asish.jpg

സിനിമാപ്പുര-ആശിഷ്

തിരയില്‍ തുടരുമോ യുവതയുടെ വസന്തം?

മലയാളത്തിന്റെ വെള്ളിത്തിരയിലും ഇപ്പോള്‍ യുവതയുടെ വസന്തം. ഏറെക്കാലമായി മലയാളികള്‍ അയല്‍ഭാഷകളിലെ സിനിമാ തരംഗങ്ങള്‍ നോക്കി നമ്മള്‍ മാത്രമെന്തേ ഇങ്ങനെയെന്ന് വിലപിക്കുകയായിരുന്നെങ്കില്‍, മാറ്റത്തിന്റെ കാറ്റടിച്ചു തുടങ്ങിയ മലയാളത്തെചൊല്ലിയും അല്‍പം അഹങ്കരിക്കാമെന്ന നിലയിലായിരിക്കുന്നു ഇപ്പോള്‍. സൂപ്പര്‍ താരങ്ങള്‍ മുതല്‍ യംഗ് സൂപ്പര്‍താരങ്ങള്‍ വരെ കാട്ടിക്കൂട്ടുന്ന താരജാഡകള്‍ സഹിച്ചിറങ്ങി പോരേണ്ട അവസ്ഥയിലുണ്ടായ മാറ്റം തെല്ലൊന്നുമല്ല മലയാളി പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നത്.
2011 ലെ ആദ്യ മലയാള റിലീസായ “ട്രാഫിക്’ ആണ് ഈ വസന്തം കേരളത്തിലും സജീവമാക്കിയത്. ഈ വര്‍ഷം പകുതിയിലേറെ പിന്നിടുമ്പോള്‍ അത് “സോള്‍ട്ട് ആന്റ് പെപ്പറി’ലും “ചാപ്പാ കുരിശി’ലുമെത്തി നില്‍ക്കുന്നു.
30 വര്‍ഷങ്ങളായി മലയാള സിനിമയില്‍ ആധിപത്യം തുടരുന്ന സൂപ്പര്‍ താരങ്ങള്‍ വാണിജ്യ സിനിമകള്‍ക്കും ഒട്ടനേകം നല്ല സിനിമകള്‍ക്കും നല്‍കിയ സംഭാവനകള്‍ വില കുറച്ചു കാണാനാകില്ല. എന്നാല്‍ ഒരു പരിധി കഴിഞ്ഞപ്പോള്‍ താരങ്ങളുടെ കുറ്റമാണോ, സംവിധായകരുടേയോ തിരക്കഥാകൃത്തുക്കളുടേയോ നിര്‍മാതാക്കളുടേയോ കുറ്റമാണോ എന്നറിയില്ല, ചക്കില്‍ കെട്ടിയ കാളയെപ്പോലെ താരജാഡകള്‍ക്ക് ചുറ്റും മാത്രം വട്ടമിടുന്ന അവസ്ഥയിലാണ് മലയാള സിനിമ എത്തിയത്.
താരങ്ങളുടെ വിപണിനിലവാരവും ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ സൂപ്പര്‍ സ്റ്റാര്‍ ഇഫക്ട് ആവര്‍ത്തിക്കാനുള്ള ശ്രമവും ഇതിന് പ്രചോദനമാണ്. ഫലമോ, ഏതു കഥാപാത്രവും തന്‍മയത്വത്തോടെ കൈകാര്യം ചെയ്യാനാവുമായിരുന്ന രണ്ടു നടന്‍മാര്‍ താര പേക്കൂത്തുകളില്‍ മാത്രം തളച്ചിടപ്പെട്ടു. മറ്റൊരുതരം ചിത്രം മറ്റാരെയെങ്കിലും വെച്ച് ആലോചിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലേക്ക് തിരക്കഥാകൃത്തുകളും എത്തി.
ഇടയ്ക്ക് ശ്രദ്ധിക്കപ്പെടാനായത് കുറച്ച് കുടുംബ ചിത്രങ്ങളിലൂടെ ജയറാമിനും കോമഡിയുടെ ബലത്തില്‍ ദിലീപിനും അവസാനം ഇടിച്ചുകയറി വന്ന പൃഥ്വിരാജിനുമാണ്. (ഇടിച്ചു കയറി വന്ന് ശ്രദ്ധ നേടിയെങ്കിലും സോളോ ഹിറ്റുകള്‍ അധികം നല്‍കാന്‍ കഴിയാത്തത് യംഗ് സൂപ്പര്‍ സ്റ്റാറിനെയും കുറച്ചൊന്നുമല്ല അലട്ടുന്നത്.) ഇവരാകട്ടെ മമ്മൂട്ടിയും മോഹന്‍ലാലും തെളിച്ച വഴി പിന്‍പറ്റി അവരെപ്പോലെ ആകാനുള്ള ശ്രമമാണ് ഇത്രകാലം നടത്തിപ്പോന്നതും.
ഈയവസ്ഥയിലാണ് തമിഴിലും ഹിന്ദിയിലുമെല്ലാം മാറ്റം കണ്ടു തുടങ്ങിയത്. പാട്ടും ഫൈറ്റും സ്റ്റാര്‍ പവറുമായി മെഗാ ചിത്രങ്ങള്‍ ഒരു വശത്ത് അരങ്ങു വാഴുമ്പോള്‍ തന്നെ ചെറു ചിത്രങ്ങള്‍ക്കും താരബിംബങ്ങള്‍ തീരെ അന്യമായ നായകന്‍മാര്‍ക്കും അവിടെ പുതുവഴികള്‍ തുറക്കുകയായിരുന്നു. ഇത്തരം ചിത്രങ്ങള്‍ അവിടങ്ങളില്‍ മാത്രമല്ല, കേരളത്തിലും വന്‍ വിജയം നേടി.
ഗ്രാമീണ വിഷയങ്ങളും നഗര വിഷയങ്ങളും ഒരു പോലെ തമിഴിലും ഹിന്ദിയിലും ശ്രദ്ധനേടി. സിംഗിള്‍ തിയറ്ററുകള്‍ക്കും മള്‍ട്ടിപ്ലെക്സുകള്‍ക്കും ചേരുന്ന വ്യത്യസ്ത ചിത്രങ്ങള്‍ ചെയ്യാന്‍ അവിടുത്തുകാര്‍ പര്യാപ്തരുമായി.
അതേസമയം, മലയാളം ആവര്‍ത്തിച്ചു കണ്ട ക്ലീഷേ പ്രമേയങ്ങള്‍ ഫാന്‍ബലത്തിലും സാറ്റലൈറ്റ് റൈറ്റ് ബലത്തിലും വീണ്ടുമെത്തിച്ച് സ്വയം തകരുകയായിരുന്നു. ഗ്രാമ നഗര വ്യത്യാസമില്ലാതെ തീയറ്ററുകള്‍ക്ക് താഴ് വീണും തുടങ്ങി. ഇപ്പോള്‍ റിലീസ് ചെയ്യുന്നവയല്ലാതെ സംസ്ഥാനത്ത് തീയറ്ററുകള്‍ക്ക് നിലനില്‍പ്പില്ലെന്ന അവസ്ഥയുമായി. പണ്ടുകാലത്ത് അടൂരും ഭരതനും പത്മരാജനും അരവിന്ദനുമൊക്കെ ഇവിടെ നല്ല ചിത്രങ്ങള്‍ ഒരുക്കിയിരുന്നു എന്ന മധുര സ്മരണകള്‍ മാത്രം മലയാളികളില്‍ അവശേഷിച്ചു.
ഇതിനിടെ യുവതാരങ്ങളൊന്നും കടന്നുവരാന്‍ ശ്രമിച്ചില്ലെന്നോ, സംവിധായകര്‍ അതിന് അനുവദിച്ചില്ലെന്നോ അര്‍ഥമാക്കരുത്. പലരും വന്ന് ആരുമറിയാതെ തല കാണിച്ച് മടങ്ങി. ചിലര്‍ സ്വന്തം പോരായ്മ കൊണ്ട് പത്തിമടക്കി. മറ്റു ചിലര്‍ കഴിവു തെളിയിച്ചെങ്കിലും മുകളില്‍ ചര്‍ച്ച ചെയ്ത ഫോര്‍മാറ്റില്‍ കയറിപ്പറ്റാനാകാതെ മടങ്ങി. പ്രമേയ പരമായ വിപ്ലവമുണ്ടാകാത്തത് ഇത്തരക്കാര്‍ക്ക് പലര്‍ക്കും വിനയായിട്ടുണ്ട്.
പഴയ പുലികളായ സംവിധായകരും ഇത്തരത്തില്‍ പരാജയം രുചിച്ചു. ഐ.വി ശശി (ആഭരണചാര്‍ത്ത്, സിംഫണി, വെള്ളത്തൂവല്‍), തമ്പി കണ്ണന്താനം (ഫ്രീഡം), ഫാസില്‍ (കൈയെത്തും ദൂരത്ത്, ലിവിംഗ് ടുഗതര്‍), കമല്‍ (ഗോള്‍, മിന്നാമിന്നിക്കൂട്ടം) വിനയന്‍ (കാട്ടുചെമ്പകം, യക്ഷിയും ഞാനും, രഘുവിന്റെ റസിയ) തുടങ്ങിയവര്‍ യുവതാരങ്ങളെ കുരുതി കൊടുത്തവരില്‍ പെട്ടെന്ന് ഓര്‍മിക്കുന്ന ചില ഉദാഹരണങ്ങള്‍.
എല്ലാക്കാലവും തിയറ്റര്‍ നിറയെ സൂപ്പര്‍ താര ചിത്രങ്ങള്‍ വേണമെന്ന് ശാഠ്യം പിടിച്ചിരുന്ന തിയറ്ററുടമകളും വിതരണക്കാരും ഈയവസ്ഥക്ക് കുറച്ചൊന്നുമല്ല ഉത്തരവാദികള്‍. അബദ്ധത്തിലെങ്ങാനും നല്ല ചിത്രം വന്നാലും വന്‍ചിത്രങ്ങളുടെ പൊലിമയില്‍ പെട്ട് ഇവര്‍ അവയെ തഴയാറുമുണ്ടായിരുന്നു.
ഇതേസമയം അന്യഭാഷയിലെ താരപകിട്ടാര്‍ന്ന ചിത്രങ്ങളും ചെറു പരീക്ഷണങ്ങളും മലയാള സൂപ്പര്‍താരങ്ങളെപോലും കടത്തിവെട്ടി ഇവിടെ വാഴാനും തുടങ്ങി. ഈ രണ്ടു വിഭാഗത്തിലും നല്ല മല്‍സരത്തിന് മലയാളചിത്രങ്ങള്‍ ഇല്ലെന്നത് അവര്‍ക്ക് അനുകൂലവുമായി.
മെഗാ ചിത്രങ്ങളില്‍ ഹിന്ദിയിലോ തമിഴിലോ തെലുങ്കിലോ ഉള്ളതുപോലെ പണമെറിയാനും അതിനൊത്ത മികവില്‍ ചിത്രമൊരുക്കാനും നമുക്കാവില്ലല്ലോ. ഈ ഒഴിവില്‍ ചന്ദ്രമുഖി, പോക്കിരി, ഡോണ്‍, ബില്ല, വേട്ടക്കാരന്‍, യന്തിരന്‍ തുടങ്ങി മഗധീര വരെ ഇവിടെ വന്ന് പണം വാരിപോയി.
ചെറു ചിത്രങ്ങളില്‍ പരുത്തിവീരനോ, സുബ്രഹ്മണ്യപുരത്തിനോ, മൈനക്കോ ഒന്നും വെല്ലുവിളി നല്‍കാനുള്ള പ്രമേയപരമായ വൈവിധ്യവും ഇവിടെയില്ലാതെ പോയി.
സ്ഥിരം അവതരണ ശൈലിയില്‍ നിന്ന് മാറ്റങ്ങളുമായി പുതു സംവിധായകര്‍ കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തിനിടെ കടന്നുവന്നത് ശ്രദ്ധേയ തുടക്കമായിരുന്നു. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക് അബു തുടങ്ങിയവര്‍ക്ക് ദൃശ്യഭാഷയില്‍ മാറ്റങ്ങള്‍ നല്‍കാനായെങ്കിലും സൃഷ്ടികള്‍ പലതും ഹോളിവുഡ് അനുകരണമോ സൂപ്പര്‍താര ചട്ടക്കൂടിലോ ആയിരുന്നു.
ഈ ഘട്ടത്തില്‍ നവതലമുറ മലയാള ചിത്രങ്ങള്‍ മലയാളത്തില്‍ തുടങ്ങിവെച്ചതിന്റെ ചെറിയ ക്രെഡിറ്റ് 2009ല്‍ പുതുമുഖ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ “പാസഞ്ചറിന്’ നല്‍കേണ്ടിവരും.
പ്രമേയപരമായി സ്ഥിരം നായകഭാവങ്ങളെ ചിത്രം പൊളിച്ചെഴുതാനുള്ള ചിത്രത്തിന്റെ ശ്രമം ഒരുപരിധിവരെ അംഗീകരിക്കപ്പെട്ടെങ്കിലും അതിലും സൂപ്പര്‍താരങ്ങളെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ശ്രീനിവാസനും ദിലീപുമായിരുന്നു മുഖ്യവേഷങ്ങളിലെന്ന് ദോഷൈകദൃക്കുകള്‍ക്ക് വേണമെങ്കില്‍ വാദിക്കാം. കൂടാതെ സെന്‍ട്രല്‍ പിക്ചേഴ്സ് പോലൊരു മികച്ച ബാനറായിരുന്നു ചിത്രം വിതരണത്തിനെടുത്തതും. എങ്കിലും എല്ലാ തികഞ്ഞ മാറ്റം നോക്കിയിരിക്കുന്നതിനേക്കാള്‍ ഭേദമായിരുന്നു അത്.
പിന്നീട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരുപാട് വരുന്നുണ്ടായിരുന്നെങ്കിലും മിക്കതിനും ഫാന്‍തരംഗത്തിലെ ഇനിഷ്യലിന് പുറത്തൊന്നും നല്‍കാനായില്ല. ഇതാകട്ടെ, നിര്‍മാതാക്കളെയും മാറ്റി ചിന്തിപ്പിച്ചുതുടങ്ങി. സൂപ്പര്‍താരങ്ങളെവെച്ച് അനേകം ചിത്രമൊരുക്കിയവര്‍ യുവതാരങ്ങളെ കേന്ദ്രീകരിക്കാന്‍ തുടങ്ങി. എന്നാല്‍പോലും പ്രമേയ ദാരിദ്യ്രം ഇവരെ വേട്ടയാടി. പണ്ടുവന്ന “നീലത്താമര’ മുതല്‍ “രതിനിര്‍വേദം’ വരെ വീണ്ടും നിര്‍മിച്ച് ഹിറ്റ് ചാര്‍ട്ടില്‍ കയറിപ്പറ്റി. അരുണ്‍കുമാറിന്റെ “കോക്ക്ടെയിലും’ (ഹോളിവുഡ് റീമേക്കാണെങ്കിലും) ഈ ഗണത്തില്‍ പെടുത്താം. വിനീത് ശ്രീനിവാസന്റെ “മലര്‍വാടി ആര്‍ട്സ് ക്ലബ്ബും’ താരപ്രഭ കുറഞ്ഞ പുതുമുഖങ്ങളെവെച്ച് വിജയം നേടി. (ഇവിടെയും വന്‍ ബാനറായ ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബലമുണ്ടായിരുന്നു. പ്രമേയത്തിനും ആഴമില്ലായിരുന്നു. എങ്കിലും താരപരിവേഷം തീരെയില്ലാത്തത് ചിത്രത്തിന്റെ മേന്‍മയാണ്.)
എങ്കിലും ഇവ നല്‍കിയ മലയാള സിനിമക്ക് സാമ്പത്തികപരമായി നല്‍കിയത് നല്ല സന്ദേശമായിരുന്നു. കോടികള്‍ പൊടിച്ച് സൂപ്പര്‍താര ചിത്രങ്ങള്‍ പടച്ചുവിട്ട് തകരുന്നതിനേക്കാള്‍ ഒരു കോടിയിലോ ഒന്നരക്കോടിയിലോ ചെറു ചിത്രങ്ങള്‍ ഒരുക്കിയാല്‍ കൈപൊള്ളില്ല എന്ന തിരിച്ചറിവ് നല്‍കി.
രാജേഷ് പിള്ളയുടെ “ട്രാഫിക്’ വന്നതോടെ ഈ തിരിച്ചറിവിന് ബലം കൂടി. വ്യത്യസ്തമായ പ്രമേയവും കെട്ടുറപ്പുള്ള തിരക്കഥയും ചെറുതാരങ്ങളുമായപ്പോള്‍ ചിത്രം ചര്‍ച്ച ചെയ്യപ്പെടുകയും പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും ചെയ്തു. പുതുമുഖകളെ വെച്ച് നല്ലചിത്രങ്ങള്‍ ചെയ്താല്‍ ശ്രദ്ധിക്കപ്പെടില്ല എന്ന ധാരണയും “ട്രാഫിക്’ തിരുത്തിക്കുറിച്ചു. റിലീസിന് മുമ്പ് തന്നെ നിര്‍മാതാവിന് ചിത്രം ലാഭവും നല്‍കി.
എങ്കിലും അര്‍ഹിക്കുന്ന രീതിയില്‍ ചിത്രത്തെ തീയറ്ററുകളും വിതരണക്കാരും പരിഗണിച്ചില്ല എന്നത് ചെറുചിത്രങ്ങള്‍ക്ക് ഇപ്പോഴും പുര്‍ണമായി മാറിയിട്ടില്ലാത്ത തൊട്ടുകൂടായ്മയുടെ ഉദാഹരണമാണ്. സംവിധായകന്‍ രാജേഷ് പിള്ളയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
ഒടുവില്‍ മലയാള സിനിമ ആഷിക് അബുവിന്റെ “സോള്‍ട്ട് ആന്റ് പെപ്പറി’ലെത്തിയപ്പോള്‍ ഇത്തരം ചിത്രങ്ങളെക്കുറിച്ച് ഗൌരവമായി ചര്‍ച്ച തുടങ്ങി. വൈഡ് റിലീസിന്റെ കാലത്തും ചെറുചിത്രമെന്ന നിലയില്‍ ആദ്യവാരം 22 തീയറ്ററുകള്‍ മാത്രം കിട്ടിയ “സോള്‍ട്ട് ആന്റ് പെപ്പര്‍’ ഇപ്പോള്‍ 40 ഓളം ദിവസമായപ്പോള്‍ 50 തിയറ്ററുകളിലേക്ക് ഉയര്‍ത്തപ്പെട്ടു.
രസകരമായ മറ്റൊരു കാര്യം ഈ ചിത്രം വിതരണം ചെയ്ത അതേ കമ്പനി അതേ ദിവസംതന്നെ കേരളമാകെ 75 കേന്ദ്രങ്ങള്‍ ഒരു തമിഴ് പടത്തിന് നല്‍കിയ ശേഷം എല്ലാ സ്ഥലങ്ങളിലേയും ഒഴിവുള്ള ചെറിയ തിയറ്ററുകളില്‍ മാത്രമാണ് “സോള്‍ട്ട് ആന്റ് പെപ്പറി’ന് കണ്ടെത്തിയത് എന്നതാണ്. ഇപ്പോഴും നിറഞ്ഞോടുന്ന ചിത്രം തലസ്ഥാന നഗരത്തിലുള്‍പ്പെടെ മിനി തീയറ്ററിലാണ് പ്രദര്‍ശിപ്പിക്കുന്നത് !
ഇതിനൊപ്പം വന്ന സമീര്‍ താഹിറിന്റെ “ചാപ്പാ കുരിശും’ പരീക്ഷണങ്ങളുടെ പേരില്‍ ചര്‍ച്ചയായി. കണക്കിലെ കളികളില്‍ ചിത്രം വിജയവുമായി. എന്നാല്‍ നഗരകേന്ദ്രങ്ങള്‍ വിട്ടാല്‍ ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകരില്‍ വേണ്ടത്ര എത്തുന്നുണ്ടോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്. അതിന് ചെറു സെന്ററുകളിലെ തിയറ്ററുടമകളുടെ സഹകരണവും നഗരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത മാര്‍ക്കറ്റിംഗും അനിവാര്യമാണ്.
ചെറുചിത്രങ്ങളുടെ നിര്‍മാണ ചെലവ് നിജപ്പെടുത്താന്‍ സാങ്കേതികതയും സഹായമാകുന്നുണ്ട്. ഡിജിറ്റല്‍ സ്റ്റില്‍ ക്യാമറയില്‍ വരെ ഹൈഡെഫിനിഷന്‍ സിനിമയെടുക്കാമെന്ന് “ചാപ്പാ കുരിശ്’ കാട്ടിത്തന്നു.
എന്തായാലും വന്‍ സംവിധായകരും പുതുമുഖങ്ങളുടെ ചെറുചിത്രങ്ങള്‍ പരിഗണിച്ചു തുടങ്ങിയത് ശുഭസൂചനയാണ്. ജോഷിയുടെ “സെവന്‍സ്’ ഉദാഹരണം. കൂടാതെ അനേകം ചിത്രങ്ങള്‍ അണിയറയിലും.

when you share, you share an opinion
Posted by on Aug 15 2011. Filed under സിനിമ, സിനിമാപ്പുര-ആശിഷ്. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers