ആദ്യ കാലങ്ങളിലെല്ലാം വന്ന കല്യാണാലോചനകള്‍ അവള് വേണ്ടെന്നു പറഞ്ഞു, നിര്‍ബന്ധം സഹിക്കാതായപ്പോള്‍ ആത്മഹത്യക്കൊരുങ്ങി..ഒടുവിലൊടുവില്‍ ആരും അവളോടത് പറയാതായി. അനുജത്തി വിവാഹം കഴിഞ്ഞു പോയി. ഉപ്പയും ഉമ്മയും മരിച്ചു. സഹോദരന്റെ വീട്ടില്‍ അയാളുടെ മക്കളെ നോക്കിയും അടുക്കളപ്പണി ചെയ്തും അങ്ങനെ. ഇടയ്ക്ക് തയ്യല്‍ പഠിക്കാന്‍ ചേര്‍ന്നു, പിന്നെ തയ്യല്‍ ജോലിക്ക് പോയിത്തുടങ്ങി..നാളെത്ര കഴിഞ്ഞിട്ടും അത്തയുടെ വേഷം മാറിയില്ല – സെറീന എഴുതുന്നു
photo- sereena
അകം ജീവിതത്തിന്റെ കൊടിയടയാളങ്ങള്‍
ഈ കോളത്തിലെ രണ്ടു കുറിപ്പുകളും വായിച്ച് കുട്ടിക്കാലം മുതല്‍ എന്നെ അറിയുന്ന കൂട്ടുകാരന് എഴുതി, കഴിവതും ഈ എഴുത്തില്‍ നീ കടന്നു വരാതെ നോക്കണം, നിന്റെ ജീവിതം, അതിന്റെ തെളിച്ചങ്ങളും തെളിച്ചക്കുറവുകളും ഇവിടെ വരാതെ നോക്കണം. ആ പറച്ചിലിന്റെ നന്മയില് എന്നെ അടച്ചു വെച്ച് ഓര്‍മ്മയുടെ കുഴല്‍ വട്ടം തിരിച്ചു തിരിച്ചു (അതിനു കാലിഡോസ്ക്കോപ്പെന്നു പേരിട്ടത് ആരാവും! ) ഓരോ മുഖങ്ങളിലേക്കും ഞാന്‍ നോക്കുന്നു.
പക്ഷെ എന്റെ ഗന്ധം പുരളാത്ത ഏതു വാക്കിനെ ഞാനെടുത്തു വെയ്ക്കും? ജീവന്റെ ഒഴുക്കിലേക്ക് കലര്‍ന്ന് പോയ ഈ അനേകം പുഴകളില്‍ ഏതാണ് ഞാന്‍, ഏതാണ് നീ? വേര്‍തിരിക്കാനാവാത്ത ഒരേ ജലമായി തീര്‍ന്ന നീരൊഴുക്കുകള്‍. ചില നേരം ജഡവും ചില നേരം പൂക്കളുമൊഴുകിയവ. ആഴങ്ങളില്‍ ചെളിയും മുത്തും ഒളിപ്പിച്ചവ..വിരല്‍തുമ്പില്‍ തൊട്ടെടുത്തു വെളിച്ചത്തിലേയ്ക്കു നീട്ടിപ്പിടിച്ചു നോക്കിയാല്‍ കാണാം, ഓരോ തുള്ളിയിലും തുളുമ്പുന്ന ഈ പ്രപഞ്ചം! ഉള്ളിലേക്ക് അടക്കിപ്പിടിച്ച ഒരു കടല്‍! ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരു കവിതയോ കഥയോ വായിച്ചിട്ടില്ലാത്തവര്‍. മുന്‍പേ നടന്ന ആരൊക്കെയോ അവശേഷിപ്പിച്ച പ്രാക്തനമായ വഴിയടയാളങ്ങളിലൂടെ നടന്നു മറഞ്ഞവര്‍. അവരിലൂടെ നടക്കുമ്പോള്‍ കത്തുന്ന അടുപ്പിനരുകിലെന്ന പോലെ ഒരു ചൂടറിയുന്നു, മഴ തോര്‍ന്ന ഇലചാര്ത്തിനു താഴെയെന്ന പോലെ പിന്നെയും നനയുന്നു.
ഈ പുലര്‍കാലം, ഇന്ന് ഏതു പെണ്ണോര്മ്മയെന്നു ചോദിക്കുമ്പോള്‍ എന്റെ അകം നിറയുന്നു, പടര്‍ന്ന കണ്മഷിയും ദാരിദ്ര്യവും മത്സരിച്ചു കറുപ്പിച്ച അത്തയുടെ കണ്തടങ്ങള്. അത്ത എന്ന് വിളിപ്പേരുള്ള ആ അയല്‍ക്കാരിയെ ആദ്യം കാണുമ്പോള്‍ ഒരുതരം കൌതുകമോ രസമോ ആയിരുന്നു . മുപ്പത്തിയഞ്ചിലേറെ പ്രായവും അതിലേറെ തോന്നിക്കുന്ന കഷ്ടതകളുടെ അടയാളങ്ങളും പേറുന്ന അത്തയുടെ അന്നത്തെ വേഷം പാവാടയും നീളന്‍ ബ്ലൌസുമായിരുന്നു.എന്ത് ചോദിച്ചാലും ഒരു കൌമാരക്കാരിയുടെ നാണം കലര്‍ന്ന ചിരിയോടെയുള്ള മറുപടിയും തലകുലുക്കലും. ഇന്ന് നാല്പ്പതിന്റെ അവസാന നാളുകളില്‍ ഭര്‍ത്താവിനൊപ്പം ഒരു നവവധുവിനെ പോലെ പൂ ചൂടി കൈ നിറയെ വളയിട്ട് വല്ലപ്പോഴും സഹോദരന്റെ വീട്ടിലേക്കു വിരുന്നു വരാറുള്ള അത്തയെ കാണാം. ഈ രണ്ടു വേഷങ്ങള്ക്കുമിടയില് എട്ടാം ക്ലാസ് പഠിപ്പുമാത്രമുള്ള അത്ത എന്ന സ്ത്രീ പൂരിപ്പിച്ച ഒരു നിശബ്ദതയുണ്ട്. അവളുടെ ഒച്ചയാല്‍ ഉച്ചരിക്കുമ്പോള്‍ മാത്രം ജീവിതമോ പ്രണയമോ ആയി മാറുന്നൊരു വിസ്മയമുണ്ട്.
കുട്ടിക്കാലം മുതല്‍ അവളില്‍ വേരോടിയ പ്രണയം. അവളുടെ പഠിപ്പ് അവസാനിപ്പിച്ച, വിഷാദ രോഗത്തിന്റെ എകാകിതകളിലേക്ക് അവളെ പറിച്ചു നട്ട സ്നേഹം. അത്ത ജീവിതം കൊണ്ട് നടത്തിയ ഇത്ര മേല്‍ തീവ്രമായ ഒരു കാത്തിരിപ്പ് ആ പ്രണയം അര്‍ഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. അവളോട് ഒരു വാക്കും പറയാതെ, പെങ്ങളുടെ വിവാഹം നടത്താന്‍ മാറ്റക്കല്യാണം കഴിഞ്ഞു അയാള്‍ പോയി.
പിന്നെ ആദ്യ കാലങ്ങളിലെല്ലാം വന്ന കല്യാണാലോചനകള്‍ അവള് വേണ്ടെന്നു പറഞ്ഞു, നിര്‍ബന്ധം സഹിക്കാതായപ്പോള്‍ ആത്മഹത്യക്കൊരുങ്ങി..ഒടുവിലൊടുവില്‍ ആരും അവളോടത് പറയാതായി. അനുജത്തി വിവാഹം കഴിഞ്ഞു പോയി. ഉപ്പയും ഉമ്മയും മരിച്ചു. സഹോദരന്റെ വീട്ടില്‍ അയാളുടെ മക്കളെ നോക്കിയും അടുക്കളപ്പണി ചെയ്തും അങ്ങനെ. ഇടയ്ക്ക് തയ്യല്‍ പഠിക്കാന്‍ ചേര്‍ന്നു, പിന്നെ തയ്യല്‍ ജോലിക്ക് പോയിത്തുടങ്ങി..നാളെത്ര കഴിഞ്ഞിട്ടും അത്തയുടെ വേഷം മാറിയില്ല. വേഷംകെട്ടലെന്നു നാട്ടുകാര്‍ പരിഹസിക്കുമ്പോഴും പാവാടയും ബ്ലൌസ്സുമിട്ടു കൌമാരക്കാരിയെപ്പോലെ നാണിച്ചു ചിരിച്ച് അവള് തന്റെ ഉള്ളിലെ ആ പ്രണയ കാലത്തെ അനങ്ങാന്‍ അനുവദിക്കാതെ നിശ്ചലമാക്കുകയയിരുന്നോ?
പഴേ അബ്ദുറഹ്മാന് അത്തയെ കാണാന്‍ തയ്യല്‍ക്കടയില്‍ വരാറുണ്ടെന്നു പിന്നെ ആരൊക്കെയോ അടക്കം പറയാന്‍ തുടങ്ങി. ഒടുവില്‍ അവളുടെ വീടിന്റെ പടി കേറി അയാള്‍ വീണ്ടും വന്നു. ഒപ്പം അയാളുടെ ഭാര്യയും മകളും. അത്തയെ അയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കണമെന്ന് പറയാന്‍. ഇന്ന് അത്ത അയാളുടെ ഭാര്യയാണ്.
ഇടയ്ക്ക് വലിയ വഴക്കുകളില്‍ ആദ്യ ഭാര്യ പിണങ്ങിപ്പോകും എന്നൊക്കെ കഥകളുണ്ടെങ്കിലും അയാളുടെ മകളുടെ കല്യാണത്തിന് അതിഥികളെ സ്വീകരിക്കാന്‍ ഓടി നടക്കുന്ന, അവളുടെ പ്രസവ ശുശ്രൂഷയ്ക്കുള്ള നാട്ടുമരുന്നുകള്‍ വാങ്ങിച്ചുകെട്ടി ബസ്സുകാത്തു നില്ക്കുന്ന, അയാളുടെ ഭാര്യയെ അവളുടെ ആശുപത്രി കാലങ്ങളില്‍ ഉറങ്ങാതെ പരിചരിക്കുന്ന അത്ത എന്റെ അത്ഭുതമാണ്. നിശബ്ദതയുടെ ഏറ്റവും മുഴക്കമുള്ള ശബ്ദം.
കുറേ കാലങ്ങള്‍ക്ക് മുന്‍പ് പത്രത്തില്‍ ജോലി ചെയ്യുന്ന ചങ്ങാതിയോട് അത്തയെ കുറിച്ച് പറയുമ്പോള്‍ അവന് ചോദിച്ചത് നമുക്കൊരു സ്റ്റോറി ചെയ്താലോ എന്നാണു..ആയിടയ്ക്ക് ഒരു കല്യാണ വീട്ടില്‍ വെച്ചു അത്ത യോടത് സൂചിപ്പിച്ചു..നിങ്ങളുടെ കല്യാണത്തെ കുറിച്ച് പത്രത്തില്‍ എഴുതട്ടെയെന്നു..പാവാടത്തുമ്പില്‍ കെട്ടിയിട്ടു അവള് സൂക്ഷിച്ചു വെച്ച ആ കൌമാരച്ചിരി അപ്പോള്‍ പണ്ടത്തെക്കാള്‍ നാണത്തോടെ. അതൊന്നും വേണ്ട, അങ്ങേര്‍ക്കു എന്നെ മാത്രേ സ്നേഹിക്കാമ്പറ്റൂന്ന് എനിക്കറിയാരുന്നു..അതോണ്ടല്ലേ ഇത്ര കാലോം കാത്തിരുന്നതെന്ന് ഒരു രഹസ്യം പോലെ പറഞ്ഞു അത്ത വീണ്ടും ചിരിച്ചു.
ഇപ്പോള്‍ ഈ മുറിയിലിരുന്നു കാണാവുന്ന ചെറു പുഴയുടെ തിളങ്ങുന്ന ജലപ്പരപ്പില്‍ ഉണങ്ങിയ ഒരു മരച്ചില്ലയൊഴുകുന്നു. നീലച്ചിറകുകളുള്ള ഏതോ പക്ഷിയാണതിന്റെ കൊടിക്കൂറ. ജീവിതമേ, നിന്റെ ശിഖരങ്ങളെത്ര വേനലുകള്‍ക്ക് വഴിപ്പെട്ടാലും ഏതു പെണ് ഹൃദയമാണ് അതില്‍
നാട്ടാതിരിക്കുക,അകം ജീവിതത്തിന്റെ ചിത്ര വേലകളുള്ള ഒരു കൊടിക്കൂറ!
Pranayathinu sacrifice annum kathirippennum percholli vilichoru koumaram doore ninnum chiricha pol….
ജീവിതമേ, നിന്റെ ശിഖരങ്ങളെത്ര വേനലുകള്‍ക്ക് വഴിപ്പെട്ടാലും ഏതു പെണ് ഹൃദയമാണ് അതില്‍
നാട്ടാതിരിക്കുക,…….അത്രയുള്ളു ഈ പെണ് ഹൃദയം ??
“ഇടഞ്ഞാല്‍ വാള് എടുക്കും ഉണ്നിഅര്ച്ച
ഇണങ്ങിയാല്‍ ഒരു വാലാട്ടി പക്ഷി ” എന്നന്നെലോ അല്ലെ ?
നാട്ടാതിരിക്കുക,അകം ജീവിതത്തിന്റെ ചിത്ര വേലകളുള്ള ഒരു കൊടിക്കൂറ!