ഇനി നമ്മുടെ വീടും ഹരിതാഭം

വിളക്കാലഭംഗികളുടെ മാറ്റ് കൂടുന്ന പൊന്നോണക്കാലമാണിത്. പച്ചച്ച വേലിപ്പടര്‍പ്പുകളും തൊടികളും പൂക്കുന്ന നേരം. പാറ്റിവിതച്ചത് നൂറുമേനിയാക്കുന്ന രഹസ്യം പ്രകൃതിയുടെ മനസ്സില്‍ വിത്തുപൊട്ടുന്നതിപ്പോഴാണ്. ഇതാണ് പറ്റിയ നേരം. വീടുകളിലേക്കുള്ള കൃഷിയറിവുകളുമായി ഈ കോളം ഇതാ യാത്ര ആരംഭിക്കുന്നു.

 

കലര്‍പ്പില്ലാത്ത കായ്കറികളെ, അന്നപാനീയങ്ങളെ വീട്ടകത്തേക്ക് ആനയിക്കുന്ന കുറിപ്പുകള്‍ക്കുള്ള വേദിയാണീ കോളം. കൃഷിയറിവുകള്‍ക്കുള്ള സൌഹൃദചായ്പ്പ്. വിയര്‍പ്പിറ്റിവീണ പച്ചമണ്ണില്‍ ഓരോ വിളയും നാമ്പു നീര്‍ത്തട്ടെ. ഈ വീട്ടുപച്ചയുടെ പൂമുഖപ്പടിയിലിരുന്ന് മട്ടുപ്പാവിനെ കൃഷിയിടമാക്കുന്ന മാന്ത്രിക വിദ്യ പഠിക്കാം. അടുക്കളത്തോട്ടത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് പന്തലുകെട്ടാം.
വാണിജ്യകൃഷിയുടെ നേരറിവുകളിലൂടെ വിളകള്‍ക്കരികുചേര്‍ന്ന് നടക്കാം. ജൈവകൃഷിയുടെ പൊരുളുകള്‍ കേട്ടെടുക്കാം. കിറുകൃത്യകൃഷിയും (precision farming), മണ്ണില്ലാകൃഷിയും (hydroponics) പരിചയപ്പെടാം. അനുഭവങ്ങളുടെ നിറവ് പേറുന്ന കാര്‍ഷിക സംരംഭങ്ങളെ അടുത്തറിയാം. ഒറ്റമാലയില്‍ കോര്‍ത്തുകെട്ടാം പുതുവിളകളെയും പരമ്പരാഗത വിളകളെയും.
കൃഷിയിലൊതുങ്ങില്ല ‘വീട്ടുപച്ച’യുടെ ചിട്ടവട്ടങ്ങള്‍. സൌന്ദര്യത്തിന്റെ വീട്ടുകടലുകളില്‍ നീരാടുന്ന അലങ്കാരമത്സ്യങ്ങളെ ഇവിടെ പരിചയപ്പെടാം. പളുങ്കുപാത്രത്തിലെന്നപോലെ അവയ്ക്കു തുള്ളിക്കളിക്കാന്‍ കൂടിയുള്ളതാണ് ഈയിടം. കുറഞ്ഞ കാലം കൊണ്ട് മനസ്സില്‍ സന്തോഷം പടര്‍ത്തി പറന്നുപൊലിയുന്ന കിളിമൊഴികള്‍ക്കും ഇവിടെ ഇടമുണ്ട്. വളര്‍ന്നുപെരുകുന്ന വളര്‍ത്തുമീനുകളെയും നമുക്ക് വീട്ടകങ്ങളിലേക്ക് കൊണ്ടു വരാം.
വളര്‍ത്തുപുരകളില്‍ ചിക്കലും ചിനക്കലും പതിവാക്കിയ വളര്‍ത്തുപക്ഷികളെ ഈ വരികളിലൂടെ തൊടാം. ധവളവിപ്ലവത്തിനായി പെരുംപാല്‍ ചുരത്തിയ ഗോവൃന്ദത്തെ നമിക്കാം. നാം അറിയാതെ മറവിയുടെ ഓരത്ത് കെട്ടിയിട്ട, വയല്‍പച്ച കടിച്ചുരസിക്കുന്ന പൂവാലിപ്പശുവിനെ ഒരിക്കല്‍ക്കൂടി കുറുമ്പു പിടിപ്പിക്കാം. കാവലും കരുതലുമായി ഉപാധികളില്ലാത്ത സൌഹൃദത്തിന്റെ പര്യായമായ നായ്ക്കള്‍ക്കൊപ്പം ഒരു വേട്ടച്ചാട്ടം നടത്താം. കൃഷിച്ചിട്ടകളുടെയും ജന്തുജീവിതത്തിന്റെയും സ്വരവ്യഞ്ജനങ്ങള്‍ കുറിച്ചിടുന്ന ഇവിടം ഇനി വീട്ടുപച്ച. അറിയുന്തോറും വളരുന്ന, മൂടിയില്ലാത്ത കൌതുകചെപ്പ്. തൂകിത്തുളുമ്പട്ടെ എല്ലാവര്‍ക്കും നിറക്കാനുള്ള ഈ പച്ചയറിവുകള്‍.

Leave a Reply

Your email address will not be published. Required fields are marked *