ഇവിടെ മഹാബലി രണ്ട് തവണ വരും

പണ്ടൊന്നും കാസര്‍കോടിന്റെ തുളു-കന്നട മഖലകളില്‍ ഓണം ഉണ്ടായിരുന്നില്ല. അടുത്തകാലത്താണ് ഉപഭോക്തൃസംസ്കാരം ഓണമെത്തിച്ചത്. ഇന്നും പലകുടുംബങ്ങളിലും ഓണമില്ല-രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു

courtezy:jeffzbuzz

ഓണം കഴിഞ്ഞു. മഹാബലി വന്നുപോയി. തന്റെ പ്രജകളെ ഒരുനോക്ക് കണ്ട് ആനന്ദാശ്രുപൊഴിച്ച് വഴിപിരിഞ്ഞു. ഇനി ഒരുവര്‍ഷം കൂടി കഴിയണം തമ്പുരാനെ കേരളീയര്‍ക്ക് ഒന്നുകാണാന്‍. എന്നാല്‍ ഞങ്ങള്‍ കാസര്‍കോട്ടുകാര്‍ (ഞങ്ങളും കേരളീയരാണ്) ഇതിലേറെ അനുഗ്രഹീതരാണ്.
മഹാബലി കാസര്‍കോട്ട് രണ്ട് തവണ വരും. ഒന്ന് ഓണത്തിന് മറ്റൊന്ന് ദീപാവലിക്ക്. ഓണത്തിന്റെ ഐതിഹ്യം നമുക്ക് അറിയാം.ഒരു അസുര ചക്രവര്‍ത്തി നന്നായി നാടുഭരിച്ചുവെന്ന കുറ്റത്തിന് അയാളെ ദേവന്‍മാരുടെ ഗൂഢാലോചനയുടെ ഫലമായി ചതിയിലൂടെ പാതാളത്തിലേക്ക് നാടുകടത്തുകയായിരുന്നു. തപസിരിക്കാന്‍ മൂന്നടി ചോദിച്ച വാമനനോട് അത് സ്വയം അളന്നെടുക്കാന്‍ പറയുകയായിരുന്നു ബലി. അങ്ങനെ അനുമതിലഭിച്ചപ്പോള്‍ വാനോളം വളര്‍ന്ന് മൂന്ന് ലോകവും അളന്നെടുക്കുകയായിരുന്നു വാമനന്‍. മൂന്ന് ലോകവും അളന്നെടുത്തപ്പോള്‍ മഹബലിക്ക് നില്‍ക്കാന്‍ ഇടമില്ലാതായി. അങ്ങനെ മൂന്നാമത്തെ അടി ബലിയുടെ തലയില്‍തന്നെ വച്ചു. പാതാളത്തിലേക്ക് താഴ്ത്തി.
തികഞ്ഞ സ്ഥിതിസമത്വം നിര്‍മ്മിച്ച രാജാവിന് ദേവന്‍മാരുടെ ഔദാര്യമാണ് വര്‍ഷത്തിലൊരിക്കലുള്ള സന്ദര്‍ശനം.
ദീപാവലിയുടെ പുരാവൃത്തത്തിലും മഹാബലിയെ മഹാവിഷ്ണുവിന്റെ വാമനാവതാരം പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്നുണ്ട്. അങ്ങനെ ചവിട്ടി താഴ്ത്തുന്ന സമയത്താണ് പ്രജകളെ കാണാന്‍ ഒരു അവസരം മഹാബലിക്ക് നല്‍കുന്നത്. അതിന് അദ്ദേഹം തെരഞ്ഞെടുക്കുന്ന സമയമാണ് ദീപാവലി നാള്‍. തിരുവോണം ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയൂടെയും ആഘോഷമാണ്. ദീപാവലി ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും ആഘോഷമാണ്. മഹാബലിയെ മാവേലി എന്നല്ല രണ്ടാം വരവില്‍ വിളിക്കുന്നത്. ബലിന്ദ്രന്‍ എന്നാണ്. പൊലിന്ദ്രന്‍ എന്നും പറയും.
പൊലി എന്നാല്‍ ഐശ്വര്യമുണ്ടാകുക എന്നാണ്. വര്‍ഷത്തിലൊരിക്കല്‍ ബലിന്ദ്രന്‍ പ്രജകളെകാണാന്‍ വരുന്നത് ബലിന്ദ്രനായാണ്. അല്ലെങ്കില്‍ പൊലീന്ദ്രനായി. മാവേലിയുടെ വരവ് ആഘോഷിക്കുന്നത് പൂക്കളമൊരുക്കിയാണെങ്കില്‍ ബലീന്ദ്രന്റെ വരവ് ആഘോഷിക്കുന്നത് വെളിച്ചം നിറച്ചാണ്. പാലമരത്തിന്റെ ബഹുകവരുകളുള്ള കമ്പുകള്‍ ശേഖരിച്ച് വീട്ടുവാതില്‍ക്കല്‍, കിണറ്റിന്‍കരയില്‍, വീട്ടുവളപ്പിന്റെ കവാടം,തൊഴുത്ത് എന്നിവിടങ്ങളില്‍ നാട്ടും. പൊലീന്ദ്രന്‍ പാല എന്നാണ് ഇതിനെ പറയുക. തുടര്‍ന്ന് സന്ധ്യാനേരത്ത് കുടുംസമേതം ഈ പാലകവരുകളില്‍ ചിരട്ടവച്ച് എണ്ണയൊഴിച്ച് തിരിയിട്ട് കത്തിക്കും. വെളിച്ചം വിളഞ്ഞ മരമായി പാലകൊമ്പ് മാറും അതിനെ നോക്കി ഉറക്കെ വിളിച്ചുപറയും ‘പൊലിന്ദ്ര, പൊലിന്ദ്ര ഹരി ഹോയ്’ എന്ന് മൂന്ന് തവണ. ബലിയെ വരവേല്‍ക്കാനാണിത്.
കാസര്‍കോട് ജില്ലയില്‍ മാത്രമാണ് പൊലീന്ദ്രന്റെ വരവ് ഇത്രഭംഗിയായി ആഘോഷിച്ചിരുന്നത്. പിന്നിട് പലഭാഗങ്ങള്ലിും ഇത് അപ്രത്യക്ഷമായി. പണ്ടൊന്നും കാസര്‍കോടിന്റെ തുളു-കന്നട മഖലകളില്‍ ഓണം ഉണ്ടായിരുന്നില്ല. അടുത്തകാലത്താണ് ഉപഭോക്തൃസംസ്കാരം ഓണമെത്തിച്ചത്. ഇന്നും പലകുടുംബങ്ങളിലും ഓണമില്ല. മഹാബലി ചക്രവര്‍ത്തിയെ ഇത്തവണ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ വിഷമിക്കേണ്ട്. അടുത്തമാസം ഇങ്ങോട്ട് വണ്ടികയറുക. ഈ ദേശത്തേക്ക്.

Leave a Reply

Your email address will not be published. Required fields are marked *