കല്‍മാഡിക്കെതിരായ അന്വേഷണം അവിടെ നിര്‍ത്താമോ?

*ദല്‍ഹിയിലെ കോമണ്‍വെല്‍ത്ത് സ്റ്റേഡിയത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച സുരേഷ് കല്‍മാഡി മേല്‍ക്കൂര അടര്‍ന്നു വീണ് ആശുപത്രിയില്‍
*ദല്‍ഹി സ്റ്റേഡിയത്തില്‍ ഫ്യൂസായ ഒരു ബള്‍ബ് മാറ്റാനെത്തിയത് ഒരു ലക്ഷം തൊഴിലാളികള്‍. ഒരാള്‍ ബള്‍ബ് മാറ്റുന്നു. ബാക്കി 99,9999 പേര്‍ മേല്‍ക്കൂര താങ്ങിനിര്‍ത്തുന്നു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച കോമണ്‍ വെല്‍ത്ത് ഗെയിംസിനെ കുറിച്ച് പ്രചരിച്ച എസ്.എം.എസ് ജോക്കുകളില്‍ ചിലതാണിത്.
അഴിമതിയുടെ അപ്പോസ്തലന്‍ കല്‍മാഡിയദ്ദേഹം ഇപ്പോള്‍ തിഹാര്‍ ജയിലിലെ തണുത്ത സിമന്റ് തറയില്‍ നഷ്ട സ്വര്‍ഗങ്ങളെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടുകയാവും. ഓര്‍മ്മകള്‍ക്ക് ക്ലാവ് പിടിച്ചു തുടങ്ങിയതിനാല്‍ പൂര്‍വാശ്രമത്തിലെ രാജകീയ ജീവിതത്തിന്റെ സൌഭാഗ്യങ്ങള്‍ അദ്ദേഹത്തെ അത്രയൊന്നും അലട്ടുന്നുണ്ടാവില്ല.
വര്‍ഷങ്ങളോളം ഇന്ത്യന്‍ കായിക രംഗം അടക്കി വാണ, ആറടി ഉയരവും സുന്ദരന്‍ താടിയുമുള്ള ഈ സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്റര്‍ക്ക് എന്തൊരു പ്രൌഢിയായിരുന്നു. വ്യോമസേനയില്‍നിന്ന് വിരമിച്ച ശേഷം പൂനെയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്ന കല്‍മാഡിയെ സഞ്ജയ് ഗാന്ധിയാണ് കോണ്‍ഗ്രസിലേക്ക് ആകര്‍ഷിച്ചത്. അപാരമായ ആജ്ഞാ ശക്തിയും സംഘാടന ശേഷിയും കൈമുതലായ കല്‍മാഡി, സ്പോര്‍ട്സിനെ തന്റെ വളര്‍ച്ചയുടെ പാലമാക്കി മാറ്റുകയായിരുന്നു. ഇന്ത്യന്‍ അമച്വര്‍ അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, അമച്വര്‍ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഏഷ്യയുടെ പ്രസിഡന്റ്, പാര്‍ലമെന്റ് അംഗം, കേന്ദ്രമന്ത്രി തുടങ്ങി ഉന്നത സ്ഥാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
കാല്‍നൂറ്റാണ്ടായി ഇന്ത്യന്‍ കായികമേഖലയില്‍ അവസാന വാക്കു തന്നെയായിരുന്നു കല്‍മാഡി. ഗുണം പിടിക്കാത്ത ഇന്ത്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡിന്റെ പോഷകാഹാരക്കുറവിനിടയിലും കല്‍മാഡി തടിച്ചു കൊഴുത്തത് ആരും അറിഞ്ഞു കാണില്ല.അ ല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിച്ചു കാണും.
അങ്ങനെയിരിക്കെയാണ് സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ കായിക മഹാമഹം എന്നു കൊണ്ടാടപ്പെട്ട കോമണ്‍വെല്‍ത്ത് ഗെയിംസിന് അരങ്ങൊരുങ്ങുന്നത്. സ്വാഭാവികമായും ഗെയിംസിന്റെ ചുക്കാന്‍ കല്‍മാഡിയുടെ കൈകളിലായി. കായിക ദരിദ്രമായ ഒരു നാടിന്റെ മുഖം രാജ്യന്തര തലത്തില്‍ അല്‍പമെങ്കിലും മിനുക്കിയെടുക്കന്‍ കിട്ടിയ സുവര്‍ണാവസരം അഴിമതിയുടെ കൂത്തരങ്ങായി മാറ്റാന്‍ അദ്ദേഹത്തിന് തെല്ലും അറപ്പുണ്ടായില്ല. സ്റ്റേഡിയം നിര്‍മാണം അടക്കമുള്ള കരാര്‍ പ്രവൃത്തികളില്‍ കോടികള്‍ മറിഞ്ഞപ്പോള്‍ അദ്ദേഹം ഓര്‍ത്തു കാണില്ല, തിഹാര്‍ ജയില്‍ തന്നെ കാത്തിരിക്കുകയാണെന്ന്.
2003ലെ ഹൈദരാബാദ് നാഷനല്‍ ഗെയിംസിനിടെ പത്ര സമ്മേളനത്തില്‍ പങ്കെടുത്തത് ഓര്‍മ്മ വരുന്നു. താജ് ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളത്തില്‍ എന്റെ തൊട്ടടുത്തിരുന്ന തലമുതിര്‍ന്ന പ്രാദേശിക പത്രപ്രവര്‍ത്തകന്‍ അനിഷ്ടകരമായ ഒരു ചോദ്യം ചോദിച്ചപ്പോള്‍ കല്‍മാഡി അദ്ദേഹത്തെ കടുത്ത ഭാഷയില്‍ ശകാരിച്ചിരുത്തി. മലയാളി താരം ബോബി അലോഷ്യസിന്റെ ഭര്‍ത്താവും പത്രപ്രവര്‍ത്തകനുമായ ഷാജന്‍ സ്കറിയക്കും സമാന അനുഭവമുണ്ടായി. ചോദ്യം ചെയ്യപ്പെടാത്ത അഹന്തയുടെ മുഖമായിരുന്നു അപ്പോള്‍ കല്‍മാഡിക്ക്.
ശകാരം കേട്ട പത്രപ്രവര്‍ത്തകന്‍ പിന്നെ എന്നോട് സംസാരിക്കുമ്പോള്‍ കല്‍മാഡിയെ വിശേഷിപ്പിച്ചത് തന്തക്കു പിറക്കാത്തവന്‍ എന്നായിരുന്നു. ഇന്ത്യന്‍ സ്പോര്‍ട്സ് ഇത്ര അധപതിച്ചതിന്റെ കാരണക്കാരന്‍ കല്‍മാഡിയാണെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, കല്‍മാഡിയുടെ സ്പോര്‍ട്സ് അഡ്മിനിസ്ട്രേഷനിലെ തിരിമറികള്‍ എല്ലാര്‍ക്കുമറിയാമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ കെണിയില്‍ വീഴ്ത്താന്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ കോടികളുടെ അഴിമതിയെക്കുറിച്ച സി.എ.ജി റിപ്പോര്‍ട്ട് വേണ്ടി വന്നു.
അഴിമതിയുടെ ഹോര്‍മോണ്‍ സിരകളിലൊളിപ്പിച്ച ഒരാള്‍ കാല്‍നൂറ്റാണ്ടു കാലം ഒരു രാജ്യത്തിന്റെ കായിക ഭരണത്തിന്റെ തലപ്പത്തിരുന്നിട്ടുണ്ടെങ്കില്‍ ഇനിയുമെത്ര അഴിമതിക്കഥകള്‍ ചാരം മൂടിക്കിടക്കുന്നുണ്ടാവും? മറവിരോഗം കല്‍മാഡിയെ ബാധിച്ചാലുമില്ലെങ്കിലും, അദ്ദേഹം സംഘാടക നേതൃത്വം നല്‍കിയ എല്ലാ കായിക മേളകളെയും അദ്ദേഹം ഏര്‍പ്പെട്ട കരാറുകളെയും കുറിച്ച് വിശദമായി അന്വേഷിക്കുന്നത് നന്നായിരിക്കും.

2 thoughts on “കല്‍മാഡിക്കെതിരായ അന്വേഷണം അവിടെ നിര്‍ത്താമോ?

  1. Kalmadi so many other great corruptitians of Indian politics enjoys luxury class facilities at Tihar.They will come out scot free and will get ticket in election and rule us again. POLITICS IS THE LAST REFUGE OF ANY ACOUNDREL

Leave a Reply

Your email address will not be published. Required fields are marked *