ബെഡ് സ്പേസ് വായനക്ക്

‘ബെഡ് സ്പേസ് വാടകക്ക്’ എന്ന് വായിക്കാതെ പോയ ഗള്‍ഫുകാരുണ്ടാവില്ല. ഗള്‍ഫില്‍ പത്രങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റിലെ ബോര്‍ഡുകളിലും വഴിയോരത്തുമെല്ലാം കണ്ട് സുചരിചിതമാണ് ഈ പദം ‘ബെഡ്സ്പേസ്’. തലചായ്ക്കാനൊരിടം എന്നൊക്കെ പറയാറില്ലേ. അതുപോലെ ജോലിയെടുത്ത് തളര്‍ന്ന തല മാത്രമല്ല, കീഴ്പോട്ട് കാലുവരെയുള്ള ശരീരം മുഴുവന്‍ പുലരും വരെ ചായ്ച്ചുവച്ചുറങ്ങാനൊരിടം.

‘ജംബോ ബഡ്’ എന്ന് മാന്യമായി വിളിക്കുന്ന രണ്ടുനില ഇരുമ്പുകട്ടിലുകളാണ് ബെഡ്സ്പേസായി പരിണമിക്കുന്നത്.
അതില്‍ താഴെ കട്ടിലിന് അടിയിലെ ഭാഗം കട്ടിലിന്‍െറ ഇരുനിലകളിലും ‘താമസിക്കുന്ന’വര്‍ക്ക് അവകാശപ്പെട്ടതാണ്. നാട്ടില്‍നിന്ന് കൊണ്ടുവന്നതും ഇനി നാട്ടിലേക്ക് കൊണ്ടുപോകാനുള്ളതുമായ പെട്ടിയും ബാഗുകളും പരസ്പരം തിക്കിയും തള്ളിയും ഈ കട്ടലിനടിയില്‍ കാണും. ഇനി അഞ്ചര അടി നീളവും മൂന്നര അടി വീതിയുമുള്ള ‘ബെഡ്സ്പേസ്’ വാടകക്കെടുത്തവന്‍ വായിക്കുന്ന അസുഖമുള്ള ബുദ്ധിജീവിയാണെങ്കില്‍ കുറെ സ്ഥലം പുസ്തകങ്ങള്‍ കൊണ്ടുപോകും. ആധുനികയുഗ പുരുഷനായ ‘നെറ്റിസണ്‍’ ആണെങ്കില്‍ ലാപ്ടോപ്പ്, സി.ഡി.പ്ലേയര്‍, സി.ഡി.കള്‍, മൊബൈല്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിത്യാദി നാളത്തെ ഐ.ടി. വേസ്റ്റുകളും സ്ഥലം കൈയടക്കും. ഇനി സ്ഥലം എവിടെയെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവിടെ ഗള്‍ഫുകാരന്‍െറ ദേശീയ മൃഗങ്ങള്‍ കൂട്ടത്തോടെ കാണും….മൂട്ട.
താമസക്കാരുടെ ഓരോ ചലനത്തിന് അനുസരിച്ചും ആടിയും ഞെരങ്ങിയും ശമ്പ്ദമുണ്ടാക്കുന്ന ഈ ഇരുമ്പുകട്ടിലുകളില്‍ കിടന്ന് സ്വപ്നം കാണണമെങ്കില്‍ പോലും തൊട്ടടുത്തുള്ളവന്‍ അറിയുന്നുണ്ടോ എന്ന് നോക്കണം. ഈ ഇത്തിരിയിടത്താണ് ശരാശരി ഗള്‍ഫുകാരന്‍െറ ജീവിതം പൂക്കുകയും തളിര്‍ക്കുകയും വിസ കാന്‍സല്‍ ചെയ്യുന്നതോടെ വാടിതളരുകയും ചെയ്യുന്നത്.
ഫ്ളാറ്റ് വാടകക്കെടുത്ത് അതില്‍ നിറയെ ബെഡ്സ്പേസ് ഒരുക്കി, അവ വാടകക്ക് നല്‍കി സ്വന്തം ബെഡ്സ്പേസിന് വാടകയില്ലാതെ ജീവിക്കുകയും ഈ വരുമാനം കൊണ്ട് നാട്ടില്‍ അല്ലറചില്ലറ പലതും സമ്പാദിച്ചു കൂട്ടുകയും ചെയ്യുന്ന മലയാളി ‘സംരംഭകര്‍’ എം.ബി.എ. പഠിച്ചിറങ്ങുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പാഠപുസ്തകങ്ങളാണ്.
ബെഡ്സ്പേസില്‍ താമസിക്കുന്നവര്‍ക്ക് എന്നും നിത്യവസന്തമാണ്. കല്യാണം കഴിച്ചാലും, കുട്ടികളുണ്ടായാലും, പേരകുട്ടി പിറന്നാലും അവര്‍ ‘ബാച്ച്ലര്‍മാരാണ്’. ഗള്‍ഫിലെ സര്‍ക്കാറും മാധ്യമങ്ങളും അവരെ അങ്ങനെ വിളിച്ചാണ് ബഹുമാനിക്കുക. ഇത്തിരി ശമ്പളകൂടുതലും കഴുത്തില്‍കെട്ടാന്‍ ടൈയും സ്വന്തമായുള്ളവന്‍ എക്സിക്യൂട്ടീവ് ബാച്ച്ലര്‍ ആവും. ഗള്‍ഫില്‍ കുടുംബത്തെ കൊണ്ടുവരാന്‍ വിസ ലഭിക്കുന്നതിന് ഉണ്ടായിരിക്കേണ്ട വരുമാനവും കൊണ്ടുവന്നാല്‍ തന്നെ ഭാര്യയെയും മക്കളെയും വിദേശത്ത്പോറ്റാന്‍ സാമ്പത്തികശേഷിയുമില്ലാത്ത ‘ഫാമിലി സ്റ്റാറ്റസ്’ രഹിതരാണ് ഗള്‍ഫിലെ 65 ശതമാനം പ്രവാസികളുമെന്ന് സ്വാശ്രയകോളജുകളിലെ എന്‍.ആര്‍.ഐ. ക്വാട്ടക്ക് ഫീസ് നിശ്ചയിക്കുന്നവരെങ്കിലും അറിയേണ്ടതുണ്ട്.
‘പുലിവാല്‍ കല്യാണം’ എന്ന സിനിമയില്‍ ഗള്‍ഫുകാരനായി അഭിനയിക്കുന്ന സലീം കുമാറിന്‍െ കഥാപാത്രം. ‘ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. എന്‍െറ അച്ഛനും ഒരു ബാച്ച്ലറാണ്, മുത്തച്ഛനോ ക്രോണിക് ബാച്ച്ലര്‍’ എന്ന കോമഡിയടിക്കുമ്പോള്‍ ഗള്‍ഫിലെ ‘ബാച്ച്ലര്‍മാരെ’ ഉദ്ദേശിച്ചായിരുന്നെങ്കില്‍ ആ കോമഡിക്ക് വളരെ സീരിയസായ ഒരു മാനമുണ്ട്. (തിരക്കഥാകൃത്ത് അത് ഉദ്ദേശിച്ചിരുന്നോ ആവോ…)

Leave a Reply

Your email address will not be published. Required fields are marked *