മരണത്തിനും പ്രണയത്തിനുമിടയില്‍ മാലിനി മുര്‍മുവും ഞാനും

‘നാലാമിടം പ്രസിദ്ധീകരിച്ച സ്മിതാ മീനാക്ഷിയുടെ ‘പെണ്ണു പ്രണയിക്കുമ്പോള്‍’ എന്ന കുറിപ്പിന് ഒരനുബന്ധം. ഫേസ്ബുക്കില്‍ കാമുകന്റെ തിരസ്കാര കുറിപ്പു കണ്ട് ബംഗലുരു ഐ.ഐ.എമ്മിലെ മാലിനി മുര്‍മു ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ ഒരു പെണ്‍കുട്ടി സ്വന്തം ജീവിതത്തെ വായിക്കുന്നു. പ്രണയത്തിനും മരണത്തിനുമിടയിലെ അടുപ്പങ്ങളെയും അകലങ്ങളെയും കുറിച്ച് ബംഗലുരുവില്‍ ഡിസൈനറായ അമാന്റ ജെ എഴുതുന്നു

അമാന്റ ജെ

ബംഗലുരു ഐ.ഐ.എമ്മിലെ മാലിനി മുര്‍മു എന്ന വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത ഉള്ളില്‍ സൃഷ്ടിച്ച തീക്കനലുകളിലേക്കാണ് നാലാമിടത്തില്‍ സ്മിത മീനാക്ഷി എഴുതിയ പ്രണയത്തെക്കുറിച്ച കുറിപ്പ് വന്നു പതിച്ചത്.
പ്രണയത്തിന്റെ കടലിളക്കങ്ങളില്‍ ആടിയുലഞ്ഞു നില്‍ക്കുന്ന ഒരവസ്ഥയില്‍നിന്ന് പതുക്കെ കരകയറുന്ന നേരമായിരുന്നു. എന്തു കൊണ്ട് ഞാനിങ്ങനെ എന്ന ആ ചോദ്യത്തിലേക്ക് സമാനമായ മറ്റൊന്ന് വന്നു വീണു. ജീവിതം കൊണ്ട് മാലിനി കണ്ടെത്തിയ ഉത്തരവും. ആത്മഹത്യ.
മരിക്കാന്‍ അപാരമായ ധൈര്യം വേണമെന്ന ആശയത്തില്‍ നിന്നു തിരിയുന്നതിനിടെ വന്നു പെട്ട ആ മരണം എന്നെ നടുക്കിക്കളഞ്ഞു. എത്ര ചെറിയ ദൂരമാണ് പ്രണയത്തിനും മരണത്തിനും ഇടയിലെന്ന് അന്തം വിട്ടു.
സ്ത്രീയും പുരുഷനും എന്തു കൊണ്ട് പ്രണയത്തെ രണ്ടു വിധത്തില്‍ അനുഭവിക്കുന്നു, എന്തു കൊണ്ടാണ് പ്രണയ തിരസ്കാര പെണ്ണിന് ആത്മഹത്യയിലേക്കുള്ള വഴിയായി മാറുന്നത് എന്നിങ്ങനെ അനേകം ചോദ്യങ്ങള്‍ കലങ്ങി മറിഞ്ഞു. അന്നേരം വന്നു സ്മിത മീനാക്ഷിയുടെ കുറിപ്പ്. എനിക്കും മാലിനിക്കുമിടയില്‍ പൊതുവായി പെയ്ത അതേ മഴ സ്മിതയുടെ വാക്കുകളില്‍, നിന്നു പെയ്യുന്നുണ്ടായിരുന്നു. പ്രണയത്തില്‍ മുങ്ങിക്കുളിച്ച ഒരു പെണ്ണിനു മാത്രം എഴുതാനാവുന്ന വരികള്‍.

മാലിനി മുര്‍മു.facebook account

എന്നെ നിങ്ങളിലാര്‍ക്കും അറിയാന്‍ ഇടയില്ല. കാരണം എന്റെ വാക്കുകള്‍ ഇത്രകാലം എഴുതപ്പെട്ടത് കടലാസിലോ മോണിറ്ററിലോ അല്ല. എന്റെ മനസ്സില്‍ മാത്രമാണ്. ഞാനവന് പല കാലങ്ങളില്‍ തീ തിന്നെഴുതിയ പ്രണയക്കുറിപ്പുകളില്‍ മാത്രമായിരുന്നു. അതിനാല്‍, ഞാനെന്നെ ഒരു പെണ്ണ് മാത്രം വിളിക്കട്ടെ. അവസാനം എല്ലാവരും എത്തിച്ചേരുന്ന ആ തിരിച്ചറിവ്.
എനിക്ക് വേണ്ടി മാത്രം എഴുതിയിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു എനിക്ക്- എന്നിലെ വികാരങ്ങളെ അതേപടി കടലാസ്സില്‍ പകര്‍ത്തി എഴുതിയിരുന്ന ഒരു കാലം. പിന്നീടെന്നോ കടലാഴങ്ങളില്‍ മറഞ്ഞു പോയി, എന്‍റെ അക്ഷരങ്ങള്‍, ആത്മാവിന്റെ വാക്കുകള്‍.
കുറെയേറെ കാലങ്ങള്‍ക്ക് ശേഷം എഴുതാന്‍ കാരണം അവളാണ്. മാലിനി.
ഇതിനകം നമ്മില്‍ പലരും മറന്നിട്ടുണ്ടാവും അവളെ. കാരണം ഒരു വാര്‍ത്തയ്ക്കു അപ്പുറം ഒന്നും ഉണ്ടായിരുന്നില്ല ആ ആത്മഹത്യയില്‍.
എന്നാല്‍ എനിക്കവള്‍ ഒരു ഓര്‍മപ്പെടുത്തലാണ്. പ്രണയം ഒരേ സമയം അതിഭീകരവും അതിലോലവും ആണെന്ന സത്യം വീണ്ടും വിളിച്ചു പറയല്‍

നാലാമിടം പ്രസിദ്ധീകരിച്ച സ്മിത മീനാക്ഷിയുടെ കുറിപ്പ്

എന്തു കൊണ്ടാണ് സ്ത്രീക്ക് പ്രണയം ഞരമ്പില്‍ തൊടുന്ന ഒരനുഭവമാവുന്നത്. ജീവിതം കൊണ്ട് ആര്‍ജിച്ച സ്വപ്നങ്ങളും കടപ്പാടുകളും മറന്ന്, ഓരോ തിരസ്കാരത്തിലും അവള്‍ മരണത്തിലേക്കുള്ള വഴി തിരയുന്നത്. സ്മിതയുടെ വാക്കുകള്‍ തന്നെ വഴി കാട്ടുന്നു. പുരുഷജീവനില്‍ സ്ത്രീ അര്‍പ്പിക്കുന്ന അനന്തമായ വിശ്വാസം തന്നെയാണ് അവള്‍ക്ക് സ്നേഹം. അവളുടെ ലോകം അതായി മാറുകയാണ്. മറ്റെല്ലാ വാതിലുകളും അടച്ചിട്ട് അവളാ ലോകത്ത് മാത്രമായി ഒതുങ്ങുകയാണ്.

പ്രണയം ഒരേ സമയം തുടക്കവും ഒടുക്കവുമാണ്. അത് നമുക്ക് പറക്കാന്‍ ആകാശങ്ങള്‍ തരും. അതേ ശ്വാസത്തില്‍ നമമുടെ ചിറകുകകള്‍ കെട്ടിയിടും. ശരിക്കുമത് സ്വപ്നാഭമായ ഒരു ലോകത്തിലേക്കുള്ള ജ്ഞാനസ്നാനം. അതോടൊപ്പം മറ്റെല്ലാ ലോകങ്ങളില്‍നിന്നുമുള്ള സമ്പൂര്‍ണ വിടുതല്‍. പുതിയൊരു ജീവിതം , ആന്തരികമായി തുടങ്ങുന്നു. അതിനു പുറത്തുള്ള, യാഥാര്‍ഥ്യത്തിന്റേതായ മറ്റാരു ലോകം അടയുന്നു. ഒരു വാതില്‍ അടച്ചു കൊണ്ട് മറ്റൊരു വാതില്‍ തുറക്കല്‍. ഇങ്ങനെ വരുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നത് എന്താണ?

യഥാര്‍ഥ ലോകം ഇല്ലാതാവുക. സ്വന്തം ലോകം പ്രണയം മാത്രമാവുക. പ്രണയത്തിനു പുറത്തുള്ള ലോകത്ത്, ജീവിതകാലം മുഴുവന്‍ സ്നേഹിച്ചവരാണ് ഉള്ളതെങ്കില്‍ പോലും, അവള്‍ അനുഭവിക്കുന്നത് അപരിചിതത്വമാണ്. അറിയാത്ത ഭാഷ സംസാരിക്കുന്ന, അറിയാത്ത രീതിയില്‍ പെരുമാറുന്നു, അപരിചിതരുടെ ഇടം.
ഭൂമിയില്‍ കാല്‍ നിലത്തുറപ്പിക്കാന്‍ അവന്റെ ഊന്നുകാല്‍ നിര്‍ബന്ധമാവുന്നു. തല ചായ്ക്കാന്‍ അവന്റെ തോളും. അതില്ലാതാവുമ്പോള്‍ അവള്‍ പതറി പോവുന്നു. ഭൂമിയിലെ മറ്റെല്ലാ ഇടങ്ങളില്‍നിന്നും ഒറ്റപ്പെട്ട് പ്രണയത്തിന്റേതായ ഒരു കൂട്ടില്‍ മാത്രമാവുന്നു. തിരസ്കാരം അവള്‍ക്കു മുന്നില്‍ ആത്മഹത്യയുടെ വഴി തീര്‍ക്കുന്നത് ഈ സാഹചര്യത്തിലാണ്.

ആകെയുള്ള ലോകം ഇല്ലാതാവുമ്പോള്‍ ആരും ചെയ്തു പോവുന്ന ഒന്ന്. അവനത് ഇമോഷണലായ ഒരു മുറിച്ചു മാറ്റല്‍ മാത്രം. അവള്‍ക്കത് ജീവിച്ച ചുറ്റുപാടുകളില്‍നിന്നും ലോകത്തുനിന്നുമുള്ള സമ്പൂര്‍ണമായ വലിച്ചെറിയപ്പെടല്‍.
ഏറെ കാലം ഉറങ്ങിപ്പോയ ഒരാളെ പോലെ അന്തം വിട്ട്, തനിക്കു ചുറ്റും അത്ര കാലമുണ്ടായിട്ടും താന്‍ അവഗണിച്ച, യഥാര്‍ഥ ലോകത്തേക്ക് ചെല്ലുന്നതോടെ നില തെറ്റുന്നു. ഈ ലോകം ജീവിക്കാന്‍ ചേര്‍ന്നതല്ലെന്ന ഉറപ്പു വരുന്നു. മരണത്തിലേക്കൊരു വഴി തുറക്കുന്നു.
എനിക്കു തോന്നുന്നു, മാലിനിക്ക് സംഭവിച്ചത്, ആത്മഹത്യ ചെയ്യുന്ന ഓരോ പ്രണയിക്കും സംഭവിക്കാവുന്നത് ഇതു തന്നെയാണെന്നാണ്.

സ്വന്തം ലോകം ഇല്ലാതാവല്‍. പ്രണയം മാത്രം സ്വന്തം ലോകമായി നില്‍ക്കുന്ന അവസ്ഥയില്‍നിന്നുള്ള വലിച്ചെറിയപ്പെടലിന് ജീവിതം കൊണ്ട് പകരം ചോദിക്കല്‍. എന്നാല്‍, ഫേസ്ബുക്കില്‍ തനിക്കുള്ള ഭീഷണി സന്ദേശം എഴുതി വെച്ച കാമുകനോടുള്ള പ്രതികാരം മാത്രമാവില്ല, മാലിനി ആ ആത്മഹത്യയിലൂടെ നടത്തിയിട്ടുണ്ടാവുക. ജീവക്കാന്‍ ഒരു ലോകമില്ലാതാവുക എന്ന അവസ്ഥയില്‍നിന്നുള്ള ഒരൊളിച്ചോട്ടം കൂടിയാവും അത് എന്ന് എനിക്ക് തീര്‍ച്ചയുണ്ട്. അതിനെ കേവലം ഒരു ഫേസ് ബുക്ക് ചാപല്യം എന്ന മട്ടില്‍ കാണാനാവില്ലെന്ന് മാലിനിയുടെ കൂട്ടുകാരെ ഉദ്ധരിച്ച് ഹിന്ദുവിന്റെ ബാംഗലുരു പതിപ്പ് എഴുതിയത് വായിച്ചിരുന്നു. പിടിച്ചു നില്‍ക്കാനാവാത്ത മാനസിക സമ്മര്‍ദങ്ങള്‍ക്കിടയിലായിരുന്നു മാലിനി എന്നും അതാണ് മരണത്തിന് കാരണമായതെന്നുമാണ് കൂട്ടുകാര്‍ പറയുന്നത്.

മാലിനി മുര്‍മു.courtesy:twitter

പറഞ്ഞു വന്നത് അവളെ പറ്റിയായിരുന്നു- കുറെയേറെ വാര്‍ത്തകള്‍ക്കിടയില്‍ മറഞ്ഞു പോയ മറ്റൊരു വാര്‍ത്ത- മാലിനി. ആ വാര്‍ത്ത വായിച്ച് ഉറക്കം നശിച്ച രാത്രി ഞാനെഴുതി വെച്ച ഈ കുറിപ്പ് കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു.

പ്രിയപ്പെട്ട അനുജത്തീ,
നിന്റെ പ്രണയമോ വിരഹമോ തിരിച്ചറിയപ്പെടില്ല എന്ന് നീ അറിഞ്ഞില്ല. ലോകത്തെ അതിന്‍റെ നിമ്നോന്നതങ്ങള്‍ തിരിച്ചറിയാതെ അന്ധമായ പ്രണയത്തില്‍ കുരുക്കി ജീവിതം ഒടുക്കിയ നിന്നെ ലോകം വിളിച്ചു-വിഡ്ഢി! പ്രായോഗികമായി ജീവിക്കാന്‍ അറിയാത്ത വിഡ്ഢി!
മരിക്കാന്‍ ആഗ്രഹിച്ചും കഴിയാതെ പോയ എന്നെ പോലെയുള്ള ഒരുപാടു പേര്‍ക്ക് നീ കണ്ണുനീരിന്റെ ഉപ്പു പകര്‍ന്നു.
നീ എന്ന ജീവി ഈ ലോകത്തില്‍ ജീവിച്ചതിന് കാരണം അവനായിരുന്നില്ല, എന്നാല്‍ അവനായി നീ നഷ്ടപ്പെടുത്തിയത് ജീവിക്കാന്‍ ഏറെ ആഗ്രഹിച്ച ഒരു ജീവിതമാണ്‌. അത് തിരിച്ചറിയാനാവുക ജീവിതം കൈകുമ്പിളിലൂടെ ഊര്‍ന്നു പോകുന്നത്, നോക്കി നില്‍ക്കേണ്ടി വന്ന എന്നെ പോലെ ഒരു സ്ത്രീക്ക് മാത്രമാവും.
കോണ്‍ അളവുകളില്ലാത്ത നിന്‍റെ പ്രണയം വെറും അതിവൈകാരികത തന്നെയായി വ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ പേരില്‍ ഞാന്‍ പലരോടും കലഹിച്ചു നിനക്ക് വേണ്ടി
അറിയില്ല എനിക്ക് നിന്നെ, പക്ഷെ നിന്റെ മനസ്സെനിക്കറിയാം. അത് എന്റേതു കൂടിയാണ്. ജീവിതത്തെ പറ്റി ഏറെ അറിയാവുന്ന അല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കുന്ന ഒരുപാടു പേര്‍ക്കിടയില്‍ പെട്ടു പോയ ഓരോ പെണ്ണിനും-പ്രണയത്തിന്‍റെ ചൂടും ചൂരും അറിഞ്ഞ ഓരോ പെണ്ണിനും നൊമ്പരമായിട്ടുണ്ടാവും നീ.
ശ്രമിച്ചു, നിന്നെ പറ്റി അറിയാന്‍. .ഞാന്‍ അറിഞ്ഞിടത്തോളം ജീവിതത്തിന്റെ കനലെരിഞ്ഞിരുന്നു നിന്നില്‍ എല്ലാ കാലവും. അറ്റമില്ലാത്ത വാക്കുകളാല്‍ ആ ജീവന്‍ കൊളുത്തിയതും കെടുത്തിയതും പ്രണയമായിരുന്നു എന്നത് യാദൃചികമോ അതോ.
വെറുക്കാനാവാത്ത വിധം നീ സ്നേഹിച്ചു പോയ അല്ലെങ്കില്‍ ജീവിതം അതിന്‍റെ എല്ലാ നിറങ്ങളിലും നീ സമര്‍പ്പിച്ച ആ പുരുഷായുസ്സിന് ആകാശത്തിന്റെയോ കടലിന്റെയോ നിറഭേദങ്ങള്‍ ഇല്ലാത്ത പ്രണയിക്കാനറിയാത്തത്ത ഒരു സ്ത്രീ സ്വന്തമാകട്ടെ എന്ന പ്രാര്‍ഥനയുമായി നേരുന്നു, വിട, എന്‍റെ കൊച്ചനുജത്തി…”

amandayudelokam@gmail.com

2 thoughts on “മരണത്തിനും പ്രണയത്തിനുമിടയില്‍ മാലിനി മുര്‍മുവും ഞാനും

  1. അമാന്റയുടെ ഈ വിതുമ്പലിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയില്ല, മാലിനിയുടെ ആത്മഹത്യയെപ്പറ്റി ഞാനറിഞ്ഞതും ഫെയ്സ് ബുക്കില്‍ നിന്നാണ്, എനിക്കു തോന്നുന്നു പെണ്‍ വികാരങ്ങളുടെ സംരക്ഷണത്തിനു പെണ്‍കൂട്ടയ്മകള്‍ തന്നെയാണു ആവശ്യമെന്ന്. കേള്‍ക്കാത്ത കാതുകളില്‍ പതിക്കുന്ന വിലാപങ്ങള്‍ക്കെന്തര്‍ഥമാണുള്ളത്? പുരുഷന്‍ മാര്‍ ലൈംഗിക സ്വാതന്ത്ര്യത്തിനുവേണ്ടി ഘോരഘോരം വാദിച്ചേക്കാം, പക്ഷേ അവര്‍ക്ക് മാനസികവികാരങ്ങള്‍ …. അനാവശ്യ പൈങ്കിളിഗാനങ്ങളും

  2. സ്ത്രിയുടെ പ്രയാണത്തെ നിര്‍വചിച്ചത്‌ വളരെ ഇഷ്ട്ടപെട്ടു …

Leave a Reply

Your email address will not be published. Required fields are marked *