എന്‍ഡോസള്‍ഫാന്‍ വിധി: ആഹ്ലാദിക്കാന്‍ നമുക്കെന്തവകാശം?

രാജ്യസഭയില്‍ വരുണ്‍ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ നല്‍കിയ വിവരം എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് ഈ രാജ്യത്ത് ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ല എന്നാണ്. പഠനങ്ങള്‍ ഇനി നടക്കാനിരിക്കുന്നതേയുള്ളൂ എന്നാണ് അതിനര്‍ഥം-രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു

photo: madhuraj. courtesy: madhurajsnaps.com

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം, ഉപഭോഗം എന്നിവക്ക് 2011മെയ് 13ന് സുപ്രീംകോടതി ഇടക്കാല നിരോധം ഏര്‍പെടുത്തിയിരുന്നു. സെപ്തംബര്‍ 30ന് ഈ ഉത്തരവ് തുടരും എന്ന ഉത്തരവിനു പുറമെ ഇന്ത്യയില്‍ ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റിഅയക്കാം എന്നും കോടതി പറഞ്ഞു. കയററിഅയക്കുന്നതിനിടയില്‍ ഉല്‍പാദിപ്പിക്കരുത് എന്നാണര്‍ഥം. ഇതാണ് എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് ഏറ്റവും ഒടുവില്‍ സുപ്രീംകോടതിയുടെ നിലപാട്.

മാധ്യമങ്ങളും എന്‍ഡോസള്‍ഫാന്‍ സമരക്കാരും ഹരജിക്കാരായ ഡി.വൈ.എഫ്.ഐയും ഏറെ ആഹ്ലാദിക്കുന്നത് കണ്ടു. ഒരുപാട് കാര്യങ്ങള്‍ ഇതില്‍ പരിശോധിക്കാനുണ്ട്. ബാബരിമസ്ജിദ് തര്‍ക്കം അലഹബാദ് ഹൈക്കോടതി പരിഹരിച്ചതുപോലെയാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്നം കോടതി പരിഹരിക്കുന്നതെന്നാണ് തോന്നുന്നത്. വൈകാരിക പ്രശ്നങ്ങള്‍ക്ക് കോടതിക്ക് ഒരു രീതിയുണ്ട്. കോടതിയെ സംബന്ധിച്ചിടത്തോളം പൊതുവികാരവും വസ്തുതയും കണക്കിലെടുക്കണം.

വികാരം അടിസ്ഥാനരഹിതമാണെങ്കില്‍ കൂടി അതിനെ ആദ്യഘട്ടത്തില്‍ പരിഗണിക്കണം. കീഴ്കോടതി വധിയില്‍ വികാരം ഒടുങ്ങും. മേല്‍കോടതിയിലേക്ക് എത്തുമ്പോഴേക്കും വിചാരത്തിന് ജനം പാകപ്പെടും. അല്ലെങ്കില്‍ പകപ്പെടുത്തണം. അപ്പോള്‍ കൂടുതല്‍ വസ്തുനിഷ്ഠമായ വിധിയുണ്ടാകും എന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടാണ് അലഹബാദ് കോടതി ഭൂമി ഓഹരി വെച്ചത്. ആ കേസില്‍ മറ്റൊരാള്‍ കൂടി കക്ഷിയായിരുന്നുവെങ്കില്‍ അയാള്‍ക്കും ഒരു തുണ്ട് ഭൂമി കിട്ടേണ്ടതായിരുന്നുവെന്ന് തോന്നും ബാബരി വിധി വായിച്ചാല്‍.

ഇനി എന്‍ഡോസള്‍ഫാന്‍ വിധി നോക്കുക.
ഒന്ന്, ഏത് രേഖകളുടെ പിന്‍ബലത്തിലാണ് കോടതി എന്‍ഡോസള്‍ഫാന്‍ നിരോധനം ഏര്‍പെടുത്തിയത്. അത് അറിയാന്‍ താല്‍പര്യം കാണിക്കേണ്ടത് എക്സല്‍ കമ്പനിയല്ല. സമരക്കാരാണ്. ഇല്ലെങ്കില്‍ മേല്‍കോടതിയില്‍ അഥവ അന്തിമ വിജയം കീടനാശിനിക്കായിരിക്കും. ഒരു ആഗോള കുത്തക ഒരു കീഴ്കോടതി വിധിയില്‍ എല്ലാം അവസാനിപ്പിച്ച് വിശ്രമിക്കും എന്ന് ധരിക്കരുത്.

രണ്ട്, എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് കോടതിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക റിപ്പോര്‍ട്ട് ഐ.സി.എം.ആര്‍^ഐ.സി.എ.ആര്‍ കമ്മിറ്റിയുടേതാണ്. ഈ റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന് അനുകൂലമാണ്. എന്‍ഡോസള്‍ഫാന്‍ മൂലം ഉണ്ടായേക്കാവുന്ന രോഗങ്ങളുടെ പട്ടികയുണ്ട്. ഈ രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ കാരണം അല്ലാതെയും ഉണ്ടാകും. കാസര്‍കോട്ടും കര്‍ണാടകത്തിലെ കേരളാ അതിര്‍ത്തിയിലും ഈ രോഗങ്ങള്‍ ഉണ്ട്. മറ്റ് സ്ഥലങ്ങളില്‍ ഈ രോഗങ്ങള്‍ ഇല്ല എന്ന് പരിശോധിച്ചിട്ടില്ല. ഇതാണ് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട്. എന്‍ഡോസള്‍ഫാന്‍ മാരകമാണ് എന്ന നിഗമനം അവര്‍ സുപ്രീംകോടതിക്ക് നല്‍കിയിട്ടില്ല.

മൂന്ന്, ഹരജിക്കാരായ ഡി.വൈ.എഫ്.ഐ എന്‍ഡോസള്‍ഫാനെതിരെ സജീവമായ പോരാട്ടം നടത്തിയ സംഘടനയല്ല. സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ ആഗോള നിരോധനവുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തിന്റെ നിക്ഷേപ സാധ്യത അന്വേഷിക്കുകയായിരുന്നു അവര്‍ ചെയ്തത്. ചക്ക വീണു മുയല് ചത്തു എന്ന നിലയില്‍ അവര്‍ക്ക് കുറച്ച് ലാഭം കിട്ടി. ഈ കേസ് ദുര്‍ബലമായാണ് അവര്‍ കൈകാര്യം ചെയ്തത്.

രക്തത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ട് എന്നതാണ് ഈ വിഷയത്തിലെ ഏക തെളിവ്. ഇവര്‍ സമര്‍പിച്ച സത്യവാങ്മൂലത്തോടൊപ്പം വച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് റിപ്പോര്‍ട്ടില്‍ അത് ഇല്ലാതായിപോയി. പകരം സുനിത നാരായണന്റെ സൈറ്റില്‍നിന്ന് ഒരു ടേബിള്‍ എടുത്തുകൊടുത്തു. ഇത് അറിയാതെ പറ്റിയതാണെന്നാണ് അവരുടെ അഭിഭാഷകന്‍ വ്യക്തിപരമായ സംഭാഷണത്തില്‍ പറഞ്ഞത്. അത്രകണ്ട് ഇതിനെ വിശ്വസിക്കാനാവില്ല.
350 റിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ രാജ്യസഭയില്‍ വരുണ്‍ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ നല്‍കിയ വിവരം എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് ഈ രാജ്യത്ത് ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ല എന്നാണ്. പഠനങ്ങള്‍ ഇനി നടക്കാനിരിക്കുന്നതേയുള്ളൂ എന്നാണ് അതിനര്‍ഥം.

നിങ്ങള്‍ ഭയക്കുന്നതുകൊണ്ട്, കാര്യങ്ങള്‍ ബോധ്യപ്പെടുന്നതുവരെ ഞങ്ങള്‍ ഇത് തളിക്കാന്‍ അനുവദിക്കുന്നില്ല. ഇതാണ് സുപ്രീം കോടതിപറഞ്ഞതിന്റെ രത്ന ചുരുക്കം.

One thought on “എന്‍ഡോസള്‍ഫാന്‍ വിധി: ആഹ്ലാദിക്കാന്‍ നമുക്കെന്തവകാശം?

Leave a Reply

Your email address will not be published. Required fields are marked *