ഓണാട്ടുകരയിലെ എണ്ണക്കച്ചവടക്കാരനും അംബാനിമാരും: ഒരു താരതമ്യ സഞ്ചാരം

ഇന്ത്യയില്‍നിന്ന് കുഴിച്ച് വാറ്റിയെടുക്കുന്നത് മൊത്തം ഉപഭോഗത്തിന്റെ 25 ശതമാനം. അതിന്റെ കുത്തകയാകട്ടെ റിലയന്‍സിനും ഒ.എന്‍.ജി.സിക്കും. അതിനും വില ഈടാക്കുന്നത് ഓണാട്ടുകരയിലെ തേങ്ങാവെട്ടുകാരനെ പോലെ, വിദേശത്തെ അതേ വിലയ്ക്ക്. 120 കോടി ജനതയെയും ഇങ്ങനെ പറ്റിക്കുന്നതില്‍ എല്ലാ പാര്‍ട്ടികളും ഒരേപോലെയാണ്-കെ.എ സൈഫുദ്ദീന്‍ എഴുതുന്നു

അടിക്കടി എണ്ണവിലകൂട്ടി നാട്ടുകാരെ സര്‍ക്കാര്‍ നിലംപരിശാക്കുമ്പോഴൊക്കെ ഓര്‍മ വരുന്നത് ഞങ്ങളുടെ നാട്ടിലെ തേങ്ങാവെട്ടുകാരനെയാണ്. ഗള്‍ഫുകാരും ഐ.ടിക്കാരുമൊക്കെ വീട്ടിലേക്ക് കാശുകൊണ്ടുവരുന്നവരായി മാറിയിട്ടും, ഒരു വീട്ടില്‍ ഒരാളെങ്കിലും ഗള്‍ഫുകാരനായിട്ടും ഇന്നും ഓണാട്ടുകരക്കാരുടെ മുഖ്യ വരുമാനവഴി തെങ്ങും തേങ്ങയും തന്നെ.

തേങ്ങ മൊത്തമായി വില പറഞ്ഞെടുത്ത് പൊതിച്ച് വെട്ടി ഉണക്കി കൊപ്രയാക്കി ആലപ്പുഴയിലെത്തിച്ചിരുന്ന ഒത്തിരിയൊത്തിരി കെട്ടുവള്ളങ്ങള്‍ ആഴ്ചതോറും ഞങ്ങളുടെ കടവുകളില്‍നിന്ന് പുറപ്പെട്ടുപോയിരുന്നു. നാല് ലോറിയില്‍ കയറുന്നത്രയും ചരക്ക് കയറ്റാന്‍ ശേഷിയുണ്ടായിരുന്ന ഒത്തിരി കെട്ടുവള്ളങ്ങള്‍ നാട്ടിലെമ്പാടുമുണ്ടായിരുന്നു. ഇന്ന് പേരിന് പോലും ഒരെണ്ണമില്ല. പകരം, കെട്ടുവള്ളം രൂപവും ചന്തവും മാറ്റിയിറക്കിയ ഹൌസ്ബോട്ടുകള്‍ എത്രയെങ്കിലുമുണ്ട്. എറണാകുളം എം.ജി റോഡിലെ തിരക്കുണ്ട് ഇപ്പോള്‍ പുന്നമടക്കായലില്‍.

പറഞ്ഞുവന്നത് പൊട്രോള്‍ വില വര്‍ധനവിനെക്കുറിച്ചാണ്. കൊപ്ര ആട്ടി എണ്ണയാക്കി വിറ്റിരുന്ന പണിയായിരുന്നു നടേ പറഞ്ഞ തേങ്ങവെട്ടുകാരന്റേത്. അയാളുടെ പിതാമഹന്മാരുടെയും തൊഴില്‍ അതുതന്നെയായിരുന്നു.

പക്ഷേ, എല്ലാ ആഴ്ചയും ചന്തയില്‍ പോയി മടങ്ങിവന്ന് അയാള്‍ പറഞ്ഞിരുന്നതത്രയും നഷ്ടത്തിന്റെ കഥകള്‍ മാത്രം. ഒരുതവണയെങ്കിലും ലാഭം കിട്ടിയതായി അയാള്‍ പറഞ്ഞ് നാട്ടുകാര്‍ കേട്ടിട്ടില്ല. പിന്നേം എന്തിനീ പണി ചെയ്യുന്നു എന്നു ചോദിച്ചാല്‍ പഠിച്ച പണിയായതുകൊണ്ട് എന്ന് മറുപടി.
പക്ഷേ, ആ നഷ്ടത്തിനിടയിലും അയാള്‍ ഒരൊന്നാന്തരം വീടുണ്ടാക്കി. നാട്ടിലെ ഏറ്റവും മുന്തിയത്. മക്കളെയെല്ലാം നല്ല നിലയില്‍ ഗംഭീരമായി കെട്ടിച്ചയച്ചു. വീട്ടില്‍ കാറും പത്രാസിനുമൊന്നും കുറവില്ല. എല്ലാവരും അയാളെ ‘മോലാളീ…’ എന്നുതന്നെ വിളിച്ചു.
ഈ തേങ്ങാ വെട്ടുകാരന്റെ അവസാനിക്കാത്ത നഷ്ടക്കണക്കാണ് എണ്ണക്കമ്പനികള്‍ പറയുന്നതെന്ന് മനസ്സിലാക്കാന്‍ അയാളുടെ കച്ചവടത്തിന്റെ രീതി മനസ്സിലാക്കിയാല്‍ മതി.

ഏതാണ്ടിങ്ങനെ അത് സംഗ്രഹിക്കാം.
ഓരോ ദിവസത്തെയും വൈകുന്നേരം 7.20ന് ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന കമ്പോളവിലനിലവാര ബുള്ളറ്റിന്‍ കേട്ട് പിറ്റേ ദിവസം അയാള്‍ തേങ്ങയെടുക്കും. ഒരു പതിനായിരം രൂപയ്ക്ക് തേങ്ങ എടുത്തു എന്നുവെയ്ക്കുക. അത് വെട്ടി കൊപ്രയാക്കി ആലപ്പുഴയിലെ മില്ലിലെത്തിച്ച് എണ്ണയാക്കുമ്പോള്‍ പുറമേ ഒരു 300 രൂപ കൂടി ചെലവ് വരുന്നുവെന്നും കണക്ക് വെയ്ക്കുക. അപ്പോള്‍ മൊത്തം ചെലവ് 10,300 രൂപയായി. എണ്ണ വിറ്റ് കൈയില്‍ കിട്ടുന്നത് വെറും 11,000 രൂപ. നാടാകെ അലഞ്ഞുനടന്ന് മേലോട്ട് നോക്കി തെങ്ങുകളില്‍ കണ്ണുവെച്ച് തേങ്ങയ്ക്ക് വില പറഞ്ഞ് വാങ്ങി പൊതിച്ച് വെട്ടി ഉണക്കി കൊപ്രയാക്കി വള്ളത്തില്‍ കയറ്റി ആലപ്പുഴയില്‍ കൊണ്ടുവന്ന് എണ്ണയാട്ടി വിറ്റാല്‍ കിട്ടുന്ന ലാഭം വെറും 700 രൂപ. കച്ചവടം നഷ്ടമാണെന്ന് അയാള്‍ പറയുന്നതില്‍ പിന്നെ എന്താണ് തെറ്റ്? മറ്റ് പണിയൊന്നും അറിയാത്തതുകൊണ്ട് പാവം വെയിലുകൊണ്ട് കൊപ്രയ്ക്കൊപ്പം സ്വയം ഉണങ്ങുന്നു എന്ന് സമാശ്വസിക്കും വെറും പാവങ്ങളായ നമ്മള്‍.
ഇനിയാണ് കണക്കില്‍ പെടാത്ത ചില കളികള്‍ കിടക്കുന്നത്. തേങ്ങ വെറുതേയങ്ങ് കൊപ്രയാകുകയല്ലല്ലോ. തേങ്ങ ആദ്യം പൊളിച്ച് പച്ചത്തൊണ്ട് മാറ്റും. അത് തൊണ്ടായി മാത്രം വിറ്റാല്‍ അതിന് കാശ് വേറേ. മൂല്യവര്‍ധിത ഉല്‍പന്നമായ കയറാക്കി അങ്ങോരുതന്നെ പരിവര്‍ത്തിപ്പിക്കുകയാണെങ്കില്‍ ലാഭം അതിലുമേറെയാകും. ഉണങ്ങിയ തേങ്ങയില്‍നിന്ന് ചിരട്ട നീക്കം ചെയ്താലേ കൊപ്രയാകൂ. ചിരട്ടയ്ക്ക് വേറേ ഡിമാന്റുണ്ട്. ഇനി മില്ലില്‍ കൊണ്ടുപോയി കൊപ്ര ആട്ടി എണ്ണയാക്കുമ്പോള്‍ അതില്‍നിന്ന് നീക്കം ചെയ്യുന്ന പിണ്ണാക്കാകട്ടെ നല്ലൊന്നാന്തരം കാലിത്തീറ്റ. അതിന് വേറേ മാര്‍ക്കറ്റ്.
നാട്ടിലെ ചില്ലറ വില്‍പ്പനക്കാര്‍ ആലപ്പുഴ മാര്‍ക്കറ്റില്‍ ചെന്ന് ഹോള്‍സെയില്‍ കച്ചവടക്കാരന്‍ പറയുന്ന വില കൊടുത്ത് എണ്ണ വാങ്ങിയാണ് നാട്ടില്‍ വില്‍പ്പന നടത്തുന്നത്. നമ്മുടെ ഈ കൊപ്ര കച്ചവടക്കാരനുമുണ്ട് ചില്ലറ വില്‍പ്പന വീടിനോട് ചേര്‍ന്ന കടയില്‍. അയാള്‍ വില്‍ക്കുന്നതും നാട്ടിലെ ചില്ലറ കച്ചവടക്കാര്‍ വില്‍ക്കുന്ന അതേ വിലയ്ക്ക്. അയാള്‍ ആലപ്പുഴയില്‍ കൊണ്ടുപോകുന്നതിന് പകരം നാട്ടിലെ ചെറുകിട മില്ലില്‍ സ്വന്തം കൊപ്ര ആട്ടി എണ്ണയുണ്ടാക്കി നാട്ടില്‍ മറുനാട്ടിലെ വിലയ്ക്ക് വില്‍ക്കുന്നു.

ഇനി പറ ഈ എണ്ണക്കച്ചവടം നഷ്ടമാണോ?
ഏതാണ്ട് ഇതേപോലെയല്ലേ നമ്മുടെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില്‍ക്കുന്നത്? എത്ര വില കൂട്ടിയിട്ടും നഷ്ടത്തിന്റെ കണക്കുമാത്രമേ അവര്‍ക്ക് പറയാനുമുള്ളു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍നിന്ന് ഒരു ബാരല്‍ അസംസ്കൃത എണ്ണ കൊണ്ടുവന്ന് വാറ്റി (സംസ്കരിച്ച് എന്നും ഭോഷന്മാര്‍ പറയും) പെട്രോള്‍ ആക്കുമ്പോള്‍ പോക്കു കൂലിയും കടത്തു കൂലിയും വാറ്റു കൂലിയും വില്‍പനക്കാരുടെ കൂലിയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വാങ്ങുന്ന നികുതികളും (അതുതന്നെ ഏതാണ്ട് ഒരു ലിറ്റര്‍ വിലയുടെ പകുതിവരും) കമ്പനികളുടെ ഉണ്ണാമന്മാരായ ഉദ്യോഗസ്ഥന്മാര്‍ പൊണ്ടാട്ടി സഹിതം വിദേശ ടൂറിന് പോയപ്പോള്‍ കുഞ്ഞിന് നാപ്കിന്‍ വാങ്ങിയതിന് വന്ന ചിലവും സഹിതം പെട്രോള്‍ വില്‍ക്കുമ്പോള്‍ കിട്ടണമെന്നാണ് എണ്ണക്കമ്പനികളുടെ ശാഠ്യം. ഒന്നര രൂപയുടെ ഉമിക്കരി വിറ്റുപോകാന്‍ മൂന്ന് ലക്ഷത്തിന്റെ പരസ്യം ചെയ്യേണ്ട നാടാണിത്. അണാപൈസപോലും പരസ്യത്തിനായി ചെലവാക്കിയില്ലേലും വിറ്റുപോകുന്ന പെട്രോളിയം ഉല്‍പ്പന്നത്തിനായി കോടികളുടെ പരസ്യങ്ങള്‍ ചെയ്യുന്നതും ഇതേ നഷ്ടത്തിലായ എണ്ണക്കമ്പനികള്‍.

ഒരു ബാരല്‍ ക്രൂഡോയില്‍ വാറ്റിയാല്‍ കിട്ടുന്ന പെട്രോള്‍ 73.81 ലിറ്റര്‍, ഡീസല്‍ 34.82 ലിറ്റര്‍, ജറ്റ്ഫ്യൂവല്‍ 15.5 ലിറ്റര്‍, ഫര്‍ണസ്ഓയില്‍ 8.7 ലിറ്റര്‍, എല്‍.പി.ജി. 7.19 ലിറ്റര്‍, സ്റ്റില്‍ ഗ്യാസ് 7.19 ലിറ്റര്‍, കരി 6.81 ലിറ്റര്‍, പെട്രോകെമിക്കല്‍ ഫീഡ്സ്റ്റോക്സ് 4.54 ലിറ്റര്‍, ലൂബ്രിക്കന്‍ഡ് 1.89 ലിറ്റര്‍
മണ്ണെണ്ണ 14.5 ലിറ്റര്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ 1.13 ലിറ്റര്‍. വെളിച്ചെണ്ണ ഉണ്ടാക്കിയ ശേഷം വരുന്ന പിണ്ണാക്കിന് സമാനമായ ടാര്‍ (ബിറ്റുമിന്‍) അഞ്ച് ലിറ്റര്‍ കൂടി ഈ വാറ്റ് പ്രക്രിയയില്‍ കിട്ടുന്നുമുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ ക്രൂഡ് ഓയില്‍ വില ഒരു ബാരലിന് 5170 ഇന്ത്യന്‍ രൂപ. വാറ്റി എടുക്കാനുള്ള കൂലി കൂടി ചേര്‍ത്താലും അത്രയും തുക പെട്രോള്‍ വിറ്റാല്‍ മാത്രം കിട്ടും. അപ്പോള്‍ തൊണ്ടും ചിരട്ടയും പിണ്ണാക്കും ഒക്കെ എന്തു ചെയ്യുന്നു എന്ന് ഒരു സാമ്പത്തിക വിദഗ്ധനും ചോദിക്കുന്നുമില്ല.
ഇന്ത്യയില്‍നിന്ന് കുഴിച്ച് വാറ്റിയെടുക്കുന്നത് മൊത്തം ഉപഭോഗത്തിന്റെ 25 ശതമാനം. അതിന്റെ കുത്തകയാകട്ടെ റിലയന്‍സിനും ഒ.എന്‍.ജി.സിക്കും. അതിനും വില ഈടാക്കുന്നത് ഓണാട്ടുകരയിലെ തേങ്ങാവെട്ടുകാരനെ പോലെ വിദേശത്തെ അതേ വിലയ്ക്ക്.

120 കോടി ജനതയെയും ഇങ്ങനെ സമര്‍ഥമായി പറ്റിക്കുന്നതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും എല്ലാ പാര്‍ട്ടികളും ഒരേപോലെയാണ്.
പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നേ, കച്ചവടം എന്നിട്ടും നഷ്ടത്തിലാ. പിന്നെ പഠിച്ച പണി ഇതായിപ്പോയില്ലേ.

2 thoughts on “ഓണാട്ടുകരയിലെ എണ്ണക്കച്ചവടക്കാരനും അംബാനിമാരും: ഒരു താരതമ്യ സഞ്ചാരം

  1. “പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നേ, കച്ചവടം എന്നിട്ടും നഷ്ടത്തിലാ. പിന്നെ പഠിച്ച പണി ഇതായിപ്പോയില്ലേ.”
    അത് മാത്രമല്ല. ഓരോ തവണ വില കൂട്ടുമ്പോഴും ഇവര്‍ക്കാഘോഷിക്കാന്‍ ഹര്‍ത്താലും എറിഞ്ഞുടക്കാന്‍ പൊതു മുതലും വേറെയും!
    ഇതിനെതിരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലേ?

  2. അതായതു 158.9873 ലിറ്റര്‍ ക്രൂഡ് ഓയില്‍ ‘വാറ്റിയാല്‍’ 248 .13 ലിറ്റര്‍
    ഉല്‍പ്പന്നങ്ങള്‍ കിട്ടും. എന്തൊരു ലാഭം…………

    സമ്മതിക്കണം……

Leave a Reply

Your email address will not be published. Required fields are marked *