വൈഡ് റിലീസ് തര്‍ക്കം തീര്‍ക്കാന്‍ 26ന് ചര്‍ച്ച

തീയറ്ററുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ക്കനുസരിച്ച് തരംതിരിക്കാന്‍ വിദഗ്ധ സമിതിയെയും തിങ്കളാഴ്ചത്തെ യോഗശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. സൌണ്ട് എഞ്ചിനീയര്‍, ആര്‍കിടെക്ട്, ക്യാമറാമാന്‍, സിനിമാ നിരൂപകനായ മാധ്യമപ്രവര്‍ത്തകന്‍, പ്രേക്ഷക പ്രതിനിധി എന്നിവര്‍ സമിതിയിലുണ്ടാകും.-ആശിഷിന്റെ റിപ്പോര്‍ട്ട്

സിനിമകളുടെ വൈഡ് റിലീസിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ 26ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് സിനിമാ മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. സിനിമാ റിലീസ് വ്യാപകമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടുമുതല്‍ കേരളത്തില്‍ എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 150ലേറെ തീയറ്ററുകള്‍ സമരത്തിലാണ്.

ഇപ്പോള്‍ അനുവദിക്കുന്ന കേന്ദ്രങ്ങള്‍ക്ക് പുറമേ എ.സി, ഡി.ടി.എസ്, ഡിജിറ്റല്‍ പ്രൊജക്ഷന്‍ തുടങ്ങിയ സൌകര്യങ്ങളുള്ള മറ്റ് സ്ഥലങ്ങളിലെ തീയറ്ററുകളിലും റിലീസ് വേണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ഇത് മെയ് 25ന് ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തില്‍ അംഗീകരിച്ചിട്ടും നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ല എന്നാണ് പരാതി.

അതേസമയം, എ ക്ലാസ് തീയറ്ററുകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് അനുവദിക്കുന്നതിനോട് യോജിക്കുന്നില്ല. കൂടുതല്‍ കേന്ദ്രങ്ങളില്‍ വന്നതുകൊണ്ട് ഷെയര്‍ വര്‍ധിക്കില്ലെന്നും ഇപ്പോള്‍ റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളെ ശോഷിപ്പിക്കാന്‍ ഈ തീരുമാനം കാരണമാക്കുമെന്നും അവര്‍ പറയുന്നു. വൈഡ് റിലീസിനായി മന്ത്രി ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നത് സൂപ്പര്‍താരങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്നും ഫെഡറേഷന്‍ പറയുന്നു.

എന്നാല്‍ തിങ്കളാഴ്ചത്തെ യോഗത്തില്‍ നേരത്തെ സര്‍ക്കാര്‍ അംഗീകരിച്ച വൈഡ് റിലീസ് നടപ്പാക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ തീയറ്ററുകള്‍ അടച്ചിട്ട് സമരം ശക്തമാക്കുമെന്ന് എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സൌകര്യങ്ങളുള്ള തീയറ്ററുകളില്‍ റിലീസ് അനുവദിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും കഴിഞ്ഞദിവസം നിലപാട് വ്യക്തമാക്കിയിരുന്നു.

തീയറ്ററുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ക്കനുസരിച്ച് തരംതിരിക്കാന്‍ വിദഗ്ധ സമിതിയെയും തിങ്കളാഴ്ചത്തെ യോഗശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. എ, ബി ക്ലാസുകളിലെ 470 തീയറ്ററുകള്‍ സമിതി സന്ദര്‍ശിച്ച് വിലയിരുത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും സമിതി വരിക. സൌണ്ട് എഞ്ചിനീയര്‍, ആര്‍കിടെക്ട്, ക്യാമറാമാന്‍, സിനിമാ നിരൂപകനായ മാധ്യമപ്രവര്‍ത്തകന്‍, പ്രേക്ഷക പ്രതിനിധി എന്നിവര്‍ സമിതിയിലുണ്ടാകും.

വിശദമായ സ്റ്റോറി:

മന്ത്രിയും കൈയൊഴിഞ്ഞു; വൈഡ് റിലീസ് പെരുവഴിയില്‍

Leave a Reply

Your email address will not be published. Required fields are marked *