തടിയന്റവിട നസീറും ഇറ്റാലോ കാല്‍വിനോയും

ദ് മാന്‍ ഹു ഷൌട്ടഡ് തെരേസ്സാ, ഇറ്റാലോ കാല്‍വിനോയുടെ കഥയാണ്.
1943ല്‍ എഴുതിയത്.ചെറുത്, ഒന്നരപ്പേജേ ഉള്ളൂ. പരീക്ഷണാത്മകവും, തത്വ
ചിന്താപരവുമായ നോവലുകളും, ലേഖനങ്ങളും എഴുതുന്നതിനിടെ ഈ ലോകപ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഇടംകൈകൊണ്ട് എഴുതിയത് എന്ന് തോന്നിക്കുന്നത്ര ചെറുത്.

ഇങ്ങനെയാണ് കഥ.

ഒരു അപ്പാര്‍ട്ട് മെന്റ് സമുച്ചയത്തിന് മുന്നില്‍ നിന്ന് ഒരാള്‍ മുകളിലേക്ക് നോക്കി തെരേസ്സാ എന്നുറക്കെ വിളിക്കുന്നു. ഇതു കണ്ട് കൊണ്ട് വരുന്ന ഒരാള്‍ കുറച്ച്കൂടെ ഉറക്കെ വിളിച്ചാലേ അത്ര ഉയരത്തില്‍ കേള്‍ക്കൂ
എന്ന് പറഞ്ഞ് കൂടെക്കൂടുന്നു. രണ്ട് പേരും ഒന്നിച്ച് തെരേസ്സാ എന്ന് വിളിക്കുന്നു. അതു വഴി പോകുകയായിരുന്ന കുറച്ച് ചെറുപ്പക്കാര്‍കൂടെ ഒപ്പം ചേരുന്നു. അങ്ങനെ കുറച്ച് കഴിയുമ്പോഴേക്ക് അത് പത്തിരുപത്
പേരടങ്ങുന്ന ഒരു കൂട്ടത്തിന്റെ ഉറക്കെയുള്ള വിളിയാകുന്നു. ഇതിനിടയ്ക്ക്
ഈ തെരേസ്സാവിളിക്ക് ഒരു താളമൊക്കെ കൈവരുന്നുണ്ട്. റെഡി വണ്‍ ടൂ ത്രീ, തെരേസ്സാ… എന്നിങ്ങനെ വിളിക്കാര്‍ തന്നെ അതിന് ഒരു ക്രമം ഉണ്ടാക്കുന്നു.അങ്ങനെ കൂട്ടത്തെരേസ്സാ വിളിക്കാര്‍ സ്വയം രസിച്ച് മുന്നേറുന്നതിനിടെ പുതുതായിവന്ന ഒരു വിളിക്കാരന്‍ ആദ്യയാളോട്് ചോദിക്കുന്നു, അല്ലാ ഈ തെരേസ്സ അവിടെത്തന്നെ ഉണ്ടോ. അറിയില്ല എന്ന് അയാളുടെ മറുപടി.രസം തീര്‍ന്നു. എന്ത് ,പിന്നെ ഇതാരെയാ
വിളിക്കുന്നത് എന്ന് എല്ലാവരും അയാളോട് ചോദിക്കുന്നു. അല്ലാ കുഴപ്പമുണ്ടോ. ഞാന്‍ ചുമ്മാ വിളിച്ചതാ.തെരേസ്സ എന്ന പേരില്‍ കുഴപ്പമുണ്ടെങ്കില്‍ മാറ്റി വിളിക്കാം. വല്ല മറിയാ എന്നോ മറ്റോ
ആക്കാം,എന്ന് അയാള്‍.എല്ലാവര്‍ക്കും കാര്യം പിടികിട്ടി. പകഷെ അവിടെ തീര്‍ന്നില്ല.ഏതായാലും ഇത്രത്തോളമായില്ലേ.. ഒറ്റത്തവണ കൂടെ
വിളിച്ചിട്ട്പിരിയാം എന്ന തീരുമാനത്തിലെത്തി എല്ലാവരും. റെഡി, വണ്‍, ടൂ, ത്രീ തെരേസ്സാ..പിരിഞ്ഞ് അവനവന്റെ പാട്ടിന് പോകുന്നു,തൊട്ട് മുമ്പ് വരെ കൂട്ടത്തെരേസ്സാ വിളിക്കാരായിരുന്നവര്‍.
.

ഇക്കഥ ആദ്യം വായിക്കുന്ന കാലത്ത് ഞാന്‍ ഒരു സാഹിത്യ വിദ്യാര്‍ത്ഥിയായിരുന്നു.കാല്‍വിനോ ലാഘവത്തോടെ എഴുതിയതാകുമോ ഇക്കഥ എന്ന് തോന്നിച്ചിരുന്നെങ്കിലും,കനം കുറഞ്ഞത് എന്ന് അന്നും തോന്നിയിരുന്നില്ല. രണ്ടാം വായനക്കായി ഇത് കൂടെ ഉള്‍പ്പെടുന്ന കാല്‍വിനോ സമാഹാരം കയ്യിലെത്തുന്ന കാലത്തേക്ക് ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനായിരുന്നു .തടിയന്റവിട നസീറിനെ കര്‍ണാടക പോലീസും , കേരളാ പോലീസും ഒന്നിച്ച് കണ്ണൂരില്‍ ചോദ്യം ചെയ്യുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു രണ്ടാം വായനക്കാലത്ത് ഞാന്‍. കേരളത്തിലെ എല്ലാ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും, പിറ്റേ ദിവസങ്ങളിലെ പത്രങ്ങളും കണ്ണൂര്‍റിപ്പോര്‍ട്ടര്‍ മാരില്‍ നിന്നാണ് ആ ദിവസങ്ങലില്‍ തലക്കെട്ടുകള്‍
ഉണ്ടാക്കിയിരുന്നത്. അത്തരം ദിവസങ്ങളിലൊന്നിലാണ് എനിക്ക് കാല്‍വിനോ കഥയുടെനിത്യ ജീവിത അര്‍ത്ഥം മനസ്സിലായത്. അന്ന് തന്നെ ഞാന്‍ ചില സുഹൃത്തുക്കളോട് പറഞ്ഞു. കാല്‍വിനോ 1943ല്‍ ഇക്കഥ എഴുതുന്നത് പത്തെഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പണി ചെയ്യാന്‍ പോകുന്ന നമ്മളെക്കുറിച്ച് തന്നെയാണ്. വമ്പന്‍ കെട്ടിടത്തിന് മുന്നില്‍ നിന്ന് അലക്ഷ്യമായി, എന്നാല്‍ താളക്രമം അങ്ങേയറ്റം പാലിച്ച്, കടുത്ത ആത്മാര്‍ത്ഥതയോടെ തെരേസ്സാ എന്ന് വിളിക്കുകയാണ് നമ്മള്‍. നസീറിനെ അങ്ങേയറ്റം രഹസ്യമായി ചോദ്യം ചെയ്യുന്നു പോലീസ്. നമ്മള്‍ സോഴ്സുകള്‍ എന്ന് വിളിക്കുന്ന പോലീസുകാര്‍ ചില വിവരങ്ങള്‍
നല്‍കുന്നു, വള്ളിപുള്ളി വിടാതെ വാര്‍ത്തയാകുന്നു, അതെല്ലാ
മാധ്യമങ്ങളിലും. എസ് കത്തി സംഭവത്തില്‍ പോലീസിനെ തരിമ്പും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത വര്‍ക്ക്ആധികാരിക വാര്‍ത്താ കേന്ദ്രങ്ങളായിരുന്നു ആ ദിവസങ്ങളില്‍ പോലീസെന്ന് അന്ന് തന്നെ പറഞ്ഞവര്‍ വേറെയുമുണ്ട്.

അന്നത്തെ നസീര്‍ വാര്‍ത്തകളെല്ലാം തെറ്റായിരുന്നു എന്ന ് പറയുകയല്ല, ഞാന്‍.എന്ന് മാത്രമല്ല, അന്ന് നസീറില്‍ നിന്ന് വെളിപ്പെട്ട എല്ലാ വിവരങ്ങളും യഥാര്‍ത്ഥവാര്‍ത്തകളും ആയിരുന്നു, പക്ഷെ, സംശയമില്ല, അവ കൂട്ട ത്തേരേസാ വിളികള്‍ തന്നെ ആയിരുന്നു.അലക്ഷ്യം, എന്തിന് വേണ്ടിയെന്ന് , എന്ത് ഫലമാണുണ്ടാക്കുകയെന്ന് ആരായുക പോലും ചെയ്യാതെയുള്ള കൂട്ട വിളിച്ചു പറച്ചിലുകള്‍.

ഇത്തരം കൂട്ടത്തെരേസ്സാ വിളികള്‍ക്ക് വേറയും ഉദാഹരണങ്ങളുണ്ട്.
നല്ല ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് അവയെന്നത് കാണാതെ ഇരിക്കാനും പാടില്ല. എങ്കിലും അലക്ഷ്യ വിളിച്ചു പറച്ചിലുകള്‍ കേരളം പോലൊരു സമൂഹം ഇനി സഹിക്കുമെന്ന് കരുതാതിരിക്കുന്നതാകും ഭംഗി.

മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ മാറ്റം കാണിച്ചു തുടങ്ങിയിട്ടുണ്ട്. അന്നന്നത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന, തെരുവിന് പകരമുള്ളിടം എന്ന, നിലവിലെ നില്‍പ് തുടര്‍ന്ന് കൊണ്ട് തന്നെ കൂടുതല്‍ ഗഹനമായ കാര്യങ്ങള്‍ക്ക് കൂടി പറ്റും ഇത് എന്ന് തെളിയിക്കാനുള്ള ബോധ പൂര്‍വ്വ ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നിന്നെങ്കിലും കാണാനും കേള്‍ക്കാനുമുണ്ട്. എല്ലാവരും ചെയ്യുന്നത് തന്നെ ചെയ്യുക എന്നതില്‍ നിന്നുള്ള വഴി മാറി
നടപ്പിനുള്ള ചെറുതെങ്കിലും രസമുള്ള ശ്രമങ്ങള്‍.

പക്ഷെ , ഇപ്പോഴും കേള്‍ക്കാനുണ്ടല്ലോ, കൂട്ടപ്പറച്ചില്‍ ബഹളം, എന്ന സംശയത്തിന് സാംഗത്യമുണ്ട്. പെണ്‍വാണിഭക്കഥകള്‍ വന്‍ വാര്‍ത്തയാകുന്നുണ്ടല്ലോ, ദൃശ്യമാധ്യമപ്രവര്‍ത്തകാ…
അത് ആ കുറ്റകൃത്യം ഇല്ലാതാക്കാനുള്ള ശ്രമം എന്നതിനേക്കാള്‍അശ്ലീല കഥകള്‍ കേള്‍ക്കാനിഷ്ടമുള്ള സമൂഹത്തിന് ആസ്വദിക്കാന്‍ എന്ന മട്ടിലാണല്ലോ വിളമ്പപ്പെടുന്നത് എന്ന പറച്ചിലും കേള്‍ക്കുന്നുണ്ട്.
ക്ഷമിക്കണം സര്‍, ഇറ്റാലോ കാല്‍വിനോ പ്രവചന സ്വഭാവത്തോടെ മാത്രമല്ല ആ കഥയെഴുതിയത്. തനിക്ക് മുമ്പുള്ള കാലത്തെ കണ്ട് കൂടെയാകുമല്ലോ സ്വാഭാവികമായും. എന്നും ഉണ്ടായിരുന്നു കൂട്ടത്തെരേസ്സാ വിളികള്‍. അതിനിയും തുടരുകയും ചെയ്യും.ആകപ്പാടെയുള്ളത് ഇതാ ഞങ്ങളിതില്‍
നിന്ന് വഴി മാറി നടക്കാന്‍ ആഗ്രഹിക്കുന്നു , ശ്രമിക്കുന്നു എന്ന ആര്‍ജ്ജവം മാത്രമാണ്.യഥാര്‍ത്ഥത്തില്‍ വിളിച്ചു പറയേണ്ടത് എന്തെന്ന് ചിന്തിക്കാനെങ്കിലും ശ്രമിക്കുന്നവര്‍ക്ക് കേള്‍ക്കാവുന്ന ഒച്ചയില്ലാ
കയ്യടികള്‍ ഇങ്ങോട്ട് എത്തുന്നുമുണ്ട്.

————–
1943ല്‍ ഇരുപതാമത്തെ വയസ്സിലാണ് ഇറ്റാലോ കാല്‍വിനോ ഈ കഥ എഴുതുന്നത്. 4 വര്‍ഷം കൂടെ കഴിഞ്ഞാണ് ഇ്ന്ത്യയ്ക്ക് സ്വാതന്ത്യ്രം കിട്ടുന്നത്. 40- 45 വര്‍ഷമെങ്കിലും കഴിഞ്ഞ്് കേരളത്തില്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ പരക്കല്‍ ഉണ്ടാകുന്നു.1985ല്‍, 62ാമത്തെ വയസ്സില്‍ ആ മഹാസാഹിത്യകാരന്‍ ലോകം വിട്ടൊഴിഞ്ഞു.അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറം നിസ്സാരനായ ഈ വായനക്കാരനെ കഥയുടെ പ്രവചന
ശേഷി അമ്പരപ്പിക്കുന്നു. നമ്മള്‍ കാണുന്ന എല്ലാ ദൃശ്യങ്ങളെക്കാളും മേലെയാണ് കേള്‍ക്കുകയും, വായിക്കുകയും ചെയ്യുന്ന കഥകളുടെ സമൂഹപ്രതിഫലനത്തിനും പ്രവചനത്തിനുമുള്ള ശേഷിയെന്ന്
വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു കാല്‍വിനോയുടെ തെരേസ്സയെന്ന് വിളിച്ചയാള്‍.

5 thoughts on “തടിയന്റവിട നസീറും ഇറ്റാലോ കാല്‍വിനോയും

 1. രണ്ടു വരിയില്‍ പറയാവുന്ന കാര്യം നാല് മിനിറ്റ് കൊണ്ട് പറയുന്ന വിചിത്രമായ പ്രവര്‍ത്തനമാണ് ദൃശ്യമാധ്യമ റിപ്പോര്‍ട്ടിംഗ്, പ്രത്യേകിച്ച് തല്‍സമയ റിപ്പോര്‍ട്ടിംഗ്, മാങ്ങാട് രത്നാകരന്‍, ഉണ്ണി ബാലകൃഷ്ണന്‍, ഇ സനീഷ്,വേണു ബാലകൃഷ്ണനന്‍, പ്രമോദ്,ആര്‍ ബിജു, ഷാജഹാന്‍, എന്‍ കെ രവീന്ദ്രന്‍, മധു,ജിമ്മി ജയിംസ്, എബ്രഹാം മാത്യു ( ഇദ്ദേഹം അക്കൂട്ടത്തില്‍ പെടുമോ എന്നറിയില്ല) തുടങ്ങിയവരെല്ലാം തലയില്‍ ആള്‍താമസമുള്ളവരും അല്‍പമെങ്കിലും പൊളിറ്റിക്കലായ വ്യക്തിത്വങ്ങളുമാണ്. പക്ഷെ എന്തു ചെയ്യാം അവര്‍ക്കൊന്നും ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഉപരിപ്ലവതയെ മറികടക്കാനാകുന്നില്ല. ഏതെങ്കിലും ഒരു രക്ഷകന്‍ എന്നെങ്കിലും ദൃശ്യമാധ്യങ്ങള്‍ക്കായി പിറക്കുമായിരിക്കും. മേല്‍ പറഞ്ഞവരെക്കൊണ്ടൊന്നും ഇനി ഒന്നും ക‍ഴിയില്ല എന്നുറപ്പായതുകൊണ്ടാണ് എന്‍റെ ഈ പ്രതീക്ഷ..

 2. saneeshetta…. aathma vimarshanathinte samayamaayo namukkokke? joli cheyyuka ennathu jolicheyyan vendi mathramaayitheerunna avastha maadhyamapravarthakane sambandhichidatholam athramaathram dayaneeyamaanennu thonnunnu

 3. ഇനിയും ഇനിയും പിറവി കാത്തുകിടക്കുന്ന വാര്‍ത്താചാനലുകള്‍….
  കൂടുവിട്ടു കൂടുമാറാന്‍ തക്കം നോക്കിയിരിക്കുന്ന ദൃശ്യമാധ്യമപ്രവര്‍ത്തകര്‍….
  തെരേസ്സാ വിളികള്‍ ഇനിയും കുറയില്ല…. വളരെ വളരെ കൂടും….
  എല്ലാം എന്തിനോ വേണ്ടിയുള്ള മത്സരമാമാങ്കത്തിനായി….
  മനുഷ്യത്വം മരവിച്ചവരുടെ കൂട്ടത്തില്‍ പെട്ടതിന്‍റെ അസ്വസ്ഥത ചിലര്‍ക്കെങ്കിലും ഉണ്ടെന്ന് സനീഷും വെളിപ്പെടുത്തുന്നു…
  കൂട്ടത്തില്‍ പെട്ട വലിയവരില്‍ ചിലര്‍ എത്രയോ ചെറിയവരാണെന്നറിയുമ്പോള്‍ ഒന്നു ഛര്‍ദ്ദിക്കാനുള്ള വിമ്മിഷ്ടം…
  ആകെ പ്രതീക്ഷയാകുന്നത് വഴിമധ്യേ ഈ വിളി നിര്‍ത്തി മനുഷ്യനായി ജീവിക്കാന്‍ കരുത്ത് കാണിക്കുന്നവരാണ്….
  അതു വരെ തെരേസ്സമാരെ വിളിച്ച് ഭീരുക്കളുടെ കൂട്ടത്തില്‍ നില്‍ക്കാം…
  പെട്ടുപോയില്ലേ സഖാവേ…….

  • ആര്‍ക്കും എന്തും വിളിച്ചു പറയാവുന്ന തെരുവിന് പകരമുള്ള ഇടമല്ല മാധ്യമങ്ങള്‍ എന്ന ഉറച്ച ബോധ്യമില്ലാത്ത കാലത്തോളം തെരേസാ വിളികള്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകന്‍റെ അന്ന സമ്പാദനത്തിന് അഭികാമ്യം…..
   മാറി നടക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടെങ്കില്‍ അഭിനന്ദനീയം തന്നെ…..പക്ഷേ അത് തെരേസാ വിളി സംഘത്തില്‍ സഞ്ചരിച്ച് മറിയാ എന്ന് വിളിക്കുന്നതാവരുത്. അത് തെരേസാവിളിയുടെ താളക്രമം നല്‍കുന്ന കേള്‍വി രസം പോലും കെടുത്തിക്കളയും…..
   മാറിനടന്ന് മൗലികമായ മാറ്റം കൊണ്ടുവരാനുള്ള ശ്രമമാകണം…..
   ദൗര്‍ഭാഗ്യവശാല്‍ അത്തരമൊന്നുണ്ടെന്ന് വിശ്വസിക്കാന്‍ സാഹചര്യം അനുവദിക്കുന്നില്ല……
   പൊതു സമൂഹം നിര്‍ത്തെടാ നിന്‍റെ തെരേസാ വിളി എന്ന് കുത്തിന് പിടിച്ച് പറയുന്ന കാലത്തോളം ഇത് തുടരുക തന്നെ ചെയ്യും….അല്ലെങ്കില്‍ തുടരേണ്ടി വരും…..

 4. സ്വയം വിമര്‍ശിക്കുന്നതിന്റെ പേരിലായാലും അല്ലെങ്കിലും
  നല്ല ഒരു കഥ ഓര്‍മിപ്പിച്ചു സനീഷ്…thanks

Leave a Reply

Your email address will not be published. Required fields are marked *