അകലങ്ങളില്‍ അവര്‍ വിടപറയുമ്പോള്‍

ഉറ്റവരുടെ മരണ വാര്‍ത്തയുമായി അസമയങ്ങളില്‍ പാഞ്ഞെത്തുന്ന ഫോണ്‍ കോളുകള്‍. പ്രവാസ ജീവിതത്തിന്റെ നെഞ്ചിടിപ്പേറ്റുന്ന ഒന്നാണത്. വിവിരമറിഞ്ഞാലും പാസ്പോര്‍ട്ടും ടിക്കറ്റുമില്ലാതെ ഉറ്റവര്‍ക്കായി പ്രാര്‍ഥനകളും കണ്ണീരുമായി കഴിയാനേ ഭൂരിഭാഗം പേര്‍ക്കും കഴിയാറുള്ളൂ-ഷിനോജ് കെ. എസ് എഴുതുന്നു

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഉറങ്ങാന്‍ ധൈര്യമുള്ള പ്രവാസികളുണ്ടോ? ഉണ്ടായിരിക്കില്ല, മൈലുകള്‍ക്കപ്പുറത്ത് നിന്ന്, കടല്‍താണ്ടി ഏതുനിമിഷവും ഏതോ വിശേഷം തേടി വരാനുണ്ടെന്ന തോന്നല്‍ അവരെ അതിന് സമ്മതിക്കാറില്ല. +91ല്‍ തുടങ്ങുന്ന നമ്പറില്‍ നിന്ന് മിസ്ഡ് കോള്‍ വന്നാല്‍ മതി അവന്‍ അസ്വസ്ഥനാകാന്‍…നാട്ടില്‍ എന്തോ സംഭവിച്ചിരിക്കുന്നു.

അക്കൂട്ടത്തില്‍ അവര്‍ ഏറ്റവും ഭയപ്പെടുന്നത് പ്രിയപ്പെട്ടവരുടെ മരണവാര്‍ത്തകളുമായി വിളിച്ചുണര്‍ത്തുന്ന ഫോണ്‍കോളുകളെയായിരിക്കാം. കഴിഞ്ഞ അവധിനാളില്‍ യാത്രപറഞ്ഞ് പിരിയുമ്പോള്‍ ഇനി വന്നിട്ടുകാണാമെന്ന് പറഞ്ഞ് പിരിഞ്ഞവരെ ഇനി കാണില്ലെന്ന വാര്‍ത്ത. എത്ര പ്രിയപ്പെട്ടവരെങ്കിലും അവസാനനോക്കുകാണാന്‍ വിധിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അകലങ്ങളിലെ വേര്‍പാടിന്റെ വേദനയില്‍ പൊടിയുന്ന കണ്ണുനീരിനും തൊഴിലിടങ്ങളിലെ വിയര്‍പ്പില്‍ ആരുമറിയാതെ അലിഞ്ഞില്ലാതാകാനേ കഴിയാറുള്ളു..

ഉറ്റവര്‍ വിടപറയുമ്പോഴും കമ്പനിയുടെ ലോക്കറിലിരിക്കുന്ന പാസ്പോര്‍ട്ടിനും, നാട്ടിലേക്കുള്ള ടിക്കറ്റിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരിക്കും അവര്‍. ലീവ് നല്‍കേണ്ട ബോസ് മുതല്‍ വിമാനത്താവളത്തില്‍ കൊണ്ടുവിടേണ്ട ഡ്രൈവര്‍വരെയുള്ളവര്‍ കനിയണം, നാട്ടിലൊന്ന് പാഞ്ഞെത്താന്‍. അവധി കഴിഞ്ഞ് അടുത്തിടെ മാത്രം മടങ്ങി വന്നവരാണെങ്കില്‍ ‘ലോസ് ഓഫ് പേ’യുടെ നഷ്ടകണക്കും മുന്നില്‍ നിരന്നുനില്‍ക്കും. അതുകൊണ്ടുതന്നെ, പ്രിയപെട്ടവരുടെ ആത്മാവിന് അകലങ്ങളിലിരുന്ന് യാത്രാമൊഴി ചൊല്ലി വിതുമ്പിക്കരയാനേ ഗള്‍ഫിലെ ഭൂരിപക്ഷം പ്രവാസിക്കും വിധിയുള്ളു.

അഞ്ചുവര്‍ഷം മാത്രം ദൈര്‍ഘ്യം അവകാശപ്പെടാനുള്ള എന്റെ പ്രവാസത്തിലും കടന്നുവന്നു പലതവണ നെഞ്ചുപിടക്കുന്ന വേര്‍പാടിന്‍ വാര്‍ത്തകള്‍. ആദ്യം വിട പറഞ്ഞത് ഈ ഭൂമിയില്‍ ഞാന്‍ എന്റെ സ്വന്തം മാതാവിനേക്കാള്‍ ഒരു പടി കൂടുതല്‍ സ്നേഹിക്കുകയും ‘ഉമ്മ’യെന്ന് വിളിക്കുയും ചെയ്തിരുന്ന എന്റെ മാതാവിന്റെ ഉമ്മ, വെല്ല്യുമ്മ. ഗള്‍ഫിലേക്ക് തിരിക്കുമ്പോ ‘ഞാനൊക്കെ വിലസിയ നാടാ..ഇനി നീ പോയി വിലസ്’ എന്ന് പറഞ്ഞ് യാത്രയാക്കിയ എന്റെ പിതാവിന്റെ ഇളയ സഹോദരന്‍ സിറാജ് കുഞ്ഞുപ്പ, ഏറ്റവും ഒടുവില്‍ ഈ സെപ്റ്റംമ്പര്‍ 21ന്, 90ാം വയസിലെങ്കിലും ഏറ്റവും നീറ്റലുണ്ടാക്കി കടന്നുപോയി എന്റെ ഗുരുനാഥനും വഴികാട്ടിയുമായ എന്റെ വെല്ല്യുപ്പ ഹൈദ്രോസ് മുസ്ലിയാര്‍. പഠിച്ചതും വളര്‍ന്നതും ഉമ്മയുടെ മാതാപിതാക്കളുടെ ഒപ്പം നിന്നായിരുന്നു എന്നതിനാല്‍ വെല്യൂപ്പയും വെല്യുമ്മയും എന്നെ സംബന്ധിച്ചിടത്തോളം ‘ഉപ്പയും ഉമ്മയും’ തന്നെയായിരുന്നു. അവരുടെ അന്ത്യനിമിഷങ്ങളില്‍ അവര്‍ക്കൊപ്പമുണ്ടാകാന്‍ കഴിയാതെ, അവരുടെ ഖബറില്‍ മൂന്നുപിടി മണ്ണിട്ട് പ്രാര്‍ഥിക്കാന്‍ കഴിയാതെ പോയതാണ് ഇതുവരെയുള്ള പ്രവാസത്തില്‍ വ്യക്തിപരമായ ഏറ്റവും വലിയ നഷ്ടം.

വെള്ളിയാഴ്ച പള്ളികളില്‍ നിരവധി പേരുടെ മയ്യത്ത് നമസ്കരിക്കുന്ന കൂട്ടത്തില്‍ സ്വന്തം പിതാവിനും മാതാവിനും വേണ്ടി നിയ്യത്ത് വെച്ച് നമസ്കരിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞുപോകുന്ന മക്കളെ കാണാം.

കമ്പനിയുമായുള്ള തൊഴില്‍തര്‍ക്കം കോടതിയില്‍ തീര്‍പ്പാക്കാതെ കിടക്കുന്നതിനാല്‍ നാട്ടില്‍പോകാന്‍ കഴിയാതെ, ഒന്നരവര്‍ഷമായി ശമ്പളം പോലുമില്ലാതെ ഒമാനില്‍ കുടുങ്ങിയ 22 തൊഴിലാളികളെ കണ്ടു ഇന്നലെ. വാര്‍ത്താലേഖകര്‍ക്ക് മുന്നില്‍ ദുരിതങ്ങള്‍ വിവരിക്കുമ്പോള്‍ അക്കൂട്ടത്തിലൊരു തമിഴ്നാട്ടുകാരന്‍ ‘അഞ്ചുവര്‍ഷമാച്ച് നാട്ടില്‍ പോയിട്ട് സാര്‍…ഒരു വര്‍ഷം മുന്നാടി എന്‍ അമ്മാ എരിഞ്ച് പോയിട്ച്ച്, കഴിഞ്ച മാസത്തിലെ എന്‍ പൊണ്ടാട്ടി എരിഞ്ചിട്ടേ…ഇന്ത കമ്പനി പാസ്പോര്‍ട്ടും ടിക്കറ്റും തരാതെ, കേസ് മുടിയാതെ നാന്‍ എപ്പടി പോയിടും സാര്‍ അങ്കേ…’

ഇങ്ങനെ എത്രപേര്‍. അകലങ്ങളില്‍ വേര്‍പിരിയലിന്റെ വേദനകള്‍ പങ്കുവെക്കുമ്പോള്‍ പ്രവാസി സുഹൃത്ത് സ്വയം ആശ്വസിക്കുന്നതിങ്ങനെ ‘ഒന്നാലോചിച്ചാല്‍ ഇതാ നല്ലത്, നമ്മുടെ മനസില്‍ പ്രിയപ്പെട്ടവര്‍ ചേതനയറ്റ് കിടക്കുന്ന കാഴ്ച പതിയുന്നില്ലല്ലോ, സചേതനമായിരിക്കും അവരുടെ ഓര്‍മകള്‍ എന്നും’.

5 thoughts on “അകലങ്ങളില്‍ അവര്‍ വിടപറയുമ്പോള്‍

    • വരുമ്പോള്‍ നമ്മെ യാത്രയാക്കിയവരെയൊക്കെ അതിനേക്കാള്‍ സന്തോഷത്തില്‍ കണ്ടുമുട്ടാന്‍ അവര്‍ക്കും നമുക്കും വിധിയുണ്ടാവട്ടെ എന്ന് മാത്രം പ്രാര്‍ഥിക്കുന്നു ..

  1. ഉറ്റവരുടെ വേര്‍പാടുകള്‍ അകലങ്ങളില്‍ ഇരുന്നു കേട്ട് വേദനിക്കാന്‍ മാത്രമേ പ്രവാസിക്കാവൂ. അവസാനം പറഞ്ഞത് പോലെ… ഒരര്‍ത്ഥത്തില്‍ അചേതനമായ അവസ്ഥയില്‍ അവരെ കാണാതിരിക്കുമ്പോള്‍ അകലെ നാട്ടിലവര്‍ ഉണ്ടെന്നാശ്വസിക്കാന്‍ പിന്നീട് പ്രവാസിക്ക് കഴിയും….

  2. പലപ്പോഴും ഞാന്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിച്ചതും പ്രകടിപ്പിക്കാന്‍ കഴിവില്ലാതെ പോയതുമായ ഒരു വികാരമാണ് ലേഖകന്‍ മനസ്സില്‍ തട്ടും വിധം പ്രകടിപ്പിച്ചത്. 35 വര്‍ഷത്തെ പ്രവാസജീവിതതിനിടിയില്‍ എന്റെ ഉറ്റവരും ഉടയവരുമായി പലരും യാത്രയായിട്ടുണ്ട്. നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് അയലക്കാരിയായ കോതമ്മ നാട്ടില്‍ നിന്ന് പുറപ്പെടുന്ന ദിവസം എന്റെയടുത്തു വന്നു ഇനി വരുമ്പോള്‍ കാണില്ലെന്ന് പറഞ്ഞപ്പോള്‍ അത് ഒരു സാധാരണ വക്കായിട്ടെ എടുത്തുള്ളൂ. പക്ഷെ രണ്ടു മാസത്തിനു ശേഷം അവര്‍ മരിച്ചപ്പോള്‍ ദുഃഖം തോന്നി. ദുഖവും സന്തോഷവും പ്രകടിപ്പിക്കുന്നതില്‍ ഇപ്പോഴും പരാജയപ്പെടാറുള്ള എന്നെപ്പോലുള്ളവര്‍ എന്ത് ചെയ്യും?

  3. കഴിഞ്ഞ വര്‍ഷത്തെ അവധി കഴിഞ്ഞു ഞാനും ഭാര്യയും കുട്ടികളും വീട്ടില്‍ നിന്നും യാത്ര പറഞ്ഞു പോകാന്‍ നേരത്ത് എന്റെ ഉമ്മ മക്കളോട് ചോദിച്ചു – ഇനി എന്നാ വരിക മക്കളെ – അന്ന് ഉമ്മ ഉണ്ടാവില്ല (എന്നും ഓര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു) 6 മാസം കഴിഞ്ഞപ്പോള്‍ എന്റെ ഉമ്മ ഞങ്ങളെ വിട്ടു പോയി (ഇന്ന ലില്ലാഹി വ ഇന്ന എലൈഹി രജിഓന്) !

Leave a Reply

Your email address will not be published. Required fields are marked *