സ്കൂള്‍ വഴി നാടാകെ പടരാന്‍ കുത്തകയുടെ രഹസ്യ പദ്ധതി

ബേബി ഫുഡ് കുത്തക ഭീമന്‍, നെസ് ലേ വിദ്യാലയങ്ങള്‍ വഴി വരുംതലമുറയില്‍ പിടിമുറുക്കാനുള്ള പുതിയ ശ്രമത്തിലാണ്. ബേബി ഫുഡിലെ അസംസ്കൃത വസ്തുക്കളില്‍ കൃത്രിമം കാട്ടിയതിന് ഇന്ത്യയില്‍ ക്രിമിനല്‍ കേസുള്ള ഈ കമ്പനി സര്‍ക്കാറിന്റെ മൌനാനുവാദത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകളിലെ കൌമാരക്കാരികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യത്തെ നാല് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നെസ് ലേ രഹസ്യധാരണ ഉണ്ടാക്കിക്കഴിഞ്ഞു.

 

പൊതു വിദ്യാഭ്യസ സ്ഥാപനങ്ങളുടെ കള്ളക്കളി
ഹരിയാനയിലെ നാഷനല്‍ ഡയറി ഇന്‍സ്റ്റിറ്റ്യൂട്ട്, പഞ്ചാബ് അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റി,കര്‍ണാടകയിലെ മൈസൂര്‍ യൂനിവേഴ്സിറ്റി ,ഉത്തര്‍ഖണ്ഡിലെ ജി.ബി.പാന്ത് യൂനിവേഴ്സിറ്റി ഫോര്‍ അഗ്രികള്‍ചര്‍ ആന്റ്് ടെക്നോളജി എന്നീ സ്ഥാപനങ്ങളുമായാണ് നെസ് ലേ പോഷകാഹാര ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ രഹസ്യ ധാരണ ഉണ്ടാക്കിയത്. പദ്ധതിയുടെ ഭാഗമായി നെസ് ലേ പ്രവര്‍ത്തകര്‍ സ്കൂളുകളിലും ഗ്രാമീണ സ്ത്രീകളുടെ ഇടയിലും ബോധവല്‍കരണത്തിന് എത്തും. കുഞ്ഞുങ്ങള്‍ക്ക് സമീകൃത ആഹാരം തയ്യാറാക്കുന്ന രീതി, പോഷക മൂല്യമുള്ള ആഹാരങ്ങള്‍ പരിചയപ്പെടുത്തല്‍ ,എങ്ങനെ പോഷക മൂല്യമുള്ള ഭക്ഷണം ലഭ്യമാക്കാം…ഇങ്ങനെ പോകുന്നു പാഠ്യവിഷയങ്ങള്‍.

അപേക്ഷ സര്‍വകലാശാലക്ക്;മറുപടി കുത്തകകമ്പനിയുടെ
ബ്രസ്റ്റ് ഫീഡിങ് നെറ്റ് വര്‍ക്ക് ഓഫ് ഇന്ത്യ (ബി.എഫ്.എന്‍.ഐ) എന്ന സന്നദ്ധ സംഘടനയാണ് നെസ് ലേയുടെ കള്ളക്കളി വിവരാവകാശ രേഖയിലൂടെ പുറത്തുകൊണ്ടു വന്നത്. രസകരമായ ഒരു കാര്യം കൂടി ഇതിനിടെ നടന്നു.നെസ് ലേയുമായുണ്ടാക്കിയ ധാരണയെപ്പറ്റി സംഘടന പഞ്ചാബ് അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റിയോട് വിവരാവകാശ നിയമ പ്രകാരം ആരാഞ്ഞു. വിവരം നല്‍കാന്‍ ധാരണയായ കുത്തകകമ്പനിയോട് സമ്മതം ചോദിക്കുകയായിരുന്നു യൂനിവേഴ്സിറ്റി അധികൃതര്‍. എന്നാല്‍ യൂനിവേഴ്സിറ്റിയുടെ അഭ്യര്‍ഥന മാനിച്ച് കമ്പനി മറുപടി തന്നു-”യൂനിവേഴ്സിറ്റികളുമുണ്ടാക്കിയ ധാരണ രഹസ്യാത്മകവും വാണിജ്യപരവുമാണ്. ഇത് വെളിപ്പെടുത്തുന്നത് കമ്പനിയുടെ മല്‍സരാധിഷ്ഠിത സ്വഭാവത്തെ ബാധിക്കും” ഇതായിരുന്നു മറുപടി.
കേവലം രണ്ടര ലക്ഷത്തോളം രൂപയുടെ കരാറാണ് ഓരോ യൂനിവേഴ്സിറ്റികളുമായി നെസ് ലേ ഒപ്പുവെച്ചത്. എന്നിട്ടാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിക്കുന്നത്.

വെളിപ്പെടുത്താനാകാത്ത രഹസ്യധാരണ
2009_2010 വര്‍ഷങ്ങളിലാണ് വിവിധ യൂനിവേഴ്സിറ്റികളുമായി സംസ്ഥാന സര്‍ക്കാരുകളുടെ അറിവോടെ നെസ് ലേ ധാരണാ പത്രം ഒപ്പുവെച്ചത്.തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനം നടന്നുവരികയാണ്.
ഭാവി അമ്മമാര്‍ എന്ന നിലയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍, നേരിട്ടു പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇതോടെ കമ്പനിക്കു ലഭിക്കുന്നത്. ഇതോടൊപ്പം, ഗ്രാമീണ സ്ത്രീകള്‍ക്കിടയിലേക്കും കമ്പനിക്ക് ഇറങ്ങിച്ചെല്ലാനാവും. ബോധവല്‍കരണത്തിന്റെ മറവില്‍ സ്വന്തം ഉല്‍പന്നങ്ങളെ പരിചയപ്പെടുത്താനും മാര്‍ക്കറ്റ് വിപുലമാക്കാനുമുള്ള അവസരമാണ് കമ്പനിക്ക് ലഭിക്കുക.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഇതിനായി ദുരുപയോഗം ചെയ്യുന്നത്. ഡബ്ലു.എച്ച്.ഒയുടെ 63 ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ സ്കൂളുകളിലൂടെ മാര്‍ക്കറ്റിങ് ലക്ഷ്യമിട്ട ഭക്ഷണ സാധനങ്ങളുടെ പ്രചാരണം നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇതെല്ലാം മറി കടന്നാണ് സര്‍ക്കാരിന്റെയും യൂനിവേഴ്സിറ്റി അധികൃതരുടെ ഒത്താശയോടെ പദ്ധതി നടപ്പാക്കുന്നത്.

ബാക്കിയാവുന്ന ചോദ്യങ്ങള്‍
എന്തുകൊണ്ടാണ് വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ യൂനിവേഴ്സിറ്റികള്‍ മടിക്കുന്നത്?.വിവരാവകാശ മറുപടിക്ക് നെസ് ലേയുടെ സമ്മതം വേണമെന്ന് പഞ്ചാബ് അഗ്രി. യൂനിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നതിന് പിന്നിലെ ശാഠ്യമെന്താണ്?. ബോധവല്‍കരണം മാത്രമാണ് ശ്രമമെങ്കില്‍ എം.ഒ.യുവിന്റെ (ധാരണാ പത്രം) ആവശ്യമെന്താണ്?.
കാര്യങ്ങള്‍ വ്യക്തമാണ്. പദ്ധതിക്കു പിറകില്‍ ബോധവല്‍കരണമല്ല. വെറും ബിസിനസ് താല്‍പര്യം മാത്രം. പൊതുവിദ്യാഭ്യാസ മേഖലയെ ബഹുരാഷ്ട്ര കുത്തകക്ക് അടിയറവ് വെച്ച യൂനിവേഴ്സിറ്റി അധികൃതര്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാറുകളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. 2.5 ലക്ഷം രൂപയാണ് കമ്പനി നല്‍കുന്നത്. ഇത്ര ചെറിയ തുകക്ക് വേണ്ടി ബഹുരാഷ്ട്ര കുത്തകയുടെ കൂട്ടുപിടിക്കേണ്ട ആവശ്യമെന്താണ്?.
നെസ് ലേ വെറുമൊരു കമ്പനി മാത്രമല്ല. ജനിതക മാറ്റം വരുത്തിയ ബേബി ഫുഡ് ഉല്‍പന്നങ്ങളുമായി നെസ്ലെ ലോകമെങ്ങൂം എതിര്‍പ്പു ക്ഷണിച്ചുവരുത്തിയിരുന്നു.ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ചൊറിച്ചില്‍, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഫലമില്ലാതെ വരിക എന്നിവ സംഭവിക്കാറുണ്ട്. നെസ് ലേയുടെ ജനിതക മാറ്റം വരുത്തിയ ഉല്‍പന്നങ്ങള്‍ക്കെതിരെ ഗ്രീന്‍പീസ് പോലുള്ള സംഘടനകള്‍ നിരന്തരം പോരാടിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *