വാജ്പേയിയും വരവേല്‍പ്പിലെ മോഹന്‍ലാലും

അടൂര്‍ ഗോപാലകൃഷ്ണന്റെ മുഖാമുഖം, മുരളി നായരുടെ മരണ സിംഹാസനം, സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പ്, ലാല്‍ ജോസിന്റെ അറബിക്കഥ, ഐ.വി ശശിയുടെ ഇനിയെങ്കിലും എന്നീ ചിത്രങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പകര്‍ത്തിയത് എങ്ങനെയാണ്? എന്‍.പി സജീഷിന്റെ അന്വേഷണം.

ലോകം കണ്ട കേരളീയ ഇടതുപക്ഷം

ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രമേയമാക്കിയ രണ്ടു മലയാളചിത്രങ്ങള്‍ അന്താരാഷ്ട്രാ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യധാരയില്‍നിന്നു വേറിട്ടുനില്‍ക്കുന്നുവെങ്കിലും മുഖ്യധാരാ ഇടതുപക്ഷവുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ “മുഖാമുഖം'(1984), മുരളിനായരുടെ “മരണസിംഹാസനം'(2000) എന്നീ ചിത്രങ്ങള്‍ ഇവിടെ പരാമര്‍ശവിധേയമാവുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനം പോലുള്ള ഏകശിലാത്മക ഘടനയിലെ ഒരു വ്യക്തിയുടെ പരിമിത സാധ്യതകള്‍ ആയിരുന്നു ‘മുഖാമുഖ’ത്തിന്റെ ഉള്ളടക്കം. ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍നിന്നും വ്യക്തിപരമായ ശിഥിലീകരണത്തിലേക്കുള്ള വ്യക്തിയുടെ പിന്‍മടക്കമായിരുന്നു അടൂരിന്റെ പ്രമേയം. “മുഖാമുഖ’ത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് 1985ല്‍ വേണു മേനോനുമായുള്ള ഒരഭിമുഖത്തില്‍ അടൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: “ചിത്രത്തിന് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. അത് എന്റെ ആത്മനിഷ്ഠമായ സമീപനത്തിന്റെ ഫലമല്ല. മറിച്ച് വസ്തുനിഷ്ഠമായ ചിത്രീകരണത്തിന്റെ പ്രശ്നമാണ്. ജനങ്ങള്‍ പ്രകോപനമുണ്ടാക്കുന്ന എന്തെങ്കിലും ചിത്രത്തില്‍ കാണുന്നുണ്ടെങ്കില്‍ അത് എന്റെ യാഥാര്‍ഥ്യചിത്രീകരണം കൊണ്ടല്ല മറിച്ച് ചലച്ചിത്രബാഹ്യമായി നിലനില്‍ക്കുന്ന യാഥാര്‍ഥ്യം കൊണ്ടാണ്. പി. കൃഷ്ണപ്പിള്ളയുടെ ഫോട്ടോ ഒരു സീക്വന്‍സില്‍ ഉപയോഗിച്ചപ്പോള്‍ ഞാന്‍ മുഖ്യകഥാപാത്രത്തിനു മാതൃകയാക്കിയത് കൃഷ്ണപ്പിള്ളയെയാണെന്ന് ഒരു നിരൂപകന്‍ എഴുതി.” ചിത്രം കമ്യൂണിസ്റ്റു വിരുദ്ധമല്ലെന്നും പ്രേക്ഷകന്റെ തെറ്റായ വായനയാണ് ആ ധാരണക്കു പിന്നിലെന്നും അടൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എണ്‍പതുകളുടെ ആദ്യപാദം പിന്നിടുമ്പോഴാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനവും തൊഴിലാളിവര്‍ഗ രാഷ്ട്രീയവും പാര്‍ട്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളും സങ്കീര്‍ണമാക്കിയ പ്രശ്നമേഖലയെയാണ് ചിത്രം അഭിസംബോധന ചെയ്യുന്നത്. മൂന്നു ദശകങ്ങളുടെ ഇടതുരാഷ്ട്രീയത്തിന്റെ ചരിത്രം സൂക്ഷ്മതലത്തില്‍ സ്പര്‍ശിച്ചുപോവുന്നുണ്ട് ഈ ചിത്രം. “കമ്യൂണിസ്റ്റ് വിരുദ്ധചിത്രമെന്ന പേരില്‍ കേരളത്തില്‍ ‘മുഖാമുഖ’ത്തിന് ശക്തമായ എതിര്‍പ്പു നേരിടേണ്ടിവന്നതായി അറിഞ്ഞു. പക്ഷേ ഇത് അങ്ങനെയുള്ള ചിത്രമല്ല. ഞങ്ങള്‍ ഇത്തരം ചിത്രങ്ങളെയാണ് സ്വാഗതം ചെയ്യുന്നത്.” ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.

ആദര്‍ശധീരനായ തൊഴിലാളിനേതാവാണ് ‘മുഖാമുഖ’ത്തിലെ കേന്ദ്രകഥാപാത്രമായ ശ്രീധരന്‍. ഓട്ടുകമ്പനിയിലുണ്ടായ തൊഴിലാളിസമരത്തെ തുടര്‍ന്ന് മുതലാളി വധിക്കപ്പെട്ടതോടെ ശ്രീധരന്‍ ഒളിവില്‍ പോയി. അതിനിടെ പ്രസ്ഥാനത്തിനുവേണ്ടി സര്‍വവും ത്യജിച്ച പ്രവര്‍ത്തകരുടെ ഹൃദയം ഭേദിച്ചുകൊണ്ട് പാര്‍ട്ടി പിളര്‍ന്നു. ഇടതുപക്ഷതീവ്രവാദികളുടെ ഗ്രൂപ്പ് വേറെ. പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടും പ്രതീക്ഷിച്ചതൊന്നും നടക്കാത്തതില്‍ അസംതൃപ്തരായ ജനം ശ്രീധരന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചു. ഒപ്പം മുദ്രാവാക്യം മുഴക്കിനടന്നവര്‍ പല കൊടികള്‍ക്കു കീഴിലായി നില്‍ക്കുന്നതു കണ്ട ശ്രീധരന്‍ അവരെ മൌനം കൊണ്ടാണ് നേരിടുന്നത്. വ്യര്‍ഥതാബോധം അയാളെ കീഴ്പ്പെടുത്തുന്നു. അയാള്‍ മദ്യത്തില്‍ അഭയം കണ്ടെത്തുന്നു. മെറ്റല്‍നിരത്തിയ നാട്ടുവഴിയില്‍ ശ്രീധരന്റെ ജഡം കാണുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്. ‘ഇന്നത്തെ രാഷ്ട്രീയപരിതഃസ്ഥിതിയുടെ പശ്ചാത്തലത്തില്‍ സാധാരണക്കാരുടെ സമൂഹം ഒരു ആത്മപരിശോധനക്ക് ഒരുങ്ങുന്നു. ഇന്നിന്റെ ജീര്‍ണത ഇന്നലെയുടെ പ്രസാദാനുഭവത്തെ തീവ്രദീപ്തമാക്കുന്നു. പ്രതീക്ഷകള്‍ പുലര്‍ത്താനും ഓര്‍മകളെ താലോലിക്കാനും മറന്നിട്ടില്ലാത്ത സമൂഹത്തിന്റെ സമസ്യ ഇവിടെ നിന്നാരംഭിക്കുന്നു’വെന്ന് ‘മുഖാമുഖ’ത്തിന്റെ തിരക്കഥാ പുസ്തകത്തില്‍ അടൂര്‍ പറയുന്നുണ്ട്. (ഡി.സി. ബുക്സ്,1985) പ്രത്യയശാസ്ത്രപരമായ വ്യതിയാനങ്ങളുടെ പേരില്‍ പാര്‍ട്ടി വിമര്‍ശനം നേരിടുന്ന സമകാലികാവസ്ഥയിലാണ് ഈ ചിത്രം കൂടുതല്‍ പ്രസക്തമാവുന്നത്.

കാന്‍ ചലച്ചിത്രമേളയില്‍ ക്യാമറ ഡി ഓര്‍ പുരസ്കാരം നേടിയതിലൂടെ ആഗോളതലത്തില്‍ ശ്രദ്ധേയമായ “മരണസിംഹാസനം'(2000) തികച്ചും നിരുത്തരവാദപരമായ രീതിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. കമ്പോള സിനിമ നിഗൂഢമായ ഒരു സംവേദനതന്ത്രം എന്ന നിലയില്‍ ആച്ഛാദിതമായി ആവിഷ്കരിക്കുന്ന ഉപരിവര്‍ഗപ്രത്യയശാസ്ത്രത്തിന്റെ വിഷലിപ്തമായ വേരുകള്‍ ഈ ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും പടര്‍ന്നു കിടപ്പുണ്ട്. തന്ത്രപരമായ ഗോപനക്രിയകളൊന്നും സ്വീകരിക്കാതെ പച്ചയായി, ഒരടിസ്ഥാനവുമില്ലാത്ത വിമര്‍ശനമാണ് മുരളിനായര്‍ ഉന്നയിക്കുന്നത്. കേരളചരിത്രത്തില്‍ ഇടതുപക്ഷപ്രസ്ഥാനം നിര്‍വഹിച്ച നിര്‍ണായകദൌത്യങ്ങളെക്കുറിച്ച് കേവല ബോധം പോലുമില്ലാതെ ആഗോളവേദിയിലേക്ക് ഈ ചിത്രത്തെ കെട്ടിയെഴുന്നള്ളിച്ച മുരളിനായര്‍ രാഷ്ട്രീയസിനിമയുടെ ബാലപാഠങ്ങള്‍ പോലും പഠിച്ചിട്ടില്ലാത്ത തന്റെ ബഹുമുഖമായ അജ്ഞതകളെ വെളിവാക്കുകയായിരുന്നു.

അധ്വാനിക്കുന്ന വൃദ്ധ കര്‍ഷകന്‍ കൃഷ്ണനും ഭാര്യ ചിരുതയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ദരിദ്രരായ അവര്‍ക്ക് മകന്റെ കാര്യമോര്‍ത്ത് വേവലാതിയുണ്ട്. ഒരു രാത്രിയില്‍ തേങ്ങ മോഷ്ടിച്ച കൃഷ്ണനെ പൊലീസ് പിടിച്ചുകൊണ്ടുപോവുന്നു. പാര്‍ട്ടി ഓഫീസിലെ വിശ്വന്‍ മാഷെ ഒന്നു പോയി കണ്ടുനോക്ക് എന്ന് കൃഷ്ണന്റെ ഭാര്യയോട് തമ്പ്രാന്‍ പറയുന്നു. കൃഷ്ണനെ ജയിലില്‍നിന്നിറക്കാന്‍ ചിരുത പാര്‍ട്ടി ഓഫീസില്‍ കയറിയിറങ്ങുന്നു. ‘വല്ല കത്തിക്കുത്തോ കൊലപാതകമോ മറ്റോ ആയിരുന്നെങ്കില്‍ നല്ല രസമുണ്ടായിരുന്നു’വെന്ന് ലെനിനിന്റെ മാലയിട്ട ചിത്രത്തിനു കീഴിലിരുന്നുകൊണ്ട് പാര്‍ട്ടിനേതാവ്.

സഖാവ് കൃഷ്ണനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ യോഗം ചേരുന്നു. അരിവാളുകൊണ്ട് ഒരാളെ വെട്ടിക്കൊന്നുവെന്ന കള്ളക്കേസില്‍ കുടുക്കിയാണ് പൊലീസ് അയാളെ തടവിലാക്കിയിരിക്കുന്നത്. ഒരുറുമ്പിനെ പോലും നോവിക്കാത്തയാളെ ഈ വിധത്തിലാക്കിയത് പാര്‍ട്ടിക്കാരുടെ കളിയാണെന്ന് ഒരു സ്ത്രീ പറയുന്നു. അതിനിടെ പ്രാകൃതരീതിയിലുള്ള വധശിക്ഷ ഒഴിവാക്കാന്‍ അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്ത മരണസിംഹാസനത്തെപ്പറ്റി റേഡിയോവില്‍ വാര്‍ത്ത വരുന്നു. വധശിക്ഷക്കു വിധിക്കപ്പെട്ട സഖാവ് കൃഷ്ണനെ അമേരിക്കന്‍ കണ്ടുപിടുത്തമായ ഇലക്ട്രോണിക് ചെയറില്‍ ഇരുത്തി സുഖമരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഖാവ് കുമാരന്‍ നിരാഹാരമനുഷ്ഠിക്കുന്നു. ആ തീരുമാനം വരുന്നതോടെ കൃഷ്ണന്റെ ഭാര്യ ചിരുത ചുവന്ന ഹാരമണിഞ്ഞ് സഖാവ് കുമാരന്റെ നിരാഹാരം അവസാനിപ്പിക്കുന്നു. ‘പ്രിയപ്പെട്ട തൊഴിലാളി സുഹൃത്തുക്കളേ, ത്സാന്‍സിറാണിയുടെ മനക്കരുത്തും ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയുമായി ഒരു ധീരവനിത’യെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് അലങ്കരിച്ച കൈവണ്ടിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ ചിരുതയെ ആനയിച്ചുകൊണ്ടുപോവുന്നു.

തുടര്‍ന്ന് കൃഷ്ണനെ മരണസിംഹാസനത്തിലിരുത്തി വധിക്കുകയാണ്.അപ്പോള്‍ പശ്ചാത്തലത്തില്‍ ‘ബലികുടീരങ്ങളേ…’എന്ന വിപ്ലവഗാനം മുഴങ്ങുന്നു. രക്തസാക്ഷിയായി മാറിയ സഖാവ് കൃഷ്ണന്റെ പ്രതിമയിലാണ് ചിത്രം അവസാനിക്കുന്നത്. ഇടതുപക്ഷത്തിന്റെ വളച്ചൊടിക്കലിന്റെയും അതിന്റെ ആത്യന്തികമരണത്തിന്റെയും തത്ഫലമായുണ്ടാകുന്ന വിരോധാഭാസങ്ങളുടെയും വിപുലീകരിക്കപ്പെട്ട ഒരു രൂപകമായി ഈ ചിത്രം വ്യാഖ്യാനിക്കപ്പെടാമെന്ന് സംവിധായകന്‍ മുരളിനായര്‍ റീഡിഫ് ഡോട്ട് കോമിന്റെ അനില്‍ നായര്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയുള്ള രാഷ്ട്രീയ വിവക്ഷകളെ വെറുതെ വിട്ടുകൊണ്ട് സൌന്ദര്യശാസ്ത്രപരമായി ചിത്രത്തെ സമീപിച്ചാല്‍ പോലും ദരിദ്രവും ബാലിശവുമായ അതിന്റെ രുപഭാവങ്ങള്‍ ക്യാമറ ഡി ഓര്‍ എന്ന കാന്‍പുരസ്കാരം നല്‍കിയ വിധികര്‍ത്താക്കളുടെ ഭാവുകത്വ ദൌര്‍ബല്യങ്ങളേ കാട്ടിത്തരുകയേയുള്ളൂ.

വാജ്പേയിയും വരവേല്‍പ്പും

കേരളീയ സമൂഹത്തിന്റെ വികസനമുരടിപ്പിനു കാരണം ‘വരവേല്‍പ്പി’ല്‍ (സത്യന്‍ അന്തിക്കാട്, 1989) ചിത്രീകരിച്ചതുതന്നെയാണെന്ന് 2003 ജനുവരി 18ന് ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ വന്നപ്പോള്‍ മുന്‍ പ്രധാനമന്ത്രി വാജ്പേയി പ്രസ്താവിച്ചിരുന്നു. തൊഴിലാളിവര്‍ഗത്തിന് അനുകൂലമായ ഇടതുപക്ഷനയനിലപാടുകള്‍ വ്യാവസായിക വികസനത്തിന് പ്രതിബന്ധമായി തുടരുന്നുവെന്ന പൊതുധാരണയെ പിന്‍പറ്റിക്കൊണ്ടുള്ള പ്രസ്താവനയായിരുന്നു അത്. പുറമേക്ക് ലളിതമെന്നും നിര്‍ദോഷകരമെന്നും തോന്നുന്ന ആ പ്രസ്താവനക്ക് പിന്നില്‍ അപകടകരമായ ചില വിവക്ഷകള്‍ ഉണ്ട്.

എണ്‍പതുകളില്‍ പുരോഗമന ഇടതുപക്ഷ ആശയങ്ങള്‍ നിര്‍വീര്യമായതോടെ തൊഴിലാളിവര്‍ഗ വിരുദ്ധകാഴ്ചപ്പാടുകള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആഴത്തില്‍ വേരൂന്നിയിരുന്നു. അതോടെ ഇടതുരാഷ്ട്രീയത്തിന്റെ വികസനവിരുദ്ധതയെപ്പറ്റിയുള്ള വലതുപക്ഷമുദ്രാവാക്യങ്ങള്‍ക്ക് കിടിലം കൊള്ളിക്കുന്ന മുഴക്കം കിട്ടി. ഡോ. എം.ജി.എസ് നാരായണനെപ്പോലുള്ള സാമൂഹിക ചിന്തകര്‍ അതിന് ആശയപരമായ ഊര്‍ജം പകര്‍ന്നു: ‘പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തോടെയാണ് വര്‍ഷങ്ങളോളം ട്രാക്ടറുകള്‍ പോലും അനുവദിക്കാതെ യന്ത്രവത്കരണം തടഞ്ഞുനിര്‍ത്തിയത്. പദ്ധതികള്‍ എല്ലാം വന്‍നഷ്ടം വരുത്തി മുടങ്ങിപ്പോയതും പ്രത്യയശാസ്ത്രവിദഗ്ധരായ പാര്‍ട്ടി നേതാക്കളുടെയും യൂനിയനുകളുടെയും ഇടപെടലില്‍ കൂടിയാണ്. കയര്‍നിര്‍മാണം പോലുള്ള പാരമ്പര്യവ്യവസായങ്ങള്‍ വളരാതിരുന്നത് യൂനിയനുകളുടെയും കമ്യൂണിസ്റ്റുകളായ കയര്‍മുതലാളിമാരുടെയും സ്ഥാപിതതാല്‍പര്യങ്ങള്‍ നിമിത്തമാണ്.’ (ജനാധിപത്യവും കമ്യൂണിസവും, പേജ് 155)

മുതലാളിത്ത വികാസവുമായി ബന്ധപ്പെട്ട് വ്യവസായ, കൃഷി മേഖലകളില്‍ നടക്കുന്ന ആധുനികവത്കരണം/യന്ത്രവത്കരണം തൊഴില്‍ നഷ്ടപ്പെടുത്തുമെന്നതിനാല്‍ യാഥാസ്ഥിതിക മാര്‍ക്സിസ്റ്റ് വിശകലനരീതിയനുസരിച്ച് അതിനെ എതിര്‍ക്കുക, അതേസമയം ഉല്‍പാദനശക്തികളുടെ വികാസം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ അവയെ സ്വാഗതം ചെയ്യുകയും ചരിത്രവികാസത്തില്‍ ഉല്‍പാദനശക്തികള്‍ക്കുള്ള പ്രാഥമ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജലവൈദ്യുത പദ്ധതികളെയും ആണവനിലയങ്ങളെയും ചരിത്രപരമായ അനിവാര്യതയായി വിശേഷിപ്പിക്കുക എന്ന പരസ്പരവിരുദ്ധ നിലപാടാണ് ഇ.എം.എസ് സ്വീകരിച്ചതെന്ന് ഡോ.ടി.ടി. ശ്രീകുമാര്‍ വിലയിരുത്തുന്നു.(സിവില്‍ സമൂഹവും ഇടതുപക്ഷവും, ഒലിവ്,2008)

തികച്ചും അസംഘടിതരും ചൂഷിതരുമായി കഴിഞ്ഞ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംഘടിതശക്തികളാക്കി മാറ്റുകയും അവകാശങ്ങള്‍ക്കായി പൊരുതാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ചരിത്രദൌത്യം നിര്‍വഹിക്കുകയായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന തൊഴിലാളിവര്‍ഗത്തിന്റെ സംഘടിത ജനശക്തിയെ പാര്‍ട്ടി, രാഷ്ട്രീയ മൂലധനമാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു.

എന്നാല്‍ സ്വാതന്ത്യ്രലബ്ധിക്കുശേഷം വിവിധ വികസന പദ്ധതികളുടെ ഭാഗമായി കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളില്‍ നടത്തിയ യന്ത്രവത്കരണത്തെ ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. കമ്പ്യൂട്ടറും ട്രാക്ടറും ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ തൊഴിലുകള്‍ കവര്‍ന്നെടുക്കുമെന്ന ഭീതിയായിരുന്നു കാരണം. ഉല്‍പാദനോപകരണങ്ങളുടെ ആധുനികവത്കരണത്തെ സംഘടിത തൊഴിലാളിവര്‍ഗം എതിര്‍ത്തതുകൊണ്ടുതന്നെ ഉല്‍പാദനമേഖല സ്തംഭിച്ചു കിടന്നു. യന്ത്രവത്കരണം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ചരിത്രാനുഭവത്തെ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിയോ ട്രേഡ് യൂനിയന്‍ പ്രസ്ഥാനമോ തയാറായില്ല. അധ്വാനിക്കാതെ സമ്പത്ത് കൈവശപ്പെടുത്തുന്ന നോക്കുകൂലിസമ്പ്രദായം അന്യായമാണെന്നും അത് നിര്‍ത്തലാക്കേണ്ടതാണെന്നും പിണറായി വിജയന്‍ പറഞ്ഞത് ഈയിടെയാണ്. ‘തെറ്റുപറ്റിയാല്‍ പാര്‍ട്ടി മുപ്പതോ നാല്‍പതോ വര്‍ഷം കഴിഞ്ഞാലും അതു തിരുത്തു’മെന്ന് ക്യൂബ മുകുന്ദന്‍(അറബിക്കഥ).

ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിന്റെ സഹജമായ ചില ദൌര്‍ബല്യങ്ങളെയും അപഭ്രംശങ്ങളെയും പര്‍വതീകരിച്ചു കാണിക്കുകയും സംഘടിത തൊഴിലാളിവര്‍ഗത്തിന്റെ അവകാശപോരാട്ടങ്ങളെ ന്യൂനീകരിക്കുകയും അതുവഴി അടിസ്ഥാന ജനത നേടിയെടുത്ത ജീവിതനിലവാരത്തെ തമസ്കരിക്കുകയുമായിരുന്നു മുഖ്യധാരാസിനിമ. ‘അറബിക്കഥ’യില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവാത്ത, ക്യൂബ മുകുന്ദന്‍ (ശ്രീനിവാസന്‍) എന്ന ആദര്‍ശശാലിയായ പരമ്പരാഗത കമ്യൂണിസ്റ്റിനെ അപഹാസ്യനായി അവതരിപ്പിക്കുന്നുണ്ട്.

ഗള്‍ഫില്‍ ഒരു കമ്പനി നടത്തുന്ന കുഞ്ഞുണ്ണി മുതലാളി (ജഗതി ശ്രീകുമാര്‍) പറയുന്നു: യൂനിയന്‍ നേതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ നൊസ്റ്റാള്‍ജിക് ആയ ഒരു അനുഭവമാണ്. നാട്ടീന്ന് പോന്ന ശേഷം I really miss it. മേലനങ്ങി പണിയെടുത്തു ശീലമില്ലാത്ത സഖാക്കള്‍ക്കു പറ്റിയ പണിയും എന്റെ കൈയിലുണ്ട്. സഖാവ് ഒരു കാര്യം ചെയ്യൂ. ഈ ഡേറ്റയൊക്കെ ഈ ലാപ്ടോപ്പിലേക്ക് ഒന്നു ഫീഡ് ചെയ്യൂ’-കുഞ്ഞുണ്ണി മുതലാളി ലാപ്ടോപ്പ് ക്യൂബ മുകുന്ദനു നേരെ നീക്കിവെക്കുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയാതെ പകച്ചുനില്‍ക്കുന്ന മുകുന്ദന്‍ പണ്ട് കമ്പ്യൂട്ടറിനെതിരെ താന്‍ നയിച്ച സമരത്തിലെ മുദ്രാവാക്യങ്ങള്‍ ഓര്‍ക്കുന്നു:

‘പണിയില്ലാപ്പട പെരുകും നാടിന്

മോചനമില്ലെന്നറിയുക നാം.

പണിയെത്തിക്കൂ കൈകളിലാദ്യം

പിന്നീടാകാം കമ്പ്യൂട്ടര്‍’

‘പാര്‍ട്ടി പഴയ തീരുമാനങ്ങളില്‍നിന്ന് അല്‍പസ്വല്‍പം മാറിയെങ്കിലും വ്യക്തിപരമായി ഞാന്‍ കമ്പ്യൂട്ടറിനെതിരാണ്’എന്ന് മുകുന്ദന്‍. ‘ആകെക്കൂടി അറിയാവുന്ന പണി സമരം ചെയ്യലാണ.് അതിവിടെ പറ്റുകേമില്ല”എന്ന് കുഞ്ഞുണ്ണി മുതലാളി.

സമരം ചെയ്യാന്‍ അനുവാദമില്ലാത്ത ഗള്‍ഫ് രാഷ്ട്രങ്ങളുടെ വികസനം, കാലഹരണപ്പെട്ട വികസനവിരുദ്ധ മുദ്രാവാക്യങ്ങള്‍ എന്നീ സൂചനകളെ വിരുദ്ധധ്രുവങ്ങളില്‍ നിര്‍ത്തി കേരളത്തിന്റെ വികസനപരിപ്രേക്ഷ്യത്തിലെ പരിമിതമായ ശരികളെ ഉദാത്തവത്കരിക്കുകയും തൊഴിലാളിവര്‍ഗത്തിന് അനുകൂലമായ ഇടതു നിലപാടുകളെ അപഹസിക്കുകയുമാണ് ‘അറബിക്കഥ’യിലെ ഈ രംഗം.

ഉല്‍പാദനപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ബൂര്‍ഷ്വാവര്‍ഗം ശത്രുവാണെന്നു കരുതുന്നതിലെ നിഷേധാത്മകതയെക്കുറിച്ച് കെ. വേണു എഴുതിയിട്ടുണ്ട്. (സമീക്ഷ, 2001 ജൂണ്‍) ഒരു പെട്ടിപ്പീടികക്കാരന്‍ പോലും മുതലാളിയും ശത്രുവുമായിത്തീര്‍ന്നതിലെ വൈപരീത്യത്തെ അദ്ദേഹം വിമര്‍ശിക്കുന്നു. ഈ കാഴ്ചപ്പാടുകളെ അതേപടി പിന്‍പറ്റുന്ന ‘വരവേല്‍പ്പി’ലെ സംഭാഷണം ശ്രദ്ധിക്കുക:

ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകരോട് ലേബര്‍ ഓഫീസര്‍ (തിലകന്‍) : നെല്ലുകുത്തുന്ന ഒരു മില്ലു തുടങ്ങിയാ അവന്‍ ബൂര്‍ഷ്വാ. ഒരു സെക്കന്റ് ഹാന്റ് ബസു വാങ്ങിയാ അവനും ബൂര്‍ഷ്വാ. എന്നാ യഥാര്‍ഥ ബൂര്‍ഷ്വാസിയുടെ ഒരു രോമം തൊടാന്‍പോലും ഒരുത്തനും സാധ്യമല്ല. ഒരു കമ്പേല് ഒരു കൊടീം കുത്തി ഇറങ്ങും. മുദ്രാവാക്യവുമായിട്ട്.

ജപ്പാന്‍, ഹോങ്കോംഗ് തുടങ്ങിയ ദേശങ്ങളുടെ വികസനമാതൃകകള്‍ വിനോദസഞ്ചാരിയുടെ വിഹഗവീക്ഷണത്തിലൂടെ കാട്ടിത്തന്നുകൊണ്ട് കേരളം ഇനിയെങ്കിലും മാറണമെന്ന സോദ്ദേശ്യപരമായ സമീപനം മുന്നോട്ടുവെക്കുന്ന സിനിമയാണ് “ഇനിയെങ്കിലും’ (ഐ.വി. ശശി, 1983). ടി. ദാമോദരന്റെ ഈ രചന, കേരളീയസമൂഹത്തിന്റെ വികസനത്തെപ്പറ്റിയുള്ള വലതുപക്ഷവീക്ഷണത്തിന് പകര്‍ന്ന സാംസ്കാരിക ഊര്‍ജം കുറച്ചൊന്നുമായിരിക്കില്ല. ഉപരിപ്ലവമായ ഉദാഹരണങ്ങളിലൂടെ ജപ്പാന്‍, ഹോങ്കോംഗ് എന്നീ വികസനമാതൃകകള്‍ കാട്ടി തികച്ചും വ്യത്യസ്തമായ സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങളുള്ള കേരളത്തിലും അവ പ്രയോഗിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് ചിത്രശില്‍പികള്‍. പ്രായോഗിക രാഷ്ട്രീയക്കാരനായ ദിവാകരനും(മമ്മൂട്ടി) കൂലിപ്പണിക്കാരനും കലാകാരനുമായ സഹോദരന്‍ രവിയും(മോഹന്‍ലാല്‍) തമ്മിലുള്ള അഭിപ്രായഭിന്നതകളിലൂടെ അണിയറശില്‍പ്പികളുടെ വലതുപക്ഷസ്വഭാവം വെളിവാകുന്നുണ്ട്.

‘ന്യായമായ ആവശ്യമാണെങ്കില്‍പോലും മുതലാളിമാരുടെ പക്ഷത്തുനിന്നാല്‍ ഇവിടെ ഒരു പാര്‍ട്ടിക്കും രക്ഷയില്ല’എന്നാണ് ദിവാകരന്റെ അഭിപ്രായം. രവിയും സംഘവും ഹോങ്കോംഗ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്നതിന്റെ വിശദമായ ദൃശ്യങ്ങളാണ് ചിത്രത്തിന്റെ ആദ്യപകുതിയില്‍. ‘സ്വര്‍ഗവാതില്‍ തുറന്നുതന്നു, നിങ്ങള്‍ ഹോങ്കോംഗ് തെരുവുകളേ’ എന്ന് മതിമറക്കുന്നുണ്ട് ആ സഞ്ചാരികള്‍. ഭക്ഷണം പോലും കഴിക്കാതെ കൂടുതല്‍ സമയം ജോലി ചെയ്ത് സമരം നടത്തുന്ന രീതിയാണ് ജപ്പാനിലേത് എന്ന് അവിടത്തെ ഒരു മലയാളി അവരോടു പറയുന്നു. ഹിരോഷിമയുടെ കെടുതികളില്‍നിന്ന് അധ്വാനശീലവും അച്ചടക്കവുമുള്ളകൊണ്ടാണ് ജപ്പാന്‍ ജനത മുക്തരായത് എന്ന് പ്രവാസിമലയാളി (ബാലന്‍ കെ. നായര്‍) പറയുന്നുണ്ട്. ജപ്പാനിലെ റോഡരുകില്‍ മൂത്രമൊഴിക്കുന്ന ടി.ജി. രവിയുടെ കഥാപാത്രത്തെ പൊലീസ് പിടിക്കുന്നതിന്റെ വിവരണത്തിലൂടെ സിഗരറ്റുകുറ്റിയും കടലാസു കഷണങ്ങളും റോഡിലിടാത്ത വികസിത മുതലാളിത്തത്തിന്റെ ശുചിത്വപാഠങ്ങള്‍ അനുശീലിക്കാത്തതിന്റെ പേരില്‍ മലയാളിയെ ചിത്രം കുറ്റപ്പെടുത്തുന്നു. കക്ഷിരാഷ്ട്രീയമാണ് വികസനമുരടിപ്പ് ഉള്‍പ്പെടെ എല്ലാ അപഭ്രംശങ്ങള്‍ക്കും കാരണമെന്ന കേവലയുക്തിയില്‍ അധിഷ്ഠിതമായ വലതുപക്ഷ അരാഷ്ട്രീയവാദമാണ് ടി.ദാമോദരന്‍ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

പല ചിത്രങ്ങളിലും ട്രേഡ് യൂനിയന്‍ നേതാക്കള്‍ ഒരേ ചോദ്യമാണ് നേരിടേണ്ടിവരുന്നത്. ‘അടിമകള്‍ ഉടമകള്‍’ എന്ന ചിത്രത്തില്‍ ‘പണിമുടക്കിച്ച് വ്യവസായശാലകള്‍ അടപ്പിച്ചതല്ലാതെ ഒന്നെങ്കിലും നിങ്ങള്‍ തുറപ്പിച്ചിട്ടുണ്ടോ” എന്ന് മോഹന്‍ ചെറിയാന്‍( മോഹന്‍ലാല്‍ ) ധാര്‍മികരോഷം കൊള്ളുന്നു.

‘ഇനിയെങ്കിലും’ എന്ന ചിത്രത്തില്‍ ‘ആരെങ്കിലും ഒരു ഫാക്ടറി തുടങ്ങിയാല്‍ അതു പൂട്ടാനല്ലാതെ തുറപ്പിക്കാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ” എന്ന് യൂനിയന്‍ നേതാവിനോട് (പറവൂര്‍ ഭരതന്‍) തൊഴിലാളി (അടൂര്‍ ഭാസി) ചോദിക്കുന്നുണ്ട്.

“വരവേല്‍പ്പി’ല്‍ ഒരാള്‍ക്കെങ്കിലും ജോലി കൊടുപ്പിക്കാന്‍ തന്നെക്കൊണ്ടു സാധിച്ചിട്ടുണ്ടോ എന്ന് യൂനിയന്‍ നേതാവിനോട് (മുരളി)ലേബര്‍ ഓഫീസര്‍ (തിലകന്‍) ചോദിക്കുന്നു. ‘തൊഴിലാളികളുടെ ചോര കുടിച്ചുവളര്‍ന്ന അട്ടയാണു നീ’ എന്ന് ട്രേഡ് യൂനിയന്‍ നേതാവിനെ(മുരളി) അധിക്ഷേപിക്കുന്നുണ്ട് ചിത്രത്തിലെ നായകനായ ബസ് ഉടമ (മോഹന്‍ലാല്‍).

(മുഖ്യ ധാരാ മാര്‍ക്സിസത്തിന്റെ ആവിഷ്കാരം മുഖ്യധാരാ സിനിമയില്‍ എന്ന ദീര്‍ഘ പഠനത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണം. ചുവന്ന താരങ്ങളും രക്ത നക്ഷത്രങ്ങളും എന്ന പേരിട്ട ആമുഖ ലേഖനത്തിന്റെ മൂന്നാം ഭാഗമാണിത്. മറ്റ് രണ്ട് ഭാഗങ്ങള്‍ നേരത്തെ നാലാമിടം പ്രസിദ്ധീകരിച്ചു)

ഒന്നാം ഭാഗം

ചുവന്ന താരങ്ങളും രക്തനക്ഷത്രങ്ങളും

രണ്ടാം ഭാഗം

പുന്നപ്ര വയലാറും മാദക മേനിയും തമ്മിലെന്ത്

One thought on “വാജ്പേയിയും വരവേല്‍പ്പിലെ മോഹന്‍ലാലും

  1. ഭ്രാന്തു പിടിച്ച സമൂഹവും ഭ്രാന്തില്ലാത്ത ഒരു മനുഷ്യനും തമ്മിലുള്ള തെളിവിന്‍റെ പോരാട്ടങ്ങള്‍ ഇടതു പക്ഷ പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഉടനീളം കാണാം …
    ” കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവാത്ത, ക്യൂബ മുകുന്ദന്‍ (ശ്രീനിവാസന്‍) എന്ന ആദര്‍ശശാലിയായ പരമ്പരാഗത കമ്യൂണിസ്റ്റിനെ അപഹാസ്യനായി അവതരിപ്പിക്കുന്നുണ്ട്.”
    ഇത്തരം സത്യങ്ങളെ തുറന്നു കാട്ടുന്നതിലൂടെ ഈ ലേഖനം മികച്ച പഠനത്തെ വെളിവാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *