കൂട്ടിമുട്ടലുകള്‍ ഒടുങ്ങി; ഇനി ഇങ്ങിനെയൊരു കണികാ ത്വരകമില്ല

സബ് ആറ്റോമിക് ലോകത്തു മറഞ്ഞു നിന്ന ഒരു പാട് കണങ്ങളെ വെളിച്ചത്ത് കൊണ്ടുവന്ന ലോകത്തെ രണ്ടാമത്തെ കണികാത്വരകം(particle accelator) വെള്ളിയാഴ്ച നിശബ്ദമായി. ചിക്കാഗോ ഫെര്‍മിലാബിലെ ആറര കിലോമീറ്റര്‍ ചുറ്റളവുള്ള ഈ കണികാ ത്വരകം1985 മുതല്‍ നിരന്തരം കണികാ സംഘട്ടനങ്ങളുടെ അരങ്ങാവുകയായിരുന്നു-നിധീഷ് നടേരി എഴുതുന്നു

ടെവട്രോണില്‍(tevatrone) ഇനി ഊര്‍ജമടങ്ങാത്ത പ്രോട്ടോണ്‍ പ്രവാഹങ്ങള്‍ തമ്മിലിടി തുടരില്ല.
രഹസ്യങ്ങളുടെ ചുരുളഴിക്കാനായി ഒരു പുതിയ കണവും പിടി തരില്ല.
സബ് ആറ്റോമിക് ലോകത്തു മറഞ്ഞു നിന്ന ഒരു പാട് കണങ്ങളെ വെളിച്ചത്ത് കൊണ്ടുവന്ന ലോകത്തെ രണ്ടാമത്തെ കണികാത്വരകം(particle accelator) വെള്ളിയാഴ്ച നിശബ്ദമായി. ചിക്കാഗോ ഫെര്‍മിലാബിലെ ആറര കിലോമീറ്റര്‍ ചുറ്റളവുള്ള ഈ കണികാ ത്വരകം1985 മുതല്‍ നിരന്തരം കണികാ സംഘട്ടനങ്ങളുടെ അരങ്ങാവുകയായിരുന്നു.
പുതിയ അണു പദാര്‍ഥങ്ങളെ തിരിച്ചറിഞ്ഞ് പാര്‍ട്ടിക്ള്‍ ഫിസിക്സിന്റെ അഴിയാക്കുരുക്കുകള്‍ നിവര്‍ത്താനുള്ള ശാസ്ത്രക്കുതിപ്പുകള്‍ക്ക് ഊര്‍ജമേകുകയായിരുന്നു ടെവട്രോണ്‍. 2009ല്‍ സേണിന്റെ(CERN) ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ വരുന്നത് വരെ ലോകത്തെ ഏറ്റവും വലിയ കണികാ ത്വരകമായി തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു ഇത്.
27.3 കിലോമീറ്ററില്‍ ഭൂമിക്കടിയില്‍ വ്യാപിച്ചു കിടന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ അതിചാലക കാന്തങ്ങള്‍(super conducting magnets) ഉപയോഗിച്ച് പ്രോട്ടോണുകളുടെ ഗതിവേഗം കൂട്ടുന്ന ടെവട്രോണിന്റെ സാങ്കേതികത തന്നെയാണ് പിന്‍ തുടര്‍ന്നത്.
പാര്‍ട്ടിക്ക്ള്‍ ഫിസിക്സിലെ ഗവേഷണങ്ങളില്‍ മല്‍സര ബുദ്ധിയോടെ മുന്നേറുന്ന അമേരിക്കയിലെ ഫെര്‍മിലാബിനും യൂറോപ്പിലെ സേണിനും അഭിമാനചിഹ്നങ്ങളാണ് അവരുടെ കണികാത്വരകങ്ങള്‍.
തീവ്ര, ദുര്‍ബല അണുകേന്ദ്ര പ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തെ ശരിവെക്കുന്ന കണങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് മല്‍സരിക്കുകയായിരുന്നു ഇരുസ്ഥാപനങ്ങളും. ബോസോണുകള്‍ എന്ന സബ് ആറ്റോമിക് കണങ്ങളെ തിരിച്ചറിഞ്ഞ് സേണ്‍(ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ അന്ന് രംഗത്തു വന്നിട്ടില്ല അന്ന് സൂപ്പര്‍ പ്രോട്ടോന്‍ സിങ്കോട്രോണ്‍ SPS ആയിരുന്നു സേണിന്റെ കണികാത്വരകം) അനുമാനങ്ങള്‍ക്ക് ആദ്യ തെളിവു മുന്നോട്ടുവെച്ചു.
1983ല്‍ ടോപ്കോര്‍ക്ക് ,ബോട്ടം ക്വാര്‍ക്ക്, താവു ന്യൂട്രിനോ എന്നിവയെ തിരിച്ചറിഞ്ഞാണ് ടെവട്രോണ്‍ മുന്നേറ്റം തുടങ്ങുന്നത്. അന്ന് ലോകത്ത് അത്രയും വലിയ കണികാത്വരകം വേറെയില്ലായിരുന്നു.
ചിക്കാഗോയുടെ മണ്ണിനടിയിലെ ഈ ആറരകിലോമീറ്റര്‍ ഭൂഗര്‍ഭ ടണലിലൂടെ നിരന്തരം പ്രോട്ടോണുകള്‍ പ്രവഹിച്ചു. ബാരിയോണുകള്‍ അടക്കമുള്ള നിരവധി പുതിയ കണങ്ങള്‍ ടെവട്രോണ്‍ തിരിച്ചറിഞ്ഞു. സേണിന്റെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ കണികാ പരീക്ഷണത്തില്‍ അമേരിക്കന്‍ ശാസ്ത്രകാരന്‍മാര്‍ ചുവടുമാറിയപ്പോള്‍ ടെവട്രോണിന്റെ പ്രസക്തി കുറയുകയായിരുന്നു.
അമേരിക്ക കൂടി പങ്കാളിയായ ഈ ആഗോള ദൌത്യത്തില്‍ ഹിഗ്സ് ബോസോണിനെ തേടി മൂവായിരത്തോളം ശാസ്ത്രകാരന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊരു വലിയ കണികാത്വരകം പണിയുകയെന്ന ഫെര്‍മിലാബ് ചിന്തക്ക് യു.എസ് കോണ്‍ഗ്രസിന്റെ പിന്തുണ നേരത്തെ ലഭിച്ചിരുന്നില്ല. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ അറ്റകുറ്റപ്പണിക്കായി യു.എസ് വന്‍ തുക മുടക്കിയിട്ടുമുണ്ട്.
കണികാ പരീക്ഷണവുമായി സഹകരിക്കാന്‍ സേണുമായി ഉടമ്പടിയിലേര്‍പ്പെട്ട ആറായിരത്തോളം ശാസ്ത്രകാരന്‍മാരില്‍ 1600ഓളം പേര്‍ അമേരിക്കന്‍ ഗവേഷകരാണ്. അങ്ങനെ ശാസ്ത്ര ചരിത്രത്തില്‍ നവീനതകള്‍ എഴുതിച്ചേര്‍ത്ത ടെവട്രോണിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *