഇതില്‍ ചെലവിട്ടതാകട്ടെ 45 കോടിയും.കഴിഞ്ഞ വര്‍ഷം മാത്രം ഇവരുടെ കൈയിലെത്തിയത് 16.34 കോടി. എന്ത് ശുചീകരണമാണ് നിങ്ങളുടെ വാര്‍ഡുകളില്‍ നടന്നതെന്ന് ഒന്ന് അന്വേഷിക്കുക. ഇങ്ങനെ ഐസായി അലിഞ്ഞ് പോകുന്ന അനേകം കണക്കുകളാണ് ഓരോ പനി സീസണും ബാക്കിവെക്കുന്നത്.
പനിക്ലിനിക്കുകളും ബോധവല്‍ക്കരണ ക്ലാസുകളും ബ്ലീച്ചിങ് പൌഡര്‍ വിതറലുമായാണ് ആരോഗ്യ വകുപ്പ് പണം ചെലവഴിച്ച രേഖകളുണ്ടാക്കുന്നത്. പാരസെറ്റമോളും ആന്റിബയോട്ടിക്കുകളും ഇക്കാലയളവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വാങ്ങിക്കൂട്ടി പൊതുജനങ്ങളേക്കൊണ്ട് തീറ്റിപ്പിക്കുന്നു.
പ്ലാസ്റ്റിക് നിരോധം വന്നിട്ടും നമ്മുടെ നാട്ടിലും നഗരങ്ങളിലും കുന്നുകൂടുകയാണ് പ്ലാസ്റ്റിക്. തടയാന്‍ നിയമമുണ്ടായിട്ടും അത് പാലിക്കപ്പെടുന്നില്ല. പകരം, വ്യക്തിക്കാണ് മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്തമെന്ന വീണ്‍വാക്ക് പറഞ്ഞ് അവസാനം പരസ്യവും നല്‍കി രക്ഷപ്പെടുകയാണ് അധികൃതര്‍.

പാവം പാവം ആന്റിബയോട്ടിക്കുകള്‍
അലക്സാണ്ടര്‍ ഫ്ലെമിങ് ക്ഷയരോഗാണുക്കളെ വെല്ലാന്‍ കൊണ്ടു വന്ന പെനിസിലിന്‍ എന്ന അല്‍ഭുത മരുന്നോടുകൂടിയാണ് ആന്റിബയോട്ടിക്ക് യുഗം തുടങ്ങുന്നത്.സ്റ്റഫലോ കോക്കസ് എന്ന ബാക്ടീരിയക്കെതിരെയുള്ള വിജയമായിരുന്നു അന്ന് ആന്റിബയോട്ടിക്കുകള്‍ ആഘോഷിച്ചിരുന്നതെങ്കില്‍ വര്‍ഷം ചെല്ലും തോറും ഇതേ ബാക്ടീരിയ വര്‍ധിച്ച വീര്യത്തോടെ തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്.

1990 കളുടെ അവസാനത്തോടെ ആന്റിബയോട്ടിക്കുകളെ വെല്ലുന്ന രോഗാണുക്കളുടെ വരവ് വര്‍ധിച്ചു. പിന്നീട് പ്രതിരോധമരുന്നുകളെ അടിയറവ് പറയിപ്പിച്ച് ‘മാന്ത്രിക മരുന്നുകള്‍’ നിഷ്പ്രഭമാണെന്ന് രോഗാണുക്കള്‍ തെളിയിച്ചു.
ആഗസ്റ്റ് 11ന് ആധികാരിക മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് മാസികയില്‍ പ്രൊഫ. ടിം വാല്‍ഷും സംഘവും പ്രസിദ്ധീകരിച്ച പകര്‍ച്ച രോഗങ്ങളെപ്പറ്റിയുള്ള ലേഖനം ആന്റിബയോട്ടിക്കുകളെപ്പറ്റിയുള്ള പഠനത്തില്‍ നാഴികക്കല്ലാണ്.ന്യൂഡല്‍ഹി മെറ്റലോ ബീറ്റാ ലാക്ടമേസ്(എന്‍.ഡി.എം^1) എന്ന ബാക്ടീരിയയിലെ ജീനിനെക്കുറിച്ച പഠനമാണീ ലേഖനത്തില്‍.

എല്ലാത്തരം ആന്റിബയോട്ടിക്കുകള്‍ക്കുമെതിരെ പ്രതിരോധം കെട്ടിപ്പടുക്കാന്‍ ബാക്ടീരിയകളെ സഹായിക്കുന്നതാണീ ജീന്‍.ഇതിന് ഒരു ബാക്ടീരിയയില്‍നിന്ന് മറ്റൊന്നിലേക്ക് മാറാനാകും. ഇന്ത്യയില്‍ വ്യപകമായ ‘എന്ററോ ബാക്ടീരിയാസീസ് ‘കുടുംബത്തിലാണിവ കണ്ടെത്തിയത്. അതുകൊണ്ടാണ് ഈ പേര് ലഭിക്കാനിടയാക്കിയത്. ഇപ്പോള്‍ അമേരിക്ക,ഇസ്രായേല്‍, ഗ്രീസ് എന്നിവിടങ്ങളിലും ഇവ വ്യാപകമാണെന്ന് കണ്ടെത്തിയീട്ടുണ്ട്. തെറ്റായ രോഗനിര്‍ണയവും മരുന്നുകള്‍ നിര്‍ദേശിക്കുന്നതിലെ പിഴവുമാണ് ബാക്ടീരിയകളുടെ കരുത്തു കൂട്ടുന്നതെന്ന കണ്ടെത്തലും പ്രബന്ധത്തിലുണ്ട്.

വേണം പുതുഗവേഷണങ്ങള്‍
അരനൂറ്റാണ്ട് മുമ്പുള്ള ആന്റി ബയോട്ടിക്കുകള്‍ തന്നെയാണ് ഇന്നും നാം കഴിക്കുന്നത് .വര്‍ഷം തോറും പ്രതിരോധശേഷി വര്‍ധിച്ചു വരുന്ന രോഗാണുക്കളേയും രോഗാണുവാഹകരേയും പ്രതിരോധിക്കാനാണ് ഈ വയസന്‍ ആന്റി ബയോട്ടിക്കുകള്‍. ആന്റിബയോട്ടിക്ക് ഗവേഷണത്തില്‍ ഏര്‍പ്പെട്ട് പുതുമരുന്നുണ്ടാക്കാന്‍ മരുന്നുകമ്പനികള്‍ തയ്യാറാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ കുറ്റപ്പെടുത്തുന്നത്.
അവര്‍ക്ക് ആവശ്യം രോഗം ഇല്ലാതാക്കുന്ന മരുന്നുകളെയല്ല, രോഗാവസ്ഥ നിലനിറുത്തുന്ന മരുന്നുകളേയാണ് . അതിനായി കളമൊരുക്കുകയാണ് മരുന്നുകമ്പനികളെന്നും ആക്ഷേപമുണ്ട്. മാറി വരുന്ന രോഗാവസ്ഥക്കനുസരിച്ചും ശക്തി പ്രാപിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കാനുമുതകുന്ന ആന്റിബയോട്ടിക്കുകളാണ് ഇന്ന് ആവശ്യം.
യൂറോപ്യന്‍ യൂനിയന്‍ ഈ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ രണ്ട് മാസം മുന്‍പ് ഒരു ഉച്ചകോടി ചേര്‍ന്നിരുന്നു. വിഷയം ‘ പ്രതിരോധ മരുന്നുകളുടെ ഗുണനിലവാരം’. കുലങ്കഷമായി ചര്‍ച്ചക്കൊടുവില്‍ എത്തിയ നിഗമനം ഇതാണ്^ പുതിയ ഫലപ്രദമായ രോഗസംഹാരികള്‍ ഉണ്ടാക്കുക.

മരുന്നുകൊള്ള
കേരളത്തില്‍ പനിക്കാലം മരുന്നുകമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കൊയ്ത്തുകാലമാണ്. പനി മരണങ്ങളുണ്ടെന്ന സത്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ജനങ്ങളില്‍ അമിത ഭയം നിലനിറുത്തുന്നത് മരുന്നുകമ്പനികളുടെ ഇടപെടല്‍ മൂലമാണെന്നതില്‍ തര്‍ക്കമില്ല .രാജ്യത്തെ പ്രധാന മരുന്ന് മാര്‍ക്കറ്റായാണ് കമ്പനികള്‍ കേരളത്തെ കാണുന്നത്. പനിക്കായി ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകളില്‍ പോലും നിരോധിത മരുന്നുകളുണ്ടെന്നത് ജനകീയാരോഗ്യപ്രവര്‍ത്തകര്‍ വെളിച്ചത്ത് കൊണ്ടുവന്നതും ആശുപത്രി-മരുന്ന് കമ്പനി ബന്ധത്തെ ബലപ്പെടുത്തുന്നു.
2004-2009 വര്‍ഷം ലോകത്ത് ഭീതി പരത്തിയ H1N1പന്നിപ്പനിക്ക് പിന്നില്‍ ലോകാരോഗ്യ സംഘടനയുടെ മരുന്നുകമ്പനികളുമായുള്ള അവിഹിത ഇടപെടലുകളായിരുന്നെന്ന കാര്യം പുറത്തു വന്നിട്ടുണ്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍,ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസം എന്നിവയിലെ റിപ്പോര്‍ട്ടുകളാണ് ഇവ പുറത്തു കൊണ്ടു വന്നത്.

അനാവശ്യഭീതി പരത്തിയ ലോകാരോഗ്യ സംഘടനയിലെ ഉപദേശക സമിതി ഭാരവാഹികള്‍ മരുന്നു കമ്പനികളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ കൈപറ്റിയെന്നായിരുന്നു കണ്ടെത്തല്‍. 2009ല്‍ മരുന്നുകുത്തക കമ്പനികളായ ഗ്ലാക്സോ സ്മിത്ത് ലൈന്‍,റോച്ചേ കമ്പനികള്‍ 330 കോടി ഡോളറിന്റെ പന്നിപ്പനി മരുന്നുകളാണ് ഭീതിയുടെ മറവില്‍ വിറ്റഴിച്ചത്. പന്നിപ്പനി വാക്സിന്‍ നല്‍കിയതിനെ തുടര്‍ന്ന് 25 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിച്ച് കിടപ്പിലാകുകയും ചെയ്തു.

വേണ്ടത് സമഗ്ര കാഴ്ചപ്പാട്
വേണ്ടത് സമഗ്രമായ ആരോഗ്യ കാഴ്ചപ്പാടാണ്. മഴ വന്ന് രോഗം പടരുമ്പോഴുള്ള പ്രവര്‍ത്തനമല്ല ആവശ്യം. മാലിന്യ സംസ്കരണ മാര്‍ഗങ്ങള്‍ കണ്ടെത്തണം.ആശുപത്രി പരിസരത്തെ ശുചിത്വം ഇതില്‍ പ്രധാനമാണ്. മരുന്നുകുത്തകകള്‍ നിര്‍ദേശിക്കുന്ന ‘ചാത്തന്‍ മരുന്നു’കള്‍ വിറ്റഴിക്കാനുള്ള ഇടമാകരുത് സര്‍ക്കാര്‍ ആശുപത്രികള്‍. ഫലപ്രദമായ ചിലവ് കുറഞ്ഞ മരുന്ന് സംഭരണ-വിതരണ സമ്പ്രദായമാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *