തെരുവിന്റെ ക്യാമറക്കണ്ണുകള്‍

അറബ് തെരുവുകളില്‍ നിന്നും സാധാരണ ജനത പകര്‍ത്തിവിടുന്ന ഭരണകൂട ഭീകരതയുടെ ഫൂട്ടേജുകള്‍ റോയിറ്ററും ബിബിസിയും അല്‍ ജസീറയും മറ്റും സംപ്രേഷണം ചെയ്യേണ്ടി വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെന്ന വര്‍ഗ്ഗം വംശനാശ ഭീഷണി നേരിടുകയാണോ അതോ ജനകീയമാവുകയാണോ-ഷംസീര്‍ ഷാന്‍ എഴുതുന്നു.

കലാപഭൂമിയില്‍ മനുഷ്യത്വം പ്രതീക്ഷിക്കുന്നത് എക്കാലത്തും അത്യാഗ്രഹമാകാം. എന്നാല്‍ കത്തുന്ന തെരുവുകളിലും നന്മയുടെ കണ്ണുള്ള ചില ക്യാമറകള്‍ എല്ലാം വിളിച്ചുപറയുന്നുണ്ട്. പ്രക്ഷോഭ ഭൂമിയിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഉയരുന്നത് പക്ഷേ ഹൈ എന്‍ഡ് മീഡിയാ എച്ച് ഡി ക്യാമുകളല്ല, വ്യക്തത കുറഞ്ഞ ആടിയുലയുന്ന മൊബൈല്‍ വിജിഎ ക്യാമറകളില്‍ പതിയുന്ന അമേച്വര്‍ ദൃശ്യങ്ങളാണവ. നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ ഗൂഗിളില്‍ തപ്പി അന്തം വിട്ട് വാര്‍ത്ത പടച്ചുവിടുമ്പോള്‍ അവര്‍ തെരുവിന്റെ നാലാമിടങ്ങളില്‍ ഒന്നാംതരം വിപ്ലവം നടത്തുകയാണ്.

ഏകാധിപതികളെ തൂത്തെറിയാന്‍ കരുതിവെച്ച പ്രക്ഷുബ്ധ മനസ്സിനൊപ്പം അന്നാടുകളിലെ ജനതയ്ക്ക് കരുത്തായത് സൈബര്‍ ലോകത്തെ സോഷ്യല്‍ ടൂളുകളുകളുമാണ്. അറബ് തെരുവുകളില്‍ നിന്നും സാധാരണ ജനത പകര്‍ത്തിവിടുന്ന ഭരണകൂട ഭീകരതയുടെ ഫൂട്ടേജുകള്‍ റോയിറ്ററും ബിബിസിയും അല്‍ ജസീറയും മറ്റും സംപ്രേഷണം ചെയ്യേണ്ടി വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെന്ന വര്‍ഗ്ഗം വംശനാശ ഭീഷണി നേരിടുകയാണോ?. അതോ അത് കൂടുതല്‍ ജനകീയമാവുകയാണോ?

പ്രക്ഷോഭങ്ങള്‍ പടരുമ്പോള്‍ റേഡിയോ, ടെലിവിഷന്‍ സ്റ്റേഷനുകള്‍ പിടിച്ചെടുത്ത് നിലപാടുകള്‍ പ്രഖ്യാപിക്കുന്നത് സാധാരണമായിരുന്നു. ഭരണകൂടത്തിന്റെ ജല്‍പ്പനവാണികളായ മാധ്യമങ്ങളെ കീഴ്പ്പെടുത്തുന്ന പ്രക്ഷോഭകരും പക്ഷേ ഫലത്തില്‍ ചെയ്തിരുന്നത് തങ്ങളുടെ പ്രൊപ്പഗണ്ട പ്രചരിപ്പിക്കാന്‍ ഇവ ഉപയോഗിക്കുക അധാര്‍മ്മികതയായിരുന്നു. എന്നാല്‍ സേച്ഛ്വാധിപത്യത്തിനെതിരെ അനിവാര്യമായ പ്രതിഷേധമുയരുന്ന ഇക്കാലത്ത് ജനകീയ പ്രക്ഷോഭകര്‍ക്ക് ഉറക്കെ പറയാന്‍ വേറെയും പ്ളാറ്റ്ഫോമുകളുണ്ട്. അത് പക്ഷേ മാതൃകാപരമായ മാധ്യമപ്രവര്‍ത്തനത്തിന്റെ തലത്തിലേക്കുയരുന്ന ബദലും പലപ്പോഴും ശരിയുമാവുകയാണ്.30 ലക്ഷം ട്വിറ്റുകളും ബ്ലോഗുകളുമാണ് പ്രക്ഷോഭം രൂക്ഷമായതോടെ അറബ് ലോകത്ത് മാത്രംപ്രവഹിച്ചതെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ജനാധിപത്യ ബോധം രൂപപ്പെടുത്തുന്നതിലും ഏകാധിപത്യത്തിനെതിരായ വിപ്ലവ ദിശ വെട്ടിത്തെളിയിക്കുന്നതിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ കൂട്ടായെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഫിലിപ്പ് ഹൊവാര്‍ഡ് വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്ക് ട്വിറ്റര്‍, യൂടൂബ് തുടങ്ങിയ ഡിജിറ്റല്‍ സാമൂഹിക ചുമരുകളില്‍ ഇവരുടെ അടങ്ങാത്ത രോഷത്തിന്റെ കനലുകള്‍ ഉളളുലയ്ക്കുന്ന പോസ്റുകളായി തൂങ്ങിയാടുന്നത് ലോകം കണ്ടു. തങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ അവര്‍ തന്നെ മുന്നോട്ടുവന്നപ്പോള്‍ ബിന്‍ അലിയും മുബാറക്കുമെല്ലാം മുട്ടുകുത്തുന്നതാണ് പിന്നീട് കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും. ടുണീഷ്യ, ഈജിപ്ത്, ലിബിയ, യെമന്‍, സിറിയ, ബഹ്റിന്‍ അങ്ങനെ പോകുന്നു അറബ് വസന്തം പിടിച്ചുലച്ച നാടുകളുടെ നിര. കൃത്യമായ നേതൃത്വമോ സംഘടിത സ്വഭാവമോ ഇല്ലാതിരുന്ന ഇവിടങ്ങളിലെ വിപ്ലവവിജയങ്ങള്‍ വിവര സാങ്കേതിക വിദ്യയുടെ അതിരുകളില്ലാത്ത സാധ്യതകളുടെ വിജയം കൂടിയായിരുന്നു.

1988 ല്‍ യു.എസ് തെരഞ്ഞെടുപ്പുകാലത്താണ് സിറ്റിസണ്‍ ജേര്‍ണലിസം ആദ്യമായി ശക്തിപ്രാപിക്കുന്നത്. 1999ല്‍ ലോകവ്യാപാരസംഘടനയുടെ സമ്മേളനവേദിയില്‍ പ്രതിഷേധമുയര്‍ത്തിയ സംഘടനകള്‍ ഇത് ജനങ്ങളിലെത്തിക്കാന്‍ ബ്ളോഗുപോലുളള കുറിപ്പുകളെഴുതി. ദക്ഷിണകൊറിയയിലെ ഓഹ്മി ന്യൂസ് പേപ്പര്‍ 2000 ത്തില്‍ രംഗത്തെത്തിയത് ‘എല്ലാ പൌരന്മാരും ജേര്‍ണലിസ്ററുകള്‍’ എന്ന ആശയവുമായായിരുന്നു. പൂര്‍ണ്ണമായും വായനക്കാരുടെ ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച തീംപാര്‍ക്ക് ഇന്‍സൈഡര്‍ ഡോട്ട് കോം എന്ന ഓണ്‍ലെന്‍ മാഗസിന്‍ 2001 ലെ ഓണ്‍ലെന്‍ ജേര്‍ണലിസം അവാര്‍ഡ് കരസ്ഥമാക്കി. പിന്നീട് അമേരിക്കയുടെ ഇറാഖ് അധിനിവേശകാലത്തും ഹെയ്ത്തി ദുരന്തഭൂമിയായപ്പോഴുമെല്ലാം ലോകത്തിന് നേരറിവുകള്‍ പകര്‍ന്നത് മനുഷ്യത്വമുളള അജ്ഞാത ബ്ളോഗര്‍മാര്‍ അഥവാ അസംസ്കൃത മാധ്യമപ്രവര്‍ത്തകരായിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ കുത്തൊഴുക്കില്‍ സിറ്റിസണ്‍ ജേര്‍ണലിസവും വേണ്ടതിനും വേണ്ടാത്തതിനും വിളിച്ചുകൂവിക്കൊണ്ടിരിക്കുന്നു. കുത്തകമാധ്യമങ്ങള്‍ പോലും ഈ നവമാധ്യമ സാധ്യതകളുടെ തിരയില്‍ ഒലിച്ചുപോയി. ഒടുവില്‍ വിക്കീലീക്ക്സെന്ന നൂതന മാധ്യമ സാധ്യതയുമായി ജൂലിയന്‍ അസാഞ്ചെയും ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. സൌദി അറേബ്യ പോലുളള രാജ്യങ്ങളില്‍ നിന്നു പോലും പ്രക്ഷോഭ വാര്‍ത്തകള്‍ അടക്കിപ്പിടിക്കപ്പെടാതെ പുറത്തുവന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. എന്നാല്‍ എല്ലാ കാര്യത്തിലുമെന്നപോലെ സിറ്റിസണ്‍ ജേര്‍ണലിസത്തെയും നമ്മുടെ നാട്ടുകാര്‍ ഉപയോഗപ്പെടുത്തുന്നത് അയാല്‍ക്കാരന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനും കുറ്റം പറയാനും മാത്രമാണെന്ന ദുഖസത്യവും കൂട്ടത്തില്‍ പറയാതെവയ്യ.

ടുണീഷ്യയിലെ സിദി ബൌസ് ഗ്രാമത്തിലെ മുഹമ്മദ് ബൂ അസീസെന്ന യുവാവ് ബിരുദധാരിയായിട്ടും തൊഴില്‍ ലഭിക്കാത്തതിനാല്‍ മനം മടുത്ത് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ടുണീഷ്യയുടെ ദേശീയ പുഷ്പമായ ജാസ്മിന്‍ തന്നെയായിരുന്നു ബൂ അസീസിന്റെ നാട്ടിലും ഏറെ കൃഷി ചെയ്തിരുന്നത്. മുഹമ്മദ് ബൂ അസീസ് കൊളുത്തിവിട്ട ആത്മരോഷത്തില്‍ തളിരിട്ട അറബ് പ്രക്ഷോഭങ്ങള്‍ പിന്നീട് മുല്ലപ്പൂ വിപ്ലവമെന്നും അറിയപ്പെട്ടു. ബൂ അസീസിനു പിന്നാലെ ഖാലിദ് സയ്യിദ് എന്ന യുവാവിന്റെ രക്തസാക്ഷിത്വം ഈജിപ്തിലും പ്രക്ഷോഭമാളിക്കത്തിച്ചു. പശ്ചിമേഷ്യയിലേയും അറബ് ലോകത്തെയും തന്നെ പ്രതിഷേധാഗ്നിയിലേക്കെടുത്തെറിഞ്ഞത് ഈ വാര്‍ത്തകളായിരുന്നു കോളയും കബാബും തിന്നു തടി വീര്‍പ്പിച്ച് അലസരായി കഴിഞ്ഞിരുന്ന അറബ് യുവത്വത്തിന്റെ ഈ പ്രകടിത മാറ്റം ലോകോത്തര സര്‍വ്വകലാശാലകളില്‍ വരെ ഗവേഷണവിഷയമായിരിക്കുകയാണിപ്പോള്‍. പീരങ്കിയും ബയണറ്റുകളുമായി അടിച്ചമര്‍ത്താന്‍ വരുന്ന ഭരണകൂടത്തെ അവര്‍ കൈയ്യില്‍ കിട്ടിയ കരിങ്കല്‍ ചീളുകള്‍ കൊണ്ട് സധൈര്യം നേരിടുന്ന കാഴ്ചകളും ലോകം കണ്ടു. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഫേസ്ബുക്ക് തലമുറയെന്ന പരിഹാസത്തിനും അവര്‍ മധുരമായി മറുപടി നല്‍കുകയായിരുന്നു. ടൈംപാസ് ഗോസിപ്പുകളും അശ്ലീലങ്ങളും മാത്രം പങ്കുവെച്ച ഈ മെയിലുകളിലും ചാറ്റുകളിലും അണയാത്ത പ്രതിഷേധത്തിന്റെ അക്ഷരങ്ങളും ചിത്രങ്ങളും അറ്റാച്ചുചെയ്യപ്പെട്ടു.
പ്രക്ഷോഭ ഭൂമിയില്‍ ഉയര്‍ത്തിപ്പിടിച്ച സെല്‍ ക്യാമറാ ഷോട്ടുകളിലൂടെ ഭരണകൂടവും സൈന്യവും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ചിത്രങ്ങള്‍ വാള്‍പോസ്റുകളില്‍ തറച്ചുകയറി. ബ്ലൂ ടൂത്തുകള്‍ വഴി കത്തുന്ന തെരുവുകളുടെയും പ്രതിഷേധ റാലികളുടെയും ഫൂട്ടേജുകള്‍ പ്രവഹിച്ചു. അടിയന്തിര യോഗങ്ങളും ലക്ഷങ്ങള്‍ അണിനിരക്കേണ്ട പ്രകടനങ്ങളും ഒരു മൌസ് ക്ളിക്കിലൂടെ സൈബര്‍ സ്പേസില്‍ ചാര്‍ട്ട് ചെയ്യപ്പെട്ടു. സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ ഗുണവശങ്ങള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നു അറബ് ജനത.

ഏതു നിമിഷവും മാറ്റാവുന്ന പാസ് വേര്‍ഡുകളും യൂസര്‍നെയിമുകളും നല്‍കിയ സുരക്ഷിത കവചത്തില്‍ നിന്ന് കത്തുന്ന തെരുവുകളിലേക്ക് ചാടിയിറങ്ങി മുഖം മറയ്ക്കാതെ യുവത്വം പോരാടിയെന്നതുതന്നെയാണ് ഈ മുന്നേറ്റങ്ങളുടെയെല്ലാം ആത്യന്തിക വിജയം. ഈജ്പിതിലെ തഹ്രീര്‍ സ്ക്വയറിലും, യെമനിലെ ഗ്രീന്‍ സ്ക്വയറിലും ബഹ്റിനിലെ പേള്‍ ചത്വരത്തിലേക്കുമെല്ലാം അവരെ നയിച്ചതും സ്വയം നിര്‍മ്മിച്ചെടുത്ത ഇച്ഛാശക്തി തന്നെയായിരുന്നുവെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും അവര്‍ക്കതിനു പ്രചോദനമായി.

ഇവിടങ്ങളിലെ സിറ്റിസണ്‍ ജേര്‍ണലിസ്റുകളെ പിന്തുണച്ചുകൊണ്ട് ചില മാധ്യമ സ്ഥാപനങ്ങളെങ്കിലും രംഗത്തുവന്നതും കണ്ടു. സമരം ശക്തമായതോടെ ഈജിപ്തിലെ തഹ്രീര്‍ ചത്വരത്തില്‍ ബ്ലോഗര്‍മാര്‍ക്കായി പ്രത്യേക ഇന്റര്‍നെറ്റ് ഹബ്ബ് സ്ഥാപിച്ചായിരുന്നു യൂടൂബ് എക്സിക്യുട്ടീവ് വേല്‍ ഗോനിയുടെ ഐക്യദാര്‍ഢ്യം. അറബ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനരോഷം അതേപോലെ പകര്‍ത്തി ജനങ്ങളിലെത്തിച്ച അല്‍ ജസീറ പോലുള്ള മാധ്യമങ്ങളും ഒപ്പം നിന്നു. ചാനല്‍ പ്രവര്‍ത്തകരെ അറസ്റുചെയ്തും ഓഫീസുകള്‍ അടച്ചുപൂട്ടിയും അധികൃതര്‍ ഇത്തരം മാധ്യമങ്ങളെ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. തലയ്ക്കുമീതെ നാറ്റോയുടെ ക്ളസ്റര്‍ ബോബുകള്‍ പ്രവഹിക്കുമ്പോഴും നിലയ്ക്കാത്ത ടെലി ഇന്‍ റിപ്പോര്‍ട്ടുകളിലൂടെ ധീരമായ മാധ്യമപ്രവര്‍ത്തനം കാഴ്ച്ചവെച്ച അവരും അറബ് ജനതയോടൊപ്പം നിലയുറപ്പിച്ചു. പ്രക്ഷോഭങ്ങള്‍ വ്യാപകമായതോടെ ഇന്ന് അറബ്ദേശങ്ങളില്‍ മാത്രം അല്‍ ജസീറക്കുളളത് 40 ദശലക്ഷം പ്രേക്ഷകരാണെന്ന കണക്കും ജനകീയ മാധ്യമ പ്രവര്‍ത്തനം അംഗീകരിക്കപ്പെടുമെന്നതാണ് തെളിയിക്കുന്നത്.
എന്നാല്‍ ഒരു അല്‍ ജസീറയും യൂടൂബും ഗാര്‍ഡിയനും മാത്രമല്ല നമ്മുടെ മാധ്യമ ലോകത്തുളളതെന്നും മറന്നുപോകരുത്. യുദ്ധഭൂമികളില്‍ നേരറിവുകള്‍ക്കായി പിടഞ്ഞുവീഴുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇന്നുമുണ്ടെങ്കിലും നേരറിയാന്‍ മുതിരാതെ ശീതീകരിച്ച മുറിയിലിരുന്ന് വാര്‍ത്ത പടയ്ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണവും കൂടുകയാണ്. എന്നാല്‍ റോയിറ്റേയ്സ് അടക്കമുളള പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ക്കുപോലും ഈ അമേച്വര്‍ വീഡിയോകളെ ആശ്രയിക്കേണ്ടിവരുമ്പോള്‍ ആ ബദലിനെ അംഗീകരിക്കാനും മാധ്യമലോകം കുറച്ചൊക്കെ തുനിയുന്നുണ്ട്. മാധ്യമലോകത്തിന്റെ വാച്ച്ഡോഗും പ്രൂഫ്റീഡറുമായി ഇത്തരം ബദല്‍ മേഖലകളും സ്വയം ഉയര്‍ന്നുവരേണ്ടതുണ്ട്. അങ്ങനെയായാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ വളരുന്ന ഫോര്‍ത്ത് എസ്റേറ്റിന്റെ രണ്ടാം മുഖത്തിന് മാറ്റുകൂടുകയേയുളളു. വിശ്വാസ്യതയും വ്യക്തതയും ഉറപ്പുവരുത്തി സിറ്റിസണ്‍ റിപ്പോര്‍ട്ടുകള്‍ക്കും ടി വി ചാനലുകള്‍ തങ്ങളുടെ ബുളളറ്റിന്‍ റണ്‍ ഡൌണുകളില്‍ ഇടം നല്‍കിയാല്‍ അത് മറ്റൊരു വിപ്ലവവുമാകും. എന്നാല്‍ ഇതൊരു പ്രക്ഷോഭകാലത്തേക്കുമാത്രം ഒതുങ്ങാതെ തുടരേണ്ടതും അനിവാര്യതയാണ്. അങ്ങനെയെങ്കില്‍ കത്തുന്ന തെരുവുകളില്‍ ചകിതരായി ഓടുന്ന ജനക്കുട്ടത്തിനിടയില്‍ നന്മചോരാത്ത ആ ദൃശ്യങ്ങള്‍ക്കായ് ക്യാമറയേന്തുന്ന കൈകളാവാന്‍ ലോകം മത്സരിക്കുന്ന കാലവും ഏറെ അകലെയാവില്ല.

Leave a Reply

Your email address will not be published. Required fields are marked *