ആരവിടെ, നിത്യാ മേനോനും മാനേജരോ, വിലക്കവളെ!!!

മീശവെച്ച, കീശക്കു കനമുള്ള, തങ്ങള്‍ക്കു മുന്നില്‍ ഒരു പെണ്ണ് തലയുയര്‍ത്തി നിന്നതിന്റെ ആണ്‍ ചൊരുക്കു മാത്രമാണീ വിലക്കും വിവാദവും. തങ്ങളുടെ സൌകര്യത്തിന് ഡേറ്റ് ദാനം ചെയ്യുകയും പിന്നീട് മറിച്ചു വില്‍ക്കുകയും ചെയ്യുന്ന താരങ്ങളോട് മറുവാക്ക് ഉരിയാടാന്‍ ഇവരില്‍ എത്ര മുതലാളിമാര്‍ക്ക് നട്ടെല്ലുണ്ടാവും-പി.ടി രവിശങ്കര്‍ ചോദിക്കുന്നു

1947ല്‍ ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടി എന്നത് വെറും സാങ്കല്‍പ്പികം മാത്രമാണ്. അതിനുശേഷം, വ്യക്തിയുടെ അവകാശവും കടമകളും നിര്‍വചിച്ച് അംബേദ്കറാദികള്‍ വട്ടം ചേര്‍ന്നുണ്ടാക്കിയ ഭരണഘടന വെറുമൊരു നോക്കുകുത്തിയും. ജര്‍മനിയില്‍നിന്ന് ഹിറ്റ്ലറും ഇറ്റലിയില്‍നിന്ന് മുസോളിനിയും റഷ്യയില്‍നിന്നു സ്റ്റാലിനും നേരിട്ട് വന്ന് കാര്യങ്ങള്‍ നടത്തുന്നതു പോലെയുള്ള ചുറ്റുപാടാണ് ഇന്ന് ഇന്നാട്ടിലുള്ളത്.
പൊട്ടക്കിണറ്റിലെ പുളവന്‍മാര്‍ കിംഗ്കോബ്രകളായി മാറുന്ന തരത്തില്‍ മുക്കിലും മൂലയിലും ചില ചൊറിച്ചു പൊങ്ങലുകളും റ്റു ജിയും ത്രീ ജിയും തിഹാറും അരങ്ങു വാഴുന്ന നാടിന്റെ ഇങ്ങ് തെക്കേ മൂലയിലും അരങ്ങേറി ചില തിണ്ണമിടുക്ക് കളിയാട്ടങ്ങള്‍. പക്ഷേ, രാഷ്ട്രീയത്തിലല്ല. ഇത്തിരിയകലെ സിനിമാ ഭൂമിയിലാണെന്നു മാത്രം.

സംഗതി നിത്യാ മേനോനെ വിലക്കിയതാണ്. അതും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. എന്തിന്?
അതാര്‍ക്കും പിടിയില്ല. ചാനലുകളുടെ മൂലകളില്‍ ചിലര്‍ വട്ടം കൂടി അതുമിതും പറയും. അത്ര തന്നെ. എങ്കിലും മഞ്ഞുമലയുടെ താഴോട്ട് ഇനിയും ഒരു പാട് വെളിപ്പെടാനുണ്ട്. നമുക്കൊന്ന് മുങ്ങിനോക്കാം.

ചാനലുകളുടെ സന്ധ്യാ വാര്‍ത്തകള്‍ പറഞ്ഞതു പ്രകാരം കാര്യങ്ങള്‍ ഏതാണ്ടിതുപോലെയാണ്. ടി.കെ രാജീവ് കുമാറിന്റെ പുതിയ ചിത്രത്തില്‍ നിത്യാമേനോനാണ് നായിക. അതിന്റെ ലൊക്കേഷനിലേക്ക് നിത്യയെ കാണാനായി ഒരു പറ്റം നിര്‍മാതാക്കള്‍ കയറി വരുന്നു. ആ പറ്റത്തില്‍ അസോസിയേഷന്‍ തലൈെവന്‍മാരായ സുരേഷ് കുമാറും സാബു ചെറിയാനും ഉണ്ടായിരുന്നു. ആഗമനോദ്ദേശ്യം നിത്യയെക്കണ്ട് സുരേഷിന്റെ പടത്തില്‍ ഒരു ഡേറ്റ് വാങ്ങുക. കൊല കൊമ്പന്‍മാര്‍ കടന്നു വരുമ്പോള്‍ താലപ്പൊലിയേന്താനും അരിയെറിയാനും ആളുവേണം. അതുണ്ടായില്ല. ആരതി ഉഴിയാന്‍ നിത്യ തന്നെ വരുമെന്നും വരണമെന്നും അവരാശിച്ചു. അതുമുണ്ടായില്ല.

നിര്‍മാതാക്കള്‍ വിഷണ്ണരായി. ഇതൊന്നും ഇല്ലെന്നു മാത്രമല്ല, അവരെയൊന്നു കാണാന്‍ നിത്യ സമ്മതിച്ചുമില്ല. താനിപ്പോള്‍ തിരക്കിലാണെന്നും ഡേറ്റോ മറ്റോ വേണമെങ്കില്‍ തന്റെ മാനേജരോട് ചോദിച്ചാല്‍ മതിയെന്നും അവര്‍ പറഞ്ഞുപോയി. അപമാനിതരായി കളം വിട്ട നിര്‍മാതാക്കള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബില്‍ ഒത്തു കൂടി കലാ പരിപാടി തുടങ്ങി. നടി വിലക്ക് നാടകം. അതിന്റെ അടിയന്തിര പ്രമേയം വന്നു. അതില്‍ നിത്യക്ക് വിലക്ക്!. എന്നിട്ടും അരിശം തീരാതവര്‍ വിലക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും ആന്ധ്രാപ്രദേശിലേക്കും കൊടുത്തു വിട്ടു.

സുഹൃത്തുക്കളെ, അലങ്കരപ്പണികളോടെ മുകളില്‍ പറഞ്ഞതെല്ലാം നാമെല്ലാം കേട്ട്-കണ്ട് അറിഞ്ഞ കാര്യങ്ങളാണ്. നമുക്കതിന്റെ നൈതികതയിലേക്കു വരാം.
കാലകാലങ്ങളായി പണം മുടക്കുന്നവനാണ് മുതലാളി. ഒറ്റക്കൊറ്റക്ക് സംഘടനയാകയാല്‍ അവര്‍ക്ക് അതിന്റെ ആവശ്യമേയില്ല. എന്നാല്‍, സംഘടന ഉള്ളവര്‍ വേറെയുണ്ട്. തൊഴിലാളികള്‍. മുതലാളിമാരുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയാണ് അവരുടെ സംഘം ചേരല്‍. എന്നാല്‍,കളം സിനിമയാവുമ്പോള്‍ കാര്യം ഇതു പോരല്ലോ. അവിടെ പണം മുടക്കുന്ന മുതലാളിമാര്‍ക്കുമുണ്ട് സംഘടന. ജനാധിപത്യ രാജ്യമാവുമ്പോള്‍ ഇതെല്ലാം സാധാരണവുമാണ്.

നിത്യാമേനാന്‍ വിഷയത്തില്‍ നമ്മുടെ മുതലാളി സംഘടന ഉന്നയിച്ച പ്രഥമ പ്രധാന ആരോപണം ഇതാണ്: അവള്‍, ആ ഇന്നലെ വന്ന പെങ്കൊച്ച് മാനേജരെ വെച്ചു. നടീനടന്‍മാര്‍ക്കായി പാവം മുതലാളിമാര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനം. മൂന്ന് വര്‍ഷം മുമ്പു പല വട്ടം പറഞ്ഞതാണ് മാനേജര്‍മാരെ വെക്കരുതെന്ന്. പ്രത്യേകിച്ച് നടിമാര്‍. എന്തെന്നാല്‍, മാനേജര്‍ മൂരാച്ചികള്‍ ചില നേരങ്ങളില്‍ ഇടനിലക്കാരാവും വിഷം കയറുമ്പോള്‍ അവമ്മാര് കമീഷന്‍ അടിക്കും.

ആരോപണം നമ്പര്‍ റ്റു. നിത്യാ മേനോന്‍ ധാര്‍ഷ്ഠ്യപൂര്‍വം പെരുമാറി. പണമെറിയുന്നവര്‍ വന്നപ്പോള്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കേണ്ടതല്ലേ. അതും അവര്‍ വന്നിട്ട് ചുരുങ്ങിയ കാലമേ ആയിട്ടുള്ളൂ. തൂക്കിക്കൊല്ലാനുള്ള ശിക്ഷക്ക് ഇതു മാത്രം മതി!
എങ്കിലും സാറമ്മാരേ, ഈ സ്വാഭിമാനം എന്നതിന്റെ പര്യായമാണോ ഈ ധാര്‍ഷ്ഠ്യം?

അമ്മയുടെ കാരണവര്‍ ഇന്നസെന്റ് പറയുന്നു, താരങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അമ്മ എന്ന സംഘടനയെന്ന്. അതോടൊപ്പം, സ്വല്‍പ്പം സ്വരം താഴ്ത്തി ഇതു കൂടി പറഞ്ഞു, അദ്ദേഹം. ഈ നിര്‍മാതാക്കളില്ലേ, അവരില്‍ പലരും നമമുടെ അടുത്ത ചങ്ങായിമാരാണ്. ചൂടു കൂടാന്‍ വേറെയുമുണ്ട് കാരണം. പണ്ട് പണ്ട് ഇദ്ദേഹവും ഒരു ഒരു നിര്‍മാതാവ് ആയിരുന്നല്ലോ.
ചാനല്‍ ചര്‍ച്ചകളില്‍ കടന്നു വന്ന നിര്‍മാതാക്കളുടെ പ്രതിനിധി കല്ലിയൂര്‍ ശശി പറയുന്നത് സാക്ഷാല്‍ ഫിലോസഫിയാണ്. വിലക്കോ, അത് വെറും സങ്കല്‍പ്പമല്ലേ. ഉണ്ടെന്ന് പറയുന്നവര്‍ അങ്ങനെയും അല്ലാത്തവര്‍ അങ്ങനെയും കരുതുന്ന ഒരു ഗംഭീര സങ്കല്‍പ്പം. ഇപ്പറഞ്ഞ വിലക്കിനെ കുറിച്ച് തങ്ങള്‍ ചിന്തിച്ചിട്ടു പോലുമില്ലെന്നും അദ്ദേഹം സത്യം ചെയ്തു.
എല്ലാ വാദങ്ങള്‍ക്കും ശേഷം അദ്ദേഹം ആവര്‍ത്തിച്ചൊരു വാചകമുണ്ട്. അതിലാണ് സത്യത്തില്‍ കാര്യമിരിക്കുന്നത്. നിത്യ അഹങ്കാരിയാണ്!
അടിപൊളി ന്യായം! ന്യായമായാല്‍ ഇങ്ങനെ വേണം.

അല്ല, സര്‍, അഹങ്കാരം മാറ്റുന്നതിന് ട്യൂഷന്‍ കൊടുക്കാനാണോ ഈ പ്രൊഡ്യൂസേഴസ് അസോസിയേഷന്‍ തല്ലിക്കൂട്ടിയത്. അഹങ്കാരികളുശട കണക്കെടുക്കാന്‍ ആരാണ് നിങ്ങളെ ഏര്‍പ്പാടാക്കിയത്. പണക്കൊഴുപ്പിന്റെ ഇംഗിതങ്ങള്‍ക്കുമുന്നില്‍ ഏറാന്‍ മൂളി നില്‍ക്കാതെ നിവര്‍ന്നത് നിന്നത് എങ്ങനെയാണ് സര്‍ ധാര്‍ഷ്ഠ്യമാവുക. ഇതിന് ധൈര്യമെന്നാണ് സാധാരണ പറയാറ്. വെളളിത്തിരയിലും വെളിയിലും. അത് പഠിക്കാന്‍ പക്ഷേ, ഈ ട്യൂഷന്‍ ഒന്നും മതിയാവില്ല.
ചാനല്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. അതില്‍ നിത്യ പറയുന്നു, ദിനേന നിരവധി ഫോണ്‍ കാളുകള്‍ വരുന്ന തനിക്ക് എല്ലാം സ്വീകരിക്കാന്‍ സാധിച്ചെന്നു വരില്ല. ഡേറ്റുകളും ഓര്‍ത്തുവെക്കാന്‍ കഴിയില്ല. അതു കൊണ്ടാണ് ഒരു മാനേജരെ വെക്കുന്നത്. മറ്റെല്ലാ കാര്യങ്ങളും നോക്കി നടന്നാല്‍ അഭിനയത്തില്‍ ശ്രദ്ധിക്കാന്‍ പറ്റില്ല. അഭിനയമല്ലേ എന്റെ തൊഴില്‍.

ചോറു തിന്നുന്ന ഏതൊരുവനും ഇപ്പറഞ്ഞത് ന്യായമാണെന്ന് മനസ്സിലാവും. എന്നിടം പ്രൊഡ്യൂസര്‍ അസോസിയേഷന് ഇക്കാര്യം മനസിലായില്ല. അതിന് കാരണം വേറെയാണ്.മാടമ്പി മനോഭാവും മാഫിയ കളികളും മലയാള സിനിമാ ലോകത്തിന്റ പട്ടടക്കു മുകളില്‍ കിടന്ന് നൃത്തം ചെയ്യുകയാണ്.
കുറച്ചു കാലങ്ങള്‍ക്കു മുമ്പ് ശരണ്യാ മോഹന്‍ എന്ന നടിക്കെതിരെ മുതലാളിമാര്‍ ഇതുപോലൊരു വിലക്കുമായി ചെന്നിരുന്നു. മലയാള സിനിമ വിലക്കിയത് കാര്യമാക്കാതെ അന്യഭാഷകളിലേക്ക് പോയ നടിയെ പിന്തുടര്‍ന്ന് ചെന്ന് അവിടെയും വിലക്കിയ ശേഷമേ മലയാള മുതലാളിമാര്‍ക്ക് സമാധാനമായുള്ളൂ.
എന്നാല്‍, ഇത് നടിമാരുടെ കാര്യം. ആണുങ്ങള്‍ക്ക് നേരെ നിലപാട് വേറെയാണ്. സംശയമുണ്ടെങ്കില്‍ ജയരാജിന്റെയും ശ്രീനിവാസന്റെയും കാര്യം നോക്കുക. അവര്‍ക്കു നേരെയും കൊണ്ടുചെന്നു വിലക്ക്. എന്നിട്ടോ? പിന്നീടൊന്നും കേട്ടിട്ടേയില്ല. അവരും ചങ്ങാതിമാരാണല്ലോ.

ഒരു നിയമമായാല്‍ എല്ലാവരും അതില്‍ പെടണം സാര്‍. മാനേജര്‍മാരില്ലാത്ത എത്ര നടന്‍മാരുണ്ട് സിനിമാ ലോകത്ത്? ഡ്രൈവറായും മേക്കപ്പ്മാന്‍മാരായും വേഷപ്രച്ഛന്നരായി എത്ര പേരുണ്ട് ചുറ്റും. മീശവെച്ച, കീശക്കു കനമുള്ള, തങ്ങള്‍ക്കു മുന്നില്‍ ഒരു പെണ്ണ് തലയുയര്‍ത്തി നിന്നതിന്റെ ആണ്‍ ചൊരുക്കു മാത്രമാണീ വിലക്കും വിവാദവും. പുരുഷമേധാവിത്വവും ബൂര്‍ഷ്വാ നിലപാടുകളും വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന കാലമാണെങ്കിലും ഇപ്പോഴും വംശനാശപ്പെട്ടു കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ അവയെല്ലാം ഇപ്പോഴും സുഭിക്ഷവും സുലഭവുമാണ് . തങ്ങളുടെ സൌകര്യത്തിന് ഡേറ്റ് ദാനം ചെയ്യുകയും പിന്നീട് മറിച്ചു വില്‍ക്കുകയും ചെയ്യുന്ന താരങ്ങളോട് മറുവാക്ക് ഉരിയാടാന്‍ ഇവരില്‍ എത്ര മുതലാളിമാര്‍ക്ക് നട്ടെല്ലുണ്ടാവും?

അതിനിടെ, ചാനല്‍ ചര്‍ച്ചയില്‍ നിര്‍മാതാവ് കല്ലിയൂര്‍ ശശി ചോദിക്കുന്നത് കേട്ടു. ചിരി വന്നു.
മോഹന്‍ലാലിനും മമ്മൂട്ടിക്കും മാനേജര്‍മാരുണ്ടോ. പോട്ടെ, ഇത്ര അഹങ്കാരമുണ്ടോ.
കഷ്ടം!
ഉത്തരം എല്ലാവര്‍ക്കും അറിയാമെന്നു കരുതുന്നു!

12 thoughts on “ആരവിടെ, നിത്യാ മേനോനും മാനേജരോ, വിലക്കവളെ!!!

 1. Valare, valare prasakthamaaya kaaryangalaanu ravishankar parthibhaadhichirikunnathu. pakshe ithoru gender issue aayi thonnunilla, verum panakkozhuppum athinte perilulla maadambittharavum. ennal veroru kaaryam- ivar panakkozhuppengilum ullavaraanennu parayaam, pakshe nammude bharana adhikaara kendrangalil irikkunnavaro? nikuthidhaayakante sambalamvum vaangi, avante thanne kaiyyil ninnu picchakkaasu kaikkooliyum vaangi ennittum thalayil kayari nirangaan sramikkunna ivarekkuricchendhaanu parayendathu?

 2. സ്വന്തം ഇഷ്ടാനിഷ്ടങ്ങളും അഭിപ്രായ ഭിന്നതകളും ആര് തുറന്നു പ്രകടിപ്പിച്ചാലും അത് അഹങ്കാരം .. അതൊരു പെണ്ണായാല്‍.. മഹാ പാപം..!!
  പലയിടത്തും പറഞ്ഞു കേട്ടിട്ടുള്ള ഒരു വാചകം.. ” ഒരു പെണ്ണിനിത്ര അഹങ്കാരം പാടുണ്ടോ?”
  സുഹൈര്‍ പറഞ്ഞത് പോലെ …കഷ്ടം..!!

 3. ആത്മവിശ്വാസമുള്ള മുഖം മാത്രമല്ല, മനസ്സും കൈ മുതലായ പെണ്ണാണ് നിത്യ. മിടുക്കി !!!

 4. Sreejith on facebook: “ഇത് മലയാളികള്‍ സ്വതന്ത്രയായ ഒരു സ്ത്രീയെ എങ്ങനെ കാണുന്നു എന്നതിന്റെ പ്രശ്‌നം മാത്രമാണ്. മാനേജര്‍മാരുള്ള ഒരു പാട് ആര്‍ട്ടിസ്റ്റുകള്‍ മലയാള സിനിമയിലുണ്ട്. അവരോട് സംസാരിക്കാനോ ഡേറ്റിനെ കുറിച്ച് ചര്‍ച്ചചെയ്യാനോ നമ്മുടെ വാഴ്ത്തപ്പെട്ട ഒരു നിര്‍മ്മാതാവിനും ഒരു പ്രശ്‌നവുമുണ്ടാകില്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും മേക്കപ്മാന്റേയും ഡ്രൈവറുടേയും രൂപത്തില്‍ മാനേജര്‍മാരുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അഭിനയിച്ച …എത്ര സിനിമയുടെ കഥകള്‍ കാവ്യാമാധവനും ഭാവനയും മംമതമോഹന്‍ദാസും അടക്കമുള്ള നടിമാര്‍ കേട്ടിട്ടുണ്ട് ഒന്നുചോദിക്കേണ്ടതാണ്. എത്ര സിനിമയുടെ ഡേറ്റുകള്‍ അവര്‍ നിശ്ചയിച്ചിട്ടുണ്ടാകും? കാവ്യയുടേയും ഭാവനയുടേയും അച്ഛനോടോ മംമ്തയുടെ അമ്മയോടോ കഥ പറയുന്നത് ഇവടത്തെ ഒരു കൊമ്പത്തെ നിര്‍മ്മാതാവിനും പ്രശ്‌നമല്ല. ഇവരുടെ അച്ഛനോ അമ്മയോ സെറ്റില്‍ വരുന്നതും പ്രൊഡക്ഷന്‍ ചെലവിന്റെ ഭാഗമാകുന്നതും ഇവര്‍ക്ക് പ്രശ്‌നമില്ല. ഒരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് വിവിധ ഭാഷകളില്‍ അഭിനയിക്കുന്നതിടെ ഒരു മാനേജറെ വച്ച് ഡേറ്റുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം. ഇതിന് ഒറ്റക്കാരണമേ ഉള്ളൂ. ഇക്കൂട്ടരോടൊന്നും പ്രൊഫഷണല്‍ ബന്ധത്തിനപ്പുറം ചിരിക്കാന്‍ ഈ ആര്‍ട്ടിസ്റ്റ് പോയിക്കാണില്ല. തികച്ച ആണ്‍ലോകമായ സെറ്റുകളിലേയ്ക്ക് അച്ഛന്റേയോ അമ്മയുടേയോ പിന്തുണയില്ലാതെ, ഒരു മേക്കപ്മാന്റെയോ മേക്കപ്‌വുമണിന്റേയോ അകമ്പടിയില്ലാതെ തലയുര്‍ത്തിയായിരിക്കും ഈ ആര്‍ട്ടിസ്റ്റ് കടന്നുവരുന്നത്. നിര്‍മ്മാതാക്കളേയും സീനിയര്‍ ആര്‍ട്ടിസ്റ്റുകളേയും കാണുമ്പോള്‍ കൃത്രിമ ബഹുമാനത്തില്‍ എഴുന്നേറ്റ് നിന്ന് വണങ്ങിക്കാണില്ല. സാറെന്നും ഏട്ടായെന്നും ഇക്കായെന്നും അങ്കിളെന്നുമൊക്കെയുള്ള ആടയാഭരണങ്ങളൊന്നുമില്ലാതെ പേരുവിളിച്ച് അഭിസംബോധന ചെയ്തിരിക്കും. പോരാത്തതിന് ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിക്കുകയും ചെയ്യും. വിലക്കിന് ഇതെല്ലാം ധാരളമാണ്. അതുകൊണ്ട് സുഹൃത്തുക്കളെ, ഇത് സിനിമ സംഘടനകളിലെ സ്ഥിരം ‘വിലക്കല്‍ പ്രഹസനോത്സവം’ മാത്രമല്ല. തലയുര്‍ത്തി, ആത്മവിശ്വാസത്തോടെ നടക്കുന്ന പെണ്ണുങ്ങളോട് ആണ്‍കൂട്ടം നടത്തുന്ന പോരുവിളിയാണ്.”

 5. The problem is because we do not have any talented directors. All our directors are depended on the star value of our superstars to make copy cat of english movies. If there are any great directors, nothing of this sort would have happen. This is not only happened with actresses , but also with directors and actors like Thilakan and others. I think, the writer unknowingly eluded that part in this story. If you look at males also , there are many personalities who were banned by these mafia. ( similar bans are happening in other industries too, like the case of asin and padmapriya).

  And afterall , film industry is not just about art.. its about money and glamor, so, no one will have any complaint, becasue ultimately they look for money and glamor. We have seen many artists apologised in film industry just to make their come back, and now criticising the reality show anchors who are also performing to the tune of market.

 6. producermaarku talaykku vatta..oruthi kurachu padangalil abhinayichu,avale naatukar angeekarichu..appo ivanokke kadi.avale atrayku aarum angottu pokkanda,njangal aanu ivide ellam teerumanikunathu enu kanikkanam..utter egoism.vere onnum alla..ee naarikalude koode kidakkan aval sammaathichu kaanila,atavum ee prashnam atrem undaakan ulla root cause..

 7. പ്രിയ സുഹൃത്തേ

  മറ്റേതൊരു ജോലിയിലും കാണുന്നപോലെ ഇവിടെയും പുരുഷമെധവിതം നടനമാടുന്നു .Inferiority complex മാറ്റാനുള്ള മരുന്ന് ഇത്തരം ആണുങള്‍കു നല്‍കണം . തന്‍ടെ ചൊറിച്ചില്‍ മാറ്റാനുള്ള ഉപകരണമല്ല സ്ത്രീ എന്ന് ഇവന്മാര്‍ക്ക് എന്ന് മനസ്സില്‍ ആകും ?
  kiran,tricur

 8. ആര്‍ക്കു നഷ്ടം? മലയാളികള്‍ക്കും മലയാള സിനിമക്കും. കൊറേ നാലിന് ശേഷം തിയേറ്ററില്‍ പോയി സിനിമ കാണാന്‍ ഒരു കാരണം ആയിരുന്നു ആ പെണ്‍കുട്ടി. ഇപ്പോള്‍ അതും പോയി കിട്ടി..

 9. സുരേഷ് കുമാറിന്റെ അടുത്ത ഇക്കിളി പടത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തു കാണില്ല. അല്ലെങ്കിലും മലയാളപ്പടത്തില്‍, സില്ക്കിനും, രതി ചേച്ചിക്കും, മംതക്കുമൊക്കെ മാത്രമേ നിലനില്‍പ്പുള്ളൂ..

 10. രവിശങ്കര്‍ പറഞ്ഞതാനു സംഭവമെങ്കില്‍ നിത്യയുടെ ഭാഗത്താണ് ന്യായം. പക്ഷേ വിഷയത്തിനു പുറത്തുള്ള ലേശം മുതലാളി വിരോധം അവതരനത്തിലുന്ടോ എന്ന് സംശയം. സിനിമയെ ആസക്തിയോടെ സ്നേഹിക്കുന്ന ഒരാളെന്ന നിലയില്‍ അങ്ങേയറ്റം സാഹസികമായി മലയാള സിനിമയില്‍ പണം മുടക്കാന്‍ തയ്യാറാകുന്ന നിര്‍മ്മാതാക്കലോറ്റ് കടപ്പാടുല്ലയാലാണ് ഞാന്‍. അതുകൊന്റ്റ് ഒരു ഒത്തുതീര്‍പ്പിലാണ് എനിക്ക് താല്പര്യം- gender വിഷയത്തില്‍ ഒഴിച്ച്.

Leave a Reply to dhwani Cancel reply

Your email address will not be published. Required fields are marked *