ഇടം വലം- എം. ജയകൃഷ്ണന്‍

ഒരേയൊരു പാര്‍ട്ടി

 

സിപിഎമ്മില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള വാക്കാണ് പാര്‍ട്ടി എന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ ഒരേയൊരു പാര്‍ട്ടിയേ ഉള്ളൂ. അത് കമ്മ്യൂണിസ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റാണ്. മറ്റൊന്നിനേയും അവര്‍ പാര്‍ട്ടിയായി അംഗീകരിച്ചിട്ടില്ല. അതു തന്നെയാണ് പ്രശ്നം. പാര്‍ട്ടിയെന്നാല്‍ പാര്‍ട്ടിയാണ് അല്ലാതെ വി.എസ്സോ പിണറായിയോ അല്ല. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ കാലത്ത് സാക്ഷാല്‍ ഇ എം എസ്സുപോലും ആയിരുന്നില്ല.
അങ്ങനെയുള്ളൊരു പാര്‍ട്ടിയില്‍ വി എസ് കാണിച്ചത് തെറ്റല്ലെന്ന് നടന്‍ പൃഥ്വിരാജ് പോലും പറയില്ല. പാര്‍ട്ടി വിലക്കിയിട്ടും ആഗോള മൂരാച്ചി ബൂഷ്വാ സൈദ്ധാന്തികനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ കാണാന്‍ വി എസ് ഒരിക്കലും പോകരുതായിരുന്നു. കാരണം വി എസ് വെറും വി എസ്സാണ് പിണറായിയോ എം എം ലോറന്‍സ് പോലുമോ അല്ല.
പണ്ടൊക്കെ പാര്‍ട്ടിയെന്നാല്‍ പിണറായിയാണെന്ന് ഒരു ധാരണയുണ്ടായിരുന്നു. ലാവലിന്‍ എന്നൊരു കമ്പനിയെ കാനഡയില്‍ പോയി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത് അന്നത്തെ പാര്‍ട്ടിയാണ് അഥവാ പിണറായിയാണ്. കച്ചവടം പൊളിഞ്ഞെങ്കിലും ഖജനാവിനല്ലാതെ ഒരു ഈച്ചക്കു പോലും നഷ്ടം സംഭവിച്ചിട്ടില്ല. ലാഭമുണ്ടായത് പിണറായിക്കാണെന്ന് പറയുന്നത് ശുദ്ധ ഭോഷ്കാണ്. കാരണം പിണറായിയല്ല കച്ചവടം നടത്തിയത് പാര്‍ട്ടിയാണ്. അതുകൊണ്ടാണ് പാര്‍ട്ടിച്ചെലവില്‍ കേസു നടത്തുന്നതും പാര്‍ട്ടിയിലെ ശ്രീശാന്തുമാര്‍ ജഡ്ജിമാരെ നോക്കി ഗോഷ്ടി കാണിക്കുന്നതും കോലം കത്തിക്കുന്നതും അത് കായലില്‍ തള്ളുന്നതുമൊക്കെ.
ലാവലിന്‍ കേസില്‍ ചില്ലറ തിരിച്ചടിയുണ്ടായി എന്നുവച്ച് പിണറായി പാര്‍ട്ടിയല്ലാതായി എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. കഷ്ടകാലത്തിന് അങ്ങനെയൊന്ന് വി എസ്സിനുമുണ്ട്. അതുകൊണ്ടാണല്ലോ മൂരാച്ചി ബര്‍ലിന്‍ നായരുടെ വീട്ടില്‍ ഫുഡ് കഴിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ലാവ്ലിന്‍ മുതല്‍ മദനി വരെ പ്രതിഫലിച്ച തിരഞ്ഞെടുപ്പിലും അതിനു മുമ്പും പിമ്പും കേരളത്തിലെ പി ബി യും കേന്ദ്രകമ്മിറ്റിയുമായ കണ്ണൂര്‍ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വരെ വരെ പിണറായിക്ക് വന്‍ തിരിച്ചടിയാണ് സമ്മാനിച്ചത്. പിണറായിക്കല്ല പാര്‍ട്ടിക്ക്.
ഔദ്യോഗിക പക്ഷം എന്നു മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ പറയുന്ന പക്ഷത്തിന് തളര്‍വാതം വന്നുവെന്ന ധാരണ പൊതുവേ ഉണ്ട്. അതുകൊണ്ടാണ് പിബിയിലെ മരക്കസേരയില്‍ നിന്ന് കേന്ദ്രകമ്മിറ്റിയെ ഒറ്റത്തടി ബെഞ്ചിലേക്ക് തരംതാഴ്തിയ വി എസ് പിണറായിയേ പോലും ധിക്കരിച്ച് ബര്‍ലിന്റെ വീട്ടില്‍ പോയത്. ഗ്രഹണ കാലത്ത് ഞാഞൂലിനും വരുമല്ലോ പത്തി.
പാര്‍ട്ടിയെന്ന പിണറായി ഉഴിച്ചിലിനിടെ ഫോണെടുത്ത് കറക്കി വിലക്കിയെങ്കിലും പൂഴിക്കടകന്‍ പ്രയോഗിച്ച് വിജയിച്ചത് വിഎസ്സായിരുന്നു. സാധാരണ തെക്കന്‍ ജില്ലകളില്‍ പയറ്റാറുള്ള വിഎസ് ഇത്തവണ പയറ്റിന്റെ സ്വന്തം നാട്ടിലെത്തിയാണ് കളി തുടങ്ങിയത്. കാസര്‍കോട്ടെ പ്രസംഗം, ബര്‍ലിന്റെ വീട്ടിലെ നാരങ്ങാ വെള്ളം, പിണറായിയുടെ മകളുടെ കല്ല്യാണിത്തിന് വര്‍ഗ്ഗശത്രുക്കളേയും കൂട്ടി പോയത് തുടങ്ങി പൂഴികൊണ്ടും അല്ലാതെയുമുള്ള കടകന്‍മാരുടെ പ്രയോഗമായിരുന്നു. തിരിച്ച് കടത്തനാടന്‍ ഉറുമിയെടുത്ത് പിണറായി രംഗത്തെത്തിയെങ്കിലും ആരും മൈന്‍ഡ് ചെയ്തതായി കണ്ടില്ല. ബൂഷ്വാ മാധ്യമങ്ങള്‍ പോലും.
പാര്‍ട്ടിയോട് ഇത്തിരിയെങ്കിലും സ്നേഹമുള്ള ലോറന്‍സു മാത്രമേ ആരെടാ ഞങ്ങളുടെ പിണറായിയെ, സോറി പാര്‍ട്ടിയെ തൊട്ടു കളിക്കാന്‍ എന്ന മട്ടില്‍ മുന്നോട്ടു വന്നുള്ളൂ. അതിന് കാരണം പാര്‍ട്ടിയോടുള്ള സ്നേഹമല്ല മകളുടെ വിവാഹത്തേക്കുറിച്ച് പറഞ്ഞതു കൊണ്ടാണ്. മകളുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞാല്‍ ലോറന്‍സ് സഖാവിന് പൊള്ളും. കാരണം പാര്‍ട്ടിക്കാര്‍ക്ക് പാര്‍ട്ടിമാത്രമാണ് മതവും ജാതിയുമെന്ന് നാടു മുഴുവന്‍ സ്റഡി ക്ളാസെടുക്കുകയും സ്വന്തം മകളുടെ കല്ല്യാണം പള്ളിയില്‍ വച്ച് നടത്തുകയും ചെയ്തയാളാണ് ലോറന്‍ സഖാവ്. അതിന് പാര്‍ട്ടിയുടെ മൌനാനുവാദവുമുണ്ടായിരുന്നു എന്നത് ചരിത്രം.
പറഞ്ഞുവന്നത് പാര്‍ട്ടിയെക്കുറിച്ചാണ്. പാര്‍ട്ടിയോളം പഴക്കമുള്ളതാണ് പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന്. വി എസ് നടത്തിക്കൊണ്ടിരിക്കുന്നതും അതാണ്. ഇത്തവണ വല്ല കൊടിയേരിയോ മറ്റോ കയറിയിരിക്കേണ്ട കസേരയിലാണ് വി എസ് ഇരിക്കുന്നത്. അത് മുഖ്യമന്ത്രിക്കസേരയാണെന്നാണ് പാര്‍ട്ടി കണക്കുകൂട്ടിയിരുന്നത്. പ്രതിപക്ഷ നേതാവിന്റെ കസേരയായിപ്പോയതിനു പിന്നില്‍ വി എസിനും പങ്കുണ്ട് എന്ന് പൊതുജനമേ പറയൂ. വി എസിന് മാത്രമാണ് പങ്ക് എന്നാണ് കേരളത്തിലെ പാര്‍ട്ടി പറയുന്നത്. അതുകൊണ്ട് ചില്ലറ ചില ശിക്ഷകളൊക്കെ കൊടുത്തെന്നിരിക്കും കാസര്‍കോട്ടും മലപ്പുറത്തുമൊക്കെ. ജനത്തെ ബോധിപ്പിക്കാന്‍ വല്ല ഗോപി കോട്ടമുറിക്കലിയോ മറ്റോ പഞ്ചകര്‍മ്മ ചികിത്സക്ക് പറഞ്ഞയച്ചെന്നുമിരിക്കും. അത് നന്നാവാന്‍ വേണ്ടിയാണ്. അതിനിടയില്‍ കൂടി വി എസ് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തരുതായിരുന്നു. അതുകൊണ്ടാണ് അഹങ്കാരിയെന്ന് സ്വയം പുകഴ്ത്തുന്ന പൃഥ്വിരാജ് പോലും വി എസിനെ അനുകൂലിക്കില്ലെന്ന് പറയുന്നത്.

പിന്‍കുറിപ്പ് : പി ശശിയെ നാടുകടത്തുകയും മൂന്ന് ജയരാജന്‍മാരുടേയും മറ്റും നാവിന് മൂര്‍ച്ച നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ നടന്‍ പൃഥ്വിരാജിനെ സി.പി.എമ്മിലെടുക്കാവുന്നതാണ്. വാചകമടിച്ചും അഹങ്കരിച്ചും പിടിച്ചു നില്‍ക്കേണ്ടിടത്ത് അത് ഗുണം ചെയ്യും.ഇപ്പോ അത്തരത്തിലൊരു സമയമാണ്. നല്ല ഇംഗ്ളീഷ് അറിയാവുന്നതുകൊണ്ട് എസ് ആര്‍ പിയുടെ സ്ഥാനത്തേക്കും പരിഗണിക്കാം. ഡല്‍ഹിയിലേക്കേ…

Leave a Reply

Your email address will not be published. Required fields are marked *