ഡോക്കോമക്കറിയുമോ കമലാ ദീദിയെ?

വീട്ടുജോലിക്കാരില്‍ ചിലരൊക്കെ മോഷ്ടിക്കാറുണ്ട്, സര്‍ക്കാര്‍ ജോലിക്കാരില്‍ ചിലരൊക്കെ(?) കൈക്കൂലി വാങ്ങാറുമുണ്ട്, രാഷ്ട്രീയനായകന്മാര്‍ കുംഭകോണങ്ങള്‍ നടത്താരുമുണ്ട്, ജയിലില്‍ പോയി കിടക്കാറുമുണ്ട്. എന്നുവെച്ച് എല്ലാ വീട്ടുജോലിക്കാരും തക്കം കിട്ടിയാല്‍ മോഷ്ടിക്കുന്ന ‘സൂക്ഷ്മനിരീക്ഷണം ആവശ്യപ്പെടുന്ന ജാതി’ ആളുകളാണെന്ന് ഇങ്ങനെ പരസ്യപ്രചരണം നടത്തുന്ന മനോനില എവിടുന്നുവരുന്നു സര്‍ -പ്രഭാ സക്കറിയാസ് ചോദിക്കുന്നു

ഒരു ദിവസം കമലാദീദി വന്നില്ലെങ്കില്‍ രാവിലെ ഞങ്ങള്‍ ഓടിച്ചു മറിച്ചുനോക്കി എറിഞ്ഞിട്ടോടിയ പത്രം അതേപടി മലര്‍ന്നുകിടക്കും രാത്രി തിരിച്ചുവരുംവരെ. ദോശമാവ് ഒരിച്ചിരെ ഇറ്റ്‌ വീണത്‌ അടുപ്പുപാതകത്തില്‍ വെളുത്ത് വട്ടം വട്ടം കിടപ്പുണ്ടാകും. കാര്യം കമലാദീദി ഒരു കൊച്ചുകള്ളി തന്നെയാണ്. വീട്ടില്‍ എന്തേലും വിശേഷമുണ്ടെങ്കില്‍ നോട്ടീസില്ലാത്ത അവധിയെടുത്ത്‌ പിറ്റേന്ന് നല്ല കമ്മലും തിളങ്ങുന്ന സാരിയുമൊക്കെ ഇട്ടുവന്നാലും ചെറിയൊരു അവശതയൊക്കെ അഭിനയിച്ച് ദീദി പറയും, ‘കല്‍ തോ തബിയത്‌ ഘരാബ്‌ ധാ ബേട്ടാ”. നമ്മളും പറയും, ‘ധീക്‌ ഹെ ദീദി, കൊയി ബാത് നഹി!” ഇങ്ങനെയൊക്കെയാണ് ദീദിയുടെ കള്ളത്തരങ്ങള്‍.

ഇതൊക്കെ അത്ര വല്യ സംഭവമാണോ? ഒന്നാലോചിച്ചാല്‍, ദീദിക്കും വേണ്ടേ പ്രിവിലേജ് ലീവും ബോണസും ഗ്രാറ്റുവിറ്റിയും ഒക്കെ? മലയാളിയായിരുന്നെങ്കില്‍ ഇതു വായിച്ച് ഉറപ്പായും ദീദി കിലുക്കം സ്റ്റൈലില്‍ “എനിക്കൊരു കുറ്റീം വേണ്ട, എന്‍റെ ശമ്പളമിങ്ങു തന്നാല്‍ മതി” എന്ന് പറഞ്ഞേനെ.

ഞങ്ങളുടെ വീടിന് മൂന്നുതാക്കോലാണ്, ഒന്ന് ഭര്‍ത്താവിന്, ഒന്ന് ഭാര്യക്ക്, ഒന്ന് ദീദിക്ക്. ദീദിക്ക് മൂന്നുനാലുവീടുകളില്‍ പണിയുണ്ട്. സമയം പോലെ പകല്‍ ദീദി ഞങ്ങളുടെ വീട്ടിലും വരും, വാതില്‍ തുറന്ന് അകത്തുകയറി ശഡേന്ന് പണിയെല്ലാം തീര്‍ത്തു വീടുപൂട്ടി സ്ഥലം വിടും. വൈകുന്നേരം ഞങ്ങള്‍ വീട്ടില്‍ തിരിച്ചുവരുമ്പോള്‍ രാവിലെ കുഴച്ചുമറിച്ചു കിളച്ചിട്ടിട്ടുപോയ അങ്കത്തട്ടുവല്ലതുമാണോ വീട്, അടുക്കും ചിട്ടയും ഒക്കെയായി ‘ശെടാ നമുക്ക് വീടെങ്ങാനും മാറിപ്പോയോ’ എന്ന് തോന്നിപ്പോകും.

ഒറ്റക്കുഴപ്പമേയുള്ളൂ, പത്രമാസികകള്‍ അടുക്കിവയ്ക്കുന്നതിനിടെ ചിലപ്പോള്‍ അലസമായി ഇട്ടിട്ടുപോകുന്ന പുസ്തകങ്ങള്‍ കൂടി കക്ഷി പത്രക്കെട്ടിനിടയില്‍ അടുക്കിവെച്ചുകളയും. വീട് അരിച്ചുപെറുക്കിയാലും കിട്ടില്ല, പിന്നെ പുസ്തകത്തിന്‍റെ നിറവും വലിപ്പവും മുഖലക്ഷണവുമൊക്കെ പറഞ്ഞുകൊടുത്താല്‍ ദീദി തന്നെ എടുത്തുതരും. അങ്ങനെയാണ് എച്ച് റ്റി സിറ്റിയിലെ ഗോസ്സിപ്പ് മുഴുവന്‍ വായിച്ചുതീര്‍ത്ത ഡാര്‍വിനും മദാം ബോവറിയും ഒക്കെ തിരിച്ച് ബുക്ക്‌ഷെല്‍ഫില്‍ എത്തി ഇക്കിളികഥകളും കൊതിയും നുണയുമെല്ലാം എറിക് ഹോബ്സ്ബോമിനും സക്കറിയയ്ക്കും ടോണി മോരിസനും ഒക്കെ പറഞ്ഞുകൊടുക്കുന്നത്. ദീദിയുടെ ഇത്തരം ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ ‘സൈഫീന’ വിവാഹവാര്‍ത്തയും ഐശ്വര്യ റായി ബച്ചന്‍റെ വയറുകാണല്‍ ചടങ്ങുമെല്ലാം നിങ്ങള്‍ എങ്ങനെ അറിയുമായിരുന്നു മാന്യരേ?

പത്താംക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ അച്ചടിഹിന്ദിയുമായി ഡല്‍ഹിയില്‍ ജീവിക്കാനെത്തിയ എനിക്ക് നല്ല ചോരയും നീരുമുള്ള ഹിന്ദി പറഞ്ഞുപഠിപ്പിച്ചത് ദീദിയാണ്. ആംഗ്യം കാണിച്ചും മലയാളം ഹിന്ദിവല്‍ക്കരിച്ചും ഒക്കെ ഞങ്ങള്‍ ഞങ്ങളുടേതായ ഒരു ഭാഷാവ്യവസ്ഥ ഉണ്ടാക്കിയെടുത്തു. ഓരോരോ പച്ചക്കറികളുടെ ഹിന്ദിപ്പേരുകള്‍, പാത്രങ്ങളുടെ, അടപ്പുകളുടെ, മസാലകളുടെ, പൊടിതട്ടിയുടെ, ചവണയുടെ, ചൂലിന്റെ എന്നിങ്ങനെ എന്തിന്റെയെല്ലാം ഹിന്ദിയാണ് ഞാന്‍ ഒരു കൊച്ചുകുട്ടി സംസാരിക്കാന്‍ പഠിക്കുന്നമട്ടില്‍ ദീദിയുടെ ആന്ഗ്യം കണ്ടും തെറ്റിച്ചും തിരുത്തിയും ഒക്കെ പഠിച്ചെടുത്തത്!

ഇതെല്ലാം കഴിഞ്ഞ് നിങ്ങളുടെ ടാറ്റാ ഡോക്കോമോ വല്യ പരസ്യവുമായി വന്ന് ഞങ്ങളുടെ ദീദിയെ കള്ളിയെന്നുവിളിച്ചാല്‍ സഹിക്കുമോ സര്‍? ശുദ്ധ തെമ്മാടിത്തരമല്ലേ കാണിച്ചിരിക്കുന്നത്?
(പരസ്യം ഇവിടെ കാണുക-
http://www.youtube.com/watch?v=b9zuckWBll4)

പിന്‍കുറിപ്പ് ഒന്ന്:
ഇത്രയും ഓര്‍ക്കാനും എഴുതാനും തോന്നിയത് ടാറ്റാ ഡോക്കോമോയുടെ പുതിയ പരസ്യവും അങ്ങനെ ഒരു പരസ്യം ഉണ്ടാക്കിയെടുക്കാന്‍ തോന്നിച്ച മധ്യവര്‍ഗ്ഗആശങ്കകളും ഒക്കെ മുന്നിലിങ്ങനെ തെളിഞ്ഞുമിന്നിപ്പോയത്‌ കൊണ്ടാണ്.
ശരിയാണ്, വീട്ടുജോലിക്കാരില്‍ ചിലരൊക്കെ മോഷ്ടിക്കാറുണ്ട്, സര്‍ക്കാര്‍ ജോലിക്കാരില്‍ ചിലരൊക്കെ(?) കൈക്കൂലി വാങ്ങാറുമുണ്ട്, രാഷ്ട്രീയനായകന്മാര്‍ കുംഭകോണങ്ങള്‍ നടത്താരുമുണ്ട്, ജയിലില്‍ പോയി കിടക്കാറുമുണ്ട്. എന്നുവെച്ച് എല്ലാ വീട്ടുജോലിക്കാരും തക്കം കിട്ടിയാല്‍ മോഷ്ടിക്കുന്ന ‘സൂക്ഷ്മനിരീക്ഷണം ആവശ്യപ്പെടുന്ന ജാതി’ ആളുകളാണെന്ന് ഇങ്ങനെ പരസ്യപ്രചരണം നടത്തുന്ന മനോനില എവിടുന്നുവരുന്നു സര്‍?

ഈ മനുഷ്യര്‍ വന്ന് വീട് അടിച്ചുവാരിതുടച്ചുമിനുക്കിയില്ലെങ്കില്‍, പന്തീരാണ്ടുകാലത്തോളം നമ്മള്‍ സിനിമയിലും നോവലിലുമൊക്കെയായി പറഞ്ഞുപഴകിയ കഥ തന്നെയാണ്, എങ്കിലും, നിങ്ങള്‍ എങ്ങനെ വൃത്തിയോടെ ജീവിക്കും? എല്ലാ മാസവും പതിനായിരങ്ങള്‍ ശമ്പളം വാങ്ങുകയും ഡിസ്കൌണ്ട് നിരക്കില്‍ ബ്രാന്‍ഡഡ് തുണികള്‍ വാങ്ങുകയും ഒരുരൂപയ്ക്കുവേണ്ടി പച്ചക്കറിക്കാരനോട് ഒരുമണിക്കൂര്‍ വിലപേശുകയും ചെയ്യുന്ന നിങ്ങളോ ഞാനോ ഉള്‍പ്പെടുന്ന മഹാഭാരതമധ്യവര്‍ഗ്ഗം മാത്രമല്ല ഇന്ത്യന്‍ പൌരര്‍ എന്ന് വല്ലപ്പോഴുമൊക്കെ ആലോചിക്കുന്നത് നന്നായിരിക്കും.

അതെങ്ങനെയാ, ജനപ്പെരുപ്പം തടയാന്‍ എല്ലാവര്‍കും ത്രീ ജീയുള്ള മൊബൈല്‍ കൊടുക്കണം എന്നത് പോളിസികളില്‍ ഉള്‍പ്പെടുത്തുന്നതുപോലും ചിന്തിച്ചുകളയാന്‍ സാധ്യതയുള്ള സമൂഹമല്ലേ നമ്മുടേത്, ടീവിയിലെ സീരിയലും അതിനിടയിലെ പരസ്യവും കാണാന്‍ പാങ്ങുള്ളവര്‍ മാത്രം വോട്ടുചെയ്‌താല്‍ മതിയെന്നൊക്കെ നിയമം വന്നാലും അത്ഭുതപ്പെടാനില്ല!

പിന്‍കുറിപ്പ് രണ്ട്:
തങ്ങളുടെ തൊഴിലിനെയും അന്തസിനെയും ചോദ്യം ചെയ്യുന്ന പരസ്യം വന്നതറിഞ്ഞ് കുപിതരായി സമരം ചെയ്യാനും കമ്പനിയെക്കൊണ്ട് പരസ്യം നീക്കംചെയ്യിക്കാനും മുംബയിലെ ബായിമാര്‍ കാണിച്ച വീറിനു ചക്കരയുമ്മകള്‍! അങ്ങനെവേണം പെണ്ണുങ്ങളായാല്‍!

പിന്കുറിപ്പ് മൂന്ന്:
ഇന്ത്യ മുഴുവന്‍ ടെലിക്കാസ്റ്റ് ചെയ്യപ്പെട്ട ഒരു പരസ്യമാണ് ഡോകോമോയുടേത്, ബായി എന്ന പോപ്പുലര്‍ പ്രതിഭാസത്തെ (http://www.youtube.com/watch?v=OdfXGtO7nBk&feature=related ) പരിചയമേ ഇല്ലാത്ത മറ്റുനാടുകളിലെ വീട്ടുജോലിക്കാരി സ്ത്രീകള്‍ക്കും ‘അ-മഹാരാഷ്ട്രീയമായ’ അന്തസ്സുണ്ട്. രാജ് താക്കറെയുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടി ചുമ്മാ പറഞ്ഞെന്നേയുള്ളൂ.
ആ പരസ്യം കണ്ടാല്‍ എനിക്ക് എന്റെ ദീദിയെ മാത്രമേ ഓര്‍മ്മ വരൂ. സംഭവത്തിന്റെ സാധ്യതകള്‍ മുതലെടുക്കാന്‍ താക്കറെമാര്‍ അരയും തലയും മുറുക്കി ഇറങ്ങിയെങ്കിലും രംഗം വഷളാകും മുന്‍പ് പരസ്യം പിന്‍വലിക്കാന്‍ കമ്പനിക്ക് തോന്നിയത് നല്ല കാര്യം!

15 thoughts on “ഡോക്കോമക്കറിയുമോ കമലാ ദീദിയെ?

 1. “ശരിയാണ്, വീട്ടുജോലിക്കാരില്‍ ചിലരൊക്കെ മോഷ്ടിക്കാറുണ്ട്, സര്‍ക്കാര്‍ ജോലിക്കാരില്‍ ചിലരൊക്കെ(?) കൈക്കൂലി വാങ്ങാറുമുണ്ട്, രാഷ്ട്രീയനായകന്മാര്‍ കുംഭകോണങ്ങള്‍ നടത്താരുമുണ്ട്, ജയിലില്‍ പോയി കിടക്കാറുമുണ്ട്.” –> വീട്ടുജോലിക്കാര്‍, സര്‍ക്കാര്‍ ജോലിക്കാര്‍, രാഷ്ട്രീയക്കാര്‍ എന്നിവരല്ലാത്തവരോ? ഈ മൂന്ന്‌ ടീമുകളാണ് മോഷണത്തിന്റെ ടെന്‍ഡര്‍ എടുത്തിട്ടുള്ളത് എന്ന ഒരു പ്രതീതി ആ വരി നമുക്ക് തരുന്നില്ലേ? അത് ഒഴിവാക്കാമായിരുന്നില്ലേ?

 2. തങ്ങളുടെ തൊഴിലിനെയും അന്തസിനെയും ചോദ്യം ചെയ്യുന്ന പരസ്യം വന്നതറിഞ്ഞ് കുപിതരായി സമരം ചെയ്യാനും കമ്പനിയെക്കൊണ്ട് പരസ്യം നീക്കംചെയ്യിക്കാനും മുംബയിലെ ബായിമാര്‍ കാണിച്ച വീറിനു ചക്കരയുമ്മകള്‍!

 3. സുദീപ്, അത്തരം generalizations പാടില്ല എന്ന് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. എന്ന് മാത്രമല്ല, സമൂഹത്തിന്റെ പൊതു ധാരണയില്‍ ഈ മൂന്നു വിഭാഗം മുഴച്ചു നില്‍ക്കുക തന്നെ ചെയ്യുന്നുണ്ട്. എന്ന് കരുതി മോഷ്ടിക്കുന്നവര്‍ ഇവര്‍ മാത്രമാണ് എന്ന് പറയുന്നില്ല. കൂട്ടുകാരന്റെ കയ്യിലെ ഭംഗിയുള്ള പെന്‍സില്‍ എടുക്കുന്ന കുട്ടിയും മോഷ്ടിക്കുന്നുണ്ട്. അതും വലിയ സ്പെക്ട്രം ഇടപാടുകളും നൂറിലൊരു വേലക്കാരിയോ മറ്റോ എന്തെങ്കിലും ഒളിപ്പിച്ചു കൊണ്ട് പോകുന്നതും ഒരുപോലെ കാണരുത് എന്ന് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. മാത്രമല്ല, അഴിമതി വിരുദ്ധ സമരം നടത്തുന്ന ഹസാരെ പാര്‍ട്ടികള്‍ ശബ്ദമുയര്‍ത്തുക ഒരു വേലക്കാരിയുടെ നേര്ക്കോ പച്ചക്കരിക്കാരന്റെ നേര്ക്കോ ഒക്കെ മാത്രമാവും കുറെ കഴിഞ്ഞാല്‍.
  ഒരു കുറിപ്പില്‍ കള്ളന്മാരെ അക്കമിട്ടു ഇനം തിരിച്ചു എഴുതിയാല്‍ എന്തുണ്ടാവാന്‍?

  കമന്റിനു നന്ദി.

 4. സര്ക്കാര്‍ ജീവനക്കാരില്‍ ചിലരൊക്കെ (?) . എന്തിനാ ചോദ്യചിഹ്നം . എല്ലാവരും എന്നു എഴുതുന്നതാ ഫാഷന്.
  ജീവനക്കാരില്‍ 80 % വും അഴിമതിക്കാരല്ല. 10 % അഴിമതിക്കാര്, 10 % എക്സ്ട്രാ ടാലന്റ് ഉള്ളവര്. ഭൂരിഭാഗവും മടിയന്മാരാണു.
  പുറത്തു നിന്നു നോക്കുന്നതായിരിക്കില്ല യാധാര്ത്യം . എല്ലാ കാര്യത്തിലും

 5. എത്രയോ പരസ്യങ്ങളില്‍ ബാങ്ക് കൊള്ളയടിക്കുന്നത് കാണിക്കുന്നു… അതുകൊണ്ട് ആണുങ്ങളെല്ലാം ബാങ്ക് കൊള്ളക്കാര്‍ ആവുമോ? സ്ത്രീകള്‍ക്ക് പരിഗണന വേണം… പക്ഷെ ഈ പരസ്യം എങ്ങനെ ജനറലൈസ് ആവും? ഇത് മോഷ്ടിക്കുന്ന ജോലിക്കാരികളെ മാത്രം ഉദ്ദേശിച്ചാണ്… അല്ലാതെ ജനറല്‍ ജോലിക്കാരികളെ അല്ല!

  -ലെഫ്ടനന്റ്റ്‌ കേണല്‍ കുമാരന്‍

 6. ഈ പരസ്യം പ്രക്ഷേപണം ചെയ്തത് മോഷ്ടിക്കുന്ന ജോലിക്കാരികള്‍ കാണാന്‍ വേണ്ടിയല്ല. ഈ പരസ്യം കാണുന്നത് വിശ്രമവേളകള്‍ ടീവി കാണാന്‍ ചെലവിടുന്ന മദ്യവര്‍ഗ്ഗ സെമി കൊച്ചമ്മമാരാനു. ഇത് ഒരു ഫോണ്‍ കമ്പനിയുടെ പരസ്യമാണ്. എല്ലായിടത്തും, പച്ചക്ക് പറഞ്ഞാല്‍, ഒരു താണ ജാതിയിലോ വര്ഗ്ഗതിലോ പെട്ട അടിച്ചുതളിക്കാരി പെണ്ണിന്റെ ബ്ലൌസിന്റെ ഉള്ളില്‍ പോലും ഈ കണക്ഷന് നെറ്റ്‌വര്‍ക്ക് കിട്ടും എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ ജോലിക്കരികളുടെ മുതലാളിമാര്‍ക്ക് കിട്ടുന്ന അര്‍ഥം സ്വന്തം വേലക്കാരിയെ , പ്രത്യേകിച്ച് ‘വിശ്വസിക്കാന്‍ കൊള്ളാത്ത ഈ ജാതിയില്‍ നിന്നുള്ള’ സ്ത്രീയെ ഒന്ന് സൂക്ഷിച്ചോളൂ, അവള്‍ തരാം കിട്ടിയാല്‍ നിങ്ങളുടെ സ്വത്തുവകകള്‍ മോഷ്ടിച്ചെക്കം, എന്നാല്‍ ഡോകോമോ ഫോണ്‍ ഉള്ളത് കൊണ്ട് നിങ്ങള്‍ രക്ഷപെട്ടു, നിങ്ങളുടെ ഫോണ്‍ അവള്‍ എടുത്തു ബ്ലൌസിനുള്ളില്‍ ഒളിപ്പിച്ചാലും അത് റിംഗ് ചെയ്തു അതിസുരക്ഷിതമായി നിങ്ങളുടെ കയ്യില്‍ തന്നെ കൊണ്ട് തരുമെന്നാണ്. കാരണം നെറ്വോര്‍ക്കിന്റെ കാര്യത്തില്‍ മാത്രമല്ല, ഗാര്‍ഹിക കവര്‍ച്ചകളുടെ കാര്യത്തിലും ഫോണുകളുടെ കൂട്ടത്തിലെ സൂപ്പര്‍മാനാകുന്നു ഡോകോമോ. ഈ പരസ്യത്തിനു അപകടകരമായ, എന്നാല്‍ ഒറ്റ നോട്ടത്തില്‍ നിര്‍ദോഷമെന്നു തോന്നുന്ന പല അര്‍ത്ഥതലങ്ങലുമുണ്ട് . ഈ പരസ്യം കാര്യങ്ങളെ ഇത്തരത്തില്‍ മനുഷ്യരുടെ ചിന്താഗതിയില്‍ എത്തിച്ചു കൊടുക്കുന്ന generalization തന്നെയാണ്. പരസ്യം ഉണ്ടാക്കുന്നതിലെ ആദ്യ കല്‍പ്പന തന്നെ ചുരുങ്ങിയ സെക്കന്റ്‌കല്‍ക്കുള്ളില്‍ കൂടുതല്‍ ആളുകള്‍ക്ക് വൈകാരികമായി റിലെട്ട് ചെയ്യാന്‍ പറ്റുന്ന ഒരു ജനറല്‍ സന്ദര്‍ഭം അവതരിപ്പിക്കണം എന്നതാണ്. മാത്രമല്ല ഒരു പരസ്യം വാക്കുകള്‍ കൂടുതല്‍ വിലംബുകയല്ല, ധ്വനിപ്പിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ നോക്കിയാല്‍ ഈ പരസ്യം ഒരു വിജയം തന്നെയാണ് താനും. കാണിക്കു അതില്‍ പ്രശ്നം ഒന്നും തോന്നാത്തത് തന്നെ അതിനു തെളിവാണ്. ഒരു രാജ് താക്കറെ അത് ഇടുങ്ങിയ jingoism വരെ കൊണ്ടുപോയിരുന്നെന്കിലുള്ള പുകില്‍ ഒന്ന് ആലോചിച്ചു നോക്കൂ. ഓരോന്നും ഉണ്ടാക്കി ഇറക്കിവിടുന്നതിനു മുന്‍പ് ഒരുപാട് വ്യത്യസ്തവും extreme ഉം പരസ്പരം കടിച്ചുകീറാന്‍ അവസരം നോക്കിയിരിക്കുന്നതുമായ ഈ രാജ്യത്തെ പറ്റി ആലോചിക്കേണ്ട ഉത്തരവാദിത്തം media advertising കാണിക്കേണ്ടതുണ്ട്. എത്ര രസകരമായി അതിലെ ബാക്കി പരസ്യങ്ങള്‍ ചെയ്തിരിക്കുന്നു, നെറ്റ്‌വര്‍ക്ക് എവിടെയും കിട്ടുമെന്ന് ആരുടേയും വികാരങ്ങളെയും വേദനിപ്പിക്കാതെ പറയാന്‍ ഫോണ്‍ കമ്പനികള്‍ പഠിക്കട്ടെ! ഇതില്‍ കൂടുതലൊന്നും ഈ വിഷയത്തില്‍ എനിക്ക് വിശദമാക്കാനില്ല. മധ്യ വര്‍ഗത്തില്‍ ആയിരിക്കുന്നത് ഒരു കുറ്റമൊന്നുമല്ല, ഞാനും അങ്ങനെ തന്നെയുള്ള ഒരാളാണ്. എന്നാല്‍ തമാശയിലൂടെയും പരസ്യതിലൂടെയുമൊക്കെ ഇപ്പോഴും ചാതുര്‍വര്‍ണ്യവും ജന്മി കുടിയാന്‍ സംബ്രടായവുമൊക്കെ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിന്റെ പക്ഷം പിടിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം.

 7. പ്രഭ, അത്തരം generalizations പാടില്ല എന്ന് തന്നെയാണ് പ്രഭ ഉദ്ദേശിച്ചത് എന്നതുകൊണ്ടാണ് ആ വരി വേണമായിരുന്നോ എന്ന് ചോദിച്ചത്. “സമൂഹത്തിന്റെ പൊതു ധാരണയില്‍ ഈ മൂന്നു വിഭാഗം മുഴച്ചു നില്‍ക്കുക തന്നെ ചെയ്യുന്നുണ്ട്”എന്നതുകൊണ്ട്‌ തന്നെ ആ “പൊതുധാരണയെ” ഊട്ടിയുറപ്പിക്കുന്ന രീതിയിലായിപ്പോയി ആ വരി എന്നെനിക്ക് തോന്നി. കോര്‍പ്പറേറ്റുകളുടെയോ ഭൂപ്രഭുക്കളുടെയോ ഒക്കെ മോഷണത്തിന് മുന്നില്‍ ഇവരുടെയൊന്നും മോഷണം ഒന്നുമല്ല. പിന്നെ, അവര്‍ക്കൊക്കെ മോഷ്ടിക്കാന്‍ ‘അധികാരമുണ്ട്‌’ എന്നതാണ് “സമൂഹത്തിന്റെ പൊതു ധാരണ”.

  പ്രഭ, അത്തരം generalizations പാടില്ല എന്ന് തന്നെയാണ് പ്രഭ ഉദ്ദേശിച്ചത് എന്നതുകൊണ്ടാണ് ആ വരി വേണമായിരുന്നോ എന്ന് ചോദിച്ചത്. “സമൂഹത്തിന്റെ പൊതു ധാരണയില്‍ ഈ മൂന്നു വിഭാഗം മുഴച്ചു നില്‍ക്കുക തന്നെ ചെയ്യുന്നുണ്ട്”എന്നതുകൊണ്ട്‌ തന്നെ ആ “പൊതുധാരണയെ” ഊട്ടിയുറപ്പിക്കുന്ന രീതിയിലായിപ്പോയി ആ വരി എന്നെനിക്ക് തോന്നി. കോര്‍പ്പറേറ്റുകളുടെയോ ഭൂപ്രഭുക്കളുടെയോ ഒക്കെ മോഷണത്തിന് മുന്നില്‍ ഇവരുടെയൊന്നും മോഷണം ഒന്നുമല്ല. പിന്നെ, അവര്‍ക്കൊക്കെ മോഷ്ടിക്കാന്‍ ‘അധികാരമുണ്ട്‌’ എന്നതാണ് “സമൂഹത്തിന്റെ പൊതു ധാരണ”.

  പണ്ട് മറ്റൊരു പരസ്യമുണ്ടായിരുന്നു, ഒരു വീട്ടുജോലിക്കാരി ഇംഗ്ലീഷ് പാട്ട് പാടുന്നത് കേട്ട് ഒരുത്തന്‍ വാ പൊളിച്ചു നില്‍ക്കുന്നത്.. ഓര്‍മ്മയുണ്ടോ?

 8. നന്ദി.ഇത് വായിച്ചപ്പഴാ ആ പരസ്യം കണ്ടതിനുശേഷം ഉള്ള ഉള്ളിലെ കലിപ്പ് ഇത്തിരിയെങ്കിലും അടങ്ങിയത് . ആ ഫോണ്‍ ഒരിക്കലും പെട്രോളിയം കക്കുന്ന അംബാനിയുടെ പോക്കെറ്റില്‍ കിടന്നു കരയില്ല. .നികുതി വെട്ടിക്കുന്ന സിനിമാ താരങ്ങളുടെ ,cola – monsaanto – union carbide-eveready-dowchemicals-കമ്പനി എക്സിക്യൂട്ടീവ് കളുടെ പോക്കെറ്റിലും ആ ഫോണ്‍ നിശബ്ധമായിരിക്കും. ദരിദ്രരുടെ കറുത്തവരുടെ പാവപ്പെട്ട തൊഴിലാളികളുടെ പോക്കെറ്റില്‍ അത് എല്ലാക്കാലവും കരഞ്ഞുകൊന്ടെയിരിക്കുന്നു .

 9. വളരെ നന്നായിട്ടുണ്ട്… ഞാന്‍ ഈ പരസ്യത്തെക്കുറിച്ച് കേട്ടിരുന്നു… ഇപ്പോള്‍ കണ്ടു… “ഈ പരസ്യം പ്രക്ഷേപണം ചെയ്തത് മോഷ്ടിക്കുന്ന ജോലിക്കാരികള്‍ കാണാന്‍ വേണ്ടിയല്ല. ഈ പരസ്യം കാണുന്നത് വിശ്രമവേളകള്‍ ടീവി കാണാന്‍ ചെലവിടുന്ന മദ്യവര്‍ഗ്ഗ സെമി കൊച്ചമ്മമാരാനു”-absolutely right here…the real audience of this ad is not the maids… the impression is created on their employers…

 10. In office we get stationary provided by employer. I know the so called gentlemen (woman) taking pens, papers, clips etc to home and giving it to their children. I went to my colleagues house all members of family use pens from my office. The same brand pens. Such types of sophisticated thefts are not seen as theft at all. I make it a point that office stuff – materialistic or mental ends in office itself. …. this is world where humans are castegorised ( looks like a new word 😉 ) … so its impact will be seen in all areas ……… advt , films …… what more to say …. even words are castegorised ….. see the comment in 2nd page of this link …. the pity is it is written by the author of the article Mr Balaraman from mathrubhumi…..

Leave a Reply to Secularcitizen Cancel reply

Your email address will not be published. Required fields are marked *