മരുന്നു പരീക്ഷണത്തില്‍ മരിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് നക്കാപ്പിച്ച

 
 
 
 
മരുന്നു പരീക്ഷണത്തെക്കുറിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ് പുനപ്രസിദ്ധീകരിക്കുന്നു
 
 

ലോകത്ത് ഏറ്റവും ചുരുങ്ങിയ ചെലവില്‍ മരുന്നു പരീക്ഷണങ്ങള്‍ നടത്താനാവുന്ന രാജ്യമാണ് ഇന്ത്യ. ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ പരീക്ഷണങ്ങളുമായി കേരളീയ ഗ്രാമങ്ങളില്‍ വരെ അലഞ്ഞു തിരിയുന്നത് ഇക്കാരണത്താലാണ്. സര്‍ക്കാര്‍ മേല്‍നോട്ടമില്ലാതെ മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന പരീക്ഷണങ്ങളില്‍ മരണപ്പെട്ടവരോട് രാജ്യവും കമ്പനികളും കാണിക്കുന്നത് കൊടും ക്രൂരതയാണ്. ഞെട്ടിക്കുന്ന വിവരങ്ങള്‍ പറയുന്നു, പി.പി പ്രശാന്ത്

 

 

ഫലപ്രദമായ സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ അഭാവത്തില്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ ലംഘിച്ചു പോലും മരുന്നു പരീക്ഷണങ്ങള്‍ നടക്കുന്ന ഇന്ത്യയില്‍ ഇരകള്‍ക്ക് ലഭിക്കുന്നത് നക്കാപ്പിച്ച തുക. ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നു പരീക്ഷണങ്ങള്‍ കേരളീയ ഗ്രാമങ്ങളില്‍ പോലും വ്യാപകമായതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇന്ത്യന്‍ മെഡിക്കല്‍ മേഖലയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ മന്ത്ലി ഇന്‍ഡക്സ് ഓഫ് മെഡിക്കല്‍ സ്പെഷ്യാലിറ്റീസ് (മിംസ്) ആണ് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും അവഗണിക്കുന്ന ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഇന്ത്യന്‍ ദരിദ്ര ജനതക്കു മേല്‍ മരുന്നു പരീക്ഷണം നടത്താന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നയങ്ങളാണ് ബഹുരാഷ്ട്ര കമ്പനികള്‍ പരീക്ഷണങ്ങള്‍ക്കായി ഇന്ത്യയിലേക്ക് ഒഴുകുന്നതിന് പിന്നിലെന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഗിനിപ്പന്നിക്ക് നക്കാപ്പിച്ച
മരുന്നു പരീക്ഷണത്തില്‍ വന്‍ അപകടങ്ങളും മരണവും അസാധാരണമല്ല.
ഇങ്ങനെ ഒരു ഇര മരണപ്പെട്ടാല്‍ മരുന്ന് കമ്പനി നല്‍കേണ്ട നഷ്ട പരിഹാരം താഴെ പറയും പോലെയാണ്.

മരിച്ചത് ഇന്ത്യക്കാരനെങ്കില്‍ 2.38 ലക്ഷം. ഇത് കേന്ദ്ര സര്‍ക്കാരിന്റെ മരുന്ന് പരീക്ഷണ മരണ രജിസ്റ്ററിലെ ഔദ്യോഗിക ശരാശരി നഷ്ടപരിഹാര കണക്കാണ്.

നൈജീരിയന്‍ പൌരനെങ്കില്‍ തുക 1, 75000 യു.എസ്.ഡോളര്‍ ( 85,83 ലക്ഷം രൂപ) ഇന്ത്യക്കാരന് കിട്ടുന്നതിനേക്കാള്‍ 35 മടങ്ങ്. (നൈജീരിയയിലെ കാനോവില്‍ ഫൈസര്‍ കമ്പനിയുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മരിച്ച കുഞ്ഞിന് ഇക്കഴിഞ്ഞ മാസം നല്‍കിയ നഷ്ടപരിഹാരത്തുകയാണിത്).
ജര്‍മന്‍ പൌരനാണ് മരിച്ചതെങ്കില്‍ ഇത് 60,000 യൂറോ (38.4ലക്ഷം രൂപ). ഇന്ത്യന്‍ ഇരക്ക് ലഭിക്കുന്നതിനേക്കാള്‍ 19 മടങ്ങ്. (ജര്‍മനിയില്‍ സനോഫ് കമ്പനി നല്‍കിയത് ഈ തുകയാണ്).

മരിച്ചത് അമേരിക്കന്‍ പൌരനെങ്കില്‍ കമ്പനി നല്‍കേണ്ടത് 3.8 മില്യണ്‍ ഡോളര്‍ (18.24കോടി രൂപ).

മരുന്ന് പരീക്ഷണം നടത്തി ആളെ കൊല്ലാന്‍ മറ്റേത് രാജ്യത്തേക്കാളും വിലകിഴിവാണ് ഇന്ത്യയില്‍. ബഹുരാഷ്ട്രകുത്തകകമ്പനികളുടെ നീണ്ട നിരയാണ് ക്ലിനിക്കല്‍ ട്രയല്‍സ് എന്ന മരുന്നുപരീക്ഷണവുമായി നമ്മുടെ ആശുപത്രി വരാന്തകളില്‍ ചുറ്റിയടിക്കുന്നത്. കേരളത്തിലെ ആശുപത്രികളിലും പരീക്ഷണങ്ങള്‍ വ്യാപകമാണ്. ദരിദ്രരെയും ആദിവാസികളെയും ആലംബമില്ലാത്ത സ്ത്രീകളെയും മറ്റുമാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്താതെ മരണക്കളിക്കു വിധേയരാക്കുന്നത്.

വലയില്‍ കേരളവും
കൊച്ചിയിലെ ഒരാശുപത്രിയില്‍ ഈയിടെ ശസ്ത്രക്രിയ നടത്താന്‍ കാശു തികയില്ലെന്നു പറഞ്ഞ രോഗിക്കുേ മുന്നില്‍ ഡോക്ടര്‍മാര്‍ വെച്ചു നീട്ടിയത് മരുന്നു പരീക്ഷണത്തിന്റെ പ്രലോഭനമാണ്. നിങ്ങളുടെ ശസ്ത്രക്രിയ ഫ്രീയായി നടത്താം. പകരം ചില മരുന്നുകള്‍ കഴിച്ച് ചെറിയൊരു പരീക്ഷണത്തിന് നിന്നാല്‍ മാത്രം മതിയെന്നാണ് കോഴിക്കോട് സ്വദേശിയായ രോഗിയോട് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രമുഖമായ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. പേടിക്കാനൊന്നുമില്ലെന്നും ധാരാളം പേര്‍ ഇങ്ങനെ ശസ്ത്രക്രിയ നടത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മാസം തോറും പുത്തന്‍ മരുന്നുകള്‍ കമ്പനികള്‍ വിപണിയിലിറക്കുകയാണ്. ഇതിന്റെ പരീക്ഷണങ്ങള്‍ നടത്താന്‍ താരതമ്യേന ചെലവു കുറഞ്ഞതും സര്‍ക്കാര്‍ നിരീക്ഷണം കുറഞ്ഞതുമായ ഇന്ത്യയിലേക്ക് ഒഴുകുകയാണ്. കൈക്കൂലി കൊടുത്താല്‍ എന്തിനും നേര്‍ക്ക് കണ്ണടക്കാന്‍ മടിയില്ലാത്ത ഇന്ത്യന്‍ ബ്യൂറോക്രസിയെയും രാഷ്ട്രീയക്കാരെയും പണം നീട്ടി നിശãബ്ദരാക്കിയാണ് കമ്പനികള്‍ പരീക്ഷണങ്ങള്‍ തകര്‍ത്തു നടത്തുന്നത്.
മരുന്നുകളില്‍ അടങ്ങിയ രാസഘടകങ്ങളില്‍ ചെറുമാറ്റം വരുത്തിയ (ഫിക്സഡ് ഡോസ് കോമ്പിനേഷന്‍) ആയിരക്കണക്കിന് മരുന്നുകളാണ് ഇവര്‍ക്കു വേണ്ടി ഡോക്ടര്‍മാര്‍ നല്‍കുന്നത്. കേരളത്തിലുള്‍പ്പെടെ രോഗികള്‍ അറിഞ്ഞും അറിയാതെയും മരുന്ന്പരീക്ഷണത്തിന് വിധേയരാവുന്നു.ഈയടുത്ത കാലത്ത് മരുന്ന് പരീക്ഷണത്തിന് കര്‍ശന നിബന്ധനകളുമായി ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍, അത് ഇനിയും പ്രാബല്യത്തിലായിട്ടില്ല.

കണക്കില്‍ പെടാത്ത മരണങ്ങള്‍
മരുന്നു പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിരവധി പേര്‍ക്കാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. ധാരാളം മരണങ്ങളും സംഭവിക്കുന്നു. ഉന്നത തല ഒത്താശയോടെ പല മരണങ്ങളും മൂടി വെക്കുകയാണ്. എങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കുകള്‍ മാത്രം പരിശോധിച്ചാലും ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ മരുന്ന് പരീക്ഷണത്തിന്റെ ഭാഗമായി മരിച്ചരവുടെ കണക്ക് ഇപ്രകാരമാണ്.

2007 ല്‍ 137 പേര്‍.
2008ല്‍ 288 പേര്‍.
2009ല്‍ 637 പേര്‍
2010ല്‍ 668 പേര്‍.

കണ്ണടക്കുന്ന നിയമം
2009 വരെ മരുന്ന് പരീക്ഷണങ്ങളില്‍ ജീവന്‍ പൊലിഞ്ഞ ഒരാള്‍ക്ക് പോലും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. മരുന്നുക പരീക്ഷണങ്ങളില്‍ മരിക്കുന്നവര്‍ക്ക് നിയമം മൂലം നഷ്ടപരിഹാരം നിര്‍ബന്ധമാക്കിയത് ഈയടുത്ത കാലത്താണ്, അതും ചില മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന്.
എന്നാല്‍, നിയമത്തെ കൊഞ്ഞനം കുത്തുന്നതായിരുന്നു ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടി. നിയമപ്രകാരമുള്ള അറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് 10 ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ 22 പേരുടെ നഷ്ടപരിഹാര ലിസ്റ്റ് സമര്‍പ്പിച്ചു.ബേയര്‍ കമ്പനിയുടെ മരുന്ന് പരീക്ഷണത്തില്‍ പെലിഞ്ഞ 138 പേരില്‍ നിന്ന് അഞ്ച് പേര്‍, സനോഫി അവന്റിസ് കമ്പനിയുടെ മരണലിസ്റ്റിലെ 152 രോഗികളില്‍നിന്ന് മൂന്നുപേര്‍.
മരുന്ന് പരീക്ഷണങ്ങളില്‍ പാതി ജീവന്‍ പൊലിഞ്ഞവര്‍ക്ക് നഷ്ടപരിഹാരമെന്ന സ്വപ്നം ഇനിയും ബാക്കി.
മെര്‍ക്ക്,വെയ്ത്, എമാജന്‍, സനോഫി,ഫൈസര്‍ കമ്പനികള്‍ നഷ്ടപരിഹാരമായി എട്ട് കുടുംബങ്ങള്‍ക്ക് നല്‍കിയത് 1.5 ലക്ഷംരൂപയാണ്. ബേയര്‍ കമ്പനി അഞ്ച് പേര്‍ക്ക് നല്‍കിയത് 2.5 ലക്ഷം, എയ്ലി ലില്ലി രണ്ട് പേര്‍ക്ക് രണ്ട് ലക്ഷം വീതവും ഒരാള്‍ക്ക് 1.008 ലക്ഷവും. അതായത് ശരാശരി നഷ്ടപരിഹാരതുക.2.38 ലക്ഷം.

നഷ്ടപരിഹാരം തോന്നും പടി
ഇന്ത്യയില്‍ ട്രെയിനപകടങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം ഏഴ് ലക്ഷം രൂപയാണ്. ചെറിയ വാഹനാപകടങ്ങള്‍ക്ക് പോലും കിട്ടുന്നത് ബഹുരാഷ്ട്രകുത്തകകള്‍ നല്‍കുന്ന ഈ നക്കാപ്പിച്ച തുകയേക്കാള്‍ കൂടുതലാണ്.
എന്നാല്‍, മരുന്നുകമ്പനികളുടെ പങ്കുപറ്റി തടിച്ചു കൊഴുക്കുന്ന നമ്മുടെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിനുണ്ടോ ഈ കണക്കുകള്‍ ശ്രദ്ധിക്കാന്‍ നേരം. സാധാരണയായി മരിച്ചയാളുടെ വയസ്,ആരോഗ്യം, ജോലി, ആശ്രിതര്‍, ശമ്പളം എന്നിവ പരിഗണിച്ചാണ് മരിച്ചവരുടെ നഷ്ടപരിഹാരം കണക്കാക്കുക. ഇതൊന്നും പരിഗണിക്കാതെ തോന്നും പടിയാണ് ഇന്ത്യയില്‍ മരുന്നുകമ്പനികള്‍ നഷ്ട പരിഹാര തുക കണക്കാക്കുന്നത്. നഷ്ടപരിഹാര തുകക്കാകട്ടെ ഏകീകൃത രുപവുമില്ല.
കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കോ രാഷ്ട്രീയ കക്ഷികള്‍ക്കോ ഇതൊന്നും ഗൌരവമുള്ള കാര്യമാണെന്ന് തോന്നിയിട്ടേയില്ല. കേരളത്തിലടക്കം മരുന്നു പരീക്ഷണങ്ങള്‍ വ്യാപകമായിട്ടും നമ്മുടെ ആളുകള്‍ സുഖമായി ഉറങ്ങുക തന്നയാണ്.

5 thoughts on “മരുന്നു പരീക്ഷണത്തില്‍ മരിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് നക്കാപ്പിച്ച

  1. അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന ലേഖനം.
    ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയം കിട്ടാതെ തമാശകൊണ്ട് എറിഞ്ഞു കളിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിലെ നല്ല പുള്ളകളൊന്നും ഇതു കാണാത്തത് എന്താണാവോ.
    മുഖ്യധാരാ മാധ്യമങ്ങള്‍ മാത്രമല്ല, അതിനു ബദലെന്ന് കൊട്ടിഘോഷിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കുകാരും ചില കാര്യങ്ങളില്‍ ഏതാണ്ട് ഒരു പോലെയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ചില നേരങ്ങളിലെങ്കിലും എത്തിക്സ് നെഞ്ചേറ്റുമ്പോള്‍ തമാശ പറഞ്ഞ് ചിരിച്ച് ചിരിച്ച് പല്ലു കൊഴിയുക മാത്രമാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് ശിങ്കങ്ങള്‍ക്കിടയില്‍.

  2. This is sheer example of How a state itself becomes a terrorist organisation against its citizens,,What we can expect more from a pro-corporate goverment, we have experiences in Bhopal gas tragedy case,in endosulfan issue that how the interest of public is being hijacked for the corporates. if more clarity of the basis for the facts cited could make the article more authentic,.Details like MIMS issue , Drugs Controller reports etc ,and its website links could have been atleast touched ,though an article like this ought to be brief.

  3. ഈ വിഷയം തുറന്നു പറയാം കാണിച്ച നല്ല മനസിന്‌ ആദ്യമേ നന്ദി പറയുന്നു….ഈ കാര്യങ്ങളെ പറ്റി അറിവില്ലായ്മ നമ്മുടെ പരാജയം തന്നെയാണ്…മരുന്ന് കമ്പനികള്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നുണ്ട് എന്നെ അറിയുമായിരുന്നുള്ളൂ…അത് എങ്ങനെയൊക്കെ ആണെന്ന് ഇപോയ മനസിലായത്‌.,സത്യമായും ജീവികാന്‍ പെടിതോന്നുന്നു..നമ്മുടെയൊക്കെ ജീവിതം ഇപോയും മട്ടരുടെയോക്കെയോ കയ്കളിലാണ്‌…,…

  4. ഈ വിഷയം തുറന്നു പറയാം കാണിച്ച നല്ല മനസിന്‌ ആദ്യമേ നന്ദി പറയുന്നു….ഈ കാര്യങ്ങളെ പറ്റി അറിവില്ലായ്മ നമ്മുടെ പരാജയം തന്നെയാണ്…മരുന്ന് കമ്പനികള്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നുണ്ട് എന്നെ അറിയുമായിരുന്നുള്ളൂ…അത് എങ്ങനെയൊക്കെ ആണെന്ന് ഇപോയ മനസിലായത്‌.,സത്യമായും ജീവികാന്‍ പെടിതോന്നുന്നു..നമ്മുടെയൊക്കെ ജീവിതം ഇപ്പോയും മറ്റാരുടെയോ കയ്കളിലാണ്‌

Leave a Reply

Your email address will not be published. Required fields are marked *