ശവപ്പെട്ടിക്കുള്ളിലെ സിനിമ, ബ്ലാക്ക്‌ബെറി, സിപ്പോ.

ശവപ്പെട്ടിക്കുള്ളില്‍ ജീവിച്ചിരിക്കുന്നതിനെക്കുറിച്ച് ഉപമകള്‍ ഉണ്ടാവുക അസാധ്യം. അതും ഇറാഖിലെ 170,000 ചതുരശ്ര മൈല്‍ മരുഭൂമിയില്‍ എവിടെയോ ഒരിടത്ത്. കൂടെ, 90 മിനിറ്റ് നേരത്തേക്ക് മാത്രമുള്ള ഓക്സിജനും ബ്ലാക്ക്‌ബെറി ഫോണും ഒരു സിപ്പോ ലൈറ്ററും.

ആ ജീവിതത്തിനു ഉപമകള്‍ ഇല്ലെങ്കിലും ആ ജീവിതത്തെക്കുറിച്ച് റോഡ്രിഗോ കോര്‍ടെസ് സംവിധാനം ചെയ്ത ഒരു സിനിമ ഉണ്ട്. ബെറീഡ് (Buried). ആ സിനിമയ്ക്കും ഒരുപക്ഷെ ഉപമകള്‍ ഉണ്ടാവില്ല. ഒരു ശവപ്പെട്ടിക്കുള്ളില്‍ അടക്കം ചെയ്ത ജീവനുള്ള ഒരാളുടെ കഥ ശവപ്പെട്ടിക്കുള്ളില്‍ വച്ചു തന്നെ പറയുന്നത് ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ഇനി ആവര്‍ത്തിക്കും എന്ന് പറയാനും ആവില്ല. യുക്തിയോടെ ചിന്തിച്ചാല്‍ ഒരുപക്ഷെ അങ്ങനെ ഒരു സിനിമ താന്‍ തന്നെ ചെയ്യുമായിരുന്നില്ല എന്ന് സംവിധായകന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറയുന്നു. എങ്കിലും, ഏതു ഓക്സിജന്‍ ബാറില്‍ ഇരുന്നു കണ്ടാലും ശ്വാസംമുട്ടിക്കുന്ന തീവ്രത ഈ സിനിമക്കുണ്ട്. തീവ്രത മാത്രമല്ല, സിനിമയുടെ സ്പേസിനെക്കുറിച്ചും അഭിനേതാവിന്റെ ശരീരത്തെക്കുറിച്ചും നരേറ്റീവിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളില്‍ താല്പര്യമുള്ളവര്‍ക്ക് ഒരുപാട് സാദ്ധ്യതകള്‍ ഈ സിനിമ നല്‍കുന്നുണ്ട്.

പോള്‍ എന്ന അമേരിക്കന്‍ ട്രക്ക് ഡ്രൈവര്‍ ആയി റയന്‍ റെയ്‌നോള്‍ഡ്‌സ് അഭിനയിക്കുന്ന ഈ 95-മിനിട്ട് സിനിമയില്‍ മറ്റാരുമില്ല. എന്നാല്‍ നേരിട്ട് കാണാത്തവരുടെ ഒരു വലിയ ലോകം പുറത്തുണ്ട്. ആ ലോകവും നമ്മള്‍ അനുഭവിക്കുന്നുണ്ട്; ഒരു ബ്ലാക്ബെറി ഫോണിലൂടെ. അങ്ങനെയാണ് ഒരു ഫോണ്‍ ഈ സിനിമയില്‍ പ്രധാനമായ ഒരു കഥാപാത്രംതന്നെ ആവുന്നത്. സ്വന്തം രാജ്യത്തിന്റെ സൈനികസാന്നിധ്യം ഉള്ള മറ്റൊരു രാജ്യത്ത്, ഒരു ശവപ്പെട്ടിയില്‍ അകപ്പെട്ടു പോയ പോളിന്റെ ജീവിതം, കുടുംബം, ബന്ധങ്ങള്‍, ജോലി, ഒരു പൗരന്‍ എന്ന നിലയില്‍ ഒരാള്‍ക്ക്‌ സേവനങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരായ സ്ഥാപനങ്ങള്‍, അതിന്‍റെ യാന്ത്രികത, സൈനിക അധിനിവേശത്തിന്റെ സങ്കീര്‍ണതകള്‍, സര്‍വോപരി മനുഷ്യന്‍റെ നിസ്സഹായത തുടങ്ങിയതെല്ലാം ഈ ഫോണിലൂടെ അനുഭവിപ്പിക്കുന്നു.

മൊബൈല്‍ ഫോണിനു ശേഷം മാത്രം സംഭവിക്കുന്ന ഒരു സിനിമയാണ് ബെറീഡ്. മൊബൈല്‍ ഫോണ്‍ ഇല്ലെങ്കില്‍ ഈ സിനിമ ഇല്ല. അത് സിനിമയുടെ ചിത്രീകരണത്തിന് മുന്‍പേ തന്നെ ബ്ലാക്ബെറി മനസ്സിലാക്കി. ഹോളിവുഡ് ബ്രാന്റഡ് എന്ന ഏജന്‍സി ബ്ലാക്ക്ബെരിക്കുവേണ്ടി സിനിമയുടെ അമേരിക്കയിലെ വിതരണകമ്പനി ആയ ലയണ്സ്ഗേറ്റുമായി സംസാരിക്കുകയും സിനിമയില്‍ ബ്ലാക്ക്‌ബെറി ‘ഇന്‍റഗ്രേറ്റ്’ ചെയ്യാനുള്ള സമ്മതം വാങ്ങുകയും ചെയ്തു. സിനിമയുടെ ചിത്രീകരണത്തിന് പന്ത്രണ്ടില്‍പരം ബ്ലാക്ബെറി കര്‍വ് ഫോണുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്. ടൊരന്റ്റൊ ഫിലിം ഫെസ്റ്റിവലിലെ ആദ്യ പ്രദര്‍ശനത്തിനുശേഷം തോംപ്സണ്‍ ഹോട്ടലില്‍ വച്ചു നടന്ന പാര്‍ട്ടി സ്പോണ്‍സര്‍ ചെയ്തതും ബ്ലാക്ബെറിയാണ്. പാര്‍ട്ടിയിലെ കോക്ടെയ്ല്‍ ഉള്‍പ്പെടെ ബ്രാന്‍ഡ്‌ ചെയ്തതിനുപുറമേ അവിടെ അവരുടെ ഒരു പുതിയ മോഡല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം ഒരു ലൈറ്റര്‍ ആണ്‌. 2001-ല്‍ സിപ്പോ പുറത്തിറക്കിയ സ്ട്രീറ്റ് ക്രോം ഫിനിഷ് ഉള്ള ഈ വിന്‍ഡ്-പ്രൂഫ്‌ ലൈറ്റര്‍ സിനിമയോടൊപ്പം തന്നെ സ്പെയിനിലും ഇറ്റലിയിലും അമേരിക്കയിലും ‘ബെറീഡ്’ എന്ന് ബ്രാന്‍ഡ്‌ ചെയ്തു അവതരിപ്പിച്ചിട്ടുണ്ട്. 2010-ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലും ന്യൂ യോര്‍ക്കിലെ ആദ്യ പ്രദര്‍ശനത്തിനും പ്രത്യേകം ഡിസൈനുകള്‍ ഇറക്കി.

ബ്ലാക്ബെറിക്കും സിപ്പോയ്ക്കും ഒരു ശവപ്പെട്ടിയുടെ ഉള്ളില്‍ കിട്ടിയ പ്രാധാന്യം, ഒരുപക്ഷെ, മറ്റൊരിടത്തും ഇതേ അളവില്‍ കിട്ടിയിട്ടുണ്ടാവില്ല. മറ്റു കഥാപത്രങ്ങളിലേക്ക് ശ്രദ്ധ ഭാഗിക്കപ്പെടുകയോ മറ്റു സ്ഥലങ്ങളിലേക്ക് കാഴ്ച പോവുകയോ ചെയ്യാത്ത ഒരു ശവപ്പെട്ടിയില്‍ അകപ്പെടാന്‍ അവര്‍ ചെലവഴിച്ച തുക എത്ര എന്ന് അറിയില്ല.

പോളിന് എന്താണ് സംഭവിക്കുന്നത്‌, പിന്നീട്?
കഥ പറയാന്‍ പറ്റാത്ത ഒരു സിനിമകൂടി ആണ്‌ ‘ബെറീഡ്’.

(സമര്‍പ്പണം: ബെറീഡ് കണ്ടതിനു പിറ്റേന്ന് “ഇപ്പോഴും ശ്വാസം മുട്ടുന്നു”എന്ന് പറഞ്ഞ ശ്രീജിത്തിനും. “മരിച്ചുപോയി” എന്ന് പറഞ്ഞ പ്രവീണിനും. ഇവര്‍ക്കുമുന്പേ അത് കാണുകയും ബ്ലാക്ബെറി രണ്ടാമതും വാങ്ങുകയും ചെയ്ത സഞ്ജുവിനും )

Leave a Reply

Your email address will not be published. Required fields are marked *