ബ്രോക്കര്‍ കാലം

അറിയിപ്പ്: ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി സാദൃശ്യമുണ്ടാകാം. അത് യാദൃശ്ചികമല്ല.

കവലകളില്‍ മൂന്നുപേര്‍ രഹസ്യമായി സംസാരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളോ കമീഷന്‍ വീതം വെപ്പിനെയോക്കുറിച്ചാകും എന്ന് ഉറപ്പിക്കാം. സ്ഥലം വാങ്ങി മറിച്ചു വില്‍ക്കുകയോ ബ്രോക്കറേജ് വാങ്ങുകയോ ചെയ്യാത്തവര്‍ മണ്ടന്‍മാരെന്ന് മുദ്രകുത്തപ്പെടാം-ബ്രോക്കര്‍മാര്‍ വാഴും കാലത്തെ ജീവിതങ്ങള്‍ പകര്‍ത്തുന്നു, മാധ്യമ പ്രവര്‍ത്തകനായ എ.ടി മന്‍സൂര്‍

ഒരു നാട് കങ്കാണിമാരാവുന്നവിധം

വീട് നിര്‍മിക്കാന്‍ സ്ഥലം അന്വേഷിച്ചുമടുത്ത സുഹൃത്തിന്റെ അലച്ചില്‍ അവസാനിച്ചത് മാസങ്ങള്‍ക്കു ശേഷമാണ്. ഒടുവില്‍ ബ്രോക്കര്‍ മുഖേന കണ്ട സ്ഥലം ഇഷ്ടപ്പെട്ടു. ഇടപാടുനടത്തുമ്പോള്‍ കൂടെവരണമെന്ന സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ കാറില്‍ കയറിയത്. വണ്ടി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ തന്നെ ബ്രോക്കര്‍ സത്യം പറഞ്ഞു.
സ്ഥലത്തിന്റെ ഉടമയുടെ വീട് അറിയില്ല. വഴിയില്‍ വെച്ച് രണ്ടു പേരെ കാറില്‍ കയറ്റണം. എന്നാലേ അവിടെയെത്താനാവൂ.
വണ്ടി നിര്‍ത്തിയപ്പോള്‍ കാറില്‍ മൂന്നു പേര്‍ കൂടി കയറി. തിങ്ങിഞെരുങ്ങി കാര്‍ മുന്നോട്ടെടുത്തപ്പോഴേക്കും മുന്നിലും പിന്നിലും രണ്ടു ബൈക്കുകളിലായി നാലുപേര്‍ അകമ്പടി. ബ്രോക്കറോട് ചോദിച്ചപ്പോള്‍ ശാന്തനായി മറുപടി നല്‍കി. അവരും ഈ ഇടപാടിലുണ്ട്.
സ്ഥലം എത്തിയപ്പോള്‍ ഞങ്ങള്‍ കാര്‍ നിര്‍ത്തി ഉടമയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. കോളിങ്ങ്ബെല്ല് കേട്ട് വാതില്‍ തുറന്ന സ്ഥല ഉടമ ആദ്യമൊന്നമ്പരന്നു. വിലപേശി കച്ചവടമുറപ്പിക്കുമ്പോള്‍ രണ്ടുപേരൊഴികെ മറ്റുള്ളവര്‍ കമാന്‍ഡോകളെ പോലെ വീടിന് കാവല്‍ നില്‍ക്കുകയായിരുന്നു. അഡ്വാന്‍സ് വാങ്ങുമ്പോള്‍, സ്ഥല ഉടമയായ വൃദ്ധന്‍ മണിചെയിന്‍ കണ്ണികളെപോലെ കമീഷനുവേണ്ടി കാത്തിരിക്കുന്ന ബ്രോക്കര്‍മാരെ ശപിച്ചു.

2
ഈ കഥ നടന്നത് പയ്യന്നൂരിലാണ്. സ്ഥലം പൊലീസ് സ്റ്റേഷന്‍. ഒരു കേസില്‍ പിടിയിലായ പ്രതി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറാണെന്ന് സി.ഐക്ക് മനസ്സിലായി. നല്ല സ്ഥലം കസ്റ്റഡിയിലുണ്ടോ എന്നായിരുന്നുപിന്നെ അങ്ങുന്നിന്റെ ചോദ്യ. ദോഷം പറയരുതല്ലോ, ഇത്തിരി കഴിഞ്ഞപ്പോഴേക്കും പ്രതിയും സി.ഐയും റിയല്‍ എസ്റ്റേറ്റ് പങ്കാളികളായി. പിന്നീട് ഇരുവരും കൂട്ടുകച്ചവടം നടത്തി നല്ല കാശുണ്ടാക്കിഎന്നത് നാട്ടിലെ പാട്ട്.

3
സ്കൂള്‍ പഠനം നിര്‍ത്തിയശേഷം ഗള്‍ഫില്‍പോയി തിരിച്ചുവന്ന് ബ്രോക്കറായും സ്ഥലം മറിച്ചുവിറ്റും കാശുണ്ടാക്കിയ നാട്ടിന്‍പുറത്തുകാരനായ ബഷീര്‍ കാര്‍ വാങ്ങാന്‍ പോയ കഥ അതി രസകരമാണ്.
ബഷീര്‍ ഉള്‍പ്പെടെ മൂന്നു സഹോദരങ്ങള്‍ക്ക് വാഗണ്‍^ആര്‍ കാറുവേണം. തനി നാടന്‍ വേഷത്തില്‍ കാര്‍ ഷോറൂമിലെത്തിയ ബഷീര്‍, ചുവപ്പ്,മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുള്ള മൂന്നു കാറുകള്‍ ആവശ്യപ്പെട്ടു.
ഇതും പവട്ടല്ലെങ്കില്‍ പിശന്ന, എന്നായി സെയില്‍സ്മാന്‍.
കാര്യം പിടികിട്ടിയ ബഷീര്‍ കാറിന്റെ വില ചോദിച്ചു. നാലുലക്ഷമാകും. തവണ വ്യവസ്ഥയും ഉണ്ടെന്ന് സെയില്‍സ്മാന്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് നിങ്ങടെ കടമൊന്നും വേണ്ടെന്ന് പറഞ്ഞ് ബഷീര്‍ മുണ്ടിന്റെ അരയില്‍ നിന്ന് നാലുലക്ഷത്തിന്റെ മൂന്നുവീതം പൊതികളെടുത്ത് മുന്നിലിട്ടു. ഇത് ഒരുകാറിന്റേത്, ഇത് മറ്റേ കാറിന്റേത്, ഇത് വെള്ളകാറിന്റേത്.
ഇത്രയും കേട്ടതും സെയില്‍സ്മാന്‍ തല കറങ്ങി വീണെന്നാണ് കഥാന്ത്യം.

4
പാര്‍ട്ടി ലോക്കല്‍ നേതാവാണ് കാസര്‍കോട് ജില്ലയില്‍ ഉശിരന്‍ ഇടപാട് നടത്തിയത്. വഴിതര്‍ക്കമായിരുന്നു പശ്ചാത്തലം. മധ്യസ്ഥനായെത്തിയ നമ്മുടെ സഖാവ് സ്ഥലം വാങ്ങി പ്രശ്നം തീര്‍ത്തു. ഇരട്ടി വിലക്ക് സഖാവ് അത് മറിച്ച് വിറ്റത് ദിവസങ്ങള്‍ക്ക് മുമ്പാണ്.
മകന്റെ സ്ഥലം വിറ്റ പിതാവ് കമീഷന്‍ ആവശ്യപ്പെട്ടതാണ് ഒടുവില്‍ കേട്ടകഥ.

5
പത്തുവര്‍ഷം മുമ്പ്വരെ ജോലിയില്ലാതെ തെക്ക് വടക്ക് നടന്നിരുന്നവരോട് ഗള്‍ഫില്‍ പോയിക്കൂടെ എന്നായിരുന്നു പലരും ചോദിച്ചിരുന്നത്. ഇപ്പോള്‍ ചോദ്യം മാറി.
നിനക്കെന്നാല്‍, വല്ല റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുമായിക്കൂടെ?
ജാതി,മതഭേദമന്യേ ഇന്ന് കേരളീയര്‍ ചോദിക്കുന്ന ചോദ്യം തന്നെയാണിത്. റിയല്‍എസ്റ്റേറ്റ് ബ്രോക്കര്‍ എന്ന പണം കായ്ക്കുന്ന ജോലി.
സംഘടിത തൊഴില്‍ വര്‍ഗമായി മാറിയ ഇവര്‍ക്ക് യൂനിയനുണ്ട്. ക്ഷേമനിധിയും പെന്‍ഷനുമാണ് അവരുടെ പുതിയ ആവശ്യം. ബ്രോക്കര്‍മാരില്ലാതെ സ്ഥലം വില്‍ക്കാന്‍ വിടില്ല എന്ന് നിയമവും ഇനി വരുമായിരിക്കും. കമീഷന്‍ എന്ന പിടിച്ചുപറി നിയമവിധേയമാക്കണമെന്നായിരിക്കും അടുത്ത ആവശ്യം. ഇടത്, വലത് തൊഴിലാളി സംഘടനകള്‍ ഈ പിടിച്ചുപറി യൂനിയന് അഫിലിയേഷനും നല്‍കിയിട്ടുണ്ട്. തൊഴിലാളി യൂനിയനുകള്‍ക്ക് അംഗബലം മാത്രമല്ലേ വേണ്ടൂ. ഭൂമി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ രജിസ്ട്രാര്‍ ഓഫീസില്‍ ബ്രോക്കര്‍മാര്‍ ഒപ്പിട്ടുനല്‍കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചേക്കാം. ഭൂമി വില കുത്തനെ വര്‍ധിച്ചതോടെ എങ്ങനെ വീടെടുക്കുമെന്ന് തലയില്‍ കൈവെച്ചിരിക്കുന്ന പാവങ്ങളെ ശ്രദ്ധിക്കാന്‍ ആര്‍ക്കു സമയം?
മുമ്പൊക്കെ ജോലിയില്ലാതിരുന്നവര്‍ കെട്ടിയിരുന്ന വേഷം വിവാഹദല്ലാളുമാരുടേതായിരുന്നു. ഇപ്പോള്‍ ആരോട് ചോദിച്ചാലും ബ്രോക്കറാണെന്ന് പറയാന്‍ മടിയില്ലാതായിരിക്കുന്നു. കൊച്ചിയില്‍ ജോയി ആലുക്കാസ് മുതല്‍ ഓട്ടോഡ്രൈവര്‍മാര്‍ വരെ ബ്രോക്കര്‍മാരാണെന്ന് തമാശയായി പറയാറുണ്ട്. ഇതില്‍ കാര്യവുമുണ്ട്.
നാട്ടില്‍ ശമ്പളംപറ്റി മാന്യമായി ജീവിക്കുന്നവരോടും ദിവസവേതനക്കാരോടുമൊക്കെ പലര്‍ക്കും പുച്ഛമാണ്. ബ്രോക്കറായി സ്ഥലം വില്‍ക്കുകയോ സ്ഥലം മറിച്ച് വിറ്റ്ലാഭം കൊയ്യുകയോ ചെയ്യുന്നവരെ കണ്ടാല്‍ നാട്ടുകാര്‍ സല്യൂട്ടടിക്കും.

എ.ടി മന്‍സൂര്‍

6
പത്രപ്രവര്‍ത്തകര്‍, മതപണ്ഡിതര്‍, രാഷ്ട്രീയനേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍ എല്ലാവരും ബ്രാക്കര്‍മാരുടെ ഈ കണ്ണികളില്‍ അംഗങ്ങളാണ്. കവലകളില്‍ മൂന്നുപേര്‍ രഹസ്യമായി സംസാരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളോ കമീഷന്‍ വീതം വെപ്പിനെയോക്കുറിച്ചാകും എന്ന് ഉറപ്പിക്കാം. സ്ഥലം വാങ്ങി മറിച്ചു വില്‍ക്കുകയോ ബ്രോക്കറേജ് വാങ്ങുകയോ ചെയ്യാത്തവര്‍ മണ്ടന്‍മാരെന്ന് മുദ്രകുത്തപ്പെടാം.
പോക്കുവരവ്, കുടിക്കടം, ഇത്യാദി കാര്യങ്ങളിലെന്നും വലിയ താല്‍പര്യമില്ലാത്തവരോ അറിയാത്തവരോ ആയിരുന്നു പത്തുവര്‍ഷം മുമ്പുവരെ നമ്മളില്‍ ഭൂരിഭാഗവും. ഇപ്പോള്‍ എല്ലാവര്‍ക്കും ഇതില്‍ പി.എച്ച്.ഡി എടുക്കാനുള്ള വിവരം. ഇപ്പോള്‍ ജനപ്രവാഹമുള്ളത് രജിസ്ട്രാര്‍ ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലുമാണ്. ആര്‍.ടി ഒ ഓഫീസുകളേക്കാളും നല്ല കൊയ്ത്ത് ഇവിടെയാണ്.
ഒരുനാടുമുഴുവന്‍ കങ്കാണിമാരാവുന്നതും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതവും സാമൂഹ്യശാസ്ത്രജ്ഞന്‍മാര്‍ പഠന വിഷയമാക്കേണ്ടതാണ്. സ്ഥല വില്‍പ്പനയിലൂടെ കോടികള്‍ കൊയ്ത് രൂപം കൊള്ളുന്ന സമാന്തര സമ്പദ് വ്യവസ്ഥയെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചിന്തിക്കുന്നുണ്ടോ ആവോ?.

2 thoughts on “ബ്രോക്കര്‍ കാലം

 1. ഭൂമി ഊഹാകച്ചവടത്തിന്റെ ഉപകരണമായി മാറുമ്പോള്‍ ഭൂമിക്ക് ക്രമാതീതമായി
  വില കൂടും. അതിന്റെ പ്രത്യാഘാതങ്ങള്‍ ഭീകരമാണ്. സാധാരണക്കാരന് ഒരു കൂര
  പണിയാന്‍ ഭൂമി ലഭിക്കില്ല. സര്‍കാരിന്റെ റോഡ്‌ അടക്കം വിവിധ വികസന പദ്ധതികള്‍ക്ക് ഭൂമി ലഭിക്കില്ല. കിട്ടണമെങ്കില്‍ ജനങ്ങളുമായി യുദ്ധം ചെയ്യേണ്ടി വരും. ഇനി മാര്‍ക്കറ്റ്‌ വാല്യൂ കൊടുക്കാമെന്നു വെച്ചാല്‍ സര്‍ക്കാര്‍ പാപ്പെര്‍ ആയി പോകും. സ്ഥലം കാശ് കൊടുത്തു വാങ്ങി ആരും ഒരു വ്യവസായവും തുടങ്ങില്ല.
  കേരളത്തിലെ ഇന്നത്തെ വിലക്ക് ഭൂമി വാങ്ങി വല്ലതും തുടങ്ങിയാല്‍, മൊത്തം മുടക്ക്
  മുതലിന്റെ ഒരു ശതമാനം പോലും ലാഭം ലഭിക്കില്ല. ഇതിനൊക്കെ പുറമേ, ഭൂമിയുടെ വില ക്രമാതീതമായി വര്‍ധിച്ചാല്‍ ഒരു പാട് സാമൂഹ്യ തിന്മകളും അനുബന്ധമായി വളര്‍ന്നു വരും. ഒരു വീട് വെക്കാന്‍ സാധാരണക്കാരന് സ്ത്രീധനം വാങ്ങിക്കേണ്ടി വരും, ഉദ്യോഗസ്ഥന്മാര്‍ക്ക്
  കൈകൂലി വാങ്ങേണ്ടി വരും, വ്യാവസായിക വളര്‍ച്ച മുരടിക്കും, സര്‍ക്കാര്‍ വികസന പദ്ധതികള്‍ മുടങ്ങും. ഒരു വിധത്തില്‍ പറഞ്ഞാല്‍ പലിശയെക്കാലും സാമൂഹ്യ ദോഷം
  സ്ഥലത്തിന്റെ ഊഹ കച്ചവടം വരുത്തുന്നു. എന്നിട്ടെന്തേ നമ്മുടെ മത സംഘടനകള്‍
  മൌനം അവംലഭിക്കുന്നു? സര്‍ക്കാര്‍ മിണ്ടില്ല. കാരണം ഇതിന്റെ ഒരു ഷെയര്‍ മദ്യ കച്ചവടതിലെത് പോലെ സര്‍ക്കാരിനും ലഭിക്കുന്നുണ്ട്. സഹകരണ ബാങ്കുകള്‍ പത്തു ശതമാനം പലിശ വാങ്ങുന്നത് ഹരാമാണെന്നു പറയുന്നവര്‍ തന്നെ സ്ഥല കച്ചവടത്തില്‍ പങ്കാളികളും ബ്രോകേര്‍മാരും ആകുന്നതു കാണുമ്പോള്‍ കൌതുകം തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *