കാണണം മുഖ്യമന്ത്രീ, ഈ കണ്ണുനീര്‍

പാര്‍വതീ പുത്തനാറില്‍ വീണ്ടും കുഞ്ഞുങ്ങളുടെ നിലവിളി. സമാനമായ മറ്റനേകം സംഭവങ്ങള്‍. നിലക്കാത്ത കണ്ണീരിന്റെ പതിവു ദൃശ്യങ്ങളില്‍നിന്ന് ഒരമ്മ ചോദിക്കുന്ന ചോദ്യങ്ങള്‍. സര്‍ക്കാര്‍ നിര്‍ബന്ധമായും കാണേണ്ട ആശങ്കകളുടെ ദിനസരിക്കുറിപ്പുകള്‍ -നമ്മുടെ നാട്ടിലെ എല്ലാ അമ്മമാര്‍ക്കും വേണ്ടി വാണീ പ്രശാന്ത് എഴുതുന്നു

വാണീ പ്രശാന്ത്

പാര്‍വ്വതീ പുത്തനാറിന്റെ ആഴക്കയങ്ങള്‍ നിറയെ കുരുന്നു ആത്മാക്കളുടെ നിശബ്ദമായ കളിചിരികളാവണം ഇപ്പോള്‍. വെറും ഏഴു മാസങ്ങള്‍. അതിനുള്ളില്‍ രണ്ടു വന്‍ ദുരന്തങ്ങള്‍. ഇടവും, കാരണങ്ങളും ഒന്നു തന്നെ. പുഴയുടെ ആഴങ്ങളില്‍ നിന്നു വാരിയെടുത്ത കുഞ്ഞു ശരീരങ്ങള്‍ മാത്രം വ്യത്യസ്തം. ബാക്കി എല്ലാം പതിവ് അനുഷ്ഠാനങ്ങള്‍ മന്ത്രിമാരുടെ സ്ഥലം സന്ദര്‍ശനം, വാര്‍ത്തകള്‍ക്കു വേണ്ടിയുള്ള കടുത്ത മത്സരം , ചുറ്റും സഹതാപ തരംഗങ്ങള്‍ , പുതിയ നിയമങ്ങള്‍ . പരമാവധി ഒരാഴ്ച. അടുത്ത വാര്‍ത്ത വരുമ്പോള്‍ എല്ലാവരും ഇത് മറക്കും. കരിക്കകം അപകടം മറന്നത് പോലെ ചാന്നങ്കരയും.

എല്ലാ ദുരന്തങ്ങളും നമ്മള്‍ വേഗം മറക്കും അതുയര്‍ത്തുന്ന മുന്നറിയിപ്പുകള്‍ കണ്ടില്ലെന്നു നടിച്ച് അടുത്ത ദുരന്തത്തിന് കാത്തിരിക്കും. ഒപ്പം ഒട്ടനേകം അപകടങ്ങളും ദിനചര്യകളുടെ ഭാഗമാകും. എന്നാല്‍ ഒന്നും മറക്കാനാവാത്ത ചിലര്‍ ഇവിടെ നിശ്ശബ്ദമായ തേങ്ങലോടെ ബാക്കിയുണ്ടാവും. കണ്ണീര്‍ തോരാതെ കുറെ അച്ഛനമ്മമാര്‍ … കുളിപ്പിച്ചൊരുക്കി പറഞ്ഞയച്ച കണ്‍മണികള്‍ മരണത്തില്‍നിന്ന് തിരികെ വരുമെന്ന് വ്യര്‍ഥമായി മോഹിച്ച് ജീവിതം തള്ളിനീക്കുന്ന ചിലര്‍ . ചായയും ,ഇഷ്ട പലഹാരവുമായി തളര്‍ന്നെത്തുന്ന തങ്കക്കുടങ്ങളെ കാത്തിരുന്ന്‌, ഒടുവില്‍ അവരുടെ ചേതനയറ്റ ശരീരം കണ്മുന്നില്‍ കണ്ടു തകര്‍ന്നു പോയ പാവങ്ങള്‍ ..അവര്‍ക്കാണ് നഷ്ടം.. അവര്‍ക്ക് മാത്രമാണ് നഷ്ടം.

കരിക്കകം അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയമനിര്‍മാണങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഗവണ്‍മെന്റു നടത്തി.
നഗരത്തിലെ സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം , ഡ്രൈവര്‍ക്ക് കൃത്യമായ യോഗ്യതകള്‍ , എല്ലാ സ്കൂള്‍ ബസ്സുകളിലും സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധം, ഒരു ബസ്സില്‍ രണ്ടു അറ്റന്റര്‍മാര്‍ , സ്കുളിലെ ഒരു അദ്ധ്യാപകന്‍, സേഫ്റ്റി ഓഫീസര്‍ , കുത്തി നിറച്ചു കുട്ടികളെ കൊണ്ടു പോകാന്‍ പാടില്ല, തുടങ്ങി പാര്‍വ്വതീ പുത്തനാറിനോളം നീണ്ട നിയമങ്ങള്‍. ജലരേഖ പോലെ അതങ്ങ് മാഞ്ഞു. ഇന്ന് അതേ നിയമങ്ങളുമായി അവര്‍ വരുന്നു. കണ്ണില്‍പൊടിയിടാന്‍ !!

നമ്മുടെ നാട്ടില്‍ ഒരു സംവിധാനത്തിനും ഈ നിയമങ്ങള്‍ നടപ്പാക്കാന്‍ ആവില്ലെന്ന് ഇത് പ്രഖ്യാപിക്കുന്ന വമ്പന്‍മാര്‍ക്കും, കേട്ടിരിക്കുന്ന നമുക്കും നന്നായി അറിയാം. എങ്കിലും ഇതൊക്കെ നടക്കുമെന്നും, നമ്മുടെ മക്കള്‍ സുരക്ഷിതരാവുമെന്നും പ്രതീക്ഷിച്ച് നമ്മള്‍ വീണ്ടും മൂഢ സ്വര്‍ഗത്തില്‍ കഴിയും. അടുത്ത ദുരന്തത്തിന് സാക്ഷിയാകും വരെ. എന്തെങ്കിലും ചെയ്യാനാവുക നമ്മളില്‍ ഓരോരുത്തര്‍ക്കും മാത്രമാണെന്ന് തിരിച്ചറിയുക, ഇനിയെങ്കിലും. ഇതല്ലാതെ മറ്റെന്ത് ചെയ്യാന്‍ .!

അപ്പൂപ്പന്റെയും , കുഞ്ഞനിയന്റെയും കണ്മുന്നിലാണ് സാന്ദ്രയെ സ്കൂള്‍ ബസ്സ് വലിച്ചിഴച്ചത്. അവളുടെ കുഞ്ഞുടുപ്പു ബസ്സില്‍ കുടുങ്ങിയത് അറിയാതെ വാതില്‍ അടച്ച ക്ലീനറും , വണ്ടി ‘കത്തിച്ചു ‘ വിട്ട ഡ്രൈവറും ഈ ജന്മം എങ്ങിനെ ജീവിച്ചു തീര്‍ക്കുമെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. വീടിനു മുന്നില്‍ പിടഞ്ഞു മരിച്ച ആ പൊന്നോമനയും , ഈ വാര്‍ത്തയും ഒരു കോളം ന്യൂസിനപ്പുറം ഒരു പത്രമോ, ചാനലോ മിണ്ടി കണ്ടില്ല. പത്രങ്ങളില്‍ സ്കൂളിന്റെ പേര് അച്ചടിക്കാതെയും ശ്രദ്ധിച്ചിട്ടുണ്ട് എന്നതും വലിയ കാര്യം.! അടുത്ത വര്‍ഷം ഒരു ഡിവിഷന്‍ എങ്കിലും കൂടേണ്ടതാണല്ലോ .

ചാന്നാങ്കര അപകടത്തിന്റെ നടുക്കും മാറും മുന്നേ , പിറ്റേന്ന് ഇടത്തലയിലെ ‘ അല്‍ അമീന്‍ സ്കൂള്‍ ‘ അധികൃതര്‍ കാണിച്ച ധിക്കാരം ഭീകരമായിരുന്നു. ബസ്സിന്റെ ഡ്രൈവറുടെ അഭാവത്തില്‍ , അവരുടെ തന്നെ കോളേജിലെ ഒരു വിദ്യാര്‍ഥിയെ കൊണ്ട് സ്കൂള്‍ ബസ്സ്‌ ഓടിപ്പിക്കുക . പുതിയ ബസ് ഡ്രൈവറുടെ ‘ സ്റ്റൈലില്‍ ‘ പന്തികേട്‌ തോന്നിയ പോലീസ് കേസ് എടുത്തു എന്ന് പത്രത്തില്‍ പിന്നീട് കണ്ടു. ഇരുപത്തി രണ്ടു കാരനായ ബീകോം വിദ്യാര്‍ഥിയെയും , മൂവാറ്റുപുഴയില്‍ മദ്യപിച്ചു സ്കൂള്‍ വാഹനം ഓടിച്ച ആളെയും അസ്റ് ചെയ്തു എന്ന് ഉള്‍പ്പേജില്‍ വാര്‍ത്ത. സ്കൂളിന്റെ പേരുകള്‍ അവിടെയും മാഞ്ഞുപോയി. സ്കൂള്‍ പേര് വരാതെ മാനേജുമെന്റുകള്‍ ശ്രദ്ധിക്കുമ്പോള്‍ ഒന്നോര്‍ക്കുക, അവര്‍ക്കു എണ്ണാന്‍ തലകളെ മാത്രമേ ആവശ്യമുള്ളൂ. പത്രങ്ങള്‍ക്ക് വേണ്ടത് സ്കൂളുകാരുടെ പരസ്യവും അവര്‍ വെച്ചുനീട്ടുന്ന ഔദാര്യങ്ങളും. നമുക്കോ? നമുക്കത് സ്വന്തം കുഞ്ഞോമനകളുടെ ജീവനാണ്.

കരിക്കകം അപകടത്തിലും, ചാന്നാങ്കരയിലും ബസ്സില്‍ എത്ര കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു എന്നറിയാതെ രക്ഷാപ്രവര്‍ത്തകര്‍ തുടക്കത്തില്‍ ബുദ്ധിമുട്ടി. വൈകിട്ട് മൂന്നേ മുക്കാലിന് നടന്ന അപകടത്തില്‍ എത്ര കുഞ്ഞുങ്ങള്‍ ഉള്‍പ്പെട്ടു എന്ന് അറിയുന്നത് ആറു , ആറര യോടെ മാത്രമാണ്. ഇരുപതെന്നും, ഇരുപത്തി രണ്ടെന്നും, മൂന്നെന്നും ഊഹാപോഹങ്ങള്‍ ! എന്തുകൊണ്ടിത്‌ സംഭവിക്കുന്നു? വാനില്‍ പോകുന്ന കുഞ്ഞുങ്ങളുടെ പേര് വിവരങ്ങള്‍ സ്കൂള്‍ അധികൃതര്‍ എന്തുകൊണ്ട് സൂക്ഷിക്കുന്നില്ല ?അധികൃതര്‍ നല്‍കുന്ന വിശദീകരണം ” ഇതൊക്കെ പ്രൈവറ്റ് വാഹനങ്ങള്‍ ആണ് ” എന്നതാണ്. സ്കൂള്‍ ഗേറ്റിനു പുറത്തു നിരനിരയായി കിടക്കുന്ന ടാറ്റ സുമോകള്‍ , ഓംനി വാനുകള്‍ ഒക്കെയും പ്രൈവറ്റ് ആണത്രെ!. സ്കൂള്‍ കുഞ്ഞുങ്ങളില്‍നിന്ന് കഴുത്തറുപ്പന്‍ കൂലിയും വാങ്ങി ” സ്കൂള്‍ ഓട്ടം ” നടത്തുമ്പോഴും ഇവര്‍ക്കാര്‍ക്കും സ്കൂള്‍ ബസ്സിന്റെയോ, ഡ്രൈവര്‍ മാരുടെയോ നിയമങ്ങള്‍ ബാധകമല്ല. ഒറിജിനല്‍ സ്കൂള്‍ ബസ്സുകള്‍ തന്നെ പാലിക്കുന്നില്ല പിന്നല്ലേ ഡൂപ്ലിക്കെറ്റ് ! പ്രൈവറ്റ് വാഹനങ്ങള്‍ എന്ന് സ്കൂള്‍ അധികൃതര്‍ ഉറക്കെ പ്രഖ്യാപിക്കുമ്പോളും അലിഖിതമായൊരു കോണ്‍ട്രാക്റ്റ് ഇവര്‍ തമ്മിലുണ്ട്. സ്കൂള്‍ മാനേജ് മെന്റിന് പരിചയമുള്ള / താല്‍പ്പര്യമുള്ളവര്‍ തന്നെയാണ് ഈ പ്രൈവറ്റ് വാനുകള്‍ മിക്കവയും.

2
ഈ അധ്യയന വര്‍ഷമാണ് പല രാജ്യങ്ങളിലെ വാസം കഴിഞ്ഞ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്. മകളുടെ സ്കൂള്‍ ആയിരുന്നു ഏറ്റവും വലിയ കടമ്പ. പ്രവേശനമായപ്പോള്‍ പിന്നെ അവളുടെ സ്കൂള്‍ യാത്രയായി അടുത്ത വിഷയം .അതിനായി സ്കൂളില്‍ തിരക്കിയപ്പോള്‍ ഞങ്ങളുടെ പ്രദേശത്തുനിന്ന് അവരുടെ സ്കൂളിലേക്കുള്ള കുട്ടികളെ കൊണ്ടു പോവുന്ന വാഹനത്തിന്റെ ഡൈവ്രറെ കുറിച്ച് വിവരം കിട്ടി. അങ്ങനെ അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നു.
എന്റെ സംശയങ്ങളൊന്നും അങ്ങേര്‍ക്ക് ദഹിക്കുന്നുണ്ടായിരുന്നില്ല. എത്ര വര്‍ഷത്തെ പരിചയമുണ്ട് എന്ന് ചോദിച്ചപ്പോള്‍ അതൊന്നും നിങ്ങളറിയേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി. സ്പീഡ് ഗവേണര്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഗവര്‍ണേറാ അതങ്ങ് തിരോന്തരത്തല്ലേ എന്നായിരുന്നു പുച്ഛം. പതിനഞ്ചു കുട്ടികള്‍ ആ വാനില്‍ ഉണ്ടെന്നും, എന്റെ മകള്‍ പതിനാറാമത്തെ കുട്ടിയാണെന്നും അയാള്‍ പറഞ്ഞു. ഇത്രയും കുട്ടികള്‍ എങ്ങനെ അതില്‍ പോവുമെന്ന് ചോദിച്ചപ്പോള്‍, അതൊന്നും നിങ്ങളറിയേണ്ട എന്ന മട്ടില്‍ വീണ്ടും മുഖം കോട്ടി. സൌകര്യമുണ്ടെങ്കില്‍ ഇതില്‍ അയക്കാം. അല്ലെങ്കില്‍ മറ്റു വണ്ടി നോക്കിക്കോളൂ എന്നായി മറുപടി.
ശരി, എങ്കില്‍ മറ്റു വണ്ടികള്‍ നോക്കാമെന്ന് കരുതി. ഭീകരമായിരുന്നു ആ നോട്ടം. എല്ലാ ഡ്രൈവര്‍മാരും ഒരേ മട്ട്. ഒരേ ധാര്‍ഷ്ഠ്യ. ഒരേ പുച്ഛം. ഡ്രൈവറെ കുറിച്ചോ , വണ്ടിയെ കുറിച്ചോ കൂടുതല്‍ അന്വേഷിക്കുന്നത് എന്റെ തടി കേടാക്കും എന്ന് ഉറപ്പായപ്പോള്‍ അല്‍പ്പം മാറി നിന്നു നിരീക്ഷിക്കാം എന്ന് തീരുമാനിച്ചു. പതിനഞ്ചിനും, പതിനെട്ടിനും ഇടയില്‍ കുഞ്ഞുങ്ങളെ തിരുകിയ ഒരു ഓംനി കണ്ടു. കുത്തിനിറച്ചു വരുന്ന പഴകിയ കുഞ്ഞു വാനില്‍നിന്ന് വാഗണ്‍ ട്രാജഡി കഴിഞ്ഞെന്നോണം ഇറങ്ങി വരുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ സഹിക്കാനായില്ല. സ്കൂളിന്റെ ഡയരക്ടറെ കണ്ടു സംസാരിക്കാമെന്നു വെച്ചു. ഡ്രൈവര്‍മാരായിരുന്നു, ഭേദമെന്നു തോന്നി.
‘ഞങ്ങള്‍ക്കിതില്‍ യാതൊരു ഉത്തരവാദിത്തവുമില്ല’. അദ്ദേഹം ശാന്തമായി പറഞ്ഞു.
‘ഇതൊക്കെ പ്രൈവറ്റ് വാഹനങ്ങളാണ്’.
‘അപ്പോള്‍, ഈ കുട്ടികളുടെ കാര്യമോ? അവരുടെ സേഫ്റ്റിയോ? ‘
‘അങ്ങനെയൊക്കെ നോക്കിയാല്‍ സ്കൂള്‍ നടത്താനാവുമോ? ഇങ്ങിനെ നിസ്സാര കാര്യങ്ങളില്‍ വേവാലാതിപ്പെട്ടാലോ ! അതൊക്കെ ദൈവം നോക്കിക്കൊള്ളും. ‘
ദൈവത്തിന്റെ പ്രതിപുരുഷനായി , നാഴികയ്ക്ക് നാല്‍പ്പതു വട്ടം ദൈവനാമം ഉരുവിട്ട് സ്കൂള്‍ ഗ്രൌണ്ടിലൂടെ അയാള്‍ നടന്നു.
പിന്നൊന്നും ചോദിച്ചില്ല.
ഇപ്പോള്‍ മകളെ ഓട്ടോയില്‍ കൊണ്ടു വിടുന്നു. അഞ്ചു വയസ്സിലും അവള്‍ പെണ്‍കുട്ടിയാണെന്ന് ചുറ്റുപാടുകള്‍ എന്നെ ഭയപ്പെടുത്തുന്നു. അതിനാല്‍ എന്നും ഞാനും കൂടെ പോവുന്നു, ഇളയ കുഞ്ഞിനേയും എടുത്ത് !. സമയവും അധ്വാനവും ചെലവും മറന്നു കൊണ്ട്.
സ്കൂള്‍ വാഹനം എന്ന വളരെ സാധാരണമായ ഒന്ന് നടപ്പില്‍ വരുത്താന്‍ ഇവരൊക്കെ ഇത്ര മടി കാണിക്കുന്നത് എന്തിനാണ്. എളുപ്പത്തില്‍ ചെയ്യാനാവുന്ന ഒരു കാര്യം നടപ്പില്‍ വരുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ നമ്മുടെ സര്‍ക്കാറും അധികൃതരും മാധ്യമങ്ങളുമൊക്കെ ആരെയാണ് ഇങ്ങനെ ഭയപ്പെടുന്നത്. എനിക്കിനിയും മനസ്സിലായിട്ടില്ല.
ആ വാനില്‍ പോകുന്ന ഒരു കുട്ടിയുടെ അമ്മയുമായി സംസാരിച്ചപ്പോള്‍ മനസ്സിലായത്‌ മകള്‍ വാനില്‍ ഇരിക്കുന്ന അവസ്ഥ ആ അമ്മ കണ്ടിട്ടില്ലെന്നാണ്. കാല്‍മുട്ടുകള്‍ രണ്ടു വശത്തേക്കും ചെരിച്ചിരിക്കുന്ന രണ്ടു കുട്ടികള്‍ക്കിടയില്‍ മുന്നോട്ടു നീങ്ങി മുട്ടുകള്‍ ഓടിച്ചു വളച്ചു , സീറ്റില്‍ ചന്തി തൊട്ടു, തൊട്ടില്ല എന്ന മട്ടില്‍ ആ പാവം കുട്ടി. ആ മിടുക്കി പറഞ്ഞു ഞങ്ങള്‍ ടേണ്‍ എടുത്തിരിക്കും ആന്റീ . നല്ലത്..ഷെയറിംഗ് ഇങ്ങിനെയും പഠിക്കാം മക്കള്‍ക്ക്. ! ഡ്രൈവര്‍ പതുക്കെ ഒന്നു ബ്രേക്ക് ചവിട്ടിയാല്‍ പോലും തെറിച്ചു പോകാവുന്ന പരുവത്തില്‍ ഇരിക്കുന്ന ഈ കുഞ്ഞു മക്കള്‍ ജീവനോടെ വീട്ടില്‍ തിരിച്ചെത്തുന്നതിനു നന്ദി പറയുക നാം.

3

ഇവിടെ രക്ഷാകര്‍ത്താക്കള്‍ക്കു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.

1. പി. ടി. എ ശക്തമായി ഇക്കാര്യത്തില്‍ ഇടപെടുക .നമുക്കു ചുറ്റുമുള്ള സി.ബി. എസ്. ഇ സ്കൂളുകള്‍ ബുദ്ധിപൂര്‍വ്വം റെക്കോഡില്‍ മാത്രം പി. ടി. എ ഒതുക്കുകയാണ്. എങ്കിലും നമ്മുടെ മക്കളുടെ കൂട്ടുകാരെ, അവരുടെ അച്ഛനമ്മമാരെ നമുക്ക് അറിയാമല്ലോ. ഇത്തരം സ്കൂളുകളില്‍ രക്ഷാകര്‍ത്താക്കള്‍ കൂട്ടായി സ്കൂളില്‍ ബന്ധപ്പെടുക.

2. നിര്‍ബന്ധമായും സ്കൂള്‍ / ” പ്രൈവറ്റ് ” വാഹനങ്ങളുടെ വിവരങ്ങള്‍ , ഡ്രൈവറുടെ ഡീറ്റെയില്‍സ്, തുടങ്ങിയവ സ്കൂളില്‍ സൂക്ഷിക്കുക.

3. പ്രൈവറ്റ് / സ്കൂള്‍ വാഹനങ്ങളില്‍ അറ്റന്‍ഡറെ നിയമിക്കുക. പ്രൈവറ്റ് വാഹങ്ങളില്‍ വിശ്വസ്തനായ ഒരാളെ രക്ഷിതാക്കള്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ്.

4. കുത്തി നിറച്ചു പോകുന്ന സ്കൂള്‍ വാഹനം / അമിത വേഗത്തില്‍ പോകുന്ന വാഹനം – അതു ഏതായാലും – നാട്ടുകാര്‍ എന്ന നിലയില്‍ ഇടപെടുക.

5. സ്കൂള്‍ വാഹനത്തിന്റെ ക്വാളിറ്റി നിര്‍ബന്ധമായും പരിശോധിക്കുക, ബസ്സിലും , മറ്റു വാഹനങ്ങളിലും കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റ്നി ര്‍ബന്ധമാക്കുക .

ഈ കുറിപ്പെഴുതുമ്പോള്‍ എനിക്ക് കേള്‍ക്കാനാവുന്നു,കുഞ്ഞു തേങ്ങലുകള്‍ .. നമ്മുടെ അനാസ്ഥ തട്ടിയുടച്ച കുഞ്ഞു കളിപ്പാട്ടങ്ങള്‍ ..എന്റെ പൊന്നുമക്കളേ നിങ്ങള്‍ക്ക്‌ നല്കാന്‍ ഈ അമ്മയ്ക്ക് കണ്ണീരില്ല.

4

എനിക്ക് ചോദിക്കാനുള്ളത് മുഖ്യമന്ത്രിയോടാണ്. നാടിന് പുതിയ പ്രതീക്ഷകള്‍ നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാറിന്റെ അധിപനോട്. നൂറ് ദിനം കൊണ്ട് അത്ഭുതം കാണിക്കുമെന്ന്, ജനങ്ങളുടെ പരാതികള്‍ സദാ കേള്‍ക്കുമെന്ന് നിരന്തരം പറയുന്ന അദ്ദേഹം ഇനിയും കാണാത്തതെന്താണ് ഈ കണ്ണുനീര്‍. കേരളത്തിലെ അമ്മമാരുടെ ഒച്ചയില്ലാത്ത ഈ വിലാപങ്ങള്‍

One thought on “കാണണം മുഖ്യമന്ത്രീ, ഈ കണ്ണുനീര്‍

  1. പൊതുജനത്തിന് തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു ബോധമില്ല. ദൈവൻ കാത്തുകൊള്ളും. കൊന്നവനും കൊല്ലപ്പെട്ടവനും, ക്രുത്യവിലോപം കാണിക്കുന്നവനും, അതിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നവനും കൈക്കൂലി കൊടുക്കുന്നവനും വാങ്ങൂന്നവാനും അങ്ങനെ പരസ്പരം എതിർ ചേരിയിൽ നിൽക്കുന്ന എല്ലാവരും പത്തി താഴ്ത്തി അടങ്ങി കുമ്പിട്ടു കുനിഞ്ഞുച്ചികുത്തി ഒരുമിച്ചു വീഴുന്നു ആ ദൈവന്റെ മുന്നിൽ- നാടിന്റെ ശാപമായ ആ പൊട്ട സങ്കല്പം, എന്നു മാറുന്നു വോ അന്നു മാത്രമേ ആ നാടിനു ഗതി പീടിക്കൂ.

    പ്രായോഗികമായി ചിന്തിക്കാൻ കഴിയുന്ന ഒരു രക്ഷകർത്തൃ സംഘടന എല്ലാ സ്കൂളുകളിലും ഉരുത്തിരിഞ്ഞുവരതെ, ഈ പ്രശ്നങ്ങൾക്കു പരിഹാരമാകില്ല.
    എന്നാലും വാണീ പ്രശാന്ത് ധൈര്യം വിടാതിരിക്കുക, കീഴ്പ്പടരുത്, തല്ലിപ്പൊളികലൂടെ മുന്നിൽ. മക്കളുടെ സുരക്ഷ രക്ഷകർത്താക്കളുടെ അവകാശമാൺ. അഹങ്കാരം മൂത്തുനിൽക്കുന്നവർക്കൊന്നും അതു മനസിലാവില്ല. ദൈവത്തിന്റെ സ്വന്തം നാട്.!!!

Leave a Reply

Your email address will not be published. Required fields are marked *