അക്കാദമി വിജയം ആട്ടക്കഥ
ഗണേഷ് കുമാര്‍ വാക്കു പാലിച്ചു. കുറേ നല്ല കാര്യങ്ങള്‍ ചെയ്തു. പക്ഷേ, സിനിമക്കു വേണ്ടിയല്ല. ഇപ്പറഞ്ഞ സ്വീകരണകമ്മിറ്റിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി. മലയാള സിനിമയെ രക്ഷിച്ചു കളയാനുള്ള ഒരെളിയ ശ്രമം-കെ. സുനില്‍ അലക്സ് എഴുതുന്നു
കെ.ബി.ഗണേഷ് കുമാര്‍ സിനിമാ മന്ത്രിയായി ചുമതലയേറ്റ ഉടനെ തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ ഒരു വന്‍പരിപാടി നടന്നു. ഗണേശനു സിനിമാ, ടെലിവിഷന്‍ രംഗത്തുള്ളവരുടെ സ്വീകരണം. ആനയും അമ്പാരിയുമായിട്ടാണ് അന്ന് ഗണേശനെ സ്വീകരിച്ചത്. ഉല്‍സാഹക്കമ്മറ്റിയില്‍ മുന്നില്‍ നിന്നവര്‍ സന്തത സഹചാരി പൂജപ്പുര രാധാകൃഷ്ണന്‍, നിര്‍മാതാക്കളില്‍ പ്രമുഖരായ രജപുത്ര രഞ്ജിത്ത് എന്ന എം. രഞ്ജിത്ത്, രേവതി കലാമന്ദിറിന്റെ ജി.സുരേഷ്കുമാര്‍ എന്നിവര്‍. ചടങ്ങില്‍ ഇവര്‍ മൂവരും ചേര്‍ന്ന് ഗണേഷിനു നല്‍കിയ ഉപഹാരം ഒരു പൊന്‍ മോതിരമായിരുന്നു. മോതിരം സ്വീകരിച്ചുകൊണ്ടു ഗണേഷ് നല്‍കിയ വാഗ്ദാനം ഇതായിരുന്നു-
“നിങ്ങള്‍ എന്നില്‍ നിന്നു പലതും പ്രതീക്ഷിക്കുന്നുണ്ട്. സിനിമക്കുവേണ്ടി കുറേ നല്ലകാര്യങ്ങള്‍ ചെയ്യാനുണ്ട്. അതു ഞാന്‍ ചെയ്തിരിക്കും. അതുവരെ ഈ മോതിരം ഞാന്‍ സൂക്ഷിച്ചുവയ്ക്കും. അതിനുശേഷം നമ്മുടെ കൂട്ടത്തില്‍ കഷ്ടതയനുഭവിക്കുന്ന ഒരാള്‍ക്ക് ഇതു ദാനം ചെയ്യും.”
ഗണേഷ് കുമാര്‍ വാക്കു പാലിച്ചു. കുറേ നല്ല കാര്യങ്ങള്‍ ചെയ്തു. പക്ഷേ, സിനിമക്കു വേണ്ടിയല്ല. ഇപ്പറഞ്ഞ സ്വീകരണകമ്മിറ്റിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി. മലയാള സിനിമയെ രക്ഷിച്ചു കളയാനുള്ള ഒരെളിയ ശ്രമം. മലയാള സിനിമാ ശവപ്പെട്ടിയിലെ അവസാന ആണിയടി ആണിതെന്ന് ചില ദോഷൈക ദൃക്കുകള്‍ പറഞ്ഞെങ്കിലും സംഭവം തകര്‍ത്തു
ആദ്യം ചെയ്ത പ്രത്യുപകാരം ഏറ്റവും വിശ്വസ്തനായ സിനിമാസുഹൃത്ത് പൂജപ്പുര രാധാകൃഷ്ണനെ പേഴ്സണല്‍ സെക്രട്ടറിയാക്കുകയായിരുന്നു. അങ്ങനെ, ടെലിവിഷന്‍ താര സംഘടനയുടെ പ്രസിഡന്‍റും സെക്രട്ടറിയുമായിരുന്നവര്‍ സിനിമാമന്ത്രിയും മന്ത്രിസെക്രട്ടറിയുമായി. മന്ത്രിമാരുടെ സെക്രട്ടറിമാരായി വരുന്നവരൊക്കെ ഇത്തരം താല്‍പര്യത്തിന്റെ പുറത്തുള്ളവരായതിനാല്‍ പോട്ടെന്നു വയ്ക്കാം.
എന്നാല്‍ മറ്റ് നിയമനങ്ങളോ? അത് ഇതിലും ഗംഭീരമായെന്ന് കാലം തെളിയിച്ചു.
ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി ഗണേഷ് കുമാര്‍ കണ്ടെത്തിയത് പ്രിയദര്‍ശനെയാണ്. ത്തെ മലയാളസിനിമയിലെ വാണിജ്യധാരയുടെ പ്രധാന വക്താവ്. പ്രിയദര്‍ശനെ അക്കാദമി ചെയര്‍മാനാക്കിയതിനെപ്പറ്റി ഗണേഷ് സമീപനാളില്‍ ഒരു ചാനലില്‍ പറഞ്ഞതിങ്ങനെ-
“ഞാന്‍ പ്രിയനോട് ചോദിച്ചു പ്രിയന് അക്കാദമി ചെയര്‍മാന്‍ ആകാമോ എന്ന് . പ്രിയന് ഈ ചലച്ചിത്ര അക്കാദമി എന്താണെന്നു അറിയത്തില്ലായിരുന്നു. പ്രിയന്‍ ചോദിച്ചു അതെന്താണെന്ന് . ഞാന്‍ പറഞ്ഞു പ്രിയാ ചലച്ചിത്ര അക്കാദമി എന്നത് കേരളത്തില്‍ സിനിമയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഏറ്റവും വലിയ സാധനമാണ് എന്ന്. ഓഹോ അങ്ങിനെയാണോ നീ കൂടെ ഉണ്ടെങ്കില്‍ നോക്കാം എന്ന് പ്രിയന്‍ പറഞ്ഞു . അങ്ങിനെയാണ് പ്രിയന്‍ അക്കാദമി ചെയര്‍മാന്‍ ആയി വരുന്നത് .”
എത്ര മാത്രം ഗൌരവത്തോടെയാണ് മന്ത്രി അക്കാദമി സെക്രട്ടറിയെ കണ്ടെത്തിയതെന്ന വിവരം ഈ വാക്കുകളിലുണ്ട്. ഈ അക്കാദമിയെ ഒന്നു ശരിയാക്കിയെടുക്കണമെങ്കില്‍ ഇതല്ലാത്ത മറ്റെന്ത് മാര്‍ഗമാണുള്ളത്.
അങ്ങനെ, ചെയര്‍മാനായി.
ഇനി വൈസ് ചെയര്‍മാന്‍.
ആ പ്രശ്നത്തിനും പെട്ടെന്നു വന്നു, തീരുമാനം. ഗാന്ധിമതി ബാലന്‍. സിനിമാ നിര്‍മാതാവ്.
ഇനി അംഗങ്ങളോ. അതിനാണ് ശരിക്കും ബുദ്ധിമുട്ടിയത്. തല പുകഞ്ഞാലോചിച്ചാണ് ആളുകളെ തെരഞ്ഞെടുത്തത്. സ്വന്തക്കാര്‍ ഒരുപാടുള്ളപ്പോള്‍ അവരില്‍ ചിലരെ തെരഞ്ഞെടുക്കുക എന്നു പറഞ്ഞാല്‍ അത്ര എളുപ്പമല്ലല്ലോ. എന്നിട്ടും അംഗങ്ങളെ കണ്ടെത്തി.
നല്ല കിടിലന്‍ തെരഞ്ഞെടുപ്പ്.സംശയമുണ്ടെങ്കില്‍ ഇതാ ഈ പട്ടിക നോക്കൂ.
ജോഷി മാത്യു (സംവിധായകന്‍), രജപുത്ര രഞ്ജിത്ത് (നിര്‍മാതാവ്), ഡെന്നീസ് ജോസഫ് (തിരക്കഥാകൃത്ത്), രാമചന്ദ്രബാബു (ക്യാമറമാന്‍), എം.വി.ഗിരീഷ്‌കുമാര്‍ (പത്രപ്രവര്‍ത്തകന്‍), ബേബി മാത്യു (കേരള ടെലിവിഷന്‍ ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍/ എം.ഡി), ശശി പരവൂര്‍ (സംവിധായകന്‍), റോയ് പിച്ചാറ്റ് (സംവിധായകന്‍), രവീന്ദ്രന്‍ (നടന്‍), ദിനേശ് പണിക്കര്‍ (നടന്‍), എന്‍.പി.കൃഷ്ണപ്രസാദ് (നടന്‍), ബിന്ദു ബാലകൃഷ്ണന്‍ (സെന്‍സര്‍ ബോര്‍ഡ് അംഗം), ലീലാ പണിക്കര്‍ (നടി), ജി.എസ്. വിജയന്‍ (സംവിധായകന്‍), സമദ് മങ്കട (നിര്‍മാതാവ്/ സംവിധായകന്‍).
ഇത് കേരള ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ പട്ടികയാണ്. രാജ്യത്ത് നമുക്ക് മാത്രമാണ് സിനിമക്കായി ഒരു അക്കാദമി. അതിന്റെ പ്രാധാന്യം ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ട് മന്ത്രി എന്നതിന് തെളിവ് ദാ ഈ പട്ടിക തന്നെ.
ഇനി ഇവര്‍ ആരൊക്കെയെന്ന് നോക്കാം.
ആദ്യം പറയേണ്ട പേര് ബിന്ദു ബാലകൃഷ്ണന്റേതാണ്. കാരണം ചലച്ചിത്ര രംഗത്ത് അത്രക്കു പ്രശസ്തയാണ് അവര്‍. നിങ്ങള്‍ ഈ പേരു കേട്ടില്ല എന്നാണ് പറയുന്നതെങ്കില്‍ അത് നിങ്ങളുടെ മാത്രം പ്രശ്നമാണ്.
ബിന്ദു ബാലകൃഷ്ണപ്പിള്ളയുടെ മകളാണ്. അതെ, ഇപ്പോള്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ബാലകൃഷ്ണപ്പിള്ള തന്നെ. പിന്നെ, മലയാളത്തിലെ ഒരു പ്രമുഖ നടന്റെ സഹോദരി. പേര് പറഞ്ഞാല്‍ നിങ്ങളറിയും. ഈ പട്ടിക തയ്യാറാക്കി നടപ്പാക്കിയ ബഹുമാനപ്പെട്ട മന്ത്രി കെ.ബി.ഗണേഷ് കുമാര്‍.
ഇപ്പോള്‍, മനസ്സിലായില്ലേ, ബിന്ദു ബാലകൃഷ്ണന്റെ അര്‍ഹത. ഈ സ്ഥാനത്തിരിക്കാന്‍ ഇത്ര അര്‍ഹയായ മററാരെയും കിട്ടാത്ത സാഹചര്യത്തിലാണ് മന്ത്രി സ്വന്തം പെങ്ങളെ തന്നെ തെരഞ്ഞെടുത്തത്.
മലയാള സിനിമക്കു വേണ്ടി ചെയ്യാന്‍ തീരുമാനിച്ച മറ്റു നല്ല കാര്യങ്ങള്‍ അറിയണമെങ്കില്‍ ബാക്കി പട്ടിക നോക്കുക. ബേബി മാത്യു ജീവന്‍ ടി.വിയുടെ എം.ഡിയാണ്. രജപുത്ര രഞ്ജിത്തും ഡെന്നീസ് ജോസഫുമെല്ലാം ഏതുതരം സിനിമയുടെ വക്താക്കളാണെന്നും നമുക്കെല്ലാമറിയാം.
നോക്കൂ, മലയാള സിനിമയെ താങ്ങി നിര്‍ത്തുന്ന ഒരാളും ഒഴിഞ്ഞു പോയിട്ടേയില്ല, പട്ടികയില്‍. അത്ര മിടുക്കന്‍മാര്‍. മലയാള സിനിമ കാത്തിരുന്ന അമരക്കാര്‍. പിന്നെ, നല്ല സിനിമ എടുത്തില്ല, അത്തരം ശ്രമങ്ങള്‍ നടത്തിയില്ല എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. അതൊരു ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോ,സാര്‍. ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നിടത്തോ നല്ല സിനിമയെ കുറിച്ചുള്ള ചര്‍ച്ചയിലോ കണ്ടില്ലെന്നാണ് പറയുന്നതെങ്കിലും കഴമ്പില്ല. എല്ലാവര്‍ക്കും ഇപ്പോ, ഇവിടങ്ങളിലൊക്കെ പോയിരിക്കാനൊക്കുമോ. കച്ചവടക്കാരാണ് ഇവരെന്നൊക്കെ പറയുന്നത് ശുദ്ധ പോഴത്തരമേല്ലേ,സാര്‍.
പട്ടിക തീര്‍ന്നില്ല.
ഇതാ വേറൊന്ന്. ഇത് കെ.എസ്.എഫ്.ഐ.ഡി.സി (കേരളാ ചലച്ചിത്ര വികസന കോര്‍പറേഷന്‍) ഭാരവാഹികളുടെ പട്ടിക: ചെയര്‍മാന്‍ – സാബു ചെറിയാന്‍ (നിര്‍മാതാവ്), വൈസ് ചെയര്‍മാന്‍ – ഇടവേള ബാബു (നടന്‍), അംഗങ്ങള്‍ – ദിലീപ് (നടന്‍), ക്യാപ്ടന്‍ രാജു (നടന്‍), സലിം കുമാര്‍ (നടന്‍ ), മണിയന്‍ പിള്ള രാജു (നടന്‍), സിദ്ധിക്ക് (നടന്‍), ഷാജി കൈലാസ് (സംവിധായകന്‍) കെ . മധു (സംവിധായകന്‍), സുരേഷ് ഉണ്ണിത്താന്‍ (സംവിധായകന്‍), എസ് . കുമാര്‍ (ക്യാമറമാന്‍), കാലടി ഓമന (നടി), സീമ ജി നായര്‍ (നടി), ബൈജു ദേവരാജന്‍ (ടി വി പ്രോഡ്യൂസര്‍), ഇബ്രാഹിം കുട്ടി (നടന്‍), കല്യാണ രാമന്‍ (?), കെ. എസ്. ബാലഗോപാല്‍ (?).
ഇനി വേണ്ടത് സാംസ്കാരിക പ്രവര്‍ത്തകര്‍ക്കായുള്ള ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനാണ്. ആ സ്ഥാനത്തേക്ക് പിന്നെ, നിര്‍മാതാവ് ജി. സുരേഷ്കുമാറല്ലാതെ മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല.
അവഗണിക്കപ്പെട്ടു കിടക്കുന്ന പാവം നിര്‍മാതാക്കളെ പ്രോല്‍സാഹിപ്പിക്കാന്‍ ഇതല്ലാതെ മറ്റെന്തുണ്ട് മാര്‍ഗം. അവരുടെ കഷ്ടപ്പാടുകള്‍ ഇനിയും നമ്മള്‍ കണ്ടറിയേണ്ടേ?
എന്നാല്‍, വിവരം കെട്ട ചിലര്‍ അവിടെയും ആരോപണവുമായി വന്നു. സിനിമ ഉള്‍പ്പെടെ എല്ലാ കലാമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ ഈ ക്ഷേമനിധിയുടെ പരിധിയില്‍ വരുമെങ്കിലും ചെയര്‍മാനായി നിയമിക്കാന്‍ ഒരു സിനിമാനിര്‍മാതാവിനെ മാത്രമേ കണ്ടുള്ളു. നിര്‍മാതാവ് തത്വത്തില്‍ കലാകാരനല്ലെന്നും മറിച്ച് ഒരു കച്ചവടക്കാരന്‍ മാത്രമാണെന്നും അറിയത്തതു കൊണ്ടാവും ഇതെന്ന് ചിലര്‍ പറഞ്ഞു.
എന്ത് മണ്ടത്തരമാണ് ഈ പറയുന്നത്. നിര്‍മാണം ഒരു കലയല്ലേ? അല്ലെങ്കിലും നിര്‍മാതാക്കളോളം കലാകാരന്‍മാരുടെ അവസ്ഥ കണ്ടറിയാന്‍ കഴിയുന്ന മറ്റാരുണ്ട്.
നിത്യാമേനോന്‍ എന്ന നടിയെ സെറ്റില്‍ പോയി സന്ദര്‍ശിച്ച് വിലക്കിടാന്‍ വഴിയൊരുക്കിയത് ഇതില്‍ രണ്ടു ചെയര്‍മാന്‍മാരായിരുന്നു. വിലക്കിടാന്‍ മുന്‍പന്തിയില്‍ നിന്നയാള്‍ കലാകാരന്‍മാരുടെ ക്ഷേമം നോക്കേണ്ട ബോര്‍ഡിന്റെ ചെയര്‍മാന്‍.
കെ.ബി.ഗണേഷ് കുമാറിനുവേണ്ടി മാത്രമാണ് കേരളത്തിലെ സാംസ്കാരികവകുപ്പിനെ വെട്ടിമുറിച്ചത്. ഗണേഷിന് സാംസ്കാരിക മന്ത്രിയാകാനുള്ള സംസ്കാരമില്ലെന്നു തോന്നിയതുകൊണ്ടും തങ്ങള്‍ക്ക് ഗണേശനെത്തന്നെ മന്ത്രിയായി കിട്ടണമെന്ന് സിനിമാക്കാര്‍ ശഠിച്ചതുകൊണ്ടും മാത്രമാണ് ഉമ്മന്‍ ചാണ്ടി ആ കടുംകൈ ചെയ്തത് എന്നയിരുന്നു പതിവു പോലെ ദോഷൈകദൃക്കുകളുടെ കണ്ടു പിടിത്തം.
ചലച്ചിത്ര അക്കാദമിയേയും ചലച്ചിത്ര വികസന കോര്‍പ്പറേഷനേയുമെല്ലാം ജി.സുരേഷ്കുമാര്‍ നിര്‍മിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു തട്ടുപൊളിപ്പന്‍ സിനിമയാക്കി മാറ്റുകയാണ് കെ.ബി.ഗണേഷ് കുമാര്‍ എന്ന മന്ത്രി ചെയ്തിരിക്കുന്നത് എന്നുമുണ്ടായി ആരോപണം.
ആരു വകവെക്കുന്നു, സര്‍ ഇത്തരം വിവരക്കേടുകള്‍.
നമ്മുടെ മുന്നില്‍ നീണ്ടു കിടക്കുകയല്ലേ കാലം. കണ്ടറിയാം ഇക്കൊല്ലത്തെ ചലച്ചിത്രോല്‍സവം. ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം. അതാണല്ലോ, കേരളത്തിലെ ആദ്യ സിനിമാ മന്ത്രിയുടെ പ്രധാന പണി.

ദൈവമേ റോയ് പെച്ചാട്ടോ ? പണ്ട് ഒരു ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ വെച്ച് കണ്ടിട്ടുണ്ട് ഇദ്ദേഹം മന്ത്രിയെ വെച്ച് ഒരു സിനിമ ചെയ്തിട്ടുണ്ട് എന്നൊരു ദ്രോഹമേ ചെയ്തിട്ടുള്ളൂ ഒരേയൊരു സിനിമ ഒരു ദിവസം പോലും ഓടിയില്ല
ഈനാമ്പേച്ചി മന്ത്രിക്കു മരപ്പട്ടി ചെയര്‍മാന്‍ തന്നെ വേണമല്ലോ കൂട്ട്….
ഇതാ വായിക്കൂ,,,