തിയറ്റര്‍ സമരം പിന്‍വലിച്ചു

ബി ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ എട്ടുമുതല്‍ നടന്നുവന്ന തിയറ്റര്‍ സമരം പിന്‍വലിച്ചു. മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചത്തുടര്‍ന്നാണിത്.
മുന്‍പ് നടന്ന ചര്‍ച്ച പ്രകാരം തീരുമാനിച്ച വൈഡ് റിലീസ് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

വൈഡ് റിലീസ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു. കൂടാതെ തിയറ്ററുകളുടെ സൌകര്യങ്ങള്‍ വിലയിരുത്തി ഗ്രേഡ് നല്‍കാനുള്ള വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി. ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജും റിസര്‍വേഷന്‍ ചാര്‍ജും ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

തിയറ്ററുകളെ നിലവാരമനുസരിച്ച് തരംതിരിക്കാനുള്ള സമിതി എ, ബി ക്ലാസ് തീയറ്ററുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തി ഗ്രേഡ് നല്‍കും. ഇതനുസരിച്ചായിരിക്കും ഇനി റിലീസുകള്‍. സൌകര്യങ്ങളില്ലാത്തതിയറ്ററുകളില്‍ റിലീസ് നല്‍കില്ല. പ്രേക്ഷകരില്‍ നിന്ന് ടിക്കറ്റിനൊപ്പം വര്‍ഷങ്ങളായി ഈടാക്കി വന്ന സര്‍വീസ് ചാര്‍ജ് പിന്‍വലിക്കും. രണ്ടുരൂപ വീതമായിരുന്നു വാങ്ങിയിരുന്നത്. ഇതുവരെ പിരിച്ചത് എന്തുചെയ്തെന്നു പോലുമറിയില്ലെന്ന് മന്ത്രി പറഞ്ഞു. കൂടാതെ തിയറ്ററുകള്‍ വാങ്ങിയിരുന്ന റിസര്‍വേഷന്‍ ചാര്‍ജും നിര്‍ത്തലാക്കും. അഞ്ചുരൂപ മുതല്‍ മുകളിലേക്കായിരുന്നു ഇത്. തിയറ്ററുകളിലെ നികുതിവെട്ടിപ്പ് തടയാന്‍ ടിക്കറ്റിംഗ് മെഷീന്‍ നിര്‍ബന്ധമാക്കും.

ചര്‍ച്ചയില്‍ എക്സിബിറ്റേഴ്സ് അസോസിയേഷന്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ പങ്കെടുത്തു. എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പങ്കെടുത്തില്ല. വൈഡ് റിലീസ് അനുവദിക്കുന്നതിലെ എതിര്‍പ്പിനെത്തുടര്‍ന്നാണിത്.


വൈഡ് റിലീസ് തര്‍ക്കം തീര്‍ക്കാന്‍ 26ന് ചര്‍ച്ച


മന്ത്രിയും കൈയൊഴിഞ്ഞു; വൈഡ് റിലീസ് പെരുവഴിയില്‍

One thought on “തിയറ്റര്‍ സമരം പിന്‍വലിച്ചു

  1. കൊള്ളാം. പിടിവാശി അയഞ്ഞല്ലോ.
    കാര്യങ്ങള്‍ ഇനി നന്നായി വരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *