പണമയക്കാം മൊബൈലിലൂടെ

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ അത്യാവശ്യത്തിന് പണമയച്ചുകൊടുക്കണമെങ്കില്‍ പണ്ടൊക്കെ പൊല്ലാപ്പ് ഏറെയായിരുന്നു. ബാങ്കിലെത്തി ക്യൂ നിന്ന് ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് വരുമ്പോഴേക്കും വിലപ്പെട്ട സമയം കുറെ നഷ്ടമാകും. ഡ്രാഫ്റ്റ് തപാലില്‍ അയച്ചുകൊടുത്ത് പണമാക്കി മാറ്റണമെങ്കില്‍ കഷ്ടപ്പാട് വേറെയുമുണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം വന്നതോടെ കാര്യങ്ങള്‍ കുറച്ചൊക്കെ എളുപ്പമായി. കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഇന്റര്‍നെറ്റ് ബാങ്കിങ് അക്കൌണ്ടും ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് തന്നെ പണം അയക്കാമെന്നായി.തിരക്കുപിടിച്ച ജീവിതത്തിനടിയില്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കാന്‍ പോലും സമയമില്ലാത്തവര്‍ക്കായി രംഗത്തെത്തിയ മൊബൈല്‍ ബാങ്കിങിന് ഇപ്പോള്‍ പ്രചാരമേറുകയാണ്.

സേവനം 27 ബാങ്കുകളില്‍
ഇന്റര്‍ ബാങ്ക് മൊബൈല്‍ പേയ്മെന്റ് സര്‍വീസ് (IMPS) എന്ന സംവിധാനത്തിന് നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 2010 ആഗസ്റ്റിലാണ് തുടക്കം കുറിച്ചത്. വളരെ എളുപ്പത്തിലും വേഗത്തിലും പണമയക്കാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇന്ത്യയിലെ 27 ഓളം പ്രമുഖ ബാങ്കുകള്‍ ഈ സേവനം ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. ആക്സിസ് ബാങ്, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, യൂനിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ഓവര്‍സീസ് ബാങ്ക്, സിണ്ടിക്കേറ്റ് ബാങ്ക്, കാനറ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവ ഇതില്‍ പെടും. വിശദമായ ലിസ്റ്റിന് http://www.npci.org.in/bankmember.aspx

പ്രവര്‍ത്തനം ഇങ്ങനെ
ഈ സംവിധാനം ലഭ്യമാക്കാന്‍ ആദ്യം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ബാങ്ക് തരുന്ന സോഫ്റ്റ്വെയര്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. പണമയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും അക്കൌണ്ടുമായി ബന്ധപ്പെടുത്തി മൊബൈല്‍ മണി ഐഡന്റിഫയര്‍ കോഡ് ബാങ്ക് നല്‍കും. പണമയക്കുന്നയാള്‍ ലഭിക്കേണ്ടയാളുടെ മൊബൈല്‍ നമ്പറും കോഡും നല്‍കിക്കഴിഞ്ഞാല്‍ 30 സെക്കന്റിനകം പണം അക്കൌണ്ടിലെത്തും. ഇരുവര്‍ക്കും ഇതു സംബന്ധിച്ച സന്ദേശം ലഭിക്കുകയും ചെയ്യും. 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായ ഈ സംവിധാനത്തിന്റെ പോരായ്മ ഇരുവര്‍ക്കും ബാങ്ക് അക്കൌണ്ട് നിര്‍ബന്ധമാണെന്നതുമാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *