അമ്മച്ചിമാര്‍ രക്ഷതി ജീവിതകാലം മുഴുക്കനേ…

അല്ല നിങ്ങളൊരു പെണ്ണാണ് എന്നുവരികില്‍, വെളുത്തുതുടുത്ത ശരീരഭാഗങ്ങളുണ്ടെങ്കിലേ നിങ്ങള്‍ക്ക് ആണുങ്ങളെ (ജഡ്ജിയമ്മയെയും) പേടിക്കാനുള്ളൂ. ആണുങ്ങളെ ആരെയെങ്കിലും കണ്ട് നിങ്ങള്‍ക്ക് വികാരം വന്നാല്‍ എന്തെല്ലാം ചെയ്യാനുള്ള മൌലികാവകാശം നിങ്ങള്‍ക്കുണ്ട്‌ എന്ന് അവരോട് സ്വകാര്യമായി ചോദിച്ചു മനസ്സിലാക്കാം- കെ.എസ് സുദീപ് എഴുതുന്നു

കൈരളി ടി.വിയിലെ മനസ്സിലൊരു മഴവില്ല് എന്ന പരിപാടിയില്‍ അവതാരക ഭാഗ്യലക്ഷ്മി

കൌമാരത്തില്‍ പിതാവും യൌവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനുമൊക്കെ സ്ത്രീയെ രക്ഷിച്ചിരുന്നത്‌ പണ്ട്. ഇന്നിതാ കാലം മാറി. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് നമ്മള്‍ ജീവിക്കുന്നത്.
കാലം മാറിയത് വേണ്ടപോലെ മനസ്സിലാവാത്ത ചില പുരുഷകേസരികള്‍ ഇപ്പോഴും സ്ത്രീകളുടെ സംരക്ഷകരായി സ്വയം അവരോധിച്ച് നാണം കെടാറുണ്ട്. അതില്‍ പിതാക്കളും ഭര്‍ത്താക്കന്മാരും മക്കളും മരുമക്കളും ഇവരൊന്നുമല്ലാത്തവരും ചിലപ്പോള്‍ ഇതെഴുതുന്ന ഈ ഞാനും ചിലപ്പോള്‍ ഇത് വായിക്കുന്ന നിങ്ങളും ഒക്കെ പെട്ടു എന്നുവരാം. അമ്മയോടും ഭാര്യയോടും മകളോടും കൂട്ടുകാരിയോടും ചിലപ്പോള്‍ നമ്മുടെ വഴിയില്‍ കണ്ടുമുട്ടുന്ന നമുക്കൊരു പരിചയവുമില്ലാത്ത സ്ത്രീകളോടുമൊക്കെ ‘ആണുങ്ങളില്‍ നിന്ന്’ രക്ഷപ്പെടാന്‍ എങ്ങനെ, ആരുടെ കൂടെയൊക്കെ, എവിടെയൊക്കെ, ഏതൊക്കെ സമയങ്ങളില്‍ നടക്കാം, എങ്ങനെ നടക്കരുത് എന്നൊക്കെ ഉപദേശിക്കാന്‍ ചെല്ലുന്ന നമ്മള്‍ ആണുങ്ങള്‍. അത് നമ്മുടെ വിവരക്കേട്.

ഇന്നത്തെക്കാലത്ത് ഇതൊക്കെ പെണ്ണുങ്ങള്‍ തന്നെ ഏറ്റെടുത്തിരിക്കുന്നു. പണ്ട് പെണ്ണുങ്ങള്‍ ചെയ്തിരുന്നില്ല എന്നല്ല. വീട്ടിനകത്ത് പെണ്‍മക്കളെ ഇതൊക്കെ പഠിപ്പിക്കുന്നത് പണ്ടേ അമ്മമാരുടെ ജോലിയാണ്. ഇപ്പോള്‍ പുറത്തും കൂടി അങ്ങനെയാണെന്ന് മാത്രം.

ഏറ്റവുമൊടുവില്‍ ഈയുള്ളവന് ഈ തിരിച്ചറിവുണ്ടായത് ഇന്നലെ (സെപ്റ്റംബര്‍ 28-ന്‌) കൈരളി ടി വിയില്‍ ‘മനസിലൊരു മഴവില്ല്’ എന്ന പരിപാടി കണ്ടപ്പോഴാണ്. വലിയ പുരോഗമനമുള്ള പരിപാടിയാണ്. മിശ്രവിവാഹിതരായ ദമ്പതിമാര്‍ വന്ന് അവരുടെ പ്രണയകാല സാഹസങ്ങളുടെ കഥ പറയുന്നു. ഇടയ്ക്ക് അവതാരകയായ ഭാഗ്യലക്ഷ്മിയുടെ ചില നിഷ്കളങ്കമായ കമന്റുകളും അതിലും നിഷ്കളങ്കമായ ചില ചോദ്യങ്ങളും.

ദീപയുടെ കൂടെ കഥാമത്സരത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവര്‍ തമ്മില്‍ പരിചയപ്പെട്ട കഥ പറയുകയായിരുന്നു അജിജോണ്‍. ശ്രീമതി ഭാഗ്യലക്ഷ്മിയുടെ നി.ക. ഇങ്ങനെ: “പറയണമെന്നില്ല — സൌഹൃദത്തിലായിരുന്നു തുടക്കം, പിന്നീട് പ്രണയമായി.. അല്ലേ? അല്ലെങ്കിലും എല്ലാ സൌഹൃദവും പ്രണയത്തിലേ കലാശിക്കത്തൊള്ളൂ.. ചുമ്മാതല്ല വീട്ടുകാര്‍ പറയുന്നത് ആണ്‍കുട്ടികളുമായി സൌഹൃദത്തിന് നില്‍ക്കരുത് എന്ന്..”

ഇവള്‍ ഒരു വഴിയ്ക്കായതോ പോകട്ടെ, വീട്ടിലിരിക്കുന്ന പെണ്‍കുട്ടികളെങ്കിലും ഇങ്ങനെ വേണ്ടാത്ത പരിപാടിയ്ക്കൊന്നും ഇറങ്ങിപ്പുറപ്പെടാതിരിക്കാന്‍ പറ്റാവുന്നതൊക്കെ നമ്മള്‍ ഉത്തരവാദപ്പെട്ട അമ്മമാര്‍ ചെയ്യേണ്ടേ? ഫ്രണ്ട്സ്‌ ആണ് എന്നും പറഞ്ഞ്‌ ആമ്പിള്ളാരുടെ കൂടെ ഇവരെയൊക്കെ ഇങ്ങനെ കയറൂരി വിടാമോ? എന്നും നമ്മുടെ സംസ്കാരത്തിന്റെ രക്ഷകരായി നിന്നിട്ടുള്ള സീരിയലുകളില്‍ പോലും ഇപ്പോള്‍ ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പ്പെടുന്ന സുഹൃദ്സംഘങ്ങള്‍.. എങ്ങോട്ടാണ് നമ്മുടെയൊക്കെ പോക്ക്!

(‘എല്ലാ പ്രണയവും വെറും സൌഹൃദത്തില്‍ കലാശിക്കുമ്പ്ളാ ഇന്നിത്’ എന്നാണ് ഒരു പെണ്‍സുഹൃത്ത് ഫെയ്സ്ബുക്കില്‍ ഇതിനോട് പ്രതികരിച്ചത്. ‘എല്ലാ സൌഹൃദവും ഗര്‍ഭത്തിലേ കലാശിക്കത്തൊള്ളൂ എന്ന് പറയാഞ്ഞത് ഫാഗ്യം’ എന്ന് മറ്റൊരു സുഹൃത്ത്.)

അതിലും നിന്നില്ല. കുറച്ചു കഴിഞ്ഞ്‌ വരുന്നു, നിഷ്കളങ്കമായൊരു ചോദ്യം: “കുറച്ചുകൂടി കാത്തിരുന്നിരുന്നുവെങ്കില്‍, വീട്ടുകാരെ വിഷമിപ്പിക്കാതെ, അവരുടെ സമ്മതത്തോടുകൂടി ഈ കല്യാണം നടത്താമായിരുന്നു എന്ന് തോന്നുന്നില്ലേ?”

(എല്ലാവരും ഇങ്ങനെ രേയ്ശാപ്പീസില്‍ പോയി കല്യാണം കഴിച്ചാല്‍ കല്യാണ്‍ സില്‍ക്സ് പൂട്ടിപ്പോവില്ലേന്നും? പിന്നാരാണ്‌ നമ്മുടെ പരിപാടി സ്പോണ്‍സര്‍ ചെയ്യുന്നത്?)

അതിന്‌ അജിജോണ്‍ നല്ല മറുപടി കൊടുത്തു ഏതായാലും.

രണ്ട്‌

“തുട കാണിയ്ക്കുക, വയറു കാണിയ്ക്കുക. പിന്നെ, തോള്‍ഭാഗം — നല്ല വെളുത്ത ഒര്.. ഇതെന്തിനാണ് കാണിക്കുന്നത്.. ആരെക്കാണിക്കാനാണ്? ഇത് കാണിച്ചുകൊണ്ട് നടക്കണോ? എന്നാല്‍പ്പിന്നെ ഷെഡ്ഡിയുമിട്ടേച്ചു നടന്നാല്‍ പോരേ? നല്ല വെളുത്തുതുടുത്ത ഒര് പെണ്‍കുട്ടി.. പകുതി.. ഇത്രയും ഭാഗം തുറന്നിട്ടുണ്ട്. ബ്രാ ഇങ്ങനെ.. ശരിയ്ക്കു ഫിറ്റുചെയ്ത് വച്ചിട്ടുണ്ട്. വയറു കാണിച്ചിട്ടുണ്ട്, പൊക്കിളുണ്ട്. പുറകുവശം നല്ല തുടുത്തു വെളുത്തിരിക്ക്യാ. ഏതൊരു പെണ്‍.. ആണായാലും ഒന്നു തൊട്ടുനോക്കാന്‍ ഒരാഗ്രഹം ഉണ്ടാവൂല്ലേ? നിങ്ങളെല്ലാം പറ.. നിങ്ങള്‍ക്കെല്ലാം വികാരങ്ങള്‍ ഉണ്ടാവൂലെ?” സെപ്റ്റംബര്‍ 17-ന്റെ ‘നമ്മള്‍ തമ്മി’ലില്‍ ജസ്റ്റിസ് ശ്രീദേവിയമ്മ പറഞ്ഞതാണ്. വീഡിയോ യൂട്യൂബില്‍ തപ്പിയാല്‍ കിട്ടും.

അങ്ങനെ ഒരു വികാരം തോന്നാത്തവരൊന്നും ആണല്ല എന്നാണ് ആയമ്മ പറയുന്നത്. അതുകൊണ്ട്‌ നിങ്ങള്‍ ഒരു ആണാണെങ്കില്‍ ‘ഉണ്ടാവില്ല’ എന്ന് മറുപടി പറയുന്നത് സൂക്ഷിച്ചുവേണം. ഇനി അങ്ങനെ ഒരു വികാരം ഉണ്ടായാല്‍ അവളെ കേറിപ്പിടിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടനയുടെ ഏതെങ്കിലുമൊക്കെ വകുപ്പ് പ്രകാരം നമുക്ക് കിട്ടുന്നുണ്ടാവണം. ജഡ്ജിയമ്മയാണല്ലോ പറയുന്നത്.

അല്ല നിങ്ങളൊരു പെണ്ണാണ് എന്നുവരികില്‍, വെളുത്തുതുടുത്ത ശരീരഭാഗങ്ങളുണ്ടെങ്കിലേ നിങ്ങള്‍ക്ക് ആണുങ്ങളെ (ജഡ്ജിയമ്മയെയും) പേടിക്കാനുള്ളൂ. ആണുങ്ങളെ ആരെയെങ്കിലും കണ്ട് നിങ്ങള്‍ക്ക് വികാരം വന്നാല്‍ എന്തെല്ലാം ചെയ്യാനുള്ള മൌലികാവകാശം നിങ്ങള്‍ക്കുണ്ട്‌ എന്ന് അവരോട് സ്വകാര്യമായി ചോദിച്ചു മനസ്സിലാക്കാം.

(തന്നെ — സ്ത്രീകള്‍ ട്രെയിനില്‍ തനിച്ചു യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും മൊബൈല്‍ ഫോണ്‍ വഴി പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കുന്നു എന്നുമൊക്കെ കുറച്ചുദിവസം മുമ്പ്‌ പറഞ്ഞ അമ്മച്ചി തന്നേണ് ഈ പറഞ്ഞത്.)

അപ്പോള്‍ ആണ്‍ജനങ്ങളേ, ഇക്കാലത്ത് സ്ത്രീകളെ രക്ഷിക്കാന്‍ ഇങ്ങനെ എന്തിനും പോരുന്ന സ്ത്രീകളുണ്ട് എന്നു മനസ്സിലാക്കുക. വീട്ടിലുള്ള അമ്മമാര്‍ക്കും അത്തിമുറ്റത്തെ അമ്മമാര്‍ക്കുമൊക്കെ പുറമെയാണ് ഇവര്‍. ഇനി നിങ്ങളുടെ ആവശ്യമില്ല. അത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

16 thoughts on “അമ്മച്ചിമാര്‍ രക്ഷതി ജീവിതകാലം മുഴുക്കനേ…

 1. മിശ്ര വിവാഹം മാങ്ങാത്തൊലി! മിശ്ര വിവാഹത്തെ കുറിച്ച് വല്യ പുരോഗമന വാദങ്ങള്‍ മുഴക്കുന്നവരില്‍ പലരും ഉള്ളില്‍ വളരെ ഇടുങ്ങിയ ചിന്താഘതിയുമായി, അധീശ്വത പ്രത്യയ ശാസ്ത്രത്തോട്‌ ചേര്‍ന്ന് നിന്ന് പോകുന്നവരാണ്. കുറച്ചു മാസങ്ങള്‍ക്ക് മുന്പ് മാതൃഭൂമി ഒരു മിശ്ര വിവാഹ/മതേതര പ്രണയ സ്പെഷ്യല്‍ ലക്കം ഇറക്കിയതിലെ മുന്വിഷികള്‍ നാം കണ്ടതാണല്ലോ.
  http://samaanamanaskan.blogspot.com/2010/10/my-name-is-shajahanraheemfaheem-my-wife.html

 2. നല്ല പോസ്റ്റ്.

  ഒരു കാര്യം എക്സ്ട്രാ പറയാനുള്ളത്.

  എല്ലാ സ്ത്രീപുരുഷസൗഹൃദങ്ങളും പ്രണയത്തില്‍ (അല്ലെങ്കില്‍ ലൈംഗികതയില്‍) കലാശിക്കും എന്ന് തന്നെയിരിക്കട്ടെ(ഹൈപ്പോതെറ്റിക്കലി, അങ്ങനെയാണെന്നല്ല). അതിലെന്തെങ്കിലും കുഴപ്പമുണ്ടോ? പ്രണയവും ലൈംഗികതയും കടന്നുവരാത്തതാണ് ഞങ്ങടെ സൗഹൃദബന്ധങ്ങള്‍ , ഞങ്ങടെ ഡിഗ്നിറ്റിയെ ചോദ്യം ചെയ്യരുത് എന്നൊരു ടോണ്‍ ആവശ്യമില്ല എന്നാണെന്റെ പക്ഷം
  എന്റെ സൗഹൃദങ്ങളില്‍ (ആണിനോടായാലും പെണ്ണിനോടായാലും ) പ്രണയമോ രതിയോ ചിലപ്പോള്‍ കടന്നു വരാം എന്നേ ഞാനാരോടും പറയൂ. അങ്ങനെയൊന്നുമുണ്ടാകാത്ത ബന്ധങ്ങളുണ്ട് എന്നതൊരു ഡിഗ്നിറ്റിയായി ഉയര്‍ത്തിക്കാട്ടി സ്ത്രീപുരുസൗഹൃദങ്ങളില്‍ എന്താ കുഴപ്പം എന്ന് ചോദിക്കുന്നത് കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനമുണ്ട് എന്നെനിക്ക് തോന്നുന്നില്ല. ‘നിന്നെ വിശ്വസിച്ചാണ് നിന്റെ സൗഹൃദങ്ങളെ സൗഹൃദമായി മാത്രം കണ്ട് ഞാനെല്ലാം അനുവദിച്ചത്, എന്നിട്ടും നീ ഇങ്ങനെ കാണിച്ചല്ലോ’ എന്ന് അച്ഛനമ്മമാരെക്കൊണ്ട് സെന്റിയടിപ്പിക്കാം എന്നല്ലാതെ വേറെ പ്രയോജനമില്ല അല്ലെങ്കില്‍.

  • …..Calvin, have you seen Amritha TVs prog, kathayallithu jeevitham… athiumundu oru kidilan anchor ammayum and a group of judges……

    • in kerala orkut community, i had started a thread on this programme and the responses were illuminating…… and i find it more distasteful because they drag small kids into prog to increase senti value

 3. എല്ലാ ആണ്‍-പെണ്‍ സൌഹൃദങ്ങളിലും പ്രണയം, രതി ഒക്കെ കടന്നുവരാത്തത് ഒരു dignity ആണെന്ന് ഉദ്ദേശിച്ചില്ല കാല്‍വിന്‍.. അത് ചിലപ്പോള്‍ സന്തോഷകരവും ചിലപ്പോള്‍ (ഇഞ്ചി പറഞ്ഞതുപോലെ) ദു:ഖകരവുമായ ഒരു സത്യം മാത്രം 🙂 കമന്റിന് നന്ദി.

 4. അടുക്കാന്‍ അരുതാത്ത ഒരാഗ്രഹം ഉണ്ടെന്നുള്ളില്‍
  എങ്കിലും
  അകല്ച്ചയിലുള്ളയീ അടുപ്പമല്ലോ
  പ്രണയമെന്ന പരമാര്‍ത്ഥം
  അറിയുന്നു ഞാന്‍

 5. സുദീപിനൊരു ചുമ്മാ ലൈക്കും കാൽ‌വിടെ കമന്റിനൊരു മുട്ടൻ ലൈക്കും :))

 6. എല്ലാ സ്ത്രീ പുരുഷ സൌഹൃദങ്ങളും പ്രണയത്തിലും സെക്സിലും കലാശിച്ചാല്‍ (ഹൈപ്പോതെറ്റിക്കലി അങ്ങനെയല്ലെങ്കിലും) അതില്‍ ഒരു കുഴപ്പവും ഇല്ലെ കാല്‍വിന്‍ ????? സപ്പോസ് എനിക്ക് നാല് സൌഹൃദങ്ങള്‍ ഉണ്ട് നാലും ഈ പറഞ്ഞതില്‍ ചെന്നെത്തിയാല്‍ ഒന്നുകില്‍ എന്റെ പ്രണയത്തിന്റെ അല്ലെങ്കില്‍ എന്റെ സൌഹൃദത്തിന്റെ ഡിഗിനിറ്റി ചോദ്യം ചെയ്യപ്പെടില്ലെ വേറെ ആര്‍ക്കും മുമ്പിലല്ല അവനവന്റെ മുമ്പിലെങ്കിലും ???

 7. അമ്മയും പെങ്ങളും കാമുകിയും അല്ലാതെ ഒരുവള്‍ എന്ന മാതൃഭുമിയില്‍ ഈയടുത്ത് വന്ന ഒരു ലേഖനം ഓര്‍ത്ത്‌ പോകുന്നു……എത്ര സൌഹൃദം സംസാരിച്ചാലും ഒരു കാമുകന്മാരും ഇല്ലാത്ത സുഹൃത്താണ് എങ്കില്‍…നാളെ ???????

 8. Rajeesh, അത് മനസ്സിലായില്ല.. ഒരു കാമുകന്മാരും ഇല്ലാത്ത സുഹൃത്താണ് എങ്കില്‍, നാളെ അവരോട് പ്രേമം തോന്നിയാല്‍, അത് പ്രശ്നമാവും എന്നാണോ ഉദ്ദേശിച്ചത്? അങ്ങനെയാണെങ്കില്‍, എന്തുകൊണ്ടാണ് അതൊരു പ്രശ്നമാവുന്നത്? (ആ പറഞ്ഞ ലേഖനം വന്നത് മാതൃഭൂമിയിലല്ല, ദേശാഭിമാനി വാരികയിലാണ്.)

 9. പൗഡറുമിട്ട്, പൊട്ടുംകുത്തി ടി വിയില്‍ കുത്തിയിരുന്നു വിടുവായ് പറയാമെന്നല്ലാതെ അവരെക്കൊണ്ടെന്തിനാവും. പറ്റുകയാണെങ്കില്‍ ഇത്തരം പ്രോഗ്രാമുകള്‍ ആരും കാണാതിരിക്കുക. well written sudeep.

 10. പ്രണയത്തെയും ലൈഗീഗതയെയും സദാചാരത്തിന്റെ ഉള്ളില്‍ തലച്ചിടെണ്ടത് വ്യവസ്ഥിതിയുടെ ആവിശ്യമാണ്അതോ സൃഷിട്ട്കികയും സംരക്ഷിക്കയും ചെയ്യുന്നത് മതങ്ങളും മാധ്യമങ്ങളും അടങ്ങുന്ന ഒരു ഭരണ കൂടാ പിമ്പുകള്‍ തന്നെ അത്തരം സീരിയലുകളും സിനിമകളിലും ഒരു ജനതയെ മൊത്തം തളച്ചിടുകയും അതിന്റെ കുഴലൂത്തുകാരക്കയും ചെയ്യേണ്ടത് വ്യവസ്ഥിതിയുടെ കുഴലൂത്തുകാരന്‍ മാത്രമായി തീരും ///// ലൈഗീകത പ്രണയവും നന്നായി ആഘോഷിക്കതന്നെ വേണം അതിന്റെ സ്വതാന്ത്രമാക്കുക്ക ഇതെലം അരജകമാണ് എന്ന് കരുതുന്നവരോട് പറയാനുള്ള ഒന്ന് മാത്രം രാജകത്വതിനു എതിരാണ് അരാജകം എങ്കില്‍ ഇത് ജനാധിപത്യ ലോകമാണ് എന്ന് മാത്രം

 11. ഈ വക പ്രതികരണങ്ങള്‍ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുറവാണു ….. ഡിഗ്രി എല്ലാര്ക്കും ഇഷ്ടം പോലെ ഉണ്ട് പറഞ്ഞിട്ടെന്ത കാര്യം ………. ശ്രീദേവി പറഞ്ഞ എപിസോഡ് ഞാന്‍ കണ്ടിരുന്നു … അരോചകം തോന്നി അത് കേട്ട് …… നമ്മുടെ പയ്യന്മാര്‍ എങ്ങിനെ ചിന്തിക്കണം എന്ന് അങ്ങോട്ട്‌ പറഞ്ഞു കൊടുക്കും പോലെ തോന്നി ….. ഒരു പീഡനം നടന്നാല്‍ ആദ്യം ആള്‍ക്കാര്‍ അന്വേഷിക്കുന്നത് പെണ്ണിന്റെ വസ്ത്രധാരണം ആ സമയത്ത് എങ്ങിനെ ആയിരുന്നു എന്നാണ് ….. ചില ചട്ടകൂടിനു അകതല്ലെങ്കില്‍ അവളുടെ കാര്യം പോക്ക …… ഈ വക വനിതാ കമ്മീഷന്‍ സ്ഥാനത്ത് ഉള്ളത് സ്ത്രീകള്‍ക്ക് എത്ര ഗുണംയിട്ടുണ്ടാവും എന്ന് സംശയിക്കുന്നു. ആരെങ്കിലും പറ്റുമെങ്കില്‍ കതയില്ലിത് ജീവിതം കാണുക ….. ഏറ്റവും വലിയ ഡ്രാമ അരെങ്ങേരുന്നു….. അതും പരിശുദ്ധയായ വിധുഭാല യുടെയും കൊറച്ചു കാരണവന്മാരുടെയും നടുക്ക് …… ഈ അടുത്ത കാലത്ത് ഉണ്ടായ എപിസോഡ് … ഒരു സ്ത്രീ പറയുന്നു അമ്മയിഅച്ചന്റെ sexual പീഡനം … അമ്മായി അമ്മയുടെ പീഡനം …. എല്ലാം കഴിഞ്ഞു expiry ഡേറ്റ് കഴിഞ്ഞ ഒരു മാന്യദേഹം ചോതിക്കുന്നു …. ഇത് വരെ നിങ്ങള്‍ ഭര്‍ത്താവുമായി പിരിഞ്ഞത് എന്തിനാണെന്ന് മനസിലാവുന്നില്ല എന്ന് !!!! ആ ഒരൊറ്റ വരിയില്‍ ഒതുങ്ങി അമ്മയിഅച്ചന്റെ പീഡനം പിന്നെ അത് ആരും ചോതിച്ചു പോലുമില്ല …..

Leave a Reply to nitha Cancel reply

Your email address will not be published. Required fields are marked *