ഈ കുറിപ്പ് മലയാളികളെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാകുന്നു

പെണ്‍മ. ഇത് പെണ്ണനുഭവങ്ങളുടെ പംക്തി. ആനന്ദം, ഓര്‍മ്മ, നര്‍മ്മം, ദേശം, സ്വപ്നം, വിഷാദം, ലിംഗനീതി എന്നിങ്ങനെ പെണ്ണിനു മാത്രം ആവിഷ്കരിക്കാനാവുന്ന എന്തും ഇതിലെഴുതാം. നിങ്ങളുടെ കുറിപ്പുകള്‍ editor@nalamidam.com എന്ന വിലാസത്തിൽ അയക്കുക

കേരളത്തില്‍ പല ഇടങ്ങളിലായി,പലപ്പോഴും റെസ്റ്റോറന്റില്‍ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കേണ്ടി വന്നിട്ടുള്ള, മുപ്പതു വയസ്സില്‍ താഴെ പ്രായമുള്ള , ഞണ്ടുകളെ പോലെ മേലാകെ ഇഴഞ്ഞു കയറുന്ന നോട്ടങ്ങളെ കുറിച്ച് ബോധവതിയായ ,ഒരു സ്ത്രീയുടെ നേരനുഭവങ്ങളുടെ കണക്കെടുപ്പ്-യാമിനി ജേക്കബ് എഴുതുന്നു

ഉച്ച നേരമായത് കൊണ്ടും മെഡിക്കല്‍ കോളേജിന് എതിര്‍ വശത്തുള്ള റെസ്റ്റോറന്റ് ആയതു കൊണ്ടും അകത്തേക്ക് കയറുമ്പോള്‍ നല്ല തിരക്കായിരുന്നു.വെയിലില്‍ നിന്ന് കയറിയത് കൊണ്ട് കുറച്ചു സമയമെടുത്തു, അകത്തെ കാഴ്ചകളുമായി പൊരുത്തപ്പെടാന്‍ .ഇരിക്കാനൊരിടം തേടുമ്പോള്‍ ഫാമിലി റൂമിന്റെ കാര്യം ഓര്‍ത്തില്ല-സുഹൃത്തുക്കള്‍ക്ക് ഒപ്പം ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ അവര്‍ ഞങ്ങളെ നയിക്കാറുള്ളത്കണിശമായും ഫാമിലി റൂമിന്റെ അടച്ചുറപ്പിലെക്കാണല്ലോ എന്നു ഇപ്പോള്‍(ഏറെ നാളുകള്‍ക്കു ശേഷം) ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു.

ഒട്ടു മിക്ക മേശകളും ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.അപരിചിതരുടെ ഇടയിലേക്ക് ഇടിച്ചു കയറാനുള്ള വൈക്ലബ്യത്തോടെ സീറ്റിനായി പരതുമ്പോഴാണ് ആ സീറ്റ്-ഒരു അമ്മയും മകളെന്നു തോന്നിക്കുന്ന പെണ്‍കുട്ടിയും ഒരു ഭാഗത്തും മറു ഭാഗം ഒഴിഞ്ഞതുമായ സീറ്റ്-എന്‍റെ ശ്രദ്ധയില്‍ പെടുന്നത്. അന്പതിനോടടുത്തു പ്രായമുള്ള, അധ്യാപികയെന്നു തോന്നിപ്പിക്കുന്ന ആ സ്ത്രീ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവരുടെ അനുവാദത്തോടെ എതിരെ ഇരിപ്പുറപ്പിക്കുമ്പോഴും ഊണിനു പറയുമ്പോഴും ആ മാഡം എന്നെ തന്നെ ശ്രദ്ധിക്കുകയാണെന്ന്, എന്തോ പറയാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു-കണ്ണുകള്‍ എന്‍റെ മുഖത്ത് തന്നെ.

എനിക്ക് മുന്‍പരിചയം തോന്നിയതുമില്ല. ഊണ് മതിയാക്കി ഇനിയും കഴിച്ചു തീരാത്ത മകള്‍ക്കായി കാത്തിരിക്കുകയായിരുന്നവര്‍..ഭക്ഷണം വരാന്‍ വൈകുന്നത് കൊണ്ട് സ്ഥിരം റെസ്റ്റോറന്റ് നമ്പര്‍ ആയ മൊബൈല്‍ ഫോണ്‍ സംഭാഷണം തുടങ്ങാന്‍ വട്ടം കൂട്ടുമ്പോഴാണ്, മാഡം എന്നോട് ഓര്‍ക്കാപ്പുറത്ത് ചോദിച്ചത്- “വര്‍ക്ക്‌ ചെയ്യുവാണോ?”.
അല്ല, ഗവേഷണം ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷമായെന്നു തോന്നുന്നു. സ്വയം പരിചയപ്പെടുത്തി പറഞ്ഞു,”ഞാന്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ആയി കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ചെയ്തു. ഇത് ഇളയ മകള്‍ ആണ്. മകളുടെ ബി.എസ്‌ സി പ്രവേശന ഇന്റര്‍വ്യൂ കഴിഞ്ഞു വരുന്ന വരവാണ്. ഷുഗര്‍ ഉള്ളത് കൊണ്ട് ഭക്ഷണം കഴിക്കാതെ മുന്നോട്ടു പോകാനാകാത്തത് കൊണ്ട് ഇടയ്ക്കു ഇവിടെ ഇറങ്ങിയതാണ്”.
അധ്യാപിക എന്ന എന്‍റെ ഊഹം തെറ്റിയില്ലല്ലോ എന്നു ഞാനോര്‍ത്തു.
എന്‍റെ പേരും നാടും ഹോസ്റ്റല്‍ കാര്യങ്ങളുമൊക്കെ അന്വേഷിച്ചപ്പോള്‍ പതിവിനു വിപരീതമായി സത്യസന്ധമായ വിവരങ്ങളാണ് ഞാന്‍ നല്‍കിയത്-സാധാരണ അപരിചിതരില്‍ നിന്ന് ശരിയായ വിവരങ്ങള്‍ മറച്ചു വയ്ക്കുകയാണ് പതിവ്-പിന്നീട് കോടാലി ആകാതിരിക്കാന്‍.

“അമ്മേ, കൈ കഴുകാം” എന്നു പറഞ്ഞു മകള്‍ തിരക്ക് കൂട്ടിയപ്പോള്‍ “നീ പോയി കഴുകിയിട്ട് അമ്മ കഴുകാം എന്നു പറഞ്ഞു മകളെ കൈ കഴുകാനയച്ചു അവര്‍ ഒന്ന് കൂടി മുന്നോട്ടാഞ്ഞിരുന്നു. “കുട്ടിയെ ഒന്ന് അഭിനന്ദിക്കാനാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയതെന്നവര്‍ആമുഖമായി പറഞ്ഞപ്പോള്‍,അതിനും മാത്രം ഞാനെന്തു ധീര കൃത്യമാണ്ചെയ്തതെന്നാലോചിച്ചു പോയി. എന്‍റെ പുരികം ചോദ്യ ഭാവത്തില്‍ ഉയരുന്നത് കണ്ടാവാം ബാക്കിയും ടീച്ചര്‍ തന്നെ പൂരിപ്പിച്ചത്.
ഞങ്ങളുടെയൊക്കെ ഈ പ്രായത്തില്‍ പഠിത്തവും ജോലിയും തിരക്കുകളുമായി ഓടി നടക്കുമ്പോള്‍ വിശന്നാല്‍ പോലും ഇത് പോലെ തനിച്ചു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കില്ലായിരുന്നു.
അത് കൊണ്ടെന്താ,വിശന്നു വിശന്നു നേരം തെറ്റി കഴിക്കുമ്പോള്‍ വല്ലാതെ അങ്ങ് കഴിച്ചു കളയും. ഒരു പക്ഷെ അങ്ങനെ ഒക്കെയാവാം ഷുഗറിന്റെ അസുഖമൊക്കെ തുടങ്ങിയത്. കുറച്ചു ആണെങ്കിലും സമയത്തിന് ആഹാരം കഴിച്ചാല്‍ പല രോഗങ്ങളെയും ഒരു പരിധി വരെയും തടയാനാകും എന്നാണ് എനിക്കിപ്പം തോന്നുന്നത്. കുട്ടി സീറ്റ്‌ തിരയുമ്പോള്‍ ഞാന്‍ മോളോട് പറയുകയായിരുന്നു ,തനിച്ചു കയറി ഭക്ഷണം കഴിക്കാന്‍ കാണിച്ച ധൈര്യത്തെ കുറിച്ച്. കീപ്‌ ഇറ്റ്‌ അപ്പ്‌” എന്നു പറഞ്ഞു തീരുമ്പോഴേക്കും മകള്‍ കൈ കഴുകി എത്തിയിരുന്നു.

മനസ്സ്സുണ്ടായിട്ടല്ല, ഗതികേട് കൊണ്ടാണെന്ന്. ലാബിലേക്കുള്ള പലവക സാധനങ്ങള്‍ തേടി രാവിലെ മുതലുള്ള നടപ്പിനിടയില്‍ ഒരടി കൂടി മുന്നോട്ടു വെക്കാനാകാതെ വന്നപ്പോള്‍ കഴിക്കാന്‍ കയറിയതാണെന്ന്, ഇനിയും വൈകുന്നേരം വരെ ഒരു പാട് സ്ഥലങ്ങളില്‍ പോകാനുള്ളത് ആണെന്ന് ടീച്ചര്‍ അറിയുന്നില്ലല്ലോ.

ടീച്ചര്‍ക്ക്‌ അങ്ങനെ പറയാം. കാരണം യൂനിവേഴ്സിറ്റി ഓഫീസിനു മുന്‍പില്‍ വൈകുന്നേരം ബസ് കത്ത് നില്‍ക്കുന്നതിനിടയില്‍ , തട്ട് കടക്കാരന്റെ കയ്യില്‍ നിന്ന് കഷ്ട കാലത്തിനു ഒരു ചായ വാങ്ങി കുടിച്ചു കുറെ അധികം ആണുങ്ങളുടെ ഇടയില്‍ നിന്നപ്പോള്‍ ,അന്യ ഗ്രഹ ജീവിയെ കാണുന്നത് പോലെ എന്നെ അവര്‍ ഒളി കണ്ണിട്ടു നോക്കുന്നത് ടീച്ചര്‍ കണ്ടിട്ടില്ലല്ലോ!

ഇടിയും മഴയും ഇരുട്ടും ഓടിയടുത്ത ഒരു സായാഹ്നത്തില്‍, തല പൊട്ടി പൊളിയുന്ന തല വേദനയുമായി, ഒരു കാപ്പി കുടിക്കാനായി കോഫീ ഹൌസില്‍ ഒരു കൂട്ടം ആണ്‍ ശിങ്കങ്ങളുടെ അടുത്ത ടേബിളില്‍ ടീച്ചര്‍ ഒരിക്കലും ഒറ്റയ്ക്ക് എത്തിപ്പെട്ടിട്ടുണ്ടാവില്ല. എന്തിനധികം, നാല് ടേബിളിനപ്പുറം നിലയുറപ്പിച്ചു, പത്രം വായിക്കുകയാണെന്ന വ്യാജേന ,എതിരെയുള്ള സ്ത്രീ രൂപം മനോമുകുരത്തില്‍ പതിപ്പിച്ചു ഉറപ്പിക്കുന്ന
50കാരനും മോശമായിരുന്നില്ല, നിരീക്ഷണത്തില്‍. ഒരു തരത്തില്‍ കാപ്പി കുടിച്ചെന്നു വരുത്തി,അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതിന്റെ ]അസുഖകരമായ ഓര്‍മ ഇപ്പോഴും തികട്ടി വരാറുണ്ട്.

അല്ലെങ്കില്‍ ടീച്ചര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തിയേറ്ററില്‍ അച്ഛനും മകനുമിടയിലുള്ള സീറ്റുകളില്‍ അമ്മയെയും പെണ്‍മക്കളെയും സുരക്ഷിതരാക്കുന്ന-ഹോട്ടലുകളില്‍ ഭിത്തിയരികിലുള്ള സീറ്റ്‌ ഭാര്യക്കും മകള്‍ക്കും നല്‍കി, മറ്റാളുകള്‍ തൊട്ടുരുമ്മി കടന്നു പോകുന്ന വഴിയരികിലെ സീറ്റ്‌ സ്വീകരിക്കുന്ന കുടുംബ നാഥന്‍മാരുള്ള -പിതാ രക്ഷതി കൌമാരേ, ഭര്‍ത്താ രക്ഷതി യൌവനേ ലൈന്‍ പിന്തുടരുന്ന -നമ്മുടെ നാട്ടിലെ ആഭിജാത ഗ്രൂപ്പുകളെ.

ടീച്ചര്‍ക്ക്‌ അറിയുമെന്ന് തോന്നുന്നു, വിശന്നു കണ്ണ് കാണാതായാലും നമ്മുടെ പെണ്‍കുട്ടികള്‍ ഒരു കൂട്ടെങ്കിലും തേടാതെ ഭക്ഷണം കഴിക്കാന്‍ മുതിരാറില്ല എന്നുള്ളത്.അതിന് ആളെ കിട്ടിയില്ലെങ്കില്‍ വിശന്നിരിക്കുന്നത്.

പിന്നീടാ അമ്മയും മകളും യാത്ര പറഞ്ഞു പിരിഞ്ഞതിനു ശേഷം ഊണ് പൂര്‍ത്തിയാകുമ്പോള്‍,ഉള്ളത് ഉള്ളത് പോലെ പറഞ്ഞു അഭിനന്ദിക്കാന്‍ അവര്‍ കാണിച്ച മനസ്സിന്റെ വലുപ്പത്തെ കുറിച്ച് ആലോചിക്കുകയായിരുന്നു ഞാന്‍…

NB. ഈ കുറിപ്പ് മലയാളികളെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാകുന്നു…

7 thoughts on “ഈ കുറിപ്പ് മലയാളികളെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാകുന്നു

 1. Good Read,

  ഞങ്ങളുടെയൊക്കെ ഈ പ്രായത്തില്‍ പഠിത്തവും ജോലിയും തിരക്കുകളുമായി ഓടി നടക്കുമ്പോള്‍ വിശന്നാല്‍ പോലും ഇത് പോലെ തനിച്ചു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കില്ലായിരുന്നു

  Pondering on how the mother is going to bring up her daughter ..another lady of the same kind or as a self confident ,courageous human. ??
  On the contrary , those endorse this also should understand , the malyalee males are not dropped down from the skies or came drowning along with any floods ,rather were born an brought up the kerala women and also acquiring all his traits of social -poltical relationships from this society .
  Needless to say , charity begins at home and henceforth a person would be ,what he imbibes from his polity ,and that being too male-dominated (chauvinstic), these issues shall prevail.
  Unless the basic framework on which the social relationships are build up is disrupted , these kind of experiences would only invite sympathy though disappointing.

 2. സത്യസന്ധമായ അനുഭവസാക്ഷ്യം.. ശരിക്കും ഇത് മലയാളികളെ മാത്രം ഉദ്ദേശിച്ചു തന്നെ. 🙂

 3. എല്ലാ വൈകുന്നെരങ്ങളിലം ജോലിക്കുശേഷം ഒരു ചായക്കടയില്‍ കയറി സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കൊപ്പം ചായകുടിക്കുന്ന, തുരിച്ചുനോട്ടങ്ങളെ തലയുയര്‍ത്തി കണ്ണുരുട്ടി പ്രതിരോധിക്കുന്ന, ആവശ്യമുള്ളിടതെല്ലാം ശബ്ദമുയര്‍ത്തി സംസാരിക്കുന്ന, ബസില്‍ തിരക്കിക്കയറി സീറ്റ്‌ പിടിക്കുന്ന, സീറ്റ് കിട്ടിയില്ലെങ്ങില്‍ കമ്പിയില്‍ തൂങ്ങി കഷ്ട്ടപ്പെടാതെ നിലത്തിരിക്കുന്ന പ്രിയപ്പെട്ട തമിള്‍ സഹോദരിമാരില്‍നിന്നും നമ്മുടെ ‘ലജ്ജാവതി’ പെണ്‍കുട്ടികള്‍ പലതും പഠിക്കാനുണ്ടെന്നു തോന്നുന്നു.

  • ഈ തമിഴ് സഹോദരികളുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്. പണ്ടൊരിക്കല്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിനു അടുത്ത് വെച്ച് കുറച്ചു ആണ്‍സിംഗങ്ങളെ കമന്റടിച്ചു പേടിപ്പിച്ചു കൊണ്ടിരുന്ന കുറച്ചു പെണ്‍കുട്ടികളെ കാണാന്‍ ഇടയായി. ആദ്യം കരുതിയത്‌ അവര്‍ തമിഴ് ആയിരിക്കും എന്നാണ്. ഒന്ന് കൂടി അടുത്ത് നിരീക്ഷിച്ചപ്പോഴാനു മനസ്സിലായത്‌ – നല്ലൊന്നാന്തരം മലയാളി മങ്കമാര്‍ . മലയാളികള്‍ അത്ര ലജ്ജാവതികള്‍ ഒന്നുമല്ലാ.
   (എന്ത് കൊണ്ട് സ്ത്രീകള്‍ കണ്ണ് കൊണ്ട് ബലാല്‍സംഗം ചെയ്യപ്പെടുന്നു ഈ നാട്ടില്‍ എന്നതിലേക്ക് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തെണ്ടിയിരിക്കുന്നു. ഒരു മാതിരി ‘പെണ്ണിനെ കാണാത്ത പോലെ’ നോക്കുന്നത് പെണ്ണിനെ കാണാത്തത് കൊണ്ട് തന്നെയാണോ ?)

 4. കൃത്യമായ സത്യം, കേരളമെന്നാണൊ ഒരു നേര്‍ക്കാഴ്ചയ്ക്കു പ്രാപ്തമാകുക? ബസില്‍ , റോഡില്‍ , ഹോട്ടലില്‍ , എവിടെയായാലും ഈ വൃത്തികെട്ട ശീലത്തിന്റെ അവതരണമുണ്ടാകും, നാടു വിട്ട് ഒരുപാടുകാലമായ്തുകൊണ്ട് അതൊന്നും ഇപ്പോള്‍ നിത്യജീവിതത്തിന്റെ ഭാഗമാകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *