എരിവും പുളിവും പോരാ,പെപ്പറും വേണം

മലയാളത്തില്‍ സമാന്തരസിനിമ മരിച്ചിട്ട് ഒരു പതിറ്റാണ്ടെങ്കിലുമായി.ഹിന്ദിയില്‍ ഒന്നര പതിറ്റാണ്ടും.ഇതിനടിയില്‍ ഹിന്ദിയില്‍ കൈസാദ് ഗുസ്താദും നാഗേഷ് കുക്കുന്നൂരും,അനുരാഗ് കാശ്യപും അടക്കം ഒര പറ്റം കണ്ടംപറ റി എന്ന് തീര്‍ത്ത് പറയാവുന്ന ഭാവുകത്വമുള്ള സംവിധായകരുടെ തലമുറ പുതിയ സിനിമാ ഭാഷ ഉണ്ടാക്കിക്കഴിഞ്ഞു.ഗോവിന്ദ് നിഹലാനിയെയും ശ്യാം ബെനഗലിനെയും പോലുള്ള സമാന്തരസിനിമക്കാര്‍ കാലഹരണപ്പെട്ടു പോകാതിരിക്കാന്‍ വെല്‍ഡണ്‍ അബ്ബാ പോലുള്ള സിനിമകളുമായി തിരിച്ചു വരികയും ചെയ്യുന്നു.ദില്‍ ചാഹ്താ ഹോ പോലെ ഒരു സിനിമ പുതിയ തലമുറയുടെ ഭാവുകത്വം മാറ്റി ക്കൊണ്ടിരിക്കുമ്പോള്‍ രൂപ് കീ റാണി ചോരോം കാ രാജ പോലുള്ള സിനിമയുമായെത്തി പ്രേക്ഷകന്‍റെ അഭിരുചിയെ പഴയ ലാവണത്തിലെത്തിക്കാന്‍ ശ്രമിച്ച ബോണികപൂറുമാര്‍ ഇന്ന് ടെലിവിഷന്‍ ചാനലില്‍ പോലും ഇടം കിട്ടാതെ പുറന്തള്ളപ്പെട്ടിരിക്കുന്നു.മള്‍ട്ടിപ്ലെക്സുകളില്‍ നിന്ന് പരീക്ഷണങ്ങള്‍‍ ബീഹാറിലെയും യുപിയിലെയും നാടന്‍ കൊട്ടകകള്‍ വരെ എത്തിയിരുന്നു…

ഈ കാലഘട്ടത്തില്‍ മലയാളത്തില്‍ എന്താണ് സംഭവിച്ചത്.ടിവി ചന്ദ്രനും സുകുമാരന്‍ നായരുമടക്കമുള്ള സമാന്തരങ്ങള്‍ മുനതേഞ്ഞു കാലഹരണപ്പെട്ടു.ജോഷിയുടെയും ഷാജികൈലാസിന്‍റെയും ഹൈ വോള്‍ട്ടേജ് ഡ്രാമകള്‍ പുളിച്ച് തീകട്ടിയപ്പോള്‍ ഷാഫിയും സിദ്ദിഖും ,അതിനേക്കാള്‍ ക്രൂഡ് ആയ സങ്കേതങ്ങളിലേക്കാണ് തിരിഞ്ഞത്.നീരജ് പാണ്ഡെ ഹിന്ദിയില്‍ എ വെനസ്ഡേ എന്ന സിനിമ തയ്യാറാക്കുമ്പോള്‍ ഷാജി കൈലാസ് ബാബാ കല്യാണിയുടെ പണിപ്പുരയിലായിരുന്നു.തീവ്രവാദം മുംബൈയിലെ യും മീററ്റിലെയും സ്ഫോടനത്തില്‍ അംഗഭംഗം വന്ന കാല്‍നടയാത്രക്കാരെക്കാളും തന്നെ ബാധിച്ചു എന്ന മട്ടിലായിരുന്നു മലയാളിഗീര്‍വ്വാണം…

മീശപരുപ്പിച്ച് ഒന്നര പതിറ്റാണ്ടായി മലയാളി ആണത്ത സങ്കല്പത്തെ ദുഷിപ്പിച്ച രഞ്ജിത്തിന് തന്നെ പറയണം ഇപ്പോള്‍ നന്ദി. കേരള കഫെയും ,തിരക്കഥയും കാണിച്ച ഭാവുകത്വത്തിലെ ചുവടുമാറ്റമാണ് ട്രാഫിക്കിനും സാള്‍ട്ട് ആന്‍റ് പെപ്പറിനും ചാപ്പാകുരിശിനും ഊര്‍ജ്ജം പകര്‍ന്നത്.ദേവ് ഡി എന്ന അനുരാഗ് കാശ്യപ് സിനിമ പഴയ ദേവദാസ് പ്രമേയത്തെ പുതുക്കി പണിതപ്പോള്‍ ഇന്‍റര്‍ നെറ്റിലൂടെയുണള്ള സ്വകാര്യ ലൈംഗികതയുടെ വ്യാപനത്തെ കേന്ദ്രീകരിച്ച് തിരക്കഥയെ വികസിപ്പിക്കുന്നത് കാണാം.ഒറിജിനലിനെക്കുറിച്ചുള്ള ഉല്‍ക്കണ്ട മാറ്റിവെച്ചാല്‍ ചാപ്പാ കുരിശും ഇതേ കഥാപരിസരം പങ്കിടുന്നത് കാണാം.ഇന്ത്യന്‍.ഹോളിവുഡ് സിനിമ കരുങ്ങിക്കിടന്ന ട്രാജഡികളെയും കോമഡികളെയും കുറിച്ചുള്ള ഗ്രീക്ക് -ഏഷ്യന്‍ ഇതിഹാസ സൂത്രവാക്യങ്ങളെ മറികടന്ന് ചെറിയ ത്രെ‍‍‍ഡുകളില്‍‍ നിന്ന് സിനിമ രൂപപ്പെടുത്താനുള്ള വൈദഗ്ദ്യം യൂറോപ്പിലെ ചലച്ചിത്രകാരന്മാര്‍ സ്വായത്തമാക്കിയിട്ട് കാലം കുറെയായി.ക്രിസ്റ്റ്യന്‍ മുംഗിയുവിനെയും എനാരിത്തോയെയും പോലുള്ള ചലച്ചിത്രകാരന്മാര് ഗഹനമായും മാജിദ് മജീദിയും കിരോസ്തമിയും ലഘുവായും ആഖ്യാനത്തില്‍ നടത്തിയിട്ടുള്ള പുതുനടത്തങ്ങള്‍ നമ്മുടെ ചലച്ചിത്രകാന്മാരും ഉള്‍ക്കൊള്ളുന്നു എന്നത് ചെറിയ കാര്യമല്ല.

ആമിറും മനോരമ സിക്സ് ഫീറ്റ് അണ്ടറും വെയ്ക്ക അപ് സിദും ഹിന്ദിസിനിമയില്‍ സംഭവിക്കുമ്പോള്‍,കരണ്‍ ജോഹര്‍ മൈ നെയിം ഈസ് ഖാന്‍ പോലൊരു പ്രമേയത്തിലേക്ക് വളരാന്‍ തയ്യാറാകുമ്പോള്‍ ചട്ടമ്പിനാടും ചൈനാടൗണും പോക്കിരിരാജയും നമ്മെ പിന്നോട്ട് നടത്തുന്നു.ഈ പിന്‍ നടത്തങ്ങള്‍ക്കിടെ സാള്‍ട്ട് ആന്‍റ് പെപ്പറും ട്രാഫികും ചാപ്പാകുരിശും പോലുള്ള ചെറിയ ചാട്ടങ്ങള്‍ നമുക്ക് ആവശ്യമാണ്.എന്നാലേ ഭാവുകത്വത്തിന്‍റെ ഈ ആമയും മുയലും കളിയില്‍ മലയാളിക്കാണി ഉറങ്ങാതിരിക്കുള്ളു…

One thought on “എരിവും പുളിവും പോരാ,പെപ്പറും വേണം

  1. കാര്യങ്ങള്‍ നേരെ പറയൂ… അല്‍പം കൂടി ലളിതമായി.

Leave a Reply

Your email address will not be published. Required fields are marked *